‘ഭിക്ഷക്കാരൻ തനിക്കു ഭിക്ഷ കിട്ടിയതിൽ നിന്നു ദാനമായി നൽകിയ 2000 രൂപ!’

beggar
പ്രതീകാത്മക ചിത്രം. Photocredit : panitanphoto / Shutterstock
SHARE

തിരിച്ചറിവ് (കഥ)

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞു ആളുകൾ എഴുന്നേൽക്കുന്നതേയുള്ളു. അൻവർ വേഗം എഴുന്നേറ്റു കൂടുതൽ  തിരക്കാവുന്നതിനു മുൻപേ പുറത്തേക്ക് നടന്നു. പള്ളിയിലെ ഇമാം ആരും പോകരുത് ഒരു അഞ്ചു മിനിറ്റ് ഇരിക്കണം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇമാം എല്ലാ വെള്ളിയാഴ്‌ചയും നമസ്കാരത്തിന് ശേഷം ചെറിയ പ്രഭാഷണം നടത്തും. അൻവർ ഇതു എല്ലാ ആഴ്ചയും കേൾക്കാറുള്ളത് കൊണ്ട് അതു ശ്രദ്ധിക്കാതെ വേഗം ചെരുപ്പെടുക്കാൻ നടന്നു. ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് വീട്ടിൽ. വേഗം പോയിട്ട് അതും കഴിച്ചു നല്ല ഒരു ഉറക്കം ഉറങ്ങണം. അൻവർ മനസ്സിൽ ഉറപ്പിച്ചു.

‘‘നിങ്ങൾ വഴിപോക്കർക്കും ഭിക്ഷക്കാർക്കും അർഹതപ്പെട്ടത് കൊടുക്കുക. അതിൽ നിന്നു നിങ്ങൾ ഭക്ഷിക്കരുത് ’’ പള്ളിയിലെ മൈക്കിലൂടെ ഇമാമിന്റെ പ്രസംഗം പുറത്തേക്ക് കേൾക്കുന്നുണ്ട്. അൻവർ വേഗം തന്റെ വെളുത്ത ചെരുപ്പിട്ടു. വെള്ളിയാഴ്ച മാത്രമേ വെള്ള ചെരുപ്പ് ഇടാറുള്ളു. വെള്ള മുണ്ട് വെള്ള ഷർട്ട്‌ വെള്ള ചെരുപ്പും. നാട്ടിലെ വലിയ പ്രമാണിമാർ ഒക്കെ ഇങ്ങനെ ആണ് പള്ളിയിൽ വരുന്നത്. അൻവറും ഒരു പ്രമാണി ആവാൻ ഉള്ള ശ്രമത്തിൽ ആണ്. തിരക്ക് കൂട്ടി പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ ഒരു ഭിക്ഷക്കാരൻ ഇരിക്കുന്നു. പള്ളിയുടെ സ്ഥലത്തു ഭിക്ഷടനം നിരോധിച്ചതാണ് പിന്നെ ഇയാൾ എങ്ങനെ ഇവിടെ എത്തി എന്ന് അൻവർ ചിന്തിച്ചു. അയാൾ താഴേക്കു നോക്കി കൈകൾ മാത്രം മുന്നിലോട്ടു നീട്ടി ഇരിക്കുന്നു. 

ആകെ മുഷിഞ്ഞ വേഷം ആണ്. ആളുകൾ ചില്ലറ നാണയങ്ങളും നോട്ടുകളും കൊടുക്കുന്നുണ്ട് പക്ഷെ അയാൾ അതൊന്നും നോക്കുന്നില്ല കൈയിൽ വാങ്ങി താഴെ വെച്ചിട്ടുള്ള ഒരു  പാത്രത്തിൽ ഇടുന്നുണ്ട്. ആ പാത്രം ഒരു തുണി കൊണ്ട് മൂടിയിരിക്കുന്നു. അൻവറിന്റെ മനസ്സിൽ  ഇമാം പറഞ്ഞ വാക്കുകൾ കയറി വന്നു. അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നോക്കി. വണ്ടിയുടെ ചാവി മാറ്റിയപ്പോൾ പോക്കറ്റിൽ ഒരു 2000 ത്തിന്റെ പുത്തൻ നോട്ടും ഒരു 100 രൂപ നോട്ടും കിട്ടി. വേറെ ചില്ലറ ഒന്നും ഇല്ല എന്ന് ഉറപ്പായപ്പോൾ 100 രൂപ കൊടുക്കാം വല്ലപ്പോഴും അല്ലെ ഉള്ളൂ എന്ന് മനസ്സിൽ വിചാരിച്ചു അതു അയാളുടെ കയ്യിലേക്ക് ഇട്ടു. അയാൾ ഒരു ഭാവഭേദവും കൂടാതെ അതു പത്രത്തിലേക്ക് ഇട്ടു. ഒന്ന് നോക്കിയത് പോലുമില്ല. അൻവർ അയാളെ കുറച്ചു നേരം നോക്കി നിന്നു. ‘‘ഒരു ചിരി പോലും ഇല്ലല്ലോ ഇയാൾക്കു കാശ് കിട്ടിയ ഒരു സന്തോഷവും ഇല്ല’’ അൻവർ മനസ്സിൽ പറഞ്ഞു. പിന്നെ നടന്നു മുന്നോട്ടു നീങ്ങി. ഇയാൾക്ക് ഇന്ന് കിട്ടിയതിൽ വലിയ തുക തന്റേത് ആവും എന്ന് അൻവർ ഉറപ്പിച്ചു.

അയാൾ തന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു. ‘‘ഇമാം പറഞ്ഞ പോലെ ഇനി എല്ലാ വെള്ളിയാഴ്ചയും ഭിക്ഷക്കാർക്ക് ഒരു സംഖ്യ കൊടുക്കണം അടുത്ത ആഴ്ച വരുമ്പോൾ ചില്ലറ വല്ലതും പോക്കറ്റിൽ കരുതണം ഇല്ലെങ്കിൽ ഇതു പോലെ വലിയ തുക കൊടുക്കേണ്ടി വരും’’ അൻവർ അതും ചിന്തിച്ചു നടന്നു . നല്ല വെയിൽ ഉണ്ട് ചെറുതായി വിയർക്കുന്നുണ്ട്. വണ്ടി കുറച്ചു ദൂരെ ആണ് പാർക്ക്‌ ചെയ്തിരിക്കുന്നത്. അൻവർ നടത്തതിന്റെ വേഗത കൂട്ടി. വണ്ടി കണ്ണിൽ കാണുന്ന ദൂരം ആയപ്പോൾ അയാൾ ചാവി ഷർട്ടിന്റെ പോക്കറ്റിൽ നിന്നു എടുത്തു റിമോട്ടിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വണ്ടിയുടെ അടുത്ത് നടന്നു എത്തുമ്പോഴേക്കും അതിലെ എയർ കണ്ടിഷൻ സ്റ്റാർട്ട്‌ ആയി വണ്ടി തണുക്കാൻ തുടങ്ങി. പുതിയ കാറിൽ അൻവറിന് ഇഷ്ടപ്പെട്ട ഒരു സൗകര്യം ആണ് അത്.

വണ്ടിയുടെ ഡോർ തുറന്നപ്പോൾ ആവിശ്യത്തിന് തണുപ്പ് ആയിട്ടുണ്ട്. അൻവർ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടിയുടെ ചാവി എടുത്ത് മുൻ സീറ്റിൽ വച്ചു. ‘‘പോക്കറ്റിൽ ഉണ്ടായിരുന്ന 2000രൂപ എവിടെ പോയി?’’ അൻവർ സ്വയം ചോദിച്ചു. അയാൾ നോക്കുമ്പോൾ പോക്കറ്റിൽ ഒന്നുമില്ല ഇനി. വണ്ടിയുടെ ചാവി നോക്കി അതിന്റെ കൂടെ സീറ്റിൽ വെച്ചോ എന്ന് അതിലും ഇല്ല. അയാൾ ആകെ ആസ്വസ്ഥൻ ആയി. ഇത്ര ചെറിയ ദൂരത്തിന്റെ ഇടയിൽ ആ കാശ് എവിടെ പോയത്? പെട്ടന്ന് അയാൾ ഓർത്തു ആ ഭിക്ഷക്കരന് 100 രൂപ കൊടുക്കുമ്പോൾ  കൂടെ 2000രൂപ താഴെ വീണു കാണും. താൻ ആണെങ്കിൽ അത് നോക്കിയതും ഇല്ല. അൻവർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി തിരിച്ചു പള്ളിയിലേക്ക്. അയാൾ എത്തുമ്പോൾ ആ ഭിക്ഷക്കാരൻ എഴുന്നേൽക്കുന്നുണ്ടായിരുന്നു. തന്റെ കാശ് കിട്ടിയപ്പോ ഭിക്ഷ നിറുത്തി പോകുന്നതായിരിക്കും. അയാൾ വേഗം ചെന്ന് ഭിക്ഷക്കാരനെ തടഞ്ഞു. ‘‘നിങ്ങളുടെ കൈയിൽ എന്റെ 2000 രൂപ കിട്ടിയോ? ഞാൻ 100 ആണ് തന്നത് താഴെ വീണ് എങ്ങാനം കിട്ടിയോ?’’ അൻവർ ഉറക്കെ ചോദിച്ചു. ആളുകൾ പള്ളിയിൽ നിന്നു പുറത്തേക്കു ഇറങ്ങി തുടങ്ങി അപ്പോഴേക്കും. ഭിക്ഷക്കാരൻ പേടിച്ചു കൊണ്ട് പറഞ്ഞു ‘‘അത് ഞാൻ ഇതിൽ..’’ അയാൾ ആ പത്രം കാണിച്ചു കൊടുത്തു. അൻവർ അതിൽ കൈ ഇട്ടു നോട്ടുകൾ നീക്കി തന്റെ കാശിനു പരതി. അപ്പോഴേക്കും ആളുകൾ കൂടി. ‘‘എന്താ അൻവർക്ക പ്രശ്നം? മോഷണം ആണോ?’’ ജമാൽ അൻവറിന്റെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു

ജമാൽ പള്ളി കമ്മിറ്റി ഭാരവാഹി ആണ്. ‘‘അല്ലടാ എന്റെ കൈയിൽ നിന്നു വീണു പോയതാ ഇയാൾക്കു കിട്ടിയോ എന്ന് നോക്കാനാ’’ അൻവർ അതും പറഞ്ഞു ആ കാശു മൊത്തം തറയിലേക്ക് ചെരിഞ്ഞു. ‘‘കമ്മിറ്റികാരോട് പറയാതെ ഇവിടെ ഭിക്ഷാടനം പാടില്ല എന്ന് രാവിലെ പറഞ്ഞില്ലേ നിങ്ങളോട് ഞാൻ. പിന്നെ എന്തിനാണ് ഇവിടെ ഇരുന്നത്?’’ ജമാൽ ഭിക്ഷക്കാരനോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു. അൻവർ അതൊന്നും ശ്രദ്ധിക്കാതെ കാശിന്റെ ഇടയിൽ തന്റെ 2000രൂപ തിരഞ്ഞു. പെട്ടന്ന് അയാൾ പറഞ്ഞു "കിട്ടി " അൻവർ 2000 രൂപ ഉയർത്തി കാണിച്ചു. ‘‘നിങ്ങളെ പോലെ ഉള്ള ആളുകൾ കാരണം അർഹതപ്പെട്ടവർക്ക്  കൂടെ ഒന്നും കിട്ടാതെ ആവും’’ ജമാൽ ദേഷ്യത്തോടെ  അയാളെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു. അയാൾ പേടിച്ചു കൈകൾ കൂപ്പി താഴേക്കു നോക്കിക്കൊണ്ട് ‘‘എടുത്തോ എടുത്തോ തല്ലരുത് തല്ലരുത്..’’ എന്ന് അൻവറിനോട് പറഞ്ഞു. അൻവർ അയാളോട് ദേഷ്യത്തിൽ പറഞ്ഞു ‘‘ഞാൻ നിങ്ങൾക്ക് തന്ന കാശു തന്നെ വലുതാണ് പിന്നെ ഇതും കൂടെ നിങ്ങൾ എടുത്തത് അഹങ്കാരം അല്ലെ?’’ അയാൾ ഒന്നും മിണ്ടാതെ താഴേക്ക് തന്നെ നോക്കി നിന്നു. ‘‘പോട്ടെ  അൻവർക്ക കാശ് കിട്ടിയല്ലോ നിങ്ങൾ നടന്നോളു ഇയാളെ ഞാൻ ഒഴിവാക്കിക്കോളാം’’ ജമാൽ അൻവറിന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. അൻവർ തിരിഞ്ഞു നടന്നു. ആളുകൾ വഴി മാറി കൊടുത്തു. അൻവർ തിരിഞ്ഞു നോക്കുമ്പോൾ അയാൾ കൈകൾ കൂപ്പി നിലത്തേക്കു തന്നെ നോക്കി നിന്നു കൊണ്ട് പിറു പിറുക്കുന്നുണ്ട് ‘‘എടുത്തോ എടുത്തോ.. തല്ലരുത് തല്ലരുത്.’’

അൻവർ ആളുകൾക്ക് ഇടയിലൂടെ വണ്ടി ലക്ഷ്യമാക്കി നടന്നു. ആദ്യമായി സന്തോഷത്തോടെ ഒരു വലിയ തുക ഭിക്ഷ കൊടുത്തത് ഇങ്ങനെ ആയി പോയല്ലോ. ആ ഭിക്ഷക്കരന് ചിന്തിച്ചു കൂടെ ആരെങ്കിലും അയാൾക്ക് 2000 രൂപ ഭിക്ഷ കൊടുക്കുമോ? താൻ ഇവിടെ നിന്നു നോക്കിയത് നന്നായി. ഇനി അയാൾ ഇങ്ങനെ ചെയ്യരുത്. അൻവർ മനസ്സിൽ പറഞ്ഞു. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഇട്ടാണ് ഓടിയത്. വണ്ടിയുടെ അടുത്തേക്കു എത്താറായപ്പോൾ വെറുതെ താഴേക്ക് നോക്കിയ അൻവർ അമ്പരന്നു. വീണ്ടും ഒരു 2000 രൂപ താഴെ കിടക്കുന്നു. അൻവർ അത് കയ്യിലെടുത്തു. പെട്ടന്ന് അയാൾക്ക്‌ ഓർമ വന്നു. ഇവിടെ നിന്നാണ് വണ്ടിയുടെ ചാവി എടുത്തു റിമോട്ടിൽ സ്റ്റാർട്ട്‌ ആക്കിയത്. അപ്പോൾ വീണു പോയതാണ്. അപ്പോൾ തനിക്ക് ഭിക്ഷ പാത്രത്തിൽ നിന്നും കിട്ടിയത് ആരുടെ ആണ്? അൻവറിന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. അയാൾക്ക് കിട്ടിയ ഭിക്ഷ ആണോ താൻ അതിൽ കൈ ഇട്ടു എടുത്തു കൊണ്ട് വന്നത്? അൻവർ ഒരു നിമിഷം എന്ത് വേണം എന്ന് അറിയാതെ നിന്നു. പിന്നെ തിരിച്ചു പള്ളിയിലേക്ക് ഓടി. നേരത്തെ ഓടിയതിലും വേഗത്തിൽ അയാൾ ഓടി. 

അൻവർ പള്ളിലേക്ക് എത്തുമ്പോൾ ജമാൽ അൻവർ  നിലത്തേക്ക് ചെരിഞ്ഞ അയാളുടെ കാശ് എല്ലാം പെറുക്കി ആ പാത്രത്തിൽ ഇട്ടു കൊടുക്കുന്നുണ്ടായിരുന്നു. അൻവറിന്റെ വരവ് കണ്ടു ജമാൽ അന്ധാളിച്ചു. ‘‘എന്താ അൻവർക്ക ഇനിയും പൈസ പോയിട്ടുണ്ടോ’’ ജമാൽ കുറച്ചു ഉറക്കെ ചോദിച്ചു. അത് കേട്ടതും ആ ഭിക്ഷക്കാരൻ കൈ കൂപ്പി വീണ്ടും പഴയത് തന്നെ ആവർത്തിച്ചു ‘‘എടുത്തോ എടുത്തോ.. തല്ലരുത്  തല്ലരുത്..’’ അൻവർ കിതച്ചു കൊണ്ട് ജമാലിനോട് പറഞ്ഞു ‘‘ഇല്ലെടാ അത് അയാളുടെ കാശ് ആണ്. ഏതോ വലിയ മനുഷ്യൻ കൊടുത്തത് ആണ്. എന്റേത് വഴിയിൽ നിന്നു കിട്ടി’’ ജമാൽ വിശാസം വരാതെ അൻവറിനെ നോക്കി. പിന്നെ ഭിക്ഷക്കാരനെയും. അയാൾ താഴെ നോക്കി കൊണ്ടു  വീണ്ടും പഴയത് തന്നെ ആവർത്തിച്ചു. ‘‘എടുത്തോ എടുത്തോ.. തല്ലരുത്’’ അൻവർ കുറ്റബോധം കൊണ്ട് തല കുനിച്ചു. പതുക്കെ അയാളുടെ അടുത്തേക്ക് നീങ്ങി അയാളുടെ തോളിൽ തൊട്ടു. അയാൾ മുഖം ഉയർത്തി പക്ഷേ നോട്ടം താഴേക്ക് തന്നെ ആയിരുന്നു. 

ഒരു ഞെട്ടലോടെ അൻവർ തിരിച്ചറിഞ്ഞു ഇയാൾ ഒരു അന്ധൻ ആണ്. താൻ കൊടുത്തതോ അയാൾക്ക്‌ കിട്ടിയതോ എത്രയാണ് എന്ന് ഇയാൾക്ക് അറിയില്ല. അയാളെ ആണ് താൻ ഇത്രയും നാണം കെടുത്തിയത്. ഇയാളുടെ ഭിക്ഷ പാത്രത്തിൽ ആണ് താൻ കൈ ഇട്ടു കാശ് എടുത്തത്. അൻവറിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണ് നീർ വന്നു. തിരിച്ചറിവിന്റെ, മനുഷ്യത്വത്തിന്റെ മൂല്യം മനസ്സിലായവന്റെ കണ്ണു നീർ. ആ ഭിക്ഷക്കാരന്റെ പാത്രത്തിൽ താൻ എടുത്ത 2000 രൂപയും തന്റെ പോക്കറ്റിൽ ഉള്ള 2000 രൂപയും ഇട്ടു ഭിക്ഷ പാത്രം കയ്യിൽ കൊടുത്തു അയാളെ യാത്ര ആക്കുമ്പോൾ അൻവർ ഓർത്തു. ‘‘കണ്ണില്ലെങ്കിലും തന്റെ തെറ്റല്ലെങ്കിലും എടുത്തോ എടുത്തോ തല്ലല്ലേ എന്ന് മാത്രം പറഞ്ഞ ഭിക്ഷക്കാരൻ  തനിക്കു ഭിക്ഷ കിട്ടിയതിൽ നിന്നു ദാനമായി നൽകിയ ആ 2000രൂപയുടെ അത്രയും വലുപ്പം തന്റെ മൊത്തം സമ്പാദ്യത്തിന് ഉണ്ടാവില്ല’’

English Summary: Thiricharivu, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;