പ്രിയപ്പെട്ടവരെ ഒപ്പം കൂട്ടാൻ സാധിക്കാത്ത യാത്ര!

man-alone
പ്രതീകാത്മക ചിത്രം. Photocredit :Jaromir Chalabala/ Shutterstock
SHARE

തനിയെ  (കഥ)

അയാൾ ഒരു യാത്ര പോകുകയായിരുന്നു, തനിച്ച്. അല്ല, ആ യാത്രയിൽ അയാൾ തനിച്ചായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. കാരണം ചില യാത്രകളിൽ നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരെ ഒപ്പം കൂട്ടാൻ സാധിക്കുകയില്ലല്ലോ? അത്തരമൊരു യാത്രയുടെ അവസാന പർവ്വത്തിലായിരുന്നു അയാൾ. വിരസതയകറ്റാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ അയാൾ പതിയെ ഓർമ്മകളെ കൂട്ടുപിടിച്ചു. അല്ലെങ്കിലും ഏകാന്തയാത്രകളിൽ ഓർമ്മകൾ മാത്രമേ കൂട്ടുകാണൂ. 

കാണേണ്ടയാൾ എത്താമെന്ന് പറഞ്ഞയിടത്ത് എത്തിച്ചേർന്നപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പക്ഷേ മറ്റേയാൾ എത്തിച്ചേർന്നിട്ടുണ്ടായിരുന്നില്ല. സമയത്തിന്റെ കാര്യത്തിൽ സ്വതവേ കണിശക്കാരനായിരുന്ന അയാൾ അതുകൊണ്ടു തന്നെ അസ്വസ്ഥനായി.  ഒരു ചായ കുടിക്കാമെന്നുവച്ചാൽ ഇവിടെയെങ്ങും ഒരു കടപോലുമില്ല. അതുകൊണ്ട് അയാൾ അടുത്തുകണ്ട ഒരു മരചുവട്ടിലേക്കു നടന്നു. അൽപനേരം ഇവിടെ ഇരിക്കാം. അപ്പോഴാണയാൾ ശ്രദ്ധിച്ചത്. ഇതെന്തു മരമാണ്? അത്തരമൊരു മരം അയാൾ അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. ആ മരത്തിന്റെ ഹരിതസമൃദ്ധി അയാളെ വല്ലാതെ ആകർഷിച്ചു. അതിന്റെ ശിഖരങ്ങൾ അങ്ങ് ദൂരെ, മേഘങ്ങൾക്കുള്ളിലാണെന്ന് തോന്നിച്ചു. ആ മരത്തിനു താഴെ അനുഭവപ്പെട്ട  കുളിർമ്മ അവാച്യമായ ഒരു അനുഭൂതിയിലേക്ക് അയാളെ തള്ളിവിട്ടു. അവിടെ ഏതാനും ചില ആളുകൾകൂടി ഇരിപ്പുണ്ടായിരുന്നു. അവരും ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണെന്നു തോന്നുന്നു. പരിചിത മുഖങ്ങളല്ല ആരും തന്നെ. അതുകൊണ്ടു തന്നെ അയാൾ സ്വസ്ഥമായി തനിച്ച് ഒരിടത്തിരുന്നു.  വിരസമായ കാത്തിരിപ്പ്!

അയാൾ അപ്പോൾ അമ്മുവിനെയും കുട്ടികളേയും കുറിച്ചോർത്തു. അവരിപ്പോൾ എന്തെടുക്കുകയാകും?  കുട്ടികൾ സ്‌കൂളിൽ പോയിട്ടുണ്ടാകുമോ?  ഛെ, താനെന്തൊരു മണ്ടൻ.  കൊറോണകാലമായതിൽ പിന്നെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന കാര്യമേ മറന്നു!  വീട്ടിലിരുന്ന് ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കുന്നുണ്ടാകും. അമ്മു അടുക്കളയിൽ തിരക്കിലായിരിക്കും. അവൾ എപ്പോഴും അങ്ങിനെയാണ്. തിരക്കൊഴിഞ്ഞ നേരമില്ല. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. അപ്പോൾ താനോ?  ഛെ, വീണ്ടും അബദ്ധം! താനിപ്പോൾ ഇവിടെ, ഈ ഹരിതകുളിർമ്മയിൽ, ഓരോന്ന് ആലോചിച്ചുകൊണ്ട് ഇരിക്കുകയാണല്ലോ?  കാണേണ്ടയാൾ ഇപ്പോഴൊന്നും വരുന്ന ലക്ഷണമില്ല. 

ഇന്നലെ ഓഫീസിൽ പോകാൻ ബൈക്കിൽ കയറുമ്പോൾ വൈകുന്നേരം അല്പം നേരത്തെ വരണമെന്ന് അമ്മു ഓർമ്മിപ്പിച്ചതയാളോർത്തു. കുട്ടികളിൽ ഒരാളുടെ ബർത്ത്ഡേ ആണ്.  ചക്കപ്പായസം ഉണ്ടാക്കിവയ്ക്കാമെന്നും അമ്മു പറഞ്ഞിരുന്നു.  അവളുടെ വീട്ടിൽനിന്നും കൊണ്ടുവന്ന ചക്കവരട്ടിയാണ്. അവരുടെ ഗ്രാമത്തിൽ അവളുടെ അച്ഛന് വലിയൊരു പറമ്പും ആ പറമ്പിൽ ധാരാളം പ്ലാവുകളുമുള്ളതുകൊണ്ട് ധാരാളം ചക്കയുണ്ടാകും. ചക്ക നെയ്യിൽ വരട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്ന ഒരു പതിവുണ്ട് അവളുടെ വീട്ടിൽ. കുറേനാൾ അതങ്ങിനെ കേടുകൂടാതെയിരിക്കും. അതിൽനിന്ന് കൊടുത്തയയ്ക്കുന്നത് കൊണ്ടാണ് അമ്മു ചക്കപ്പായസം ഉണ്ടാക്കുന്നത്. തനിക്കേറെ പ്രിയപ്പെട്ടതാണ് ചക്കപ്പായസം. ചക്കവരട്ടിയതിൽ തേങ്ങയുടെ രണ്ടാംപാലും അല്പം പനംചക്കരപ്പാനിയും നെയ്യിൽ വറുത്ത തേങ്ങാകൊത്തും അണ്ടിപ്പരിപ്പും കൂടി ചേർത്ത് കുറുകിവരുമ്പോൾ ഒന്നാംപാൽ ചേർത്ത് വാങ്ങുന്നു. അടുക്കളയിൽ ഉരുളിയുടെ മൂടി തുറന്നാൽ എവിടെവരെ അറിയാമെന്നോ? 

സമയം കടന്നു പോകുന്നു.  കാത്തിരിപ്പിന് ദൈർഘ്യം ഏറുകയാണ്. മരചുവട്ടിലെ കുളിരിന് കനം വയ്ക്കുന്നു. കോടമഞ്ഞു പോലെയുള്ള ഒരാവരണം ആ മരച്ചുവടിനെ ഗ്രസിക്കാൻ തുടങ്ങിയിരിക്കുന്നു.  കൊള്ളാം, നല്ല രസം! അയാൾ തൊട്ടടുത്തിരിക്കുന്നയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഒരു ചെറുപുഞ്ചിരിയിനിന്നാണല്ലോ സൗഹൃദങ്ങൾ ആരംഭിക്കുന്നത്?  പക്ഷേ മറ്റേയാളുടെ മുഖത്തെ നിർവികാരത അയാളെ വല്ലാതാക്കി.  ഇയാളെന്തു മനുഷ്യനാണ്?  ഒന്ന് പുഞ്ചിരിച്ചിട്ടുകൂടി കണ്ടഭാവം നടിക്കുന്നില്ല.  ആ, എന്തെങ്കിലുമാകട്ടെ. ആളുകൾ പല തരക്കാരാണല്ലോ? അയാൾ ചിരിച്ചില്ലെങ്കിൽ വേണ്ട, താനും ചങ്ങാത്തത്തിനില്ല. അത്ര തന്നെ! 

അയാളുടെ ഓർമ്മ തന്റെ വീട്ടുമുറ്റത്തേയ്ക്കും പിന്നീട് കമുകിൻതോപ്പുകൾ അതിരിടുന്ന നാട്ടിടവഴിയിലേക്കും മടങ്ങിയെത്തി. വീട്ടിൽനിന്ന് നേരെ ഇറങ്ങുന്നത് ഇടവഴിയിലേക്കാണ്. കമുകിൻതോപ്പിനു നടുവിലൂടെയുള്ള ആ ഇടവഴിയിലൂടെ സഞ്ചരിക്കാൻ നല്ല രസമാണ്. കമുകിൽ നിറയെ അണ്ണാറക്കണ്ണമാർ ചിലച്ചുകൊണ്ട് ഓടുന്നുണ്ടാകും. നല്ല രസമാണ് അവയെ കണ്ടിരിക്കാൻ.  ഇടയ്ക്ക് വീശുന്ന ഇളം തെന്നൽ ആ ഇടവഴിയിലൂടെയുള്ള യാത്രകളെ മാസ്മരികമാക്കുന്നു. വല്ലാത്തൊരു വശ്യതയോടെ! അന്തരീക്ഷത്തിൽ നിറയുന്ന നാട്ടുമണങ്ങൾ. പേരറിയാത്തതും അറിയുന്നതുമായ സുഗന്ധങ്ങൾ ആ കാറ്റിലങ്ങിനെ പാറിവരും. തന്റെ ഗ്രാമത്തിന്റെ സുഗന്ധം. കാറ്റിൽ പാറി പറക്കുന്ന അപ്പൂപ്പൻതാടികൾക്കുപിറകേ  ഓടിനടന്ന ഒരു ബാല്യമുണ്ടായിരുന്നു. അപ്പൂപ്പൻതാടികൾ! തന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട് അവ.

അൽപ്പം കൂടെ മുന്നോട്ടു പോയാൽ മനപ്പറമ്പായി.  മനപ്പറമ്പിൽ വലിയൊരു സർപ്പക്കാവുണ്ട്. വന്മരങ്ങളും വള്ളിപ്പടർപ്പുകളും തീർക്കുന്ന കാലാതീതവും കാല്പനികവുമായ ഒരു സുന്ദര ലോകം. നിശബ്ദതയുടെ ആഴവും ആത്മാവും കുടികൊള്ളുന്ന പരിപാവനമായ വനസ്ഥലി. അരയാലും പേരാലും ആഞ്ഞിലിയും തണൽ വിരിക്കുന്ന ഹരിതസമൃദ്ധ ഭൂമിക. ഓടപ്പഴം പഴുക്കുന്ന കാലമാകുമ്പോൾ ചോമാരോടത്തെ കുമാരനാണ് കാവുകയറി അവ കൊണ്ടുവന്നു തരിക. മഞ്ഞനിറത്തിൽ പഴുത്തു പാകമായിക്കിടക്കുന്ന ഓടപ്പഴക്കുലകൾ കാവിലെ മരപ്പട്ടികൾക്കുപോലും തിന്നാൻ കിട്ടുന്നതിനുമുമ്പേ കുമാരൻ കൈക്കലാക്കിയിരിക്കും! കണ്ടാൽ അടയ്ക്ക പോലെ തോന്നുന്ന ഓടപ്പഴത്തിന്റെ മധുരവും ചവർപ്പും കലർന്ന രുചി ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു.  

ഇപ്പോൾ കാവിൽ ഓടപ്പഴം ഉണ്ടാകുമോ ആവോ? കുമാരൻ മരിച്ചിട്ടിപ്പോൾ രണ്ടുവർഷമാകുന്നു.  നസ്രാണിപ്പറമ്പിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. കശുമാവിൻതോപ്പിലെമ്പാടും ചിതറിക്കിടന്ന ഉണക്കിലകൾക്കിടയിൽ ഒരു അണലിയുണ്ടായിരുന്നത് കുമാരൻ അറിഞ്ഞില്ലെന്നാണ് പിന്നീട് കണക്കിവള്ളിയമ്മ പറഞ്ഞുകേട്ടത്. സർപ്പശാപമാണത്രെ. പാവം കുമാരൻ. പണ്ട് വിളക്കും നിവേദ്യവും ഉണ്ടായിരുന്നു ഈ കാവിൽ. ഇപ്പോൾ ഒന്നുമില്ല. എല്ലാം അന്യം നിന്നുപോയിരിക്കുന്നു.  

പക്ഷേ മനോഹരമായ ആ കാവ് ഇപ്പോഴുമുണ്ട്. അഷ്ടനാഗങ്ങളെ പ്രതിഷ്ഠിച്ച നാഗത്തറയും.  ചെറുപ്പത്തിൽ ഒന്നോ രണ്ടോ തവണ അവിടെ പോയിട്ടുണ്ട്. സർപ്പങ്ങൾക്ക് നൂറും പാലും നേദിക്കുന്ന ചടങ്ങ് കാണാൻ. എങ്കിലും ഇടവഴിയിൽ മാനംമുട്ടുന്ന വന്മരങ്ങൾ അതിരുകാക്കുന്ന കാവിന്റെ സമീപമെത്തുമ്പോൾ ഇപ്പോഴും ഒരു ഭയമാണ്. പാമ്പുണ്ടാകുമോ? സർപ്പവിഗ്രഹത്തെ കാണാൻ പൂതിയും സർപ്പത്തെ നേരിൽ കാണുമ്പോൾ ഭയവും! അയാൾക്ക് കൗതുകം തോന്നി. 

കാവും കടന്ന് നിറയെ കശുമാവുള്ള നസ്രാണിപ്പറമ്പും കഴിഞ്ഞു ഇടത്തോട്ടു തിരിഞ്ഞാൽ മെയിൻ റോഡായി. ഗ്രാമാന്തരീക്ഷം നഗരഭാവത്തിനു വഴിമാറുന്നതവിടെയാണ്. നഗരത്തിലേക്ക് അര മണിക്കൂറേയുള്ളു അവിടെനിന്ന്. തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ.  ശ്രദ്ധിച്ചില്ലെങ്കിൽ കാര്യം പോക്കാണ്. 

മരച്ചുവട്ടിലെ കോടമഞ്ഞിനു കനം കൂടുകയാണ്. കാത്തിരിപ്പിന്റെ ദൈർഘ്യവും. അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിച്ചത്.  തനിക്കുമുന്നെ വന്നവർ ആരുംതന്നെ ഇപ്പോൾ അവിടെയില്ല!  അവരെല്ലാം എവിടെപ്പോയി?  അൽപനേരം താനൊന്ന് ആലോചനയിലാണ്ട നേരംകൊണ്ട് അവരൊക്കെ പൊയ്ക്കഴിഞ്ഞെന്നോ?  എന്തു മനുഷ്യരാണിവർ?  പോകുമ്പോൾ തന്നോടുംകൂടി ഒന്ന് പറയാമായിരുന്നു.  കഷ്ടം തന്നെ. അയാൾ ആ മരത്തിനുചുറ്റും ഒരു വലം വച്ചു. അതെ, താൻ മാത്രമേയുള്ളൂ ഇനിയിവിടെ.  ഇനിയാരെങ്കിലും വന്നാൽ മാത്രം ഒരു കൂട്ടാകും. അത്രതന്നെ. 

അതുവരേയ്ക്കും ഓർമ്മകൾ തന്നെ കൂട്ടുകാർ. താനെവിടെയാണ് അല്പംമുമ്പ് ഓർത്ത് നിർത്തിയത്?  

അതെ, നാട്ടിടവഴിയിൽനിന്ന് മെയിൻ റോഡിലേക്ക് കയറുന്നയിടത്തിൽ. അവിടം വളരെ അപകടം പിടിച്ചതാണ്.  മാത്രമല്ല, അവിടെ ഒരു കൊടും വളവുമാണ്. വലിയ പുളിമരങ്ങൾ ആ കറുത്ത പാതയ്ക്കിരുവശങ്ങളിലും തണൽ വിരിച്ചു നിന്നിരുന്നു. ഓഫീസിൽനിന്ന് നേരത്തെയിറങ്ങാൻ  പറ്റുമോ ആവോ? വന്നില്ലെങ്കിൽ കുട്ടികൾക്ക് സങ്കടമാകും.  വൈകീട്ട് അവരേയും കൂട്ടി മുനിയറ  കാണാൻ പോകാമെന്ന് പറഞ്ഞിട്ടുണ്ട്. കൊറോണ കാലമായതിനാൽ മറ്റൊരിടത്തേയ്ക്കും തൽക്കാലം പോകാൻ നിർവ്വാഹമില്ല. നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന ആ മുനിയറ പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. ഭൂമിക്കടിയിലുള്ള ഒരു ഗുഹയാണത്.  മുകളിൽനിന്ന് ഒരാൾക്ക് കഷ്ടിച്ച് ഊർന്നിറങ്ങാൻ പാകത്തിന് ഒരു ദ്വാരം. അടിയിൽച്ചെന്നാൽ  ചെങ്കല്ലിൽ ചെത്തിമിനുക്കിയ ഒരു കട്ടിൽ കാണാം. കട്ടിലിന്നുവച്ചാൽ ഒരു പരന്ന കൽപലകപോലുള്ള പ്രതലം.  വലിയൊരു മൺഭരണിയും തൊട്ടടുത്തായുണ്ട്. നല്ല തണുപ്പാണ് അതിനകത്ത്. പണ്ടുകാലത്ത് ആരായിരിക്കും മൺമണം നിറഞ്ഞുനിൽക്കുന്ന അതിനുള്ളിൽ താമസിച്ചിട്ടുണ്ടാവുക?  അറിയില്ല. 

അമ്മുവുണ്ടാക്കിയ ചക്കപ്പായസവും കഴിച്ച് ബർത്ത് ഡേ കേക്കും മുറിച്ചു അമ്മുവിനെയും കുട്ടികളെയുംകൂട്ടി പതുക്കെ നടക്കാം. നടക്കാവുന്ന ദൂരമേയുള്ളൂ മുനിയറയിലേക്ക്. മടക്കത്തിൽ ക്ഷേത്രത്തിൽ കയറി ദീപാരാധന തൊഴുകയുമാവാം. ഒന്നുരണ്ടു വഴിപാടുകളുമുണ്ട്. നാട്ടിടവഴിയിൽനിന്ന് റോഡിലേക്ക് കയറുമ്പോൾ ഇതായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്.  റോഡിലേക്ക് ബൈക്ക് ഓടിച്ചു കയറിയത് ഓർക്കുന്നു. പിന്നെ എന്താണുണ്ടായത്? അതെ, വളവിൽനിന്ന് പാഞ്ഞടുത്ത ആ ലോറി ഓർമ്മയുണ്ട്. മുഖത്ത് മഞ്ഞച്ചായമടിച്ച ആ ലോറി.  സർപ്പക്കാവിലെ മഞ്ഞൾപ്പൂശിയ നാഗ രാജവിഗ്രഹം അടുത്തു വരുന്നതുപോലെയാണ് തോന്നിയത്.  ചോറ്റുപാത്രം തെറിച്ചുവീഴുന്ന ശബ്ദം കേട്ടതായി ഓർക്കുന്നു. അമ്മുവിന്റെയും കുട്ടികളുടെയും മുഖങ്ങളും. പുളിമരശിഖരങ്ങൾക്കിടയിലൂടെ പല കഷണങ്ങളായി ചീന്തിയെറിയപ്പെട്ട വെള്ളക്കടലാസുപോലെയുള്ള ആകാശം ഒരു നോക്ക് കണ്ടുവോ? ഉറപ്പില്ല. പിന്നെ?  പിന്നെ ഒന്നും ഓർമ്മയിലില്ല.  

മരച്ചുവട്ടിൽ, ആ കോടമഞ്ഞിൻകനപ്പിലും അയാൾ വിയർത്തു.  ഓർമ്മകൾ മുറിഞ്ഞിടത്തു തന്നെ നിൽക്കുന്നു. അയാൾ വീണ്ടും വീണ്ടും അവയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, വിഫലമായി.  അപ്പോഴേക്കും കോടമഞ്ഞിൻകമ്പളം അയാളെ ആവരണം ചെയ്തു കഴിഞ്ഞിരുന്നു.   ചുറ്റും നിശ്ശബ്ദത.  അതെ നിശ്ശബ്ദത മാത്രം.

English Summary: Thaniye, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;