ADVERTISEMENT

തെറ്റുകളുടെ പുസ്തകം (കഥ)

അരയ്ക്കൊപ്പം പൊക്കമുള്ള ഉണങ്ങിയ പുല്ലുകളെ വകഞ്ഞു മാറ്റി ഞാൻ നടന്നു. അവയ്ക്ക് പൊന്നിന്റെ നിറം. ആ വഴി തീരുന്നിടത്ത് തൊട്ടപ്പുറം കാണുന്ന കടൽത്തീരവുമായി അതിരു തിരിച്ചിരുന്നത് വലിയ കരിങ്കൽച്ചീളുകളായിരുന്നു. അടുത്ത് എത്തിയപ്പോഴാണ് കണ്ടത് സന്ധ്യമയങ്ങും മുന്നേ അവയെല്ലാം സുഖസുഷുപ്തിയിലായിരുന്നു. കറുകനാമ്പുകൾ നെയ്ത സ്വർണ്ണപ്പുതപ്പിനടിയിൽ. മൂത്തുവിളഞ്ഞ കറുകവിത്തുകൾ സുവർണ്ണമുത്തുകൾ പിടിപ്പിച്ച തൊങ്ങലുപോലെ ഞൊറികളിൽ ഞാണ്ടു കിടന്നു. 

 

അവിടെ നിന്നു നോക്കുമ്പോൾ കടലും ഉച്ചമയക്കം വിട്ടുണർന്നിട്ടില്ല എന്നു തോന്നി.

സിമന്റും മണലും കൂട്ടിക്കുഴച്ച് പരുക്കൻ തേച്ച മിനുസപ്പെടുത്താത്ത നിലം പോലെ അതങ്ങനെ നീണ്ടുനിവർന്നു കിടക്കുന്നു. ഞാനാ കല്ലുകളെ ചവുട്ടിക്കടന്ന് തീരത്തെ മണലിലേക്ക് കടന്നു. പാദം ചുട്ടുപൊള്ളുന്നു. നടത്തത്തിന് വേഗത കൂട്ടി വെള്ളത്തിലേക്കിറങ്ങാൻ ധൃതിപ്പെട്ടു. പക്ഷേ പറിച്ചെടുക്കാൻ ശ്രമിക്കുന്തോറും കാലുകൾ കൂടുതൽ ആഴത്തിലേക്ക് പതിഞ്ഞു പോകുന്നു. പെട്ടെന്ന് കാറ്റ് അലസഭാവം വെടിഞ്ഞ് ധൃതതാളത്തിലായി. ഉടുത്തിരുന്ന മുണ്ട് പട്ടം പോലെ ഉയർന്നു പൊന്തി. അരയിൽ കൈകൾ മുറുക്കി ചുറ്റുമ്പോഴേക്കും ചുവടിളകിയ എന്നെ കാറ്റ് പിന്നിൽ നിന്നു തള്ളി മറിച്ചിട്ടു. 

 

ദേഹമാസകലം ചൂടുമണലിൽ പൊരിക്കും പോലെ. തട്ടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ വീണ്ടും വീണ്ടും കാറ്റിന്റെ പ്രഹരത്തിൽ അടിയുറക്കാതെ ഞാൻ വീണു പോയി. അപ്പോൾ അവ്യക്തമായൊരു കരച്ചിൽ കേട്ടു - ഒരു കുട്ടിയുടെ. എനിക്കു ചുറ്റും പാറുന്ന ധൂളികൾക്കിടയിലൂടെ ഞാനവനെ കണ്ടു. കടൽത്തീരത്ത് ഒറ്റപ്പെട്ട് , പകച്ചു നിൽക്കുന്ന ഒരു ബാലൻ.

 

ഭ്രാന്തമായ ആവേശത്തോടെ അവനെ കോരിയെടുക്കാൻ വരുന്ന തിരകളെ തോല്പിക്കാൻ ഞാനൊരു ശയനപ്രദക്ഷിണം നടത്തി. അവൻ നിന്നിരുന്നിടത്ത് ഞാൻ എത്തിയപ്പോഴേക്കും അവനേയും കൊണ്ട് ആ തിര മടങ്ങിയിരുന്നു. തിരക്കൈകളിൽ തൊട്ടിലാടുന്ന പോലെ അവൻ പൊങ്ങിയും താന്നും .....

അവന്റെ അലറിക്കരച്ചിൽ ആ തിരകളേക്കാൾ ശക്തമായി എന്റെ കാതുകളിൽ അലയടിച്ചു. സർവ്വശക്തിയുമെടുത്ത് കൈകാലുകൾ കുടഞ്ഞ് ഞാൻ കുതറിയെഴുന്നേറ്റു.

 

*************************

 

എന്തോ വീണുടയുന്ന ശബ്ദം.. അപ്പോഴാണ് സ്ഥലകാലബോധം വന്നത്. കട്ടിലിനരികിൽ വച്ചിരുന്ന കൂജയിൽ കൈ തട്ടി അത് മറിഞ്ഞു വീണിരിക്കുന്നു. മുറിയിലാകെ ചിതറിയ ചുവന്ന കളിമൺ തുണ്ടുകളും മേശയ്ക്ക് ചുറ്റും തളം കെട്ടിയ വെള്ളവും. കടലിൽ വീണെന്ന പോലെ എന്റെ ദേഹമാസകലം ഉപ്പുവെള്ളം കൊണ്ട് കുതിർന്നിരുന്നു. ചുണ്ടിലേക്കിറ്റുവീണ വിയർപ്പുതുള്ളികളെ ഞാൻ അറപ്പോടെ തട്ടി മാറ്റി. 

 

ദുഃസ്വപ്നങ്ങൾ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ മൂന്ന് മാസത്തോളം. അന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടക സംഘത്തെ അമ്പലനടയിൽ കണ്ടതിനു ശേഷം. പൂജ കഴിഞ്ഞ് നട തുറന്നപ്പോൾ കണ്ട കറുത്ത വസ്ത്രധാരികളായ പുരുഷാരം. ശബരിമല തീർത്ഥാടകർ എന്നതിൽക്കവിഞ്ഞ് അവരെ ശ്രദ്ധിച്ചില്ല. മുപ്പതാണ്ടുകൾക്കുമേൽ ശാസ്താക്ഷേത്രത്തിലെ കാർമ്മികനായ തനിക്ക് മണ്ഡലപൂജ നാളുകളിലെ ഈ ഭക്തപ്രവാഹം പുതുമയുള്ള കാഴ്ചയല്ലല്ലോ.

 

എന്നാൽ തീർത്ഥവും പ്രസാദവും ഏറ്റുവാങ്ങുമ്പോൾ അവരിൽ ഒരു ചെറുപ്പക്കാരന്റെ കൈകൾ വിറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മുപ്പത് - മുപ്പത്തി രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന തേജസ്സാർന്ന മുഖം. കല്ലിൽ ഉരച്ചെടുത്ത ചന്ദനം കുളിർമ്മയാകേണ്ട നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിയുന്നത് കണ്ടു. നെറ്റിത്തടം കുറുകെ നീട്ടിവരച്ച കുറിയിലും ഒളിപ്പിക്കാനാവാതെ വലിയാരു മുറിവുണങ്ങിയ ചന്ദ്രക്കല അയാളുടെ വലതു പുരികത്തിന് മുകളിലായി തെളിഞ്ഞു നിന്നു.

 

അതിൽ കരളുടക്കി ഒരു നിമിഷം നിന്നു പോയ എനിക്ക് മുഖം തരാതെ കണ്ണുകളിൽ എന്തോ ഒളിപ്പിച്ച് അയാൾ പ്രദക്ഷണത്തിന് തിടുക്കപ്പെട്ടു. പ്രസാദവിതരണം കഴിഞ്ഞ് ഞാൻ ശ്രീകോവിലിനു പുറത്ത് ഇറങ്ങിയപ്പോഴേക്കും അവരുടേതെന്ന് തോന്നിയ ഒരു വാൻ ക്ഷേത്രമതിൽ കടന്ന് പോയിരുന്നു. എങ്കിലും അയ്യപ്പനു മുന്നിലെ എള്ളുതിരികളുടെ വെളിച്ചത്തിൽ കണ്ട ആ ചെറുപ്പക്കാരന്റെ മുഖം എണ്ണ വറ്റാത്ത കൽവിളക്കായി മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്നു.

 

നെറ്റിത്തടത്തിലെ ആ മുറിപ്പാടിലൂടെ ഞാൻ സദാ വിരലോടിച്ചു കൊണ്ടിരുന്നു. ഒടുവിലാ രഹസ്യത്താഴ് തുറന്നുകിട്ടി അകത്തു കയറി. അടഞ്ഞ വാതിലുകൾ ഓരോന്നായി എനിക്കുമുന്നിൽ ആരോ തുറന്നു തരും പോലെ... ചില ഓർമ്മപ്പടവുകളിൽ തട്ടി വീണെങ്കിലും ഇപ്പോൾ എല്ലാം വ്യക്തം. ആ പടികളിറങ്ങി ഞാൻ പിന്നോക്കം പോയത് രണ്ടു പതിറ്റാണ്ടുകൾക്കപ്പുറത്തേക്കാണ്.

 

**********"**************

 

അത്താഴപൂജ കഴിഞ്ഞ് ഞാൻ മടങ്ങിയെത്തിയിട്ടും പന്ത്രണ്ടുകാരനായ പുത്രൻ ഇല്ലത്ത് എത്തിയിട്ടില്ല. എട്ടാം വയസിൽ ഉപനയനം കഴിപ്പിച്ചതാണ്. വേദങ്ങളും, ഉപനിഷത്തുകളും, ധർമ്മ ശാസ്ത്രങ്ങളും സ്വായത്തമാക്കി ആത്മീയ ശുശ്രൂഷയിലേക്ക് വളരേണ്ട കുട്ടി അവയിലൊന്നും താല്പര്യമില്ലാതെ കാല്പനീക ലോകത്തിൽ അലഞ്ഞു നടക്കുന്നു. ഉപദേശങ്ങളും ശകാരങ്ങളും കമിഴ്ത്തിയ മൺകുടത്തിനുമേൽ അർപ്പിച്ച ധാരയായി.

 

നീണ്ടനാൾ നടത്തിയ പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും ഫലമായി ലഭിച്ച ഉണ്ണിയെ സങ്കടപ്പെടുത്തരുതേ എന്ന് നേത്രങ്ങൾ ജലകുംഭങ്ങളാക്കി സംവദിച്ച അന്തർജനം. തനിക്കു ശേഷം പൂജാവിധികൾ ഏറ്റെടുത്ത് നടത്താൻ പിന്നെ ആരുണ്ട് എന്ന ചോദ്യത്തിന് തൊഴു കൈകൾ മാത്രം മറുപടി. അന്നേ ദിവസം സകല നിയന്ത്രണങ്ങളും വിട്ടു. മകനെക്കാത്ത് ഉമ്മറപ്പടിയിൽ തന്നെ കാവലിരുന്നു. പടിപ്പുര കടന്ന് ഇരുചകങ്ങളിൽ ഉരുണ്ടു വരുന്ന ശകടത്തിന്റെ വെളിച്ചം കണ്ണിൽ പതിച്ചപ്പഴേ അമർഷം നുരഞ്ഞു പൊന്തി. ചേറും വിയർപ്പും പൊതിഞ്ഞ കുപ്പായത്തിന്റെ രൂക്ഷഗന്ധം പിടിക്കപ്പുറത്തു നിന്നേ നാസാഗ്രങ്ങളെ ഉന്മത്തമാക്കി. ഒരു കുറ്റവാളിയുടെ മുഖം. ഉള്ളിലെ രോഷം ഒരലർച്ചയായി പുറത്തേക്കു വന്നു. 

 

‘‘എവിടെയായിരുന്നു ഇത്ര നേരം ?’’

 

‘‘ച ചങ്ങാതിമാർക്കൊപ്പം  ക ളി പ്പ ന്ത്...’’

 

വിക്കി വിക്കി ഇടമുറിഞ്ഞ് വന്ന അവന്റെ നേർത്ത ശബ്ദം മുഴുമിപ്പിക്കാൻ നിന്നില്ല. അരമതിലിൽ ഇരുന്ന ഓട്ടുകിണ്ടിയെടുത്ത് വീശിയൊരേറ്. പഴകിയുറഞ്ഞ പലകപ്പടികളിൽ ഒരു പടയണിയാട്ടക്കാരനെപ്പോലെ ചവുട്ടിയുറഞ്ഞ് ഞാൻ പുറത്തേക്ക് പാഞ്ഞു.

 

കോലായുടെ തുഞ്ചത്തായ് വീണു കിടന്ന അവനെ കടന്നുപോകുമ്പോൾ നെറ്റിയിൽ രക്തചന്ദനം അരച്ചിട്ടപോലൊരു കുറി പടരുന്നതു കണ്ടു. പടിപ്പുര കടക്കുമ്പോൾ കൺകോണിലൂടെ കണ്ടു എന്റെ അനുവാദം കൂടാതെ പൂമുഖത്തെ ഉമ്മറപ്പടി കടന്ന് കോലായിലേക്കിറങ്ങുന്ന ‘ധിക്കാരി’യായ സഹധർമ്മിണിയെ.

 

പിറ്റേന്ന് പുലർച്ചെയാണ് അറിഞ്ഞത് എന്റെ മകനെ കാൺമാനില്ലാന്ന്. തേടാവുന്ന ദേശത്തൊക്കെ തിരഞ്ഞു, ആണ്ടുകളോളം. ഒരു തിരച്ചിലും ഫലം കണ്ടില്ല. അതോടെ കുടുംബം എന്നത് വെറും മേൽക്കൂരയായി. കുട്ടിക്ക് സമപ്രായക്കാർക്കൊപ്പം ചില ഇളവുകൾ കൊടുക്കണമെന്നും, എപ്പോഴും അവനോട് ശുണ്ഠിയായാൽ തിരികെയും അങ്ങനെ തന്നെ ആകുമെന്നും അകത്തുള്ളവർ കൂടെക്കൂടെ പറയുമായിരുന്നു. ആ ഉപദേശം ഒരു അഹങ്കാരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

 

ഭർത്താവിനെ നയിക്കാനും തിരുത്താനുമുള്ള  ഉദ്യമത്തിന് ‘അഹന്ത’ എന്നല്ലാതെ മറ്റെന്താണ് പറയുക! അങ്ങനെ പറഞ്ഞുണ്ടാക്കിയ ഗർവ്വല്ലേ ഇപ്പോൾ കുട്ടിയുടെ ഒളിച്ചോട്ടത്തിൽ കലാശിച്ചത്. അതിനു തക്ക ശിക്ഷ ഞാനവർക്കു കൊടുക്കുകയും ചെയ്തു. തികഞ്ഞ അവഗണന. അങ്ങനൊരാൾ ഈ അകത്തളങ്ങളിൽ ഉണ്ടെന്ന് ഞാൻ ഭാവിച്ചില്ല. ദാസ്യവൃത്തിക്കു പോലും അവരുടെ സഹായം സ്വീകരിച്ചതുമില്ല. ഗൃഹസ്ഥന്റെ കെട്ടുപാടുകളെല്ലാം ഭേദിച്ച ജീവിതചര്യ അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഇരുപത്തിരണ്ട് ആണ്ടുകൾ. ഇതിനിടയിൽ വിമർശനങ്ങൾ എനിക്കുചുറ്റും കല്ലുമഴയായ് തകർത്തു പെയ്തു.

 

ജീവിതമെന്ന വെളുത്ത കടലാസിൽ കറുത്ത മഷി കൊണ്ട് ഞാൻ എഴുതിയ, മായ്ച്ചു കളയാൻ പറ്റാത്ത ഉത്തരങ്ങൾ വിധി നിർണ്ണയം നടത്തി കാലം തിരികെ ഏല്പിച്ചു. ശരിയെന്ന് ഉറച്ചു വിശ്വസിച്ച്, നടുപാതിയിൽ മടക്കി ഞാൻ കൊടുത്ത ഉത്തരക്കടലാസിലെ വരികൾക്കിടയിൽ ചുവന്ന കുരിശടയാളങ്ങൾ വരച്ച് കാലം അട്ടഹസിച്ചു. അവയിൽ നിന്നൂറ്റിയ ചുവപ്പിനെ കുറ്റബോധമായി സിരകളിൽ നിറയ്ക്കാൻ തുടങ്ങിയത് ആ ചെറുപ്പക്കാരന്റെ മുഖം കണ്ടതിനു ശേഷമാണ്. സ്വന്തം തെറ്റുകളുടെ താളുകൾ ചേർത്തു വച്ച് ഞാൻ എന്നൊരു പുസ്തകം രൂപപ്പെട്ടിരിക്കുന്നു. അതിലെ ഏടുകൾ പൂർണ്ണമായി മറിയും മുൻപേ വെള്ള പുതയ്ക്കാത്ത ഒരു ശരി അവശേഷിപ്പിക്കണം.

 

*******************

 

ക്ഷേത്രത്തിലെ വഴിപാടു പുസ്തകത്തിൽ നിന്ന് ഉത്തരേന്ത്യൻ തീർത്ഥാടകരുടെ വിലാസം തരപ്പെടുത്തി. ആരോടും പറയാതെ പിറ്റേന്ന് രാത്രി തന്നെ പുറപ്പെട്ടു. ഒന്നു മാത്രം ഉറപ്പിച്ചു -വടക്കിനിയിലെ മുറിക്കകത്ത് വിളക്ക് അണഞ്ഞിരിക്കുന്നു. തന്നെക്കൂടി കാണാതായാൽ ഉരുകിത്തീരട്ടെ ആ നശിച്ച ജന്മം. എന്റെ ജീവിതത്തിലെ ആ വലിയ ശരിയുമായിട്ടു വേണം ഇനി അവരുടെ മുന്നിൽ വന്നു നിൽക്കാൻ.

 

ദേശം വിട്ടൊരു യാത്ര ഇത് ആദ്യമാണ്. തെല്ലു പരിഭ്രമം തോന്നാതിരുന്നില്ല , തീവണ്ടിയുടെ ജനാലയ്ക്കൽ ഇരിപ്പിടം കണ്ടെത്തും വരെ. ചൂളം വിളിച്ച്, ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷൻ വിടുമ്പോൾ അതിന്റെ ഗതിവേഗം എന്റെ ഹൃദയ താളത്തേക്കാൾ പിന്നിലായിരുന്നു. മനസ്സ് കലുഷിതമായിരുന്നു. കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളായി ഞാൻ സഹിച്ച പരിഹാസങ്ങളും അധിക്ഷേപങ്ങളും. ചിലത് കാരമുള്ളുകൾ പോലെ ഇപ്പോഴും മനസ്സിൽ തറഞ്ഞിരിക്കുന്നു. 

 

ഇരുൾ വീണുറങ്ങുന്ന പാളങ്ങളിലൂടെ സ്വന്തം വഴി തെളിച്ചു നീങ്ങുന്ന ബഹുചക്രങ്ങൾ.. ഒന്നിന് പുറകേ ഒന്നായി അണിനിരന്ന് ഓർമ്മകൾ അവയ്ക്കൊപ്പം വേഗത കൂട്ടി. ശ്മാനത്തിലെ കല്ലറകൾക്ക് കാവലിരിക്കുന്ന പേരും തീയതിയും കുറിച്ച ശിലാഫലകങ്ങളെപ്പോലെ പരാജയങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ ആ തീവണ്ടി വെളിച്ചത്തിൽ മിന്നിമറഞ്ഞു. എനിക്കെതിരെ ഉതിരുന്ന ഒരു നോട്ടം പോലും ഞാൻ ഉൾക്കൊണ്ടിട്ടില്ല. തന്റെ ഭാര്യയോ മകനോ അവരുടെ ശരികൾ കൊണ്ടെന്നെ തോൽപ്പിക്കുമെന്ന് ഞാൻ ഭയന്നു. എനിക്ക്, എനിക്ക് ഞാൻ മാത്രമായിരുന്നു ശരി.

ഞാൻ പൂജിച്ചത് ശിലയിലും ലോഹത്തിലും തീർത്ത ദൈവങ്ങളെയായിരുന്നു, ചിന്തയും തൃഷ്ണയുമുള്ള മനുഷ്യരെയല്ലായിരുന്നു.

 

*******************

ശ്രീബുദ്ധന്റേയും ആദിശങ്കരന്റേയും പാദസ്പർശം കൊണ്ട് പാവനമായ വാരണാസിയിൽ ഘാട്ടിലെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ നിർവാണത്തിലേക്ക് എന്നു തോന്നി. ഗംഗയിൽ മുങ്ങി നിവർന്നപ്പോൾ അവാച്യമായൊരു ചൈതന്യം അനുഭവപ്പെട്ടു. പട്ടിന്റേയും പരവതാനിയുടേയും പൂജാപുഷ്പങ്ങളുടേയും വർണ്ണക്കാഴ്ചകൾ.

 

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രസഞ്ചയങ്ങൾക്കിടയിലൂടെ ഒരു ഭിക്ഷാംദേഹിയായി അലയുമ്പോൾ എന്റെ മനസ്സും ജീർണ്ണിച്ചു തുടങ്ങിയിരുന്നു. എങ്ങും കാവി ചുറ്റിയ മെലിഞ്ഞ ശരീരങ്ങളും നീട്ടി വളർത്തിയ ദീക്ഷകളും കളഭം മറച്ച നെറ്റികളുമുള്ള കാശീനാഥപ്രജകൾ .... അവയ്ക്കിടയിൽ ഞാൻ തേടി നടന്ന ഭിക്ഷ ചന്ദ്രക്കലയുള്ള, ഓജസ്സുള്ള ആ മുഖമാണ്. ഓരോ ചുവടിലും പരിചിതമായൊരു മൺതരി തേടുന്ന പാദങ്ങളെപ്പോലെ !

 

മടിയിൽ ഭദ്രമായി കരുതിയിരുന്ന വിലാസമെഴുതിയ തുണ്ടുകടലാസ് പലതവണ മടക്കിയും നിവർത്തിയും ആയുസ്സെത്തിയ പോലെ തോന്നിച്ചു. ആറാം ദിവസത്തിനൊടുവിൽ അതെന്നെ ആ പേരിന്റെ ഉടമസ്ഥനിലേക്ക് എത്തിക്കുമ്പോൾ നദിക്കു മുകളിലായി കെട്ടിയ വലിയ ലോഹത്തട്ടിൽ ശിഷ്യരോടൊപ്പം അഗ്നി പൂജയിലായിരുന്നു അദ്ദേഹം.

 

പത്തി വിടർത്തിയ അനന്തരൂപം ഗംഗയിലെ കാറ്റിലണയാതെ ഹോമാഗ്നിയെ കാക്കുന്നു. ആചാര്യൻ പൂജാദ്രവ്യങ്ങൾ ക്രമത്തോടെ അഗ്നീദേവന് സമർപ്പിക്കുന്നു. താളാത്മകമായി മന്ത്രങ്ങൾ ഏറ്റുചൊല്ലുന്ന അനുചരന്മാരിലൂടെ എന്റെ കണ്ണുകൾ ഇഴഞ്ഞിറങ്ങി. ഇല്ല; ആ ചെറുപ്പക്കാരൻ ഈ കൂട്ടത്തിലുമില്ല. പൂജ കഴിയും വരെ കാത്തു നിന്നു. ആചാര്യനെ വണങ്ങി, ആംഗ്യ ഭാഷയിൽ ആഗമനോദ്ദേശം അറിയിച്ചു.

 

ത്രികാലജ്ഞാനത്തിന്റെ തൃക്കണ്ണു പോലെ പുരികങ്ങൾക്കു നടുവിൽ വലിയൊരു തിലകക്കുറി. ശാന്തഗംഭീരമായ ആ മിഴികളിൽ പടർന്നത് സഹതാപത്തിന്റെ തിരയിളക്കങ്ങളോ? നിരാശയ്ക്ക് ഭാഷയേതായാലും മുഖം ഒന്നാണല്ലോ.  അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് എനിക്കു മനസ്സിലായത് ഇത്രയുമാണ്. 

പുണ്യം തേടിയെത്തുന്ന വിദേശ സഞ്ചാരികളുടെ കൂടി നാടാണ് വാരണാസി. അവിടെ വന്നു പോകുന്ന അസംഖ്യം സഞ്ചാരികളിൽ നേപ്പാളിൽ നിന്നു വന്ന ഒരു സംഘത്തോടൊപ്പം മൂന്നു മാസം മുൻപ് ശബരിമല തീർത്ഥാടനം നടത്തിയിരുന്നു. യാത്രക്കൊടുവിൽ വഴി പിരിഞ്ഞ ദേശാടനക്കിളികളിൽ ഒന്നായിരുന്നു എന്റെ മകനും. അവനെ തിരഞ്ഞ് അവിടെ തുടരുന്നതിന്റെ നിരർത്ഥകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

ഈ വിശ്വം ജയിക്കാൻ അശ്വമേധത്തിന് ഒരുങ്ങിയ ഞാൻ പരാജിതനായി മടങ്ങാനോ? 

ഒരു ജന്മം കൊണ്ട് ചെയ്തു തീർത്ത പാപങ്ങൾക്കു പരിഹാരമായി വലിയൊരു ശരി എന്ന പ്രായശ്ചിത്തം ഇല്ലെന്നുവരികിൽ കാശീനാഥന് അടിയറവ് വയ്ക്കാം ഈ ദുഷ്ജന്മം. സൂര്യനും ചന്ദ്രനും ഒന്നേയുള്ളൂ എങ്കിലും ഈ പ്രപഞ്ചം മുഴുവനും അവയെ കാണുന്നുണ്ടല്ലോ.... ഈ പ്രപഞ്ചത്തിൽ എവിടെയായിരുന്നാലും എന്റെ മകന് അച്ഛന് മാപ്പു കൊടുക്കാൻ കഴിയുന്നൊരുനാൾ അവൻ അച്ഛനുള്ളിടത്ത് മടങ്ങിയെത്തട്ടെ. മാതാപിതാക്കളെ പിരിഞ്ഞ ശാസ്താവിനെ ഈ ജീവിതം കൊണ്ട് പൂജിച്ച എനിക്ക്  ഈശ്വരേച്ഛ മറിച്ചാണെങ്കിൽ മോക്ഷമാർഗ്ഗവും ഇവിടെത്തന്നെയാകാം. ഇനിയൊരു ജന്മം അർഹിക്കാത്ത തെറ്റുകളുടെ ഈ പുസ്തകം പാപനാശിനീ നദിക്കരയിൽ കത്തിയമരട്ടെ.

 

English Summary: Thettukalude pusthakam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com