ADVERTISEMENT

ചില പെൺ ഓർമ്മകൾ (കഥ)

 

ഓർമ്മകൾ വെറുതെ പരതുമ്പോൾ പുള്ളി പാവാടയുമിട്ട് അവളിങ്ങനെ വീടിനുമുന്നിൽ നടക്കുകയാണ്... ചിലപ്പോൾ മുറ്റത്തെ മുരിങ്ങ മരത്തിനു മുകളിലേക്ക് പടർന്നു കയറിയ മുല്ല ചെടിയുടെ ചുവട്ടിലിരുന്നു മാല കോർക്കുകയാണ്. മറ്റുചിലപ്പോൾ അമ്മ നിർബന്ധപൂർവം പിടിച്ചിരുത്തി മുടി രണ്ടുവശത്തായി പിന്നിയിട്ടു കൊടുക്കുകയാണ് ....

 

ഒരു ക്യാൻവാസിൽ എന്ന വണ്ണം ചിത്രങ്ങളിങ്ങനെ വന്നുകൊണ്ടേയിരുന്നു... ഓർമ്മചിത്രങ്ങളുടെ ഒരു കൊളാഷ്....

 

കുഞ്ഞമ്മയെ കല്യാണം കഴിച്ചയച്ച വീട്ടിലെ ഇളയകുട്ടിയായിരുന്നു... അതിസുന്ദരി ആയിരുന്നു അവൾ... കാഴ്ച്ചയിൽ അവൾക്ക് ബുദ്ധിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നു ഒരാൾക്കും തോന്നിയില്ല... എന്ന് മാത്രമല്ല ചില നേരങ്ങളിൽ അവളൊരു നാണം കുണുങ്ങി ആയ പെണ്ണാണെന്ന് തന്നെ തോന്നിച്ചു. മറ്റെല്ലായിപ്പോഴും അവൾ ആ വീട്ടുകാർക്ക് വേദനകൾ മാത്രം സമ്മാനിച്ചു... വെറുതെ കരയും. കരച്ചിലിനിടെ പൊട്ടിച്ചിരിക്കും. ചിലപ്പോഴൊക്കെ അകാരണമായ ഭയം കൊണ്ടവൾ നില വിളിക്കും ...പകൽനേരങ്ങളിൽ പോലും മറ്റാർക്കും കാണാനാകാത്ത ചിലർ  അവളെ ആക്രമിക്കാൻ വരുന്നെന്നു കരഞ്ഞു മൂലയിൽ ഒളിക്കും ...അപ്പോഴൊക്കെ ഭയം ഫണം വിടർത്തി നിൽക്കുന്ന ആ കണ്ണുകളും ദൈന്യത തളം കെട്ടിയ മുഖ ഭാവങ്ങളും ഒരു കണ്ണീർകാഴ്ചയായി മാറും ...

 

ചില നേരങ്ങളിലാകട്ടെ ഇരുട്ടിലൂടെ അവൾ ഇറങ്ങി നടക്കും... കിടക്കയിൽ നിന്നവൾ പൊടുന്നനെ അപ്രത്യക്ഷയാകും... പെട്ടെന്നുണർന്നു നോക്കുമ്പോൾ അവളെ കാണാതെവീട്ടുകാർ ഏങ്ങലടികളോടെ നാലുപാടും തിരക്കും... മുറ്റത്തോ പറമ്പിലോ, പൂവിനോടോ ചെടിയോടൊ കണ്ണിനു കാണാത്ത ആരോടൊക്കെയോ  നിർത്താതെ വർത്തമാനം പറഞ്ഞു അവളിരിപ്പുണ്ടാവും... ചെന്ന് വിളിച്ചാൽ ഒന്നും സംഭവിക്കാത്തപോലെ വന്നു കിടന്നുറങ്ങുകയും ചെയ്യും ...

 

ആധിയുടെ ദിനങ്ങളായിരുന്നു അത്... കണ്ണൊന്നു ഇറുകെ അടയുമ്പോൾ ആ അമ്മ ഞെട്ടി ഉണരും... തൊട്ടടുത്തു അവളുണ്ടോന്നു നോക്കും... വീട്ടിൽ ഓരോരുത്തരും തങ്ങളുടെഉറക്കത്തിനിടയിലൂടെ അവളിറങ്ങി പോകാതിരിക്കാൻ ഉറക്കത്തിനിടയിൽ പലവട്ടം ഉണർന്നു മുറ്റത്തിറങ്ങി ...പിന്നെ അവളുടെ മുറിക്കു പുറത്തു നിന്ന് പാതി ചാരിയ വാതിൽവിടവിലൂടെ നോക്കി...അമ്മയെ കെട്ടിപ്പുണർന്ന് അവൾ ഉറങ്ങുന്നുണ്ടായിരുന്നു പാവം ...

 

പിന്നെ പിന്നെ അതൊരു സാധാരണ പതിവായി. ഒന്നുംസംഭവിക്കില്ലെന്നും ഈശ്വരൻ തങ്ങളെ ശിക്ഷിക്കില്ലെന്നുമുള്ളധാരണയിൽ അവരുറങ്ങി ...ഇടയ്ക്കിടെ ഉണർന്നു അവളെനോക്കി ....ഇല്ല അവളവിടെ തന്നെ ഉണ്ടെന്നു ആശ്വസിച്ചു.

 

ഇടക്കൊരു ദിവസം ഞെട്ടി ഉണർന്ന അമ്മ അവളെ കാണാതെ വേവലാതി പൂണ്ടു പിടഞ്ഞെണീക്കുമ്പോൾ ബാത്ത്‌റൂമിൽനിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു ..മണിക്കൂറുകളായങ്ങനെ കുളിച്ചുകൊണ്ടേയിരിക്കുകയായിരുന്ന അവളെ അമ്മ വേഷംമാറ്റി, പുതപ്പിച്ചു കിടത്തി ഉറക്കി. പിന്നൊരു രാത്രിയിൽ ആ അമ്മ കണ്ടത് അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിച്ച് കൊണ്ട് നിൽക്കുന്ന അവളെ ആയിരുന്നു... അന്ന് അവർ പുലരുവോളം കരഞ്ഞു. കടന്നു പോകുന്ന അവളുടെ കല്യാണ പ്രായത്തെ കുറിച്ചോർത്ത് ...പ്രായമപ്പോഴേക്കും അവൾക്കു ഇരുപത്തി  അഞ്ച് പിന്നിട്ടിരുന്നു ...താരുണ്യമങ്ങനെതളിരിട്ടു നിൽക്കുകയാണ് ...പക്ഷേ പട്ടം പോലെ പിടിവിട്ടമനസുമായി എങ്ങനെയാണു അവളെ മറ്റൊരിടത്തെയ്ക്ക്പറഞ്ഞയക്കുക എന്നു ആ അമ്മക്ക് അറിയില്ലായിരുന്നു ....

 

കാലങ്ങളിങ്ങനെ കടന്നു പോകവേ ,ശപിക്കപ്പെട്ട ഒരുരാത്രിയുടെ പകുതിയിൽ ,ഞെട്ടി ഉണർന്ന ആ അമ്മ പതിവ്പോലെ കൈകൾ കൊണ്ട് പരതുമ്പോൾ അവളുണ്ടായിരുന്നില്ല അടുത്ത് ...കിടക്ക വിട്ടെഴുന്നേറ്റു മുറികൾ തോറുംപരതി..അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു...മുറ്റത്തു വിളക്കുകൾ തെളിച്ചു നോക്കിയെങ്കിലും അവളവിടെഎങ്ങും ഉണ്ടായിരുന്നില്ല...

 

അകത്തെ മുറിയിൽ അവളിട്ടു കിടന്ന വേഷങ്ങൾ അഴിച്ചുവെച്ചിരുന്നു ...അലമാരയിൽ അലക്കി തേച്ചു വെച്ചിരുന്നവെളുപ്പിൽ ചുവന്ന പൂക്കൾ ഉള്ള പാവാടയും മഞ്ഞ ബ്ലൗസുംകാണാനില്ലായിരുന്നു .കണ്ണെഴുതി പൌഡർ പൂശിയതിന്റെഅടയാളങ്ങൾ ബാക്കിയുണ്ടായിരുന്നു

 

ഉറക്കത്തെ ശപിച്ചു കൊണ്ടുള്ള അമ്മയുടെ നിലവിളി കേട്ട് മറ്റുള്ളവർ ഉണർന്നു...പറമ്പിലും പരിസരത്തും അന്വേഷിച്ചു...മുറ്റത്തെ മുല്ല ചെടിയുടെ ചുവട്ടിൽ വാഴനാരുകൾ കീറിയിട്ടിരുന്നു ...ഒരു ചെറിയ മുല്ല പൂമാലയ്ക്ക് വേണ്ടാത്ത പൂക്കൾ അനാഥമായി കിടന്നു അയൽക്കാരുണർന്നു...അന്വേഷണം പല വഴിക്ക് നീണ്ടു...ഫലമൊന്നുമില്ലാതെ പോലീസിൽ ഒരു പരാതിയും കൊടുത്തു...ബുദ്ധിക്ക് സ്ഥിരതയില്ലാത്തൊരു പെൺകുട്ടി എങ്ങോട്ടിറിങ്ങിപോകാൻ ...രാത്രിയിൽ ഒരു മോഹാലസ്യത്തിൽ എന്ന വണ്ണം ഇറങ്ങി നടന്നു വല്ല പൊട്ട കിണറ്റിലെങ്ങാനും വീണുപോയതാകുമോ ?

 

പക്ഷേ പോകും മുൻപ് അവളെന്തിന് അണിഞ്ഞൊരുങ്ങണം...കണ്ണെഴുതി മുല്ലപ്പു മാല ചൂടി സുന്ദരിയാവണം ....വല്ലപ്പോഴുംമാത്രം അവളെ കണ്ടവരുടെ ചിന്തയിൽ ഇങ്ങനെയും ചിലതുകടന്നു വന്നു ...അവർ കണ്ടപ്പോഴൊന്നും അവൾ മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചിരുന്നില്ല ... ആ ഇരുപത്തി  അഞ്ച് കാരിയുടെ തിരോധാനം നാട്ടിലാകെ ചർച്ചാ വിഷയമായി

 

കഥകളും ഉപ കഥകളും നിരീക്ഷണങ്ങളും ഒക്കെ ഇങ്ങനെ നിലം തൊടാതെ പറക്കുന്നതിനിടയിൽ ,കുത്തി ഒഴുകിയിരുന്ന കുളത്തുപ്പുഴയുടെ  കരയിൽ ഒരു പെണ്ണിന്റെ വസ്ത്രങ്ങൾ  കണ്ടെന്ന വാർത്ത പരന്നു ... പോലീസെത്തി ...ഒപ്പം ബന്ധുക്കളും ...വസ്ത്രങ്ങൾ അവളുടേത് തന്നെ ആയിരുന്നു... പക്ഷേ അവളെവിടെ ?... പുഴയെടുത്തു പോയോ ? മതിവരുവോളം നീരാടാൻ കൊതിച്ചവളെ ,മോഹിപ്പിച്ചിറക്കി, നീന്തലറിയാത്ത അവളുടെ ബലഹീനതയെ മുതലെടുത്ത് ,പുഴമുക്കി കൊല്ലുകയായിരുന്നോ .....കാട്ടി കൊതിപ്പിച്ചിട്ടുകാടത്തം കാണിക്കാൻ ഒരു മടിയുമില്ലല്ലോ  പുഴയ്ക്ക് ...

 

മൃതദേഹത്തിനായുള്ള തിരച്ചിലായി പിന്നെ...പുഴക്കരയാകെപോലീസും നാട്ടുകാരും നടന്നു ...പുഴയിൽ മുങ്ങാം കുഴിയിട്ടുനോക്കി ...പൊടി പോലും കിട്ടിയില്ല. പക്ഷെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലപ്പോൾ മൂന്നുപേർചേർന്നൊരു കഥ പറയുകയായിരുന്നു.

 

കൂപ്പിലെ തടി ലേലമായിരുന്നു അന്ന് ..അഞ്ചാറാള് കൈകോർത്തു പിടിച്ചാലും എത്താത്തത്ര വീതിയുള്ള മരങ്ങളൊക്കെ ചുളു വിലക്ക് ഇങ്ങു പോന്നപ്പോൾ പിന്നെ സന്തോഷിക്കാൻ കാരണം വേറെ തേടണോ ? കാട്ട്‌ വഴിയിലെ കാണിക്കാരൻ കൊണ്ട് വന്നു നല്ല ഒന്നാം നമ്പർ പട്ട ...കാട്ടു നെല്ലിക്കയും പോത്തിറച്ചിയും ഇട്ട് വാറ്റിയത്  ..കോര്ക്കെടുക്കുമ്പോൾ തന്നെ കുപ്പിയിൽ നിന്നൊരു മണം വരും ...നല്ല സ്വയമ്പൻ എന്ന് പലവുരു പൊക്കി പറഞ്ഞു മൂവരും മത്സരിച്ചടിച്ചു ..അന്തി മയങ്ങും മുൻപ് കാടിറങ്ങി എങ്കിലും കവലയിലെത്തി ജീപ്പിലിരുന്നു പിന്നെയുമടിച്ചു ...വെന്തുടഞ്ഞ കപ്പയും കുരുമുളക് ചേർത്തരച്ച ചൂടൻ ബീഫു കറിയും കൂടി ചേർന്നതോടെ ജോറായി. രാത്രി ഏറെ വൈകിയിരുന്നു അവിടം വിടുമ്പോൾ ...നന്നായി വീശി എങ്കിലും വളയം പിടിക്കുമ്പോൾ ജോയിക്ക് കൈ വിറച്ചില്ല ..തണുത്ത കാറ്റടിച്ചു മറ്റു രണ്ടാളുടേം കെട്ടങ്ങനെ ഇറങ്ങി വരികയായിരുന്നു ...ജോയി അപ്പോൾ ഒരു തെറി പാട്ടു മൂളി ...മറ്റു രണ്ടാളും ആസ്വദിച്ച് ചിരിച്ചു കൊണ്ടിരുന്നു

 

പെട്ടെന്നതാ റോഡിന്റെ ഓരം ചേർന്നൊരു പെണ്ണ് നടക്കുന്നു ...ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ണു മഞ്ഞളിച്ചതു കൊണ്ടാവണം അവൾ നിന്നു ...പാതിരാത്രിയിലേതാടാ ഈ മുതലെന്നു ചോദിച്ചതും ജോയിയുടെ കാലുകൾ ബ്രേക്കിൽ അമർന്നതും ഒരുമിച്ചായിരുന്നു.

 

ജീപ്പ് നിർത്തിയ പാടെ പിന്നിൽ നിന്ന് ചാടി ഇറങ്ങിയത് നാസറായിരുന്നു ..ഇന്നത്തെ കച്ചോടം കഴിഞ്ഞെങ്കിൽ വാ ഞങ്ങളും തരാം കാശ് എന്ന് പറഞ്ഞവൻ അവളെ പിടിച്ചു വലിച്ചു പിന്നിൽ കയറ്റി ...വല്യ ബല പ്രയോഗം ഒന്നും കൂടാതെ അവൾ വണ്ടിയിലേക്ക് കയറി ... എങ്ങോട്ടായിരുന്നു എന്ന ജോയിയുടെ ചോദ്യത്തിന് കുളിക്കാൻ ഇറങ്ങിയതാ എന്നായിരുന്നു അവളുടെ മറുപടി ..അത് കേട്ടതും മൂവരും പൊട്ടി ചിരിച്ചു ... വൃത്തിയുള്ള കൂട്ടത്തിലാ. എന്നായിരുന്നു നാസറിന്റെ അർഥം വെച്ചുള്ള കമന്റ് ..

 

കവലയുടെ കിഴക്ക് റോഡിനു സമാന്തരമായി കുളത്തു പുഴ ഒഴുക്കുന്നിടം എത്തിയപ്പോൾ ജീപ്പ് പുഴ വഴിയിലേക്ക് അവർ ഇറക്കി നിർത്തി ..അനുരാഗത്തോടെ തോളിൽ കൈയിട്ടപ്പോൾ നാസറിന്റെ പിടിയിൽ നിന്നവൾ കുതറി മാറി ..അല്പം ബലം പ്രയോഗിച്ചു തന്നെ അവളെ അയാൾ ജീപ്പിൽ നിന്ന് വലിച്ചിറക്കി ..പിന്നെ തന്റെ ബലിഷ്‌ഠമായ കരങ്ങളിൽ അവളെയും പൊക്കി എടുത്തു  അയാൾ പുഴയിലേക്ക് ഒരോട്ടമായിരുന്നു ..കൂടെ മറ്റുള്ളവരും

.

കഥ ഇത്രയും ആയപ്പോഴേക്കും ഹെഡ് കോൺസ്റ്റബിൾ അസനാര് പിള്ളക്ക് തലകറങ്ങി ..അകന്ന ബന്ധത്തിലുള്ളതെങ്കിലും വളരെ അടുപ്പമുള്ള ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു അവൾ ...ഇൻസ്‌പെക്ടറുടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ അയാൾ പുറത്തെ തീൻ മേശയിൽ തല അമർത്തി ഏറെ നേരം ഇരുന്നു.  കുറച്ചിട കഴിഞ്ഞു അവരുമായി ഇൻസ്‌പെക്ടർ പുറത്തിറങ്ങി ..രണ്ടു ജീപ്പിലായി പുഴക്കരയിലേക്ക്. ആദ്യം ആരായിരുന്നു ..നാസർ. ജോയി ആയിരുന്നു മറുപടി പറഞ്ഞത് ...പിന്നെ ...ഞാൻ ...പിന്നെ.:സത്താർ ......നാസറിന് തൊട്ടടുത്തായി ഇരുന്ന അസനാര് പിള്ളയുടെ കണ്ണുകൾ നിറഞ്ഞു ...നാസറിന്റെ കാരണം പൊളിഞ്ഞു പോകും വിധത്തിൽ അയാളൊന്നു പൊട്ടിച്ചു ..ഇൻസ്‌പെക്ടർ തിരിഞ്ഞു നോക്കിയെങ്കിലും ഒരക്ഷരം പറഞ്ഞില്ല

 

പുഴക്കരയെത്തുമ്പോൾ പുഴയും കരയിലെ പൂഴി മണ്ണും അവർ കാട്ടി കൊടുത്തു. പുലരുന്നതിനു തൊട്ടു മുൻപ് അകെ അവശയായ അവളെയുമെടുത്ത് ജീപ്പിലിട്ട് അവർ യാത്ര തുടർന്നു ..അവരിങ്ങനെ കഥ പറഞ്ഞു നിൽക്കെ പടേന്ന് ഒരെണ്ണം വീണ്ടും പൊട്ടിച്ചു അസനാര് പോലീസ് ..ഇക്കുറി ജോയിക്കായിരുന്നു ...ചുണ്ടു പൊട്ടി ചോര പൊടിഞ്ഞു ...നോ ..ഇക്കുറി ഇൻസ്‌പെക്ടർ ശബ്ദമുയർത്തി നാട്ടിലാകെ വാർത്തകൾ തീമഴയായി പെയ്തു. ഇളയമ്മയുടെ വീട് കണ്ണീർ കടലായി ...ആളുകൾ വന്നു നിറഞ്ഞു ..മുന്നിൽ ടാർപോളിൻ വലിച്ചു കെട്ടി ...പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി എത്തിയത് പിറ്റേന്നായിരുന്നു.

 

അടക്കി പിടിച്ച പറച്ചിലുകൾക്കിടയിൽ നിന്നൊരു ഏഴാം ക്ലാസ്സുകാരന് ഏതാണ്ടൊക്കെ മനസ്സിലായിരുന്നു ...മനസിന്റെ പിടി വിട്ടു പോയൊരു പട്ടമായിരുന്നു അവളെന്നു ആ കഴുകന്മാർക്ക് അറിയാതെ പോയോ ...അതോ ... ഞാൻ മുറ്റത്തു നിൽക്കുമ്പോൾ അസ്നര് പോലീസ് എന്റെ പിതാവിനോട് സംഭവിച്ചതൊക്കെ വിവരിച്ചു പറയുന്നുണ്ടായിരുന്നു... പിന്നെയും പിന്നെയും എന്ന് ആർത്തി പിടിച്ചത് നാസറായിരുന്നു. ഓടുന്ന ജീപ്പിൽ കിടന്നവൾ അലറി വിളിച്ചിട്ടുണ്ടാവുമോ ...അനക്കം നിലച്ചപ്പോൾ മൂവരും ചേർന്ന് പുഴയോരത്തെ ചതുപ്പു നിലത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നത്രെ....ചളി നിറഞ്ഞ വേഷവുമായി അവർ മടങ്ങി പോകുമ്പോൾ പുലർച്ചെ ചായ പീടിക തുറക്കാൻ പോയ രവി അണ്ണൻ അവരെ കണ്ടിരുന്നു ..മീൻ വെട്ടാൻ പോയെന്നായിരുന്നു അവർ രവിയണ്ണനോട് പറഞ്ഞത്.

 

പുഴക്കരയിലെ തുണി എടുക്കാൻ മറന്നത്തോടെ പോലീസ് പണി തുടങ്ങി. പുലർച്ചെ അവരെ കണ്ട കാര്യം രവിയണ്ണൻ പോലീസിനോട് പറയുക കൂടി ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായത്രേ.

 

വലിയ പുരുഷാരം തന്നെ ഉണ്ടായിരുന്നു അവളുടെ അന്ത്യ യാത്രക്ക് ...ശവമഞ്ചവും ചുമന്നു ആളുകൾ പള്ളിക്കാട്ടിലേക്ക് നടക്കുമ്പോൾ വഴിയരുകിൽ ഞാനുമുണ്ടായിരുന്നു. എനിക്കപ്പോൾ കരച്ചിൽ വന്നു. എന്റെ ഇടം കവിൾ  വല്ലാതെ വേദനിച്ചു.. മാല കോർത്തിരുന്നൊരു പുലർ കാലത്തു പൂക്കൾ പെറുക്കി നൽകിയതിന് അവളെനിക്കൊരു സമ്മാനം തന്നിരുന്നു... ചുണ്ടുകളിങ്ങനെ ചേർത്ത് വെച്ചൊരു പൊന്നുമ്മ.

 

English Summary: Chila Pennormakal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com