സമയാസമയം തീറ്റ വെള്ളം, മറ്റൊന്നുമറിയണ്ട; അടച്ച കൂട്ടിനുള്ളിലെ സുഖജീവിതം

bird
പ്രതീകാത്മക ചിത്രം. Photocredit : PTR STOCK/ Shutterstock
SHARE

കാഴ്‌ചകിളികൾ (കഥ)

എന്നാണ് എപ്പോഴാണ് ആദ്യത്തെ ആ കൂട്ടിൽ വന്നു പെട്ടതെന്ന് അറിയില്ല. അതിന് മുൻപ് വേറേ കൂട്ടിൽ ആയിരുന്നോ എന്നും അറിയില്ല. ഞങ്ങള് കൊറേ കിളികൾ ഉണ്ടാരുന്നു മരുത് മോലാളിയുടെ ആ കൂട്ടിൽ. ഞങ്ങള് ഏതിനം കിളികൾ ആണെന്ന് ഞങ്ങൾക്ക് അറിയില്ല. ഓരോ കൂട്ടിലും ഒരു പോലത്തെ കിളികളെ ഒരുമിച്ചാണ് ഇട്ടിരുന്നത്. മരുത് മോലാളിയുടെ കടയിലെ മറ്റ് കിളികളെയും മറ്റ് ജന്തുക്കളെയും വാങ്ങാൻ വരുന്നവർ ചെലരൊക്കെ ഞങ്ങളെ നോക്കിയിട്ടെ പോകാറുള്ളൂ. 

ഒരാൾക്ക് ഒഴികെ ഞങ്ങൾക്കെല്ലാവർക്കും വേറെ കൂട്ടിലേക്ക്‌ പോകാൻ ഇഷ്ടമായിരുന്നു. ഒരേ കൂട്ടിൽ കൊറേനാള് കിടന്ന് കഴിയുമ്പോൾ മടുക്കും. പക്ഷേ മോലാളിയുടെ ആ കൂട്ടിൽ കൊറേശ്ശെ അങ്ങോട്ടും ഇങ്ങോട്ടും പറക്കാനൊക്കെ പറ്റുമായിരുന്നു. ഒരുപാട് പേരുള്ളത് കൊണ്ട് കുറച്ച്‌ വലിയ കൂടാരുന്നു അത്. രണ്ടു പേര് പറക്കുമ്പോൾ ബാക്കി ഉള്ളവർ മാറി ഇരിക്കണം. ആവേശം കൂടി പറക്കുമ്പോൾ കൂടിന്റെ അവിടൊക്കെ തട്ടി ചിറക് കുരുങ്ങി ഒന്നോ, രണ്ടോ തൂവൽ പൊഴിയുമായിരുന്നു. അപ്പോഴേങ്ങാനും മരുത് കണ്ടാൽ പിന്നെ ഞങ്ങളെ നോക്കി ഒച്ചയെടുക്കും. ആ സമയത്ത് എല്ലാവരും കൂടിന്റെ വശത്തേക്ക് ഒതുങ്ങിയിരിക്കും. 

തൂവലൊക്കെ പോയാൽ നിന്നെയൊന്നും ആരും വാങ്ങാൻ പോകില്ലെന്നും, ഇതിനകത്ത് കിടന്നു ചാകും എന്നൊക്കെ പറഞ്ഞു മോലാളി പോകും. അടുത്ത ഒന്ന് രണ്ട് ദിവസത്തേക്ക് ആരും കൂട്ടിനകത്തു പറക്കില്ല. തൂവലൊക്കെ ഒതുക്കി ഭംഗിക്ക് വെച്ച് ആരേലും വരുമ്പോൾ കൂടിന്റെ മുന്നിലെ നെറ്റിൽ അള്ളി കിടന്ന്, വരുന്നവരെ തൂവലൊക്കെ ഒതുക്കി ചിറകു വിരിച്ച് കാണിച്ചു ഗമയിൽ ഇരിക്കും. എല്ലാവരും അങ്ങനെ തന്നെ. ഒരാൾ മാത്രം ആ സമയത്ത് പറന്നുല്ലസിച്ചു കളിക്കും. വേറെ ആരും പറക്കാനില്ലല്ലോ. അവനെ വേറെ ആർക്കും ഇഷ്ടമല്ലാരുന്നു. ഒറ്റക്ക് മാത്രം ഒതുങ്ങിയ അവൻ കൂട്ടത്തിലെ ഒറ്റക്കിളി ആരുന്നു....

ഞങ്ങൾ കാഴ്ചകിളികൾ പൊതുവെ മടിയന്മാരും മടിച്ചികളും ആണ്. മരുത് മോലാളിയുടെ വിചാരം കൂടിന്റെ വാതിൽ അടച്ചില്ലേൽ ഞങ്ങളൊക്കെ പറന്നു പോകുമെന്നാണ്. തുറന്ന് കിടന്നാലും പറന്നു പോകില്ല. ചിലപ്പോൾ ഒറ്റക്കിളി പോയെന്നിരിക്കും. പക്ഷേ ഞങ്ങളാരും പോകില്ല. കാരണം, ഞങ്ങൾക്ക് സമയാസമയം തീറ്റ, വെള്ളം എല്ലാം കിട്ടുന്നുണ്ട്. പുറത്ത് പോയാൽ തനിച്ചു തീറ്റ തേടണം, ഒരുപാട് പറക്കണം, മറ്റ്‌ ജീവികൾ തല്ല് പിടിക്കാൻ വരും, അവറ്റകളെ നിന്നും ജീവൻ രക്ഷിക്കണം, പിന്നെ കൂടുണ്ടാക്കണം, ഇണയെ തേടണം, കുഞ്ഞി കിളികളെ നോക്കണം, അവരെ വളർത്തി എടുക്കണം. ഇവിടാണേൽ ഒന്നും അറിയണ്ട. സുഖം. പരമസുഖം. ഭാഗ്യമുണ്ടേൽ ആരേലും ഞങ്ങളെ വാങ്ങിയാൽ വേറെ കൂട് കിട്ടി പോകാം. 

ഒറ്റക്കിളി ഒഴിച്ച് ബാക്കി എല്ലാവരും വേറെ കൂട്ടിലേക്ക്‌ പോകാൻ കാത്തിരിപ്പാണ്. പക്ഷേ കുറച്ചു കാലമായി ഞങ്ങളെ ഒന്നും ആരും വാങ്ങി കൊണ്ടു പോകാൻ വരുന്നില്ലാരുന്നു. പയ്യെ പയ്യെ തീറ്റയൊക്കെ കുറഞ്ഞു വന്നു. കൂട്ടത്തിലുള്ള ചിലരൊക്കെ തളരാൻ തുടങ്ങി. കിട്ടുന്ന തീറ്റ എല്ലാവർക്കും ഒരേ പോലെ കിട്ടുന്ന തരത്തിൽ ഒതുങ്ങി കഴിയാൻ തുടങ്ങി. ഒരു ദിവസം മരുത് മോലാളി ഞങ്ങടെ കൂടിന് അടുത്ത് നിന്ന്, മറ്റ് ഏതോ ജീവിയെ വാങ്ങാൻ വന്ന ഒരാളുമായി കലപില പറയുവാരുന്നു. 

ആ സമയം ഒറ്റക്കിളി ഉറക്കെ ചിലച്ചു കൊണ്ട് പറന്നു നെറ്റിൽ അള്ളിക്കിടന്നു മോലാളിയുടെ നേർക്കു ചിലക്കാൻ തുടങ്ങി. കൊറേ ചിലച്ചപ്പോൾ മോലാളിയുടെ കൂടെ നിന്ന അയാൾ ഒറ്റക്കിളിയെ നോക്കാൻ തുടങ്ങി. ഒറ്റക്കിളിയുടെ വാശിയും കരച്ചിലും ഇഷ്ടപ്പെട്ടിട്ട് ഒറ്റക്കിളിയെ ചൂണ്ടി മോലാളിയോടായി പറഞ്ഞു. അവനെ ഇങ്ങു എടുത്തേരെ. എന്നിട്ട് കൂട്ടിലെ ഞങ്ങളെയൊക്കെ എല്ലാരേം നോക്കിയിട്ട് അവസാനം എന്നെ നോക്കിയിട്ട് അവന് കൂട്ടായി അവളെയും കൂടി എടുത്തോളാൻ...

അത് കേട്ടതും ഞാൻ ഭയങ്കരമായി സന്തോഷിച്ചു. തുള്ളി ചാടി അവിടെല്ലാം പറന്നു നടന്നു. ഒറ്റക്കിളി എല്ലാവരെയും ഒന്ന് നോക്കിയിട്ട് മാറി ഇരുന്നു. ബാക്കി ഉള്ളവർ എന്നെ അസൂയയോടെ നോക്കി. ഞാൻ ഓരോരുത്തരോടും യാത്ര പറയാൻ തുടങ്ങി. അപ്പോഴേക്കും മരുത് മോലാളി ഒരുപാട് തീറ്റയും കൊണ്ട് വന്നു വെച്ചു. കൊറേ നാളിന് ശേഷം കച്ചോടം നടന്നതിന്റെ സന്തോഷം. പ്രതീക്ഷിക്കാതെ വീണ്ടും നിറച്ച്  തീറ്റി കിട്ടിയപ്പോൾ ആർത്തിയോടെ ഞങ്ങൾ കൊത്തി കൊത്തി തിന്നാൻ തുടങ്ങി. ഒറ്റക്കിളി മാത്രം ആ ഇരിപ്പ് തുടർന്നു. കൊറേ കഴിഞ്ഞപ്പോൾ മരുത് മോലാളി കൂട് തുറന്ന് ഒറ്റക്കിളിയെ പിടിച്ചു. എല്ലാവരെയും അവനൊന്നു നോക്കി. 

മോലാളി അവനെ വേറൊരു ചെറിയ കൂട്ടിലേക്ക് ഇട്ടു. രണ്ട്‌ പേർക്ക് കഷ്ടിച്ചു കഴിയാൻ പറ്റുന്ന ഒരു കുഞ്ഞി കൂട്. വാങ്ങാൻ വരുന്നവർക്ക് ആ കൂട്ടിൽ ഇട്ടാണ് കൊടുക്കുന്നത്. നന്നായി പറക്കാനൊന്നും കഴിയില്ല. കൂടിന്റെ ഒരു വശത്തായി കൂടിനോട് ചേർന്ന് തന്നെ വെളിയിലോട്ടു തള്ളി രണ്ടു കുഞ്ഞു പെട്ടികൾ ഉണ്ട്‌. ഒന്നിൽ തീറ്റിയും, മറ്റേതിൽ വെള്ളവും. തല ആ പെട്ടിക്കുള്ളിലേക്ക് ഇട്ട് വേണം തീറ്റി എടുക്കാൻ. നടുക്കൂടെ ഒരു കമ്പ് വെച്ചിട്ടുണ്ട്. അതിൽ വേണം ഇരിക്കാൻ. ഒറ്റക്കിളി ആ കമ്പിന്റെ വശത്തേക്ക് മാറി ഇരുന്നു. അപ്പോഴേക്കും എന്നെ പിടിച്ചു മോലാളി ആ കൂട്ടിനകത്തേക്ക് ഇട്ടു. ഞാൻ ഒറ്റക്കിളിയെ നോക്കാതെ ഗമയിൽ കൂടൊക്കെ ചുറ്റി കണ്ടു. അങ്ങനെ ഞങ്ങളെ വാങ്ങിയ പുതിയ യജമാനൊപ്പം യാത്രയായി. ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. 

അങ്ങനെ ഒരു വീടിന്റെ വരാന്തയിൽ ഞങ്ങളെ യജമാൻ കൊണ്ടു വെച്ചിട്ട് അകത്തേക്ക് പോയി. കൂടെ യജമാൻ വാങ്ങിയ ഒരു പൂച്ചയും കേറി പോയി. പൂച്ച പോകും വഴി ഞങ്ങളെ ഒന്നു കൂർപ്പിച്ചു നോക്കി. ഞാൻ അതൊന്നും നോക്കാതെ വീടിന്റെ എവിടേലും മരുത് മോലാളിയുടെ കൂട് പോലത്തെ വലിയ കൂട് വല്ലതും ഉണ്ടൊന്നു നോക്കുവാരുന്നു. അപ്പോഴേക്കും അകത്തൂന്നു ഒരു കൊച്ച് ഓടി കൂവി വന്ന്‌ ഞങ്ങളുടെ കൂടിനടുത്തു നിന്നു. അതിന് ഭയങ്കര സന്തോഷം വന്നിട്ട് തുള്ളിച്ചാടാൻ തുടങ്ങി. പിന്നെ ഇരുന്നിട്ട് ഞങ്ങൾ ഇരുന്ന കമ്പിൽ പിടിച്ച് വേഗത്തിൽ കറക്കാൻ തുടങ്ങി. ഞങ്ങളും അതിന്റെ കൂടെ കറങ്ങി. തല ചുറ്റിയപ്പോൾ കമ്പിലെ പിടി വിട്ട് ഞാനും ഒറ്റക്കിളിയും താഴേക്കു വീണു. 

ഇതു കണ്ട് കൊച്ച്‌ കൈയടിച്ച് ചിരിക്കാൻ തുടങ്ങി. ഞാൻ ഒരു തരത്തിൽ കൂടിന്റെ കമ്പി വരിയിൽ പിടിച്ചു നിന്നപ്പോൾ ആ കൊച്ച് കൈ ഇട്ട് എന്റെ വാലിൽ പിടിച്ചു പുറത്തോട്ട് വലിക്കാൻ തുടങ്ങി. കമ്പിയുടെ ഇടയിൽ കുരുങ്ങി ഞാൻ കരയാൻ തുടങ്ങി. വേദന എടുത്തു തുടങ്ങി. ശരീരം പകുതിയോളം പുറത്തേക്കു പോയി. കൊച്ചു ബലത്തിൽ ആഞ്ഞു വലിക്കുവാണ്. എന്റെ കരച്ചിൽ കെട്ടിട്ടാവണം ആ പൂച്ച വന്ന് ആർത്തിയോടെ പമ്മി നിന്നു. അപ്പോഴേക്കും ഒറ്റക്കിളി ഒച്ചത്തിൽ കരഞ്ഞ് കമ്പിയിൽ ചിറകിട്ടടിച്ചു കൊച്ചിനെ പേടിപ്പിച്ചു. കൊച്ചു പിടിവിട്ടു കരഞ്ഞോണ്ട് അകത്തേക്കു പോയി. കൂടെ പൂച്ചയും പോയി. എനിക്ക് സമാധാനമായി. കമ്പിയുടെ ഇടയിൽ നിന്നും പെടച്ച് പെടച്ച് കുറച്ചു നീങ്ങി നെരങ്ങി കിടന്നു. ഞാൻ നന്ദിയോടെ ഒറ്റക്കിളിയെ നോക്കി. അവൻ എന്നെ നോക്കാതെ എന്തോ ആലോചിച്ചു ഇരുപ്പാണ്. 

കൊറേ ദിവസം കഴിഞ്ഞപ്പോൾ വേദന ഒക്കെ മാറി ഞാൻ ഒന്ന് ഉഷാറായി. പുതിയ കൂടും, വീടും, യജമാനനും, കൊച്ചും, പൂച്ചയും ഒക്കെ പരിചയമായി. പക്ഷേ ഒറ്റക്കിളി മാത്രം എന്നോടൊന്നും മിണ്ടിയിരുന്നില്ല. പുറത്തേക്കു നോക്കി ഇരിപ്പാണ് എപ്പോഴും. എന്റെ അടുത്താണേൽ പൂച്ച അല്ലെങ്കിൽ കൊച്ചോ ഇടക്ക് വരും. കൊച്ചിന് ഒറ്റക്കിളിയെ പേടിയായത് കൊണ്ട് വാലിലും, കമ്പിലും ഒന്നും പിടിക്കാൻ വരില്ല. അത് കൊണ്ട് കൊച്ചിന്റെ മുൻപിൽ വിലസി നിൽക്കാം. പക്ഷേ പൂച്ച കൊറേ നേരം നിൽക്കുവാണേൽ ഒറ്റക്കിളി കാറി കാറി, ചിറകൊക്കെ കൂട്ടിൽ ഇട്ട് അടിക്കും. പൂച്ചയെ ഒറ്റക്കിളിക്ക് ഇഷ്ടമല്ല. എന്നോട് സംസാരിക്കുന്നതിന്റെ കലി ആയിരിക്കുമോ. കൊറേ ആകുമ്പോൾ അതൊന്നും കാര്യമാക്കാത്ത മട്ടിൽ എന്ന പോലെ പൂച്ച പയ്യെ പോകും. അപ്പോൾ എന്നെ കൊത്തി കീറും എന്ന ഭാവത്തിൽ ഒരു നോട്ടം നോക്കും. പിന്നെ വീണ്ടും പുറത്തേക്ക് നോക്കിയിരിക്കും. 

ഇതെന്തിനാ ഒറ്റക്കിളി എപ്പോഴും പുറത്തേക്ക് നോക്കുന്നതെന്ന് അറിയാനായി ഒരു പകൽ മുഴുവനും ഞാൻ ഒറ്റക്കിളിയെ ചുറ്റിപ്പറ്റി നടന്നു. അന്നേരം ഒക്കെ വന്ന പൂച്ചയെയും കൊച്ചിനെയും വലിയ കാര്യമായി നോക്കാതെ ഒറ്റക്കിളിയുടെ നോട്ടം പോകുന്നടുത്തൊക്കെ ഞാനും നോക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത്, മരത്തിലും താഴെയും പറന്ന് വന്നിരിക്കുന്ന പല പല കിളികളെ നോക്കി ഇരുപ്പായിരുന്നു എന്ന്. അവ എങ്ങനെ തീറ്റി തേടുന്നതും, കൊത്തി തിന്നുന്നതും, പറക്കുന്നതും, ചിറക് വിരിക്കുന്നതും, പറന്ന് വന്ന് മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുന്നതും, ചിറക് ഒതുക്കുന്നതും, മറ്റ് പക്ഷികളിൽ നിന്നും ഓടി മാറുന്നതും, അങ്ങനെ അങ്ങനെ. ആ ഒറ്റ ദിവസം കൊണ്ട്‌ ഒറ്റക്കിളിയെ നോക്കിയിരുപ്പ് ഞാൻ മതിയാക്കി. അവൻ എങ്ങോട്ടേലും നോക്കട്ടെ. 

അത് കഴിഞ്ഞുള്ള നാളിൽ പൂച്ചയെയും കൊച്ചിനേം അങ്ങനെ ഒരുപാട് കാണാറില്ലാരുന്നു. അപ്പോഴാണ്  കൂടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ആദ്യം ഞാൻ വലിയ കാര്യമാക്കിയില്ല. പിന്നാണ് ഞാൻ ആലോചിച്ചത് ഒറ്റക്കിളി അത് കണ്ടില്ലേ എന്ന്‌. അവൻ കണ്ടെങ്കിൽ എപ്പോഴേ പുറത്തേക്ക് പോയേനേ. ഒറ്റക്കിളി ആണേൽ തല കൂർമിച്ചു കൂടിന് ചുറ്റും തല വെട്ടിച്ച് നോക്കുകയാണ്. എനിക്കാണേൽ അപ്പോൾ ഒരാഗ്രഹം. കൊച്ചിനേം പൂച്ചയെയും കണ്ടിട്ട് വന്നാലോ എന്ന്‌. ഒന്നൂടെ ആലോചിച്ചപ്പോൾ അത് നല്ല രസമായിരിക്കും എന്ന്‌ തോന്നി. ഞാൻ ഒറ്റക്കിളിയെ നോക്കാതെ പമ്മി വാതിലിന്റെ അടുത്ത് എത്തിയതും ഒറ്റക്കിളി ഓടി വന്ന് പോകണ്ട എന്ന ഭാവത്തിൽ വാതിൽ അടഞ്ഞു നിന്നു. കൂടെ ദേഷ്യത്തോടുള്ള നോട്ടവും. 

ഞാൻ പയ്യെ പിറകിലേക്ക് വലിഞ്ഞു. ഒറ്റക്കിളി മാറിയ തക്കം നോക്കി ഞാൻ പെട്ടെന്ന് വാതിലും കടന്ന് പുറത്ത്  ചാടി. കൂടിന് കുറച്ച് അകലെ മാറി നിന്നു. ഇത് കണ്ട ഒറ്റക്കിളി തല കൊണ്ട് ആട്ടി എന്നെ വിളിക്കുന്ന പോലെ കൂടിന് അകത്തു വേഗം വേഗം ചുറ്റി നടന്നു. ഞാൻ കരുതിയത് അവൻ കൂവി കാറി കൂട്ടിൽ ചിറകിട്ട് അടിക്കുമെന്നായിരുന്നു. ഒറ്റക്കിളിക്ക് എന്ത് പറ്റി എന്ന് ആലോചിച്ചിരുന്നതും എവിടുന്നോ കൊച്ച് ഓടി വന്ന് എന്നെ കടന്ന് പിടിച്ചു രണ്ട് കൈക്കുള്ളിലാക്കി നടന്നു. എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. 

കൊറേ കഴിഞ്ഞപ്പോൾ ചിറക് നനഞ്ഞ് വെള്ളം തൂവലിലെല്ലാം പറ്റിയപ്പോൾ ആണ് മനസ്സിലായത് ഞാൻ വെള്ളത്തിൽ കിടക്കുവാണെന്ന്. മൊത്തം നനഞ്ഞു വെള്ളത്തിലേക്ക് താഴ്ന്നപ്പോൾ കൊച്ച് എന്നെ എടുത്ത് മാറ്റി മണ്ണിലിട്ടു. ഞാൻ കിടന്നു പിടയുന്നത് നോക്കി കൊച്ച് കൈ കൊട്ടി ചിരിച്ചു. ഞാൻ പെടെഞ്ഞെണീറ്റ് ചിറക് കുടഞ്ഞ് ഒന്ന് നേരെ നിന്നതും, പമ്മി നിന്ന പൂച്ച ചാടി വന്ന് എന്നെ മണ്ണിൽ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചു. ഇത് കണ്ട കൊച്ച് ഉറക്കെ കൈ അടിച്ച് ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ ക്ഷീണിച്ചു വിറച്ച് മയക്കത്തിലായി കൊണ്ടിരുന്നു. പാതി മയക്കത്തിൽ ഞാൻ കണ്ടു, ഒറ്റക്കിളി വേഗത്തിൽ പറന്ന് വന്ന് എന്റെ ചുറ്റിനും കറങ്ങി ചാടിയും ചിറകിട്ടടിച്ചും അലറി അലറി കരഞ്ഞു കൊണ്ട് കൊച്ചിനെയും പൂച്ചയേയും ഓടിക്കുന്നത്.

English Summary: Kazhchakilikal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;