ADVERTISEMENT

ഇന്ന് കണ്ടു തീർത്തില്ലെങ്കിൽ നെറ്റ്ഫ്ലിക്സിലും ആമസോണിലുമുള്ള സിനിമയും സീരീസും നാളെ ആത്മഹത്യ ചെയ്യുമെന്ന് വെളിപാടുണ്ടായ പോലെയാണ് കഴിഞ്ഞ എട്ടു മാസമായി ഇടവേളയില്ലാതെ പടം കണ്ടുകൊണ്ടിരിക്കുന്നത്. കണ്ണിമ ചിമ്മാതെ അത്യധികം ആത്മാർഥതയോടെ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉച്ചഭക്ഷണത്തിനായി അമ്മയുടെ വിളി എത്തുന്നത്. സിനിമ കാണുന്ന പോലെ സുഖമുള്ള മറ്റൊരു ഏർപ്പാടാണ് ഭക്ഷണം കഴിക്കുന്നതെന്നുള്ളതിനാൽ ശബ്ദമില്ലാതെ കസേര വലിച്ചിട്ട് ഊൺമേശക്ക് മുന്നിൽ ഹാജരായി. പതിവിനുവിപരീതമായി നിരത്തി വച്ച പച്ചക്കറികളിൽ നോക്കി അന്ധാളിച്ചിരിക്കുമ്പോഴാണ് ഇനി നവമി പൂജ കഴിയുന്നവരെ വീട്ടിൽ പച്ചക്കറി മാത്രം മതിയെന്ന അമ്മയുടെ പ്രഖ്യാപനം എത്തുന്നത്. 

 

ഈ കഴിഞ്ഞ എട്ടു മാസം നാം എത്രമാത്രം മാറിയിരിക്കുന്നു എന്നറിയണമെങ്കിൽ ഇന്നത്തെ ദിവസമേതെന്നു തെറ്റാതെ പറയാൻ സാധിക്കുമോ എന്ന് സ്വയം ചോദിച്ചാൽ മതി. കാലം കടന്നു പോകുന്നതിനൊപ്പം കൈ വിടാതെ സൂക്ഷിക്കേണ്ടിയിരുന്ന പലതും നാം വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞിരിക്കുന്നു. ഒരു അഞ്ചു വർഷം മുൻപേ ആയിരുന്നെങ്കിൽ പൂജ തുടങ്ങുന്ന ദിവസം മറ്റാരേക്കാൾ മുൻപേ എന്റെ ഓർമയുടെ കലണ്ടർ നവമി കാലത്തെ ഓർത്തുവച്ചേനെ. ആ കാലത്ത്  നവമി പൂജയോളം വരുന്ന വലിയ ആഘോഷങ്ങളൊന്നും ഞങ്ങൾ കുട്ടികൾക്ക് വേറെയുണ്ടായിരുന്നില്ല. 

 

പൂജ തുടങ്ങുന്ന ഒരാഴ്ച മുന്നേ അവധി കിട്ടുന്ന ആ രണ്ടു ദിവസം എന്തൊക്കെ ചെയ്യാമെന്ന കണക്കുകൂട്ടലിൽ ആയിരിക്കും. പുസ്തകം പൂജക്ക്‌ വയ്ക്കുന്ന വൈകുന്നേരങ്ങളിൽ അവസാന പീരീഡ് ഹോംവർക്ക് കുറിച്ചിടാൻ പറയുന്ന അധ്യാപകർക്ക് മുന്നിൽ ‘‘പൂജക്ക് ഞങ്ങൾ പുസ്തകം തൊടില്ല സാറേ ...’’ എന്ന് പറയുന്നതിൽ പരം സന്തോഷം മറ്റെന്താണുള്ളത്. കണക്കിന്റെയും സയൻസിന്റെയും പിടിയിൽ നിന്നുള്ള ആ രണ്ടു ദിവസത്തെ പരോളിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി ബാഗുമെടുത്തു വീട്ടിലേക്കോടുന്നത് എന്നും ഓർമകളിലെ മരുപ്പച്ചയാണ്.

 

സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ പിന്നെ കുളിച്ചു പുസ്തകം പൊതിയേണ്ട തിരക്കാണ്. വീട്ടിലെ മുതിർന്ന കുട്ടി എന്ന നിലയിൽ ഏട്ടനാണ് പുസ്തകം പൊതിയേണ്ട ചുമതല. എന്റെ പുസ്തക  പൊതിയിൽ അവൻ നൂൽ ചുറ്റിയത് ശരിയായില്ലെന്നും പേപ്പർ മടക്കിയതിൽ ചുളിവ് വന്നെന്നുമുള്ള  പരാതിയിൽ ഒടുവിൽ എന്റെ പുസ്തക പൊതി അച്ഛന്റെ കയ്യിൽ തന്നെ വന്നു ചേരും. 

 

ഏതൊക്കെ പുസ്തകങ്ങൾ പൂജക്ക്‌ വെക്കണമെന്ന ആലോചന ചെന്നെത്തുന്നത് മലയാളം ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ഞാൻ നന്നേ പരാജയമാണെന്ന തിരിച്ചറിവിലാണ്. പക്ഷേ ഏറ്റവും ഇഷ്ടമുള്ള മലയാളം മാറ്റി വയ്ക്കുന്നതെങ്ങനെയെന്ന വിഷമത്തിൽ ഒടുവിൽ 10 വിഷയങ്ങളുടെയും ടെക്സ്റ്റ് ബുക്ക് പൊതിക്കുള്ളിലാക്കി അച്ഛൻ പരിഹാരം കാണും. പേരെഴുതാനുള്ള മാർക്കർ പെന്നിനും പശക്കും നൂലിനുമൊക്കെയായി അപ്പോഴേക്കും നൂറു തവണ അടുത്ത വീടുകളിലേക്ക് ഓട്ടം കഴിഞ്ഞിരിക്കും. 

 

അടുത്ത വീട്ടിലെ കുട്ടികളെയും കൂട്ട് വിളിച്ച് ഭാരമുള്ള എന്റെ പുസ്തക പൊതിയുമായി അമ്പലത്തിൽ എത്തുമ്പോഴേക്കും അമ്പലത്തിലെ തിണ്ണ നിറയെ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും. കൂട്ടത്തിൽ ഏറ്റവും വലിയ പുസ്തക പൊതി നോക്കി ഇത്രയും വലിയ പുസ്തകത്തിന്റെ ഉടമയെ കണ്ടു പിടിക്കാൻ ഞങ്ങൾക്ക് വല്ലാത്തൊരു ആവേശമാണ്. 

 

ഇനി വരും ദിവസങ്ങളിൽ തെണ്ടി നടക്കാതെ നാലക്ഷരം പഠിക്കെന്ന ഉപദേശവുമായി ആരും വരാനിടയില്ലെന്ന വസ്തുത തെല്ലൊന്നുമല്ല ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത്. എന്നാൽ പ്രതീക്ഷക്കു വിപരീതമായാണ് ആ ദിവസങ്ങളിൽ കാര്യങ്ങൾ നടക്കുന്നത്. വെറുതെ പോലും പത്രം തുറന്നു നോക്കാത്ത എനിക്ക് ആ ദിവസങ്ങളിൽ പത്രം തുടങ്ങി പോസ്റ്റിൽ ഒട്ടിച്ചു വച്ച സിനിമാ പോസ്റ്റർ വരെ ഓടി പിടിച്ചു വായിക്കാൻ വല്ലാത്തൊരു വ്യഗ്രതയാണ്. ബിസ്ക്കറ്റ് കവറിന്റെ പേര് വായിച്ചാൽ പോലും ചേച്ചി പുസ്തകം പൂജക്ക്‌ വച്ചതിന്റെ ഫലം പോയെന്നു ഭീക്ഷണിപ്പെടുത്തിയിരുന്ന അനിയത്തിമാരും, ടിവിയിലെ എഴുത്തുകൾ പോലും വായിക്കില്ലെന്നു ചട്ടം കെട്ടിയ ഏട്ടനും ആ ദിവസങ്ങളിലെ എന്റെ സമാധാനത്തെ തല്ലികെടുത്തി. 

 

മഹാനവമി ദിവസം ആദ്യാക്ഷരം കുറിക്കാൻ അമ്പലത്തിലെത്തുന്ന പിള്ളേരുടെ കണക്കെടുത്തും അവിലും മലരും കരിമ്പും നെയ്യും ചേർത്ത് തയ്യാറാക്കുന്ന പ്രസാദം മത്സരിച്ചു കഴിച്ചും ആ വർഷത്തെ പഠനത്തിൽ നിന്നുള്ള പരോളിന്‌ അന്ത്യം കുറിക്കും. വൈകി പുസ്തകം തിരിച്ചെടുത്താൽ അത്രയും സമയം വായിക്കേണ്ടല്ലോ എന്ന ചിന്തയിൽ അമ്പലത്തിൽ നിന്നും അവസാനം പുസ്തകം വാങ്ങാൻ പോകുന്ന ആൾക്കാർ ഞാനും ചേട്ടനുമാണ്. 

 

പക്ഷേ ഇന്നിപ്പോൾ ഈ നവമി കാലത്ത് ഓർത്തെടുത്തു കീബോർഡിനാൽ കുറിച്ചിടുന്നു ചില ഓർമകളായി ആ കാലം മാറുമെന്ന് ഒരിക്കലും കരുതിയില്ല. ഇന്നിപ്പോൾ അനാവശ്യമെന്നു നമുക്ക് തോന്നുന്ന ചില ആചാരങ്ങൾ പോലും നമ്മുടെയെല്ലാം കുട്ടികാലത്തെ എത്രമേൽ മനോഹരമാക്കിയിരുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഓൺലൈൻ ക്ലാസിലിരുന്ന് അറ്റെൻഡൻസ് മാർക്ക് ചെയ്ത് ഇൻസ്റ്റയിലേക്ക് വിരലോടിക്കുന്ന ഇനി വരുന്ന കുട്ടികൾക്ക് മുന്നിൽ ഓർമകളിലെ  നവമികാലത്തെ എങ്ങനെയാണ് ഞാൻ ചേർത്തുവെക്കേണ്ടത്...

 

English Summary: Memoir written by Nimna Vijai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com