ADVERTISEMENT

പുണ്യാളന്റെ ഇരുപത് മിനിറ്റുകൾ (കഥ)

 

ഡയാലിസിസ് യൂണിറ്റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ വല്ലാത്തൊരു മരവിപ്പായിരുന്നു ജോണിന്റെ മനസ്സിന്. ഇനിയുമെത്രനാൾ ഇങ്ങനെയെന്ന ചോദ്യം അയാളുടെ ചിന്തയിൽ നിറഞ്ഞു നിന്നു.  ഉയർന്ന ശമ്പളമുള്ള ജോലിയും വലിയ വീടും കാറും മറ്റു സൗകര്യങ്ങളുമൊക്കെയായി എത്ര സന്തോഷത്തോടെ ജീവിതമാസ്വദിച്ചതായിരുന്നു. അസുഖം കാരണം അടിക്കടി ലീവെടുക്കേണ്ടി വന്നതോടെ ജോലി നഷ്ടമായി. ഹൗസ് ലോണിന്റെ മുടങ്ങിപ്പോയ എം ഐ അടയ്ക്കാൻ മറ്റു മാർഗ്ഗമില്ലാതെ വന്നപ്പോൾ നഷ്ടത്തിനാണെങ്കിലും കാർ വിൽക്കേണ്ടി വന്നു. ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ കുലുങ്ങിക്കുലുങ്ങി യാത്ര ചെയ്യുമ്പോൾ ഓർക്കാറുണ്ട് കാറെങ്കിലും വിൽക്കേണ്ടിയിരുന്നില്ല എന്ന്. മക്കളുടെ സ്കൂൾ ഫീസ് രണ്ട് ടേം അടച്ചിട്ടില്ല.  ഇലക്ട്രിസിറ്റി ബിൽ ഈയാഴ്ച അടച്ചില്ലെങ്കിൽ ഡിസ്കണക്ട് ചെയ്യുമെന്ന് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നു. എത്ര വേഗത്തിലാണ് ദാരിദ്ര്യം തന്റെ ജീവിതത്തിലേക്ക് ധാർഷ്ഠ്യത്തോടെ അധിനിവേശം നടത്തിയത്!

 

പരാതികളില്ലാതെ ഒന്നു കരയുക പോലും ചെയ്യാതെ സീമ ഒന്നുമില്ലായ്മയിലും ഈ വീട്ടിൽ ഓണം തീർക്കുന്നു.

വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ ജോലികൾ പോലും ഏറ്റെടുക്കാനാവുന്നില്ല ജോണിന്. സമയത്തിന് തീർത്തു കൊടുക്കാനാവാത്തത് തന്നെയാണ് പ്രശ്നം. 

 

തൊട്ടടുത്തുള്ള ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കുന്ന ജോലിക്ക് സീമ പോയിത്തുടങ്ങിയതിന് ശേഷം ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം പരിഹാരമായിട്ടുണ്ട്. വീട് വിൽക്കുന്നതിന്റെ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴാണ് സീമ ഹോസ്റ്റലിലെ ജോലിക്ക് പോയിത്തുടങ്ങിയത്. മൂന്ന് പെൺകുട്ടികളെയും കൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങുന്നത് അവൾക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഡയറ്റിങ്ങിലാണെന്ന് പറഞ്ഞ് മക്കളൊക്കെ കഴിക്കുന്ന ആഹാരത്തിന്റെ അളവ് തീരെ കുറച്ചിരിക്കുന്നു.

 

അപ്പൻ ബാക്കിയാക്കിപ്പോയ കടങ്ങളൊക്കെയും തീർത്ത്, രണ്ട് പെങ്ങന്മാരെയും അന്തസ്സായി കെട്ടിച്ചയച്ചപ്പോൾ അമ്മച്ചി പറയുമായിരുന്നു ‘നീ എന്റെ വയറ്റിൽ പിറന്ന പുണ്യാളനാണ്’ എന്ന്! ‘ഈ ഗതി പിടിക്കാത്തവന്റെ ദാരിദ്യം കാണാൻ വയ്യ’ എന്നും പറഞ്ഞ് ഇളയ പെങ്ങൾ നാൻസിയുടെ വീട്ടിലേക്ക് എന്നേക്കുമായി അമ്മച്ചിയും പോയപ്പോഴാണ് പുണ്യാളൻ എന്ന വാക്കിന്റെ അർത്ഥം അയാൾക്ക് ശരിക്കും മനസ്സിലായത്.

 

മൂന്ന് തവണ മൂവായിരം രൂപ വീതം ആൻസിയും നാൻസിയും പണമയച്ചു തന്നിരുന്നു. താൻ അവർക്ക് വേണ്ടി ചെലവാക്കിയ ലക്ഷങ്ങളേക്കാൾ മൂല്യം ആ മൂവായിരം രൂപക്കുണ്ട് എന്ന് കേട്ടപ്പോൾ പുണ്യാളൻ വീണ്ടും ചെറുതായി. കുടപ്പിറപ്പുകളോട് ബുദ്ധിമുട്ടുകൾ പറയുന്നത് അതോടെ നിർത്തി.

 

പഴയ സുഹൃത്തുക്കളിൽ ആരെയെങ്കിലും കണ്ട് സഹായം ചോദിക്കാനും അയാളുടെ അഭിമാനം അനുവദിച്ചില്ല.  ഇനി താൻ ജീവിക്കുന്ന ഓരോ ദിവസവും സീമക്കും മക്കൾക്കും  ബാധ്യതയാകും എന്ന ചിന്ത അയാളെ വേട്ടയാടിക്കൊണ്ടേയിരുന്നു. ആദ്യമൊക്കെ ജീവിതമെങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നായിരുന്നു അയാളുടെ വേവലാതിയെങ്കിൽ ഇപ്പോഴത്തെ ചിന്ത ഈ നശിച്ച ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്നായിരിക്കുന്നു. അങ്ങനെയാണയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്

 

ഫാനിൽ തൂങ്ങൽ, വിഷം കഴിക്കൽ, കൈ ഞരമ്പു മുറിക്കൽ എന്നിങ്ങനെയുള്ള ഇൻഡോർ ആത്മഹത്യാ രീതികളെ കുറിച്ച് അയാൾ വിശദമായിത്തന്നെ പഠിച്ചു. വീട്ടിനകത്ത് വെച്ച് ആത്മഹത്യ ചെയ്യുന്നത് നാളെ സീമക്കും മക്കൾക്കും പ്രയാസമുണ്ടാക്കും എന്ന തോന്നലിൽ പരിപാടി ഔട്ട് ഡോർ ആക്കാം എന്ന തീരുമാനത്തിലെത്തി. പുറത്ത് വെച്ചാകുമ്പോൾ വിജയ സാധ്യത കൂടുതൽ ട്രെയിനിന് മുന്നിൽ ചാടുന്നതാണോ കടലിൽ ചാടുന്നതാണോ എന്ന കാര്യത്തിലുള്ള കൺഫ്യൂഷൻ വീണ്ടും ഒരാഴ്ച നീണ്ടുനിന്നു.  

 

ഈ ദിവസങ്ങളിലൊക്കെയും അയാൾ പ്രാർത്ഥനയിൽ തന്നെയായിരുന്നു. ആത്മഹത്യയുടെ സമയത്ത് മനസ്സിന് ബലം തരണേ എന്ന് മാത്രമായിരുന്നു അയാളുടെ പ്രാർത്ഥന. ജോണിന്റെ പതിവിൽക്കവിഞ്ഞ നീണ്ട പ്രാർത്ഥനകൾ സീമക്കും പുത്തനുണർവ്വ് പകർന്നു. അവൾ നന്ദിയോടെ കുരിശു വരച്ചു.

 

ഇന്നാണ് നിശ്ചയിച്ചുറപ്പിച്ച ആ ദിവസം. ഇന്നത്തോടെ അയാൾ ഈ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിട ചൊല്ലുകയാണ്. സീമക്കോ മക്കൾക്കോ പ്രത്യേകിച്ചൊരു സൂചനയും നൽകിയില്ല. ആചാരം തെറ്റിക്കേണ്ടെന്ന് കരുതി പേരിനൊരു നാല് വരി ആത്മഹത്യാ കുറിപ്പെഴുതി ബൈബിളിനകത്ത് വച്ചു.

പതിവു പോലെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇറങ്ങിയത്.

 

മരിക്കാനുള്ള സ്ഥലം മുൻകൂട്ടി കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ അവിടെ എത്തി. ഒരു കുന്നിന്റെ മറവുണ്ട് അവിടെ. പെട്ടെന്ന് വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. അതിലൂടെ ട്രെയിൻ കടന്നു പോകുന്ന സമയവും നേരത്തേ മനസ്സിലാക്കിയിരുന്നു. ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിൽ കയറി ഒന്നുകൂടി ചെക്ക് ചെയ്തു. ട്രെയിൻ ഇരുപത് മിനിറ്റ് ലേറ്റാണ്. അയാൾക്ക് ശരിക്കും ദേഷ്യം വന്നു. ദൈവം നിശ്ചയിച്ച സമയം മാറ്റി താനൊരു സമയം തീരുമാനിച്ചപ്പോൾ റെയിൽവേ അതും മാറ്റിയിരിക്കുന്നു. സമയത്തിനൊന്ന് മരിക്കാൻ പോലും സാധിക്കുന്നില്ലെങ്കിൽ ജിവിച്ചിട്ടെന്തു കാര്യം എന്ന് അയാൾ പിറുപിറുത്തു.

ആ ഇരുപത് മിനിറ്റുകൾ നീണ്ട ഇരുപത് വർഷങ്ങളായി അയാൾക്ക് തോന്നി. ഓർമകളിലൂടെ അയാൾ കുറേ പിറകോട്ട് പോയി. ജോലി കിട്ടി വിദേശത്ത് പോയതും ആദ്യ അവധിക്കു വന്നപ്പോൾ പള്ളിപ്പെരുന്നാളിന് സീമയെ കണ്ടതും അടുത്ത അവധിക്ക് അവളുടെ കൈ പിടിച്ച് അൾത്താരക്ക് മുന്നിൽ നിന്നതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓർമ്മയിൽ തെളിഞ്ഞു വന്നു. 

 

‘ദൈവം കൈവിടില്ല’ എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞ് നടക്കുന്ന സീമ നാളെ എന്തു പറയും എന്നോർത്തപ്പോൾ അയാൾക്ക് ചിരി വന്നു. അപ്പോഴാണ് ഫോണിൽ മെസ്സേജ് ടോൺ കേട്ടത്. താത്പര്യമില്ലാതെയാണ് എടുത്ത് നോക്കിയത്. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ബാങ്കിൽ നിന്നുള്ള മെസ്സേജ് ആണ്.

‘Dear Customer, Your a/c no. XXXXXXXX3371 is credited by Rs.75,000.00 on 11-Mar-2020 10:21:57 by a/c linked to mobile XXXXX73721. (IMPS Ref no 006410679417).’

ആരായിരിക്കും ഇത്രയും തുക ഇപ്പോൾ തന്റെ അക്കൗണ്ടിലേക്ക്  നിക്ഷേപിച്ചത് എന്ന് അയാൾ അത്ഭുതപ്പെട്ടു. വിശ്വാസം വരാതെ ആ മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കേ ട്രെയിൻ കടന്നു പോയി. ഒരു കമ്പാർട്ട്മെന്റിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി അയാളെ കൈ വീശിക്കാണിച്ചു. കൗതുകത്തോടെ അയാളും കൈ വീശി. 

 

വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നത്. പഴയ കൂട്ടുകാരൻ സമീർ ആണ് അങ്ങേത്തലയ്ക്കൽ.

 

‘നിന്റെ അക്കൗണ്ടിലേക്ക് ഒരു തുക ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് നോക്കണേ.’

 

‘ക്രെഡിറ്റ് ആയിട്ടുണ്ട് സമീറേ, മെസ്സേജ് കിട്ടി. എന്തിനാണ് ആ തുക.’

 

‘അത് നിനക്കുള്ളതാണ്. നമ്മുടെ പഴയ സ്കൂൾ ഫ്രണ്ട്സിൽ ചിലരോട് നിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നു.  ജോപ്പനും ശ്യാമുമാണ് ഈ തുക തന്നത്. അവർക്ക് എന്തോ ചില പ്ലാനുകളൊക്കെയുണ്ട് നിന്റെ കാര്യത്തിൽ. ഇനി നീ വിഷമിക്കേണ്ട. ഒരിക്കലും ഒറ്റക്കാവില്ല.’

 

‘അക്കൗണ്ട് ഡീറ്റെയ്ൽസ് എങ്ങനെ കിട്ടി?’

 

‘ഹ ഹ. ആധാർ വിവരങ്ങൾ പോലും ഈസിയായി കിട്ടുന്ന നമ്മുടെ നാട്ടിലാണോ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കിട്ടാൻ പാട്?’

 

അയാൾക്ക് ഒന്നും വിശ്വസിക്കാനായില്ല. പത്രം ഇടുന്ന പയ്യനോട് ഇനി പത്രം വേണ്ട പറഞ്ഞപ്പോൾ ഏജൻസി നടത്തുന്ന സമീർ കഴിഞ്ഞയാഴ്ച കാര്യം അന്വേഷിക്കാൻ വന്നിരുന്നു. തീരെ നിവൃത്തിയില്ലാതെ മടിച്ചുമടിച്ചാണ്   ഇപ്പോഴത്തെ അവസ്ഥകളൊക്കെ പറഞ്ഞത്. സഹപാഠിയും പഴയ ചങ്ങാതിയുമാണ് സമീർ. അവൻ അത് ഇത്രത്തോളം കാര്യമായിട്ടെടുക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.

 

വലിയൊരാശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ മിഷൻ സ്കൂളിന്റെ വളവിലെ മതിലിൽ എഴുതിയിരിക്കുന്ന വചനം അയാളെ നോക്കി പുഞ്ചിരിച്ചു.

‘പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല; ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു.’

 

English Summary: Punyalante Irupath Minuttukal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com