പണ്ട് വറുതിയുടെ മഴക്കാലം ഇന്ന് ഭീതിയുടെ മഴക്കാലം, മഴക്കാല ഓർമകൾ

rain
പ്രതീകാത്മക ചിത്രം. Photocredit : Hibrida / Shutterstock
SHARE

നാട്ടില്‍ മഴക്കാലം തുടങ്ങി എന്നറിഞ്ഞാല്‍ ഏത് ചുട്ടുപൊള്ളുന്ന അവസ്ഥയിലും പ്രവാസിയുടെ മനസ്സ് കുളിരണിയും. ആകാശത്ത് കാര്‍മേഘം ഉരുണ്ട് കൂടിയാല്‍, നന്നായിട്ടൊന്നു തണുത്ത കാറ്റടിച്ചാല്‍, അപ്പോള്‍ മനസ്സ് ഓര്‍മ്മകളിലേക്കു വഴുതി വീഴും. മരവിച്ചു കിടന്ന ഓര്‍മ്മകള്‍ക്ക് അപ്പോള്‍ ചിറക് മുളക്കും. മനസ്സ് തന്റെ ഇന്നലെകളിലേക്ക് പറന്നുയരും.

മഴയെക്കുറിച്ച് പറയാന്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും വലിയ ആവേശമാണ്. നനഞ്ഞ മണ്ണിന്റെ മണമുള്ള എത്ര ഓര്‍മ്മകളാണ് നമ്മുടെയൊക്കെ മനസിന്റെ താഴ്‌വാരത്തില്‍ പതിഞ്ഞു കിടക്കുന്നത്. അതുകൊണ്ട് തന്നെ കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ പിന്നെ ഓര്‍മ്മകള്‍ പുതുമഴ പോലെ പെയ്തു കൊണ്ടിരിക്കും.

പണ്ട് മഴക്കാലം വറുതിയുടെ കാലമായിരുന്നെങ്കില്‍ ഇന്ന് മഴക്കാലം ഭീതിയുടെ കാലമാണ്. ഉരുള്‍പ്പൊട്ടലിന്റെ, മണ്ണിടിച്ചിലിന്റെ, പുഴകള്‍ കര കവിഞ്ഞൊഴുകിയതിന്റെ, കടല്‍ ക്ഷോഭത്തിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകളുമായാണ് ഇന്ന് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്. ഈ ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ കുട്ടിക്കാലത്തെ ഓര്‍മകള്‍ ഓര്‍ത്തെടുക്കുന്നതു പോലും വല്ലാത്തൊരു സുഖമുള്ള കാര്യമാണ്. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ മഴ നനഞ്ഞ എത്ര ഓര്‍മ്മകളാണ് മനസിലൂടെ മിന്നി മായുന്നത്.അതില്‍ ഏറ്റവം നിറമുള്ളതും രസമുള്ളതും സ്കൂള്‍ പഠനകാലത്തെ മഴക്കാല ഓർമകളാണ്.

വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത് ഒരു എല്‍ പി സ്കൂളിലായിരുന്നു പഠനം. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നന്നായിട്ടൊന്നു കാറ്റടിച്ചാല്‍ പോലും ഓടുകള്‍ ഇളകി വീഴാന്‍ മാത്രം ദുര്‍ഭലമായ മേല്‍ക്കൂരയുള്ള നാലു ക്ലാസുകള്‍ മാത്രമുള്ള നാട്ടുമ്പുറത്തെ ഒരു ചെറിയ സ്കൂള്‍.അതു കൊണ്ട് തന്നെ മഴക്കാലമായാല്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും മനസില്‍ ആധിയാണ്. ആകാശത്ത് കാര്‍മേഘം ഉരുണ്ട് കൂടുന്നതോടെ അവരുടെ മനസിലും കാര്‍മേഘം ഉരുണ്ടു കൂടും. ചെറിയ മഴയും ചെറിയ ചോര്‍ച്ചയുമൊള്ളൂ എങ്കില്‍ ബഞ്ചുകള്‍ നീക്കിയിട്ടോ ക്ലാസ് മുറികള്‍ മാറിയിരുന്നോ അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്

കനത്ത മഴ വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ ഹെഡ്മാസ്റ്റര്‍ ക്ലാസുകളിലേക്കോടും അധ്യാപകരുമയി എന്തോ അടക്കം പറയും. പറയുന്നത് സ്വകാര്യമാണെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് കാര്യം മനസിലാവും. സ്കൂള്‍ നേരെത്തെ വിടാനുള്ള ഒരുക്കത്തിലാണ്. പിന്നെ ദേശീയ ഗാനത്തിനൊന്നും കാത്ത് നില്‍ക്കാതെ ബെല്ല് നീട്ടിയടിക്കും. ക്ലാസ് വിടുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയും. ‘‘നല്ല മഴ വരുന്നുണ്ട്.വ ഴിയിലൊന്നും കളിച്ചു നില്‍ക്കാതെ വേഗം വീട്ടില്‍ പോവണം.’’

പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് നേരെത്തെ വിടുന്ന ദിവസം വലിയ സന്തോഷമാണ്. അതു കൊണ്ട് തന്നെ പൂക്കളോടും പൂമ്പാറ്റകളോടുമൊക്കെ കഥ പറഞ്ഞ് വീട്ടിലേക്കുള്ള പാതി വഴി പിന്നിടുമ്പോഴേക്കും മഴ കനത്തിരിക്കും. പിന്നെ ഒരാഘോഷമാണ്. കൂട്ടുകാരുടെ മേല്‍ ചളി വെള്ളം തെറിപ്പിച്ചും നീര്‍ച്ചാലുകളില്‍ കടലാസു തോണിയിറക്കിയും വീട്ടിലെത്തുമ്പോഴേക്കും ദേഹമാസകലം മഴ നനഞ്ഞു കുതിര്‍ന്നിരിക്കും. വീട്ടില്‍ ചുവന്നു തുടുത്ത മുഖവുമായി കാത്തു നില്‍ക്കുന്ന അമ്മയുടെ ശകാരത്തിനു നില്‍ക്കാതെ പുസ്തകം കോലായയിലേക്ക് വലിച്ചെറിഞ്ഞ് ഒരൊറ്റ ഓട്ടമായിരിക്കും. വീടിന്റെ തൊട്ടടുത്തു കൂടെ ഒഴുകുന്ന ചാലിലേക്ക് (തോട് ). പിന്നെ തോര്‍ത്തുമായി മീന്‍ പിടിത്തം. കിട്ടിയ മീന്‍ കുഞ്ഞുങ്ങളെ കുപ്പിയിലാക്കും. വീട്ടിലെ കിണറ്റില്‍ കൊണ്ട് വന്നിടാന്‍. തൊട്ടടുത്തുള്ള കുളത്തിലൊന്നു ചാടിക്കുളിച്ച് വൈകുന്നേരമാവും പിന്നെ വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും.

സ്വന്തമായി കുടയില്ലാത്തവര്‍, കുടയെടുക്കാന്‍ മറന്നു പോയവര്‍... സ്കൂള്‍ വിട്ട് വരുമ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കുടയുള്ളവനോടൊപ്പം ചേര്‍ന്ന് നിന്ന് എല്ലാവരും ഒരുമിച്ച് മഴ നനഞ്ഞത്.. നിഷ്കളങ്കമായ ആ സ്നേഹത്തിന്റേയും പങ്കു വെക്കലിന്റേയും ഓര്‍മ്മകൾ ഇന്നും എന്നെ രോമാഞ്ചം കൊള്ളിക്കാറുണ്ട്. കലാലയത്തിന്റെ നീണ്ട ഇടനാഴികളില്‍ മഴ നനഞ്ഞ എത്ര കാല്‍പാദങ്ങള്‍ക്കാണ് നമ്മള്‍ ജന്മം കൊടുത്തത് ?.പിന്നീട് ആറിത്തുടങ്ങി വൈകൃത രൂപം പ്രാപിച്ച കാല്‍പാദങ്ങളെ നോക്കി ഇതൊരു പ്രണയ ദുരന്തം സംഭവിച്ച കാമുക ഹൃദയത്തിന്റെ പരിച്ഛേദ രൂപമാണോ എന്നു പോലും ആശങ്കപ്പെട്ടിട്ടുണ്ട്....

അതെ നനഞ്ഞ മണ്ണിന്റെ മണമുള്ള എത്ര ഓര്‍മ്മകളാണ് വീണുടഞ്ഞ മഴത്തുള്ളി പോലെ ചിന്തകളില്‍ ചിതറിത്തെറിച്ച് കിടക്കുന്നത്..ഓരോ മഴ പെയ്തു തോരുമ്പോഴും ഭാരം ഇറക്കി വെച്ചതു പോലെ മനസിനു വലിയ ആശ്വാസമാണ്.വിഷമങ്ങളും സങ്കടങ്ങളും ദുഃഖങ്ങളും കാര്‍മേഘം പോലെ കുമിഞ്ഞു കൂടിയ എന്റെ മനസാണ് ഓരോ മഴക്കാലത്തും പുതുമഴയായി പെയ്തു കൊണ്ടിരിക്കുന്നത്..!

English Summary: Memoir written by Sudheer Khan Kolassery

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;