ADVERTISEMENT

പുട്ടും പഴവും (കഥ)

 

പുട്ടും പഴവും തമ്മിൽ ജന്മാന്തരങ്ങൾക്ക് മുമ്പേ പരിചിതരായിരുന്നു. ആ പരിചയം സൗഹൃദമായി. പിന്നെ പ്രണയമായി. ഒടുവില്‍ അവരിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. നിനയ്ക്കാത്ത ഭാഗ്യം ആണ് പഴത്തിനു വന്നു ചേർന്നതെന്ന് സവാളയും തക്കാളിയും മറ്റും അടക്കം പറഞ്ഞു. പക്ഷേ പഴത്തിന് ഇതിൽ നീരസം തോന്നിയതേയില്ല. മറിച്ച് എന്നും സ്വന്തം പ്രിയതമനു വേണ്ടി സ്വമേധയാ സന്തോഷത്തോടെ ഇഡ്ഡലിപ്പാത്രത്തിലിരുന്ന് വെന്തുരുകി സുന്ദരിയായി തീൻമേശയിൽ എത്തി. പഴത്തെ സംബന്ധിച്ച് അത് ഒരു ആത്മ സമർപ്പണം ആയിരുന്നു.

 

രാജ്യത്തു സാമ്പത്തിക ഭദ്രത വരുമ്പോൾ അത് ആദ്യം പ്രതിഫലിക്കുന്നത് കുടുബത്തിലെ തീന്മേശയിൽ ആയിരിക്കുമല്ലോ !!! അത് പുട്ടിന്‍റെ കാര്യത്തിലും സംഭവിച്ചു. ചില മുന്തിയ റിസോർട്ടുകളിലും വിവാഹ പാർട്ടികളിലും പുട്ട് ഒരു പ്രധാന വിഭവമായി വിളമ്പി തുടങ്ങി. എന്തിനേറെ പുട്ടിനു വേണ്ടി മാത്രമായി നാട്ടിലെ ചില പണക്കാർ റെസ്റ്റോറന്‍റുകള്‍ തുടങ്ങി. ദേ പുട്ട്, ദാ പുട്ട്, ജസ്റ്റ്‌ പുട്ട് അങ്ങനെ നാട്ടിൽ എവിടെ നോക്കിയാലും പുട്ട്. അങ്ങനെ പുട്ട് ഒരു ഫൈവ് സ്റ്റാർ ഡിഷ്‌ ആയി മാറി. പുട്ടിനോടൊപ്പം നിൽക്കാൻ കടലക്കറിയും കോഴിക്കറിയും ബീഫ്‌ ഫ്രൈയും മത്സരിച്ചുകൊണ്ടേയിരുന്നു. അത് മാത്രമോ പല രുചിയിലും വര്‍ണ്ണത്തിലും ഉള്ള പുട്ട് തീൻമേശയിൽ നിറഞ്ഞു. ചക്ക പുട്ട്, കപ്പ പുട്ട്, ക്യാരറ്റ് പുട്ട്, ബീറ്റ്റൂട്ട് പുട്ട്, മസാല പുട്ട്, ചോക്ലേറ്റ് പുട്ട്, വാനില പുട്ട് എന്ന് തുടങ്ങി എവിടെ നോക്കിയാലും പുട്ട്.

 

അങ്ങനെ ഇരിക്കെ പഴം തന്‍റെ സ്റ്റാറ്റസിനു ചേരില്ല എന്ന് പുട്ടിനു ഒരു തോന്നൽ. തീന്മേശയിൽ നിന്നും പഴത്തിന്‍റെ സ്ഥാനം അടുക്കളയിലേക്കും പിന്നീട് സ്റ്റോർ റൂമിലേക്കും മാറി. പഴത്തിന്‍റെ ഈ ദുർഗതിയിൽ അടുക്കളയിലെ സവാളയും പച്ചമുളകുമൊക്കെ അടക്കം പറഞ്ഞു ചിരിച്ചു.

അപ്പോഴതാ രാജ്യത്ത് ഒരു വലിയ സാമ്പത്തിക മാന്ദ്യം. സവാളയുടെയും തക്കാളിയുടെയും മറ്റു അവശ്യ ഭക്ഷണ വസ്തുക്കളുടെയും വില കുത്തനെയുയര്‍ന്നു. പുട്ടിന്‍റെ പ്രൗഢിയും നഷ്ടമായി. പുട്ട് പതിയെ വിസ്മരിക്കപ്പെട്ടു തുടങ്ങി.

 

അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു.

‘‘പ്രാതലിനു ഇന്ന് പുട്ട് ഉണ്ടാക്കട്ടെ.’’ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. 

‘‘അയ്യോ!!! അമ്മേ എന്ത്‌ വേണമെങ്കിലും ഉണ്ടാക്കിക്കൊള്ളു. പക്ഷേ ഉണക്ക പുട്ട് ഞങ്ങൾക്ക് വേണ്ട’’ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. 

 

‘‘പുട്ടിന്‍റെ പൊടി മാത്രമേ ഉള്ളു. വേണം എന്നുള്ളവർ കഴിക്ക്, വേണ്ടാത്തവർ കഴിക്കണ്ട’’. ഇത് പറഞ്ഞു അമ്മ പുട്ടിനു മാവ് കുഴച്ചു. 

 

അതിൽ പഴം ചെറുതായി അരിഞ്ഞിട്ടു. മീതെ ശർക്കര വിതറി. എന്നിട്ട് പുട്ടുകുറ്റിയിൽ മൂന്ന് ലയർ ആക്കി. ഓരോ ലയറിനും ഇടയിൽ തേങ്ങയും വച്ചു.

 

പുട്ട് കുറ്റിയിൽ നിന്ന് ആവി വരാൻ തുടങ്ങി. പുട്ടും അരിഞ്ഞിട്ട പഴവും ശർക്കരയും തേങ്ങയും എല്ലാംകൂടി ചേർന്ന് മുമ്പെങ്ങും ഇല്ലാത്ത ഒരു വാസന അടുക്കള ആകെ പരന്നു. അമ്മ പുട്ട് കുറ്റിയിൽ നിന്ന് ഒരു വലിയ കാസറോളിലേക്ക് മാറ്റി തീന്മേശയിൽ കൊണ്ട് വച്ചു. ഒപ്പം കഴിക്കാൻ പുഴുങ്ങിയ നല്ല നാടൻ പഴവും. പുട്ട് വേണ്ട എന്ന് പറഞ്ഞവർ ഈ വാസന അറിഞ്ഞ് ഓടി വന്നു. കുറേശ്ശെ പുട്ടെടുത്തു. അതിനു മീതെ നെയ്യ് ഒഴിച്ചു. എന്നിട്ട് പുഴുങ്ങിയ പഴം അതിൽ കുഴച്ചു വായയിലേക്ക് വച്ചു.

 

‘‘ഹ്മ്മ്മ്... അമ്മേ എന്താ സ്വാദ്. ഇനി എന്നും ഞങ്ങൾക്കു ഇത് മതി.’’ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

 

English Summary: Puttum Pazhavum, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com