അന്ന് കൊച്ചു പീക്കിരി പെണ്ണെന്ന് പുച്ഛിച്ചു, ഇന്ന് എന്റെ കുഞ്ഞുങ്ങളുടെ അമ്മ

happy-couple
പ്രതീകാത്മക ചിത്രം. Photocredit : Antonio Guillem/ Shutterstock
SHARE

ഞാനും ഞാനുമെന്റാളും (കഥ)

ഭൂമിയുടെ അതിരിലേയ്ക്കെന്ന പോലെ നീണ്ടു പോകുന്ന വിശാലമായ ആറുവരി പാത.

പാതയുടെ ഇരുവശവും മനോഹരമായ പുൽത്തകിടിയിൽ ഇടയ്ക്കിടെ അധികം ഉയരമില്ലാത്ത വിവിധ വർണങ്ങളിലെ പൂക്കളുള്ള ചിട്ടയായി വളർത്തിയ ചെടികൾ. 

അതിനു പിന്നിൽ ചൈനീസ് പട്ടാളക്കാരെ പോലെ ഒരേ ഉയരത്തിലും വലിപ്പത്തിലും നിരയായി പൂത്തു നിൽക്കുന്ന വാക മരങ്ങൾ.

രാത്രിയിൽ പെയ്ത മഞ്ഞു കണങ്ങൾ പുൽത്തകിടിയിലും ചെടികളിലും തങ്ങിനിൽക്കുന്നു. ചെടിയിലെ ഇലകളിൽ നിന്ന് അടർന്നു വീഴാൻ തുടങ്ങുന്ന മഞ്ഞുതുള്ളിയിൽ തെളിഞ്ഞ നീലാകാശവും ഇളം സൂര്യ രശ്മികളും ചേർന്ന് വളരെ ആകർഷകമായ ഒരു ഇളം നീല നിറം പ്രസരിപ്പിക്കുന്നു. എല്ലാം കൂടി സ്വർഗീയമായ അന്തരീക്ഷം. ജയകൃഷ്ണൻ തന്റെ ഇളം നീല നിറമുള്ള ഹോണ്ട സി.ആർ.വി. കാറിനുള്ളിലെ മൃദുത്വമുള്ള സീറ്റിൽ ഒന്നിളകിയിരുന്നു.

സ്പീഡോമീറ്ററിലെ സൂചി 120 സാൽ എത്തി നിൽക്കുന്നു. അയാൾ സ്റ്റിയറിങ്ങ് വീലിൽ തന്നെയുള്ള ക്രൂയിസ് കണ്ട്രോൾ ബട്ടണിൽ വീരലമർത്തിയിട്ട് ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് കുറച്ചു കൂടി സുഖകരമായി ഇരുന്നു.

അയാളുടെ മനസ്സുപ്പോൾ പുറത്തെ അന്തരീക്ഷം പോലെ തന്നെ ശാന്തവും സുന്ദരവുമായിരുന്നു. അല്ലെങ്കിലും അയാളുടെ മനസ്സെന്നും അങ്ങനെ തന്നെയാണ്.

കാരണം അയാൾ പൊതുവെ  മാനസ്സികമായും ഭൗതികമായും നിലവിലുള്ള അവസ്ഥകളിൽ സംതൃപ്തനായിരുന്നു.

അയാൾ പതിയെ റേഡിയോയുടെ ബട്ടണിൽ വിരലമർത്തി. എഫ്.എമ്മിൽ നിന്നും  ആകർഷകവും ഉത്തേജകവുമായ വനിതാ ആർ.ജെയുടെ ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി.

ഇന്നത്തെ പ്രഭാത ചർച്ചാ വിഷയം ഓർമയിലെ പ്രണയങ്ങളെ കുറിച്ചാണ്. അത് കേട്ടപ്പോൾ ജയകൃഷ്ണന്റെ മനസ്സിൽ നിശ്ചലമായി കിടക്കുന്ന കുളത്തിലെ വെള്ളം ചെറിയ കാറ്റു വീശുമ്പോൾ ഇളകുന്നതു പോലെ സുഖകരമായ ഒരു ഓളമുണ്ടായി.

ചർച്ചയ്ക്കു  മുന്നോടിയായി പൂമരം എന്ന സിനിമയിലെ “ഞാനും ഞാനുമെന്റാളും’’ എന്ന ഗാനം കേൾപ്പിയ്ക്കാൻ ആരംഭിച്ചു.

ഗാനത്തിന്റെ ബീജിയത്തിനൊപ്പം ജയകൃഷ്ണന്റെ മനസ്സും സാവധാനം ഓർമ്മകളിലേയ്ക്ക് സഞ്ചരിയ്ക്കുവാൻ തുടങ്ങി...

അമ്മേ ജയകൃഷ്ണന് ഫസ്റ്റ് ക്ളാസ്സുണ്ട്, വീടിന്റെ പടികയറിക്കൊണ്ട് രാജലക്ഷ്മി വിളിച്ചു പറഞ്ഞു. അകത്തു നിന്നും മറുപടിയായി ഒരു മറു ചോദ്യമാണ് വന്നത്.

അത് നീയാണോ പറയേണ്ടത്, ആ ഊരു തെണ്ടിയെവിടാ?

വായനശാലയിലുണ്ട് അമ്മയോട് പറയാൻ പറഞ്ഞു, ഞാൻ വന്നു പറഞ്ഞു അത്രേയുളളൂ, ശ്ശെടാ ഇതെന്തൊരു പാടാന്ന് പറയണേ, നല്ല കാര്യം വന്നു പറഞ്ഞാലും ചാടിക്കടിയ്ക്കാൻ വരുന്നോ? രാജലക്ഷ്മിയ്ക്ക് ശുണ്ഠി വന്നു.

വീണ്ടും അകത്തു നിന്ന് മറുപടി, അതല്ലെടീ ഞാൻ പറഞ്ഞത്, അറിഞ്ഞാലൊടനെ അവനിങ്ങോട്ടു വന്നു പറഞ്ഞാലെന്താ?

ആ.. എനിയ്ക്കറിയാമ്മേല അവനോട് പോയി ചോദിയ്ക്ക്. 

രാജലക്ഷ്മി ജയകൃഷ്ണന്റെ അഞ്ച് വയസ്സിന് മൂത്ത സഹോദരിയാണ്. ആള് ജയകൃഷ്ണൻ പ്രീ ഡിഗ്രി  പഠിയ്ക്കുന്ന അതേ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിയ്ക്കുന്നു. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞുള്ള വരവാണ്.

എടീ രാധാമണീ നീയൊന്ന് മിണ്ടാതിരുന്നേ, മക്കളു വാ അമ്മൂമ്മയോട് പറ, അവക്ക് കേക്കണ്ടിൽ വേണ്ട. ജയകൃഷ്ണന്റെ അമ്മയുടെ അമ്മയാണ്. മദർ തെരേസയെ പോലെ എല്ലാവരോടും സ്നേഹം മാത്രമുള്ള  ഐശ്വര്യത്തിന്റെ മൂർത്തീമത് ഭാവമായിട്ടുള്ള ഒരമ്മൂമ്മ.

രാജലക്ഷ്മി വീട്ടിലേയ്ക്ക് കയറിയതിന് പിന്നാലെ ഒരാൾ ഓടിക്കിതച്ചെത്തി. വാതിൽക്കൽ കാൽപെരുമാറ്റം കേട്ട് രാധാമണി ചോദിച്ചു, ആരാടീ അവിടെ, വാതിൽക്കൽ നിന്ന് വളരെ ഇമ്പമാർന്ന ശബ്ദത്തിൽ മറുപടി വന്നു, ഞാനാ അപ്പച്ചീ ശാലിനി....

സ്നേഹവും വാത്സല്യവും സ്ഫുരിയ്ക്കുന്ന ശബ്ദത്തിൽ, ആഹാ.. മോളാണോ എന്നു ചോദിച്ചു കൊണ്ട് രാധാമണി പുറത്തേയ്ക്കു വന്ന് അതിഥിയെ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു, എന്തു പറ്റി മോളേ വല്ലാതെ അണയ്ക്കുന്നല്ലോ, എന്തിനാ ഓടിയത്. ഇടയ്ക്കിടയ്ക്ക് ശ്വാസം വലിച്ചു കൊണ്ട് വന്നയാൾ പറഞ്ഞു ഞാൻ രാജി ചേച്ചീടെ കൂടെത്താനായിട്ട് ഓടിയതാ....

എന്നിട്ടവള് മോളെ കണ്ടില്ലേ? രാധാമണി വീണ്ടും ചോദിച്ചു.

ചേച്ചിയ്ക്കെന്തൊരു സ്പീഡാ...അതു കൊണ്ടാ ഞാനോടിയത്. 

അല്ലേലും അവക്ക് കൊറച്ച് സ്പീഡ് കൂടുതലാ, വെളിയിലിറങ്ങിയാൽ എക്സ്പ്രസ് പോലാ.. ഞാനും അവൾടെ കൂടെ പോയാൽ കൊഴഞ്ഞു പോകും ഇച്ചിരി സ്പീഡ് കുറയ്ക്കാൻ പറഞ്ഞാൻ അതും കേക്കത്തില്ല. ആ... ഏതായാലും മോളു വാ എന്നു പറഞ്ഞ് രാധാമണി ശാലിനിയേയും കൂട്ടി അകത്തേക്ക് പോയി.

ശാലിനി രാധാമണിയുടെ ഒരു അകന്ന ബന്ധുവിന്റെ മകളാണ്. എന്നാൽ സഹകരണം കൊണ്ടും സ്നേഹം കൊണ്ടും അടുത്ത ബന്ധുക്കളെക്കാൾ അന്യോന്യം പ്രാധാന്യം കല്പിക്കുന്നവരാണ്.

വീട്ടുകാർ തമ്മിൽ പ്രത്യേകമായി എന്തെങ്കിലും പാകം ചെയ്താൽ അന്യോന്യം കൊടുക്കാറുണ്ട്. വീടുകൾ അടുത്തായതു കൊണ്ട് അമ്മമാർ തന്നെ കൊണ്ടു പോയി കൊടുക്കുകയാണ് പതിവ്.

അവരെ സംബന്ധിച്ച് രണ്ടാണ് ഗുണം ഭക്ഷണം കൊടുക്കുകയും ചെയ്യാം സ്വസ്ഥമായിട്ടിരുന്ന് കുറച്ചു നേരം വർത്തമാനം പറയുകയും ചെയ്യാം.

ഇതറിയാവുന്ന ജയകൃഷ്ണന്റെ അച്ഛൻ അമ്മയോട് കളിയായി ചോദിയ്ക്കാറുണ്ട്, എടോ താനിന്ന് സ്പെഷ്യൽ ഒന്നും ഉണ്ടാക്കിയില്ലേ എന്ന്.

അതു കേട്ട് ശുണഠി പിടിച്ച് രാധാമണി പറയും, എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ അങ്ങോട്ട് തരത്തില്ലിയോ? പിന്നെന്തോന്നാ ഇത്ര ചോദിയ്ക്കാൻ. അതു കേൾക്കുമ്പോൾ അമ്മൂമ്മയുൾപ്പെടെ ഞങ്ങളെല്ലാവരും ആർത്തു ചിരിയ്ക്കും

അതു കാണുമ്പോൾ രാധാമണിയ്ക്ക് ശുണ്ഠി കൂടിയിട്ട് പറയും, എന്നെ കളിയാക്കുമ്പം എല്ലാർക്കും എന്തൊരു രസം, ഞാൻ മണ്ടിയാണെന്നൊന്നും വിചിരിയ്ക്കരുത്  എനിയ്ക്കെല്ലാം മനസ്സിലാകുന്നൊണ്ട്. പിന്നെ പതിവ് പതം പറച്ചിൽ ആരംഭിക്കും. എനിക്കും ആവശ്യത്തിന് വിദ്യാഭ്യാസമുള്ളവളാണ്. കിട്ടിയ ജോലി നിങ്ങളുടെ മക്കളെ നോക്കാനായിട്ട് വേണ്ടാന്നു വപ്പിച്ചതല്ലേ, അങ്ങനെ. 

അപ്പോൾ പിന്നെ ജയകൃഷ്ണന്റെ അച്ഛൻ സ്ഥിരം അടവെടുക്കും, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ താനങ്ങ് ക്ഷമിയ്ക്ക് എന്ന് പറയും. അതോടെ രാധിമണിയുടെ സങ്കടം തീരും. പിന്നെ ഉപദേശമായി, നിങ്ങളെക്കൊണ്ട് ക്ഷമ പറയിക്കാനൊന്നുമല്ല ഞാനങ്ങനെ പറഞ്ഞത്. അല്ലെങ്കിൽ തന്നെ നാട്ടുകാരു ബഹുമാനിയ്ക്കുന്ന ഹൈസ്കൂൾ ഹെഡ്മാസ്റ്ററ് ഭാര്യയോട് ക്ഷമ ചോദിയ്ക്കുന്നത് ആരെങ്കിലും കേട്ടാൽ എന്തോ പറയും.

അപ്പോഴാണ് അച്ഛന്റെ മാസ്സ് ഡയലോഗ്, എന്റെ ഭാര്യയോട് അതിലുപരി എന്റെ മക്കളുടെ അമ്മയോട് ക്ഷമ ചോദിയ്ക്കുന്നത് ആരു കേട്ടാലും എനിയ്ക്കൊരു കുറച്ചിലുമില്ല. അപ്പോൾ രാധാമണിയുടെ മുഖത്ത് ഭർത്താവിനോടുള്ള സ്നേഹവും തന്റെ സ്ഥാനം അംഗീകരിച്ച് കിട്ടുന്നതിലുള്ള അഭിമാനവും കൂടിക്കലർന്ന ഒരു ഭാവം ഉണ്ടാകും. അതു കാണുമ്പോൾ ബാക്കിയെല്ലാവരും സ്ഥലം വിടും. അന്ന് പിന്നെ രാധാമണിയ്ക്ക് ഭർത്താവിന് വേണ്ടി എന്തൊക്കെ ചെയ്തു കൊടുത്താലും മതിയാകില്ല.

രാധാമണിയുടെ വീട്ടിൽ നിന്ന് ഒരു അഞ്ഞൂറു വാര മാറി വഴിയരികിൽ തന്നെയാണ് ശാലിനിയുടെ വീട്. അത് കൊണ്ട് വഴിയിലൂടെ പോകുന്നവരെ വീടിനുള്ളിൽ ഇരുന്ന് തന്നെ കാണാൻ കഴിയുമായിരുന്നു.

ശാലിനി കിലുക്കാം പെട്ടി പോലെയുള്ള വളരെ ഊർജസ്വലതയുള്ള ഒരു കുട്ടിയാണ്. ആ ഗ്രാമത്തിൽ അവളോടു കുശലം പറയാത്ത മനുഷ്യരോ പക്ഷി മൃഗാദികളോ ഇല്ലെന്ന് വേണം പറയാൻ. അത്ര മാത്രം സജീവമാണ് അവളുടെ ബാല്യകാല ജീവിതം. 

പതിനാല് വയസ്സാണവളുടെ പ്രായം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രായം. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും, മാടത്തയുടെ കൗതുകവും ചടുലതയും ഒത്തു ചേർന്നാലെങ്ങനെയാണോ അതാണ് ഒരു പതിനാലുകാരിയുടെ മനസ്സ്. ശാരീരികമായും അതേ അവസ്ഥ തന്നെയായിരിക്കും. 

കാലം അതിന്റെ കടുത്ത ചായക്കൂട്ടുകളാൽ ചിത്രപ്പണികൾ ആരംഭിച്ചെങ്കിലും നിർമ്മലമായ ശൈശവത്തിന്റെ  ശേഷിപ്പുകൾ തെളിഞ്ഞു തന്നെ കാണാം. 

മഞ്ഞണിഞ്ഞ മകരമാസത്തിലെ പ്രഭാതത്തിൽ വിരിയാൻ തുടങ്ങുന്ന പനീർ പുഷ്പം  പോലെ മനോഹരവും നിർമ്മലവുമാണ് ഒരു പതിനാലുകാരിയുടെ മനസ്സും ശരീരവും. 

ജയകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ക്ലാസ് കിട്ടുക എന്നത് ഒരു  അസാധാരണ സംഭവമല്ല. മാർക്ക് എത്ര ഉണ്ടാകുമെന്ന് മാത്രമേ നോക്കേണ്ടതായുള്ളൂ. എല്ലായ്പ്പോഴും ആദ്യത്തെ അഞ്ചു പേരിൽ ഒരാളായിരിയ്ക്കും. തുടക്കത്തിൽ പറഞ്ഞതു പോലെ ജയകൃഷ്ണൻ എന്തിലും പൊതുവെ സംതൃപ്തനായതിനാൽ ഒരു കാര്യവും അയാളിൽ അമിതമായ സന്തോഷമോ വിഷമമോ ഉണ്ടാക്കാറില്ലായിരുന്നു.

അതു കൊണ്ട് തന്നെയാണ് ഫസ്റ്റ് ക്ളാസുണ്ടെന്നറിഞ്ഞിട്ടും അയാൾ തുള്ളിച്ചാടി വീട്ടിലേക്ക് ഓടാതിരുന്നത്.

പക്ഷേ അമ്മമാര് അങ്ങനെയല്ലല്ലോ. അവർക്ക് മക്കൾ ഓരോരുത്തരും അവരവരുടെ കാര്യം പ്രാധാന്യത്തോടെ നേരിട്ട് വന്നു പറയുമ്പോഴാണ് സന്തോഷമുണ്ടാവുക. അതാണ് അമ്മ മനസ്സ്. അത് കൊണ്ട് രാജലക്ഷ്മിയോട് അങ്ങനെ പറഞ്ഞത് സ്വാഭാവികം.

അതു പോലെ ജയകൃഷ്ണൻ എല്ലാവരോടും ഒരു പോലെ ഇട പഴകുന്ന ആളാണ്, ആൺകുട്ടികളോടായാലും പെൺകുട്ടികളോടായാലും. ആർക്കും പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ല. അത് കൊണ്ട് തന്നെ ആരെങ്കിലും അയാളോട് പ്രത്യേക മമത കാട്ടിയാലും അതിന് അമിത പ്രാധാന്യം കൊടുക്കാറുമില്ല. 

അയാളുടെ ഈ രീതികൾ പെൺകുട്ടികളുടെ ഇടയിൽ ഒരു അരസികൻ പ്രതിച്ഛായ അയാളറിയാതെ ഉണ്ടാകാൻ കാരണമായിരുന്നു. അഥവാ അറിഞ്ഞാൽ തന്നെ അതും വളരെ ലാഘവത്തോടെ മാത്രമേ അയാൾ കണ്ടിരുന്നുള്ളൂ.

അമിതാഭ് ബച്ചനെ പോലെ മെലിഞ്ഞ ശരീരവും, നീണ്ട മുഖവും, ഇരു നിറവുമുള്ള ജയകൃഷ്ണന് അയാളുടെ സമപ്രായക്കാരേക്കാൾ ഉയരവും, പൊടി മീശയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട്  കൂട്ടത്തിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു പതിനേഴു വയസ്സുകാരൻ ആഗ്രഹിക്കുന്ന രൂപ ഭാവങ്ങളെല്ലാം അയാൾക്ക് ഉണ്ടായിരുന്നു. സാധാരണ ആൺകുട്ടികളെ പോല ഈ സവിശേഷ ഗുണങ്ങളൊന്നും അയാൾ ബോധപൂർവം ഉപയോഗപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. അതായത് പെൺകുട്ടികളെ ആകർഷിക്കുവാനായി അയാൾ പ്രത്യേകിച്ചൊരു ശ്രമവും നടത്തിയിരുന്നില്ല.

അയാളൊരു സൽസ്വഭാവി ആയതു കൊണ്ടൊന്നും അല്ല മറിച്ച് ഒന്നിനും വലിയ പ്രാധാന്യം കൊടുക്കാത്ത അയാളുടെ പ്രകൃതം മൂലമായിരുന്നു. ഒരു പതിനേഴുകാരൻ ചെയ്യുന്ന എല്ലാ കുസൃതിത്തരങ്ങളും അയാളും ചെയ്യാറുണ്ടായിരുന്നെങ്കിലും അതിനും വലിയ പ്രാധാന്യമൊന്നും അയാൾ കല്പിച്ചിരുന്നില്ല.

കോളേജിലെ സമ പ്രായക്കാരും ജൂനിയേഴ്സുമായിട്ടുള്ള പല പെൺകുട്ടികൾക്കും അയാളോട് സൗഹൃദത്തിൽ കവിഞ്ഞ ഇഷ്ടമുള്ളവരായി ഉണ്ടായിരുന്നു.അയാൾക്കും കുറേയൊക്കെ അത് അറിയാമായിരുന്നെങ്കിലും ഒന്നിലും കാര്യമില്ലെന്നുള്ള പ്രകൃതം അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് എപ്പോഴും വിഘാതമായിരുന്നു.

വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും എന്തു പറഞ്ഞാലും, അതിലൊന്നും വലിയ കാര്യമില്ലെന്നായിരിയ്ക്കും അയാളുടെ സ്ഥിരം മറുപടി. നിനക്കു പിന്നെ എന്താണ് പ്രാധാന്യം എന്ന് അവർ മൂവരും ഒരു പോലെ ചോദിയ്ക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരാളോട് മാത്രം അയാൾ ഒന്നും പറയില്ല, അമ്മൂമ്മയോട്.

അമ്മൂമ്മയോടാണ് ജയകൃഷ്ണന് ലോകത്തീലേറ്റവും കൂടുതൽ സ്നേഹം. എന്നു കരുതി മറ്റുള്ളവരോട് സ്നേഹക്കുറവാണ് എന്നതിനർത്ഥമില്ല, എന്നാലും ഒരു പടി കൂടുതൽ അമ്മൂമ്മ യോടാണ്.അമ്മൂമ്മയ്ക്കു തിരിച്ചും അങ്ങനെതന്നെ.എല്ലാവരോടും സ്നേഹമാണെങ്കിലും ജയകൃഷ്ണനോടുള്ളത് ഒരു പണത്തൂക്കം കൂടുതലാണ്. അമ്മൂമ്മയുടെയും കൊച്ചു മകന്റെയും ഈ സ്നേഹം കണ്ട് സഹിയ്ക്കാഞ്ഞിട്ട് അമ്മയാണോ ഞാനാണോ അവനെ പ്രസവിച്ചത് എന്ന് രാധാമണി ചോദിയ്ക്കാറുണ്ട്. അമ്മൂമ്മയുടെ മറുപടി ഇങ്ങനെയാണ്, ഞാനല്ലേ ആദ്യം നിന്നെ പ്രസവിച്ചത് അത് കൊണ്ടല്ലേ നീ അവനെ പ്രസവിച്ചത്, അത് കൊണ്ട് എനിയ്ക്കു തന്നാണ് അവകാശം കൂടുതൽ എന്നു പറഞ്ഞ് അയാളെ കുറച്ചു കൂടി ചേർത്തു പിടിയ്ക്കും. ഇതു കണ്ട് ശുണ്ഠി മൂത്ത്, കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി വച്ചിരിയ്ക്കുവാ.. എന്ന് പിറുപിറുത്തോണ്ട് രാധാമണി ചാടിത്തുള്ളി അകത്തേയ്ക്ക് പോകും. അതേടീ ഞാൻ ചാകുന്ന വരെ എന്റെ കുഞ്ഞിനെ  കൊഞ്ചിക്കുമെടീ, എന്ന് അമ്മൂമ്മ വീണ്ടും പറയുമെങ്കിലും രാധാമണിയിൽ നിന്ന് പിന്നീട് പ്രതികരണമുണ്ടാകാറില്ല.

ഇങ്ങനെയൊക്കെ പറയുമെങ്കിലും അവരുടെ അന്യോന്യം ഉള്ള സ്നേഹം കാണുമ്പോൾ രാധാമണിയ്ക്ക് ഉള്ളിൽ സന്തോഷത്തിന്റെ തിരതള്ളലുണ്ടാകാറുണ്ട്.

സമയം വൈകുന്നേരം ഏഴുമണിയായി, പതിയെ ഇരുട്ട് വീണു തുടങ്ങി, വായന ശാലയിൽ അന്നത്തെ പഞ്ചായത്ത് കഴിഞ്ഞ് ഓരോരുത്തരായി പിരിയാൻ. തുടങ്ങി. അവസാനം ഇറങ്ങുന്നത് ജയകൃഷ്ണനും, രാജഷുമാണ്.

അവർ ഒരേ ക്ളാസ്സിൽ പഠിയ്ക്കുന്നവരും അയൽവാസികളുമാണ്.

രാജേഷും ജയിച്ചു പക്ഷേ സെക്കന്റ് ക്ലാസ്സേ ഉള്ളൂ. അയാളും ജയകൃഷ്ണന്റെ ഏകദേശം അതേ സ്വഭാവക്കാരനായത് കൊണ്ട് കിട്ടിയതിൽ തൃപ്തനാണ്. 

അവർ ദീർഘകാലം  പിരിയാത്ത സുഹൃത്തുക്കളായിരിയ്ക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. മല്ലനും മാതേവനുമെന്നാണ് കൂട്ടുകാർ അവരെ കളിയാക്കി വിളിയ്ക്കുന്നത്. അതു കേട്ട് ചില നാട്ടുകാരും വിളിയ്ക്കാറുണ്ട്. അതിൽ രണ്ടു പേർക്കും പരാതിയൊന്നും ഇല്ല. അല്ലെങ്കിൽ ഏതു കാര്യത്തിലാണ് അവർക്ക് പരാതി.അതു കൊണ്ട് നാട്ടുകാർക്കെല്ലാം അവരോട് ഒരു പ്രത്യേക മമതയുണ്ട്.

പ്രധാന പാതയിൽ നിന്നും ഒരു കിലോമീറ്ററോളം കിഴക്ക് മാറി പുഴയോടടുത്താണ് ഇരുവരുടെയും വീട്.പുഴയ്ക്ക് അക്കരെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുഞ്ചപ്പാടമാണ്. 

പാടത്തിന് നടുക്ക് പലയിടങ്ങളിലായി ഏറുമാടങ്ങളുണ്ട്. കൃഷി നോക്കുന്ന കാവൽക്കാർക്ക് താമസിയ്ക്കാനുള്ളതാണ്. കൃഷിക്കാലത്ത് രാത്രി കാലങ്ങളിൽ കനത്ത ഇരുട്ടിൽ വിശാലമായ പുഞ്ചപ്പാടവും അവിടവിടെയായുള്ള ഏറുമാടങ്ങളിൽ മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കുകളും കാണുമ്പോൾ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്റെ പ്രതിബിംബമായി തോന്നും.

കൃഷിയില്ലാത്ത സമയങ്ങളിൽ ഏറുമാടങ്ങൾ  ഒഴിഞ്ഞ് കിടക്കും.

ജയകൃഷ്ണന്റെ വീട്ടുകാർക്കും അവിടെ പുഞ്ചയും അതിൽ ഏറുമാടങ്ങളുമുണ്ട്. 

ജയകൃഷ്ണനും കൂട്ടുകാരും എപ്പോഴും കമ്പയിൻ സ്റ്റഡി നടത്തുന്നത് ആ ഏറുമാടത്തിലിരുന്നാണ്. ഈ കമ്പയിൻ സ്റ്റഡി എന്ന് പറയുമ്പോഴെ ജയകൃഷ്ണന്റെ പ്രായക്കാരുടെ അച്ചന്മാർക്കും ചേട്ടന്മാരുണ്ടെങ്കിൽ അവർക്കും സംഗതി പിടി കിട്ടും. പക്ഷെ അന്നത്തെ അമ്മമാർ വിശ്വസിച്ചിരുന്നത് മക്കൾ പഠിയ്ക്കുകയാണെന്ന് തന്നെയാണ്.

അതു കൊണ്ട് പഠിച്ചു ക്ഷീണിയ്ക്കുമ്പോൾ കഴിയ്ക്കാനായി എന്തെങ്കിലും ഉണ്ടാക്കി കൊടുത്തയ്ക്കും. അതു കൊണ്ട് അക്കാലത്തെ കമ്പയിൻ സ്റ്റഡിക്കാർക്ക് ഒരിയ്ക്കലും  ടച്ചിംഗ്സിനും ഭക്ഷണത്തിനും കാശും മുടക്കേണ്ടി വന്നിട്ടില്ല. 

അവരുടെ അമ്മമാർ തമ്മിൽ കാണുമ്പോൾ പറയുന്നത്, ഇവന്മാർക്കെല്ലാം രാത്രി ഒരുമിച്ചിരുന്ന് പഠിയ്ക്കുമ്പോൾ തിന്നാൻ ഓംലറ്റും അച്ചാറും മതി. എന്തോന്നാടാ ഇതെന്ന് ചോദിച്ചാ പറയും പുതിയ കോമ്പിനേഷനാണെന്ന്. ഓരോരോ പുതിയ രീതികള് അല്ലാതെന്തോന്നു പറയാനാ, നമ്മളിങ്ങനെ വല്ലോം കഴിച്ചിട്ടൊണ്ടോ?

ജയകൃഷ്ണനും രാജേഷും വായനശാലയിൽ നിന്നിറങ്ങി സൈക്കിൾ ഉരുട്ടി സംസാരിച്ചു കൊണ്ട് പതിയെ നടക്കുകയാണ്. നടപ്പിന്റെ രീതി കാണുന്നവർക്ക്  തോന്നും ഇതിലും ഭേദം ഇവർക്ക് വായനശാലയിൽ തന്നെ ഇരിയ്ക്കാമായിരുന്നില്ലേ എന്ന്. അത് പലരും പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. അതിനു മറുപടിയായി രണ്ടാളും മുഖമുയർത്തി ഒന്ന് ചിരിച്ചിട്ട് വീണ്ടും സംസാരം തുടരും. ചോദിച്ചയാളും അവരിൽ നിന്ന് അത്രയുമേ പ്രതീക്ഷിയ്ക്കുന്നുള്ളൂ . നടപ്പിനേക്കാൾ സംസാരത്തിലാണ് ശ്രദ്ധ. വിഷയത്തിന്റെ ഹരം കയറുമ്പോൾ കുറച്ചു നേരം നിന്ന് സംസാരിച്ച ശേഷം വീണ്ടും നടക്കും അങ്ങനെ. വഴിയിൽ നല്ല ഇരുട്ടുണ്ട് . ഉള്ളിലേയ്ക്കുള്ള ഗ്രാമ പാത ആയതിനാൽ ഇടയ്ക്കെങ്ങാനും ഒരു വൈദ്യുത വിളക്കുണ്ടെങ്കിലായി. ഇരു വശത്തുമുള്ള വീടുകളിൽ നിന്നുള്ള വെളിച്ചം ഉള്ളതിനാൽ അത്യാവശ്യം വഴി കാണാം അത്രമാത്രം. 

ജയകൃഷ്ണന്റെ അമ്മാവന്റെ വീടിന് മുന്നിലെത്തിയപ്പോൾ പെട്ടെന്ന് വീടിന്റെ വരാന്തയിൽ നിന്ന് അവരെ കാത്തു നിന്നതു പോലെ ഒരാൾ വർദ്ധിച്ച ആവേശത്തോടെ ഓടിയിറങ്ങി വരുന്നുണ്ടായിരുന്നു. അന്തരീക്ഷം നിശ്ശബ്ദമായിരുന്നതിനാൽ പാദസരത്തിന്റയും കുപ്പി വളകളുടെയും കിലുക്കം വളരെ ഉയർന്ന് കേൾക്കാമായിരുന്നു. പെട്ടെന്ന് ജയകൃഷ്ണനും രാജേഷും സംസാരം നിർത്തി ആ ഭാഗത്തേയ്ക്ക് നോക്കി. ഇതു വരെയില്ലാത്തൊരു കാര്യമായതു കൊണ്ട് ആരാണ് ഓടി വരുന്നതെന്ന് അറിയാനായി രണ്ടു പേരും ഒരു നിമിഷം നിന്നു. 

അടുത്തു വന്നപ്പോഴാണ് മനസ്സിലായത് അത് ശാലിനി ആയിരുന്നു. 

ജയകൃഷ്ണന് പെട്ടെന്ന് തോന്നിയത്, ഇവക്കെന്താ വട്ടൊണ്ടോ ഈ ഇരുട്ടത്ത് കിടന്നോടാൻ എന്നാണ്.

എങ്കിലും ഒന്നും പറഞ്ഞില്ല. അയാളെ സംബന്ധിച്ചിടത്തോളം ശാലിനി വളരെ

ചെറിയ കുട്ടിയാണ്. യഥാർത്ഥത്തിൽ അവർ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമേയുള്ളൂ എങ്കിലും അയാൾക്ക് അവൾ എപ്പോഴും ചെറിയ കുട്ടിയായിരുന്നു. ഒരു പക്ഷേ അവൾ ജനിച്ചപ്പോൾ മുതൽ വളരെ അടുത്തു നിന്ന് കാണുന്നതു  കൊണ്ടാകാം.

അതല്ലെങ്കിൽ സ്വതവേയുള്ള അയാളിലെ നിസംഗത കൊണ്ട് അവളിലുണ്ടാകുന്ന മാറ്റങ്ങൾ കാണുവാൻ കഴിയാതിരുന്നതാകാം. അതങ്ങനെയാണ് നമ്മൾ എന്നും കാണുന്ന ഒരാളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് അനുഭവവേദ്യമാകില്ല. ഉദാഹരണത്തിന് നമ്മുടെ മക്കൾ. ഒരു പ്രായം വരെ അവരുടെ വളർച്ച കാഴ്ചയിൽ നമ്മൾ അറിയില്ല. പിന്നീടെപ്പോഴെങ്കിലും അവർ കുറച്ചു നാൾ നമ്മളിൽ നിന്നും അകന്നു നിന്നിട്ട് വീണ്ടും കാണുമ്പോഴാണ് അവരിലുണ്ടായ മാറ്റം ശരിയായിട്ട് മനസ്സിലാകുന്നത്.

ഓടി വന്ന ശിലിനി ഗേറ്റിലെത്തി പെട്ടെന്ന് നിന്നു. അവളുടെ മുഖവും കണ്ണുകളും ദീർഘ നാളായി ആഗ്രഹിച്ചിരുന്നതെന്തോ കിട്ടിയ കുട്ടിയെപ്പോലെ വിടർന്നു വികസിച്ചിരുന്നു. ആ മുഖത്തെ തിളക്കം ഇരുട്ടിലും ശരിയായി വീക്ഷിക്കുന്നവർക്ക് കാണാൻ കഴിയുമായിരുന്നു. ആവേശത്തോടെയും അതിലുപരി ആരാധനയും സ്ഫുരിയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു , ചേട്ടന് ഫസ്റ്റ് ക്ലാസ് ഉണ്ടല്ലേ?

അപ്പോഴും അയാൾക്ക് പഴയ ചോദ്യമാണ് മനസ്സിലുയർന്നത്, എനിയ്ക്ക് പത്താം ക്ലാസ്സിലും ഫസ്റ്റ് ക്ലാസ് കിട്ടിയിട്ടുണ്ടല്ലോ, അന്നില്ലാത്ത കാര്യമെന്താണ് ഇപ്പോഴുള്ളത്. അല്ലെങ്കിൽ തന്നെ ഈ കൊച്ചു പെണ്ണിന് ഇതു വല്ലതും അറിയാമോ?

എങ്കിലും അതൊന്നും പുറത്തു കാണിയ്ക്കാതെ പറഞ്ഞു, ആ... ഒണ്ട് എന്താ? ആ മറുപടിയിൽ താനറിയാതെ ഉള്ളിലെ നീരസ്സം വെളിവാക്കപ്പെട്ടോ എന്നയാൾക്ക് തോന്നി. ആ തോന്നൽ ശരിയായിരുന്നു. വിടർന്നു വികസിച്ചിരുന്ന ശാലിനിയുടെ മുഖം, കുസൃതികളായ കുട്ടികൾ കാലു കൊണ്ട് തൊടുമ്പോൾ കൂമ്പിപ്പോകുന്ന തൊട്ടാവാടിയെ പോലെ ഒരു നിമിഷത്തേക്ക് വാടിപ്പോയി. പെട്ടെന്ന് അതിൽ നിന്ന് മോചിതയായിട്ട് കൈയിലിരുന്ന പൊതി അവൾ അയാൾക്കു നേരേ നീട്ടി. 

എന്തവാ ഇത്? അയാൾ ചോദിച്ചു.

തൊറന്ന് നോക്ക്, അയാൾ ഇതു വരെ അവളിൽ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടാത്ത ഒരു പ്രത്യേക മുഖഭാവത്തോടെ അവൾ മറുപടി പറഞ്ഞു. അതിൽ സ്നേഹമാണോ , ഇഷ്ടമാണോ, ആരാധനയാണോ മുന്നിട്ടു നിൽക്കുന്നത് എന്ന് വേർ തിരിച്ചറിയാൻ കഴിയില്ലായിരുന്നു. വീട്ടിലേയ്ക്ക് ഉള്ളതാണോ? അയാൾക്ക് സംശയം തീർന്നില്ല. അയാളുടെ സംശയങ്ങൾ ന്യായമാണ്. കാരണം ഇതു വരെ ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. 

ജയകൃഷ്ണന്റെ ചോദ്യം കേട്ടപ്പോൾ ശാലിനിയും ഒന്ന് പരുങ്ങി, ശരിയാണല്ലോ ഇതു വരെ ഇങ്ങനെയൊന്നും കൊടുത്തിട്ടില്ല അപ്പോൾ പിന്നെ എന്തു പറയും.

അങ്ങനെ ആലോചിച്ചെങ്കിലും അവൾ മറുപടി പറഞ്ഞു, അല്ല ചേട്ടനുള്ളതാണ്.

വീണ്ടും മറു ചോദ്യം, എന്തിന് ‌? അതു കേട്ടപ്പോൾ നേരത്തേ ജയകൃഷ്ണന് തോന്നിയത് ഇപ്പോൾ ശാലിനിയ്ക്കാണ് തോന്നിയത്. 

ഇയാൾക്കിത് എന്തിന്റെ സൂക്കേടാണ്, ഫസ്റ്റ് ക്ലാസ് ഉണ്ടോയെന്ന് ചോദിച്ചട്ടല്ലേ പൊതി കൊടുത്തത്. എന്നിട്ടും ഒന്നും മനസിലായില്ലെങ്കിൽ ഇയാളെന്തു ഫസ്റ്റ് ക്ലാസ് കാരനാണ്. ഒരു വല്ല്യ ഫസ്റ്റ് ക്ലാസുകാരൻ വന്നിരിയ്ക്കുന്നു. ആ ചിന്തയിലും അവൾക്ക് അവനോടുള്ള സവിശേഷമായ മാനസ്സികാവസസ്ഥയ്ക്ക് മാറ്റമൊന്നും ഇല്ലായിരുന്നു. സ്നേഹത്തോടെയുള്ള പരിഭവം അത്രമാത്രം.

ഇങ്ങനെ ചിന്തിച്ചു കൊണ്ട് അവൾ പറഞ്ഞു, ഫസ്റ്റ് ക്ലാസ് കിട്ടിയതിന്. 

പിന്നീടയാൾ കൂടുതലൊന്നും ചോദിയ്ക്കാതെ പറഞ്ഞു, ശരി ഞങ്ങൾ പോകുന്ന വഴിയ്ക്ക് നോക്കിക്കോളാം, നീ പൊക്കോ എന്നും പറഞ്ഞ് സൈക്കിളുരുട്ടി മുമ്പോട്ടു നടന്നു കൊണ്ട് രാജേഷിനോട് നേരത്തേ അവർ സംസാരിച്ചു കൊണ്ട് വന്ന ക്രിക്കറ്റ് കളിയുടെ ബാക്കി പറയാൻ തുടങ്ങി. പക്ഷേ രാജേഷ് അതു ശ്രദ്ധിയ്ക്കാതെ ഇങ്ങനെ പറഞ്ഞു, എന്നാലും നിനക്ക് അവളോട് ഒരു താങ്ക്സ് എങ്കിലും പറയാമായിരുന്നു.

അതു കേട്ട് പൊട്ടി ചിരിച്ചിട്ട് ജയകൃഷ്ണൻ പറഞ്ഞു, പിന്നേ...

കൊച്ചു പീക്കിരി പിള്ളാരോട് താങ്ക്സ് പറയുന്നു, അവക്ക് തലയ്ക്ക് വട്ടാ....

അന്തരീക്ഷം നിശ്ശബ്ദമായിരുന്നതു കൊണ്ട് ജയകൃഷ്ണന്റെ പുച്ഛത്തോടെയുള്ള പൊട്ടിച്ചിരിയും പറഞ്ഞ വാക്കുകളും വളരെ ഉച്ചത്തിൽ പ്രതിധ്വനിച്ചു. രാജേഷ് പിന്നീട് ഒന്നും പറഞ്ഞില്ല. അവർ രണ്ടു പേരും വീണ്ടും പഴയ വിഷയം തുടർന്നു കൊണ്ട് നടന്ന് അകന്നു പോയി.

ജയകൃഷ്ണന്റെ പുച്ഛത്തോടെയുള്ള പെരുമാറ്റം കണ്ട് സ്തബ്ധയായി നിന്ന വിടരാൻ വെമ്പി നിൽക്കുന്ന ആ “പനീർ പുഷ്പത്തിന്റെ” കാതുകളിലേയക്ക് ആ പൊട്ടിച്ചിരിയും വാക്കുകളും കൂരമ്പുകൾ പോലെ വന്നു തറച്ചു. കേവലം പതിനാല് വയസ്സുള്ള ആ മാടത്തയുടെ നിർമ്മലമായ ഹൃദയത്തിന് താങ്ങാവുന്നതിനും എത്രയോ അപ്പുറമായിരുന്നു അതുണ്ടാക്കിയ ആഘാതം.

വിടരും മുമ്പേ ഏതോ വികൃതിക്കുട്ടി കളിയായി പറിച്ചെറിഞ്ഞ പനീർ മൊട്ടു പോലെ ആ മൃദുലമേനി മോഹാലസ്യപ്പെട്ടു താഴേയ്ക്ക് പതിച്ചു.....

മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ജയകൃഷ്ണൻ ഓർമ്മകളിൽ നിന്നുണർന്നു. അയാൾ ഒന്ന് നിവർന്നിരുന്നിട്ട്, ടച്ച് സ്ക്രീനിൽ ബ്ളൂ ടൂത്ത് കണക്ഷൻ ആക്ടിവേറ്റ് ചെയ്തു.

സെക്കന്റുകൾക്കുള്ളിൽ വിളിയ്ക്കുന്നയാളുടെ പേര് സ്ക്രീനിൽ തെളിഞ്ഞു വന്നു...

“ശാലിനി  മൈ കിഡ്സ് മോം” (ശാലിനി എന്റെ കുഞ്ഞുങ്ങളുടെ അമ്മ)...

രാവിലെ കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ചതിനു ശേഷമുള്ള വിളിയാണ്. ജയകൃഷ്ണൻ ഓഫീസിൽ എത്തുന്നതു വരെ ഇനി ആ സല്ലാപം തുടരും.

അപ്പോഴും അയാളുടെ വിശ്വസ്ഥമായ ഹോണ്ടാ സി.ർ.വി ഒരേ ട്രാക്കിൽ 120km  വേഗതയിൽ അതിന്റെ സ്നേഹധനനായ യജമാനനേയും കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടേയിരുന്നു.

English Summary: Njanum Njanumentalum, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;