ADVERTISEMENT

ഇന്നലെ ആദ്യം കണ്ടത് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒരാളെ കൈകാര്യം ചെയ്യുന്ന വിഡിയോ ആണ്. ഇവർ എന്താണിങ്ങനെ? എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത് എന്ന അമ്പരപ്പായിരുന്നു. എന്തു ഫെമിനിസമാണ് ഇവർ കൊണ്ടുവരുന്നത് എന്നൊക്കെയാണു തോന്നിയത്. പിന്നീടാണ് അയാളുടെ ചാനലിലെ ചില വിഡിയോകൾ കണ്ടത്...! അയാൾക്കു കിട്ടിയത് കുറഞ്ഞു പോയി എന്നതാണ് അതിനു ശേഷം എനിക്കു തോന്നിയത്. ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെ തന്നെയാവും പ്രതികരിക്കുക. 

 

ഓർമ വന്നത്, ഒരു മുംബൈ വിസിറ്റിനിടെ എന്നെ തോണ്ടിയ ഒരുത്തനെ കഴുത്തിനും ഷർട്ടിനും കുത്തിപ്പിടിച്ച് കൈയിലിരുന്ന ക്യാമറ കൊണ്ട് നല്ലപോലെ തല്ലുകയും കുത്തുകയും വായിൽ വന്ന ചീത്ത വിളിക്കുകയും ചെയ്ത എന്നെത്തന്നെയാണ്. ആത്മാഭിമാനം ഉള്ള പെണ്ണുങ്ങൾ പ്രതികരിച്ചു പോകും.

 

പക്ഷേ പെണ്ണ് പ്രതികരിക്കേണ്ടത് എങ്ങനെയെന്നുകൂടി ഇന്നലെ മുതൽ സമൂഹം പറഞ്ഞു വയ്ക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ. ഭാഗ്യലക്ഷ്മിയുടെ വിഡിയോകളുടെ താഴെയുള്ള കമന്റുകൾ നോക്കിയാൽ മതി അതു മനസ്സിലാക്കുവാൻ. 

 

ഇക്കാലത്ത്, ഒരു ഫെയ്സ്‌ബുക് അക്കൗണ്ടോ യൂട്യൂബ് ചാനലോ ഉണ്ടെങ്കിൽ ആരെയും ആർക്കും എന്തും പറയാം എന്ന സ്ഥിതി വന്നിരിക്കുന്നു.

 

ഞരമ്പു രോഗികൾ, നന്മമരങ്ങൾ, കാൻസർ തട്ടിപ്പുകൾ, പണം തട്ടിപ്പ്, ഹണിട്രാപ്പ്, പ്രണയനാടകങ്ങൾ അങ്ങനെ ചീത്തയും വൈകൃതം നിറഞ്ഞതുമായ പല പല കൂട്ടർക്ക് വിളയാടുവാനുള്ളതായി മാറി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം.  ആർക്കും എന്തും പറയാം ! 

 

അതിനുദാഹരണമാണല്ലോ ഡോ.(?) വിജയ് പി. നായർ എന്ന മനുഷ്യന്റെ (?) യൂട്യൂബ് ചാനൽ. പേരെടുത്തു പറയാതെ ആരെയൊക്കെയോ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ കേൾക്കുന്നവർക്ക് അറിയാം, ആരെയാണു ലക്ഷ്യം വച്ചിരിക്കുന്നതെന്ന്. അങ്ങനെ സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും കേസ് കൊടുത്തത്. കിം ഫലം ? ഒന്നും നടന്നില്ല.  സഹികെട്ട് അവർ പ്രതികരിച്ചു - തെറി വിളിച്ചു എന്നു പറയുന്നുണ്ട് സമൂഹത്തിലെ പാട്രിയാർക്കി തലയ്ക്കു പിടിച്ച പലരും. 

 

ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത് സ്വയം ഒന്നു നിർത്തി നോക്കിയാൽ മാത്രം മാറുന്ന കമന്റാണത്. അത്രയ്ക്ക് അറയ്ക്കുന്ന അശ്ലീലമാണ് അയാൾ പറഞ്ഞത്. അവർ അവർക്കു തോന്നിയ രീതിയിൽ പ്രതികരിച്ചു. അപ്പോൾ അവരെ തെറി തിരിച്ചു വിളിക്കാനും പ്രതികരിച്ച പെണ്ണുങ്ങൾ പോക്കുകേസ് ആണെന്നു പറയുവാനും ഒരുപാടു പേരുണ്ടായി. ആ ഞരമ്പു രോഗിയുടെ ചാനലിന് 22000 ൽ അധികം സബ്സ്ക്രൈബേഴ്സുണ്ട്. അവർ ഇത് ആസ്വദിക്കുന്നതു കൊണ്ടാണല്ലോ ആ അക്കം വളർന്നത്. അന്യസ്ത്രീയെ പറയുമ്പോൾ കേൾക്കുവാനും കോൾമയിർ കൊള്ളുവാനുമുണ്ടല്ലോ ഒരു സമൂഹം. ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തുന്നത് ആ വിഡിയോ കാണാത്ത ആൾക്കാർ മാത്രമായിരിക്കാം. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ മൂന്നു സ്ത്രീകളും പ്രതികരിക്കേണ്ടിയിരുന്നത്? അയാൾക്കെതിരെ കേസെടുക്കും വരെ കൊടി പിടിച്ചു ധർണ നടത്തണമായിരുന്നോ?

 

സ്ത്രീകളുടെ അവയവങ്ങൾ വച്ച് ഫെയ്സ്‌ബുക് പേജുകൾ ഉണ്ട്. ചിലതൊക്കെ പലർക്കും ഫ്രണ്ട് റിക്വസ്റ്റ് ഇടുന്നുണ്ട്. ഇങ്ങനെ ഉള്ള പ്രൊഫൈൽ റിപ്പോർട്ടു ചെയ്യുന്ന പെൺകുട്ടികൾ ഉണ്ട്. പക്ഷേ ഒരു കാര്യവുമില്ല. ഫെയ്സ്‌ബുക് കമ്യുണിറ്റി സ്റ്റാൻഡേർഡിന് എതിരല്ല ഇങ്ങനെ ഉള്ള ഞരമ്പൻ പ്രൊഫൈലുകൾ. അവർ തുടരുന്നു. നമ്മൾ നമ്മുടെ അക്കൗണ്ടിൽ വിശ്വസിച്ചിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്‌തും അല്ലാതെയും അവയിൽ പ്രത്യക്ഷപ്പെട്ടേക്കാം. പരാതി പറഞ്ഞാൽ ആദ്യം വരുന്ന മറുപടി - ‘സോഷ്യൽ മീഡിയയിൽ പബ്ലിക്ക് ആയി ചിത്രം ഇടുമ്പോ ആലോചിക്കണമായിരുന്നു.’

 

അടുത്തിടെ തന്റെ ചിത്രങ്ങൾ ഒരു ഫേക്ക് അക്കൗണ്ടിൽ കണ്ട ഒരു സുപ്രസിദ്ധ മോഡലിന്റെ പ്രതികരണ പോസ്റ്റിനു  താഴെ കണ്ട കമന്റ് ആണ് - ‘ചിത്രങ്ങൾ ഒൺലി ഫ്രണ്ട്സ് ആകണം. പബ്ലിക്കിൽ ഇട്ടാൽ തന്റെ ചിത്രം പബ്ലിക്കിനും ഉപയോഗിക്കാം. ചിത്രങ്ങൾ ഇട്ടാൽ മാത്രം പോരാ.. പ്രൊഫൈൽ ലോക്ക് കൂടി ചെയ്തിടണം’ ആ കുട്ടി ഒരു മോഡലാണ്, അവൾ അവളുടെ പ്രഫഷന് സഹായകരമാകുന്ന ചിത്രങ്ങൾ ഫെയ്സ്‌ബുക്കിൽ ഇട്ടാൽ, അത് ഞരമ്പൻമാർക്കു കൊണ്ടുപോയി തോന്നിയവാസം ചെയ്യാൻ അനുവാദം കൊടുക്കലാണത്രേ !! 

പ്രതികരിക്കാൻ പാടില്ല, പ്രതികരിച്ചാൽ ഉപദേശങ്ങൾ ഫ്രീ... !!

 

അപ്പോൾ, പെണ്ണുങ്ങൾ പ്രതികരിക്കുമ്പോൾ പ്രയോഗിക്കേണ്ട നിഘണ്ടുവുണ്ട്. തെറി പറയാൻ പാടില്ല.  തങ്ങളെക്കുറിച്ച് അസഭ്യം പറഞ്ഞ് ഫെയ്സ്‌ബുക്കിൽ പോസ്റ്റിയ ഞരമ്പന്റെ അമ്മയെയും പെങ്ങളെയും തെറി പറഞ്ഞത് ശരിയായില്ല, അവർക്ക് പൊളിറ്റിക്കൽ അജൻഡ ഉണ്ട്, അങ്ങനെ ഉള്ളവരുടെ പൊളിറ്റിക്സ് നോക്കി മാത്രം കമന്റുകൾ ഇടുക.... ഉപദേശങ്ങൾ നീളുന്നു... 

 

ഇവരോടൊക്കെ ഒറ്റ ചോദ്യം. വിജയ് പി. നായർ എന്ന ഞരമ്പൻ വിഡിയോ ചെയ്തത് സ്വന്തം അമ്മയെക്കുറിച്ചോ പെങ്ങളെക്കുറിച്ചോ ഭാര്യയെക്കുറിച്ചോ ആയിരുന്നെങ്കിൽ, ഈ ഉപദേശികൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?

 

ഫോർ എക്സാംബിൾ - വാളയാർ പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രതികരിച്ചില്ല, ഭാമ കൂറ് മാറിയതിൽ പ്രതികരിച്ചില്ല, ആംബുലൻസിൽ ബലാൽസംഗം നടന്നപ്പോൾ പ്രതികരിച്ചില്ല. സ്വന്തം കാര്യം വന്നപ്പോ പൊള്ളി അല്ലേ ? ചോദ്യങ്ങൾ നീളുന്നു. 

സ്വന്തം കാര്യം വരുമ്പോ പൊള്ളുന്നത്, പ്രതികരിക്കുന്നത് ഒരു മോശം കാര്യം ആണോ? നാട്ടിൽ നടന്ന സർവ്വ പ്രശ്നങ്ങളിലും അഭിപ്രായം പറയുന്നവർ മാത്രമേ സ്വന്തം കാര്യത്തിൽ പ്രതികരിക്കുവാൻ പാടുള്ളോ?

 

നിയമം രക്ഷയ്ക്കില്ലെന്നു കണ്ടെത്തിയാൽ സ്വയം നിയമം കൈയിലെടുത്ത്, മകളെ ബലാത്സംഗം ചെയ്തവനെ കൊന്ന അച്ഛനുള്ള നാടാണിത്. അതിനു കൈയടി. റേപ്കേസിലെ  പ്രതികളെ എൻകൗണ്ടറിൽ കൊന്ന സജ്ജനാർ ഉള്ള നാടാണിത്. അവർക്കൊക്കെ കൈയടി... പെണ്ണ് പ്രതികരിച്ചാൽ, പെണ്ണ് തെറി വിളിച്ചാൽ അത് ശരിയല്ല എന്ന് സമൂഹം!  നിയമം പിന്നെ ആർക്കു വേണ്ടിയാണ്!

 

വിഡിയോയിൽ ഇരയുടെ  പേരില്ല എന്ന ഒറ്റക്കാരണം മതി, കേസ് ദുർബലമാകാൻ. 

നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു. അപമാനിക്കുന്ന വിഡിയോ, കമന്റുകൾ മുതലായവ കുറ്റകരമായി പ്രഖ്യാപിക്കണം. 

അതില്ലാത്തിടത്തോളം കാലം, അഭിമാനമുള്ള പെണ്ണുങ്ങൾ പ്രതികരിക്കും. നിയമപരിരക്ഷ കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോൾ, നീതി കിട്ടിയില്ലെങ്കിൽ, നീ തീയാവുക.. അത്ര തന്നെ!! 

 

നിയമം മാറിയില്ലെങ്കിൽ, ഇങ്ങനെ അശ്ലീലം പറയുന്നവർക്കെതിരെ നിയമം കൊണ്ടുവന്നില്ലെങ്കിൽ, ഇനിയും സ്ത്രീകൾ കരി ഒഴിക്കും, തല്ലും, തെറി വിളിക്കും. പരിഭവിക്കേണ്ട സമൂഹമേ..

 

English Summary:  Essay- How the women should react aganist social media abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com