പഠനാവശ്യത്തിനായി വാങ്ങി തന്ന സ്മാർട്ഫോൺ, പക്ഷേ...

girl-with-mobile
പ്രതീകാത്മക ചിത്രം. Photocredit : insta_photos/ Shutterstock
SHARE

ഇരുട്ടിനിഷ്ടം തണുപ്പിനെയാണ് (കഥ)

മഴ മാറി നിന്ന ഇറയത്ത്, വൈകിവരുന്ന അച്ഛനെയും കാത്തിരിക്കുന്ന മാളൂട്ടിയുടെ മൊബൈൽ ഒന്ന് വിറച്ചു.

വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷൻ ആണ് ‌.

അവൻ ആണ്. അർഥവും അർത്ഥാന്തരങ്ങളും ചികയാനറിയില്ല എങ്കിലും.... ഒരുപാട് തലങ്ങൾ ഉണ്ട് അവന്റെ ഓരോ മെസ്സേജിനും.

ഞാൻ എന്നെത്തന്നെ, എന്താ പറയാ, ഒരു നിധികുംഭത്തിലാക്കി, പുറംലോകത്തിനു അപ്രാപ്യമായ ഒരിടത്തു, മരീചികകളും കിടങ്ങുകളും തീർത്തു, പോറ്റിവളർത്തിയവരുടെ ചിന്തകൾ സൃഷ്‌ടിച്ച കരിനാഗങ്ങൾ കാവൽ നിൽക്കുന്നയിടത്തിൽ അടച്ചു വെച്ചിരിക്കുകയാണ്!

പതറുന്ന ഓരോ ഇമയനക്കത്തിൽ പോലും അവനാ വേലിക്കെട്ടുകൾ ഓരോന്നും ചാടികടന്നെത്തുകയാണ്.

ശലഭങ്ങൾ, പൂക്കൾ, ഇണപ്രാവുകൾ... അവളുടെ പ്രൊഫൈൽ ചിത്രം ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു... പതിയെ വിടരും പൂപോലെ...

‘‘മാളൂട്ടിയേ ... കറന്റ് വന്നേ നീ കണ്ടില്ലായിരുന്നോ... എന്തെ മെഴുതിരി കെടുത്താതിരുന്നെ?’’

അച്ഛൻ കയറി വന്നതും, കോലായിലെ ബക്കറ്റിൽ നിന്ന്  വെള്ളമെടുത്തു കാലുകഴുകിയതും ഞാൻ കണ്ടില്ല. തന്റെയീ ബോധമില്ലായ്മയ്ക്ക് തനിയെ ഒരു കൊട്ട് കൊടുത്ത് അവൾ എണീറ്റു.

ഖാദറിക്കയുടെ  കടയിലെ ഉള്ളിവട, ചൂടാറിത്തുടങ്ങിയിരുന്നു..  ഇലയിൽ പൊതിഞ്ഞ നല്ല എരിവുള്ള വട കൂട്ടി അച്ഛനൊപ്പം ചായകുടിക്കുമ്പോൾ അവൾ ഓർത്തു...

പഠിത്തത്തിന്റെ പേരും പറഞ്ഞു വാങ്ങിത്തന്ന സ്മാർട്ഫോൺ കയ്യിൽ വെക്കും മുൻപേ അച്ഛൻ പറഞ്ഞ വാക്കുകൾ...

സോറി, അച്ഛാ ഞാനിപ്പോ ആ വഴികളിലൂടെ നടന്നുതുടങ്ങിയിരിക്കുന്നൂ... ആരും നടന്ന വഴികളിലൂടെ അല്ല, എന്റേതായ വഴികളിലൂടെ തന്നെ !!!

പഠിത്തത്തിനു ശേഷം വെളിച്ചം അണച്ച് ഞാൻ കിടന്നു. അച്ഛന്റെ പതിവ്, ഞാനുറങ്ങുന്നത് ഉറപ്പാക്കി വീണ്ടും ലൈറ്റ് അണച്ച് അച്ഛൻ നടന്നു... 

അകലുന്ന കാലടികൾ ഞാൻ ഓരോന്നും എണ്ണി. ആറാമത്തെ കാലടിയും അകന്നു കഴിഞ്ഞിരിക്കുന്നു.

ടേബിളിൽ, പുസ്തകങ്ങൾക്ക് മീതെ വെച്ച ഫോൺ എടുത്ത് പതിയെ ഡാറ്റ ഞാൻ ഓൺ ചെയ്തു... പെയ്ത് തോർന്ന കർക്കിടകം ബാക്കിവെച്ച തണുപ്പിനും, എന്റെ ചൂടിനെ ശമിപ്പിക്കാൻ ആയില്ല. വിറയാർന്ന കൈകൾക്കുള്ളിൽ.. വീണ്ടും ഒരു വിറയൽ....

വാട്ട്സ്ആപ്പ്.

(ഹാ വന്നോ എന്റെ രാജകുമാരി ...)

ഓരോ തവണയും മനസ് പറയും വേണ്ട എന്ന്, ഒക്കെ നിർത്തണം, ഈ ചാറ്റിങ്ങും ചിന്തകളും ഒക്കെ... പക്ഷേ അവൻ പറയുംപോലെ ശരി തെറ്റുകൾ ആപേക്ഷികമല്ലേ...!!?.

ആരും പിടിച്ചുകെട്ടാനില്ലാത്ത, എവിടെയോ തുടങ്ങി എങ്ങോ അവസാനിക്കുന്ന മനസിന്റെ അശ്വമേധങ്ങൾ!

പതിയെ, ഓരോ മറുപടികളായി അവൾ ഉത്തരം നൽകിക്കൊണ്ടിരുന്നു.

(പ്രണയത്തിനു മധുരം കൂടുക വിട്ടുവീഴ്ചകളിലൂടെ ആണല്ലോ...)

വീണ്ടും തലങ്ങൾ ഏറെയുള്ള അവന്റെ വരികൾ...

വേലിക്കെട്ടുകൾ, ഇരുത്തം വന്ന അത്​ലറ്റിനെ പോലെ അവൻ ചാടികടന്നുകൊണ്ടിരിക്കുന്നു. ഞാൻ തീർത്ത മരീചികകളും കടന്നു, കിടങ്ങുകളും താണ്ടി.

ഇനിയാകെ ബാക്കിയുള്ളത് കാവൽ നിൽക്കുന്ന കരിനാഗങ്ങൾ മാത്രം!

English Summary: Iruttinishtam thanuppineyanu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;