ADVERTISEMENT

ഏഴിലം പാലച്ചോട് (കഥ)

 

അമ്മേ....! ആരോ ഒരാൾ നിൽക്കുന്നു ! 

എവിടെ ? 

അവിടെ! ആ ഏഴിലം പാലച്ചോട്ടിൽ. 

ഉണ്ട്, നിൽക്കുന്നുണ്ട്.

നാഗയക്ഷിയല്ല. യക്ഷ ഗന്ധർവന്മാരുമല്ല. പിന്നെയാരാണത്?

നീയാണത്!

ഞാനോ? അല്ലമ്മാ ഞാനല്ല ! മൂവന്തി കഴിഞ്ഞാപ്പിന്നെ അമ്മടെ ചേലത്തുമ്പിലൊളിക്കുന്ന ഞാൻ,  ദിഗന്തങ്ങൾ തമസ്സിലാണ്ടിരിക്കുന്ന രാത്രിയുടെ  ഈ ഏഴാം യാമത്തിൽ ഏഴിലം പാലച്ചോട്ടിലോ? 

അല്ലമ്മാ ഞാനല്ല അത്. 

നീയാണത് ..... നീ തന്നെയാണത്.

 

ഓർത്തു നോക്കൂ ഒന്ന്. ഓർക്കാൻ പറ്റുന്നില്ലമ്മാ. ചുവപ്പിൽ പട്ടു കരയുള്ള ചേല എവിടെ വച്ചേക്കുന്നൂന്ന് പുലർച്ചെ അമ്മയോട് ചൊല്ലി ചോദിച്ചില്ലേ നീ. ചാന്തും കണ്മഷിയുമണിയിച്ചു, പൊതിച്ചോറും തന്നു,  പഠിക്കാൻ വിട്ടല്ലോ അമ്മ. 

 

രാത്രി, ഒരു വേളയായപ്പോൾ, എന്റെ ശരീരം എവിടമ്മാ എന്നലറി ചോദിച്ചല്ലോ നീ ! മലമോളിലെ,  കൊല്ലങ്കാവിലെ വളഞ്ഞു പുളഞ്ഞു, ആകാശം നിറഞ്ഞു നിക്കുന്ന, കറുത്ത കൂറ്റൻ പറങ്കി മാവിന് മുകളിൽ, ആരോ കെട്ടിയുണ്ടാക്കിയ, പൊളിഞ്ഞ ഏറുമാടത്തിൽ നിന്ന്, മോൾടെ ചതഞ്ഞ ശരീരവും അമ്മ കണ്ടെത്തി തന്നില്ലേ.. ഓർക്കുന്നുവോ ഇപ്പോൾ..? 

 

ഉവ്വമ്മാ... ഓർക്കുന്നു ! ഇനിയെന്താണോർക്കേണ്ടത്? ഇനിയൊന്നും ഓർക്കേണ്ടതില്ല… ഇനിയൊന്നും ഓർക്കേണ്ടതില്ല ! നിനക്ക്, നിനക്ക്… പോവാനുള്ള വെളിച്ചം വരുന്നു!

നീല വെളിച്ചം വരുന്നു..! വിശക്കുന്നുണ്ടോ ? 

ഇല്ലമ്മാ.. അരിയും പൂവും ആവോളം വായിലുണ്ട്. 

ദാഹിക്കുന്നുവോ..? ഇല്ലമ്മാ...

ചിതക്ക് ചുറ്റും നടക്കുമ്പോൾ, അച്ഛനേന്തുന്ന കലത്തിന്റെ പിന്നോട്ടയിലൂടൊഴുകുന്ന  വെള്ളം കുടിച്ചോളാം.

 

ഈ… ഈ ഏഴിലം പാലച്ചുവട്, എന്നും ഒഴിച്ചിട്ടേക്കണേ അമ്മാ.. 

ഒടുവിലൊരുനാൾ  ഉറഞ്ഞു തുള്ളി, മുത്തശ്ശി, എന്റെ നെറ്റിയിൽ, ആഞ്ഞാഞ്ഞ്, ആണി  തറച്ചു കേറ്റുന്നതു  വരെ എനിക്ക് വന്നു നിക്കാനും നോക്കാനും, ഈ ഏഴിലം പാലച്ചുവട് ഒഴിച്ചിട്ടേക്കണേ അമ്മാ ...

 

English Summary: Ezhilam Palachuvadu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com