‘എനിക്ക് സർക്കാർ ജോലി കിട്ടി’ എല്ലാവരോടും ഉറക്കെ വിളിച്ചുപറയാൻ മനസ്സ് തുടിച്ചു

job-offer
പ്രതീകാത്മക ചിത്രം. Photocredit : Sinseeho / Shutterstock
SHARE

സ്മൃതിരേഖ (കഥ)

അയാൾ കടയിലേക്ക് സാവധാനം കയറി ചെന്ന് ഒരു ചെറിയ സംശയത്തോടെ പറഞ്ഞു.

‘‘ഒരു പേന വേണമായിരുന്നു.’’

‘‘എന്ത് പേന ?’’

‘‘ഒരു ഫൗണ്ടൻ പേന’’

കടക്കാരൻ പലതരത്തിലുള്ള തന്റെ പേനശേഖരം അയാളുടെ മുൻപിൽ നിരത്തി. പല നിറത്തിലും രൂപത്തിലുമുള്ള പേനകൾ. പ്ലാസ്റ്റിക് കവർ മാറ്റി അയാൾ തനിക്കിഷ്ടപെട്ട പേനകൾ ഒന്നന്നായി കൈയിലെടുത്തു.

‘തെക്കേവ…’ അയാൾ മുൻപിലുള്ള കുഞ്ഞു പേപ്പർ കഷണത്തിൽ കുത്തിക്കുറിക്കാൻ തുടങ്ങി . ചിലപ്പോൾ ‘കൃഷ്ണ….’ എന്നും ചിലപ്പോൾ ചില വരയിലും കുറിയിലും മാത്രമായും. 

തെക്കേവളപ്പിൽ നാരായൺ മകൻ കൃഷ്ണപ്രസാദ്. അതാണ് അയാളുടെ മുഴുവൻ പേര്. നാലഞ്ച് പേനകൾ പരീക്ഷിച്ചു നോക്കി കൂട്ടികുറച്ചിലുകൾക്കും ചെറിയ ആലോചനക്കും ശേഷം ഒരു പേന പോക്കറ്റിൽ തിരുകി, പൈസയും കൊടുത്തു കടയിൽ നിന്നും അയാൾ ഇറങ്ങി. നിരത്തിലേക്ക് ഇറങ്ങുന്നിടത്തു തൂക്കിയിട്ടിരുന്ന ചില ആഴ്ചപ്പതിപ്പുകൾ അയാളുടെ ദേഹം തട്ടി കറങ്ങാന്‍ തുടങ്ങി. അയാളോടൊപ്പം അവരും സന്തോഷം പങ്കിടുകയാണെന്ന് തോന്നും അവയുടെ ചുറ്റികറക്കം കണ്ടാല്‍. ഉടനെ ഒന്നും ആ കറക്കം നിർത്താൻ പരിപാടി ഇല്ലെന്ന് തോന്നുന്നു. 

റോഡ് മുറിച്ചു കടന്നു പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി നടന്നപ്പോൾ കൃഷ്ണപസാദ് മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നു. ഈ പേന ഒരു ഓർമക്കായി സൂക്ഷിച്ചു വയ്ക്കണം. ഒന്നും നാളെ മറക്കരുത്. ഒന്നും മറക്കാൻ അനുവദിക്കരുത്. ഇനി തന്റെ പേനയുടെ തൂവൽമുനയിലൂടെ ഒഴുകി വരുന്നത് സംതൃപ്തിയുടെയും സന്തോഷത്തിന്റെയും നീരുറവയാണെന്നു അയാൾ ഓർത്തു. പിന്നീടുള്ള സ്വച്ഛന്ദമായ ഒഴുക്കിൽ ഒന്നും മറന്നു പോകാൻ ഇടവരരുത്. അന്നുവരേയും ഇല്ലാതിരുന്ന ഒരു ആശ്വാസം അയാൾ അപ്പോൾ അനുഭവിച്ചു.

ആ വലിയ പട്ടണത്തിലെ തപാലാപ്പീസ് ഒരു ചെറിയ മുറിയില്‍ ഒതുങ്ങിയിരുന്നു.  അതുകൊണ്ടു തന്നെ സ്വല്പം തിരക്കനുഭവപ്പെട്ടു. എല്ലാവരെയും അയാൾ ഒന്ന് ഓടിച്ചു നോക്കി. പരിചയമുള്ള ആരെങ്കിലും ഉണ്ടാകണമേ എന്ന് ചെറുതായൊന്നു ആഗ്രഹിച്ചു. പക്ഷേ അരേയും കണ്ടില്ല. തന്റെ സന്തോഷത്തിന്റെ നുരകളിലേക്കു നനഞ്ഞിറങ്ങുവാൻ ആരെയും ക്ഷണിക്കാൻ കിട്ടാത്തതിൽ അയാൾക്കു വിഷമം തോന്നി. എല്ലാവരോടും ഉറക്കെ വിളിച്ചുപറയാൻ മനസ്സ് തുടിച്ചു. ‘‘എനിക്ക് സർക്കാർ ജോലി കിട്ടി ; അടുത്ത മാസം പതിനഞ്ചിന് ജോയിൻ ചെയ്യണം.’’

കാത്തിരിപ്പ് എല്ലാമവസാനിപ്പിച്ച് വേരോടെ പിഴുതെറിഞ്ഞ സ്വപ്നം ഇന്നലെ പൂവണിഞ്ഞപ്പോൾ ആദ്യം ഒരു മരവിപ്പ് അനുഭവപ്പെട്ടു. പിന്നെ, തുള്ളിച്ചാടി. ധാരയായി ഒഴുകിയ കണ്ണുനീർ തുള്ളികള്‍ ഉത്തരവിലെ എഴുത്തുകൾ അല്പനേരത്തേക്കു അവ്യക്തമാക്കി.

‘സ്പീഡ്പോസ്റ്റ്’ എന്ന് എഴുതിവച്ച കൗണ്ടറിൽ ഇരുന്ന ആളെ ലക്ഷ്യമാക്കി അയാൾ നീങ്ങി. താഴോട്ടു നോക്കി എന്തോ കുത്തികുറിച്ചിരുന്ന ആ മധ്യവയസ്കനോട് അയാൾ ഉറക്കെ പറഞ്ഞു.

‘‘അതെ, ഒരു സ്പീഡ്പോസ്റ്റ് അയക്കണം.’’

‘‘എങ്ങോട്ടേക്കാ?’’ അയാൾ തലപൊക്കി ചോദിച്ചു.

‘‘എറണാകുളത്തേക്ക്’’

‘‘50 ഗ്രാമിൽ കൂടുതൽ വരുമോ?’’ അയാൾ വീണ്ടും ചോദിച്ചു.

‘‘ഇല്ല. ഒരു സമ്മതപത്രം അയക്കാനാണ്. എനിക്ക് സർക്കാർ ജോലി കിട്ടി. 15–ാം തിയതി ജോയിൻ ചെയ്യണം.’’

എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു അയാള്‍. കൃഷ്ണപ്രസാദ് അറിയാതെ കൗണ്ടറിന് മേല്‍ കൈമുട്ട് കുത്തി ഒന്ന് പൊങ്ങി അയാളെ നോക്കി ചിരിച്ചു. കുറച്ചു ദൂരേക്ക് നോക്കി അയാൾ പെട്ടെന്ന് എന്തോ കണക്കു കൂട്ടി മുഖത്തു നോക്കാതെ പറഞ്ഞു. 

‘‘41 രൂപ.’’

കൗണ്ടറില്‍ ഇരിക്കുന്ന ചില ആള്‍കാര്‍ അങ്ങനെയാണ്. എന്തിനാ ഇങ്ങോട്ട് വന്നേ; എന്റെ ജോലിയെ തടസ്സപ്പെടുത്താന്‍ എന്ന ഭാവവുമായി ആര്‍ക്കോ വേണ്ടി പണി എടുക്കും. താന്‍ അങ്ങനെ ആവരുത് എന്നു മനസ്സില്‍ കുറിച്ചു. സർക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടാലും ആ പഴയ കൃഷ്ണപ്രസാദ് തന്നെ.  

സ്റ്റാമ്പുകൾ കീറുന്നതിനിടയിൽ അയാൾ നിർവികാരതയോടെ ചോദിച്ചു.

‘‘എവിടെയാ?’’

‘‘എറണാകുളത്തു, എറണാകുളത്തേയ്. ഇൻകം ടാക്സിലാ..’’

എല്ലാം പെട്ടെന്നു പറഞ്ഞു തീര്‍ത്തു. കുറച്ചു ഒച്ച കൂടിയിരുന്നു അപ്പോൾ അയാൾക്ക്. പോസ്റ്റോഫീസിൽ വന്ന ചിലർ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. പക്ഷേ, ആ ജീവനക്കാരൻ ഒരു വികാരവും കാണിച്ചില്ല. ആ മധ്യവയസ്കന് അതൊന്നും ഒരു വിശേഷമേ ആയിരുന്നില്ല. അപരസന്തോഷം പങ്കിടാൻ ശ്രമിക്കാത്തവൻ;സ്വാർത്ഥൻ.  പറഞ്ഞ രൂപയും കൊടുത്തു സ്റ്റാമ്പും വാങ്ങി എഴുത്തുമേശ നോക്കി അയാൾ നീങ്ങി. നാല്പത്തൊന്നല്ല നാലായിരത്തൊന്ന് രൂപ കൊടുക്കാം. ഒന്നല്ല ഒരായിരം തവണ സമ്മതമെന്ന് പറയാം. ആറ്റുനോറ്റിരുന്ന സുദിനമല്ലേ ഇന്ന്.

കൈയിൽ ഇരുന്ന ഡയറിൽ നിന്ന് ഒരു കടലാസുകെട്ട് പുറത്തെടുത്ത് ഓരോ പേജും മറിച്ച് മറിച്ച് അയാൾ പരതികൊണ്ടിരുന്നു. ഒരു പകുതി വലുപ്പമുള്ള കടലാസ് എടുത്ത് അയാള്‍ മേശപ്പുറത്ത് വച്ചു. പോക്കറ്റിൽ തിരുകിവച്ചിരുന്ന പേന കൈയില്‍ പിടിച്ച്  ഒന്ന് നെടുവീർപ്പിട്ടു. ഇന്നലെ ഉത്തരവ് കൈയിൽ കിട്ടിയപ്പോൾ ഒരു വാശിയിരുന്നു. ഒരു പോസ്റ്റോഫീസിൽ ചെന്ന് ഒപ്പിട്ട് ഈ സമ്മതപത്രം അയക്കണം. ഒരുപാടു വർഷങ്ങളായി പല പല തപാലാപ്പീസുകൾ കയറിയിറങ്ങി ധരാളം അപേക്ഷകൾ തലങ്ങും വിലങ്ങും അയച്ച് അയാൾ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. ഒന്നും ഫലവത്തായില്ല. ചിലതിനൊക്കെ ഇന്റർവ്യുന് വിളിച്ചു. വളരെ പ്രതീക്ഷയോടെ തേച്ചുമിനുക്കിയ വസ്ത്രവും ധരിച്ച് മുടി ചീകിയൊതുക്കി ഫയലും പിടിച്ച് അവർ പറയുന്നതിലും കുറച്ചു നേരത്തെ നെഞ്ചടക്കി പിടിച്ചു കയറിച്ചെല്ലുമ്പോൾ തന്റെ പ്രതീക്ഷക്ക് മങ്ങലേല്പിക്കുന്നതായിരുന്നു സ്ഥിരം കാഴ്ച. തന്നെപോലെ സുമുഖനും സുമുഖിയും ധാരാളം. എല്ലാവരുടെ കൈയിലും ഇരുണ്ട നിറങ്ങളിൽ ഓരോ ഫയലും. അതിനകത്ത് ദ്രവിച്ചു തുടങ്ങിയ കുറെ സർട്ടിഫിക്കറ്റുകളും വളരെ മങ്ങിയ  പ്രതീക്ഷകളും. 

പിന്നെ എല്ലാം യന്ത്രികമായിരുന്നു...

നേരത്തെ പറഞ്ഞതിലും വളരെ താമസിച്ച് അയാളുടെ ഊഴം വരും. ഒരു ജീവഛവം പോലെ അവരുടെ മുൻപിൽ ഇരിക്കും. പലതരത്തിലുള്ള ചോദ്യങ്ങൾ തൊടുത്തു വിടുന്നതിൽ അതീവ തല്പരർ ആയിരുന്നു അക്കൂട്ടർ. നാട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറുടെ പേരു മുതൽ പണ്ട് രാജാക്കന്മാർ തല്ലിത്തീർന്ന ദിവസം വരെ അവർ ചോദിക്കും. പിന്നീട് പഠന വിഷയത്തിലെ പ്രാവീണ്യം അളക്കുന്ന ഊഴമായി. അതും കഴിഞ്ഞാൽ പിന്നെ അപശബ്ദം ഒന്നും ഉണ്ടാക്കാതെ പുറത്തുവരുന്ന കലയുടെ പ്രാഗൽഭ്യം അളക്കുന്ന സമയമായി.

എല്ലാം കഴിഞ്ഞു പുറത്തു വരുമ്പോൾ ചെറിയ ഒരു ആശ്വാസം. നൈമിഷികമെങ്കിലും അതൊരു ആശ്വാസം തന്നെ.

പിന്നെ..

പട്ടണത്തിലെ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിലിരുന്ന് പുകച്ചുരുളുകൾ ഉതിർത്തുവിടുമ്പോൾ അശാന്തിയുടെ താഴ്​വരയിലേക്ക് ആരോ തള്ളി വിടുന്ന പോലെ അയാൾക്കു തോന്നും. 

കോളേജ് വിട്ട് പുറത്ത് ഇറങ്ങിയപ്പോൾ എന്ത് ഉന്മേഷമായിരുന്നു. ചായക്കോപ്പയിലെ ആവി പോലെ അത് പെട്ടെന്ന് ക്ഷയിച്ചു. പിന്നെ തണുത്തു മരവിച്ചു. പലതവണ ഉതികാച്ചിയിട്ടും ആ ഊഷ്മളത തിരികെ വന്നില്ല. ദേശിയ തലത്തിൽ മാത്രം നടത്തപെടുന്ന പരീക്ഷകൾ മാത്രമെഴുതി. അങ്ങനെയുള്ള അപേക്ഷകൾ മാത്രമയച്ചു. പത്രപാരായണം അതിനുവേണ്ടി മാത്രമായി. കൂടെ ഗുളിക രൂപത്തിലുള്ള ലോക വിജ്ഞാന ശേഖരണവും.

മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു വീണുടഞ്ഞു. അയാളുടെ സ്വപ്നങ്ങൾ അതിൽ ചിന്നിച്ചിതറി. ഉഴറിവീഴുന്ന മലകയറ്റക്കാരൻ പ്രതീക്ഷയോടെ ചുറ്റും നോക്കി ഒരു തുമ്പിനായി സർവ്വ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു. ഒന്നും തടഞ്ഞില്ല. അയാൾ താഴേക്ക് വീണുകൊണ്ടിരുന്നു. തലങ്ങും വിലങ്ങും പൊട്ടി ചോരയൊലിച്ചു. ഒന്നുണങ്ങി വരണ്ടു നിൽക്കുമ്പോൾ അയാൾ അഗാധതയിലേക്കു വീണുകൊണ്ടേയിരുന്നു. രക്തം കട്ടയായി ഒഴുകി. തലക്കെട്ടുകൾ മാറി മാറി ദിനപത്രങ്ങൾ വന്നു. വെടുപ്പായ കവറിലിട്ടു സ്ഥിരം അപേക്ഷകൾ പല മേൽവിലാസങ്ങൾ തേടി പോയി. ഋതുക്കൾ മാറി, മഴയിലും കാറ്റിലും കടപുഴകി വീഴുന്ന മരങ്ങളിൽ നിന്നും ചേക്കേറാനൊരിടം തേടി പക്ഷികൾ പറന്നകന്നു.

‘ഞാൻ തെക്കേവളപ്പിൽ നാരായണൻ മകൻ  T . N . കൃഷ്ണപ്രസാദ് ...’ എന്ന് തുടങ്ങുന്ന വാചകം ശ്രദ്ധാപൂർവം പൂരിപ്പിച്ചു സർവദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഒപ്പിട്ടപ്പോൾ മനസ്സിലെ ഭാരം ലോപിച്ചു ശൂന്യമായതായി തോന്നി. അശാന്തിയുടെ അന്ത്യം.

കവറൊട്ടിച്ചു വിരലിൽ ചടഞ്ഞിരുന്ന ബാക്കി പശ മേശക്കടിയിൽ തുടച്ചു കളഞ്ഞപ്പോൾ പെട്ടെന്നു മനസ്സിൽ ഒരു കീറൽ വീണു. ഉണങ്ങിവരണ്ട പശ അവിടെ നിമ്നോന്നതങ്ങളായി പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഉരുണ്ടു കൂടിയ പ്രതലത്തിൽ അയാളുടെ വിരലുകൾ തടഞ്ഞു. അയാൾ ചെറുതായൊന്നു ഞെട്ടി. പണ്ട് അപേക്ഷകൾ കവറിൽ ഇട്ട് ഒട്ടിച്ചതിന് ശേഷം തന്റെ വിരലുകളിൽ ഉണ്ടായിരുന്ന ബാക്കി പശ മേശക്കടിയിൽ തേച്ചത് ഉണങ്ങി വരണ്ടു വികൃത രൂപത്തിൽ അവിടെത്തന്നെ ഉണ്ടെന്ന് അയാൾ അറിഞ്ഞു. നന്നേ പാടുപെട്ടെങ്കിലും കണ്ണീർകണങ്ങൾ പൊടിഞ്ഞു വരുന്നത് അയാൾക്കു നിയന്ത്രിക്കാനായില്ല.

അ‍‍ഡ്രസ്സ് എഴുതിയ കവർ തിരിച്ചു കൗണ്ടറിൽ കൊടുത്തപ്പോൾ ഇത്രയും കാലം മനസ്സിനെ മതിച്ചിരുന്ന ഭാരവും അയാൾ അവിടെ ഇറക്കിവച്ചു.

തിരക്കുപിടിച്ച നിരത്തിലൂടെ അയാൾ വിശദീകരിക്കാനാവാത്ത മനോവികാരത്തോടെ നടന്നു. താൻ ജോലി ചെയ്യാൻ പോകുന്ന സർക്കാർ വിഭാഗത്തിലെ ആ നഗരത്തിലെ ഓഫീസിന്റെ മുൻപിലൂടെ അയാൾ നടന്നു. അയാൾക്ക് അതിലെ വരണ്ട പ്രത്യേക കാരണം ഒന്നുമില്ലായിരുന്നു. എന്നിട്ടും അയാള്‍ അതിലെ വന്നു. 

സ്വല്പം ഗർവിൽ ആ ഓഫീസിന് മുൻപിലൂടെ നടന്നു നീങ്ങി. ഓഫീസ് പരിസരമൊന്ന് വീക്ഷിക്കാൻ അയാൾ മറന്നില്ല. എല്ലാവരും ആത്മാർഥതയോടെ ജോലികൾ ചെയ്യുന്നുണ്ടാവണം. പുറത്ത് ആരെയും കണ്ടില്ല. ഓഫീസിനകത്തു നിന്ന് ശബ്ദകോലാഹലങ്ങൾ ഒന്നും കേൾക്കാനില്ല. ഐഡി കാർഡ് എടുത്ത് കുറച്ചു പേർ റെയ്ഡിന് പോയിട്ടുണ്ടാവും. ഹൊ, ഇനി തനിക്കും റെയ്ഡിന് ഒക്കെ പോകാൻ പറ്റുമല്ലോ എന്നോര്‍ത്തപ്പോള്‍ രോമാഞ്ചമുണ്ടായി. ആയാള്‍ കക്ഷത്തില്‍ ഇരുന്ന ഡയറി ഒന്ന് ഉറപ്പിച്ച് വച്ചു. ഒന്ന് കൂടി നിവര്‍ന്ന് നടന്നു. എല്ലാം യാന്ത്രികവും തിടുക്കത്തിലും ആയിരുന്നു.  സിനിമയിൽ മാത്രമേ റെയ്ഡ് ഒക്കെ കണ്ടിട്ടുള്ളു. ഇനിയിപ്പോൾ ... ഹൊ … ആലോചിക്കാൻ കൂടി പറ്റുന്നില്ല. വെളുത്ത പഞ്ഞികൂട്ടങ്ങൾ കണക്കുള്ള മേഘങ്ങൾക്കിടയിലൂടെ ആരോ അയാളെ പൊക്കി കൊണ്ട് പോകുന്നതായി തോന്നി. 

പെട്ടെന്ന്, വരാന്തയിൽ വച്ചിരിക്കുന്ന ബോർഡുകളിൽ അയാളുടെ കണ്ണുകൾ ഉടക്കി. കേന്ദ്രസർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി എഴുതിവച്ചിരിക്കുന്നു. ഏറ്റവും അടിയിലായി പണിമുടക്ക് ഭീക്ഷണിയും. അയാൾ അവിടെ നിന്ന് സാകൂതം വായിച്ചു. ഇനി താനും ഇതൊക്കെ അറിയണമല്ലോ. അയാൾ മനസ്സിൽ പറഞ്ഞു.

‘ഇടക്കാലാശ്വാസം ഉടൻ അനുവദിക്കുക...

ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുക..

പെൻഷൻ പ്രായം 60 ആക്കുക ...’

പട്ടിക അങ്ങനെ നീണ്ടു പോയിരുന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ല. സർക്കാർ ജീവനക്കാരുടെ ലോകത്തു മാത്രം ഒതുങ്ങുന്ന ഇത്തരം പദപ്രയോഗങ്ങൾ അയാൾ ഇതിനു മുൻപ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല.

തെക്കേവളപ്പിൽ നാരായണൻ മകൻ കൃഷ്ണപ്രസാദ് അവിടെ നിന്ന് ഒരിക്കൽ കൂടി അതെല്ലാം വായിച്ചു.

‘പെൻഷൻ പ്രായം 60 ആക്കുക’ 

ഓർക്കാപുറത്തു പെയ്തിറങ്ങിയ തുലാമഴയിൽ നനഞ്ഞു കുതിർത്ത ഇരട്ടവാലന്‍ പക്ഷിയെപ്പോലെ അയാളുടെ മനസ്സ് വികിലമായി. തന്റെ പിന്നിൽ നിന്നും വിരൽത്തുമ്പിലെ പശ തപാലാപ്പീസിന്റെ മേശക്കടിയിൽ തോണ്ടുന്ന ചെറുപ്പക്കാരുടെ നെടുവീർപ്പുകൾ ഇടിമുഴക്കം പോലെ അയാൾ കേട്ടു .

ഇതിനിടയിൽ ധാരാളം വഴിയാത്രക്കാർ അയാളെ കടന്നു അങ്ങോട്ടും ഇങ്ങോട്ടും പോയിക്കൊണ്ടിരുന്നു. ചിലരൊക്കെ എഴുതി വച്ചിരിക്കുന്ന ബോർഡുകളിലേക്കു കണ്ണോടിച്ചു. മറ്റുചിലര്‍ കെട്ടിടത്തിന് അകത്തേക്ക് വെറുതെ ഒന്നു നോക്കി. പക്ഷേ, ആരും തന്നെപോലെ അത് ശ്രദ്ധാപൂര്‍വം വായിച്ചു പഠിക്കുന്നതിൽ താല്പര്യം കാണിച്ചില്ല.

അയാൾ തന്റെ ഡയറി കക്ഷത്തിൽ ഒന്നുകൂടി തിരുകി വച്ച് നടന്നു നീങ്ങി. 

അയാളുടെ മനസ്സിൽ ചില പ്രയോഗങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.

ക്ഷാമബത്ത… ഇടക്കാലാശ്വാസം... പാരിറ്റി ... ആ പദപ്രയോഗങ്ങൾ ഒരു ജന്മാവലി പോലെ അങ്ങനെ നീണ്ടതായിരുന്നു. പിന്നിട്ട കാലത്തിന്റെ ഗദ്ഗദങ്ങൾ മനസ്സിന്റെ കോണിൽ കോറിയിട്ടു അയാൾ നടന്നു. ആവിപാറുന്ന ചായയും കുടിച്ച് നാളകളിലെ പത്രവാർത്തകൾ വായിച്ചിരിക്കാൻ. വായിച്ചു രസിക്കാൻ. 

അയാൾ ആ പട്ടണത്തിൽ പതിയെ ലയിച്ചു. കടയിൽ തൂക്കിയിട്ടിരുന്ന ആഴ്ചപ്പതിപ്പുകളുടെ വട്ടംചുറ്റൽ അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.

English Summary: Smrithirekha, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;