‘എന്തിനാണ് സ്ത്രീകൾ ഇങ്ങനെ എല്ലാം സഹിക്കുന്നത്?’

woman-flames
പ്രതീകാത്മക ചിത്രം. Photocredit : Alan Poulson Photography / Shutterstock
SHARE

എരിയുന്ന കനലുകൾ (കഥ)

നേരം നന്നേ പുലർന്നിട്ടില്ല, നേർത്ത മഴ ചാറ്റലുണ്ട്. ദേഹമാകെ നൊന്തു നീറി പുകയുന്നുണ്ട്. അടുത്ത് കിടക്കുന്ന മീശ വെച്ച മാംസപിണ്ഡത്തെ അവജ്ഞയോടല്ലാതെ നോക്കി കാണാൻ കഴിയുന്നില്ല. നേരം പുലർന്നാൽ പിന്നെ അയാൾ മാന്യൻ ആണ്. രാവണഞ്ഞാൽ അയാൾക്കു പുളിച്ച പനം കള്ളിന്റെ  ഗന്ധമാണ്, അപ്പോൾ എനിക്ക് ഒരു അഭിസാരികയുടെ മനം മദിപ്പിക്കുന്ന ഗന്ധവും. നീണ്ട എട്ട് വർഷമായ് രാത്രി ‌കാലങ്ങളിൽ ഇയാൾക്ക് മുന്നിൽ ഞാൻ ഒരു അഭിസാരികയുടെ വേഷം ആടി തിമിർക്കുകയാണ്. ജീവിതം ഒരു അറവുശാലയായ് മാറിയിരിക്കുന്നു. 

അമ്മ ഇന്നും വിളിച്ചിരുന്നു. അച്ഛന് തീര വയ്യാത്രെ. അവരെയൊക്കെ കണ്ട കാലം മറന്നു. എന്റെ സ്വരം ഇടയ്ക്ക് എപ്പോഴോ ഒന്ന് ഇടറിയതിനാലാവണം പതിവ് സുഖാന്വേഷണത്തിൻ ഒടുവിലായ് അമ്മ ഇതും കൂടി ചേർത്തു, ‘‘നിങ്ങളുടെ പ്രയാസം ഭഗവാൻ കാണുന്നുണ്ട്, ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനി അധികനാൾ നീളില്ല.’’ കുഞ്ഞും ഭഗവാനും, എന്റെ നിഘണ്ടുവിൽ നിന്ന് എന്നേ സ്ഥാനമില്ലാതായ, അല്ലെങ്കിൽ എന്നേ സ്വമേധയാ മായ്ച്ചു കളയപ്പെട്ട രണ്ടു വാക്കുകൾ ആണ്. ഇതു പോലെ പ്രജ്ഞയറ്റൊരു മരപ്പാവയായുള്ള എന്റെ പരിണാമത്തിനും മൂകസാക്ഷി ഈ പറയപ്പെടുന്ന ഭഗവാൻ തന്നെയാണ്. 

വർഷങ്ങൾക്ക്‌ മുൻപ് കുഞ്ഞേട്ടൻ അരുതാത്തിടത്തൊക്കെ നുള്ളി നോവിച്ചപ്പോൾ അത് ആരോടും പറയരുതെന്ന് വിലക്കിയത് അമ്മയാണ്, കുടുംബത്തിന് മാനക്കേടാണത്രെ! ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അവിടൊക്കെ നുള്ളലിന്റെ നീറ്റൽ അനുഭവപ്പെടാറുണ്ട്, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. സ്കൂൾ വിട്ട് വന്ന ഒരു ദിവസം, അച്ഛന്റെ തുന്നിയ കുപ്പായം വാങ്ങാനായ് രവി മാമന്റെ തയ്യൽ കടയിൽ കേറിയിരുന്നു. മഞ്ഞ ചിത്രശലഭങ്ങളും ചുവന്ന പൂക്കളും നിറഞ്ഞ പാവാട തുന്നി തരാമെന്ന് വാക്ക് നൽകി രവി മാമൻ, ഏറെ നേരം പാവാടയ്ക്കായ് എന്റെ അളവെടുത്തു. 

നേരം വൈകിയിട്ടും എന്നെ കാണാതായപ്പോൾ തിരക്കി വന്ന അച്ഛൻ രവി മാമനെ അന്ന് പൊതിരെ തല്ലിയത് ഇന്നും ഓർമ്മയിലുണ്ട്. അന്ന് അച്ഛനും പറഞ്ഞു അമ്മയുൾപ്പെടെ ഇതൊന്നും ആരെയും അറിയിക്കരുതെന്ന്. ഇന്നോളം തുന്നി കിട്ടാത്ത ആ പാവാട ഓരോ രാത്രിയിലും അയഞ്ഞും മുറുകിയും അരക്കെട്ടിൽ രക്തം ചീന്തിക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. അപ്പോഴൊക്കെ എന്റെ മുറ്റത്ത് വിരിയുന്ന പാടല പൂക്കളെ വലം വെയ്ക്കാൻ, നരച്ച മഞ്ഞ ഇതളുകളുള്ള ഒരായിരം ചിത്രശലഭങ്ങളും പറന്നടുക്കാറുണ്ട്. 

ശരീരവളർച്ചയ്‌ക്കൊപ്പം മനസ്സും പ്രായവും നടന്നെത്തും മുന്നേ വയസ്സറിയിച്ചതിനാൽ, ‘പെണ്ണായി’ എന്ന നിബന്ധനകളുടെ ഭാണ്ഡം തലച്ചുമടായ് അവിടുന്ന് അങ്ങോട്ട് ചുമക്കേണ്ടി വന്നിട്ടുണ്ട്. ഒന്ന് ഉച്ചത്തിൽ ചിരിക്കാൻ പോലും മറന്നു പോയത് അതിനു ശേഷമാണ്. കൗമാരത്തിൽ പ്രാണൻ നൽകി പ്രണയിച്ചു. ഒടുവിലോ ജ്വലിച്ചു നിൽക്കുന്ന പ്രകാശത്തോടടുക്കുന്ന ഈയ്യാംപാറ്റയെ പോലെ, താപമേറ്റ്‌, ചിറകുകൾ കൊഴിഞ്ഞു, സ്വയം എരിഞ്ഞടങ്ങി. അപ്പോഴേക്കും വാ മൂടിക്കെട്ടി സ്വയം ഉൾവലിയാൻ ഞാനെന്ന സ്ത്രീ പഠിച്ചു കഴിഞ്ഞിരുന്നു. പ്രിയപ്പെട്ടവർ ഒക്കെ ചേർന്നെന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ ഒരു നെരിപ്പോടെന്ന പോലെ എരിയുന്നുണ്ട് ഇപ്പോഴും ഓർമ്മകളുടെ  കനലുകളൊക്കെയും. 

തീവ്രമായ വേദന കടിച്ചമർത്തി ഏറെ പണിപ്പെട്ടാണ് കിടക്കവിട്ടത്. അപ്പോഴേക്കും അയാൾ മാന്യതയുടെ മുഖമൂടിയണിഞ്ഞ് ജോലിക്കെന്ന വ്യാജേന എങ്ങോട്ടോ പോയ് കഴിഞ്ഞിരുന്നു. മനസ്സും, ശരീരവും വ്രണപ്പെട്ട് പതിവില്ലാതെ പഴുപ്പും ചലവും ഒലിക്കുന്നതായ് തോന്നിയതു കൊണ്ടാണ് ഒരാശ്വാസത്തിനായ് ടെലിവിഷൻ വെച്ചത്. ചാനലുകളുടെ മിന്നലാട്ടത്തിനിടെയാണ് ആ ചർച്ചയിൽ കണ്ണുടക്കിയത്. ഒളിഞ്ഞും തെളിഞ്ഞും പല സ്ത്രീകളും ഇന്ന് അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ചും സ്ത്രീധനം കൊടുക്കൽ വാങ്ങൽ എന്നിവയെ കുറിച്ചും ഏവരും വാതോരാതെ സംസാരിക്കുന്നുണ്ട്. 

മധ്യവയസ്കയായ ഒരു സാമൂഹിക പ്രവർത്തക അവരുടെ അനുഭവം വിവരിക്കുകയാണ്. ‘‘ഇന്നലെ വളരെ വൈകിയാണ് ആ വീട്ടമ്മ എന്നെ വിളിക്കുന്നത്. മദ്യപാനിയായ തന്റെ ഭർത്താവിന്റെ ചെയ്തികൾ ഓരോന്നായ് വിവരിച്ച് ഒടുവിൽ അവർ അലമുറയിട്ട് കരഞ്ഞു. ഭർത്താവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുവാൻ എന്നിട്ടും അവർ തയാറായിരുന്നില്ല എന്ന വസ്തുത എന്നെ ഏറെ ആശ്ചര്യപ്പെടുത്തി. വളരെ നേരത്തെ എന്റെ പരിശ്രമത്തിന് ഒടുവിലാണ് അവർ ഭർത്താവിനെതിരെയൊരു പരാതി കൊടുക്കാൻ തയാറായത്. 

ചില സ്ത്രീകൾ എന്തിനാണ് ഈ വിധം സർവം സഹയായി നിലകൊള്ളുന്നത്? ശരീരത്തിനും മനസ്സിനും ഏൽക്കുന്ന പ്രഹരങ്ങൾ ഒക്കെ സഹിച്ച് തന്റെ വിധിയേയും പഴിച്ചു മൗനം പുണരാൻ വിധിക്കപ്പെട്ടവർ അല്ല സ്ത്രീകൾ എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ച് കൊള്ളട്ടെ. എരിയുന്ന കനലുകൾ ഉള്ളിൽ കിടന്നു പൊള്ളുമ്പോൾ അത് കെടുത്താൻ ഇവിടുത്തെ നിയമ വ്യവസ്ഥയും തങ്ങളെ പോലെ സ്ത്രീകളുടെ ക്ഷേമത്തിനായ് പ്രവർത്തിക്കുന്നവരും എപ്പോഴും കൂട്ടിനായി കൂടെയുണ്ട് എന്ന് മറക്കാതിരിക്കുക’’ എന്നുമവർ പറഞ്ഞു നിർത്തി. 

വല്ലാത്തൊരു ഊർജം പകരാൻ കഴയുന്നവയായിരുന്നു അവരുടെ വാക്കുകൾ. പൊയ്‌പ്പോയ വർഷങ്ങളിൽ ഒരിക്കൽ പോലും ആരുടേയും വാക്കുകൾ ഇത്രയധികം തീക്ഷ്ണമായ് ഹൃദയത്തിൽ പതിഞ്ഞിട്ടില്ല. ഒരുപാട് നാളുകൾക്ക് ശേഷം വിളക്ക് കൊളുത്തി ഭഗവൽ സമക്ഷം ഇരുന്ന് ഉച്ചത്തിൽ കരഞ്ഞു വർഷങ്ങളുടെ വിഴുപ്പു ഭാണ്ഡം ഞാൻ ഇറക്കി വെച്ചു. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ആ സ്ത്രീയെ പോലെ ചുമന്ന വട്ട പൊട്ട് കുത്തി, അലമാരയിൽ നിന്ന് പണ്ടെങ്ങോ അലക്കി തേച്ചു വെച്ചിരുന്ന പൊടി മണം പൂണ്ടയൊരു കോട്ടൺ സാരി ചുറ്റി കണ്ണാടിക്കു അഭിമുഖമായി നിന്നു. ഒരുപക്ഷേ സാഹചര്യങ്ങളാകാം ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ സ്ത്രീകളെ കൊണ്ട് പല വേഷങ്ങൾ കെട്ടി ആടിക്കുന്നത് എന്ന് തോന്നി പോകുന്നു. ഒട്ടും അമാന്തിക്കാതെ പിന്നെ സ്വന്തം കൈപ്പടയിൽ പരാതി എഴുതി ബാഗിൽ കരുതി യാത്ര പുറപ്പെട്ടു. 

അച്ഛന്റെ പാട്ടു പെട്ടിയിൽ ഉച്ചത്തിൽ കേട്ടു കൊണ്ടിരുന്ന പ്രണയ ഗാനമാണ് വാതിൽ പടിക്കൽ എന്നെ വരവേറ്റത്. അടുക്കള ജോലിയിൽ വ്യാപൃതയായ അമ്മയ്ക്കു കേൾക്കാൻ ഗാനങ്ങൾ ഉച്ചത്തിൽ വെയ്ക്കുക എന്നത് കിടപ്പായതിൽ പിന്നെ അച്ഛന് പതിവാണ്. അമ്മയെ സഹായിക്കാൻ അടുക്കളയിൽ ഒപ്പം കൂടുന്ന അച്ഛൻ എന്നും എന്റെ നിറമുള്ള ഓർമ്മകളിലൊന്നാണ്. ഇരുവരുടെയും കണ്ണുകളിൽ നിന്നെന്റെ മുറിവുകൾ സാരിത്തലപ്പ് കൊണ്ട് മറയ്ക്കാൻ ഞാൻ നന്നേ പാടുപ്പെട്ടു. 

അച്ഛന് കഞ്ഞി കോരി കൊടുത്തു കഴിഞ്ഞ് അമ്മ ഊണ് കഴിക്കാൻ വന്നിരുന്നപ്പോഴാണ് അച്ഛന്റെ ആ ചോദ്യമിങ്ങു എത്തിയത്. ‘‘ദേവൂ നീ ഇൻസുലിൻ എടുത്തിട്ടാണോ കഴിക്കാൻ ഇരുന്നത്.’’ അത് കേട്ടയുടൻ അമ്മ അച്ഛനെ നോക്കി ഒരു കള്ള ചിരിയും ചിരിച്ച് അകത്തു പോയി ഇൻസുലിൻ എടുത്ത്, വീണ്ടും എന്റെ ഒപ്പം ഉണ്ണാൻ ഇരുന്നു. അച്ഛന്റെ ആ ചോദ്യം കേട്ട് മനസ്സിന്റെ ഒരു പാതി സന്തോഷിക്കുകയും മറുപാതി വിങ്ങുകയും ചെയ്യുന്നതായി ഞാൻ അറിഞ്ഞു. എത്ര ഊഷ്മളമാണ് അവരുടെ ബന്ധം. വാർദ്ധക്യത്തിന്റെ വയ്യായ്മകൾക്കിടയിൽ പോലും അമ്മയുടെ മുഖം സദാ പ്രസരിക്കുന്നതായി തോന്നി. അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പ്രകാശിക്കുന്ന ഈ നിമിഷം എന്റെ ദാമ്പത്യ അധ്യായങ്ങൾ മറ നീക്കി പുറത്തെടുക്കേണ്ടതില്ല എന്ന് മനസ്സ് മന്ത്രിച്ചു. എന്നാൽ ഒക്കെയും അവർ അറിയാൻ ഇനിയും മണിക്കൂറുകളുടെ ദൈർഘ്യം മാത്രമേ പാടുള്ളു എന്ന് ഞാൻ മനസ്സാ ഉറപ്പിച്ചു. 

ഇരുവരുടെയും സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ചു മതിവരാതെ തന്നെ അവരോട് യാത്ര പറഞ്ഞ് ഇറങ്ങേണ്ടി വന്നു. തിരികെയുള്ള ബസ് യാത്രക്കിടയിൽ മനസ്സിൽ തങ്ങി നിൽക്കുന്ന പല മുഖങ്ങളും വന്നു പോയ്. തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പണിപ്പെടുന്ന തന്റെ പ്രണയിനിയെ കണ്ട്, സ്റ്റോപ്പ് വിട്ട് നീങ്ങി തുടങ്ങിയ ബസിൽ നിന്ന് ‘‘ആളിറങ്ങണം’’ എന്ന് ഒച്ചയുണ്ടാക്കി ഇറങ്ങി, അവളെ കൈ കോർത്ത് പിടിച്ചു റോഡ് കടത്തി വിട്ട ആ കൗമാരക്കാരൻ, ഗർഭിണിയായ സ്ത്രീക്ക് തന്റെ സീറ്റ് മടി കൂടാതെ ഒഴിഞ്ഞു കൊടുത്തൊരു ചെറുപ്പക്കാരൻ, പ്രായാധിക്യം കൊണ്ട് അവശയായ സ്ത്രീയെ സാവകാശം ബസിനുള്ളിലേക്കു താങ്ങി കയറ്റി, അവർ സുരക്ഷിതമായ ഇരിപ്പടത്തിൽ ഇരുന്നു എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ബസ് നീങ്ങാനുള്ള മണി മുഴക്കിയ മധ്യവയസ്കനായ ബസ് കണ്ടക്ടർ, അങ്ങനെ അപരിചിതമായ കുറെയേറെ മുഖങ്ങൾ ക്ഷണ നേരം കൊണ്ട് ഹൃദയത്തിൽ സ്ഥാനം പിടിച്ച് കടന്ന് പോയി. 

പ്രണയവും, കരുതലും, താങ്ങും, തണലും, കരുത്തും ശാഖികളായ് വിടർത്തി, പൗരുഷത്തിന്റെ വേരുകളുറപ്പിച്ച് ഈ സമൂഹത്തിൽ നിലകൊള്ളുന്ന, അനേകായിരം വ്യക്തിത്വങ്ങൾക്ക് അപമാനമായ്‌ ന്യൂനമാത്രയിൽ വിലസുന്ന ചില വ്യക്തി വൈകൃതങ്ങളെ ഓർത്തു നന്നേ അരിശം പൂണ്ടാണ് ബസ് ഇറങ്ങിയത്. ബാഗിൽ കരുതിയ പരാതി മുറുകെ പിടിച്ച് പോലീസ് സ്റ്റേഷന്റെ കവാടം കടന്നപ്പോൾ, എന്റെ ഉള്ളിൽ എരിയുന്ന കനലുകൾക്ക് പുണ്ണ്യാഹം തളിക്കും പോലെ മഴ പിന്നെയും പെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ ഉയർത്തെഴുന്നേല്പിന്റെ ഒരു കനൽ മാത്രം ആ മഴയിലും കെടാതെ സൂക്ഷിച്ചു ഞാൻ ശ്രദ്ധാപൂർവം അകത്തേക്ക് നടന്നു നീങ്ങി. 

English Summary: Eriyunna Kanalukal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;