ADVERTISEMENT

സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകം വാങ്ങാൻ അമ്മ തന്ന പൈസ  മോഹിനിയാട്ടം പഠിക്കാന്‍ ഡാൻസ് ടീച്ചറിന് ഫീസ് ആയി കൊടുത്ത മിടുക്കി; ഞാനാണ്. വീട്ടിൽ ചെന്ന് പറഞ്ഞപ്പോള്‍ നല്ല ചീത്തയും കേട്ടു. ഹും ഒരു മാസത്തെ ഡാൻസ് ഫീസ് നീ ഇങ്ങനെ പറ്റിച്ചു ഒപ്പിച്ചു. അടുത്ത മാസങ്ങളിലെ ഫീസ് കൊടുക്കാന്‍ എങ്ങനെ പറ്റുമെന്ന് എനിക്ക് ഒന്ന് കാണണം. അമ്മയുടെ വെല്ലുവിളി. ഞാൻ അപ്പനെ സോപ്പിട്ടു ഡാൻസ് ഒരു വര്‍ഷം പഠിക്കാൻ വീട്ടിൽ നിന്ന് സമ്മതം മേടിച്ചു , എന്റെ ഡാൻസ് മോഹം സഫലീകരിച്ചു. മോഹിനിയാട്ടം പഠിക്കാൻ ചേർന്നു.

 

എല്ലാ ദിവസവും ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിൽ 10 മിനിറ്റ് കൊണ്ട് ഊണ് കഴിച്ചെന്നു വരുത്തി ഡാൻസ് ക്ലാസ്സിലേക്ക് ഞാനോടും. മിക്കവാറും ദിവസങ്ങളിൽ ഞാനാവും മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡാൻസ് ക്ലാസിനു ആദ്യം എത്തുന്നത്. നമസ്കാരം, മുദ്രകൾ, ചെറിയ സ്റ്റെപ്പുകൾ ഒക്കെ പഠിച്ചു. ഞാൻ ആഗ്രഹിച്ച പോലെ പാട്ടൊന്നും വച്ചുള്ള ഡാൻസ് അല്ല. തിത്തിതാ തിത്തിത്തായ് തിത്തിതാ തിത്തിത്തായ് തന്നെ. 

 

ആറ് മാസം കഴിഞ്ഞപ്പോളേക്കും എനിക്ക് സംശയം ആയി, സ്കൂൾ ആനിവേഴ്സറിക്കു ഡാൻസ് കളിക്കാൻ പറ്റുമോ? അരങ്ങേറ്റം ഉണ്ടാവുമോ? ഞാൻ നേരെ ടീച്ചറോട് ചോദിച്ചു. ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു അരങ്ങേറ്റം ഒക്കെ രണ്ടുമൂന്നു വര്‍ഷം പഠിച്ചാലേ പറ്റൂ കുട്ടീ. ഞാനാകെ തകർന്നു, ഒരു വര്‍ഷം തന്നെ പഠിക്കാൻ വീട്ടിൽ അടി ഉണ്ടാക്കിയതാ. രണ്ടുമൂന്ന് വര്‍ഷം പഠിക്കാൻ ചോദിക്കുന്ന കാര്യം ചിന്തിക്കുകയെ വേണ്ട. ഞാൻ ആറാം ക്ലാസിൽ എത്തിയപ്പോൾ ഡാൻസ് പഠനം നിന്നു. കൂടെ പഠിച്ച എന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ചു മാത്യൂസ് ഏഴാം  ക്ലാസിൽ അരങ്ങേറ്റം നടത്തി, ആനിവേഴ്സറിക്കു സ്റ്റേജിൽ കയറി ! എന്റെ ഡാൻസ് മോഹം ബാക്കിയായി.

 

പിന്നെ 1998 ൽ പത്താം ക്ലാസിൽ രണ്ടും കൽപിച്ചു മാർഗം കളിക്ക് ചേർന്നു. ഒരു മാർഗവും ഇല്ലാതെ! ഹും. പക്ഷേ അവിടെയും ഭാഗ്യം എന്നെ തുണച്ചില്ല. സ്കൂളിലെ സ്‌ക്രീനിങ്ങിൽ എന്നെ സെലക്ട് ചെയ്തില്ല. ചതി കൊടും ചതി! എന്നെ കൂട്ടാതെ ജില്ലാ തലത്തിൽ പോയി ഭംഗിയായി ഞങ്ങളുടെ സ്കൂൾ ടീം തോറ്റു. എന്റെ ശാപം എന്നൊക്കെ കൂട്ടുകാർ അടക്കം പറഞ്ഞു. ഞാൻ ശപിച്ചൊന്നുമില്ലാട്ടോ. എന്നാലും എന്റെ ഡാൻസ് കളിക്കാനുള്ള സ്കൂളിലെ ലാസ്റ്റ്‌ ചാൻസ്, അതും പത്തിലെ ഡാൻസ് മോഹം പൂവണിയാത്തതിൽ ഒരു നൊമ്പരം ഉണ്ടായിരുന്നു. തോൽവി വാർത്ത മനസ്സിൽ ഒരു ചെറിയ സന്തോഷം ഉണ്ടാക്കി എന്ന സത്യം മറച്ചു വെക്കുന്നില്ല!

 

ഇനി 2018 ലേക്ക് വരാം. 35 ആം വയസിൽ...ഭാര്യ, അമ്മ, മരുമകൾ, scrum മാസ്റ്റർ എന്ന് ഒക്കെ ഉള്ള റോളുകൾ ആടിയിട്ടും മതി വരാതെ ഞാൻ സ്റ്റേജിൽ കയറി. അന്യ നാട്ടിൽ ഏതോ ഒരു ഭാഷയിൽ ഞാൻ ഡാൻസ് കളിച്ചു. സ്റ്റേജ് പൊളിയാതെ ഞാൻ തകർത്താടി . ഭാഷാ ഏതെന്നു അറിയണ്ടേ? തേന്മാവിൻ കൊമ്പത്തു സിനിമയിൽ ലാലേട്ടനെ ചുറ്റിച്ച ‘‘മുതുകവു’’, സമ്മർ ഇൻ ബേത്​ലഹേം സിനിമയിൽ ജയറാമിനെ വട്ടം കറക്കിയ ‘‘അയിന്തു കസിൻസ് നെല്ലി ആരാവത് ഓബ്രൂ മധുവേ മാടിക്കൊണ്ടേറെ താതന്തു പേർസണൽ ആസ്തിയെല്ലാം നിനകെ സിഖിതെ!’’ അതെ കന്നഡ പാട്ടിലായിരുന്നു എന്റെ അരങ്ങേറ്റം! 

 

എന്നെ ഡാൻസ് കളിക്കാൻ കൊള്ളില്ലെന്നു പറഞ്ഞു കളിയാക്കിയവരോട്, മാറ്റി നിർത്തിയവരോടുള്ള എന്റെ മധുര പ്രതികാരം. 1 നവംബർ 2018 കേരളപിറവി ദിനത്തിൽ അന്ന് തന്നെയാണ് കന്നഡപിറവിയും ഞാൻ ആദ്യം ആയി സ്റ്റേജിൽ കയറി ഡാൻസ് കളിച്ചു. പിന്നെ ഒരു പ്രതികാര പ്രവാഹം തന്നെ ആയിരുന്നു. 2019 കന്നഡ പിറവിയിലും ഡാൻസ് കളിച്ചു. ഈ കൊറോണ ഓഫീസ് പൂട്ടിക്കും എന്ന് സിക്സ്ത് സെൻസിൽ മനസിലാക്കി മാർച്ച് മാസം തന്നെ 2020 ലെ ഡാൻസും ഞാൻ കളിച്ചു. ഹ ഹ എന്നോട് കളിക്കല്ലേ കോറോണേ.. ഞാൻ കളി പഠിപ്പിക്കുവേ.. 

 

വാൽകഷ്ണം: എന്റെ കുഞ്ഞു നാളിലെ 10 വയസ്സിലെ മോഹം സാധിച്ചെടുക്കാൻ പറ്റിയെങ്കിൽ നിങ്ങൾക്കും ആ മാറ്റി വച്ച ആഗ്രഹങ്ങൾ പൊടി തട്ടി എടുത്തു കൂടെ, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ആരെയും ഒന്നും ബോധിപ്പിക്കാനല്ല.. സ്വയം ഒന്ന് സന്തോഷിക്കാൻ ... ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോളുള്ള സംതൃപ്തി അനുഭവിക്കാൻ ...

 

English Summary: Personal note about dancing experiance by Rosmy Jose Valavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com