ഒരാൾ തന്ന സമ്മാനം അതേപോലെ തന്നെ മറ്റൊരാൾക്ക് സമ്മാനമായി നൽകാറുണ്ടോ?

table-lamp
പ്രതീകാത്മക ചിത്രം. Photocredit : Olena Kryzhanovska / Shutterstock
SHARE

സേതുമാധവന്റെ ടേബിൾ ലാമ്പ് (കഥ)

കോളിംഗ്ബെൽ ശബ്ദിച്ചപ്പോൾ ചുടു ചായ കുടിച്ചു കൊണ്ടിരിക്കയായിരുന്ന  ഫ്ലാറ്റ് നമ്പർ 304 ലെ സക്കറിയ എഴുന്നേറ്റു...

‘‘ആരാണാവൊ ഈ രാവിലെ’’

ഒരു ചെറിയ നീരസത്തോടെ മുറുമുറുത്ത് കൊണ്ട് സക്കറിയ വാതിൽ തുറന്നു.

‘‘ഹാ സാറൊ വന്നാട്ടെ’’

ഫ്ലാറ്റ് 309 ലെ മാത്തമാറ്റിക്സ് പ്രഫസർ അനന്തനാരായണയ്യർ ചിരിച്ചു കൊണ്ട് നിൽക്കുന്നു. അനന്തനാരയണയ്യർ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.

‘‘ഞാൻ നിങ്ങളുടെ സമയം മിനക്കെടുത്തുന്നില്ല... നെക്സ്റ്റ് സൺഡേ ഞങ്ങളുടെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാണ് ഇരുപത്തി ഏഴ് വർഷം തികയുന്നു... അന്ന് നമ്മുടെ സ്വിമ്മിംഗ് പൂൾ ലോണിൽ വെച്ച് ഒരു ചെറിയ ഗെറ്റ് റ്റുഗദർ: സക്കറിയയും കുടുംബവും തീർച്ചയായും വരണം’’

‘‘സംശയമെന്താ എപ്പൊ വന്നുന്ന് ചോദിച്ചാ പോരെ’’

‘‘അധികം ആൾക്കാരൊന്നുമില്ല നമ്മുടെ ഇവിടെയുള്ള പതിനഞ്ച് ഫ്ലാറ്റിലെ താമസക്കാർ മാത്രം’’

‘‘നിർമ്മല അയ്യരുടെ പാട്ട് കാണുമല്ലൊ’’

പ്രഫസറുടെ ഭാര്യ നിർമ്മല അയ്യരുടെ പാട്ടിനെക്കുറിച്ച് സക്കറിയ ചോദിച്ചു

പ്രഫസർ ഒന്ന് ചിരിച്ചു

‘‘അപ്പൊ ശരി വൈഫിനോടും മകനോടും പറയുക ’’

‘‘ശരി’’

പ്രഫസർ യാത്ര പറഞ്ഞിറങ്ങി....

‘‘ടീ അലീസെ’’ ഭാര്യ അലീസിനെ വിളിച്ചു കൊണ്ട് സക്കറിയ ബെഡ് റൂമിലേക്ക് ചെന്നു: ബെഡ്ഷീറ്റ് മാറ്റുന്ന തിരക്കിലായിരുന്നു ആലീസ് ...

‘‘അടുത്താഴ്ചക്കുള്ള പരിപാടി വന്നിട്ടുണ്ട് .. ഒരു വിവാഹ വാർഷികം’’

സക്കറിയ ബഡ്ഡിൽ കയറി കിടന്നു

‘‘ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ... ബഡ്ഷീറ്റ് വിരിച്ചിടുന്നതിന് മുൻപ് ചാടിക്കയറിക്കിടക്കരുതെന്ന് ’’ ആലീസ് നീരസം പ്രകടിപ്പിച്ചു

‘‘ഞാനതല്ല ആലോചിക്കുന്നത്: മിക്കവാറും ഞായറാഴ്ച്ചകളിൽ എന്തെങ്കിലും ഒക്കെ പരിപാടി കാണും... ബർത്ത് ഡേ, വിവാഹ വാർഷികം, പാലുകാച്ചൽ, നൂല് കെട്ട് ഓർമ്മ ദിനം. ടീ ഇതിനൊക്കെ ഗിഫ്റ്റ് മേടിച്ച് ഞാൻ വലഞ്ഞു... ഓരോ ഗിഫ്റ്റിനും ന്താ വില.... ഇത് മൊതലാവുല മോളെ... ന്തെങ്കിലും വഴി കണ്ടെ പറ്റു’’

ആലീസ് കിടക്കയിൽ നിന്ന് സക്കറിയയെ തള്ളിമാറ്റി

‘‘ദേ കഴിഞ്ഞയാഴ്ച മോന് കിട്ടിയ ആ ടേബിൾ ലാമ്പില്ലെ... അത് നന്നായി പാക്ക് ചെയ്തങ്ങ് കൊടുക്കാം’’

‘‘അത് മോശമല്ലെ .... അവരെങ്ങാനും അറിഞ്ഞാൽ ...’’

‘‘പിന്നെ.... അവരെങ്ങിനെ അറിയാനാ.... നമ്മളത് ഉപയോഗിച്ചിട്ട് പോലുമില്ല.... എന്ന് മാത്രമല്ല കഴിഞ്ഞയാഴ്ച നമുക്കത് തന്നത് ഗിരിയും കുടുംബവുമാണ്... അവർക്ക് മൂന്ന് മാസം മുമ്പ് കിട്ടിയത് മോഹനചന്ദ്രന്റെയും ഉഷയുടെയും കയ്യിൽ നിന്നാണ്’’

‘‘ഇതൊക്കെ നിനക്കെങ്ങിനെ അറിയാം...’’

‘‘ഇതൊക്കെ എനിക്ക് മാത്രമല്ല... ഇവിടെ താമസിക്കുന്ന എല്ലാവർക്കും അറിയാം... ഈ ടേബിൾ ലാംപ് മാറ്റിം മറിച്ചും എല്ലാവരും ഗിഫ്റ്റ് ആയി കൊടുക്കുന്നുണ്ട്’’

‘‘എന്നാ നീയൊരു പണി ചെയ്യ് ... അതിനെ മനോഹരമായി പാക്ക് ചെയ്ത് വെക്ക് ... നമുക്കത് കൊടുക്കാം’’

ഒന്നു നിർത്തി സക്കറിയ തുടർന്നു

‘‘എന്നാലും നിർമ്മല അയ്യർക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ ടേബിൾ ലാമ്പ് മതിയൊ പെണ്ണെ’’

‘‘അയ്യടാ .... നിർമ്മല അയ്യരുടെ പേരങ്ങ് പറയുമ്പോൾ വായീന്നി താ വെള്ളമൊലിക്കുന്നു’’

‘‘ടീ നിങ്ങള് പെണ്ണുങ്ങൾക്ക് അസൂയയാ അവരെ കാണുമ്പോ.... അമ്പത്തിയഞ്ച് കഴിഞ്ഞു... ന്നാലും സാരിയുടുത്ത് വന്ന് നിന്നാൽ എന്നാ സ്ട്രക്ച്ചറാ എന്റെയമ്മച്ചീ.... ഹോ’’

‘‘ഇവിടുത്തെ മിക്ക പെണ്ണുങ്ങൾക്കും അറിയാം അവരിങ്ങ് പുറത്തേക്ക് വന്നാൽ ഇവിടുത്തെ ആണുങ്ങളെല്ലാം വായും പൊളിച്ച് നിൽപ്പാണെന്ന്... നാണമില്ലല്ലൊ’’

ആലീസ് സ്വൽപ്പം നീരസത്തോടെ പറഞ്ഞു

‘‘അത് വിട് നീയിങ്ങ് വന്നെ ഒരു കാര്യം പറയട്ടെ’’ സക്കറിയ ലേശം ശൃംഗാരം ചേർത്ത് തുടങ്ങി.

‘‘ങ്ങാ ഞാനിപ്പൊ ങ്ങനെ വരുന്നില്ല...’’

‘‘ടീ ആലീസെ നിനക്കറിയാലൊ ഈ ഞായറാഴ്ച ഹോളിഡേയുടെ ഒരു പ്രത്യേകത... രാവിലെ ഒമ്പത് മണിയോടെ എഴുന്നേറ്റ് ഒരു നല്ല ചൂടൻ കാപ്പി കുടിച്ച് ജനൽപ്പാളികളിലൂടെ വരുന്ന സൂര്യരശ്മിയേറ്റ് വീണ്ടും അങ്ങിനെ കിടക്കുമ്പോൾ ഈ ആണുങ്ങളിൽ ഒരു പ്രത്യേക തരത്തിലുള്ള വീര്യം അങ്ങനെ പടർന്നു കയറും.... അത് പുരുഷന്മാരിൽ നിന്ന് സത്രീകൾക്ക് കിട്ടുന്ന ഒരു വരമാണ്... അത് കളഞ്ഞു കുളിക്കരുത് ആലീസെ’’

‘‘ഒന്നു ചുമ്മാതിരിയെന്‍റെ അച്ഛായാ... പത്താം ക്ലാസിൽ പഠിക്കണ ചെക്കനാ അപ്പുറത്തെ മുറിയിലിരിക്കണെ– അപ്പോഴാ അങ്ങേരുടെ ഒരു വരം ...’’

‘‘അയ്യോ ആലീസെ അങ്ങിനെ പറയല്ലെ... വരങ്ങൾ നഷ്ടപ്പെടുത്താനുള്ളതല്ല ...’’

‘‘അതേയ് ആയൂർവ്വേദ വിധിപ്രകാരമുള്ള മരുന്ന് ഇട്ട് തിളപ്പിച്ച നല്ല ചുക്കുവെള്ളം ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്.... അതെടുത്ത് കുടിക്ക് ... അപ്പൊ ഈ വരമൊക്കെ അങ്ങ് വലിഞ്ഞു പൊക്കോളും.... രാവിലെ തന്നെ ഓരോ നമ്പറുമായി ഇറങ്ങിക്കോളും’’ സക്കറിയക്ക് പിടികൊടുക്കാതെ ആലീസ് ബെഡ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.

......

അനന്തനാരായണയ്യരുടെയും നിർമ്മല അയ്യരുടെയും വെഡ്ഡിങ്ങ് ആനിവേഴ്സറി പാർട്ടി ആഘോഷം സ്വിമ്മിങ്ങ് പൂൾ ലാണിൽ നടക്കുന്നു. ഇനി ഗിഫ്റ്റ് കൊടുക്കേണ്ട സമയം... ഓരോ ദമ്പതികളും അവരവരുടെ സമ്മാനങ്ങൾ അയ്യർ ഫാമിലിയെ ഏൽപ്പിക്കുന്ന തിരക്കിലായിരുന്നു. സമ്മാനം കൊടുത്ത് തിരികെ വന്ന ആലീസിനെ മാലതി തോണ്ടി വിളിച്ചു

‘‘സമ്മാനം ടേബിൾ ലാമ്പാണല്ലെ ...’’

‘‘ഏയ്... ടാബിൾ ലാമ്പൊ .... ഏത് ടാബിൾ ലാമ്പ്: ഇത് ഇച്ഛായൻ ഇന്നലെ മേടിച്ച ഒരു നല്ല ഫ്ലവർ വേസാ:-’’

ആലിസ് ഒരു വളിച്ച ചിരിയോടെ പറഞ്ഞു.

‘‘ഉവ്വ്വ്വ്... ഫ്ലവർ വേസ്... കണ്ടാലും പറയും... ആറ് മാസം മുമ്പ് ഞങ്ങൾക്ക് കിട്ടിയതാ ഇത്... പിന്നെ സമീറിന്റെ ബർത്ത് ഡേക്ക് കൊടുത്ത് ഒഴിവാക്കി’’ മാലതി വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആലീസ് ചമ്മൽ പുറത്ത് കാണിക്കാതെ ഭക്ഷണം വച്ചടത്തേക്ക് നീങ്ങി....

ഭക്ഷണം കഴിക്കുന്ന ഭർത്താവിന്റെയടുത്തേക്ക് ആലീസ് ചെന്നു.

‘‘നാണക്കേടായി അച്ഛായാ.... ആ മാലതിക്ക് മനസ്സിലായി. അത് ടേബിൾ ലാമ്പാണെന്ന് ആറു മാസം മുമ്പ് അവൾ കൊടുത്ത് ഒഴിവാക്കിയതാ.’’

സക്കറിയക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല

ടീ അതിവിടെ അറിയാൻ ഇനി ആരും ബാക്കിയില്ല: ലവന്മാർ മൊത്തം എന്നോട് ചോദിച്ചു ടേയ് അത് ടേബിൾ ലാമ്പല്ലെയെന്ന്.... അവന്മാർ അത് മുൻപെ കൊടുത്ത് ഒഴിവാക്കിയതാ.... ഞാൻ വേറൊരു കാര്യം പറയാം സക്കറിയാ ശബ്ദം താഴ്ത്തി പറഞ്ഞു

‘‘അടുത്ത മാസം അവസാനത്തെ ഞായറാഴ്ച രാജകൃഷ്ണന്റെ മകളുടെ അരങ്ങേറ്റം - അയ്യരും ഭാര്യയും ആ ടേബിൾ ലാമ്പ് രാജകൃഷ്ണന്റെ മകളുടെ വീട്ടിൽ എത്തിക്കും’’

ആലീസ് ആരും കാണാതെ വായ പൊത്തി ചിരിച്ചു...

.......

ആരുടെയും പ്രതീക്ഷ തെറ്റിക്കാതെ വിമലാ അയ്യർ രാജകൃഷ്ണന്റെ മകളുടെ അരങ്ങേറ്റത്തിന് സമ്മാനം നൽകിയപ്പോൾ... അത് കണ്ട സദസ്സിലുണ്ടായിരുന്നവർ പരസ്പരം അടക്കി ചിരിച്ചു:

‘‘ടേബിൾ ലാമ്പ്... ടേബിൾ ലാമ്പ് :...’’ എല്ലാവരും പിറുപിറുത്തു

കുടുംബങ്ങളുടെ ഇടയിൽ  ടേബിൾ ലാമ്പ് പലവട്ടം പ്രദക്ഷിണം വച്ചു കൊണ്ടേയിരുന്നു.... ആർക്കും പിടികൊടുക്കാതെ ....

....................

അന്ന് ഒരു ഡിസംബർ രാത്രിയിൽ ആ ഫ്ലാറ്റ് സമുച്ചയത്തിന്റെ ആഡിറ്റോറിയം തികച്ചും അപ്രതീക്ഷിതമായ ഒരു സൗഹൃദക്കൂട്ടായ്മക്ക് സാക്ഷ്യം വഹിച്ചു 

മൈക്ക് കയ്യിലെടുത്ത് അസോസിയേഷൻ പ്രസിഡണ്ട് ജോസഫ് സർ പരിപാടിക്ക് തുടക്കം കുറിച്ചു

‘‘ഇന്ന് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു ദിവസമാണ്.... നമ്മെ വിട്ടു പോയ പഴയ സെക്യുരിറ്റി രാമേട്ടന്റെ മകൻ സേതുമാധവൻ ഇന്ന് നമുക്കൊരു അഭിമാനമാണ്... ഇന്ന് ഇദ്ദേഹം  വെറുമൊരു സേതുമാധവനല്ല... സേതുമാധവൻ IAS.... എന്ന് മാത്രമല്ല ഈ നഗരത്തിൽ അദ്ദേഹം ഡിസ്ട്രിക്റ്റ് കളക്ടർ ആയി അടുത്താഴ്ച ചാർജെടുക്കുകയാണ് ....’’ അത് കേട്ട സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു....

‘‘നമ്മുടെ പ്രിയപ്പെട്ട രാമേട്ടന്റെ മകൻ ആണ് ഈ നഗരത്തിന്റെ കളക്ടർ എന്നുള്ളത് നമുക്ക് എത്രകണ്ട് അഭിമാനമാണ് ... നമുക്ക് സേതുമാധവന് ഒരു സ്റ്റാൻഡിങ്ങ് ഓവേഷൻ നൽകാം’’

എല്ലാവരും എഴുന്നേറ്റ് ആദരപൂർവ്വം കയ്യടിച്ചു കൊണ്ടെയിരുന്നു.

‘‘ഇനി സേതുമാധവൻ നിങ്ങളോട് സംസാരിക്കും’’ സേതു മൈക്കിന്നരികിലേക്ക് നീങ്ങി

സദസ്സിനെ നോക്കി കൈകൂപ്പി.

‘‘ഇവിടുന്ന് നിങ്ങൾ പിരിച്ചു നൽകി എൻ്റെ അച്ഛൻ്റെ കയ്യിൽ ശമ്പളമായി നൽകുന്ന ആ തുകയാണ് എന്നെ ഇന്ന് ഈ നിലയിലെത്താൻ പ്രാപ്തനാക്കിയതിൽ ഒരു വലിയ പങ്ക് വഹിച്ചത്. അത് കൊണ്ട് തന്നെ ഞാൻ നിങ്ങളോടെല്ലാം അങ്ങേയറ്റം കടപെട്ടിരിക്കുന്നു... നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇത് കാണാനും കേൾക്കാനും എന്റെ അച്ഛനില്ലാതെ പോയി എന്നുള്ളത് ഈ സമയം എന്നെ വല്ലാതെ നൊമ്പരപെടുത്തുന്നു. അച്ഛന്റെ ഏറ്റവും പ്രിയപെട്ടവരായിരുന്നു ഇവിടുത്തെ ഓരോ കുടുംബവും. അത്രമാത്രം ഇഷ്ടമായിരുന്നു അച്ഛന് നിങ്ങളെ ... ഞാനിപ്പോഴും ഓർക്കുന്നു. എനിക്ക് IAS കിട്ടി എന്ന അറിഞ്ഞ ആ നിമിഷം അച്ഛൻ ഓടി വന്നത് ഇങ്ങോട്ടേക്കാണ്... നിങ്ങളെ ഏവരെയും വിവരം അറിയിക്കാൻ...’’

ഒരു നിമിഷം സേതുമാധവൻ ഒന്ന് വിതുമ്പി: കണ്ണടയൂരി കണ്ണൊന്ന് തുടച്ചു:

സദസ്സ് ഒരു നിമിഷം നിശബ്ദമായി .....

‘‘സോറി ഞാനൊരു നിമിഷം എന്നെ തന്നെ മറന്നു പോയി...’’ സേതു തുടർന്നു

‘‘എന്നാൽ എനിക്ക് മറ്റൊരു കാര്യം നിങ്ങളോട് പറയാനുണ്ട് ... സംതിങ്ങ് ഇന്ററസ്റ്റിങ്ങ്...’’ സദസ്സ് ചെവി കൂർപ്പിച്ചു–

‘‘.... എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ടേബിൾ ലാമ്പ്, എനിക്ക് രാത്രിയിൽ പഠിക്കാനായി അച്ഛൻ മേടിച്ചു തന്നതായിരുന്നു അത്.... പീലി വിടർത്തി നിൽക്കുന്ന മനോഹരമായ ഒരു മയിലിന്റെ രൂപത്തിലുള്ള ടേബിൾ ലാമ്പ് ’’

ഇത് കേട്ട് സദസ്സിലുള്ളവർ മുഖത്തോട് മുഖം നോക്കി....

‘‘എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു ആ ടേബിൾ ലാമ്പ്. എന്നാൽ അന്നിവിടെ അപർണ്ണ എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. എന്റെ അച്ഛന് അവളെ വലിയ സ്നേഹമായിരുന്നു. അച്ഛൻ അവളെക്കുറിച്ച് ഒരു പാട് എന്നോട് പറഞ്ഞിട്ടുണ്ട്. അപർണ്ണ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കുകയായിരുന്നു. ഇതേ പോലുള്ള ഒരു തണുത്ത ഡിസംബർ മാസം: അപർണ്ണയുടെ പിറന്നാളായിരുന്നു... അച്ഛന് എന്തെങ്കിലും സമ്മാനം കൊടുത്തെ പറ്റു. പാവം അച്ഛന്റെ കയ്യിൽ പണവും ഇല്ല.  

എനിക്കിഷ്ടപ്പെട്ട ആ ടേബിൾ ലാമ്പ് കൊടുത്തോട്ടെയെന്ന് അച്ഛൻ ചോദിച്ചു. മനസ്സില്ലാ മനസ്സോടെ ഞാൻ കൊടുത്തു... ടേബിൾ ലാമ്പിന്റെ അടിവശത്തായി ഒരു ചെറിയ അടപ്പുണ്ട്: ഒരു ചെറിയ കുസൃതി ഞാനൊപ്പിച്ചു .... ഇതുവരെ കാണാത്ത അപർണക്കായി ഒരു ചെറിയ പിറന്നാൾ സന്ദേശം ഞാനതിൽ എഴുതിയിട്ടു... അപർണ്ണക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ... സേതു

പിന്നീട് അച്ഛന്റെ മരണം:.. ഐഎഎസുമായി ബന്ധപെട്ടുള്ള ഉത്തരേന്ത്യൻ ജീവിതം: ക്രമേണ ഞാൻ അപർണ്ണയെ മറന്നു. ഇന്ന് ഇപ്പോൾ അപർണ്ണ ഇവിടെയുണ്ടെങ്കിൽ എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്: കൂടെ ആ ടേബിൾ ലാമ്പും.

സദസ്സ് കുറച്ച് നേരത്തേക്ക് നിശബ്ദമായി: പലരും തല താഴ്ത്തിയിരിക്കയായിരുന്നു. സേതുമാധവന് ഒന്നും മനസ്സിലായില്ല

‘‘അങ്കിൾ’’ സദസ്സിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി നീട്ടി വിളിച്ചു.

‘‘എന്റെ വീട്ടിലുണ്ട് ആ ലാമ്പ്: ഞാനിപ്പൊ കൊണ്ടു വരാം..’’

നിമിഷങ്ങൾക്കകം നീല പാവാട ധരിച്ച ആ പെൺകുട്ടി ടേബിൾ ലാമ്പുമായി വന്ന് സേതുവിനെ ഏൽപ്പിച്ചു: വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട ആ ടേബിൾ ലാംമ്പിനെ സേതു കൗതുകത്തോടെ നോക്കി.... ഏവരും നോക്കി നിൽക്കെ അടിയിലെ അടപ്പ് സേതു പതിയെ ഊരി. അതിൽ നിന്ന് കുറെപേപ്പർതുണ്ടുകൾ താഴേക്ക് വീണു...

സദസ്സിലുണ്ടായിരുന്നവർ അതെന്താണെന്ന് അറിയാൻ ആകാംക്ഷയോടെ തല ഉയർത്തി നോക്കി. വീണു കിടന്ന ആ പേപ്പർ തുണ്ടുകൾ കൈക്കുള്ളിലാക്കി സേതു താൻ പണ്ടെഴുതിയ ആ പിറന്നാൾ സന്ദേശം തിരഞ്ഞെടുത്ത് വായിച്ചു.

‘‘അപർണ്ണക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ... സേതു:...’’

‘‘അപർണ്ണ ഈ സദസ്സിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു... ഉണ്ടെങ്കിൽ ...’’

പെട്ടെന്ന് ജോസഫ് സാർ എഴുന്നേറ്റ് സേതുവിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു.... ഒരു നിമിഷം ഒന്നും പറയാനാകാതെ സേതു മറ്രു പേപ്പർ തുണ്ടുകൾ ഓരോന്നായി തുറന്നു

........ 

ചുകന്ന അലരിപൂക്കൾ ആ കുഴിമാടത്തിന് മുകളിൽ ഒരു മേലാപ്പ് പോലെ പൂത്ത് നിന്നിരുന്നു. അതിന് ചുവട്ടിൽ ആകുഴിമാടത്തിന് മുമ്പിലായി കണ്ണുകൾ അടച്ച് സേതു നിന്നു

‘‘തലക്കായിരുന്നു പരുക്ക്.... സ്പോട്ടിൽ തന്നെ ജീവൻ പോയി.’’ ജോസഫ് സാറിന്റെ വാക്കുകൾ ചെവിയിൽ വീണ്ടും മുഴങ്ങി കേൾക്കുമ്പോലെ

എവിടെ നിന്നോ വീശിയടിച്ച ഒരു ഇളം കാറ്റിൽ ആ കുഴിമാടത്തിന് മുകളിൽ ചിതറി വീണ ഓരോ അലരി പൂവിനും ഓരോരോ കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അപർണ്ണ സേതുവിനെഴുതി വച്ച ആ കൊച്ചു കൊച്ചു കടലാസ് തുണ്ടുകൾ പോലെ... സേതു ആ പൂക്കളിലേക്ക് നോക്കി...., അത് സംസാരിക്കാൻ തുടങ്ങി

‘‘ഹായ് സേതു പിറന്നാൾ ആശംസകൾ കിട്ടികെട്ടൊ: താങ്ക്സ് ’’

‘‘ഹായ് സേതു അച്ഛന്റെ പുന്നാരമോനാണല്ലെ... അച്ഛൻ എപ്പോഴും സേതുവിനെക്കുറിച്ച് എന്നോട് പറയാറുണ്ട്’’

‘‘ഇന്നലെ ഞാൻ കാറിൽ പോകുമ്പോൾ സേതുവിനെ കണ്ടുട്ടൊ. ബ്ലാക്ക് പാന്റും നേവി ബ്ലൂ കളർ ഷർട്ടും ... അടിപൊളി ലുക്കായിരുന്നുട്ടൊ.... അച്ഛൻ പറഞ്ഞു ലൈബ്രറിയിലേക്ക് പോകയാണെന്ന്’’

‘‘സേതു എനിക്ക് സേതുവിന്റെ അച്ഛനെ എന്തൊരിഷ്ടമാണെന്നൊ ... നല്ലൊരച്ഛൻ... സേതുവിന്റെ ഭാഗ്യമാണത്’’

‘‘സേതു നമ്മളിതുവരെ പരിചയപ്പെട്ടില്ലല്ലൊ: ഇപ്പൊ വേണ്ട അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകൻ ഒരു ഐഎഎസ്സുകാരനായി കാണണമെന്ന്... ഒരു കാരണവശാലും സേതുവിന്റെ ശ്രദ്ധ വേറൊന്നിലേക്ക് പോകരുത്’’

‘‘ഞാനിന്നൊരു കൊച്ചു കവിതയെഴുതി... വായിച്ചു നോക്കിയെ... ഷ്ടായൊ’’

‘‘സേതു നീ ഐഎഎസുകാരനായി വരുമ്പോൾ നിന്നെ ഞാൻ വന്നു കാണും... എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്... അന്ന് എന്റെ ഒരു കൊച്ചു സമ്മാനമായി നിനക്ക് ഈ ടേബിൾ ലാമ്പ് ഞാൻ തിരിച്ചു നൽകും: നിന്റെ പ്രിയപ്പെട്ട ടേബിൾ ലാമ്പ്’’

സേതു ആ പൂക്കളിൽ ഉമ്മ വച്ചു. ഇതളുകൾ നനഞ്ഞപ്പോൾ സേതു മനസ്സിലാക്കുകയായിരുന്നു: താൻ ഇത്രയും നേരം കരയുകയായിരുന്നെന്ന്. ചുണ്ടുകൾ കൂടി പിടിച്ച് വിതുമ്പലടക്കി ആ കുഴിമാടത്തിന് മുമ്പിൽ സേതു ഒരു നിമിഷം മുട്ടുകുത്തിയിരുന്നു.

തിരിഞ്ഞു നടക്കുമ്പോൾ കാറ്റിൽ കൊഴിഞ്ഞു വീഴുന്ന അലരി പൂക്കൾക്ക് അപ്പോഴും പറയാൻ ഒരുപാടുണ്ടായിരുന്നു....

ഇത് വരെ അപർണ്ണക്ക് സേതുവിനോട് പറയാൻ കഴിയാതെ പോയ കാര്യങ്ങൾ

English Summary: Sethu Madhavante Table Lamp, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;