ADVERTISEMENT

 ബ്ലും! (കഥ)         

 

വീണാൽ പൊട്ടും; ചിലപ്പോൾ പൊട്ടിച്ചിതറും. നല്ല സ്ഫടികം പോലുള്ള കൃത്രിമക്കുളമാ! അവിടെ മീനുകൾ നാല് : സ്വർണമീനും വെള്ളിമീനും ചെമ്പൻമീനും കരിമീനും.  

 

കരിമീനിനെ സക്കർ എന്നും വിളിക്കും. പുള്ളിക്കാരന് ചില്ലിന്റെ ഭിത്തികൾ തൂത്തുവാരലാണ് പണി. കറുത്ത അഴുക്കാണ് തീറ്റ!

 

ചെമ്പൻമീൻ പായൽകൃഷി നടത്തി ദിവസങ്ങൾ തള്ളി നീക്കുന്നു. വലിയ മിച്ചമൊന്നുമില്ല.  എപ്പോഴും മുഴുക്കടത്തിൽ. ഒരു വിള കൊയ്താൽ അടുത്ത വിതയ്ക്കെങ്കിലും കാര്യങ്ങൾ ശരിയാകുമല്ലോ എന്ന ശുഭാപ്തി വിശ്വാസത്തിൽ ആത്മഹത്യ നീട്ടിവെക്കയാണ്. അല്ലെങ്കിൽ എന്നേ ഒരു ശംഖിൻമുന കൊണ്ട് വയർ കീറി ചത്തേനെ.   

 

അടിത്തട്ടിൽ പാകിയിട്ടുള്ള ചൈനീസ് ഇന്ദ്രനീലക്കല്ലും മരതകവും വിറ്റു വെള്ളിമീൻ വെള്ളിത്തുട്ടുകൾ സമ്പാദിക്കുന്നു. രാക്കിനാവിൽ ജലകന്യകയുടെ  സ്വർണചെതുമ്പലുകളും മുലകളും മാത്രമാണ്. ഒരു നാൾ എന്ത് വില കൊടുത്തും  അവളെ സ്വന്തമാക്കും. അതിനു വേണ്ടിയാണു രാപ്പകൽ കഷ്ടപ്പെടുന്നത്.   

 

വയറിൽ  പൂണൂലിന്റെ  വരയുള്ള സ്വർണമീൻ ആരോടും മിണ്ടാതെ അർത്ഥമറിയാത്ത ഏതോ ഭാഷയിൽ അസ്പഷ്ടമായി എന്തൊക്കെയോ ഉരുവിട്ടുംകൊണ്ട്  പ്രത്യേകിച്ചൊരു വേലയും ചെയ്യാതെ  ഒരു കോണിൽ ആരെയോ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്  മാസങ്ങൾ എത്രയായെന്നോ!  മറ്റു മീനുകൾ മനുഷ്യരെപ്പോലെ കൊച്ചുവർത്തമാനം പറഞ്ഞും മുട്ടിയുരുമ്മിയും കോട്ടുവായിട്ടും ഏമ്പക്കമിട്ടും മുത്തം കൊടുത്തും തിന്നും കുടിച്ചും ദ്വേഷ്യപ്പെട്ടും കഴിഞ്ഞു.   സ്വർണമീനാകട്ടെ  പച്ചയായി ജീവിക്കുകയല്ല, ഏതോ  മോചനസ്വപ്നത്തിൽ  പ്രാണനുരുക്കി നിമിഷങ്ങൾ എണ്ണി തീർക്കുകയാണ്.

 

അങ്ങനെയിരിക്കെ ഒരു ദിവസം,     

ബ്ലും!

ഒരു പറക്കുംതവള കൃത്രിമപ്പൊയ്കയിൽ! മീനുകളുടെ  ചെകിളകളിൽ ഒരു ബാഷോ കവിതയുടെ പ്രസരിപ്പ്. ഇതാ നമ്മെ രക്ഷിക്കാൻ ഒരു സൂപ്പർ ഫ്രോഗ്‌മാൻ !  

 

മീൻമക്കളെ,

പറക്കുംതവള സംസാരിച്ചു തുടങ്ങി:

ഒരു ദുഷ്ടൻ നിങ്ങളെയൊക്കെ വിലയ്ക്ക് വാങ്ങി ചില്ലുകൂട്ടിൽ  ഇട്ടിരിക്കയാണ്. സത്യത്തിൽ തിമിംഗലങ്ങളുടെയും സ്രാവുകളുടെയും ഒപ്പം കടലിൽ നീന്തേണ്ടവരാണ് നിങ്ങൾ.  

 

കടലോ! എന്താണത്?

 

നിങ്ങളുടെയൊക്കെ കുടുംബത്തറവാട്; നീലച്ചായത്തിൽ പൂശിയ....

 

നീല ഒട്ടുംഓർമ്മയില്ല. ഇപ്പോൾ ജീവിതം മൊത്തത്തിൽ ഒരു കറുപ്പാ. തല്ക്കാലം നമ്മുടെ  തറവാട് ഈ പൊട്ടക്കുളമാ.  

 

തടവറയെ  തറവാടെന്ന് പറയരുത്!  ഇവിടെ ഒരു ജീവിതമുണ്ടോ? നിങ്ങളൊക്കെ ഒരു അണുകുടുംബത്തിന്റെ   വിനോദത്തിനുള്ള വെറും കാഴ്ചപ്പണ്ടങ്ങൾ. ആയുസ്സ് വെറുതെ പാഴാക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചു   ഒരു ചുക്കും അറിയാത്ത  അജ്ഞാനികൾ!

 

എങ്കിൽ പറ, ആശാനേ, നമ്മളെന്തു ചെയ്യണം?

 

നിങ്ങൾ ഒന്നും ചെയ്യേണ്ട, എന്റെ കൂടെ കട്ടയ്ക്കുനിന്നു മുദ്രാവാക്യം വിളിച്ചാൽ ‌മതി. ഇടയ്ക്കു എല്ലാവരുംചേർന്ന് ഊക്കോടെ എന്നെ ഒന്ന് ഉന്തി പ്രോത്സാഹിപ്പിച്ചാൽ സംഗതി വേഗത്തിലാകും.   

 

സമ്മതം എന്ന അർത്ഥത്തിൽ മീനുകളെല്ലാം വാലാട്ടിയപ്പോൾ പറക്കുംതവള കോറസ്സിനു തുടക്കമിട്ടു:

 

ആഞ്ഞുപിടിച്ചോ ഹൈലേസാ ഒത്തുപിടിച്ചോ ഹൈലേസാ!

ആഞ്ഞുപിടിച്ചോ ഹൈലേസാ ഒത്തുപിടിച്ചോ ഹൈലേസാ!!

 

ചിറകുള്ള മാലാഖമാർ വെഞ്ചാമരം വീശി വെണ്മേഘങ്ങളെ വകഞ്ഞു മാറ്റുകയാണ്. വെള്ളിനക്ഷത്രങ്ങൾക്കിടയിലുള്ള ആ വിടവിലൂടെ  ഒരു പളുങ്കുകൊട്ടാരം ചെങ്കുത്തനേ... ബ്ലും! 

 

പപ്പേ, പപ്പേ,

 

ഞെട്ടിയെഴുന്നേറ്റ കുട്ടി കണ്ണ് തുറക്കാതെ നിലവിളിച്ചു:

 

അക്വേറിയം!  എന്റെ  അക്വേറിയം!!  

 

അവന്റെ പപ്പ എഴുന്നേറ്റു എന്തെടാ ഒന്ന് ഉറങ്ങാനും വിടില്ലേ എന്ന് പിറുപിറുത്തുകൊണ്ട് ടോർച്ചും കത്തിച്ചു  ഹാളിലേക്ക് പോയി. മനം മടുപ്പിക്കുന്ന മീൻമണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി. മാർബിൾ തറയിലൂടെ ഒഴുകിപ്പരന്ന വെള്ളം പൂജാമുറിയുടെ വാതിൽക്കലോളം എത്തിയിരിക്കുന്നു. വെള്ളം വാർന്നു പോയ വഴിയിൽ നാല് മീനുകൾ വാലും തലയും ഇട്ടടിക്കുന്നു. ഓരോ അടിയും തന്റെ മുഖത്തേൽക്കുന്നത് പോലെ അയാൾക്ക്‌ തോന്നി.

 

ചില്ലുകഷണങ്ങൾക്കിടയിൽ ഇമയില്ലാത്ത രണ്ടു വട്ടക്കണ്ണുകൾ കറുപ്പിന്റെ പ്രകാശം പൊഴിച്ചു.

 

English Summary: Blum, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com