ADVERTISEMENT

സ്വപ്നഗൃഹം (കഥ)

 

ഇച്ചായോ ഒന്നിങ്ങു വന്നേ..

ഈ പിള്ളേര് മുറിയാകെ അലങ്കോലപ്പെടുത്തിയത് നോക്കിക്കേ..

 

എന്തോന്നാടീ ഗ്രേസീ. നീ കൊച്ചു വെളുപ്പാൻ കാലത്ത് കിടന്ന് തൊണ്ട തുറക്കണത്. ഉറങ്ങാനും സമ്മതിക്കത്തില്ലേ... കുറച്ച് ദേഷ്യത്തോടെ എണീറ്റ അലക്സി റൂമിൽ വന്നതും എല്ലാം കൂടി കണ്ടതും ചിരി തുടങ്ങി.

 

‘‘ഇതു തന്നെയാ കുഴപ്പം. പിള്ളേര് എന്തേലും ചെയ്താൽ നല്ല അടി വെച്ച് കൊടുക്കണം. ഒന്നും ഇല്ലേലും വഴക്ക് പറയാൻ എങ്കിലും പഠിക്കണം.’’ ഗ്രേസി കലി തുള്ളി നിൽക്കുകയാണ്.

 

മക്കള് കളിച്ചോ.. മമ്മിയെ പപ്പാ തണുപ്പിച്ചോളാം..

 

നീ ഇങ്ങ് വാ.. ഒരു നല്ല ചായ ഉണ്ടാക്കിക്കേ..

 

‘‘എന്ന് വെച്ചാൽ ഇത് വരെ ഉണ്ടാക്കിയതെല്ലാം കൊള്ളില്ലായിരുന്നു എന്ന്. ഇപ്പോഴെങ്കിലും വായിൽ നിന്നും അറിയാതെ ആണെങ്കിലും വീണല്ലോ. സമാധാനം’’

 

ആഹാ. പെണ്ണുങ്ങളുടെ തനി സ്വഭാവം കാണിച്ചോ.. എഴുതാപ്പുറം വായിക്കൽ.

 

‘‘പെണ്ണുങ്ങളെ പറയാനായോ?’’ അതും പറഞ്ഞ് ചട്ടുകവും എടുത്ത് ഓടി വന്ന ഗ്രേസിയുടെ കയ്യിൽ കയറി പിടിച്ച്, വളയിടേണ്ട കയ്യിൽ വാളു പിടിച്ച് ഫെമിനിസം പറയുന്നത് ശരിയല്ലല്ലോ മോളേ. ഇതൊക്കെ പകല് മാത്രമേ ഉളളൂ..

 

ദേയ്. കാര്യം പറയുമ്പോ ഒരുമാതിരി തമാശ പറയല്ലേ ഇച്ചായാ..

 

അയ്യോ!! എന്റെ ദോശ ഇപ്പം കരിയും. നെയ്യ് റോസ്റ്റ് രണ്ടാളും എപ്പോഴും ചോദിക്കുന്നതാ.. നാളെത്തന്നെ പെയിന്റടിക്കാരോട് വരാൻ പറയണേ ഇച്ചായാ..

 

‘‘അതെല്ലാം ഞാൻ നോക്കിക്കോളാം. നീയാദ്യം ആ ദോശ മര്യാദയ്ക്ക് ഉണ്ടാക്ക് ’’

 

അതല്ല ഇച്ചായാ. അടുത്ത മാസം നമ്മുടെ വീടിന്റെ ഒന്നാം പിറന്നാളാണ്.

 

വീട് കയറി താമസിക്കുന്നതിന് നമുക്ക് ആരെയും വിളിക്കാൻ പറ്റിയില്ലല്ലോ. ഇത് ഗംഭീരമാക്കണം നമുക്ക്.

 

പെയിന്റടിച്ച് കഴിഞ്ഞ് പിള്ളേരെ ചുമരിൽ വരയ്ക്കാൻ വിടാതെ നോക്കാനാണ് ബുദ്ധിമുട്ട്.

 

നീ അതൊന്ന് വിട് എന്റെ ഗ്രേസി. പിള്ളേരാകുമ്പോൾ വരച്ചെന്നും പൊട്ടിച്ചെന്നും ഒക്കെ ഇരിക്കും. ഇത് അവരുടെ വീടാണ്. അവർക്ക് എല്ലാത്തിനും നിയന്ത്രണം വെയ്ക്കല്ലേ.

 

‘‘ഇല്ലായേ... ഞാൻ വെറുതെ പറഞ്ഞതാണ്’’

 

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു..

 

ഓ.. സ്വപ്നമായിരുന്നോ ?

 

ഇച്ചായാ.. എണീറ്റേ.. മരുന്ന് കഴിക്കേണ്ടേ ?

 

‘‘നീ ഉണർന്നോ. ഇന്ന് എന്തായിരുന്നു സ്വപ്നം?’’

 

ഇന്നും നമ്മുടെ സ്വപ്ന വീടും. മക്കളും തന്നെ 

 

എനിക്കും തോന്നി. ഉറക്കത്തിൽ നീ ചിരിക്കുന്നത് ഒക്കെ കണ്ടു. അതാ ഞാനും പിന്നെ വിളിക്കാതിരുന്നതും.

 

അതേതായാലും നന്നായി, അതോണ്ട് സ്വപ്നം മുഴുവൻ കണ്ടു.

ഇച്ചായൻ ഈ മരുന്ന് കഴിച്ചിട്ട് ഒന്നൂടെ ഉറങ്ങിക്കോ.

 

ഞാൻ ഈ കിടപ്പ് അല്ലായിരുന്നെങ്കിൽ ഇതൊന്നും നിന്റെ സ്വപ്നങ്ങളായി മാത്രം അവശേഷിക്കില്ലായിരുന്നു. അല്ലെ മോളേ?

 

ഞാൻ നിന്നോട് വീണ്ടും ചോദിക്കുവാ. നിനക്ക് എന്റെ പപ്പയും മമ്മിയും പറയുന്നത് കേട്ട് വേറെ കല്യാണം കഴിച്ചൂടെ. നീ എന്റെ ജീവിതത്തിൽ വന്ന് രണ്ട് വർഷം പോലും ആയിട്ടില്ലല്ലോ. കല്യാണം കഴിക്കുന്നതിന് മുമ്പ് ഒരു മാസം മുന്നെ ആണ് ഞാൻ ആദ്യമായി കാണുന്നത്. എന്നിട്ടും നീ ഇങ്ങനെ വാശിപിടിക്കുന്നത് കാണുമ്പോഴാണ് എനിക്ക് വിഷമം.

 

എത്ര നാളത്തെ പരിചയം എന്നതല്ല ഇച്ചായാ നോക്കേണ്ടത്? ബന്ധം എന്താണെന്നും. ബന്ധത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്നും ആണ്.

 

ഭാര്യ എന്ന് പറഞ്ഞാൽ ഭർത്താവിന്റെ സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കേണ്ടവളാണ്..

 

ഇച്ചായനറിയാമോ വിവാഹത്തിന് മുമ്പ് ഞാൻ ആരെയും പ്രേമിച്ചിട്ടില്ല. പക്ഷേ ഇച്ചായനിൽ ഞാൻ സ്വാർത്ഥയാണ്. ഇച്ചായന്റെ ഏത് അവസ്ഥയിലും ഞാൻ കൂടെ കാണും.

 

ക്യാൻസറിന് ചിലപ്പോൾ ഇച്ചായന്റെ കാലുകൾ എടുക്കാൻ കഴിഞ്ഞേക്കാം. പക്ഷേ നമ്മൾ കണ്ട സ്വപ്നങ്ങളേയും മോഹങ്ങളേയും തകർക്കാൻ കഴിയില്ല.

 

ഇച്ചായന്റെ കാലുകളായും കൈകളായും ഈ ഗ്രേസി കൊച്ച് എന്നും കൂടെ കാണും. ഇതാ ഇത് പോലെ എന്നും പറഞ്ഞ് ചേർന്ന് കിടന്നു.

 

English Summary: Swapnagreham, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com