ADVERTISEMENT

ഞാൻ ഒറ്റയ്ക്കല്ല (കഥ)

 

‘‘ചെമ്പൂചിറ ചെമ്പൂചിറ.... ഇറങ്ങാൻ ഉള്ളോരൊക്കെ ഒന്ന് വേഗം വന്നേ. ഒന്ന് വേഗം വന്നേ ന്റെ അമ്മച്ചിയേ...’’ കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളികേട്ടാണ് വൃന്ദ സീറ്റിൽനിന്നും എഴുന്നേറ്റത്. ഇത്രവേഗം ഇങ്ങെത്തിയോ. വലിയ വയറും താങ്ങിപ്പിടിച്ചുകൊണ്ട് അവൾ ബസിൽനിന്നും ഇറങ്ങി.

 

കത്തുന്ന വെയിൽ. ഓട്ടോ വിളിച്ചാൽ വേഗം വീടെത്താം. പക്ഷേ വേണ്ട, നടക്കാം. ആ കാശുണ്ടെങ്കി വേറെ എന്തേലും അത്യാവശ്യം നടക്കും. ബാഗിൽ നിന്നും കുടയെടുത്തുനിവർത്തി അവൾ പതുക്കെ നടന്നു. പോകുന്ന വഴിയിൽ ഇളംപച്ച ചായംപൂശിയ ഒരു വീടുണ്ട്. മുറ്റത്തുള്ള മൂവാണ്ടന്മാവിൽ നിറയെ മാങ്ങയാണ്. ഇറുങ്ങനെ മാങ്ങപിടിച്ചുകിടക്കുന്ന ആ മാവ് കാണുമ്പോ വൃന്ദ തന്നെക്കുറിച്ചുതന്നെയാണ് ചിന്തിക്കുക. കാണുന്നവർക്ക് ഭാരവും താങ്ങിനിൽക്കുന്ന ആ മാവ് ഇപ്പൊ ഒടിഞ്ഞുവീഴും എന്നുതോന്നും. പക്ഷേ അവൾക്കറിയാം, ആ മാവിന് ഒരിക്കലും അതൊരു ഭാരമല്ലെന്ന്. ജീവന്റെ ഒരു ഭാഗമാണെന്ന്.

 

സാധാരണ ഗർഭിണികൾക്ക് പച്ചമാങ്ങയോടും മസാലദോശയോടും ഒക്കെ വല്ലാത്ത കൊതിയാവുംന്നാണ് പറയാറ്. പക്ഷേ തനിക്ക് എന്തുകൊണ്ടാണ് ആ വക ആഗ്രഹങ്ങളൊന്നും തോന്നാത്തത് എന്നവളോർത്തു. ഒരുകണക്കിന് അതും കാര്യമായി. ഇനിയിപ്പോ ഒരു കൊതി തോന്നിയാൽ തന്നെ ആരോട് പറയാനാണ്. വീട്ടുകാരെ മുഴുവൻ വെറുപ്പിച്ച്, സ്നേഹിച്ച പുരുഷൻ അധികാരത്തോടെ തനിക്കുനേരെ നീട്ടിയ കയ്യിൽ പിടിച്ച് സ്വന്തം വീടിന്റെ പടിയിറങ്ങിയപ്പോൾ തീർന്നതാണ് മറ്റ് ബന്ധങ്ങളൊക്കെ. നീ നന്നാവില്ലെടി എന്ന മനമുരുകിയുള്ള അമ്മയുടെ ശാപവാക്കുകൾ പുറകിൽനിന്ന് കേട്ടപ്പോൾ, കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി ആർജ്ജവ് പറഞ്ഞു ഒരമ്മക്കും മക്കളെ ഉള്ളറിഞ്ഞുശപിക്കാനാവില്ല എന്ന്.

 

അച്ഛനില്ലാത്ത തന്നെ വളർത്തിവലുതാക്കിയ അമ്മയുടെ സ്നേഹവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിച്ചിറങ്ങിപ്പോകാൻ മാത്രം ഹൃദയശൂന്യയാക്കി തന്നെ മാറ്റിയത് അയാളായിരുന്നു, ചെറിയച്ഛൻ. അമ്മയുടെ രണ്ടാം ഭർത്താവ്‌. തന്റെ രക്തത്തിൽ പിറക്കാത്ത മകളെ, സ്വന്തം മകളായി കാണാൻ പുരുഷന് കഴിയില്ലേ. എല്ലാ പുരുഷന്മാരും അങ്ങനെയാകുമോ... ഇല്ല. ഒരിക്കലുമില്ല. ചിലർക്കുമാത്രമേ അത്രമേൽ അധഃപതിക്കുവാൻ സാധിക്കൂ. 

 

അമ്മ കുറേ പറഞ്ഞതാണ്, ഇനിയൊരു കല്ല്യാണം വേണ്ട എന്ന്. നിർബന്ധം അമ്മാവന്മാർക്കായിരുന്നു. ഭർത്താവില്ലാത്ത സഹോദരിയും മകളും ഭാവിയിൽ അവർക്കൊരു ഭാരമായാലോ. ഒരുപാട് പാവമായിരുന്നു അമ്മ. ആ അമ്മയോട് തനിക്ക് ഒരിക്കലും പറയാനാവില്ലായിരുന്നു അമ്മയുടെ ഭർത്താവിന് ഞാൻ മകളല്ല എന്ന്. പറഞ്ഞിരുന്നെങ്കിൽ അമ്മ എന്തുചെയ്തേനെ. പടിഞ്ഞാറ്റേലെ ഇരുട്ടിൽ പോയിരുന്ന് നെഞ്ചുപൊട്ടി കരയും. അല്ലാതെ അയാളോട് എതിർത്തുനിൽക്കാൻ ന്റെ പാവം അമ്മക്ക് ആകുമായിരുന്നോ. ഇല്ലെന്നാണ് അന്നും ഇന്നും മനസാക്ഷി നൽകുന്ന ഉത്തരം.

 

ഓരോന്നോർത്തു നടന്ന് വീടെത്തി. കുട മടക്കി വരാന്തയിൽ ചാരിവച്ചു. ബാഗിൽനിന്ന് താക്കോൽ എടുത്തുവാതിൽ തുറന്നു. കുടയെടുത്തകത്തുകയറി വാതിലടച്ചു കുറ്റിയിട്ടു. തൊണ്ട വരണ്ടുപൊട്ടുന്നതുപോലെ, വല്ലാത്ത പരവേശം. ബാഗ് മേശപ്പുറത്തുവച്ചിട്ട് കസേരവലിച്ചിട്ടിരുന്നു. ജഗ്ഗിൽനിന്നും വെള്ളമെടുത്ത് ഗ്ലാസ്സിൽ പകർന്നുകുടിച്ചു. എന്തൊരാശ്വാസം.

 

ഭക്ഷണം ഉണ്ടാക്കിവച്ചിട്ടാണ് പോയത്. വിശപ്പുതോന്നുന്നില്ല. പിന്നെ കഴിക്കാം. വീട്ടിൽ എത്തിയ ഉടൻ ആർജ്ജവിന്  മെസ്സേജ് അയക്കണം എന്ന് പറഞ്ഞതാണ്. അവൾ ബാഗിൽ നിന്ന് മൊബൈൽ എടുത്തു. വാട്സാപ്പ് തുറന്നു. കണ്ണുകളിൽ നിറയെ സ്നേഹവുമായി തന്നെനോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണവൻ. അവൾ മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.

 

ആർജ്ജവ്... എത്ര വേഗമാണ് ദിവസങ്ങളും മാസങ്ങളും ഓടിപ്പോകുന്നത്. നമ്മുടെ വാവ എന്റെ വയറ്റിൽകിടന്ന് ഇപ്പൊ എന്ത് ബഹളമാണെന്നോ. നോക്കിനിൽക്കുമ്പോ കാണാം ന്റെ വയറ്റിൽ അവിടിവിടെ മുഴച്ചുവരുന്നത്. അത് അവളാണ്. നമ്മുടെ വൈഗ. എനിക്ക് ഉറപ്പാണ്. ന്റെ ആർജ്ജവിന്റെ മോഹം പോലെ അവൾ വരും. 

 

പിന്നെ ഇന്ന് ചെക്കപ്പിന് പോയ വിശേഷങ്ങൾ കേൾക്കണ്ടേ. പത്തുമണി ആയപ്പോളേക്കും ഞാൻ എത്തി ട്ടോ. ഹോസ്പിറ്റലിൽ എല്ലാവരും ന്നെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു. ഒറ്റക്ക് ചെന്നിട്ടാവും. അവരെ കുറ്റംപറഞ്ഞിട്ട് കാര്യല്ലല്ലോ. ഇത്രേം വല്ല്യ വയറും വച്ചോണ്ട് തനിച്ച് പോകാൻ ആരേലും സ്വന്തം ഭാര്യയെ വിടുവോ. അവർക്കാർക്കും അറിയില്ലല്ലോ ന്റെ ഭർത്താവിന് ലോകത്താർക്കും ഇല്ലാത്ത തിരക്കാന്ന്. ഡോക്ടറും പറഞ്ഞു, ഇനി ഇങ്ങനെ ഒറ്റക്കൊന്നും എവിടേം പോകണ്ടന്ന്. വരുമ്പോ ആരേലും കൂടെ ഉണ്ടാവണം ന്ന്. ഞാനെന്ത് പറയാനാ. തലയാട്ടി. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ... ല്ലേ ആർജ്ജവ്...

 

എന്നെ തനിച്ചിവിടെവിട്ടിട്ട് ഇത്രദൂരം പോവാൻ എന്റെ ആൾക്ക് മനസ്സുണ്ടായിട്ടല്ല, എന്നെനിക്കല്ലേ അറിയൂ. സാരല്ല്യ. അവരൊക്കെ എന്തുവേണേലും കരുതട്ടെ. അല്ലേ...

പുറത്തൊക്കെ പോയി വന്നിട്ടാവും നല്ല ക്ഷീണം. നടുവിന് നല്ല വേദനേം. ഒന്ന് തിരുമ്മിതരാൻ പോലും ആരൂല്ല. വിഷമിപ്പിക്കാൻ പറഞ്ഞതല്ല ട്ടോ. ഞാനൊന്ന് കിടക്കട്ടെ... ഇനി പിന്നെ മിണ്ടാം ട്ടോ....

ന്റേം വൈഗമോളുടേം ഉമ്മ....

 

മെസ്സേജ് സെന്റ് ചെയ്തിട്ട് വൃന്ദ മൊബൈൽ മേശപ്പുറത്തുവച്ചു. പതുക്കെ വളരെ പതുക്കെ അവളുടെ കണ്ണുകൾ മേശയുടെ മറുപുറത്തേക്ക് നീണ്ടു. അവിടെ വച്ചിരുന്ന ഉടമസ്ഥനില്ലാത്ത, മൊബൈലിൽ പുതിയ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ ടോൺ കേട്ടു. ഒപ്പം വൃന്ദയുടെ കണ്ണുകളിൽനിന്ന് രണ്ടുതുള്ളി കണ്ണുനീർ ആ മേശമേൽ വീണുചിതറി. ആ സമയം പുറത്തുനിന്നും ഒരു തണുത്ത കാറ്റ്, തുറന്നിട്ടിരുന്ന ജനവാതിലിലൂടെ അകത്തെത്തി വൃന്ദയെ തഴുകി തലോടിപ്പോയി. നീറിപ്പിടയുന്ന അവളുടെ മനസ്സിനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം. അവൾക്ക് ശക്തിപകരാൻ എന്നവണ്ണം...

 

English Summary: Njan ottakkalla, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com