ADVERTISEMENT

ചിത്രപുഴ (കഥ)

 

കടവത്തേക്ക് ആണ് എന്റെ നടപ്പ്. തോണി എടുക്കാൻ സമയം ആയി. സമയത്തിന്റെ കാര്യത്തിൽ കണിശക്കാരനാണ് രാമൻ. ആ കാര്യത്തിൽ ചങ്ങാതി എന്നുള്ള ഒരു പരിഗണന അവൻ എനിക്ക് തരില്ല...

 

കടവ് എത്തി. തോണിയിൽ എല്ലാവരും ഉണ്ട്. ചന്ദ്രേട്ടനും, നാണു വല്യച്ഛനും, അമ്മണ്ണിയമ്മയും, പിന്നെ... സീതയും. ഇടവപ്പാതികഴിഞ്ഞ് ചിത്രപ്പുഴ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. പുഴയറിയാതെ തോണി ഒഴുക്കാൻ രാമന് നല്ല നിശ്‌ചയം ഉണ്ട്. അതുകൊണ്ട് ഈ യാത്രയോളം സുഖം വേറെ വരില്ല...

 

പിന്നെയും ഉണ്ട് രസം. ചന്ദ്രേട്ടന്റയും നാണു വല്യച്ഛന്റയും ഗ്യാസ് നിറച്ച വർത്തമാനവും, അമ്മണ്ണിയമ്മയുടെ പാട്ടും, പിന്നെ... പിന്നെ സീതയുടെ നേർക്കുള്ള എന്റെ ഒളികണ്ണും.

 

സീത, എനിക്ക്‌ അവളോട് ഉള്ളത് എന്തെന്ന് രാമനും ചിത്രപ്പുഴയ്ക്കും അറിയാം. കരിമഷികണ്ണുകളാണ് അവൾക്ക്. എന്നും തുളസിക്കതിർ അവളുടെ മുടിയിഴകളിൽ ഉണ്ടാകും. എന്നെക്കാൾ നിറം അവൾക്കുണ്ട്. അത് പിന്നെ ഇടവപ്പാതിയിലെ മഴയും, മേടത്തിലെ വെയിലും ഒന്നും അവൾ കൊണ്ടിട്ടില്ല... കൊണ്ടത് മുഴുവൻ ഞാനല്ലേ...

 

പതിവിലും സന്തോഷവാൻ ആണ് ഞാൻ ഇന്ന്. സീത ഇന്ന് സാരിയിലാണ്. വിശേഷദിവസങ്ങളിൽ മാത്രമേ അവൾ സാരി ഉടുക്കൂ. അതുകൊണ്ട് തന്നെ അക്കരെ തോണി അടുപ്പിക്കുമ്പോള്‍ സാരി നനയാതെ കരയ്ക്ക് കാൽവയ്ക്കാൻ പ്രയാസം ആയതിനാൽ ഞാൻ അവൾക്ക് നേരെ കൈ നീട്ടാറുണ്ട്. എന്റെ സ്വാർഥമായ സഹായം അവൾ കൈ നീട്ടി സ്വീകരിക്കാറുമുണ്ട്. സാരി നനയാതെ കരയക്കടുപ്പിക്കാൻ രാമന് അറിയാം, എന്നാലും എനിക്ക്‌ വേണ്ടി അവൻ അത് ചെയ്യില്ല.

 

അങ്ങനെ ഇരിക്കെ ഒരുദിവസം പതിവിലും ഒരാൾ തോണിയിൽ കൂടുതലുണ്ട്. അടുത്ത് വന്നിരുന്നപ്പോൾ ആണ് മനസ്സിലായത് അത് ചന്ദ്രേട്ടന്റെ മകൻ ഉണ്ണി ആണ്. പട്ടാളത്തിൽ ആണ് ഉണ്ണി. ലീവിന് വന്നതായിരിക്കും എന്ന് മനസ്സിലോർത്തു. തോണി നീങ്ങി. നാണുവല്യച്ഛൻ ‘‘ഉണ്ണി വന്നല്ലോ ചന്ദ്രാ... മ്മടെ പയ്യന്റെ കല്യാണം അപ്പോ ഈ പ്രാവശ്യം ഉണ്ടാകുവോ..?’’. ചന്ദ്രേട്ടന്‍ ‘‘അങ്ങനെ വിചാരിക്കുന്നു... അതിനും കൂടിയാണ് അവന്റെ ഈ വരവ്.’’ എല്ലാവരും പതിയെ ചിരിക്കുന്നു. അതിനിടയിൽ അമ്മിണിയമ്മ ‘‘അന്നാ പെണ്ണിനെ നോക്കി വേറെ പോകണ്ടല്ലോ ചന്ദ്രാ... നമ്മുക്ക് അറിയാവുന്ന ഒരാൾ ഉണ്ടല്ലോ ഇവിടെ.’’ എന്നിട്ട് സീതയെ നോക്കി, ‘‘പെണ്ണിന് പ്രായം എത്രയായിന്നാ..’’ എല്ലാവരും ഉറക്കെ ചിരിക്കുന്നു. സീത നാണത്തോടെ തലതാഴ്ത്തി പതിയെ ചിരിച്ചു. അവളുടെ നാണം എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സ് ഇടറിയത് മുഖത്ത് കാണാതിരിക്കാൻ ഞാൻ പുഴയിലേക്ക് നോക്കി. ആ നിമിഷം മനസ്സിൽ ആരോ പറഞ്ഞു ഒരേ തോണിയിലാണ് നാം എങ്കിലും ഒരു നദിയോളം അകലം ഉണ്ട് നമ്മൾ തമ്മിലെന്ന്...

 

ഇന്നലത്തെ കാര്യം എന്റെ ഉറക്കത്തെ നല്ലപോലെ ബാധിച്ചു. പിന്നെയുമല്ല ഒരു പനികോളും ഉണ്ട്. അതുകൊണ്ട് തന്നെ കടവിലേയ്ക്ക് ഇന്ന് പോകണ്ടാന്ന് വെച്ച് വീട്ടിൽ തന്നെ ആയി. കുറച്ചു കഴിഞ്ഞപ്പോഴാണ് കണ്ണൻ ഓടി വന്ന് പറഞ്ഞ്‌ കാര്യം അറിഞ്ഞത്. രാമനുമായിട്ട് ചിത്രപ്പുഴ ഒന്നു പിണങ്ങി... തോണി മറിഞ്ഞു... കേട്ട പാതി കേൾക്കാത്ത പാതി ഞാൻ കടവിലേക്ക് ഓടി...

 

ആർക്കും അപായം ഒന്നുമില്ല. രാമനും ഉണ്ണിയും ചേർന്നാണ് എല്ലാവരെയും രക്ഷിച്ചത്. ഉണ്ണി രക്ഷിച്ചവരുടെ കൂട്ടത്തിൽ സീതയും ഉണ്ട്. അതുകൊണ്ട് തന്നെ കടവിലും നാട്ടിലുമൊക്കെ നായകസ്ഥാനം ഉണ്ണിയ്ക്ക് ആണ്‌. പക്ഷേ എനിക്ക് സങ്കടം സഹിക്കാൻ കഴിയാത്തതെന്തെന്നാല്‍ സീതയുടെ മനസ്സിലും നായകസ്ഥാനം ഉണ്ണിക്കു തന്നെ ആയിരിക്കുമല്ലോ എന്ന് ഓർക്കുമ്പോഴാണ്. അന്ന് പുഴയ്ക്ക് മുകളിൽ കാർമേഘങ്ങൾ തടിച്ചുകൂടി. എന്റെ വിഷാദം അവിടെ മഴയായ് പെയ്തു...

 

അങ്ങനെ മൂന്ന് ദിവസങ്ങൾ ആരും കടവിലേക്ക് പോയില്ലാ... രാമനും പുഴയും മാത്രം. പുഴയുടെ പിണക്കം മാറ്റി രാമൻ നാലാം ദിവസം തോണി ഇറക്കി. പക്ഷേ എനിക്ക് കടവിലേയ്ക്ക് പോകാൻ മനസ്സ് അനുവാദം നൽകിയില്ലാ... അന്ന് രാത്രി ഞാൻ കടവിലേയ്ക്ക് പോയി. പതിവ് പോലെ രാമൻ തോണി കയറ്റി നക്ഷത്രങ്ങളേയും നോക്കി കിടപ്പുണ്ട്. ഞാൻ അടുത്ത് പോയി ഇരുന്നു. ‘‘പുഴയോടുള്ള പിണക്കം മാറിയില്ലേ ഇതുവരെ..?’’ രാമൻ ചോദിച്ചു. ‘‘മനസ്സിലുള്ളതെല്ലാം പുഴകൊണ്ടുപോയില്ലേ രാമാ...’’ എന്നു ഞാനും. രാമൻ അതിന് ഉത്തരം നൽകിയില്ല. പകരം ഇങ്ങനെ പറഞ്ഞു, ‘‘ഇന്ന് സീത സാരിയാണ് ഉടുത്തിരുന്നത്. തോണിയിൽ ഉണ്ണിയും ഉണ്ടായിരുന്നു.. അക്കരെ അടുപ്പിച്ചപ്പോ ഉണ്ണി അവൾക്ക് നേരെ കൈ നീട്ടി... പക്ഷേ ആ കൈയ്ക്ക് അവൾ ഉത്തരം നല്കിയില്ല.. സാരി നനച്ചുതന്നെയാണ് അവൾ കരയ്ക്ക് കാലുവച്ചത്. എന്നിട്ട് തിരിഞ്ഞൊരു നോട്ടവും. അവളുടെ കണ്ണുകൾ തേടിയത് നിന്നെ തന്നാടോ...’’

 

മനസ്സിൽ ആരോ തടഞ്ഞുവെച്ച സന്തോഷം തിരികെ വന്നു. രാമന്റെ മുൻപിൽ ചെറുതാകണ്ടല്ലോ എന്ന് കരുതി ഉള്ളിലെ സന്തോഷം ഞാൻ പുറത്ത് കാണിച്ചില്ല. എന്നിട്ട് ഞാൻ ചോദിച്ചു, നിനക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലേ രാമാ..? രാമൻ നിവർന്നിരുന്ന് പുഴയെ ഒന്ന് നോക്കി.

 

ആ നിലാവെളിച്ചത്തില്‍ പുഴയുടെ നാണം ഒന്ന് കാണേണ്ടകാഴ്ച്ചയായിരുന്നു...

 

English Summary: Chithrapuzha, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com