ADVERTISEMENT

പെണ്ണ്, വെറും പെണ്ണ് (കഥ)

 

‘‘അയ്യോ’’ ഉറക്കെയുള്ള നിലവിളി കേട്ടാണ് അവൾ ഞെട്ടിയെഴുന്നേറ്റത്. നേരം വെളുത്തിട്ടില്ല. കൂരിരുട്ടാണ്. ആരാണ് ഇങ്ങനെ നിലവിളിച്ചത്?  അവൾ അച്ഛന്റെ മുറി തുറന്നു. അച്ഛനെ കാണുന്നില്ലല്ലോ? ഇത്രയും നേരത്തെ എഴുന്നേറ്റോ?  

 

‘‘അമ്മേ !’’ വീണ്ടും അതേ സ്വരം.. പക്ഷേ നേരത്തെ കേട്ടതിനേക്കാൾ പതിഞ്ഞ സ്വരത്തിലാണ്. പുറത്തെ ലൈറ്റിന്റെ സ്വിച്ച് ഇട്ടിട്ടും ഇതെന്താണ് കത്താത്തത്?  നടുക്കളത്തിൽ കിടന്നിരുന്ന അമ്മൂമ്മ എഴുന്നേറ്റു വന്നു. ‘‘എന്തുപറ്റി മോളെ?’’ ‘‘അറിയില്ല രണ്ടു വട്ടം ഉറക്കെയുള്ള ശബ്‌ദം കേട്ടു. പുറത്തെ ബൾബുകൾ കത്തുന്നില്ല അമ്മൂമ്മേ’’

‘‘അപ്പുറത്തെ പറമ്പിൽ കെട്ടിയ ആന ഇടഞ്ഞുവോ ഭഗവതി ’’

‘‘അയ്യോ അച്ഛൻ! അച്ഛനെ കാണുന്നില്ല. അച്ഛാ’’

 

അവൾ ധൃതിയിൽ ടോർച്ച്‌ തപ്പിയടുത്തു. വീടിനുമുമ്പിൽ വാതിലിനു പകരം ഇരുമ്പിന്റെ ഗ്രിൽ ആയതിനാൽ അതിനിടയിലൂടെ വെളിച്ചം കുറച്ചു ദൂരെ വരെയെത്തി. ‘‘ഒന്നും കാണുന്നില്ലല്ലോ അമ്മൂമ്മേ’’ ആരോ ഗ്രിൽ പുറത്തുനിന്നും താഴിട്ടിരിക്കുന്നു. പുറത്തെ ബൾബുകൾ ഊരി താഴെ വെച്ചിരിക്കുന്നു. 

‘‘അയ്യോ ! ചതിച്ചോ ഭഗവതി ! എന്റെ കുട്ടി !’’

‘‘അച്ഛാ!..  അച്ഛാ!...’’ അവളുറക്കെ അലറിവിളിച്ചു. 

 

ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കുറെ വടികൾ ഉയർന്നുവരുന്നു. മുഖംമൂടിയിട്ട മൂന്നുപേർ.. അവർ ആരെയോ വടികൊണ്ട് തട്ടിമാറ്റി ഉറക്കെ അടിച്ചു അപ്പുറത്തെ പറമ്പിലേക്ക് നീക്കി നീക്കി കൊണ്ടുപോകുന്നു. ‘‘അച്ഛാ! അയ്യോ! അച്ഛാ’’ അവളുറക്കെ കരഞ്ഞു.. നിശ്ചലയായി മിണ്ടാൻ പോലുമാകാതെ അമ്മൂമ്മ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു. പെട്ടെന്ന് കുറച്ചകലെ നിന്ന് ഒരു ടോർച്ചിന്റെ വെളിച്ചം. ‘‘ആരാടാ അവിടെ?’’ എന്ന ചോദ്യവും. രണ്ടു വീടപ്പുറമുള്ള ചേട്ടന്റെ ശബ്‌ദമാണ്. 

 

‘‘ചേട്ടാ !! ഓടിവായോ അച്ഛൻ’’ അത്ര പറയാനേ അവളുടെ നാക്ക് പൊങ്ങിയുള്ളു. ആളുകൾ ഓടിക്കൂടി.. മുഖംമൂടിക്കാർ ഇരുട്ടിലെവിടെയോ മറഞ്ഞു. ‘‘ഇതൊന്നു തുറക്കാമോ? ’’ അവൾ അലറി. ശരീരത്തിന്റെ ബലമാകെ ചോർന്നു പോകുന്നതായി അവൾക്കു തോന്നി. തന്റെ കൈ മുറുക്കെ പിടിച്ചു ഗ്രില്ലിൽ ചാരി ഒന്നും മിണ്ടാനാകാതെ അമ്മൂമ്മ. അവൾ വീണ്ടും ടോർച്ച് അടിച്ചു. ആരൊക്കെയോ ചേർന്നു മണ്ണിൽ കിടക്കുന്ന അച്ഛനെ രണ്ടുകയ്യും പിടിച്ചു എഴുന്നേല്പിക്കാൻ ശ്രമിക്കുന്നു. അതിലവർ പരാജയപ്പെടുന്നു. അവരുടെ കൈകളിൽ നിന്നും അച്ഛൻ വഴുതിപ്പോകുന്നു.. എല്ലൊക്കെ പൊട്ടിയ ഒരു മാംസപിണ്ഡത്തെ പോലെ.

 

‘‘അച്ഛാ എന്താ?..  എന്താ അച്ഛാ!’’ ഇനിയുമുറക്കെ അവൾ അലറിവിളിച്ചു. എല്ലാവരും  ചേർന്ന് അച്ഛനെ താങ്ങിയെടുക്കുന്നതവൾ മങ്ങിയ വെളിച്ചത്തിൽ കണ്ടു. അച്ഛന്റെ ശബ്‌ദം ഉയരുന്നില്ല.. തലയിലൂടെ ഒഴുകുന്ന ചോരയാണോ ഷർട്ടിൽ മുഴുവൻ? വെള്ള ഖദറിന്റെ കുപ്പായം ചുവപ്പുനിറമായിരിക്കുന്നു. ആ കാഴ്ച കണ്ടുനിൽക്കാൻ അവൾക്കായില്ല.. ടോർച്ച് ഓഫ്‌ ചെയ്ത അവൾ അതിലെ ചാർജ് തീർന്നെന്ന് അമ്മൂമ്മയോട് കള്ളം പറഞ്ഞു.

 

അമ്മൂമ്മയുടെ കണ്ണിന്റെ നേരെയുള്ള ഗ്രില്ലിൽ കൈവെച്ച് ടോർച്ച് ഒന്നുകൂടെ ഓൺ ചെയ്തു. രക്തത്തിൽ കുളിച്ച ശരീരം..  തുടയിലൂടെയും ചോര വാർന്നൊഴുകുന്നു. ആരൊക്കെയോ കുറച്ചപ്പുറം കിടന്നിരുന്ന മുണ്ട് ഉടുപ്പിക്കാൻ ശ്രമിച്ചിട്ട് പറ്റാതെ അതുകൊണ്ട് പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് അച്ഛനെ. പെട്ടെന്ന് അപ്പുറത്തെ വീട്ടിലെ ചേട്ടൻ ഓടിവന്നു. ‘‘ഗ്രിൽ ഒന്ന് തുറക്കാമോ ചേട്ടാ..  എനിക്കച്ഛനെ കാണണം’’ 

 

‘‘വേണ്ട മോളെ. ഞങ്ങൾ അച്ഛനെകൊണ്ട് ആശുപത്രിയിൽ പോകാണ്. അച്ഛനൊന്നുമില്ല.. ഞാൻ വിളിക്കുമ്പോ മോളു ആശുപത്രിയിൽ വന്നാൽ മതി.’’

അപ്പോഴേക്കും ഒരു കാർ മുറ്റത്തു വന്നു. എല്ലാരുംകൂടി അച്ഛനെ കാറിൽ കേറ്റി കൊണ്ടുപോകുമ്പോൾ അവൾ ഓർത്തു. ഒരാണായിരുന്നെങ്കിൽ.. എനിക്കും അവരുടെ കൂടെ പോകാമായിരുന്നു.. അവളുടെ ശരീരം നിശ്ചലമായിരുന്നു. ഗ്രില്ലിൽ തന്നെ പിടിച്ചു മണിക്കൂറുകളോളം നിന്നു. 

 

നേരം വെളുത്തു. പുറത്തിരുന്ന അച്ഛന്റെ ബൈക്ക് തട്ടിയിട്ട നിലയിലായിരുന്നു. മണ്ണിൽ കിടക്കുന്ന ബൈക്കിനു ചുറ്റും എന്തോ നനവ്.. പെട്രോൾ ഒഴിച്ചിരിക്കുകയാണോ?  കത്തിക്കാൻ? ആർക്കാണ് അച്ഛനോട് ഇത്ര വിരോധം? 

സിനിമയിലൊക്കെ കാണുന്ന പോലെ.. ഇനി  ഇതൊക്കെ എന്റെ സ്വപ്നമാണോ. അവൾ ഒന്നുകൂടി അച്ഛന്റെ റൂമിലേക്ക്‌ നടന്നു. ഇല്ല അച്ഛനില്ല.. തട്ടിയിട്ട  ബൈക്കും അതുപോലെ തന്നെയുണ്ട്. അയല്പക്കത്തെ ചേട്ടൻ വിളിച്ചതും വീട്ടുമുറ്റത്തെത്തിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിയതും ഒരു മൂടൽമഞ്ഞിനെ ആവരണം ഉള്ളപോലെ  അവളുടെ ഓർമകളിൽ മങ്ങി നിൽക്കുന്നു. 

 

ഒരു ജനാവലി തന്നെ  ഉണ്ടായിരുന്നു ആശുപത്രിയിൽ. ഐ.സി.യുവിൽ നിന്ന് ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുന്നതിനിടയിൽ ആ ജനക്കൂട്ടത്തിനിടയിലൂടെ കണ്ടു.. ഒരു നിമിഷം.. ശരീരം മുഴുവൻ പഞ്ഞിയിൽ പൊതിഞ്ഞ ആ രൂപം. കണ്ണുകൾ മാത്രം ചലിക്കുന്നതായി തോന്നി.. ഒന്നും മിണ്ടാനാകാതെ നിശ്ചലയായി നിന്ന അവളെ ആരോ വന്നു സമാധാനിപ്പിച്ചു. ‘‘അച്ഛന് ഒന്നുമില്ല.. കൈ ഒന്നു ഒടിഞ്ഞിട്ടേ ഉള്ളു.. കേസ് ഒന്നു സ്ട്രോങ്ങ്‌ ആക്കാനാണ് ഇങ്ങനെയൊക്കെ.’’ അവളുടെ തോളത്തുതട്ടി അയാൾ നടന്നകന്നു.  ആ ജനാവലിക്കു മുൻപിൽ അവൾ ഒറ്റപ്പെട്ടുനിന്നു. ആര്? എന്തിന്? ആരോട് ചോദിക്കും?  ഒരായിരം ചോദ്യങ്ങൾ.. അതിനൊക്കെ അപ്പുറം അച്ഛനെ ഇനി എനിക്കു തിരികെ കിട്ടുമോ?

 

അച്ഛനെ കാണാൻ വന്നവരെല്ലാം മടങ്ങി തുടങ്ങി.  എല്ലാവരുടെ കണ്ണുകളിലും സഹതാപത്തിന്റെ നിഴലുകൾ മാത്രം. അല്ലെങ്കിലും എന്തുപറഞ്ഞവർ ആശ്വസിപ്പിക്കും? ‘‘മോൾ നാട്ടിലേക്കു എന്നാ വന്നേ? കാവിലെ ഉത്സവം ആയിട്ട് വന്നതാണോ?’’ അകന്ന ഒരു ബന്ധുവാണ് ഹോസ്പിറ്റൽ വരാന്തയിലെ നിശ്ശബ്ദതക്കു വിരാമമിട്ടത്. ‘‘അതെ അമ്മായി’’ എന്ന് പറയണം എന്ന് മനസ്സിൽ തേട്ടി വന്നെങ്കിലും അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി. ‘‘ഹോസ്റ്റലിലേക്ക് പോയി ബുക്കും സാധനങ്ങളും എടുത്തിട്ട് വരാം.. ഇനി ഇവിടെനിന്ന് സ്കൂളിലേക്ക് പോകാം.’’

‘‘അച്ഛൻ?’’

 

‘‘അച്ഛനെ റൂമിലേക്ക് കൊണ്ടുവരാൻ ഒരാഴ്ച പിടിക്കുമെന്നാ ഡോക്ടർ പറഞ്ഞെ’’

‘‘എൻട്രൻസ് കോച്ചിംഗ്  കൂടി  ഉള്ളതിനാലാണെ ഹോസ്റ്റലിൽ നിൽക്കുന്നെ..  എന്നും വീട്ടിൽ നിന്ന് പോയി വന്നാൽ ഒരുപാടു സമയം അങ്ങനെ പോകും.’’ അവിടെ കൂടിനിന്നവരോടായി അമ്മായി പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. 

‘‘വരൂ.. നമുക്ക് ഹോസ്റ്റലിൽ പോകാം’’ അനുസരണയുള്ള നായയയെപോലെ അവൾ അവരെ അനുഗമിച്ചു.

 

ഹോസ്റ്റൽ മുറിയെത്തി. ബാഗ് പാക്ക് ചെയ്തു. എല്ലാമെടുത്തിറങ്ങി. ക്ലാസ്സുള്ള ദിവസമായതിനാൽ റൂമിലാരുമില്ലായിരുന്നു.. ഒരുകണക്കിന് അത് നന്നായി. അച്ഛനെന്തുപറ്റിയെന്നു ചോദിച്ചാൽ എന്തുപറയും? 

താഴെ വാർഡനോട്‌ സംസാരിക്കുകയാണ് കൂടെ വന്ന ബന്ധു. ‘‘ആ ഞങ്ങളിപ്പോ ന്യൂസ്‌ പേപ്പറിൽ വായിച്ചേയുള്ളു.’’ വാർഡന്റെ ശബ്‌ദം വ്യക്തമായി അവൾ കേട്ടു. അവളുടെ കണ്ണുകൾ ഞൊടിയിടെ ന്യൂസ്‌പേപ്പർ പരതി. അക്ഷരങ്ങൾ കണ്ണിലൂടെ ഓടിക്കളിക്കുന്നതായി അവൾക്കു തോന്നി. ‘‘BDK നേതാവിനെ ONP പ്രവർത്തകർ ചേർന്ന് ആക്രമിച്ചു. ദേശത്തെ മുതിർന്ന BDK നേതാവായ രാമകൃഷ്ണൻ തെക്കേടത്തിനെ അതിദാരുണമായി 7 ONP പ്രവർത്തകർ ചേർന്ന് ആക്രമിച്ചു.  ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണൻ സ്വകാര്യ ആശുപത്രിയിൽ  തീവ്രപരിചരണവിഭാഗത്തിലാണ്. ഇന്ന് പുലർച്ചെ സ്വവസതിക്കുമുൻപിലാണ്‌ സംഭവം’’

 

തുടർന്ന് വായിക്കാൻ അവളുടെ കണ്ണിലെ കണ്ണുനീർ അനുവദിച്ചില്ല. സമാധാനപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് അച്ഛന്റേത്. ഏറിയപങ്കും 50 വയസ്സിൽ കൂടിയവരും. ഇതുവരെ നാട്ടിൽ ഈ പാർട്ടിയിൽ നിന്ന് ആരും തല്ല് കൊടുത്തിട്ടുമില്ല വാങ്ങിട്ടുമില്ല. 

പിന്നെങ്ങനെ? അല്ലെങ്കിലും അച്ഛൻ എന്ത് ചെയ്തിട്ടാണ്? 

 

‘‘അടുത്താഴ്ച മുതൽ മോഡൽ പരീക്ഷ അല്ലേ, പഠിക്കണം’’ തോളിൽ തട്ടി വാർഡൻ യാത്രയാക്കി. 

ഒരാഴ്ച കഴിഞ്ഞു. അച്ഛനെ റൂമിലേക്ക്‌ മാറ്റി. അന്നത്തെ അത്ര ഇല്ലെങ്കിലും ഒരു ചെറിയ ജനസമൂഹം ഇന്നും ഉണ്ടായിരുന്നു. എല്ലാവരെയും നോക്കി അച്ഛൻ ചിരിച്ചു. ആ ചിരിക്കു എന്നത്തേക്കാളും മാധുര്യം ഉണ്ടായിരുന്ന പോലെ അവൾക്കു തോന്നി. ആ  ജനക്കൂട്ടത്തിന്റെ സംസാരങ്ങളിലൂടെ അവൾ സത്യങ്ങൾ മനസിലാക്കി. 

 

പുഴയുടെ അറ്റത്താണ് വീടുള്ളത്. പുഴക്ക് നടുവിലൂടെ ഒരു വഴിയുണ്ട്. പുഴയുടെ പകുതിവരെ. കടൽപ്പാലം എന്നൊക്കെ പറയുന്ന പോലെ ഒരു ചെറിയ പുഴപ്പാലം. ആ വഴിയുടെ രണ്ടുവശങ്ങളിലും തെങ്ങുകളും.. ഒരു വല്ലാത്ത സുഖമാണ് അതിലൂടെ നടക്കാൻ. പ്രേത്യകിച്ചു രാത്രിയിൽ. കാറ്റും ഒഴുകുന്ന നദിയുടെ കളകളാരവവും പിന്നെ നിലാവുകൂടി ഉണ്ടെങ്കിൽ പറയുകയേ വേണ്ട. ഒരു കൊച്ചുസ്വർഗം. സംഭവദിവസം കാവിലെ ഭഗവതിയുടെ ഉത്സവമാണ്. മലയാളികൾക്ക് മദ്യമില്ലാതെ എന്ത് ആഘോഷം? ഒരു കൂട്ടം ചെറുപ്പക്കാർ അവിടെയിരുന്നു മദ്യപിച്ചു. ബോധംപോയപ്പോൾ ഒന്നും രണ്ടും പറഞ്ഞു വഴക്കായി ബഹളമായി ഉന്തും തള്ളുമായി കത്തിക്കുത്തായി. പോലീസ് വന്നപ്പോൾ മധ്യസ്ഥം നിന്നത്  അച്ഛനായിരുന്നു. മദ്യലഹരിയിൽ വന്ന നിമിഷങ്ങളുടെ വിദ്വേഷം..  ഇവനാരാ ഞങ്ങളെ ഭരിക്കാൻ എന്ന തോന്നൽ.. 

 

പിന്നെന്തിനാണ് ന്യൂസ്‌ പേപ്പറിൽ വാർത്ത രാഷ്ട്രീയപരമായി കൊടുത്തത്?  ഇതിൽ  എന്താണ് പാർട്ടികൾക്ക് പങ്ക്?  അക്രമികൾക്കും ഇരക്കും വ്യക്തമായ പാർട്ടി നിലപാടുകൾ ഉണ്ടായിരുന്നു. അവർ രണ്ട് വ്യത്യസ്ത പാർട്ടികളിൽ അംഗമായിരുന്നു. അതുകൊണ്ടുമാത്രം. അതുകൊണ്ടുമാത്രം. 

 

ഇല്ലെങ്കിൽ ‘‘ഒരു കൂട്ടം മദ്യപാനികൾ ഗൃഹനാഥനെ ആക്രമിച്ചു’’ എന്ന് വന്നേനെ.  ഏതോ മദ്യപാനികൾ.. ഏതോ ഗൃഹനാഥൻ...  ന്യൂസ്‌ വാല്യൂ ഇല്ലല്ലോ... 

 

‘‘തലയിൽ മൂന്നുനാലു സ്റ്റിച്ചസ് ഉണ്ട്. അത് ഒരാഴ്ചകൊണ്ട് അഴിക്കാം. പക്ഷേ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. അതുകൊണ്ട് ഓർമക്കുറവ് വന്നേക്കാം. പതുക്കെ മാറിക്കോളും. വലത്തേ കയ്യിൽ സ്റ്റീൽറോഡ് ഇട്ടിട്ടുണ്ട്. കൈ അനങ്ങാതെ നോക്കണം. ഇടത്തെ കാലിലും. വലത്തേ കാലിന്റെ മുട്ട് ഫ്രാക്ചർ ആയിട്ടുണ്ട്. അതിലും ഒരു കമ്പി ഇട്ടിട്ടുണ്ട്. ഒരു മാസത്തേക്ക് നടക്കേണ്ട. അത് കഴിഞ്ഞു പതുക്കെ നോക്കാം.. പിന്നെ..’’ 

 

ഇത്രയും കേട്ടതോടെ അവളുടെ സങ്കടം മനസിലാക്കിയെന്നോണം ഡോക്ടർ പറഞ്ഞു ‘‘ഭാഗ്യമുണ്ട്, അച്ഛനെ ജീവനോടെ കിട്ടിയല്ലോ. സമാധാനിക്കൂ’’ ഞാൻ  നാളെ വരാം.

അച്ഛന്റെ അടുത്തുചെന്നപ്പോൾ പതിഞ്ഞ സ്വരത്തിൽ അച്ഛൻ പറഞ്ഞു. ‘‘ഇതൊന്നും കാര്യമാക്കേണ്ട.. മോള് പഠിക്കൂ.’’

 

ഇത്രേം വർഷങ്ങൾക്കിടയിൽ ഒരുപാട് തവണ കേട്ടുമടുത്ത വാക്കാണ്.. ‘‘പഠിക്കൂ.. ’’

പക്ഷേ ഇന്നത്തെ ഈ വാക്കിന് എന്തൊന്നില്ലാത്ത അർത്ഥമുണ്ടെന്നു അവൾക്കു തോന്നി. ‘‘പഠിക്കും. ഞാൻ ഹോസ്റ്റലിൽ പോകുന്നില്ല. ഇവിടെ നിന്ന് ക്ലാസ്സിൽ പൊയ്ക്കോളാം.. ഇവിടെയിരുന്ന് പേടിച്ചോളാം’’ ഒന്നും മിണ്ടാതെ അച്ഛൻ കിടന്നു. 

 

നാട്ടിൽ ആദ്യമായി നടന്ന സംഭവം കൊണ്ടാണോ, സിനിമ സ്റ്റൈൽ ആക്രമണമായതു കൊണ്ടാണോ അതോ അച്ഛനെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണോ?  ഓരോ ദിവസവും സന്ദർശകരുടെ എണ്ണം കൂടിവന്നു. 

 

അച്ഛൻ കിടപ്പിലായി എന്ന് ഒരു വിധം മനസ്സിനെ പാകപ്പെടുത്തി മുൻപോട്ട് പോകുമ്പോഴാണ് ‘‘ഇനി മുതൽ നിങ്ങൾ ശരീരം നനച്ചുകൊടുക്കണം’’ എന്ന് നേഴ്സ് പറയുന്നത്. ചെറുചൂടുവെള്ളത്തിൽ മുക്കിയ തോർത്ത്‌ നന്നായി പിരിച്ച് അച്ഛന്റെ പുറത്ത് പതുക്കെ വെക്കാൻ നോക്കിയപ്പോഴാണ് പുറം മുഴുവൻ അടികൊണ്ട് രക്തം കട്ടപിടിച്ചതിന്റെ പാടുകൾ. വലിയ ഇരുമ്പുവടിയുടെ വണ്ണത്തിൽ.. ഒരു തുള്ളി കണ്ണുനീർ ദേഹത്തുവീഴ്ത്താതെ നെഞ്ചത്തും കാലിലും തുടക്കുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. തുടകളിലും അടിച്ച വടിയുടെ അതെ വീതിയിൽ കനത്തിൽ രക്തം കട്ടപിടിച്ചങ്ങനെ കിടക്കുന്നു. വേഗം തുടച്ചിട്ട് ബാത്റൂമിലേക്ക് അവളോടി. പൈപ്പ് തുറന്നു.. പൊട്ടിക്കരഞ്ഞു. ഒന്ന് മര്യാദക്ക് കിടക്കാൻ പോലും പറ്റുന്നില്ല പാവത്തിന്.. എത്ര വേദന അച്ഛൻ സഹിക്കുന്നു? എന്തിന്? ആർക്കുവേണ്ടി? എന്ത് തെറ്റുചെയ്തിട്ട്?

 

എന്തിനാണിവർ ഇങ്ങനെ അച്ഛനോട് ചെയ്തത്? മദ്യലഹരിയിലും അവർ ഓർത്ത ഒരു കാര്യമുണ്ട്. രാമകൃഷ്ണന് ഒരു പെൺകുട്ടിയാണ്. അതുകൊണ്ട് അടിച്ചാലും തിരിച്ചു കിട്ടുമെന്ന പേടി വേണ്ട. ഒരുനിമിഷം അവൾ ഓർത്തു. ഞാൻ ഒരു ആണായിരുന്നെങ്കിൽ അവരെ തല്ലിച്ചതക്കേണ്ട സമയം കഴിഞ്ഞു.. അപ്പൊ അച്ഛന്റെ ഈ അവസ്ഥക്ക് കാരണം ഞാൻ പെണ്ണായിപ്പോയതുകൂടി അല്ലേ? 

 

പ്ലസ്ടു പരീക്ഷയെന്നു ആലോചിക്കുമ്പോഴേ ആശുപത്രിയുടെ മണമാണ് അവളുടെ ഓർമകളിൽ. കൂടെയുള്ളവർ എൻട്രൻസ് പരീക്ഷക്കുവേണ്ടി രാപ്പകൽ പഠിക്കുമ്പോൾ ആശുപത്രി വരാന്തകളിലെ കൊതുകുകടിയും മങ്ങിയവെളിച്ചവും വകവെക്കാതെ ‘‘മോള്‌ പഠിക്കണം’’ എന്ന ആളാത്ത കനൽ നെഞ്ചിലേറ്റി അവൾ പഠിച്ചു. 

 

നാളുകൾ നീങ്ങി.. 3 പേരുടെ സഹായത്തോടെ അച്ഛൻ നടക്കാൻ തുടങ്ങി.. രണ്ടുകാലുകളും നിലത്തു കുത്താൻ പറ്റില്ല. പതുക്കെ നിലത്തു തട്ടിനിർത്തി ബലം മുഴുവൻ കൂടെ ഉള്ളവരിലേക്ക് കൊടുത്തു പയ്യെ നടക്കാൻ ശ്രമിക്കുമ്പോൾ 52വയസ്സുകാരന് ഒരു പിഞ്ചുകുഞ്ഞ് പിച്ചവെക്കുന്ന പ്രതീതി ആയിരുന്നു. എങ്ങാനും വീഴാൻ പോയാൽ വലത്തേ കയ്യിൽ പിടിക്കാനും പാടില്ല. എവിടെന്നോ കിട്ടിയ ധൈര്യം അല്ലെങ്കിൽ മകൾക്കു ഞാനേ  ഉള്ളൂ എന്ന തോന്നലോ..  ഓരോ വേദനയും കടിച്ചമർത്തി കൂടുതൽ കൂടുതൽ നടക്കാൻ ശ്രമിക്കുകയായിരുന്നു അച്ഛൻ. 

 

അവസാന പരീക്ഷക്ക്‌ ഹോസ്പിറ്റലിൽ നിന്ന് കയറിയ ബസ് അടുത്തുള്ള ബസ്സ്റ്റാൻഡിൽ നിർത്തിയപ്പോഴാണ് അവൾ ആ പോസ്റ്റർ ശ്രദ്ധിച്ചത്. 

‘‘BDK  നേതാവ് രാമകൃഷ്ണന്റെ വധശ്രമത്തിന് പിന്നിൽ മകളുടെ കാമുകനോ അതോ ONP യോ?’’

 

അവൾ ഇതുവരെ യാത്ര ചെയ്തതിൽ വെച്ചു ഏറ്റവും ദൈർഘ്യമേറിയ യാത്ര അവിടെനിന്നും സ്കൂളിലേക്കുള്ളതായിരുന്നു.. ആ  ബസ്സിന്റെ അവസാന സ്റ്റോപ്പ്‌ സ്കൂൾപടി ആയതുകൊണ്ട് അന്നവൾ പരീക്ഷയെഴുതി. ഉത്തരക്കടലാസുമുഴുവനും കണ്ണീരിന്റെ നനവിൽ എഴുതിത്തീർത്തു. അവസാന പരീക്ഷ കഴിഞ്ഞു യാത്രപറയാൻ നില്ക്കാതെ സഹപാഠികളുടെയും അധ്യാപകരുടെയും മുഖത്തുപോലും നോക്കാതെ അവൾ ഇറങ്ങിയോടി. 

 

പ്രതികാരം മനസ്സിൽ നുരഞ്ഞുപൊങ്ങി. മാനഹാനി ഭയന്നു കേസ് പിൻവലിക്കും എന്നുള്ള ഭീഷണിയുടെ ഭാഗമാണിതെല്ലാം. അല്ലെങ്കിൽ പകൽപോലെ സത്യമായ കാര്യങ്ങൾ വളച്ചൊടിക്കുന്നതെന്തിന്? 

എന്തായിരിക്കും ഇതെഴുതുമ്പോഴുള്ള മനോവികാരം?  

പെണ്ണ് - അവൾ വെറുമൊരു പെണ്ണ്. 

മകളുടെ സൽപ്പേരിനെ കൊണ്ട് കളിച്ചാൽ ഏതൊരു അച്ഛനും തകരാതിരിക്കുമോ? 

 

ഏവരും സന്തോഷത്തോടെ ഓർക്കുന്ന വിദ്യാലയജീവിതത്തിന്റെ അവസാന നാളുകൾ..  വിടപറയലുകളുടെ നിമിഷങ്ങൾ.. 

അവൾക്കോ?  

കാൽമുട്ട് വളക്കാൻ അച്ഛന്റെ കാൽ മെഷീനിൽ ഇട്ടിട്ട് ഓരോ ഡിഗ്രി ഓട്ടോമാറ്റിക് ആയി കൂടുമ്പോൾ അച്ഛന്റെ ഉറക്കെയുള്ള വാവിട്ടുള്ള കരച്ചിലുകളാണ്.. 

നിസംഗതയോടെ നോക്കി നിൽക്കേണ്ടി വന്നതിന്റെ ഓർമകളാണ്.. 

 

വർഷം 10 കഴിഞ്ഞു. ഇതിനിടയിൽ കേസിന്റെ വിധി വന്നു. 7പേർക്കും ജീവപര്യന്തം തടവും പിഴയും. അതും മാധ്യമങ്ങൾ കൊട്ടിഘോഷിക്കാൻ മറന്നില്ല. 3 വർഷം മുൻപാണ് വിധി വന്നത്. നീണ്ട സപ്തവർഷങ്ങൾ.. അത് അതിജീവനത്തിന്റേതായിരുന്നു..  മാനസികമായി അവൾക്കും.. മാനസികവും ശാരീരികവുമായി അച്ഛനും. സ്വന്തം അച്ഛനെ ഇങ്ങനെ ആക്കിയവരുടെ മുന്നിലൂടെ നടന്നുപോകുമ്പോൾ നമ്മുക്ക് നമ്മോട് തന്നെ തോന്നുന്ന ഒരു അറപ്പുണ്ട്..  ആ അറപ്പും വെറുപ്പും ജീവിതത്തിനെ മുൻപോട്ട് തന്നെ നയിക്കണം എന്നതു പറഞ്ഞുതന്ന വർഷങ്ങൾ..  നടന്നു പോകുമ്പോൾ ഒരു വണ്ടി ഒന്നു സ്പീഡ് കുറച്ചാൽ അവളുടെ ഹൃദയമിടിപ്പ് കൂടുമായിരുന്നു..  ആ വണ്ടികളിൽ നിന്നും വലിയ ഇരുമ്പുവടികൾ അവൾക്കുനേരെ ഉയരുന്നതായി ഒരു പേടി. 

 

അച്ഛനെ അടിച്ചു കിടത്തിയ മണ്ണിലൂടെ അവൾക്ക് എന്നും നടന്നേ മതിയാകൂ. ഗ്രില്ലിലൂടെ പുറത്തേക്കു നോക്കി ആ രാത്രിയെ ഓർത്ത ദിവസങ്ങളിലെല്ലാം  അവൾക്കുറങ്ങാൻ  പറ്റിയില്ല. 

 

ഇതിനിടെ ആ 7 പേരിലൊരാൾ മരിച്ചു. വൃക്കരോഗമെന്നാണ് റിപ്പോർട്ട്‌. ‘‘അതിനെങ്ങനെ?  രാമകൃഷ്ണൻ അവന്റെ സ്വാധീനം ഉപയോഗിച്ച് അമ്മാതിരി അടിയാണ് പൊലീസുകാരെക്കൊണ്ട് അടിപ്പിച്ചത്. അങ്ങനെയാകും ആ പാവത്തിന്റെ വൃക്ക പോയത്’’ ഹോസ്പിറ്റലിൽ പണ്ടുകൂടിയ ആ ജനാവലിയിൽ പലരും പിറുപിറുത്തു. 

തിരിച്ചറിവിന്റെ നിമിഷങ്ങൾ !!!

പാവം ???!!!

 

ഇന്ന് വോട്ടെടുപ്പിന്റെ ദിവസമാണ്. ഓഫീസിൽ ലീവ് മുൻപേ പറഞ്ഞിരുന്നു. വോട്ട് ചെയ്തു മടങ്ങവേ ഒരു അംബാസിഡർ കാർ മുന്നിൽ വന്നു നിന്നു. ആജ്‌ജാനുബാഹുവായ ഒരാൾ ഇറങ്ങി വന്നു. ‘‘എവിടെയാ മച്ചാനെ, സുഖമല്ലേ?’’

‘‘പിന്നല്ലെ പരമസുഖം’’

 

ഇത് അയാളല്ലേ. ആ 7പേരിലൊരാൾ..  തടിച്ചു വീർത്തു കുടവയറുമായി എന്റെ മുന്നിൽ നിൽക്കുന്നത്? 

 

ഞാൻ ദേഷ്യത്തോടെ നോക്കുമെന്നു അറിയാവുന്ന അച്ഛൻ എന്റെ കൈ മുറുക്കെ പിടിച്ചു. ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപ്പാടെ ശപിച്ചുകൊണ്ട്,  കുത്തി കൊല്ലാനുള്ള ദേഷ്യം  ഉള്ളിലൊതുക്കി അച്ഛന്റെ കൈ ഒന്നുകൂടി മുറുക്കി പിടിച്ചു നെഞ്ചുനിവർത്തി അവൾ നടന്നു. ഇത്രയേറെ തളർത്താൻ നോക്കിയിട്ടും അവർക്കുമുന്നിൽ സ്വയം പഠിച്ചുനേടിയ ജോലികൊണ്ട് അച്ഛനെനോക്കി അതേ നാട്ടിൽ അതേ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നതല്ലേ ഏറ്റവും വലിയ പ്രതികാരം.

 

English Summary: Pennu verum pennu, Malayalam Short Story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com