മലബാര്‍ ഓടത്തത് കൊണ്ട് ഞാനിപ്പോ നടക്കാറില്ല!

train
പ്രതീകാത്മക ചിത്രം. Photocredit : mayank96 / Shutterstock
SHARE

മലബാര്‍ വളപട്ടണത്ത് കൃത്യസമയം പാലിച്ച ദിവസങ്ങളില്‍ മിക്കതിലും ഞാനും എന്റെ ബൈക്കും ഓടിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച ഓട്ടമായിരുന്നു. ആ വേഗത്തെയും മറികടന്ന് മലബാര്‍ മുന്നിലെത്തി കണ്ണിറുക്കി പോയ പോക്കും ലോക്ഡൗണിന് മുമ്പ് ഒരുപാട് ഉണ്ടായിട്ടുണ്ട്. മലബാറിപ്പോ ഓടാറില്ല, ഞാനീ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കാറുമില്ല. 

മലബാറിന്റെ നേരം നല്ലതാണെങ്കില്‍ രാവിലെ ഒന്‍പത് മണിക്ക് ശേഷം ഏത് സമയത്തും കാസര്‍കോട് പ്രതീക്ഷിക്കാം. സ്പെഷ്യല്‍ തീവണ്ടികള്‍ ഉള്ള ദിവസം ചെറുവത്തൂരില്‍ 15 മിനുട്ട് തങ്ങും. അന്ന് പയ്യന്നൂരില്‍ നിന്ന് ആള്‍ക്കാര്‍ കുറവായിരിക്കും. അവരൊക്കെ സ്പെഷ്യലിന് കേറും. അതുവരെയുണ്ടായിരുന്ന ഗ്യാപ്പുകള്‍ തൃക്കരിപ്പൂരെത്തുന്നതോടെ ഇല്ലാതാകും. കുമ്പളയും മഞ്ചേശ്വരവും ഇറങ്ങേണ്ട പതിവുകാര്‍ അന്നും മലബാറിലുണ്ടാകും. 

രാവിലെ എസ് 4ലെ സ്ഥിരക്കാരൊക്കെ മുഖപരിചയമുള്ളവരാണ്. എവിടുന്ന് കയറുന്നു, എവിടെയിറങ്ങുന്നുവെന്ന പരിചയം. വര്‍ഷം ഒന്നു പിന്നിട്ടിട്ടും ആരോടും മിണ്ടാട്ടമില്ലാത്തത് അവരുണ്ടാക്കിയ സൗഹൃദങ്ങളില്‍ നുഴഞ്ഞുകയറാനുള്ള കഴിവില്ലാഞ്ഞതിനാല്‍ തന്നെ. ഇതിന് അപവാദം വളപട്ടണത്ത് നിന്ന് ഒന്നിച്ചു കയറുന്ന നീലേശ്വരമിറങ്ങുന്ന മാഷാണ്. നേരത്തെ പരിചയം ഉള്ളത് കൊണ്ട് മാഷേ കണ്ടാല്‍ വല്ലതും സംസാരിച്ചിരിക്കും.

ഓരോ കമ്പാര്‍ട്ട്‌മെന്റും ഓരോ കഥകളാണ് ദിവസവും പറയുന്നത്. തീവണ്ടി പാളത്തിലെ ഇരമ്പലില്‍ പുറത്തേക്ക് കടക്കില്ലെന്ന് കരുതി അടക്കം പറഞ്ഞ ഒരുപാട് കഥകള്‍ ഈ ചെവികളിലൂടെ പോയിട്ടുണ്ട്. പരസ്പര സ്നേഹ, കുശുമ്പ് പറച്ചിലില്‍ നിന്ന് കുറച്ചു പേരെയൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. കഥകള്‍ക്കപ്പുറം ഒരുപാട് ജീവിതങ്ങളാണ് കയറിയിറങ്ങി പോകുന്നത്. ഏഴിമലയില്‍ നിന്ന് കയറുന്ന ഇന്‍സേര്‍ട്ട് ചെയ്ത കണ്ണടക്കാരന്‍ ചേട്ടന്‍, ആളൊരു ദന്തഡോക്ടറാണെന്ന് ഇരമ്പലില്‍ മുറിയാത്ത കഥ പറഞ്ഞു തന്നു. ആദ്യം കയറാനും വണ്ടിയിറങ്ങിയപാടെ ഇറങ്ങിയോടാനും കഴിവുള്ള ചില പ്രത്യേക യാത്രക്കാര്‍ അത്തരമൊരാളാണ് പയ്യന്നൂരിലെ സ്ഥിരക്കാര്‍. അവരുടെ വേഗത്തിനൊപ്പമെത്താനാകാത്തതിനാല്‍ അവരാരെന്നത് ഇനിയും അനിശ്ചിതം. 

ഇനി പയ്യന്നൂരില്‍ നിന്ന് കയറുന്ന മാഷുണ്ട്. വന്നപാടെ അപ്പര്‍ബെര്‍ത്തില്‍ ചാടി കയറുന്ന മാഷ്. വരാനിരിക്കുന്ന പ്രൊമോഷനില്‍ സ്ഥലം മാറി പോകേണ്ട ആധി വീണ്ടും വീണ്ടും ആവര്‍ത്തിച്ച് മാഷ് പത്രവായന തുടങ്ങുകയായി. സിംഗില്‍ സീറ്റ് വിദഗ്ദമായി ഷെയര്‍ ചെയ്യിപ്പിക്കുന്നവരുണ്ട്. തൃക്കരിപ്പൂരില്‍ നിന്ന് കയറാന്‍. പിന്നെ ചെറുവത്തൂരിന്നും നീലേശ്വരത്തുന്നും കേറുന്നവരുണ്ട്. തിരക്കില്‍ കാണാതെ ശ്രദ്ധിക്കപ്പെടാതെ പോയവര്‍. ഇനി ഇങ്ങനെ ചിലരുണ്ട്. എവിടെ നിന്നാണെന്നറിയാതെ കോട്ടികുളത്ത് ഇറങ്ങുന്നവര്‍. കാസര്‍കോടിന് മുന്നേ ഒരു വലിയ സംഘം തന്നെ കോട്ടികുളത്തെ കോവണിയിറങ്ങി പലവഴിക്ക് തിരിയും.

കാസര്‍കോട് നിന്നും രണ്ടര കിലോമീറ്ററിന്റെ ദൂരത്തിലാണ് ഓഫീസ്. ഒറ്റയ്ക്കും ഇരട്ടയ്ക്കും വന്നിറങ്ങിയവരെ കൂട്ടി, കൂട്ടമായി പോകുന്ന ഓട്ടോകള്‍ക്കിടയിലൂടെ നടത്തം തുടരണം. നടത്തം റെയില്‍വേ സ്റ്റേഷന് പിന്നിലെ വഴിയിലൂടെയാണെങ്കില്‍ ആദ്യം കാണുന്ന ഹോട്ടലില്‍ (പേര് ഓര്‍മയില്ല) നല്ല പുട്ടും കടലയോ, ചെറുപയറോ കറിയും ചില്ലു കൂട്ടില്‍ കാത്തിരിക്കുന്നുണ്ടാകും. പുട്ടിനെ കടലില്‍ കുളിപ്പിച്ച് സ്പൂണിട്ട് കഴിക്കാന്‍ പറഞ്ഞാല്‍ പറ്റുമോ, സ്പൂണ്‍ മാറ്റി പുട്ടിനെ ഒരു പിടിത്തം പിടിക്കും. 

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേര്‍ വഴി ഇറങ്ങിയാല്‍ തയലങ്ങാടി ജംഗ്ഷനിലാണ് ശ്രീകൃഷ്ണ ഹോട്ടല്‍. വടയും ചട്‌നിയും കൂടെ ചെറുപയറും. ഈ കോമ്പിനേഷന്‍ അറിഞ്ഞാണ് നടത്തത്തിന് രണ്ടാമതൊരു ഹാള്‍ട്ട് വീണത്. പ്ലേറ്റിലെ കടുക് മണിയും പറുക്കി തിന്ന് ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനുട്ട് ദൂരത്തിന് ഓഫീസിലെത്താം. 

വൈകീട്ട് 7.10 കഴിഞ്ഞാല്‍ മലബാര്‍ കാസര്‍കോട് എപ്പോഴുമെത്താം. ഓഫീസില്‍ നിന്ന് തിരിച്ചുള്ള രണ്ടര കിലോമീറ്റര്‍ നടന്നാല്‍ നടന്നു എന്നാണ്. മിക്കവാറും ഓട്ടോയും ബസുമാണ് ആശ്രയം. സമയത്തെ ഓടി പിടിക്കാന്‍ വേറെ മാര്‍ഗമില്ല. ഓടി പിടിച്ച സമയത്തില്‍ മിച്ചമുണ്ടെങ്കില്‍ സ്റ്റേഷന്‍ ചായയും രണ്ട് വടയും ഉറപ്പാണ്. വൈകീട്ട് മലബാര്‍ പോയാല്‍ പോയതാണ്, പിന്നെ തേക്കോട്ട് ബസാണ് ശരണം. അതുകൊണ്ട് തന്നെ കാസര്‍കോട് വല്ല പരിപാടിക്ക് വന്ന രാഷ്ട്രീയക്കാരോ തലമുതിര്‍ന്ന ഉദ്യോഗസ്ഥരോ എ.സി. കോച്ചിന് മുന്നില്‍ കാത്ത് നില്‍ക്കുന്നുണ്ടാകും.  

ഇവരെ കടന്ന് മുന്നോട്ട് പോകണം. രാവിലത്തെ സീസണ്‍ ടിക്കറ്റ് പ്രിവിലേജ് വൈകിട്ട് മലബാറിനില്ല. പാര്‍സല്‍ ബോഗിക്ക് അടുത്തുള്ള കമ്പാര്‍ട്ട്‌മെന്റില്‍ അവസാന വാതിലിലൂടെ കയറിയാല്‍ കോട്ടിക്കുളത്ത് ഇറങ്ങേണ്ട ഒരു പെൺകുട്ടി ഉണ്ടാകും. സീറ്റില്ലാത്ത ദിവസം അതൊരു പ്രതീക്ഷയാണ്. അവിടുന്ന് മറ്റ് പരിചിത മുഖങ്ങള്‍ കുറവാണ്. കൈയില്‍ ഒരു മില്‍മാ പാലും നല്ല പാട്ടും പാടി ഭിക്ഷാടനം നടത്തുന്ന അന്ധനായ ചേട്ടന്റെ പാട്ട് വിരസമായ ബോഗിയില്‍ ഒഴുകും. പതിവുകാര്‍ കുറവായതിനാല്‍ ഈ യാത്രയില്‍ ചേട്ടന് വല്ലതും കിട്ടും. മലബാര്‍ ഒഴുകിയെത്തുമ്പോള്‍ ഇരുട്ട് ശക്തിയില്‍ പടര്‍ന്നതിനാല്‍ മിന്നി തിളങ്ങുന്ന വളപട്ടണം പാലം കാണും. അത് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാനൊരു സിഗ്നലാണ്. 

അപ്പോഴേക്കും അടുത്ത് ഫിഷ്റ്റിന് വെസ്റ്റണ്‍ ഇന്ത്യയില്‍ ജോലിക്ക് കയറേണ്ട രണ്ട് മൂന്ന് പേര്‍ സ്ഥിരം വര്‍ത്തമാനവുമായി വാതില്‍ക്കലുണ്ടാകും. ഇവരുടെ കൂടെയിറങ്ങി സ്റ്റേഷനില്‍ പുറത്തെത്തുമ്പോള്‍ മലബാര്‍ തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയിട്ടുണ്ടാകും. 

English Summary: Memoir written by PV Nidheesh

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;