ADVERTISEMENT

ജീവിതത്തിന്റെ വില്ലൻ (കഥ) 

 

ഇടുപ്പിൽ ഒരു കൊടുവാളും തിരുകി, കാലിൽ തളപ്പുമിട്ട് ചന്ദ്രൻചേട്ടൻ തെങ്ങിൽ കയറാൻ തയാറായി നിൽക്കുകയാണ്. തെങ്ങിന്റെയും നല്ല കാജാ ബീഡിയുടെയും ചേർന്നുള്ള ഒരു മണം പറമ്പാകെ പടർന്നു. വലിക്കാവുന്ന എറ്റവും അറ്റംവരെ എത്തിയപ്പോൾ ചന്ദ്രൻ ബീഡി നിലത്തേക്ക് ഇട്ടു. കാരിരുമ്പിന്റെ ശക്തി തെളിയിക്കുന്ന മാംസദളങ്ങൾ കാണിച്ചുകൊണ്ട് ചന്ദ്രൻ തന്റെ സുന്ദരിയെ തൊട്ടു. തെങ്ങിന്റെ ആട്ടത്തിനും, ഓളത്തിനും അനുസരിച്ച് ഒരു മനുഷ്യയന്ത്രം കയറിപോകുന്നതും കാണാം. വലപൊട്ടിയ ചിലന്തി വലിഞ്ഞുപോകുന്നതുപോലെയുള്ള ഒരു കയറ്റം.

 

മുകളിൽ എത്തിയ ചന്ദ്രൻ ഉണങ്ങിയ ഓല ഒക്കെ വെട്ടിയിട്ട് തെങ്ങിന്റെ ശിരസ്സൊന്ന് വൃത്തിയാക്കി. പിന്നെ വിളഞ്ഞതും, വിളയാത്തതുമായ കുറെ തേങ്ങകൾ അങ്ങ് വെട്ടിയിട്ടു. തെറിച്ചുപോകുന്ന തേങ്ങകൾ നോക്കിവെയ്ക്കുവാനും, തേങ്ങാ ചാക്കിലാക്കുവാനും ദേവസ്യാമൊതലാളി തന്റെ ഇളയമകനായ എബിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തിന്റെ ചുണ അവനിൽ ആകുവോളം തന്നെയുണ്ട്. ആവേശത്തിൽ അവൻ തേങ്ങകൾ ചാക്കിനുള്ളിൽ ആക്കി. തനിക്ക് കിട്ടാൻ പോകുന്ന കരിക്കാണ് തന്നെ ഈ ജോലി എല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നതും. 

 

തെങ്ങിൽനിന്നിറങ്ങിയ ചന്ദ്രൻ ചുവട്ടിൽ അൽപ സമയം വിശ്രമിച്ചു. അപ്പോഴാണ് മകൻ രാഹുൽ തനിക്കുള്ള ചോറുമായി വരുന്നത്. ഉച്ചക്ക് ശേഷം മത്തായി കൊച്ചേട്ടന്റെ പറമ്പിൽ പോകണം, ആയതിനാൽ ഉച്ചക്ക് ചോറ് രാഹുലിന്റെ കയ്യിൽ കൊടുത്തുവിടണം എന്ന് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞൊപ്പിച്ചിരുന്നു. ചന്ദ്രന്റെ മകൻ രാഹുലും, ദേവസ്യമുതലാളിയുടെ കൊച്ചുമകൻ എബിനും ഒരുമിച്ചാണ് പഠിക്കുന്നത്. ഉറ്റ ചങ്ങാതിമാർ. 

 

പണമോ, ബാഹ്യശക്തികളെകുറിച്ചോ ഒന്നും ചിന്തിക്കുവാനുള്ള പ്രായം ആ കുട്ടികൾക്കായിട്ടില്ലാഞ്ഞതിനാൽ അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയി മാറി. ചില അറിവുകൾ വരുമ്പോഴാണല്ലോ നമ്മുക്ക് ചിലപ്പോൾ ചില തിരിച്ചറിവുകൾ നഷ്ടമാവുന്നത്. അറിവ് വരുമ്പോഴും ആ സൗഹൃദം അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

 

കുട്ടികൾ തമ്മിലുള്ള കളിചിരികൾ ദേവസ്യമുതലാളിക്ക് അത്ര പിടിച്ചില്ല. തനിക്കും തന്റെ കുടുംബത്തിന്റെ പ്രൗഢിക്കും ചേർന്ന സൗഹൃദം അല്ല അത് എന്ന് മനസ്സിൽ പറഞ്ഞ മുതലാളി കുട്ടികളെ തടയാൻ പോയില്ല. ഒരു മരച്ചുവട്ടിൽ ഇരുന്ന്, കൊണ്ടുവന്ന  ഭക്ഷണം ചന്ദ്രൻ കഴിക്കുന്നുണ്ട്. 

 

തന്റെ അധ്വാനത്തിന്റെ ഭാരം അയാളുടെ ആർത്തിയോടെയുള്ള ഭക്ഷണം കഴിപ്പിൽ മനസിലാക്കാൻ സാധിക്കും. തേങ്ങകൾ ചാക്കിലാകുവാൻ രാഹുലും ആ സമയം എബിനെ സഹായിച്ചു. തനിക്കായി വെട്ടിയിടിപ്പിച്ച കരിക്ക് എബിൻ രാഹുലിനുകൂടി പങ്കുവെക്കുകയും ചെയ്തു. അവരുടേതായ ലോകത്ത്‌ എന്തെല്ലാമോ തമാശകൾ പറഞ്ഞ് അവർ നടന്നു. നാളെ സ്കൂളിൽ പോകേണ്ടതിന്റെ വേവലാതിയും അവർ പരസ്പരം പങ്കുവെയ്ക്കുന്നതും കേൾക്കാം. 

 

ചോറുണ്ടതിനുശേഷം ചന്ദ്രൻ പാത്രവും, തനിക്ക് വേദനത്തിന്റെ കു‌ടെ ലഭിച്ച ഒരു തേങ്ങയും ചേർത്ത് രാഹുലിനെ ഏൽപ്പിച്ചു. മഴക്ക് മുൻപ്പ് വീട്ടിൽ കയറിക്കോണം എന്നൊരു നിർദ്ദേശവും നൽകി. ചന്ദ്രൻ അതും പറഞ്ഞു അടുത്ത പറമ്പിലേക്ക് പോയി. രാഹുലും എബിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങി.

 

പിറ്റേന്ന്, പറഞ്ഞുതീരാത്ത വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നപ്പോഴാണ് ടീച്ചർ പിടിക്കുന്നത്. ടീച്ചറുടെ ആ മധുരചൂരലിന്റെ വേദന രണ്ടുപേരും നല്ലതുപോലെ അറിഞ്ഞു. രാഹുൽ അടി കിട്ടിയപ്പോൾ അമ്മെ എന്ന് കാറിയത് ക്ലാസ്സിൽ ആകെമാനം ചിരിപരത്തി. വേദന കുറക്കാൻ കൈകൾ ചുരുട്ടിപിടിച്ചു ഞങ്ങൾ ഇരുന്നു.

 

ഉച്ചക്കത്തെ ഊണിനുള്ള മണിമുഴങ്ങിയപ്പോഴേ കുട്ടികളുടെ ഓട്ടം തുടങ്ങി. രാഹുലും എബിനും തോളിൽ കയ്യിട്ട് കൈകഴുകുവാനായി ടാപ്പിന്റെയടുത്തേയ്ക്ക് പോയി. കൈകഴുകിയതിനുശേഷം ഒഴിഞ്ഞ പാത്രവുമായി രാഹുൽ കഞ്ഞിപ്പുരയിലേയ്ക്കും, നിറഞ്ഞപത്രവുമായി എബിൻ ക്ലാസ്സിലേക്കും പോയി. തമ്മിൽ വേർതിരിക്കാൻ പണം വില്ലൻ ആയ നിമിഷങ്ങൾ.

 

English Summary: Jeevithathile Villan, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com