ADVERTISEMENT

പ്രണയം തന്ന പാട്ട് അന്നം തരുമോ? (കഥ) 

 

ആ വൃദ്ധൻ പാട്ടു തുടർന്നു. വർഷങ്ങൾക്ക്‌ മുൻപ് സ്റ്റേജിൽ പാടിയിട്ടുള്ള പാട്ടാണ്. ഇന്ന് കേൾവിക്കാർ നന്നേ കുറവ്. നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഒരു അമ്പതു വർഷമായി കാണും ഈ പാട്ട് അയാളുടെ നാവിൽ വിളയാടാൻ തുടങ്ങിയിട്ട്. കുറേക്കാലമായി ഓടിയ കാസെറ്റ് പോലെ പാട്ടു വലിഞ്ഞു തുടങ്ങി. പ്രായാധിക്യം കൊണ്ടാണോ അതോ ശിശിരത്തിലെ തണുപ്പ് കൊണ്ടാണോ തൊണ്ട ഇടറുന്നത്. തെരുവിന്റെ ഓരത്തിരുന്നു അയാൾ പാടാൻ തുടങ്ങിയിട്ട് കുറേ നേരമായി. 

 

ഗിത്താറിന്റെ കമ്പിയിൽ വിരലോടിക്കുമ്പോൾ വൃദ്ധന്റെ ചിന്തകൾ കാലങ്ങൾ പിന്നിലേക്ക് പോയി. നിറഞ്ഞ സദസിനു മുൻപിൽ കരഘോഷങ്ങളുടെ നടുവിൽ പാടിത്തകർക്കുന്ന യുവ കോമളൻ. പാട്ടു ഹൃദയതാളത്തിൽ ഏറ്റു വാങ്ങിയ പെൺകൊടിമാർ. അതിൽ ഒരുവൾ ഇന്ന് തന്റെ ജീവിതസഖി. പാട്ടിനെ സ്നേഹിച്ച പെണ്ണ് പാട്ടുകാരനെയും സ്നേഹിച്ച കഥ. ഭാര്യയെ നേടിത്തന്ന പാട്ടാണ്. പിന്നെയും എത്രയോ കാലം താൻ ഈ പാട്ടു അവൾക്കു പാടി കൊടുത്തിരിക്കുന്നു. വീണ്ടും ഉച്ചത്തിൽ പാടാൻ ഈ ഓർമ്മകൾ ധാരാളം. നരച്ച താടിയും ചുക്കിച്ചുളുങ്ങിയ തൊലിയും ഉള്ള ആ മുഖത്ത് എവിടെയോ ഒരു പുഞ്ചിരി മിന്നി മറഞ്ഞുവോ? 

 

തെരുവിന്റെ കോണിൽ ഇരിക്കുന്ന കുട്ടിയുടെ കറുത്ത പ്രതിമയെ നോക്കി വൃദ്ധൻ പിന്നെയും പാടി. പ്രതിമക്ക് ഭാവവ്യത്യാസങ്ങളില്ല. വർഷം എത്രയായി ഈ കൂട്ടുകെട്ട് തുടങ്ങിയിട്ട്. ഓർമയില്ല.  ജന്മാന്തരങ്ങളിൽ എവിടേയോ ബന്ധിച്ച ചങ്ങലക്കണ്ണി പോലെ. മരണാനന്തരം ഏഴു വയസുകാരൻ മകന്റെ ആത്മാവിനെ ഈ പ്രതിമയിൽ ആവാഹിച്ചുവോ? തന്റെ ജീവതാളം അന്ന് തെറ്റിയതാണ്. പാട്ടിനെ സ്നേഹിച്ച പെൺകൊടി മനസിന്റെ താളം വീണ്ടെടുക്കാനാകാതെ അലയുന്നു. വൃദ്ധന്റെ ജീവിതനൗക കാറ്റിലും മഴയിലും അന്നുമുതൽ ആടിയുലഞ്ഞു. കയ്‌പേറിയ യാഥാർഥ്യം താങ്ങാനാവാതെ വൃദ്ധൻ കണ്ണീരിൽ ചാലിച്ച് ആ പാട്ടു വീണ്ടും പാടി. പ്രതിമ കേൾക്കുന്നുണ്ടാവാം.

 

തെരുവിനും, അതിലേ കടന്നു പോകുന്നവർക്കും ഇന്നും ഒരേ ഭാവം. സ്ഥിരം യാത്രക്കാർ എത്രതവണ കേട്ട് കഴിഞ്ഞ പാട്ടാണ്. അവർക്കു മടുത്തിട്ടുണ്ടാകും. എങ്കിലും ചിലർ നാണയങ്ങൾ എറിഞ്ഞു കൊടുത്തു. തുറന്നുവച്ച ഗിത്താറിന്റെ ബാഗിൽ വീഴുന്ന നാണയ തുട്ടുകളിൽ അന്നത്തെ അന്നം സ്വപ്‍നം കണ്ടു വൃദ്ധൻ ആ പ്രണയ ഗാനം പിന്നെയും പാടി. പ്രണയം തന്ന പാട്ടു അന്നം തരുമോ? 

 

English Summary : Pranayam Thanna Pattu Annam Tharumo, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com