ADVERTISEMENT

സീതായനം (കഥ)

ക്ലാസിലേക്ക് പോവാനിറങ്ങുമ്പോഴാണ് വാർഡന്റെ മുറിയിൽ അവളും അമ്മയുമിരിക്കുന്നത് ഞാനാദ്യമായി കണ്ടത്. എന്തോ – മുൻപെങ്ങും കാണാത്ത ഒരു സൗന്ദര്യം. മെയ്ക്കപ്പൊന്നുമില്ല. ഒരു നാടൻ പെൺകുട്ടി. സ്ഥലം മറന്ന് ജൂനിയറെ വായിനോക്കി നിൽക്കുന്ന എന്നെക്കണ്ട്, കാര്യമന്വേഷിക്കാൻ വാർഡൻ അകത്തേക്കു വിളിച്ചു. വാർഡൻ വാ തുറക്കുന്നതിന് മുന്നേ, അവർക്കൊരു ഫ്രീ ചിരി കൊടുത്ത് ഞാൻ അവൾടെ നേരെ തിരിഞ്ഞു.

 

“ഹായ്. My name is Manjima. Call me Manju. 2nd year Physics.”

 

ഇംഗ്ലിഷ് കേട്ട് അവളൊന്ന് ഞെട്ടി. പിന്നെ തപ്പിപ്പിടിച്ച്, നല്ല തൃശ്ശൂർ സ്ലാങ്ങിൽ, “I...my name is Meenutti” എന്ന് അവൾ പറഞ്ഞൊപ്പിച്ചു. അവളുടെ പരിഭ്രമവും പറച്ചിലും കേട്ടപ്പോൾ ചിരി വരാതിരുന്നില്ല.

 

“മീനൂട്ടിയോ? അപ്പൊ മലയാളിയാണല്ലേ! I will call you Meenu!”

 

അവൾക്ക് പാതിജീവൻ വീണു. ഒരിത്തിരി കോൺഫിഡൻസോടെ, “ഏച്ചിയും മല്യാളിയാ?” എന്നൊരു ചോദ്യം.

 

“പിന്നല്ലാതെ!” ഈ മല്ലൂ ബോണ്ടിങ്ങിനിടയ്ക്കു പെട്ട് ശ്വാസംമുട്ടുന്ന വാർഡനെ കണ്ട്, തടി തപ്പുന്നതാണ് നല്ലതെന്നു മനസ്സിലായി. വന്ന ദിവസം മുതലേ അത്യാവശ്യത്തിന് മോശമൊരു റെപ്യൂട്ടേഷൻ ഉണ്ടായിരുന്ന ഞാൻ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് വാർഡന് അത്ര പിടിച്ച മട്ടില്ല. “I’ll see you around!” എന്ന് പറഞ്ഞ് ഞാൻ സീൻ കാലിയാക്കി.

 

ഫസ്റ്റ് അവറിലെ ബാക്കി ഉറക്കം തീർക്കാൻ കാന്റീന് അടുത്തെത്തിയപ്പോഴിതാ വീണ്ടും മീനൂട്ടീം അമ്മേം. കാറ്റടിച്ചാൽ കരയുമെന്ന അവസ്ഥയിലായിരുന്ന അവർ, പ്രദേശത്ത് പരിചയമുള്ള ഒരേ ഒരാൾ എന്നതിനാൽ എന്റെ തോളിലായി. പിന്നെ അമ്മയുടെ ഒരു മണിക്കൂർ വിടപറച്ചിലും കരച്ചിലും. പോസ്റ്റായി ഞാൻ, കാന്റീനിലെ ബീഫ് കട്‌ലെറ്റിനോട് എന്റെ ബോറടി മുഴുവൻ പറഞ്ഞു തീർത്തു. 

 

പിന്നെ, ട്രെയിനിന് സമയമായപ്പോൾ, “മോളേ… അച്ഛനില്ലാത്ത കുട്ടിയാ… ആദ്യായിട്ടാ വീട് വിട്ട് നിക്ണത്.. നോക്യോണേ…” എന്ന ക്ലാസ്സിക്‌ ഡയലോഗ്‌ എനിക്കിട്ടും വച്ചു. കണ്ടിട്ടിത്തിരി നേരമല്ലേ ആയുള്ളൂ. അതിന്റെയാ. എന്നെ നേരേ അറിയാവുന്ന ആരും ഈ കോളജിൽ ജീവനുള്ള ഒരു വസ്തുവിനെയും എന്റെ സംരക്ഷണത്തിൽ വിട്ട് പോവില്ലെന്ന് ഇവർക്കറിയില്ലല്ലോ. ഇനിയിവൾ എന്തൊക്കെ കാണാൻ കിടക്കുന്നു!

 

അമ്മയെ ട്രെയിൻ കേറ്റി വിട്ട് അവളുമായി ഹോസ്റ്റലിൽ ഞാൻ കേറിചെല്ലുന്നത് വാർഡനും നാട്ടാർക്കും ഇഷ്ടപ്പെട്ട മട്ടില്ല. അവളെ മുറി കാണിച്ച്, ഞാൻ എന്റെ പുസ്തകലോകത്തേക്കു മടങ്ങി. ഇനി ക്ലാസ് നാളെ.. ഒരു വർഷം മുന്നേ ഫസ്റ്റ് ഇയർ ഓറിയന്റേഷനിടയ്ക്ക് ഒരു ഉപചാരമെന്നോണമാണ് പ്രിൻസി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന പ്രിൻസിപ്പാൾ ഞങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ചോദിച്ചത്. ഞാൻ ചാടിയെഴുന്നേറ്റ്, “One of the biggest criticisms I have heard about the physics department of this college is that the lab facilities are archaic. Is it true?” എന്ന് ചോദിച്ചു.

 

ഫസ്റ്റ് ഡേ. നിശ്ശബ്ദമായ ഹോളിൽ ഒരു മുറുമുറുപ്പ് പടർന്നുപിടിച്ചു. അടുത്തിരുന്ന അമ്മ കൈകൊണ്ട് തല മറച്ചു. അച്ഛൻ ചിരിയടക്കാൻ ഇച്ചരി പാടുപെട്ടു. 

 

“I’m sorry, I didn’t get your name?” പ്രൗഢിയോടെ കോളജിനെ വാനോളം പുകഴ്ത്തിയ പ്രിൻസിയുടെ ശബ്ദത്തിൽ ഇപ്പഴൊരിടർച്ച.

 

“Manjima. Manjima Manohar from physics department.” അതു കേട്ടതും, അച്ഛന്റെ വാലുപോലെ കൂടെ നടക്കുന്ന പ്രൊട്ടക്‌ഷൻ പൊലീസുകാർ ഒന്ന് ഞെട്ടിത്തിരിഞ്ഞു. എന്റടുത്തിരിക്കുന്ന, പേരിന്റെ വാലറ്റത്തുള്ള മനോഹരൻ എന്ന ഗർജ്ജിക്കുന്ന സിംഹത്തിന്റെ മുഖവും കണ്ടപ്പോൾ ആൾ പത്തി മടക്കി, “If there is such a criticism, I promise you that we will look into it in coming days!” എന്ന് പറഞ്ഞ്, ചാപ്ലിനെ വിളിച്ച് പ്രാർഥിപ്പിച്ച് മീറ്റിങ് അവസാനിപ്പിച്ചു.

 

പ്രിൻസിയും ഞാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീടേതു മീറ്റിങ്ങിനും ഞാൻ ആ പരിസരത്തുണ്ടോ എന്ന് എത്തി നോക്കിയിട്ടേ കക്ഷി ഇതുപോലുള്ള വീര സാഹസത്തിന് മുതിരുകയുള്ളു.

 

അച്ഛൻ വല്യ മന്ത്രിയോ പൊളിറ്റീഷ്യനോ ഒന്നുമല്ല. വീട്ടിൽ പൂത്ത കാശുള്ള ഒരു പാവം പത്രപ്രവർത്തകൻ. പ്രധാനമന്ത്രിയെ മനസ്സറിഞ്ഞ് ക്രിട്ടിസൈസ് ചെയ്തതിന് മൂന്നു സമ്മാനങ്ങൾ കിട്ടി: കുറേ വധ ഭീഷണിക്കത്തുകൾ, എതിർപാർട്ടിയുടെ സ്വന്തം സംസ്ഥാന സർക്കാരിന്റെ രക്തത്തിലെഴുതിയ അഭിനന്ദനവും, സെക്യൂരിറ്റിക്കായി നാല് പോലീസുകാരും, പിന്നെ പത്രത്തിൽ നിന്ന് ഒരു ടെർമിനേഷൻ ലെറ്ററും. ന്നാ ഇനിയങ്ങ് പുസ്തകമെഴുത്തും പറമ്പുകിളയ്ക്കലുമായി കൂടാമെന്നു പറഞ്ഞ് കഥാനായകൻ കളരി വിട്ടു.

 

ആ മനോഹരന്റെ താലോലിച്ച് വളർത്തിയ ഒറ്റമോൾ. അതാ ഞാൻ ഇങ്ങനായേ. പിന്നെ മത്തൻ കുത്തിയാ കുമ്പളം മുളക്കുവോ?

 

അന്ന് യാത്ര പറയുമ്പോൾ അമ്മ ആകെ, “മൂന്ന് വർഷത്തിന് മുന്നേ വല്ലവന്റെ അടിയോ ടീസിയോ വാങ്ങി വരല്ലേ മോളേ… അതിനെല്ലാം പോന്ന തല്ലുകൊള്ളി വീട്ടിൽ ഓൾറെഡി ഒന്നുണ്ട്!” എന്ന് മാത്രമാണ് പറഞ്ഞത്. അച്ഛൻ നെറ്റിയിലൊരുമ്മ തന്ന്‌ ഒന്നും പറയാതെ അങ്ങ് പോയി.

 

മുഖത്ത് ചായമടിച്ച് അടുത്ത ദിവസം കോളജിലേക്ക് ഇറങ്ങിയപ്പോഴാണ് കാര്യം ഇന്നലെ സ്ഥലത്തെ പ്രധാന വാർത്തയായിരുന്നെന്ന് അറിഞ്ഞത്. 10 വർഷത്തിൽ പുള്ളിയോട് ഇങ്ങനെ സംസാരിക്കാൻ ആരും തുനിഞ്ഞിട്ടില്ലെന്നുപോലും. ഇവിടെ നട്ടെല്ലുള്ള മനുഷ്യ വർഗ്ഗം ഇല്ലാതെ പോയതിന് ഞാനെന്തു പിഴച്ചു?

 

ക്രിസ്ത്യൻ കോളേജിൽ ഫ്രഷേഴ്സ് ഇന്റർ ഹോസ്റ്റൽ കോംപറ്റീഷന് ഫാഷൻ ഷോ നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ അതിൽ പങ്കെടുക്കുന്നവരുടെ പശ്ചാതാപത്തിനായുള്ള പ്രാർഥനകൾ ഉറക്കെ മുഴങ്ങും. അതുകൊണ്ടുതന്നെയാണ് എന്റെ ബാച്ചിലെ മിക്കവരും ഇറങ്ങാൻ മടിച്ചത്. 

 

കേട്ട പാതി, കേൾക്കാത്ത പാതി, ഷോസ്റ്റോപ്പർ ഞാനാവാമെന്നു പറഞ്ഞ് ഞാൻ ചാടിയിറങ്ങി. ഈ ചീവിടിന്റെ കല്പന സീനിയേഴ്സിന് ഇഷ്ടമായിട്ടല്ല. മറ്റാരും റെഡിയാവാത്തതുകൊണ്ട് വഴങ്ങണ്ടി വന്നു. ഷോയിൽ എല്ലാരേം ഞെട്ടിക്കുകയും ഞങ്ങളുടെ ഹോസ്റ്റൽ ഫസ്റ്റാവുകയും ചെയ്തു.

 

അവിടുന്ന് ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ വഴി നഗരത്തിലെയും താരമായി. നാട്ടിലെ കാണാൻ തരക്കേടില്ലാത്ത ഒരുവിധം എല്ലാ ചെക്കന്മാരും പ്രപ്പോസ് ചെയ്തു. പക്ഷേ അടിവയറ്റിൽ മഞ്ഞില്ലെന്നു പറഞ്ഞ് ആ യാർഡ്‌ലിമാരെ എല്ലാം ഞാൻ നിരാശപ്പെടുത്തി തിരിച്ചയച്ചു. എന്റെ ഗിരിയേട്ടനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.

 

ഒരു വർഷത്തിനുള്ളിൽ തനി മലയാളി ഗാങ്ങുകളുടെ കണ്ണിലെ കരടായി ഞാൻ കോളജിൽ ഒരു പ്രസ്ഥാനമായി വളർന്നു. വിശുദ്ധ പട്ടം കാത്തിരിക്കുന്ന പ്രഫസേഴ്സ്സിന്റെ അപ്രഖ്യാപിത ശത്രുവും വിപ്ലവം തലക്ക് പിടിച്ച ചില പ്രഫസേഴ്സ്സിന്റെയും സ്റ്റുഡന്റ്സിന്റെയും കഞ്ഞിക്ക് വകയില്ലാത്ത അടിച്ചുവാരുന്നവരുടെയും സെക്യൂരിറ്റി ചേട്ടന്മാരുടെയും കൂട്ടുകാരിയുമായി.

 

രാത്രി മെസ്സിൽ മീനു കഴിക്കാൻ വരുന്നത് നോക്കി കുറച്ച് നേരം ഇരുന്നു. ആളെ കണ്ടില്ല. മുറിയിൽ പോയി നോക്കിയപ്പോൾ ആൾ കരഞ്ഞ് തളർന്ന് അവിടെ കിടന്നുറങ്ങിക്കഴിഞ്ഞു. മെത്തയിടാതെ, കട്ടിലിൽ ഷീറ്റ്‌ മാത്രം വിരിച്ചാണ് കിടപ്പ്. മുറിയിലോടിപ്പോയി റൂം മേറ്റിന്റെ ഒരു ഷീറ്റ്‌ എടുത്ത് ഞാൻ വന്ന് അവളെ പുതപ്പിച്ചു. ഇനി രാത്രിയെങ്ങാനും കൊതുകുകൾ ഇവളെ പൊക്കിക്കൊണ്ട് പോയാലും വാർഡൻ ആദ്യം എന്നെ ആയിരിക്കും പൊക്കുക.

 

ഇതെല്ലാം കണ്ട് എന്റെ ബാച്ച്മേറ്റ് തമിഴത്തി കുന്തം വിഴുങ്ങിയിരിക്കുന്നത് കണ്ട്, “എന്നാ, നിനക്കും വേണോ ഷീറ്റ്‌?” എന്ന് ചോദിച്ച്, അസ്ഥാനത്ത് ഒരു ചിരി പാസ്സാക്കി ഞാൻ എന്റെ പുസ്തക മുറിയിലേക്ക് മടങ്ങിപ്പോയി. 

 

ഹോസ്റ്റലിലെ ഭീതിസ്വപ്നമായ എന്നിലും മനുഷ്യത്വത്തിന്റെ കണികയോ?

 

എന്റെ കാര്യത്തിൽ എല്ലാരുടെയും ഇഷ്ട ചാര എന്റെ റൂം മേറ്റാണ്. കട്ടിലിൽ കിടന്ന പുതപ്പ് തപ്പുന്നിതിനിടെ, “അവളെന്നാ നിന്റെ ബന്ധുവാണോടീ?” എന്ന് ചോദിച്ചപ്പഴേ ന്യൂസ് ഹോസ്റ്റൽ മുഴുവൻ പരന്നു കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. “ആടീ… എന്റച്ചന്റെ മറ്റേ മോൾ. എന്നാ, വല്ല പ്രശ്നവുമുണ്ടോ?” എന്ന് പറഞ്ഞ് ഞാൻ അതൊതുക്കി.

 

ഹോസ്റ്റലിലും കോളജിലും എന്നോട് അങ്ങനെ ചോദിക്കാൻ ധൈര്യമുള്ളത് അവൾക്കു മാത്രമാണ്. അതുകൊണ്ടാണ്, ജൂനിയർ-സീനിയർ കപ്ലിങ് റൂൾ മാറ്റിവെച്ച് വാർഡൻ അവളെ എന്റെ മുറിയിലിട്ടത്. പിന്നെ, മുഴുവൻ സമയവും പുസ്തകങ്ങൾക്കിടയിൽ കഴിയുന്ന എന്റെ വിശ്വവിഖ്യാതമായ പുസ്തക കൂമ്പാരത്തിനൊത്ത അവളുടെ തുണിക്കൂമ്പാരം ഞാനും അങ്ങ് ക്ഷമിച്ചേക്കും. പെർഫെക്ട് മാച്ച്!

 

പക്ഷേ കാണാതായ ഷീറ്റിന്റെ ഒരു പൊടി പോലും കണ്ടില്ല അന്ന് രാത്രി. ഞാനും ഒന്നും പറയാൻ നിന്നില്ല. രാത്രി പുസ്തകത്തിന്റെ ഒരു ചാപ്റ്റർ ബാക്കി വച്ചാണ് കിടന്നത്. രാവിലെ എഴുന്നേറ്റു തീർക്കാം. നേരത്തേ എഴുന്നേൽക്കാൻ അലാറവും വെച്ചു. സൂര്യൻ പാടുപെട്ട് പൊങ്ങിത്തുടങ്ങിയപ്പോഴേക്കും, പുസ്തകവും ഞാനും കട്ടനും റെഡി. അപ്പൊഴതാ വാതിൽക്കലൊരു മുട്ട്.

 

മറ്റാരുമല്ല. രാവിലെ പഠിക്കാനെഴുന്നേൽക്കുന്ന ബുദ്ധിജീവികളുടെ സഹായത്തോടെ ഷീറ്റ്‌ തിരിച്ച് തരാൻ വന്ന എന്റെ അച്ഛൻ പോലുമറിയാത്ത മറ്റേ മോൾ. പൊങ്ങിവരുന്ന സൂര്യനെ ഒരു ചിരികൊണ്ട് മറച്ച്, മുടിയൊതുക്കിക്കെട്ടാതെ ഉഗ്രരൂപത്തിൽ നിൽക്കുന്ന അവൾ. ഒരു തളർന്ന നന്ദി തന്ന് മുങ്ങാനിരുന്ന അവളെ ഞാൻ സൂര്യൻ അങ്ങ് മേലേക്ക് പോവോളം പിടിച്ച് നിർത്തി. 

 

അപ്പോഴാണ് എന്റെ മുറിയുടെ മൂലയിൽ കിടന്ന പുസ്തക കൂമ്പാരം അവളുടെ കണ്ണിൽ പെട്ടത് – അദ്ഭുതം നിറഞ്ഞ അവളുടെ കണ്ണിൽ ഞാൻ കണ്ടത് എന്താണെന്ന് എനിക്കറിയില്ല. കുറച്ച് കഴിഞ്ഞ്, മീനു പേടിച്ച് തുടങ്ങി എന്നു കണ്ടപ്പോൾ, വെറുതെ, “ആ പൊക്കോ” എന്ന് മാത്രം പറഞ്ഞ് അവളെ തിരിച്ചയച്ചു.

 

റൂം മേറ്റ്‌ ഉണർന്നപ്പോൾ, കട്ടനും തീരാറായ പുസ്തകത്തിനും മുന്നിൽ കണ്ണ് ചിമ്മാതിരിക്കുന്ന എന്നെയും കണ്ട് എന്തോ പന്തികേട് തോന്നാതിരുന്നില്ല. “എന്നാടീ? വല്ല ഗിരിയും മതിൽ ചാടി വന്നാരുന്നോ ഞാൻ ഉറങ്ങുമ്പോ?” ഒന്നും പറയാതെ, അവൾടെ അപ്രത്യക്ഷമായ ബെഡ്ഷീറ്റ് മുഖത്തെറിഞ്ഞ് ഞാൻ എന്റെ ബിസിനസ്സിലേക്ക് മടങ്ങിപ്പോയി. പക്ഷേ… വായിക്കാൻ പറ്റുന്നില്ല. എന്തോ… കണ്മുന്നിൽ നിന്ന് രാവിലെ കണ്ട ദേവതയുടെ മുഖം മറയുന്നില്ല.

 

പക്ഷേ എന്റെ കൂടെ നിർത്താൻ പറ്റില്ല. ഒരുറുമ്പ് കടിച്ചാൽ കരയുന്ന ഐറ്റമാ. എന്നെ കൊത്താൻ കാത്തുനിൽക്കുന്ന വിശുദ്ധ സർപ്പങ്ങൾക്കിടയിലേക്ക് അവളെ വലിച്ചെറിയാൻ ഒരു മടി.

 

നല്ല മലയാളിത്തമുള്ള ഗ്രാമീണ സുന്ദരിയെ പൊതിയാൻ ഭാഷാ വ്യത്യാസമില്ലാതെ മലയാളി/തമിഴ് തേനീച്ചകളുടെ ഒരു മത്സരമായിരുന്നു അതുകഴിഞ്ഞ്. ഒരു നിഴൽ പോലെ ഞാൻ അവളുടെ പുറകേ ഉണ്ടായിരുന്നു. വല്ലവനും വല്ല കുരുത്തക്കേടും തോന്നിയാലോ?

 

പിന്നെ അവളെ കണ്ടാൽ ആർക്കും പാവം തോന്നും. മെസ്സിൽ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടും. അധികം ആരോടും മിണ്ടാറില്ല. മിണ്ടിയാൽത്തന്നെ, പതിഞ്ഞ ആ ശബ്ദം മനസ്സിലാക്കാൻ കുറച്ച് പാടുപെടും. സീനിയേഴ്സ് അവളെ ഇട്ട് നെട്ടോട്ടമോടിക്കുന്നത് പിടിച്ചില്ലേലും ഞാൻ ഒന്നും പറയാൻ നിന്നില്ല. അവൾടെ ജീവിതം, അവൾടെ തീരുമാനങ്ങൾ.

 

അങ്ങനെ ഇരിക്കുമ്പോഴിതാ കഥാനായിക ഒരുദിവസം ഹോസ്റ്റലിലേക്ക് കരഞ്ഞോടിവരുന്നു. എന്നാന്ന് ചോദിച്ചപ്പൊ ഒരു കത്ത് നീട്ടി.

 

ഛേ. ഒരു പ്രേമലേഖനം. ഇതിനാണോ ഈ പെണ്ണ് ഇങ്ങനെ കരയുന്നെ. കത്തിലെ ഒപ്പിലെ നായകനും സുപരിചിതൻ. പയ്യൻ തരക്കേടില്ല. പെണ്ണിന് ചേരും. ഈ കത്ത് എനിക്കാരുന്നേൽ ഞാൻ എപ്പഴേ യെസ് അടിച്ചേനെ! പക്ഷേ അതിനെന്തിനാ കരയുന്നേ? പിന്നേം ഒന്ന് ഉറച്ച് “അത്രേയുള്ളോ” എന്ന് ചോദിച്ചപ്പോഴാണ്, അവളുടെ സമ്മതമില്ലാതെ കത്തിനൊപ്പം നായകൻ കവിളത്തു കൊടുത്ത സമ്മാനത്തെപ്പറ്റി പറഞ്ഞത്.

 

എന്നിലെ സമാധാനത്തിന്റെ വെള്ളരിപ്രാവ്, മാന്യമായി, “അവനെവിടാന്നാ പറഞ്ഞേ?” എന്ന് ചോദിച്ചു. അവൾ കാന്റീൻ എന്ന് പറഞ്ഞതും  അവളുടെ കൈ പിടിച്ച് ഞാനങ്ങ് നടന്നു. ‘‘അയ്യോ...  ഏച്ചീ… വേണ്ടാ…” എന്നൊക്കെ അവൾ പറയുന്നുണ്ടാരുന്നെന്ന് തോന്നുന്നു.

 

നായകൻ പ്രതീക്ഷിച്ച ആൾ തന്നെ. സംഭവസ്ഥലത്തു തന്നെ മധുര ഓർമകളിലലിഞ്ഞ് ഇരുപ്പുണ്ടാരുന്നു. ആ ദേഷ്യത്തിൽ അവന്റെ കൊള്ളക്ക് പിടിച്ച് “നീ എന്തോ പിപ്പിടിവിദ്യ എന്റെ മോളോട് കാണിച്ചെന്ന് കേട്ടല്ലോ…” എന്ന് പറഞ്ഞാണ് ഡയലോഗ്‌ തുടങ്ങിയത്.

 

ആദ്യം അവന്റെ പുരുഷത്തം ഒരു പൊടിക്ക് ഉണർന്നു വന്നെങ്കിലും, നായികയെ കണ്ടപ്പോൾ ബലൂണിലെ കാറ്റങ്ങു പോയി. പിന്നെ സീനിൽ സ്ഥലത്തെ പ്രധാന ഗുണ്ടയായ ഞാനും ഉണ്ടായിരുന്നതുകൊണ്ട്, വേറെ ആരും അടുക്കാനും റെഡിയായില്ല.

 

ചെക്കന് സദുപദേശം കൊടുക്കുന്നതിനിടെ, “എന്നാ കത്താടാ ഇത്! ഇതുപോലൊരു പബ്ലിഷിങ് ക്വാളിറ്റി വർക്ക് കൊടുത്തിട്ടാണോടാ അത് വായിക്കാൻ പോലും സമയം കൊടുക്കാതെ നീ ഇത്രേം കുറുമ്പൊപ്പിച്ചേ!” എന്നും ചേർക്കാൻ മറന്നില്ല.

 

അങ്ങനാണ് അവൾ മഞ്ജുചേച്ചീടെ മോളായത്. 

 

പിപ്പിടി വിദ്യക്കാർ ആരെ നോക്കി വിസിലടിക്കുന്നതിന് മുൻപും, അതവളല്ലല്ലോ എന്നൊന്നുറപ്പുവരുത്തും. ഹോസ്റ്റലിലെ ഇഷ്ട ഇരയോട് സീനിയേഴ്സിനും ഒരു ബഹുമാനം വരാതിരുന്നില്ല.

 

ഫ്രഷേഴ്സ് ഇന്റർ ഹോസ്റ്റൽ കോംപറ്റീഷൻ. 

 

മുറുമുറുപ്പോടെയാണെങ്കിലും, ഫാഷൻ ഷോയുടെ ഇൻചാർജ് എനിക്കുതന്നെ തരേണ്ടിവന്നു അവർക്ക്. അതുതന്നെ ദഹിക്കാതിരുന്ന ഹോസ്റ്റൽമേറ്റ്സിന് അപ്പോഴാണ് എന്റെ ബോംബ്‌ ഷെൽ വീണത്. “നമ്മുടെ ഷോ സ്റ്റോപ്പർ മീനൂട്ടിയാരിക്കും.”

 

പക്ഷേ ആരും ഒന്നും എന്റെ മുന്നിൽനിന്ന് പറഞ്ഞില്ല.

 

എന്റെ അനൗൺസ്മെന്റ് കേട്ട് ഞെട്ടിയത് സീനിയേഴ്സ് മാത്രമല്ല. മീനുവും കാര്യം അപ്പോഴാണറിയുന്നത്. അപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും, റൂമിൽ വന്ന് കാര്യം അവതരിപ്പിച്ചു. അമ്മയ്ക്ക് ഇഷ്ടാവില്ല പോലും.

 

അവളുടെ ഉള്ളിലെവിടെയോ ഒരാഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ, “പിന്നേ… കോളജിൽ എല്ലാം നമ്മൾ അവരോട് പറഞ്ഞല്ലേ ചെയ്യുന്നത്. നിനക്ക് ചെയ്യണമെന്നുണ്ടോ? എനിക്കതറിഞ്ഞാ മതി”.

 

ഒന്നും മിണ്ടാതെ ഉവ്വെന്ന് തലയാട്ടി. 

 

‘‘പക്ഷേ എനിക്കൊന്നുമറിയില്ല… ബാക്കി എല്ലാരും ഞാൻ ഇതിന് കൊള്ളില്ലാന്നാ പറയുന്നേ!”

 

അടുത്ത് നിന്ന അവളെ പിടിച്ചിരുത്തി, തോളിൽ കൈ ഇട്ട്, വല്യേച്ചി ടോണിൽ, “പിന്നെന്തിനാടി ഞാനിവിടെ നിന്റെ ചേച്ചിയാന്ന് പറഞ്ഞിരിക്കുന്നേ? ഒന്നും കാണാതെ ഞാൻ ഇത് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” എന്നങ്ങു കാച്ചി.

 

സംഭവം അങ്ങേറ്റു. അമ്മയോട് സംസാരിക്കുമ്പോൾ ഞാനും കൂടി. ഞാൻ എപ്പോഴും കൂടുണ്ടാവുമെന്ന് ഉറപ്പും കൊടുത്തപ്പോൾ അമ്മ സമ്മതം മൂളി.

 

സാധാരണ ഞാൻ പറയുന്നതിന് മറുവാക്ക് പറയാത്ത റൂം മേറ്റ്‌ “ഇത് തീക്കളിയാണേ… സൂക്ഷിച്ചോ..” എന്നു മാത്രം പറഞ്ഞ് ഡിസ്കഷൻ അവസാനിപ്പിച്ചു.

 

പ്രാക്ടീസ് റണ്ണുകൾക്ക് അവളെ ഞാൻ മേക്കപ്പ് തൊടീച്ചില്ല. നടത്തവും ഭാവവും മാത്രം പഠിപ്പിച്ചു. ടീമിലും ഹോസ്റ്റലിലും ഇതിനെതിരെ എതിർപ്പുയരാതിരുന്നില്ല. പക്ഷേ, ഒന്നും കാണാതെ ഞാനൊന്നിനും ഇറങ്ങില്ലെന്ന് അവർക്കറിയാമായിരുന്നു. ആരും ഒന്നും മിണ്ടാൻ ധൈര്യപ്പെട്ടില്ല. അല്ലേലും എന്റെ മുന്നിൽ തലവച്ചg തരാൻ ധൈര്യമുള്ള ആരും ഇവിടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിലും ഭേദം തീവണ്ടിയാ.

 

ഷോയ്ക്ക് മുന്നേ ബാക്കിയുള്ളവരുടെ മേക്കപ്പിന് ആളെ ഒരുക്കി, അവളുടെ മേക്കപ്പും ഡ്രെസ്സിങ്ങും ഞാൻ ഏറ്റെടുത്തു. മുറിയിലെ കണ്ണാടികൾ എല്ലാം ഞാൻ ഒളിപ്പിച്ചു.

 

ഞങ്ങളുടെ സ്ലോട്ടിന് തൊട്ടുമുൻപാണ് നായികയുമായി ഞാൻ സ്റ്റേജിനടുത്ത് എത്തുന്നത്. ചുറ്റുമുള്ളവരുടെ മുഖത്തെ അദ്ഭുതമാണ് അവൾ ആദ്യം കണ്ട കണ്ണാടി. അപ്പോഴാണ് എന്റെ ടീം തന്നെ എന്റെ സുന്ദരി അനിയത്തിക്കുട്ടിയെ കാണുന്നത്. ഞാനെല്ലാം കുളമാക്കുകയാണെന്ന് പാടി നടന്ന വാകളെല്ലാമടഞ്ഞു. ടീമിൽ മുൻപില്ലാത്ത ഒരുന്മേഷവും വീര്യവും.

 

അവസാന റൗണ്ട് വരെയും ഞാൻ അവളെ ബാക്ക് സ്റ്റേജിൽ ഒളിപ്പിച്ചു. അവൾ പോകുന്നതിനു മുന്നേ, പ്രോപ്പായി ഒരുക്കിവച്ച ബ്രൈറ്റ്‌ ലൈറ്റ് സ്റ്റേജിന്റെ നടുക്ക്, ജഡ്ജസ്സിന് പറ്റിയ ആംഗിളിൽ സെറ്റ് ചെയ്തു. എന്റെ മാസ്റ്റർപീസ് കാണാൻ ഹോൾ റെഡിയായിക്കഴിഞ്ഞു. റൗണ്ടിൽ മറ്റുള്ളവർ നടന്ന് തുടങ്ങിയപ്പോഴാണ് അരികിലിരുന്ന കണ്ണാടി ഞാൻ മീനുവിനെ കാണിച്ചത്.

 

പുസ്തക കൂമ്പാരത്തിനുമുന്നിൽ ഞാൻ അന്ന് കണ്ട അതേ അദ്ഭുതം. അതുമായി അവൾ സ്റ്റേജിലേക്ക് ഇറങ്ങിയപ്പോൾ ഹോൾ മുഴുവൻ മൗനമായി. എല്ലാ കണ്ണും, ശ്വാസമടക്കിപ്പിടിച്ച് അവളിൽ. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഒരായിരം പ്രാർഥനകൾ മൗനത്തിന്റെ ഭാഷയിൽ ഉയരുന്നത് ഞാൻ കേട്ടു. നിശ്ചലമായിരിക്കുന്ന ജഡ്ജസ്.

 

ഇതുവരെ എല്ലാം ശുഭം. അപ്പോഴാണ് ഒരു നൂറു രൂപാ നോട്ട് സ്റ്റേജിലേക്ക് വീണത്. “നൈറ്റ് എങ്കൂടെ വന്തിട്! കാഷ് തരേൻ… വാടീ… വാ…” എന്നൊരു രാവണ ശബ്ദവും അതിനുപുറകെ. തിരിച്ച് നടക്കാൻ തയ്യാറായ അവൾ അവിടെ നിന്നു. എന്റെ കണ്മുന്നിൽ ആദ്യം ഓടി വന്നത് അവളുടെ അമ്മയുടെ മുഖമാണ്. ഒന്നെത്തിനോക്കി. കോളേജ് സ്റ്റുഡന്റല്ല. ഇവനിന്ന് ജീവനോടെ ഇവിടെനിന്ന് പോവില്ല. 

 

പക്ഷേ എന്റെ ഇപ്പോഴത്തെ പ്രയോറിറ്റി വിറച്ചു നിൽകുന്ന അവളെ തിരിച്ചുകൊണ്ടുവരുകയാണ്.

 

സ്റ്റേജിലേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ്, നമ്മുടെ സീത, രാവണൻ കവർന്ന മനോധൈര്യത്തിന്റെ തെറിച്ചുവീണ അംശങ്ങൾ സംഭരിച്ച് തിരിച്ചു നടന്നു തുടങ്ങിയത്. മുഖത്തെ രണ്ടിറ്റ് കണ്ണീരിൽ അവൾ ആ ഭീകരത ഒളിപ്പിച്ചു.

 

തിരിഞ്ഞുടനെ, അവൾ ആദ്യം തേടിയത് എന്റെ മുഖമാണ്. പതിയേ നടന്നുതുടങ്ങിയ അവൾ പെട്ടെന്ന് വീണ്ടും നിന്നു. എന്തോ ചിന്തിച്ച്, കണ്ണീർ തുടച്ച് തിരിച്ചു നടന്നു. സഭ വീണ്ടും നിശ്ശബ്ദം. എന്റെ ഹൃദയവുമൊന്ന് നിന്നു – ഇവളിതെങ്ങോട്ടാണ്?

 

ഒരു രാജകുമാരിയുടെ കുലീനതയോടെ, കുനിഞ്ഞ് ആ 100 രൂപ എടുത്ത് തിരിച്ചെറിഞ്ഞ്, ഞങ്ങൾ അടുത്ത ചിലർക്കു മാത്രം സുപരിചിതമായ ആ ശബ്ദത്തിൽ, എന്നാൽ ഞങ്ങളാരും കേൾക്കാത്ത ഗാംഭീര്യത്തിൽ, നല്ല തൃശ്ശൂർ സ്ലാങ്ങിൽ ഒരു “നോട്ട് ഇന്ററസ്റ്റഡ്” കൊടുത്ത് സീത തനിയേ സ്വന്തം രാജ്യത്തിലേക്ക്, അഭിമാനം കലർന്ന ചിരിയോടെ പിന്നിൽ നിന്നിരുന്ന അവളുടെ “ഏച്ചിയുടെ” അടുത്തേക്ക് മടങ്ങി. ലങ്കാ ദഹനം പോലെ, സ്റ്റേജിന്റെ ഒരറ്റത്തിൽനിന്ന് പടർന്ന് പിടിച്ച കൈകൊട്ടും ആർപ്പുവിളിയും ഹോളിൽ അലയടിച്ചു.

 

ഈ കഥയിൽ ഒരു രാമനെ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയതിന് നിങ്ങളെന്നോട് ക്ഷമിക്കണം. ഈ സീതയ്ക്ക് രാവണനെ നിഗ്രഹിക്കാൻ ഒരു രാമന്റെയോ ഹനുമാന്റെയോ സഹായം ആവശ്യമില്ലായിരുന്നു. പക്ഷേ, എന്റെ കലാസൃഷ്ടിയുടെ മുഴുവൻ മധുരവും നുകർന്ന ശേഷം, രാവണവധത്തിനിറങ്ങിപ്പുറപ്പെട്ട രാമന്മാർക്കൊപ്പം ഞാനുമുണ്ടായിരുന്നു. ജീവന്റെ ഒരു അംശം ബാക്കിവച്ച്, അവനെ ഹോസ്പിറ്റലിലാക്കിയിട്ടേ ഞാൻ തിരിച്ചു വന്നുള്ളു.

 

ഒരാഴ്ചക്ക് ശേഷം എന്റെ ഉറ്റ സുഹൃത്തിന്റെ സമ്മൺസ് വന്നെന്നും, അവർ ഇന്ന് വരുമെന്നുമുള്ള വാർത്ത അച്ഛൻ നേരത്തേ ചോർത്തിയിരുന്നു. പ്രിൻസിയുടെ ഓഫിസിനുമുന്നിൽ രാജേട്ടനും രവിയേട്ടനും നിലയുറപ്പിച്ചിട്ടുണ്ട്. കാവൽ നാല് രണ്ടായി വെട്ടിക്കുറച്ചുപോലും. അവർ രണ്ടും സൂപ്പറാ. അവരോട് കുശലങ്ങൾ അന്വേഷിച്ച് ഞാൻ ഉള്ളിലേക്ക് കേറി.

 

പ്രിൻസിയുടെ ഓഫീസിൽ കയറിയപ്പോൾ, മീനുവും അവിടുണ്ടാരുന്നു. മീനുവിന്റെ അമ്മ എന്റെ അമ്മയുടെ തോളിൽ തളർന്ന് കിടക്കുന്നു. എന്റമ്മ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്.

 

ഞാൻ വന്നതും, പ്രിൻസി ചെയറിൽ നിന്നെഴുന്നേറ്റു. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. എല്ലം ഉള്ളിലൊതുക്കി, പുറത്ത് തട്ടി അഭിനന്ദിച്ച്, “..but next time, let us take care of such incidents, will you?” എന്ന് മാന്യമായി പറഞ്ഞൊതുക്കി.

 

അതിന് മറുപടി പറഞ്ഞത് മീനൂട്ടിയാണ്. “I don’t think there will be a second time at least in this college, to a girl studying here. I think the message was conveyed loud and clear, sir!” അവളുടെ തൃശ്ശൂർ സ്ലാങ്ങിലെ പഞ്ച് ഡയലോഗ് കേട്ട് ചിരി വരാതിരുന്നില്ല.

 

അന്ന് ഞാൻ അവനെ അടിക്കാനിറങ്ങിയത് തെറ്റായിരിക്കാം. പക്ഷേ അന്നെന്റെ എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കണ്ട അഭിമാനം – എന്റെ മനസ്സുനിറച്ചു.

 

“Feminism isn’t about making women stronger. Women are already strong, it’s about changing the way the world perceives that strength.”

G.D. Anderson

English Summary: Seethayanam, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com