‘‘ഈ കുപ്പായത്തിലെ കറപോലെ നമ്മുടെ മനസ്സിൽ പതിഞ്ഞ കറയും മായുമോ..?’’

Child abuse
പ്രതീകാത്മക ചിത്രം. Photocredit : Motortion Films/ Shutterstock
SHARE

ജീരകമിഠായി

ചില കറകൾ നല്ലതാണ് എന്നാൽ ചിലത്‌.....!?

‘‘നല്ല  മഴക്കോളുണ്ട് സൈനുവേ... നീ ആ നനച്ചിട്ട കുപ്പായമൊക്കെ ഇങ്ങെടുത്തെ... എടി സൈനുവേ. അന്നോടാ... അല്ലേലും  ഞാൻ ഒരാളുണ്ടല്ലോ ഇവിടെ കിടന്ന് കഷ്ടപ്പെടാൻ !’’

മഴയെ പള്ളു പറഞ്ഞു നനച്ചിട്ട തുണിപെറുക്കിയെടുത്ത്‌ നബീസുമ്മ അകത്തേക്ക് കയറി. കട്ടൻ ചായയുമായിട്ട്‌  സൈനു ഉമ്മറത്തിരിക്കുന്നു. തുലാവർഷം അതിന്റെ സകല പ്രൗഢിയോടെ വന്നെത്തി.

കണ്ണു മഞ്ഞളിക്കുന്ന തിളക്കത്തിൽ മിന്നലും, കാതടപ്പിക്കുന്ന ഇടിയും, മാളിയേക്കരയെ പ്രകമ്പനം കൊള്ളിച്ചു. കാറ്റിന്റെ താളത്തിൽ ചിലങ്കയിട്ടാടി തിമിർത്തു മഴയും. മഴയുടെ എറിച്ചിൽ അവളെ നനയിപ്പിച്ചുകൊണ്ടേയിരുന്നു. ‘‘ ഡീ പെണ്ണേ അകത്ത് കയറി ഇരിക്ക്  വല്ല പനിയും  വരും’’, അകത്തുനിന്ന് ഉമ്മ വിളിച്ചു പറഞ്ഞു. അതൊന്നും കേൾക്കാതെ അവളവിടെ തന്നെയിരുന്നു.. ഉള്ളിൽ പെയ്യുന്ന കണ്ണീരിന്റെ കാലവർഷം ആരെയും അറിയിക്കാതെ.

അവളുടെ  ഓർമ്മകളും മഴക്കൊപ്പം താളം കൊട്ടവേ, മിന്നൽ വെളിച്ചത്തിൽ ആരോ നടന്ന് വരുന്നത് അവൾ കണ്ടു. ‘‘ആമിനതാത്ത’’ അവളുടെ ചിന്തകൾ വീണ്ടും വിലക്കി...

‘‘സൈനുവേ ... ഉമ്മയെവിടെ ?.. സൈനു എടി അന്നോടാ..’’

‘‘ഇത്ത അവൾക്ക് ചെവി കേൾക്കില്ല ഇങ്ങു കേറിവാ.’’ 

ഇല്ല നബീസു മൊത്തം നനഞ്ഞു ... നശിച്ച മഴ. ഒന്നു പുരയ്ക്കു പുറത്തിറങ്ങിയാ മഴയാ ...

അല്ല അത് പറഞ്ഞപ്പോഴാ... ഇജ്ജേവിടെ പോയതാ ? 

ഇമ്മടെ പാത്തുന്റെ കെട്ടിയോന്റെ പൊര വരെ പോയതാ. ഇന്നലെ പോയതാ ഊണുകഴിഞ്ഞ്‌ .

എന്തേ.. പാത്തുനു വിശേഷം വല്ലോം..?

ആടി നബീസു.. പടച്ചോൻ ഇന്റെ  ദുആ കേട്ട്....

അൽഹംദുലില്ലാഹ്!!

എത്രയാ മാസം ..??

മൂന്നായടി..

അല്ല താത്ത നസീബേടെ?

ഓൻ പൊരെലുണ്ട്.

അങ്ങനെ അവരുടെ സംസാരം നീണ്ടു ഒപ്പം മഴ കുറഞ്ഞു..

നബീസു ഞാൻ പോണ്.

ആ ഇത്താ...

ഉമ്മറത്ത് എത്തിയ ആമിനതാത്ത ഒരു പാക്കറ്റ് ജീരകമിഠായി എടുത്തു സൈനുവിനു നേരെ നീട്ടി.

‘‘ഇന്നാടി സൈനു’’ അവൾ അത് വാങ്ങാതെ അങ്ങനെ തന്നെയിരുന്നു.

‘‘ഈ പെണ്ണിന് ഇതെന്താ പറ്റിയേ നബീസു.?’’

‘‘ഇന്നലെ തൊട്ട് ഇങ്ങനെയാ ഇത്താ.. മറ്റേത് ജീരകമിഠായിന്നും പറഞ്ഞു ചത്തു കിടന്നതാ.. ദേ ഇപ്പോ തിരിഞ്ഞ് പോലും നോക്കണില്ല.’’

ഈ ജീരകമിഠായി ഒരു പതിവാ .... നസീബോ മറ്റോ പുറത്ത് പോയിവരുമ്പോ ഒരു പാക്കറ്റ് .....

അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതെ നിന്ന ആമിനതാത്ത അതവിടെ വെച്ചിട്ട്  ഇരുട്ടിൽ നടന്നു.

‘‘ഇങ്ങോട്ട് കേറിവാ പെണ്ണേ’’ എന്നും പറഞ്ഞ് ഉമ്മ അകത്തേക്ക് നടന്നു. അവളും യാന്ത്രികമായി അകത്തേക്ക് നടന്നു. ചായ അതുപോലെ തന്നെയുണ്ട് , അവളത് മുറ്റത്തേക്ക് ഒഴിച്ചു ഒപ്പം ആ ജീരകമിഠായിയും വലിച്ചെറിഞ്ഞു...

നേരം സന്ധ്യയോട് അടുക്കുന്നു ..

തുണി മടക്കുന്നതിനിടെയാണ് സൈനുവിന്റെ കുപ്പായം ഉമ്മയുടെ കണ്ണിൽ പെട്ടത്.

‘‘സൈനൂ നിന്റെ കുപ്പായം നിറയെ മൈലാഞ്ചികറ ആയിരുന്നല്ലോ പെണ്ണേ. ഞാനൊരുപാട് കഴുകീട്ടാ പോയെ.!! നീ എന്താ കുപ്പായത്തിന് മേലാണോ മൈലാഞ്ചി ഇട്ടത്..?’’ ഉമ്മ ചോദിച്ചു.

സൈനു മറുപടി ഒന്നും നൽകിയില്ല. അവൾ പുറത്തേക്ക് നോക്കിയിരിക്കുന്നു. 

മഴയുടെ താളം മുറുക്കി വരുന്നതുപോലെ അവളുടെ ചിന്തകളും മുറുകി...

സൈനു. ഏട്ടുവയസ്സുള്ള നാട്ടിൻപുറത്തുകാരിയായ ഒരു കുറുമ്പി പെണ്ണ്. എല്ലാവരുടെയും പ്രിയപ്പെട്ടവൾ. സൈനുവിന്റെ വാപ്പ പ്രവാസിയാണ്. ഉമ്മ സാധാരണക്കാരിയായ വീട്ടമ്മ. തൊട്ടപ്പുറത്തെ വീട്ടിലെ ആമിനതാത്തയും കുടുംബവുമാണ് പെട്ടന്നുള്ള ആശ്രയം. ആമിനതാത്തക്കു മക്കൾ രണ്ടാണ്. മൂത്തവൾ ഫാത്തിമ, രണ്ടാമൻ നസീബ്. ഫാത്തിമയുടെ നിക്കാഹ് കഴിഞ്ഞതാണ്. നസീബ് 18 വയസുള്ള ഒരു കോളേജ് കുമാരൻ. നസീബും സൈനുവും നല്ല ചങ്ങാതിമാരായിരുന്നു. അവൻ ചന്തയിൽ പോയി വരുമ്പോൾ ഒക്കെ അവളുടെ ഇഷ്ടമിഠായിയായ ജീരകമിഠായി കൊണ്ടുവരുമായിരുന്നു.

രണ്ട്‌ ദിവസമായി സൈനുവിന്റെ കുറുമ്പ് എവിടോ നഷ്ടപ്പെട്ടിരുന്നു. അവൾ പഴയ പോലെ അല്ല. മിണ്ടാതെ ആയി . ഉമ്മ  അത് ശ്രദ്ധിക്കാതെയിരുന്നില്ല.കൂട്ടുകാർ തമ്മിൽ ഇടക്ക് വഴക്ക് ഉണ്ടാകുമ്പോൾ അവൾ ഇങ്ങനെ ആണ്, അതാവാം എന്ന് ഓർത്തു. എന്നാലും അവളുടെ മുഖം ഇത്രയും വാടി അവർ ഇതുവരെ കണ്ടിട്ടില്ല.  

ചുറ്റിലുമുള്ള ശബ്‌ദവും ഉമ്മയുടെ ചോദ്യവും ഒന്നും അവൾ അറിഞ്ഞില്ല. അവൾ വിജനതയിലേക്ക് നോക്കിയിരുന്നു കഴിഞ്ഞ നിമിഷങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു...

അവൾ വളരെ സന്തോഷത്തിലായിരുന്നു. അവളുടെ ചുന്ദരി കൈകൾ മൈലാഞ്ചി നിറഞ്ഞ മണവാട്ടിയുടെ കൈ പോലാന്നാ ആമീനതാത്ത പറയാറ്... അവളുടെ മൈലാഞ്ചിയിട്ട കൈകളുടെ ആരാധികയാണ് താത്ത... അന്നും പതിവുപോലെ മൈലാഞ്ചിയുമിട്ടു കുണുങ്ങി കുണുങ്ങി അവളു ആമിനതാത്തെടെ അടുത്തേക്ക് പോയി... അന്ന് നസീബ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവൾ നസീബിനോട് ആരാഞ്ഞു. ‘‘നസീകാക്ക... ആമിനതാത്ത എവിടെ ?’’.

അവർ ഫാത്തിമയുടെ വീട്ടിൽ പോയ കാര്യം അവൻ പറഞ്ഞു.

‘‘എന്നാൽ ഞാൻ പിന്നെ വരാം.’’ അവൾ തിരിഞ്ഞിറങ്ങി .

‘‘ആഹാ നിന്റെ കയ്യിലെ മൈലാഞ്ചി കൊള്ളാല്ലോ പെണ്ണേ.... നീ ഇങ്ങു വന്നേ .. നിനക്ക് ജീരകമിഠായി വേണ്ടേ .?’’

അവൻ മിഠായിയുമായി മുറിക്കുള്ളിൽ കയറി. അവളും പിന്നാലെ പാഞ്ഞു. അവൻ വളരെ സ്നേഹത്തോടെ മിഠായി നൽകി അവളെ മടിയിൽ ഇരുത്തി. ആ നിമിഷം വരെ അവളുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മായാൻ പിന്നെ അധികം നേരം വേണ്ടി വന്നില്ല... പതിയെ നസീബ് അവളെ തലോടാൻ തുടങ്ങി.. പെട്ടന്നാണ്  അവനിൽ ഇന്ന് വരെ കാണാത്ത ഭാവമാറ്റം ശ്രദ്ധിച്ചത്. അവൾ മടിയിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവൾക്ക് അത് അയയും തോറും മുറുകുന്ന ഒരു കെട്ടായി തോന്നി . പിന്നെ പതിയെ പതിയെ ഉമ്മ അവളോട്‌ അന്യർക്കു സ്പർശിക്കാൻ അനുമതി കൊടുക്കരുത് എന്നു പറഞ്ഞ ശരീരഭാഗത്തൊക്കെ അവന്റെ കൈകൾ ചെന്നു. അവൾക്ക് അലറി കരയണം എന്നു ഉണ്ടായിരുന്നു... എന്നാൽ കഴിഞ്ഞില്ല. ഭയം കൊണ്ട് അവൾ മൈലാഞ്ചി ഇട്ട ആ കൈകൾ കുപ്പായത്തിന്മേൽ അമർത്തി. പിന്നീട് ഒന്നും അവൾക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. കണ്മുന്നിൽ കാണുന്നതെല്ലാം അവന്റെ മുഖമായിരുന്നു, കാതുകളിൽ അവന്റെ ഭീഷണി സ്വരവും. അവൾ പേടിച്ചു വീട്ടിലേക്ക് നടന്നു. അന്നേ ദിവസം അവൾ ആരോടും മിണ്ടിയില്ല. അവളുടെ പ്രിയപ്പെട്ട ഉമ്മയോട് പോലും.....!

‘‘ സൈനു ..... എടി സൈനു  ....... ഈ പെണ്ണ് ഇത് ഏതു ലോകത്താണ്..!’’

പെട്ടന്ന് അവൾ ഉമ്മയുടെ വിളി കേട്ട് ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ  ഞെട്ടി ഉണർന്ന് നിറകണ്ണുകളോടെ  ഉമ്മയോട് ചോദിച്ചു....

‘‘ഉമ്മാ ഈ  കുപ്പായത്തിലെ  കറപോലെ നമ്മുടെ മനസ്സിൽ പതിഞ്ഞ കറയും മായുമോ..?’’

English Summary: Jeeraka Mittayi, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;