നായക്കൊ൪ണ്ണയും, കൊറോണക്കാലത്തെ ഓൺലൈൻ ക്ലാസും !

online-class
പ്രതീകാത്മക ചിത്രം: Photocredit : Studio Romantic/ Shutterstock
SHARE

നായക്കൊ൪ണ്ണയും, കൊറോണക്കാലത്തെ ഓൺലൈൻ ക്ലാസും (കഥ)

കോറോണയോടൊത്തുള്ള ജീവിതത്തിൽ ഓൺലൈൻ പഠനവുമായി കുട്ടികൾ പൊരുത്തപ്പെട്ടു തുടങ്ങി. സ്കൂളിൽ പോയിരുന്ന നാളുകളെ അപേക്ഷിച്ച് മാതാപിതാക്കൾക്ക് എളുപ്പമല്ലേ എന്നു ചോദ്യമുയരാം. നേരത്തെ ഭക്ഷണമൊരുക്കി

പാത്രത്തിലാക്കേണ്ടല്ലോ. സ്കൂൾ വണ്ടി വരെ കുട്ടികളെ അനുഗമിക്കേണ്ടല്ലോ. എന്നാൽ ഓൺലൈൻ ക്ലാസിന്റെ പരിമിതികൾ അധ്യാപക൪ക്കും, അച്ഛനമ്മമാ൪ക്കും, കുട്ടികൾക്കും അറിയാം. 

നെറ്റ് കണക്ഷന് എന്തെങ്കിലും തടസ്സം വന്നാൽ പിന്നെ മാതാപിതാക്കൾക്ക് തലവേദനയാണ്. അതു പരിഹരിക്കാൻ ഓട്ടപ്പാച്ചിലായി. അങ്ങനെ ആഴ്ചയറുതിയിൽ തകരാറിലായ കേബിൾ നെറ്റ് കണക്ഷൻ ശരിയാവാൻ മൂന്നുദിവസമെടുത്തു. ഒരു ദിവസം കംപ്യൂട്ടറിനു പകരം, ഫോണിൽ ക്ലാസ് കേട്ടതിൽ മകന് പരിഭവം മാറി വരുന്നേയുള്ളു... 

ഭാര്യയെ ജോലി സ്ഥലത്താക്കി അയാൾ തിരികെ എത്തിയപ്പോൾ മകന് രണ്ടാമത്തെ ക്ളാസ്. ഇംഗ്ലീഷ് എടുക്കുന്ന അനീഷ് മാഷിന്റെ ക്ലാസ് പകുതിയായി. അയാൾ അന്നത്തെ ന്യൂസ്പേപ്പറുമായി പൂമുഖത്തിരുന്നു. കൊറോണയുടെ അവസ്ഥ വായിച്ചു മനസ്സിൽ തികട്ടിയ വേവലാതി അടക്കി പിടിച്ച് ഇരിക്കുകയായിരുന്നു. 

ജോലി പകുതി ദിവസം ആയിട്ടു മാസങ്ങളായി. വരുമാനവും പകുതിയായി. എന്നാൽ നിത്യദിനച്ചെലവുകൾ ഏറി വരുന്നു. ലോണുകൾ അയാളെ തുറിച്ചു നോക്കുന്നു. പൊടുന്നനെ മകൻ പൂമുഖത്തേക്ക് വന്നു. 

‘‘അച്ഛാ, ഞങ്ങളുടെ ക്ലാസ് കട്ടായി. ഏതോ, ഹാക്ക൪മാര് അറ്റാക്ക് ചെയ്തതാ. ഇപ്പോ തമിഴില് എന്തൊക്കെയോ കേൾക്കുന്നു.’’

‘‘ഹാക്ക൪മാരോ’’ അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. 

‘‘അതെ, അച്ഛാ.’’

‘‘അവർക്കു, നിങ്ങളുടെ ക്ലാസിൽ എന്തു കാര്യം.’’

‘‘എനിക്കറിയില്ല.എന്തായാലും  ഇംഗ്ലീഷ് ക്ലാസ് പോയി. ഇനി പന്ത്രണ്ടു മണിക്കാണ് അടുത്ത പിരീഡ്.’’

സന്തോഷമാണോ, സങ്കടമാണോ അവനെന്ന് അയാൾക്ക് തിരിച്ചറിയാനായില്ല. എന്നാൽ ഭൂതകാലത്തിലേക്ക് അയാളുടെ മനസ്സ് വിമാനം കേറി പോയി. താൻ അരിമ്പൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ചില ദിവസങ്ങളിൽ ഒന്നാം പിരീഡ് തുടങ്ങും മുമ്പെ ചില പെൺകുട്ടികൾ പരസ്പരം പിറുപിറുക്കും. പിന്നെ അവ൪ കൈ ചൊറിയും.

അതു ക്ലാസിൽ മറ്റു കുട്ടികളിലേക്ക് പടരും. കുറച്ചു കഴിയുമ്പോൾ എല്ലാവരും ക്ലാസിനു പുറത്തു നിൽക്കും. അപ്പോഴേക്കും പഠിപ്പിൽ മുന്നിട്ടു നിൽക്കുന്നവ൪ ക്ലാസ് ടീച്ചറുടെ അടുത്തു ചെന്നു വിവരം ധരിപ്പിക്കും. ആരോ ക്ലാസിൽ നായക്കൊ൪ണ്ണ പൊടി വിതറിയിരിക്കുന്നു. ഉടനെ ടീച്ചർ പരിശോധിക്കാനെത്തും. പുറത്തു നിന്നു നോക്കി, ക്ലാസ് വൃത്തിയാക്കാൻ പറഞ്ഞു ടീച്ചർ തിരിച്ചു പോകും. 

അതിനുശേഷം എല്ലാവരും ഉത്സാഹിച്ചു, പണിയെടുക്കലായി. കുറച്ചു പേർ കിണറ്റിൽ നിന്നും വെള്ളം കോരുന്നു. കുറച്ചു പേർ ബക്കറ്റിൽ വെള്ളം കൊണ്ടു വരുന്നു. വേറെ ചിലർ ഡസ്കും ബഞ്ചും പുറത്തേക്കിടുന്നു. മറ്റുള്ളവ൪ കഴുകുന്നു. കഴുകിയ ഡസ്കും ബഞ്ചും ഉണങ്ങി അകത്തേക്ക് ഇടുമ്പോൾ ഉച്ചയാവും. 

നായക്കൊ൪ണ്ണ വിതറിയ സാമൂഹ്യ ദ്രോഹികളെ മനസ്സു കൊണ്ട് പലരും ശപിക്കും. ഇത്തരം സംഭവങ്ങൾ അക്കാലത്തു ഇടക്ക് ഉണ്ടാവാറുണ്ട്. ഉച്ചവരെയുള്ള ക്ലാസ് നഷ്ടം. പത്താം തരം കഴിഞ്ഞപ്പോളാണ് ചില സുഹൃത്തുക്കളിൽ നിന്ന്, സാമൂഹ്യ ദ്രോഹികൾ ക്ലാസിൽ തന്നെ ഉള്ളവരായിരുന്നു എന്നറിഞ്ഞത്. ഈയിടെ മുപ്പതാണ്ടിനു ശേഷം പത്താം ക്ലാസിലെ ചങ്ങാതിമാരുടെ  കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. കൂട്ടായ്മയുടെ ഭാഗമായി വാട്ട്സാപ്പ് ഗ്രൂപ്പും നിലവിൽ വന്നു. 

ആ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ നായക്കൊ൪ണ്ണ വിതറി ക്ലാസ് ഹാക്ക് ചെയ്തവ൪ കുറ്റം ഏറ്റുപറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. തീരെ പ്രതീക്ഷിക്കാത്ത കോണുകളിൽ ആയിരുന്നു, ഹാക്കർമാർ. 

അവ൪ ഇപ്പോൾ മാന്യൻമാരും, നിയമങ്ങളുടെ അപ്പോസ്തലൻമാരുമാണ്. അന്നത്തെ അവരുടെ മനോവികാരത്തിന്റെ പുറത്തുള്ള പ്രവ൪ത്തിയിൽ അവ൪ ഖേദം പ്രകടിപ്പിച്ചു. 

മകന്റെ ക്ലാസ് ഹാക്ക് ചെയ്ത തമിഴൻ കുറ്റം സമ്മതിക്കുമോ എന്ന് അയാൾ സന്ദേഹിച്ചു.

English Summary: Malayalam Short Story written by P. Sajeev Kumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;