ADVERTISEMENT

വെളുപ്പു പാകിയ കറുത്ത മുടി ചിക്കിപ്പറന്ന്,  വെളിച്ചംകെട്ട കണ്ണിനടിയിൽ ഉറക്കമില്ലായ്മയുടെ വീർപ്പ്, ഭാവരഹിതമായ പരുത്ത മുഖം,  ചെളിനഖങ്ങൾ,  ഉലഞ്ഞ, മത്തപ്പൂനിറ കുർത്തിക്കുള്ളിലെ അശ്രദ്ധയുടെ ചീർത്ത ഉടൽ. 

എനിക്കറിയാം.  കടന്നുപോകുമ്പോൾ അവളോർത്തു, എവിടെയോ കണ്ടിട്ടുള്ള, ഇഷ്ടമില്ലാത്ത ആരോ.

ഒരു ചങ്ങലബന്ധവുമില്ല ഓർമകൾക്കെന്ന് ഓർമ പരതാനുള്ള ശ്രമത്തിലേക്കു വഴുതാതെ, ലിസ്റ്റ് നോക്കി അവൾ സാധനങ്ങൾ ബാസ്കറ്റിലേക്ക് വേഗത്തിൽ പെറുക്കിയിടാൻ തുടങ്ങി.

ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു. 

വളരെ വെളുപ്പിന് ഉണരുന്നതു കൊണ്ട്, ഉറക്കം നന്നേ കുറവായതുകൊണ്ട് ചിലപ്പോൾ തോന്നും ദിവസത്തിന് ഇരുപത്തിനാലു മണിക്കൂറിനെക്കാൾ കൂടുതലുണ്ടെന്ന്.

ചിലപ്പോളൊക്കെ ഓരോന്നോർക്കുമ്പോൾ അത് ഇന്നായിരുന്നുവോ ഇന്നലെയായിരുന്നുവോ അതോ ഒരിക്കലും തന്നെ ഇല്ലായിരുന്നുവോ എന്ന് ആകെ അങ്കലാപ്പുകളിൽപെടും.

കാലത്തുള്ള തീവണ്ടി കയറിപ്പറ്റാൻ കഷ്ടി ഒരര മണിക്കൂർ നേരത്തേ ഉണർന്നെണീറ്റു പായാനറിയാം ഭർത്താവിന്. രാവിലെ അയാൾക്കു തലകുളി പതിവില്ല; ചിലപ്പോഴൊക്കെ മേലുമതെ. അത്രയും  നേരത്തേ കഴിക്കാൻ വയ്യാത്തതിനാൽ രാവിലത്തേക്കുള്ള ഭക്ഷണം കൂടി ഉച്ചഭക്ഷണപ്പൊതിക്കൊപ്പമെടുക്കും. ജോലികഴിഞ്ഞു തിരികെ എത്തുന്നത് കുറെക്കൂടി നേരത്തേയാണ്. എന്നാലും ജോലിഭാരം, ട്രാഫിക്, അലച്ചിലുകൾ - അങ്ങനെ, പലജാതി പരാതികളുടെ പാടകെട്ടിയ മുഖവുമായി കോളിങ് ബെല്ലൊച്ചയ്ക്കു പിന്നാലെ ഇരിപ്പുമുറിയിലേക്കു കയറുമ്പോൾ തോന്നും, പോക്കിനും വരവിനുമിടയിൽ അത്രയ്ക്കും ദൂരമില്ലായിരുന്നുവെന്ന്. ബെല്ലടി കേൾക്കുമ്പോൾ മകൻ ഉറക്കം ഞെട്ടും.പോ... പോ എന്നു നിലവിളി തുടങ്ങും. അതവഗണിച്ച്, ഉരിഞ്ഞിട്ട വേർപ്പു കുപ്പായങ്ങൾ അലക്കുകൊട്ടയിലേക്കു തള്ളി, ചപ്പാത്തി മേശപ്പുറത്തുണ്ടെന്നു പതിവു പറച്ചിൽ പറഞ്ഞ്, ബാഗു തുറന്ന് ഭക്ഷണപ്പാത്രം കഴുകാൻ മലർത്തുമ്പോൾ ആ കെട്ട മണം ഒരു ദിനചക്രം പൂർത്തിയാക്കും.

‘എച്ചിൽ പാത്രമിത്തിരി വെള്ളം നനച്ചു കൊണ്ടുവന്നുകൂടേ’ എന്നവളിപ്പോൾ ചോദിക്കാറില്ല.

‘ഇനിയും നിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി ഒരു മന്ദബുദ്ധിക്കുഞ്ഞുകൂടിയുണ്ടായാലോ’യെന്ന മറുപടിപ്പേടിയാൽ ഒരു കുഞ്ഞുകൂടിയെന്ന ആഗ്രഹപ്പറച്ചിൽ നിർത്തിയപോലെ.

കാര്യമില്ലാത്ത ചോദ്യങ്ങൾക്കൊന്നുമിപ്പോൾ സമയമില്ലാതായിരിക്കുന്നു. ഉത്തരങ്ങൾക്കു  വേണ്ടിയുള്ള ക്ഷമയത്രയും നശിച്ചു പോയിരിക്കുന്നു.     

വർഷങ്ങളായി മുറിഞ്ഞുറങ്ങി ശീലിച്ചുപോയ ശരീരമിപ്പോൾ ഉറങ്ങാനേ കൂട്ടാക്കുന്നില്ല. ഒരു രാത്രികാവൽക്കാരനെപ്പോലെ അതു സദാ വെറുപ്പോടെ ഉണർന്നിരിക്കുന്നു. അത്യന്തം ദുസ്സഹവും ഏകാന്തവും വിരസവുമായ ആ നേരങ്ങളിലൂടെ രാവ് കാൽച്ചങ്ങല കിലുക്കി കടന്നുപോകും. ആ കിടപ്പിൽ സമയമണി ഏതോ കാനനവൃക്ഷത്തിലെ കിളികളായുണർത്തും. പോയ ദിവസത്തിന്റെ എൻജിനിൽ കൊരുത്ത് ചൂളംവിളിച്ചു തുടങ്ങും ശരീരമെന്ന തീവണ്ടി. ചിലപ്പോൾ തോന്നും 

വീട്, ഉത്തരവാദിത്തങ്ങളുടെയും കടമകളുടെയും ബാധ്യതകളുടെയും അന്തമില്ലാത്ത ഞരമ്പുകൾ പിണഞ്ഞു കിടക്കുന്ന, മടുപ്പുകളുടെ കൊഴുപ്പടിഞ്ഞു പോയ ബലംകെട്ട ഒരു ഹൃദയം.

വീട്ടുമാറാത്ത ചെന്നിക്കുത്തിന്റെ നോവിക്കുന്ന പ്രകാശരേഖകൾ പായുന്ന തലയകം, മുറിവുകളുടെയും വടുക്കളുടെയും നിശ്ശബ്ദത.

 ഓരോ പുലരിയിലും മകന്റെ ഉന്തിയ പല്ലും നീലിച്ച വട്ടക്കണ്ണുകളുമുള്ള മഞ്ഞമുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ അവൾക്ക് തോന്നും അവൻ ഇന്നലെത്തേക്കാളേറെ മാറിയിരിക്കുന്നുവെന്ന്. ശ്രദ്ധവയ്ക്കാനും  ചിരിക്കാനും പഠിച്ചിരിക്കുന്നുവെന്ന്. സ്വയം പല്ലുതേക്കുകയും അപ്പി കഴുകുകയും കുളിക്കുകയും കഴിക്കുകയും ചെയ്ത്, കവിളിലൊരുമ്മയമർത്തി സ്കൂളിലിലേക്കോടുകയും എല്ലാവരെയും പോലെ പഠിക്കുകയും കളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുമെന്ന്. അവൻ തിരികെ വരുന്നതും കാത്ത് നാലുമണി വെയിലിന്റെ പുള്ളിക്കുത്തുകളും നോക്കി  വഴിയിൽ നിൽക്കാമെന്ന്. അവന്റെ കൈ പിടിച്ച് ആ ദിവസത്തെ മുഴുക്കെ കിലുകിൽ ഒച്ചയാൽ വിവരിക്കുന്നതു കേട്ട് - ആ തോന്നലുകളുടെ ഭാരംപോലുമവനെ  ഉറക്കത്തിലും തൊടും.അലോസരപ്പെടുത്തും.

സ്ഥിരങ്ങളിൽ നിന്നൊരെള്ളിട മാറ്റവും അവനു സഹിക്കാനാവുമായിരുന്നില്ല;

ഇരിപ്പിടമോ ഉടുപ്പുകളോ കളിപ്പാട്ടങ്ങളോ വർത്തമാനങ്ങളോ പോലും. എത്ര വലിച്ചിഴച്ചു കൊണ്ടുപോയാലും  ദിനചര്യകളും പാട്ടും കളികളും പേരെഴുത്തും സ്വയരക്ഷയും പഠിപ്പിക്കുന്ന കുഞ്ഞു ബുദ്ധിക്കാരുടെ ആ സ്കൂളിൽ അവൻ പോകാറുണ്ടായിരുന്നില്ല. ഈ വക അത്യാഗ്രഹങ്ങൾ വരുമ്പോഴൊക്കെ 

ഉറക്കിലും അവളുടെയുള്ളിലേക്ക് അവൻ തുറിച്ചുനോക്കും.

പിന്നെ ‘‘പോ പോ’’ എന്ന് ഉച്ചത്തിലലറും.

അവനാകെ അറിയുന്ന മൂന്നാലു വാക്കുകളിൽ പ്രതിഷേധത്തിന്റെ,

അനിഷ്ടത്തിന്റെ തീവാക്ക്. അവൾക്കു നേരെ മാത്രം പ്രയോഗിക്കാറുള്ളത്.

പോകണം.

മടുപ്പിന്റെ പാരമ്യത്തിൽ അതു കേൾക്കുമ്പോൾ ചിലപ്പോൾ അവൾക്കു  തോന്നും, പണ്ടെന്നോ വായിച്ച കഥയിലെ സ്ത്രീയെപ്പോലെ ആരുമില്ലാത്ത ഒരു ദൂരേക്ക്, തനിക്കു പിന്നാലെ അപ്രത്യക്ഷമാകുന്നൊരു മാന്ത്രികവഴിയിലൂടെ, ഒരൊറ്റവരിക്കത്തുകൊണ്ട് യാത്ര പറഞ്ഞ്...   

പലതും ചെയ്യേണ്ടതുള്ള ദിവസത്തിന്റെ തിരക്കുകളിലേക്കിറങ്ങുമ്പോൾ ഒരു കൂട് ബിസ്കറ്റ് അരികിൽ വച്ച്, ടിവി തുറന്ന് നിറയെ നിറങ്ങളും പൊട്ടിച്ചിരികളുടെ  ഡാഡി പിഗ്ഗും മമ്മി പിഗ്ഗും ജോർജും പെപ്പയുമുള്ള ‘പെപ്പാ പിഗ്’ കാർട്ടൂൺ വച്ച്, വാതിൽ പൂട്ടിയാണ് അവളിറങ്ങുക. അതവനിഷ്ടമായിരുന്നു.

മൃദുവുമായ ശബ്ദങ്ങൾ, കടും നിറങ്ങൾ.  കുറച്ചുനേരത്തേക്ക്, എല്ലാം കുറച്ചു നേരത്തേക്കു മാത്രം.

ഗ്യാസിന്റെ നോബ്, പ്ലഗ് സോക്കറ്റുകളുടെ  കുഞ്ഞ് ഇരുൾഗുഹകൾ,  

കത്തിക്കൂർപ്പുകൾ, തീയിന്റെ ഓറഞ്ചു മഞ്ഞകൾ - അവളെ ഒരിടത്തും വിശ്രമിപ്പിക്കാതെ കിതപ്പിക്കുന്ന അവന്റെ നൈമിഷികമായ ഇഷ്ടങ്ങൾ.

മെഴുകുതിരിത്തീ പടർന്ന വലംകയ്യിൽ ഇപ്പോളുമുണ്ട് ആ ഭൂമിയടയാളത്തിന്റെ പൊള്ളൽ. കുളിമുറിയുടെ നനവോർമ പേറുന്ന നെറ്റിയിലെ നീളൻ മുറിത്തുന്നൽ. അതിലറിയാതെ കൈ തൊടുമ്പോളൊക്കെ അവനവളെ ശത്രുവിനെപ്പോലെ നോക്കും. 

പോ എന്നു ചീറ്റും. അവനും തോന്നുന്നുണ്ടാവണം അവനുള്ളതൊരു  കഴിവുകെട്ട കാവൽക്കാരിയെന്ന്.

‘‘ലീവില്ല. തിരക്കൊഴിയില്ല. എന്നെ കാത്താൽ എല്ലാം അവിടെ കിടക്കുകയേ ഉള്ളൂ’ എന്ന് പ്രശ്നസന്ദർഭങ്ങളെ വിട്ട് അയാളെപ്പോഴും ഒളിച്ചോടും. അതിനും മുൻപ് ഓർമിപ്പിക്കും: 

‘‘വീട്ടുകാര്യങ്ങൾ നീ നോക്ക്. മൂന്നുനേരം തിന്നാനുള്ളത്, ജീവിക്കാനുള്ളത് ഞാൻ കൊണ്ടുവരുന്നു.’’

‘എപ്പോളും നിന്നെ മണക്കുന്ന വീട്, നീയെന്നെ കാത്തിരിക്കുന്ന വീട്’ 

അങ്ങനെയോരോ വാചകങ്ങൾ ഭൂതകാലം കടന്നുവരുന്നത് അവളപ്പോൾ മറക്കും. മനഃപൂർവം മറന്നവരെ ഓർമകൊണ്ടു വിളിക്കുന്നത് അപകടകരമായ കളിയെന്ന് സ്വയമോർമിപ്പിക്കും.

ലോണടവിന്റെ തുടർച്ചയായ മുടക്കങ്ങൾ,  ബാങ്കിലേക്കുള്ള പോക്കുകൾ, അവരുടെ കറുത്തമുഖങ്ങളിൽ നിന്നിറുന്നു വീഴുന്നതത്രയും വിഴുങ്ങൽ, അഭിമാനമില്ലാതെ അപേക്ഷിക്കൽ,

വീട്ടുസാമാനങ്ങൾ വാങ്ങൽ, കുറച്ചങ്ങകലെയുള്ള ഒരൊറ്റക്കടയിൽ മാത്രം കിട്ടുന്ന അവന്റെ മരുന്ന്, പച്ചക്കറികൾ, പലചരക്ക്, കേടുപറ്റിയ മിക്സിയുടെ നന്നാക്കിയെടുപ്പു കടയിലെ കാത്തുനിൽപ്,  പെപ്പാ പിഗിനെ മടുത്ത്, അവൻ മുറികളിലുടനീളം ഇഴഞ്ഞു പരതുകയും പിന്നെ കരയാൻ തുടങ്ങുകയും ചെയ്യുന്ന നേരത്തിനും മുൻപ് അങ്ങെത്തണം. കരച്ചിൽ ഒരിടവേളയാണ് – പ്രതിഷേധത്തിനും പ്രതിരോധത്തിനുമിടയിലെ അപകടം പിടിച്ച ഇടവേള.

ധൃതി കൂടുമ്പോൾ അവൾ കിതച്ചു. തണുത്ത വിയർപ്പാൽ നനഞ്ഞു.

‘‘ഇനി ഇതുപോലൊരു സംസാരമില്ല. ഇതു പരിചയക്കാരനോടുള്ള അവസാനത്തെ മര്യാദ.’’

ബാങ്കുകാരൻ പറഞ്ഞു.

ഒരു കുപ്പി വെള്ളമെടുക്കാമായിരുന്നു എന്ന് വരണ്ട തൊണ്ട ഉമിനീരുനനച്ചവളോർത്തു.

‘‘ബില്ലടിക്കട്ടെ?’’

എല്ലാം തീർത്ത് ബില്ലടിക്കാൻ നേരം തിരികെ പാഞ്ഞ്, ഒരുകൂട് ബിസ്കറ്റോ രണ്ടു മുരിങ്ങക്കായോ കൊണ്ട് കിതച്ചു വരുന്ന സ്വഭാവമുള്ള അവളെ അറിയാവുന്ന ആ ചെക്കൻ ഒരുതരം കളിയാക്കൽ പോലെ ചോദിച്ചു.

അവൾ മുഖം തിരിച്ചു.

പൊടുന്നനെ അവൾ കണ്ടു,

ഷെൽഫുകൾക്കിടയിൽ നിന്ന് ആ സ്ത്രീ പിന്നെയും അവളെ തുറിച്ചു നോക്കുന്നു.

ഉലഞ്ഞ മത്തപ്പൂനിറ കുർത്തി, ചീർത്ത കണ്ണുകൾ, പരുത്ത തൊലി, വെറുപ്പു രേഖകൾ പായുന്ന പരന്ന നെറ്റി, ചിരിയുണങ്ങി കറുത്ത വായ്‌ക്കോണുകൾ -

‘‘മാഡം ആളുകൾ കാത്തുനിൽക്കുന്നു. ബില്ലടയ്ക്കൂ. എന്തുപറ്റി കണ്ണാടി നോക്കിയിങ്ങനെ അന്തംവിട്ട് ?’’

പിന്നിൽ നിന്നുള്ള പിറുപിറുപ്പുകളോടു ക്ഷമ പറഞ്ഞ് കൗണ്ടറിലെ പയ്യൻ അക്ഷമയോടെ അവൾക്കുനേരെ കൈനീട്ടി.

‘‘ഇത് കണ്ണാടിയല്ല’’.

ചെറുപ്പക്കാരനോട് അവൾ കയർത്തു. 

‘‘പിന്നെ?’’

അയാൾ ചിരി കടിച്ചു.

‘‘കണ്ണാടിയെങ്കിൽ ഞാനല്ലേ പ്രതിഫലിക്കേണ്ടത്?’’ അവൾ കണ്ണാടിക്കു നേരെ ചൂണ്ടി.

‘‘അതുതന്നെയാണല്ലോ’’.

ഇപ്പോളയാൾ അന്തംവിടലോടെ അവൾക്കു നേരെ മുഖം പൊക്കി.

‘‘ഞാനല്ല.. ഞാനല്ല.. നീയെങ്ങനെ പറയുന്നു?’’

അവളവനെ ക്രുദ്ധം നോക്കി .

‘‘ആരോ..എനിക്കറിയാത്ത, കുറെനേരമായി എന്നെ പിന്തുടരുന്ന ആ വയസ്സി.’’

ഒച്ചയെടുത്തുകൊണ്ട് കയ്യിൽ തടഞ്ഞൊരു ജാം കുപ്പി അവൾ കണ്ണാടിയുടെ ചില്ലു  പ്രതലത്തിനു നേരെ നീട്ടിയെറിഞ്ഞു. 

‘‘പോ’’  

‘‘പോ..പോ..’’

പൊട്ടിവീഴുന്ന 

ചില്ലുതുണ്ടുകൾ അവളെ നോക്കിയന്നേരം അലറിക്കൊണ്ടിരുന്നു.

English Summary : Kannadi : Short Story by Shahina E. K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com