ADVERTISEMENT

മത്തങ്ങയുടെ അവകാശികൾ (കഥ)

 

ആദ്യമേ പറയട്ടെ, ഇതൊരു സംഭവകഥയാണ്. ഒരു ചരിത്രകഥ, എന്റെ,  മത്തങ്ങയുടെ ചരിത്ര കഥ. (എന്റേത്, എന്ന്പറയാൻ പറ്റുമോ എന്നറിയില്ല, എങ്കിലും). ചരിത്രമെന്നു പറയുമ്പോൾ ഒന്നാം പാനിപ്പറ്റ് യുദ്ധമോ സിപ്പായി ലഹളയോ പോലെയുള്ള ചരിത്രമൊന്നുമല്ല. മത്തങ്ങയുടെ ജന്മസ്ഥലം സ്വിറ്റ്സർലാന്റോ ജനീവയോ ആണ് എന്ന് പറയുന്ന ചരിത്രവുമല്ല.   കോരക്കാമ്പലത്ത് വീട്ടിൽ, മത്തങ്ങ വളർന്ന്, പന്തലിച്ച്, പൂവിട്ട്, കായ്ച്ച, ചരിത്രമാണ്... മത്തങ്ങച്ചെടിയെ വിത്തിട്ട് പാകി മുളപ്പിച്ചതല്ല, തനിയെ മുളച്ചതുമല്ല, പിന്നെങ്ങന്യാ വളർന്നത് ന്നല്ലെ, അതിന്റെ കഥയാണ് പറയുന്നത്.

 

മണ്ടാരത്ത്മുക്കങ്ങാടിയിൽ പ്രധാന റോഡിൽ നിന്ന് ഒരു കട്ട് റോഡ് ഉണ്ട്.  കോർപ്പറേഷന്റെ സഹായത്തോടെ വീതി കൂട്ടിയതാണിത്. റോഡിൽ നിന്ന് വന്നാൽ നേരെ മുട്ടുന്നതാണ് ഞങ്ങളുടെ വീട്. സുലൈമാൻക്കയുടെ വീടാണ് ആദ്യത്തേത്. സുലൈമാൻക്കയുടെ വീടെന്ന് പറയാൻ പറ്റില്ല. റോഡ് വന്നപ്പോൾ പുര പൊളിക്കേണ്ടി വന്നു. ഇപ്പോൾ പറമ്പ് വെറുതെ കിടക്കുകയാണ്. മണ്ടാരത്തു മുക്കിൽ കച്ചവടം നടത്തുകയാണ് സുലൈമാൻക്കയും മക്കളും.

 

കൊറോണക്കാലമാണ്. തലേദിവസം മഴ പെയ്തതിനാൽ വീട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസ്സ് എടുക്കാനും പറ്റിയില്ല. ഉച്ചവരെ അടുക്കളപ്പണികൾ ചെയ്തു. അതു കഴിഞ്ഞ് ഒരു കുഞ്ഞുറക്കവും പാസ്സാക്കി.  വൈകുന്നേരത്തെ മധുരമിടാത്ത കട്ടൻ ചായയും കുടിച്ചു. (അൽപ്പം ഷുഗറിന്റെ പ്രശ്നമുണ്ട്) എന്നിട്ടും സമയം ബാക്കി. അല്ലെങ്കിലും കറന്റില്ലാത്ത ദിവസം മാത്രമാണ് സമയം ബാക്കിയാവുന്നത്. ടിവി തുറന്ന് വെച്ച് സോഫയിൽ കിടന്നുറങ്ങാൻ പറ്റില്ല. ഫോൺ മാന്താമെന്ന് വെച്ചാൽ ചാർജുമില്ല

മുറ്റത്തേക്കിറങ്ങി. മോനും കൂടെയുണ്ട്. വാടകയ്ക്ക് കൊടുത്ത പഴയ വീട്ടിൽ പോയി പപ്പായ വലുതായോ എന്ന് പരിശോധിച്ചു. കൊറോണ തുടങ്ങിയതിൽപ്പിന്നെ മോന്റെയും അച്ഛന്റെയും ശീലങ്ങളിലൊന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പപ്പായക്കായയുടെ അളവെടുക്കലും മുളക് തൈയ്യിന്റെ പൂക്കൾ പരിശോധിക്കലുമാണ്..

 

പറഞ്ഞു വന്നത് മത്തങ്ങയെക്കുറിച്ചാണല്ലോ.  വാടക വീട്ടിലെ പപ്പായ പരിശോധന കഴിഞ്ഞിറങ്ങി. 

‘‘നമ്മക്ക് റോഡ് വരെ നടന്നാലോ’’ മോൻ ചോദിച്ചു

 

‘‘ആ ...’’ എന്ന് സമ്മതം മൂളി. മാസ്കിടാത്തതിനാൽ മെയിൻ റോഡിന്റെ അറ്റം വരെ ചെന്ന് തിരിച്ചു പോരുകയായിരുന്നു. അപ്പോഴാണ് സുലൈമാൻക്കായുടെ പറമ്പിൽ നിന്നും എത്തി നോക്കുന്ന, മത്തങ്ങയുടെ പോലുള്ള ഒരു തൈ ശ്രദ്ധയിൽ പെട്ടത്.

 

ആരുംല്യാത്ത പറമ്പാണ്. ഞാനത് പറച്ചെടുത്ത് നട്ടില്ലേല് അത് നശിച്ചുപോവും. എന്റെ ഉള്ളിലെ പ്രകൃതിസ്നേഹി ഉണർന്നു അല്ലേലും സുലൈമാൻക്കായും കുടുംബവും അവിടെനിന്ന് പോയതിന് ശേഷം മതിലിനടുത്തുണ്ടായിരുന്ന കറിവേപ്പിലച്ചെടി മൊട്ടയായതും ഒരാഴ്ചയ്ക്കകം ഉണങ്ങിപ്പോയതും ഞാൻ കണ്ടതാണല്ലോ :

 

‘‘അമ്മേ ങ്ങളൊരു ടീച്ചറല്ലെ,,, ആരേലും കണ്ടാല്’’

മോൻ പറഞ്ഞു മുഴുവനാകുന്നതിനു മുന്നേ മത്തങ്ങാച്ചെടി എന്റെ കൈക്കുള്ളിലായിരുന്നു. മോനോട് മറുപടിയൊന്നും പറയാതെ മത്തങ്ങാച്ചെടിയും പിടിച്ച് അവന്റെ പിറകെ തലയും കുനിച്ചു നടന്നു.

‘‘ആളില്ലാത്ത പറമ്പിലേതല്ലെ,, ഞാൻ ഓരെ പറമ്പില്കേറീട്ടൊന്നുല്ല്യല്ലോ, റോട്ടിൽന്നാണ് പറിച്ചതും ...’’ ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു.

 

അമ്മ, സുലൈമാൻക്കാന്റെ പറമ്പിലെ മത്തങ്ങാച്ചെടി റോട്ടിൽ നിന്ന് പറച്ചതാ. എന്നു തന്നെ പറഞ്ഞാണ് മോൻ അത് അച്ഛനെ ഏൽപ്പിച്ചത്.

‘‘ഇവക്കിത് എന്തിന്റെ പ്രാന്താ, ആരേലും കണ്ടില്ലേരിക്കും’’ എന്നു പറഞ്ഞെങ്കിലും മൂപ്പരത് അലക്കു കല്ലിനടുത്ത് കൊണ്ടു പോയ് നട്ടു. അവിടെയാണ്, പണ്ട് താനെ മുളച്ച ഒരു ഇളവൻതൈ ഉണ്ടായത്. ഇളവൻ ഇഷ്ടമല്ലാത്ത മോനും ഞാനും പോലും, കറി വെച്ചപ്പോൾ പാലിന്റെ സ്വാദുള്ള ഇളവൻ കഴിച്ചിരുന്നു.

 

‘‘നമ്മളെ വീട്ടിലുണ്ടായാ അതിനൊക്കെ ഒരു പ്രത്യേക രുചി തന്യാ’’ എന്ന് മോൻ പറയുകയുമുണ്ടായി. (മുമ്പ് വീട്ടിലുണ്ടായ പപ്പായ കഴിച്ചപ്പോഴും അവൻ ഇത് തന്നെയാണ് പറഞ്ഞിരുന്നത്.)

 

മത്തങ്ങയുമായി എനിക്ക് പൂർവ്വകാല ബന്ധമൊന്നുമില്ല. ആകെയുള്ള ബന്ധം തറവാട്ടുവീട്ടിൽ പോകുമ്പോൾ അമ്മയുടെ അനിയത്തിയുടെ മകൻ കുട്ടൻ എന്നു വിളിക്കുന്ന ദീപക് കൃഷ്ണയ്ക്ക് ‘മുത്ത്യമ്മയും മത്തങ്ങയും’ യാത്ര പോയ കഥ പറഞ്ഞ് കൊടുത്തതാണ്. അവന് അത് എത്രകേട്ടാലും മതി വരാത്തതായിരുന്നു.  

 

രണ്ടാഴ്ച മത്തങ്ങച്ചെടി അങ്ങിനെത്തന്നെ നിന്നു. പിന്നീടത് മെല്ലെ മെല്ലെ വളരാൻ തുടങ്ങി. അപ്പോഴാണ് വീട്ടിൽ എല്ലാവർക്കും സംശയമായിത്തുടങ്ങിയത്. ഇത് മത്തൻതൈ തന്നെയല്ലെ എന്ന്. തുടക്കത്തിൽ, അതിന്റെ രണ്ട് കട്ടിയുള്ള ഇല കണ്ടപ്പോൾ തണ്ണിമത്തനാവുമോ എന്നു മാത്രമാണ് ഞാൻ സംശയിച്ചിരുന്നത്. ഇൻറ്റേൺഷിപ്പ് ചെയ്യുന്ന ആയുർവദപണ്ഡിതയായ മൂത്ത മകൾ അനുവിന് ഫോട്ടോയെടുത്ത് വാട്സാപ്പിൽ അയച്ചുകൊടുത്തു. അവൾക്ക് ഒരു പേപ്പർ ദ്രവ്യഗുണ പഠിക്കുവാനുണ്ടായിരുന്നു. താഴെ ഒരു കുറിപ്പും ചേർത്തു

‘‘മോളെ ഇദെന്തിന്റെ എലയാന്ന് നോക്കിപ്പറയണേ ,,,’’

‘‘അമ്മേ ഞാനിപ്പോ ശല്യേലാണ്,, നല്ലതിരക്കാണ് ’’

അടുത്ത നിമിഷംതന്നെ വോയ്സ് മെസ്ലേജ് വന്നു. (ശല്യതന്ത്ര ഡിപ്പാർട്ട് മെന്റിലാണ് അനുവിന് ഡ്യൂട്ടി). ഭാഷാപണ്ഡിതയായ എനിയ്ക്ക് അതിന്റെ അർത്ഥം പെട്ടെന്ന് പിടികിട്ടി. ഡിപ്പാർട്ട്മെന്റ് ഏതായാലെന്താ, ഇപ്പോ മെസ്സേജയച്ചത് ശല്യാണ്ന്ന്..

 

എംഎസ്​സി ബോട്ടണിക്കാരനും ഇഞ്ചിയുടെ മണ്ടചീയലിനെക്കുറിച്ച് ഗവേഷണം നടത്തുന്നവനുമായ ഇളയ മകൻ മത്തങ്ങാച്ചെടി തന്നെയാണോ ഇതെന്നറിയാൻ നെറ്റ് സർച്ച് ചെയ്ത് ഇലകൾ പരിശോധിച്ച് കൺഫ്യൂഷനിലായി. അവന്റെ അച്ഛൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇലയുടെ ഫോട്ടോ അയച്ച് സംശയനിവാരണം നടത്തുകയാണ്. (ഇതൊരു രോഗമാണോ എന്നറിയില്ല. മൂപ്പരിപ്പോ എന്ത് വിശ്വസിക്കണമെങ്കിലും തന്റെ വാട്സാപ്പ് ഗ്രൂപ്പംഗങ്ങൾ അംഗീകരിക്കണം)

 

‘‘അത് ഷമാമാണ്’’ വാട്സാപ്പിലുള്ളോര് പറഞ്ഞിണ്ട്.

ഫോണും കൈയിലെടുത്ത് മൂപ്പർ മത്തച്ചെടിയുടെ അടുത്തെത്തി. ചെടി, പൂവിട്ടപ്പോൾ മോൻ അത് തിരുത്തുകയുണ്ടായി, ഷമാമിന്റെ പൂക്കൾ ചെറുതായിരിക്കും എന്നാണ് അവൻ ഗൂഗിളിൽ കണ്ടെത്തിയത്.

‘‘അല്ലേലും ഞാൻ പറഞ്ഞാ ങ്ങക്കൊക്കെ വിശ്വസിക്കാൻ ത്തിരി പാടാ’’

അച്ഛനോടും മോനോടുമായി ഞാൻ പറഞ്ഞു. തർക്കിക്കാൻ ന്യായമില്ലാത്തതിനാലാവാം രണ്ടു പേരും ഒന്നും മിണ്ടിയില്ല. 

അതിനിടയ്ക്കാണ് പറമ്പിൽ മണ്ണിടുന്നത്. ലോറിയിലാണ് മണ്ണ് കൊണ്ടുവന്നത്. അത് പറമ്പിൽ തട്ടി നികത്തുവാൻ ആളെ കിട്ടാത്തതിനാൽ മണ്ണ് ഒരാഴ്ച മുറ്റത്തു തന്നെ കിടന്നു. എന്തോ സംസാരിക്കുന്നതിനിടെ, മണ്ണ് തട്ടിയിടാൻ ആളെ കിട്ടാത്ത കാര്യം പറഞ്ഞപ്പോൾ തൊട്ടു പിറകിലെ വീട്ടിലെ ദാമോരേട്ടൻ  അതേറ്റു. എല്ലായിടത്തും മണ്ണ് നിരത്തുന്നതിനിടെ മത്തങ്ങച്ചെടിയുടെ ചുറ്റും മണ്ണ് കൂമ്പാരമാക്കി വെച്ചു മൂപ്പർ.  വള്ളി,  അലക്കു കല്ലിനുമേലിട്ട ഷീറ്റിന്റെ മീതേയ്ക്ക് വെച്ചും കൊടുത്തു.

 

അലക്കുകല്ലിന് ഷീറ്റിട്ട കഥ ഇതിനിടയിൽ പറയട്ടെട്ടോ, പഴയ വീട്ടിലെ അലക്കു കല്ലിന് മുകളിൽ ഷീറ്റില്ലായിരുന്നു. സ്കൂളിൽ ടീച്ചറായി ജോലിയുള്ളതിനാൽ രാവിലത്തെ പണികൾക്കിടയിൽ തുണി അലക്കാൻ സമയം കിട്ടാറില്ല. വൈകുന്നേരം വീട്ടിലെത്തി അല്ലറ ചില്ലറ പണികൾ കഴിയുമ്പോഴേക്കും നേരം ഇരുട്ടും.

 

‘‘സന്ധ്യയ്ക്ക് തുണി അലക്കുന്നത് അശ്രീകരാണ്’’ എന്നാണ് യുക്തിചിന്താഗതിക്കാരനായ ഭർത്താവിന്റെ അഭിപ്രായം. അതിനാൽ ആഴ്ചാവസാനത്തേയ്ക്ക് തുണി കഴുകൽ മാറ്റി വയ്ക്കും പൊതുവേ മടിച്ചിയായ ഞാൻ വെയിലിന്റേയോ മഴയുടേയോ പേര് പറഞ്ഞ് ആ അലക്കലും മാറ്റി വയ്ക്കാറുണ്ടായിരുന്നു. എന്തായാലും പുതിയ വീട്ടിലേക്ക് മാറിയപ്പോൾ അവിടത്തെ അലക്ക്കല്ലിന് മീതെ ഷീറ്റിടുകയുണ്ടായി.

 

മണ്ണിടാൻ വന്ന ദാമോരേട്ടൻ, മത്തൻ ചെടിയെ ഷീറ്റിനു മുകളിലേയ്ക്ക് വെച്ച് കൊടുത്തിരുന്നു എന്ന് പറഞ്ഞല്ലോ. അടുത്ത ദിവസത്തേയ്ക്ക് മത്തവള്ളികൾ നാലുഭാഗത്തേയ്ക്കും ‘ശൂ..’ന്ന് പായാൻ തുടങ്ങി. അതിലൊന്ന് അയലും കടന്ന് അടുക്കളയിലേയ്ക്ക് നോക്കാൻ തുടങ്ങി. മോനാണ് അതിനെ തിരിച്ചു നടത്തിയത്. 

മത്തനങ്ങിനെ ഷീറ്റ് മുഴുവൻ പന്തലിച്ച് കിടക്കുകയാണ്. ഒരു ദിവസം മൂന്നും നാലും തവണ അച്ഛനും മോനും മത്തൻചെടി പോയ് നോക്കിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മത്തൻചെടിയിലെ എന്റെ അവകാശം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഭക്ഷണത്തിനു മുൻപ്, ഭക്ഷണശേഷം ഇങ്ങനെ ഹോമിയോ മരുന്നു കഴിക്കുന്നതു പോലെയാണ് അച്ന്റെയും മോന്റെയും മത്തൻചെടി പരിശോധന.

 

മോനാണ് റൗണ്ട്സിനിറങ്ങുക. വള്ളികൾ മുഴുവൻ കാണണമെങ്കിൽ മതിലിൽ കയറി നോക്കണം. മതിൽ മുഴുവൻ പിപ്പിലി കാഷ്ഠിച്ചു വെച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള കിളിയാണ് പിപ്പിലി. (പേരറിയാത്തതിനാൽ ഞാനാണ് അവൾക്ക് പേരിട്ടത്) കൊറോണക്കാലത്ത് വന്ന് കൂട്ടുകൂടിയതാണ്. ആദ്യമൊക്കെ നല്ല ശ്രദ്ധയായിരുന്നു അവൾക്ക്. ഇപ്പോളിപ്പോൾ സോഷ്യൽ ഡിസ്റ്റൻസിങ്ങ് തീരെ നോക്കാറില്ലവൾ. കൂട്ടുകാരെയും കൂട്ടിയാണ് വരവ്. വീട് മുഴുവൻ പാറി നടക്കും. അപ്പിയിടുന്നത് അടുക്കള ഭാഗത്തെ ചുറ്റുമതിലിലാണ്. കാഷ്ഠം ചവിട്ടാതെ ചാടിച്ചാടിയാണ് മോൻ റൗണ്ട്സ് പൂർത്തിയാക്കുക. അഭിപ്രായം പറഞ്ഞ്, അച്ഛൻ മേലോട്ട് നോക്കിനിൽക്കും.

‘‘ നാലില ഞാൻ പറച്ചോട്ടെ ’’

 

‘‘അതീവ രുചിയിൽ മത്തനിലത്തോരൻ’’  എന്ന യൂട്യൂബ് വീഡിയോ കണ്ട് ഞാൻ ചോദിച്ചതാണ്. അനുവദിച്ചില്ല.  ഒടുവിൽ കർക്കടകമാസത്തിലെ പത്തിലത്തോരന് വേണ്ടി ആരും കാണാതെ രണ്ട് മത്തനില ഞാൻ പറിച്ചെടുത്തിരുന്നു. ചോദിച്ചാൽ തരാത്തതാണ് മിക്ക മോഷണത്തിനു പിറകിലേയും കാരണമെന്ന തിയറി അപ്പോഴേക്കും ഞാൻ കണ്ടു പിടിച്ചിരുന്നു.

 

ഓണക്കാലത്താണ് മത്തൻചെടി പൂവിട്ടത്. എല്ലാം ആൺപൂവായിരുന്നു. എന്നിട്ടും ഒരു പൂവു പോലും പൂക്കളമിടാൻ അച്ഛനും മകനും എനിയ്ക്ക് തന്നില്ല, പെൺപൂവ് ഉണ്ടാകാത്തതിൽ മനം നൊന്ത് കഴിയുകയായിരുന്നു അവർ.. ഒടുവിൽ മോനാണ് ഒരു ദിവസം പെൺപൂവ്  ഉണ്ടായ കാര്യം കണ്ടുപിടിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആദ്യമായിഗർഭിണിയാകുന്ന ഭാര്യയെ നോക്കുന്ന പോലെയാണ് അച്ഛനും മകനും ആ പൂവിനെ നോക്കുന്നത് കണ്ടത്.  

നാലഞ്ച് ദിവസം കഴിഞ്ഞാണ് അത് കുഞ്ഞുകായയായി മാറിയത്. അച്ഛന് കാണിക്കാനായി മതിലിൽ നിന്ന് മത്തങ്ങക്കുഞ്ഞിന്റെ ഫോട്ടോയെടുത്ത് കൊണ്ടു വന്നിരുന്നു മോൻ, 

 

‘‘ദാ അമ്മേ നോക്കി,,, കായ്യായി...’’ മോൻ ഫോൺ എന്റെ നേരെ നീട്ടി. ഞാൻ നോക്കുമ്പോൾ ബലൂണിന്റെ ഉണ്ണി പോലത്തെ ഒരു കുഞ്ഞു കായ,

 

എല്ലാ ദിവസവും മത്തങ്ങക്കുഞ്ഞിന്റെ പരിശോധന തുടർന്നു വന്നു. ഒരു ദിവസം നന്ദുമോൻ മതിലിൽ കേറി മത്തങ്ങ നോക്കാൻ പോയതായിരുന്നു. 

അമ്മേ ദാരാ ഈന് ട്രൗസറീടീച്ചത്, അച്ഛൻ ഈന്റ മേലെ കേറലില്ലല്ലോ’’

നന്ദു. വിളിച്ചു ചോദിച്ചു. 

 

‘‘അത് പിന്നെ ഞാനാ,, സുനീന്റെ ടൗസറാ’’ ദാമോരേട്ടനാണ് മറുപടി പറഞ്ഞത്.

ദാമോരേട്ടന്റെ വീട് ഞങ്ങളുടെ അടുക്കള ഭാഗത്താണ്: മതിൽ കഴിഞ്ഞാൽ ഒരു ഇടവഴി. അതിന്നെതിരെ നേരെ നോക്കുന്നിടത്താണ് വീട്. ദാമോരേട്ടന്റെ ഉമ്മറത്തിരുന്നാൽ മത്തൻ കുഞ്ഞിനെ നന്നായി കാണാം.

‘‘മത്തൻ വല്താവുന്ന വരെ നനഞ്ഞ തുണ്യോണ്ട് മൂടണം.’’ ദാമോരേട്ടൻ പറഞ്ഞു.

പ്രകാശസംശ്ലേഷണം പഠിച്ച ഞങ്ങൾക്കത് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

 

‘‘അപ്പൊ സൂര്യപ്രകാശം കിട്ടണ്ടേ?’’ മോന്റ ചോദ്യമായിരുന്നു. എന്റെ മനസ്സിലൂടെയും കാർബൺ ഡയോക്സിഡിന്റെ സഹായത്താൽ, സസ്യങ്ങൾ സൂര്യപ്രകാശത്തിൻ, ഫോട്ടോസിന്തസിസ് ഒക്കെ കടന്നു പോയിരുന്നു അപ്പോഴേക്കും .

 

‘‘കായ തിന്നാൻ ഒരു പ്രാണി വരും, വല്തായി തോട് കട്ടിയാവുന്നവരെ ഇതിങ്ങനെ മൂടിടണം’’

ദാമോരേട്ടൻ സംശയ നിവർത്തി വരുത്തിത്തന്നു. അല്ലെങ്കിലും പുസ്തകത്തില് പഠിക്കുന്നത് മാത്രമായി ജീവിതത്തിൽ പകർത്താൻ കഴിയില്ലല്ലോ.

 

മത്തച്ചെടി വീണ്ടും വീണ്ടും കായ്കളുണ്ടാക്കിത്തുടങ്ങി. മോനും അച്ഛനും കൂടി ഓലയും ചുള്ളിക്കമ്പുകളുമൊക്കെ വിടർത്തി വച്ച് അതിന് പന്തലൊരുക്കിക്കൊടുത്തു.

‘‘അമ്മേന്റെ സൊഭാവാ ഇതിന്. ഇങ്ങോട്ട്ന്ന് പറഞ്ഞാൽ അങ്ങോട്ടാ പോവ്വാ.’’  അച്ഛൻ മോനോട് പറയുകയുണ്ടായി.   

 

‘‘അന്റെ അച്ഛന്റൂടെ കൂടിയപ്പ മൊതലുള്ള സൊഭാവാ...’’ അപ്പോൾ തന്നെ  തിരിച്ചടിച്ചു. പരസ്പരം കുത്താനുള്ള കോലുകൾ ഞങ്ങളെപ്പോഴും കരുതി വയ്ക്കാറുണ്ടായിരുന്നു.    

 

മത്തൻ കുഞ്ഞുങ്ങൾ ഏറെ ഉണ്ടാവാൻ തുടങ്ങി. ദാമോരേട്ടന്റെ വീട്ടിലെ ഷർട്ടും ബനിയനും എന്തിനേറെപ്പറയുന്നു വർഷത്തിൽ മൂന്നോ നാലോ തവണ മാത്രം വീട്ടിൽ വന്നു പോകാറുള്ള മകൾ മഞ്ജുവിന്റെ ചുരിദാറിന്റെ ടോപ്പ് വരെ  അണിയാൻ തുടങ്ങി അവർ. 

 

വേര് ഞങ്ങളുടെ വീട്ടിലെ അലക്കുകല്ലിനടുത്താണെങ്കിലും, മത്തൻകുഞ്ഞുങ്ങളുടെ, നോട്ടം മുഴുവൻ, ദാമോരേട്ടൻ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. 

പല മത്തങ്ങകളും ഷീറ്റും കടന്ന് വളളിയിൽ നിന്ന് തൂങ്ങിത്തുടങ്ങിയിരുന്നു. 

ഒരു ദിവസം ഞാൻ നാളികേരം പൊളിക്കുകയായിരുന്നു.

ടീച്ചറേ.... മതിലിൻറപ്പുറത്തു നിന്നാണ് ശബ്ദം,,

എത്തി നോക്കി. സുലൈമാൻക്കയാണ്.

എന്തേക്കാ:,

 

റോട്ടിമ്മലയ്ക്ക് വീണ രണ്ട് വള്ളി ഞാൻ മേലോട്ടാക്കി വെച്ചണ്, പിന്നെ നല്ല നാടൻ മത്തനാണ് ട്ടോ. നന്നായി നോക്കിയോൾണ്ടൂ.

ദൈവമേ, രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാൻ അന്താളിച്ചു പോയി,,

 

പിന്നീട് ഇടവഴിക്ക് പോകുമ്പോഴൊക്കെയും സുലൈമാൻക്കയും മത്തക്കുഞ്ഞുങ്ങളും എന്തൊക്കെയോ കിന്നാരം പറയുന്നതു കാണാമായിരുന്നു.  മത്തച്ചെടിയെക്കുറിച്ച് എന്തെങ്കിലും ചോദിക്കുമോ എന്ന് ചെറിയ ഒരു ഭയമെനിക്കുണ്ടായിരുന്നതിനാൽ ഞാനപ്പോഴൊക്കെ തകൃതിയായ പണിയാണെന്ന് ഭാവിച്ചുകളയും. കൂടുതലെന്തെങ്കിലും ചോദിച്ചാൽ മത്തച്ചെടി കിട്ടിയതെവിടെ നിന്നാണെന്ന് ഞാൻ തന്നെ പറഞ്ഞു കളയുമോ എന്ന്, എന്നെ ഞാൻ തന്നെ ഭയപ്പെട്ടിരുന്നു. പറയണമെന്നുമില്ല,,, എന്റെ മുഖത്ത് വല്ല ഭാവമാറ്റമുണ്ടാവുമോ എന്നത് പോലും ഞാൻ പേടിച്ചിരുന്നു. ഭാഷയ്ക്കതീതമാണല്ലോ ഭാവം.

 

മുകളിൽ പച്ചയും താഴെ സ്വർണ്ണനിറവുമായിരുന്നു മത്തങ്ങക്കുഞ്ഞുങ്ങൾക്ക്. കുഞ്ഞുങ്ങളെന്ന് പറയാനാവില്ല.  വിവാഹപ്രായമെത്തി പുര നിറഞ്ഞു നിൽക്കുന്ന പെൺകിടാങ്ങളെപ്പോലെയായിരുന്നു അവർ.

 

ഒരു ദിവസം ഞാനും മോനും കൂടി മത്തച്ചെടിയെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. വള്ളിയോ ഇലകളോ തൊടാൻ മോനും അച്ഛനും എന്നെ സമ്മതിക്കാറില്ല.  അച്ഛന്റെ കൂടെ ജീവിക്കുന്ന മക്കളെ നോക്കിക്കാണുന്ന, ഡിവോഴ്സ് കഴിഞ്ഞ അമ്മയെപ്പോലെയായിരുന്നു എന്റെ അവസ്ഥ..

‘‘അല്ല,,, ഇത് പറയ്ക്കാനായില്ലെ’’

 

ദാമോരേട്ടന്റെ ഭാര്യ  വസന്തേച്ചി ഒരു ദിവസം ചോദിച്ചു. സ്കൂളിലോ കോളേജിലോ മത്തങ്ങയുടെ മൂപ്പിനെക്കുറിച്ച് പഠിക്കാത്തതിനാൽ എനിക്കും മോനും അതിന്റെ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

‘‘അദ് മൂത്ത് ണ്ടാവോ’’ മറുപടിയായി ഞാൻ ഒരു മറുചോദ്യമെറിയുകയാണുണ്ടായത്.

 

മൂത്ത്ട്ടൊക്കെ ണ്ടാവും,,, വിലാസിനിയേടത്തിയുടേതായിരുന്നു ശബ്ദം. വിലാസിനിയേടത്തിയും വസന്തേച്ചിയും നല്ല കൂട്ടാണെന്ന് തോന്നുന്നു. മിക്ക ദിവസങ്ങളിലും വിലാസിനിയേടത്തിയെ ദാമോരേട്ടന്റെ വീട്ടിൽ കാണാറുണ്ട് ഞാൻ.

 

ദാമോരേട്ടന്റെ വീടിന് പിറകിൽ കുറച്ച് വയലാണ്. അതിന്റെയും അപ്പുറത്ത് ഒരു ആമ്പൽക്കുളമുണ്ട്. ഇപ്രാവശ്യത്തെ ഓണക്കളമിടാനുള്ള പൂവ് മുഴുവൻ കിട്ടിയത് ഈ കുളത്തിൽ നിന്നാണ്. ഞങ്ങളുണരുന്നതിന് മുന്നേ തന്നെ, ദാമോരേട്ടൻ, വെള്ളയും വയലറ്റും നിറമുളള ആമ്പൽപൂക്കൾ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുമായിരുന്നു. കൊറോണക്കാലമായതിനാൽ പൂവിൽപ്പന ഉണ്ടായിരുന്നില്ല. കൊറോണ വൈറസ് കുടുംബാംഗങ്ങളെ മാത്രമല്ല അയൽക്കാരെക്കൂടി കൂട്ടിനിർത്താൻ സഹായിച്ചിട്ടുണ്ട്. . 

 

ആമ്പൽക്കുളത്തിന്റെ അടുത്താണ് വിലാസിനിയേടത്തിയുടെ വീട്. ഞങ്ങളുടെ വർക്കേരിയയിൽനിന്ന് നോക്കിയാൽ വിലാസിനിയേടത്തിയുടെ അടുക്കളവശം കാണാം. (അവിടെയുള്ളവരെയൊന്നും കാണില്ലെങ്കിലും,,)

വിലാസിനിയേടത്തി മത്തൻ മൂത്തെന്ന് പറഞ്ഞ് പിന്നെയും അഞ്ച് ദിവസം കഴിഞ്ഞാണ് മത്തൻ പറയ്ക്കുന്നത്. ദാമോരേട്ടനാണ് ആ ചടങ്ങിന് നേതൃത്വം നൽകിയത്. ഓരോ മത്തൻകുഞ്ഞുങ്ങളെയും ദാമോരേട്ടൻ വിവസ്ത്രരാക്കി. എനിയ്ക്കും മത്തങ്ങകൾക്കും അപ്പോൾ നാണം വന്നു. 

 

പിന്നീടുള്ള പരിപാടി ഭാഗം വയ്ക്കലായിരുന്നു.  ഭാഗം വയ്ക്കാൻ പക്ഷേ ദാമോരേട്ടൻ നിന്നില്ല.

‘‘അത് ങ്ങളെന്തെങ്കിലും ചെയ്തോളി, ’’എന്നും പറഞ്ഞ് ദാമോരേട്ടൻ പൊയ്ക്കളഞ്ഞു.  

 

ഭർത്താവും മോനും കൂടിയാണ് ആ കർമ്മം നിർവ്വഹിച്ചത്. ആദ്യത്തെ പങ്ക് അശോ കേട്ടനായാണ് വെച്ചത്, അശോകേട്ടനെപ്പറ്റി പറയാൻ വിട്ടു പോയി.

മൂപ്പരുടെ സുഹൃത്താണ് അശോകേട്ടൻ. നാൽപത്തിയേഴ് വയസ്സുള്ള അവിവാഹിതൻ അശോകേട്ടൻ .വിവാഹം കഴിച്ചിട്ടില്ല. വീട്ടിൽ ഒറ്റയ്ക്കാണ് താമസം. 

 

‘‘എനക്കൊരു കോഴിക്കുഞ്ഞിനീം കൂടി നോക്കാനില്ലല്ലോ, എന്തേലുണ്ടേല് ഇങ്ങോട്ട് കൊണ്ടോരി’’ എന്നാണ് മൂപ്പർ അശോകേട്ടനോട് തമാശയായി പറയാറ്.

അത് കാര്യമായി എടുത്തിട്ടാണോ എന്നറിയില്ല., അശോകേട്ടൻ എന്ത് നട്ടുമുളപ്പിച്ചാലും ഇവിടെ കൊണ്ടുവന്നു തരും. അതിനാൽതന്നെ ആദ്യത്തെ പങ്ക് അശോകേട്ടനായാണ് മാറ്റി വെച്ചത്. ഒരു മത്തൻ രണ്ടാക്കി, പകുതിയാണ് അശോകേട്ടന് കൊടുക്കാൻ വെച്ചത്. മറ്റേ പകുതി ദാമോരേട്ടനും (ദാമോരേട്ടന് ഒരു മത്തൻ തന്നെ കൊടുക്കണമെന്ന മോന്റെ വാദം വോട്ടിനിട്ടെങ്കിലും പിൻതള്ളിപ്പോയിരുന്നു.) 

 

പിന്നീടുള്ള ഒരു മത്തൻ നാലായി ഭാഗം വെച്ച് ഒരു കഷ്ണം വാടക വീട്ടിലുള്ളവർക്കും ഒരു കഷ്ണം വിലാസിനിയേടത്തിയ്ക്കുമായി വെച്ചു. മറ്റേ രണ്ട് ഭാഗങ്ങൾ, മൂപ്പരുടെ, നാട്ടിലെ തന്നെ  സുഹൃത്തായ സതീഷേട്ടനും കൊടുവള്ളിയിലെ സുബൈർക്കായ്ക്കുമായിരുന്നു. (വീട്ടിൽ വരുമ്പോൾ മത്തൻ സന്ദർശനം നടത്തുകയും മത്തൻ വിശേഷങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നവരുമാണവർ.) ഒരു വലിയ മത്തങ്ങയുടെ മൂന്നിലൊരു ഭാഗം ശ്രീധരൻ സാറിന്റെ വീട്ടിലേക്കായും വെച്ചു (റിട്ടയർ ചെയ്തത ഒരു സൈന്റിസ്റ്റ് ആണ് സാർ. സാറിന്റെ ഭാര്യ മണിയേച്ചി എല്ലാ വർഷവും തരുന്ന ലവ് ലോലിക്കയുടേയും നാട്ടുമാങ്ങയുടേയും സ്വാദ് മറക്കാൻ പാടില്ലല്ലോ) സഹോദരിമാരുടെ വീട്ടിലേക്കും അയൽപക്കക്കാർക്കുമായി ബാക്കി വീതിച്ചപ്പോഴേക്കും ഞങ്ങളുടെ വയറ് നിറഞ്ഞിരുന്നു. വൻപയറിട്ട് വയ്ക്കാമെന്ന ഉറപ്പിൽ ഒരു കുഞ്ഞുകഷ്ണം എനിയ്ക്കും കിട്ടി.

 

കൊറോണയായതിനാൽ സ്കൂളിലെ ടീച്ചർമാർക്ക് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന എന്റെ ഖേദപ്രകടനം വെളിയിലപ്പുറത്തെ വെള്ളം പോലെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടന്നു.

 

പറഞ്ഞില്ലല്ലോ, ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ മത്തൻ സുലൈമാൻകായ്ക്കായി മാറ്റിവെക്കാൻ നിർബന്ധിച്ചത് ഞാൻ തന്നെയായിരുന്നു.  രണ്ടുദിവസം നോക്കിയിട്ടും മൂപ്പരെ കണ്ടില്ല. ഒടുവിൽ നന്ദുമോനാണ് ഇക്കയുടെ പച്ചക്കറിപ്പീടികയിൽ മത്തങ്ങ ഏൽപ്പിച്ചത്. വിൽക്കാൻ കൊണ്ടുചെന്നതാണെന്നാണ് മൂപ്പർ വിചാരിച്ചതെന്ന് മോൻ വന്നു പറയുകയുണ്ടായി.

 

ഇതാണ് മത്തങ്ങയുടെ കഥ. ഇനി ചരിത്രം, ഈ മത്തങ്ങ കിട്ടിയവരിൽ ആരെങ്കിലുമൊക്കെ അതിന്റെ വിത്ത് നാളത്തേയ്ക്ക് സൂക്ഷിച്ചു വെക്കും. വീണ്ടും മത്തൻ കുഞ്ഞുങ്ങളുണ്ടാവും. ചരിത്രം ആരെങ്കിലും ചിക്കിച്ചികഞ്ഞാൽ സുലൈമാൻക്കയുടെ പറമ്പിന്നറ്റത്ത് നിന്ന് ഞാനെടുത്ത മത്തൻ തയ്യിനെക്കുറിച്ചറിയും.. ചരിത്രം സത്യങ്ങൾ കൂടി അടങ്ങുന്നതാണല്ലോ.

വേറെ വഴിയൊന്നുമില്ലാത്തതിനാൽ ‘‘കുപ്പ മാന്തിയാൽ ആരുടെ കുപ്പയിലാണ് ഒരോട്ടക്കലം കാണാണ്ടിരി-ക്യാ’’ എന്ന അച്ഛമ്മയുടെ തിരുവചനമോർത്ത് ഞാൻ സമാധാനിക്കട്ടെ.

 

English Summary: Mathangayude Avakasikal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com