പഠിക്കുന്ന വിഷയത്തിൽ നിന്ന് വളരെ നിഷ്കളങ്കമായി കുട്ടി ചോദിച്ചൊരു ചോദ്യം, പക്ഷേ..

family-train
പ്രതീകാത്മക ചിത്രം. Photocredit : unguryanu / Shutterstock
SHARE

ചോദ്യം (കഥ)

നീണ്ട ചൂളം വിളിയോടെ ഓടിക്കിതച്ചെത്തിയ ട്രെയിൻ സ്റ്റേഷനിൽ നിർത്തി. തിരക്കുകൂട്ടി നുഴഞ്ഞു കയറേണ്ട ആവശ്യമില്ല, സമയമുണ്ട്. മകളുടെ കൈപിടിച്ച് മഞ്ജുവിനോട് മുൻപിൽ കയറാൻ ആവശ്യപ്പെട്ട ശേഷം ലഗേജുകൾ ഓരോന്നായി ഉള്ളിൽ എടുത്തു വച്ചു, അവസാനം കൊച്ചുകുഞ്ഞിനേയുമെടുത്ത് സുരേഷ് ട്രെയിനിൽ കയറി.

സ്റ്റേഷനിൽ നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും വന്ന് പല സ്ഥലങ്ങളിലേക്കായി പോവുന്നവർ. എത്രയെത്ര വികാരങ്ങളാണ് ഓരോ മുഖങ്ങളിലും മിന്നിമായുന്നത്. ഓരോ മുഖങ്ങൾക്കും ഓരോ കഥ പറയാനുണ്ടാവും. ഉല്ലാസയാത്രക്ക് പോവുന്നവർ, ട്രെയിൻ യാത്ര ദിനചര്യയായി മാറിയ ഉദ്യോഗസ്ഥർ, മരണവാർത്തയോ പ്രിയപ്പെട്ടവരുടെ സുഖമില്ലായ്മയോ അറിഞ്ഞ് അവരെ കാണാൻ പുറപ്പെടുന്നവർ, പ്രണയിനികളെയോ കാമുകന്മാരെയോ കാണാൻ പോവുന്ന കമിതാക്കൾ, ഭാര്യയെയും മക്കളെയും കാണാൻ ജോലിസ്ഥലത്തും നിന്ന് തിരിച്ചു വീട്ടിലേക്ക് പോവുന്നവർ!

“ചായ… ചായ.. കാപ്പി…. കാപ്പി” “മസാല ദോശ, ഇഡലി, വട....”

അന്നന്നത്തെ അന്നത്തിനു വേണ്ടി പാടുപെട്ട് ജോലിചെയ്യുന്ന കച്ചവടക്കാരാണ്. ട്രെയിൻ യാത്രയും സ്റ്റേഷനിലെ തിരക്കും എല്ലാം കാണാൻ നല്ല രസമാണ്. പണ്ട് മുതലേ കണ്ടു പരിചയമുള്ള കാഴ്ചകൾ.

മകളെ മഞ്ജുവിന്റെ കയ്യിൽ കൊടുത്ത് സാധനങ്ങൾ ഒക്കെ എടുത്ത് സീറ്റിനടിയിലും മറ്റുമായി വെച്ചശേഷം അയാൾ സീറ്റിൽ ചെന്നിരുന്നു. ഇളയ മകൾ ശാന്തമായി ഉറങ്ങുകയാണ്. ഉണർന്നുകഴിഞ്ഞാൽ രണ്ടുപേരും കൂടി വലിയ വികൃതിയായിരിക്കും. അവരെ പിടിച്ചിരുത്താനേ സമയം കാണൂ.

സെക്കന്റ് എസി ആയതുകൊണ്ട് ക്യാബിനിൽ നാല് ബർത്ത് മാത്രമേയുള്ളൂ. അതിൽ മൂന്നും അയാൾ ബുക്ക് ചെയ്തതാണ്. ഒരു സീറ്റിൽ മാത്രം വേറെ ആരോ വരാനുണ്ട്.

പാക്ക് ചെയ്തു കൊണ്ട് വന്ന ഭക്ഷണം കഴിച്ച ശേഷം മക്കളുമായി കളിചിരിയിൽ മുഴുകിയിരിക്കുമ്പോഴാണ് പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത്. തന്റെ ക്യാബിനിൽ ഒഴിഞ്ഞുകിടക്കുന്ന മുകളിലത്തെ ബർത്ത് അയാളുടേതായിരിക്കണം, ലഗേജ് സീറ്റിന്റെ അടിയിൽ വെച്ചശേഷം ഒരാൾ അടുത്ത സീറ്റിൽ വന്നിരുന്നു. ഒരു പത്തമ്പത് വയസ് പ്രായം തോന്നും അയാൾക്ക്. ഹെഡ് ഫോണിൽ പാട്ടു കേട്ടുകൊണ്ടാണ് അയാൾ കയറി വന്നത്.

ഇളയ മകൾ ഉണർന്നശേഷം രണ്ടു കിലുക്കാംപെട്ടികളും ചേർന്ന് കളിക്കാനും ശബ്ദമുണ്ടാക്കാനും ആരംഭിച്ചു. യാത്രകളിൽ എന്നും അങ്ങിനെയാണ്. അവരുടെ കളിയും ചിരിയും പാട്ടുകളും മറ്റു യാത്രക്കാർ ശ്രദ്ധിക്കാൻ തുടങ്ങി.

‘‘അങ്കിൾ, വാട്ട് ഈസ് യുവർ നെയിം?’’

നിയമോൾ കൊഞ്ചിക്കൊണ്ടു അയാളോട് ചോദിച്ചു. അജയൻ എന്നോ മറ്റോ അയാൾ പേര് പറഞ്ഞു. അന്നവൾ യുകെജിയിലോ മറ്റോ പടിക്കുകയാണെന്നു തോന്നുന്നു.

‘‘വാട്ട് ഈസ് യുവർ റിലീജിയൻ? ഹിന്ദു, മുസ്ലിം ഓർ ക്രിസ്ത്യൻ?’’

അയാളോടൊപ്പം സുരേഷും മഞ്ജുവും ഞെട്ടി മോളുടെ ചോദ്യം കേട്ടപ്പോൾ! അവളുടെ പാഠപുസ്തകത്തിൽ ഇന്ത്യയെ പറ്റിയുള്ള അധ്യായം മഞ്ജു ഓർത്തു. ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും അതിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ, സിഖ്... മുതലായ വൈവിധ്യ മതക്കാർ ഒത്തൊരുമയോടെ ജീവിക്കുന്നതാണെന്നും നിയയെ പറഞ്ഞു പഠിപ്പിച്ചത് ഈയടുത്താണ്.

പഠിക്കുന്ന വിഷയത്തിൽ നിന്ന് വളരെ നിഷ്കളങ്കമായി മകൾ ചോദിച്ചൊരു ചോദ്യം! എന്നാൽ ആ ചോദ്യം അയാളെ പ്രകോപിപ്പിച്ചു.

പിന്നീട് അയാളുടെ വക ഒരു ചെറിയ പ്രഭാഷണം തന്നെ ഉണ്ടായിരുന്നു. മത സൗഹാർദ്ദത്തെ കുറിച്ചും കൊച്ചുകുട്ടികളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെക്കുന്നതിനെ പറ്റിയും ഒരു വലിയ പ്രഭാഷകനെ പോലെ അയാൾ സംസാരിച്ചു.

സൈഡ് സീറ്റിൽ ഉണ്ടായിരുന്നവർ മാത്രമല്ല, ആ കംപാർട്മെന്റിൽ ഉണ്ടായിരുന്ന മറ്റു പലരും ആ സംഭാഷണം ശ്രദ്ധിച്ചിട്ടുണ്ടാവണം തീർച്ച. 

സ്വതവേ മിതഭാഷിയും അകാരണമായി പ്രകോപിതനാവാത്തവനുമായിരുന്ന സുരേഷ് മൗനം പാലിച്ചു. അയാളുടെ പ്രഭാഷണത്തിനിടക്ക് തന്റെ ഭാഗം ക്ലിയർ ചെയ്യുന്നതിനായി സുരേഷിന് അയാൾ ഒരവസരം കൊടുത്തില്ലെന്നും വേണമെങ്കിൽ പറയാം. രണ്ടും കൈപ്പത്തിയും കൂട്ടിയിടിച്ചാൽ മാത്രമല്ലേ ശബ്ദമുണ്ടാവൂ.

ചില ആളുകൾ അങ്ങിനെയാണ്, മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയോ അവർക്കു പറയാനുള്ളതെന്തെന്ന് കേൾക്കുകയോ ചെയ്യാൻ മെനക്കെടാതെ സ്വന്തം അറിവുകൾ ഉച്ചത്തിൽ വിളമ്പിക്കൊണ്ടിരിക്കും. എന്നാൽ അത് കേൾക്കുന്ന മറ്റുള്ളവരുടെ മനസ്സിൽ എത്ര തെറ്റായ ധാരണകൾ ആണ് താൻ പകർന്നു നൽകുന്നതെന്ന് ആലോചിക്കാറില്ല.

English Summary: Chodyam, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;