ADVERTISEMENT

നല്ല മഴ തണുപ്പ് കാറ്റ്....

പുറത്തിറങ്ങാൻ തോന്നുന്നില്ല. തണുപ്പാണെങ്കിലോ രണ്ടു കമ്പിളി പുതച്ചിട്ടും മാറുന്നുമില്ല. ഇടക്ക് കോടമഞ്ഞ് കയറി വരും. നല്ല കാറ്റ് വീശും. ചെറുതും വലുതുമായ മഴയും. 

 

‘നാൽപ്പതാം നമ്പർ മഴ’യാണ് അതിൽ പ്രധാനം. ഹൈറേഞ്ചിൽ പെയ്യുന്ന ഒരുതരം മഴയാണ് നാൽപ്പതാം നമ്പർ മഴ. നിർത്താതെ നൂല് പോലെ ഫുൾടൈം പെയ്‌തുകൊണ്ടേയിരിക്കും. പുറത്തിറങ്ങാൻ പോലും പറ്റില്ല. അത്രക്ക് തണുപ്പുമായിരിക്കും. 

 

ലോറേഞ്ചിലൊക്കെ ഒരു മഴ പെയ്തു മാറിയാൽ പിന്നെ വെയിൽ വരും മാനം തെളിയും. എന്നാൽ ഹൈറേഞ്ചിൽ അങ്ങനെയല്ല. മഴക്കാലം തുടങ്ങിയാൽ പിന്നെ സൂര്യനെയും കാണില്ല വെയിലും കാണില്ല. എപ്പോഴും മഴ പെയ്‌തുകൊണ്ടേയിരിക്കും. അങ്ങനെ നിർത്താതെ നൂല് പോലെ പെയ്യുന്ന മഴയ്ക്കാണ് നാൽപ്പതാം നമ്പർ മഴ എന്നു പഴമക്കാർ പറയുന്നത്.

 

എന്നാൽ ഇപ്പോൾ കുറച്ചു മാറ്റങ്ങൾ കാണുന്നുണ്ട്. പഴയത് പോലെ ‘നൂൽമഴ’ ഇപ്പോൾ കുറവാണ്. എന്നാൽ തണപ്പിനും മഴയ്ക്കും കുറവൊട്ടില്ലതാനും.

 

പറഞ്ഞു വരുന്നത് ഇടുക്കിയിലെ ജീവിതമാണ്. സ്കൂളിൽ പോകാനുള്ള സൗകര്യാർഥം സ്‌കൂളിനടുത്ത് തന്നെ ഒരു വീട്ടിലാണ് താമസം. ഇപ്പോൾ പിന്നെ സ്കൂളില്ലല്ലോ എന്നാൽ പിന്നെ വീട്ടിൽ പോയിക്കൂടെ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും. 

 

അടുത്ത മാസം ഒരു പരീക്ഷയുണ്ട് സ്വസ്ഥമായിട്ടിരുന്ന് പഠിക്കാമെന്നു കരുതി ഇവിടെ തന്നെയങ്ങു കൂടി. ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. 

സാമൂഹ്യസേവനമൊക്കെ തത്കാലം നിർത്തി പഠിക്കാൻ തുടങ്ങിയെങ്കിലും പഠിക്കാനുള്ള ഒരു മൂഡ് വരുന്നില്ല എന്നുള്ളത് തന്നെയാണ് പ്രധാന പ്രശ്‌നം. 

 

പുസ്തകം തുറക്കുമ്പോൾ നൂറു കൂട്ടം ആലോചനകൾ കടന്നുവരും ആ ഓർമ്മകൾ എവിടെയെങ്കിലും എഴുതിവെച്ചില്ലങ്കിൽ പിന്നെ ഒരു സമാധാനവും കാണില്ല. അതുകൊണ്ട് എന്തെങ്കിലും എഴുതണം എന്നുവെച്ചാൽ അപ്പോൾ തന്നെ എഴുത്തു തുടങ്ങും.

 

ഞങ്ങൾ ഇടുക്കിക്കാർക്ക് ഈ തണുപ്പൊന്നും ഒരു വിഷയമേയല്ല. മരം കോച്ചുന്ന തണുപ്പിൽ ഒരു ഷാളും പുതച്ച് സിറ്റിക്ക് പോകുന്ന ചേട്ടന്മാർ ഞങ്ങളുടെ നാടിന്റെ പ്രത്യേകതയാണ്.

 

എന്റെയൊക്കെ ചെറുപ്പത്തിൽ വൈകുന്നേരം നാലുമണിയൊക്കെയാകുമ്പോൾ വീട്ടിലുള്ള എല്ലാവരും അടുക്കളയിൽ അടുപ്പിന്റെ അടുത്ത് കൂടും. ഞങ്ങൾ കുട്ടികൾ അടുപ്പുംപാതകത്തിലും വലിയവർ കുറച്ചു മാറിയും തീ കായും. 

 

അന്ന് ഇന്നത്തെ പോലെ പലഹാരങ്ങൾ സാധാരണമല്ല. ചക്ക സുലഭമായതിനാൽ ചക്കക്കുരു വീട്ടിൽ ഇഷ്ടംപോലെ കാണും. വലിയ ചെമ്പിൽ മണൽ നിറച്ച് അതിൽ ചക്കക്കുരു ഇട്ടു വെക്കും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് അതെടുത്ത് ചുട്ടു തിന്നാൽ നല്ല മധുരവും രുചിയുമാണ്. 

 

വീട്ടിൽ അഞ്ചാറു പേര് ഉള്ളത് കൊണ്ട് ഒരു വലിയ ചീനിച്ചട്ടിയിൽ  നിറച്ചും ചക്കക്കുരു ഇട്ട് ചുട്ടെടുക്കുകയാണ് പതിവ്. ചക്കക്കുരു റെഡിയായി വരുമ്പോൾ സമയം ഇരുട്ടിയിട്ടുണ്ടാകും. രാത്രിയാകാൻ സമയം കുറെയുണ്ടങ്കിലും മഞ്ഞും മഴയുമായി അന്തരീക്ഷം മൂടിക്കെട്ടി  പല ദിവസങ്ങളിലും നേരത്തെ ഇരുട്ടും. 

 

അന്ന് വീട്ടിൽ മൂന്ന് പ്ലാവുകളാണ് ഉള്ളത്. മുൻവശത്തെ പ്ലാവിൽ നിന്നുള്ള ചക്ക പുഴുങ്ങാനും പുറകിലുള്ള രണ്ടു പ്ലാവിലെ ചക്കകൾ പഴുപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. അതിൽ പുറകിലുള്ള ഒരു പ്ലാവിൽ ഉണ്ടാകുന്ന ചക്കയുടെ രുചി വർണ്ണനാതീതമാണ്. ‘തേൻ വരിക്ക’ എന്നൊക്കെ പറയുന്നതിന്റെ അപ്പുറത്താണ് ആ രുചികൾ. ഇതിലെ എല്ലാ ചക്കക്കുരുവും ചൂടാൻ എടുക്കും.

 

ഈ സ്ഥലങ്ങളൊക്കെ ഇപ്പോൾ മറ്റൊരാളുടെ കയ്യിലാണ് എങ്കിലും ആ പ്ലാവുകൾ ഒന്നും തന്നെ അയാൾ വെട്ടിക്കളഞ്ഞിട്ടില്ല. ഇപ്പോഴും ആ വഴി പോകുമ്പോൾ ആ പ്ലാവുകളിലേക്ക് നോക്കാതെ കടന്നു പോകാറില്ല.

 

മറ്റൊന്ന് ‘കപ്പലണ്ടി’ ചുടലാണ്. ഇടുക്കിയിൽ കപ്പലണ്ടി എന്നാൽ കശുവണ്ടി എന്നാണ് അർഥമാക്കുന്നത്.

 

പറമ്പിൽ രണ്ടു കാശുമാവുകൾ ഉണ്ട്. ഒന്ന് വളരെ വലുതും മറ്റൊന്ന് ചെറുതുമാണ്. ഞാൻ മരം കയറ്റം പഠിക്കുന്നത് ഈ ചെറിയ കാശുമാവിൽ കയറിയാണ്. വലിയ മരത്തിൽ നിറയെ ‘കപ്പലമാമ്പഴങ്ങൾ’ ഉണ്ടാകും അതിന്റെ നിറം ചെമപ്പാണ്. ചെറിയ മരത്തിൽ കുറച്ചേ ഉണ്ടാകൂ, അതിന്റെ നിറം മഞ്ഞയും. ഇപ്പോൾ ആ സ്ഥലം മേടിച്ചയാൾ ആ മരങ്ങൾ വെട്ടി അവിടെ വീട് പണിതിരിക്കുകയാണ്.

 

കപ്പലണ്ടി താഴെ വീഴുന്നത് നോക്കിയിരുന്നു വേണം പറക്കിയെടുക്കാൻ. രാവിലെ നേരത്തെ പോയി പറക്കിയില്ലങ്കിൽ ആരേലുമൊക്കെ എടുത്തോണ്ട് പോകും. ഒരു ആറു മണിക്കൊക്കെ ചെന്നു പറക്കിയാൽ കുറഞ്ഞത് ഒരു കിലോയൊക്കെ നിലത്തു നിന്ന് പിറക്കിയെടുക്കാം.

 

കപ്പലമാമ്പഴങ്ങളിൽ നിലത്ത് വീഴുമ്പോൾ ചതയാത്ത നല്ലത് നോക്കി എടുത്തുകൊണ്ട് വന്ന് നീളത്തിൽ കീറി ഉപ്പിലിട്ടു തിന്നാൽ രുചിയൊന്നു വേറെ തന്നെയാണ്.

 

ചില വിരുതന്മാർ കപ്പലമാമ്പഴത്തിന്റെ ചാറ് കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടും. പത്തു പതിനാറ് ദിവസം കഴിഞ്ഞ് ഇത് കുടിച്ചാൽ ലഹരിയുണ്ടാകും എന്നാണ് പറയുന്നത്. അന്ന് ചെറുതായിരുന്നത് കൊണ്ട് ആ പണി ഞങ്ങൾ ചെയ്തിട്ടില്ല. ഇപ്പോഴാണെങ്കിൽ ഒന്നു നോക്കാമായിരുന്നു. 

 

അങ്ങനെ പറക്കിക്കൊണ്ടു വരുന്ന കപ്പലണ്ടികൾ വൈകുന്നേരങ്ങളിൽ അടുപ്പിലെ തീയിലിട്ട് ചൂടും. എന്നിട്ട് ‘തീക്കമ്പം’ (അടുപ്പിൽ ഊതുന്ന ഇരുമ്പു കുഴൽ) കൊണ്ട് തല്ലിപൊട്ടിച്ചു കൂട്ടിവെക്കും.

 

ചുടുമ്പോൾ പലതും ശ്രദ്ധിക്കണം. ആദ്യം വെളിച്ചെണ്ണ നല്ലത് പോലെ കയ്യിലും ചുണ്ടിലും തേച്ചു പിടിപ്പിക്കണം. അല്ലങ്കിൽ ഇതിന്റെ ‘ചെന’ പറ്റിയാൽ പൊള്ളും.

 

അപ്പനാണ് തല്ലിപ്പൊട്ടിക്കുന്നത്. നല്ലപോലെ ചുട്ടില്ലങ്കിൽ തല്ലിപൊട്ടിക്കുമ്പോൾ ചെന കണ്ണിലേക്കും മറ്റും തെറിച്ചു പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

 

അങ്ങനെ തല്ലിപൊട്ടിച്ച കപ്പലണ്ടികൾ അപ്പൻ തന്നെ ഞങ്ങൾക്ക് വീതിച്ചു നൽകും. കിട്ടിയപാതി കിട്ടാത്തപാതി മുഴുവനും ഞാൻ പെട്ടന്ന് തിന്നു തീർക്കും. എന്നിട്ട് ചേച്ചിയുടെയും ചേട്ടന്റെയും ‘കിറി’യിലേക്കും നോക്കിയിരിക്കും. കുറെ കഴിയുമ്പോൾ അവരും ഒന്നോ രണ്ടോ ഒക്കെ അവരുടെ വീതത്തിൽ നിന്നും തരും.

 

അന്നൊക്കെ ഹൈറേഞ്ചിൽ എവിടെ പോയാലും ഈ കപ്പലണ്ടി ചുടുന്ന മണം സർവ്വസാധാരണമാണ്.  മൂക്കു തുളച്ചുകയറുന്ന ആ മണത്തെ പോലെ ആസ്വാദ്യകരമായ മറ്റൊരു മണം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.

 

മഴക്കാലത്ത് നല്ല തണുപ്പത്താണ് ഈ പരിപാടി എന്നുള്ളതിനാൽ എന്റെ മഴക്കാലത്തിനും തണുപ്പ് കാലത്തിനും എന്നും കപ്പലണ്ടി ചുടുന്ന മണമായിരുന്നു.

 

അങ്ങനെ കാലങ്ങൾ കടന്നു പോയി. പിന്നെ ഈ കപ്പലണ്ടി ചുടുന്ന പരിപാടി ഞാൻ കാണുന്നത് തിരുവനന്തപുരം കിഴക്കേകോട്ടയിലാണ്. റയിൽവേ ഓവർ ബ്രിഡ്‌ജ്‌ കഴിഞ്ഞ് കുറച്ചു മുന്നോട്ടു പോകുമ്പോൾ വലത് വശത്ത് കുറെ ചേച്ചിമാർ ചുട്ട കപ്പലണ്ടികൾ വിൽക്കുവാൻ വെച്ചിരിക്കുന്നത് കാണാം. കൃത്യം സ്ഥലം പറഞ്ഞാൽ കിഴക്കേക്കോട്ട ബീവറേജിന് മുന്നിൽ.

 

English Summary : Memoir written by Faisal Muhammed

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com