ADVERTISEMENT

ആത്മാവ് (കഥ)

 

ശരീരം നന്നേ നിദ്ര പൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വിട്ടിറങ്ങിയത്. ഇരുപത്തിരണ്ടു വർഷക്കാലം പാർക്കുവാനിടം നൽകിയ ശരീരത്തോടുള്ള അതിയായ കടപ്പാട് കൊണ്ടാവാം, ഒട്ടും വേദനിപ്പിക്കാതെ പടിയിറങ്ങണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഇതൊന്നുമറിയാതെ ഒരു ചുവരിനുമപ്പുറമുള്ളവർ നിദ്രയുടെ ആലസ്യത്തിലാണ്.

 

പിറ്റേന്ന്, പതിവു സമയം കഴിഞ്ഞിട്ടും മുറിക്കു വെളിയിൽ കാണാഞ്ഞിട്ടാവും അമ്മ ദേഷ്യഭാവത്തിൽ മുറിക്കുള്ളിലേയ്ക്ക് പ്രവേശിച്ചു. ചലനമറ്റ്  തണുത്തു മരവിച്ച മകളുടെ ശരീരം കണ്ട് അമ്മ ബോധമറ്റു  വീണു. വിവരമറിഞ്ഞു ആളുകൾ ഓടിക്കൂടിയത് വളരെ പെട്ടെന്നായിരുന്നു. അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എന്തിനേറെ ഞാനൊരിക്കൽ പോലും കണ്ടുമുട്ടിയിട്ടില്ലാത്ത ആളുകൾ വരെ അങ്ങിങ്ങായി കൂടി നിൽക്കുന്നുണ്ട്, പരസ്പരം സഹതാപ വാക്കുകൾ ഉരുവിട്ടുകൊണ്ട്. ഓരോ കൂട്ടത്തിലും, കാണുവാൻ ഏറെ കൊതിച്ച മുഖം ഞാൻ തിരഞ്ഞു. എങ്കിലും കണ്ടില്ല. ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞെങ്കിൽ ഉറപ്പായും വരും. വരാതിരിക്കില്ല. സ്വയമാശ്വസിച്ചു.

 

ഒരിക്കൽ എനിക്കു സ്വന്തമായിരുന്ന ദേഹം കുളിപ്പിച്ചൊരുക്കുവാനുള്ള തത്രപ്പാടായിരുന്നു പിന്നീടങ്ങോട്ട്. അമ്മയെന്നെ കുളിപ്പിച്ചൊരുക്കിയാൽ മതിയെന്ന് ഞാൻ വാശി പിടിച്ചു. ആരുമത് കേട്ടില്ല. അല്ല.. ആർക്കുമത് കേൾക്കുവാനാവുന്നില്ല. ഒരുക്കി കിടത്തിയിരിക്കുന്ന എനിക്കു ചുറ്റുമിരുന്ന് ജന്മം നൽകിയവരും കൂടെപ്പിറന്നവളും ഭ്രാന്തമായി അലമുറയിടുന്നുണ്ട്. അതു കണ്ട് സഹിക്ക വയ്യാതെ ഞാനെന്റെ പ്രിയപ്പെട്ടവരെ തെല്ലൊന്നാശ്വസിപ്പിക്കുവാൻ പരിശ്രമിച്ചു. പക്ഷേ അവരുടെ ശരീരത്തിലൊന്നു സ്പർശിക്കുവാനാവാതെ ഞാൻ വായുവിൽ ഒഴുകി നടക്കുകയായിരുന്നു.

 

സന്ദർശകരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട്. ഓരോ ആളിലും ഞാനാ മുഖം തിരഞ്ഞു. ഇനിയും വന്നിട്ടില്ല....

 

വരുന്നവരെല്ലാം ഹൃദയ ഭാഗത്തായി പൂക്കളർപ്പിക്കുന്നുണ്ട്. മണ്ണോടു ചേരുവാൻ പോകുന്ന ഈ ദേഹത്തിന് എന്തിനാണിത്രയേറെ അലങ്കാരങ്ങളെന്നോർത്ത് ഞാൻ പൊട്ടിച്ചിരിച്ചു. ശീഘ്രം ചിരിയടക്കി അധരങ്ങൾ മൂടി വെച്ചു. എന്നെയാരുമിനി കേൾക്കില്ലായെന്ന സത്യം ഒരു നിമിഷത്തേയ്ക്ക് ഞാൻ മറന്നു.

 

പാതി ചടങ്ങുകൾ പൂർത്തിയാക്കി ശേഷിക്കുന്നവയ്ക്കായി ദേഹം ദേവാലയത്തിലെത്തിച്ചു. കുറേയധികം ആളുകൾ എനിക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു, അവസാനമായി ഒരു നോക്കു കാണുവാൻ. എല്ലാവരും മുഖത്ത് ദുഃഖഭാവം പ്രദർശിപ്പിച്ചിട്ടുണ്ട്.

 

ചടങ്ങുകൾ ഏറെക്കുറെ കഴിയാറായി. എനിക്കിനി അധിക സമയമില്ല.... ഞാൻ പോവുകയാണ്...

തുറന്നു പറയാതൊളിച്ചു വെച്ചവ ബാക്കിയാക്കി, അനന്തതയിൽ വിലയം പ്രാപിക്കുന്നതിനു തൊട്ടു മുൻപും ജനവലിയ്ക്കിടയിൽ ഏറെ പ്രതീക്ഷയോടെ ഞാനാ മുഖം പരതി, അവസാനമായി...

അകലങ്ങളിൽ നിന്ന് ഒരു രൂപം നടന്നടുക്കുന്നത് അവ്യക്തമായി കണ്ടു. നിർഭാഗ്യമെന്നു പറയട്ടെ, ആരെന്നു തിരിച്ചറിയും മുൻപേ എനിക്കുള്ള പെട്ടിയിൽ അവസാന ആണിയും തറച്ചു കഴിഞ്ഞിരുന്നു.

 

പുനർജ്ജന്മമെന്ന് ഒന്നുണ്ടെങ്കിൽ ഞാൻ വരും.... ഇതേ ദേഹത്തിൻ ഭാഗമായി. പറയാതെ മൂടി വെച്ചവ തുറന്നു പറയുവാനായി മാത്രം....

അങ്ങനെ ഈ ജന്മത്തിലെ കടം വീട്ടിയെന്ന് എനിക്ക് ആശ്വസിക്കാമല്ലോ...

 

English Summary: Athmavu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com