ADVERTISEMENT

വരണ്ടുണങ്ങിയ ഒരു വേനല്‍കാലം (കഥ)

 

അതൊരു വേനൽകാലം  ആയിരുന്നു. എന്റെ ഗ്രാമം വെയിലിൽ ചുട്ടുപൊള്ളി എരിഞ്ഞടങ്ങി നിന്ന കാലം. റോഡിന്റെ  ഇരുവശങ്ങളിലും പടലക്കാടുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു. ഞാൻ ആ മൺറോഡിലൂടെ ഓടി കിതച്ചു വീട്ടിലെത്തി. കൈയിൽ ഇരുന്ന എംപ്ലോയ്‌മെന്റ് ന്യൂസ് വരാന്തയിലെ ടീപ്പോയിലേക്ക്  വലിച്ചെറിഞ്ഞ് അമ്മയെ വിളിച്ചു.

‘‘അമ്മേ’’

മറുപടി കേൾക്കാതെ വന്നപ്പോൾ അടുക്കളയിൽ പോയി നോക്കി. അവിടെയും ഇല്ല. ഓരോ മുറിയിലും ഓടിനടന്നു വിളിച്ചു.

‘‘അമ്മേ…, എവിടെയാ ?’’

 

എന്റെ  ശബ്‌ദം  ഇടറിയിരുന്നു. പഴയ വീടായതു കൊണ്ട് ഉള്ളിലെ മുറിയിൽ പകൽ വെളിച്ചം  കയറില്ലായിരുന്നു. അച്ഛന്‍ സ്വയം രൂപകൽപന ചെയ്ത ഒരു ചെറിയ വീടായിരുന്നു  ഞങ്ങളുടേത്. ഞാൻ ആ  മുറിയിൽ കയറി ലൈറ്റിട്ടു. അവിടെയും അമ്മയെ കണ്ടില്ല. 

തിരിച്ച് മുറ്റത്തേക്കിറങ്ങി. വറ്റി വരണ്ടു വരുന്ന പുഴയുടെ കരയിൽ നിന്നും എന്തോ നേരിയ ഒരു ശബ്ദം കേൾക്കാം. ഞാന്‍ പുഴയിലേക്ക് നോക്കി നീട്ടി വിളിച്ചു. 

 

‘‘അമ്മേ ...’’ അപ്പോഴേക്കും ശബ്‌ദം കൂടുതൽ ഇടറിയിരുന്നു. വിളി പുഴകടവ് വരെ  എത്തിയോ എന്ന് സംശയമുണ്ട്. ഞാൻ വീണ്ടും ഉറക്കെ വിളിക്കാന്‍ ശ്രമിച്ചു. 

‘‘അമ്മേ ...’’

 

എന്റെ രോദനം  കേട്ടിട്ടാണോ  എന്നറിയില്ല മുറ്റത്തിന് വെളിയിലായി പടര്‍ന്നുപന്തലിച്ച നെല്ലിമരം ഉണങ്ങിയ  ഇലകൾ  ധാരാളം പൊഴിച്ചിട്ടു.  

‘‘എന്നാടാ..’’ അമ്മയുടെ ശബ്‌ദം ഇത്തവണ ഞാൻ ശരിക്കും കേട്ടു.

“അമ്മേ, എനിക്ക് കിട്ടിയില്ല.”  കരയാതിരിക്കാൻ  ഞാൻ  ശരിക്കും  പാടുപെട്ടു. “ഞാനിപ്പോ വരാം.”  ചെറിയ ഒരു ഇടവേളയ്ക്കു ശേഷം അമ്മ പറഞ്ഞു.  

 

പുഴക്കരയിൽ  തുണികള്‍ എല്ലാം ഇട്ടെറിഞ്ഞ് ഉടുത്തിരുന്ന സാരിയുടെ അറ്റം മുകളിലേക്ക് എടുത്ത് കുത്തി നനഞ്ഞ വസ്ത്രവുമായി അമ്മ അതേപടി ഓടി വന്നു. 

“എന്താടാ ..നിനക്ക്  കിട്ടിയില്ലേ? ” വലിയ ആശങ്കയോടെ അമ്മ ചോദിച്ചു. 

“ഇല്ല. എന്റെ നമ്പർ ഇല്ല’’ എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു  വന്നു. ഞാൻ തിണ്ണയിലേക്കു കയറി കസേരയിൽ ഇരുന്ന് മുഖം പൊത്തി. അമ്മ അടുത്തുവന്ന് തോളത്തു തട്ടി ആശ്വസിപ്പിച്ചു. 

 

‘‘സാരമില്ലടാ.. ഇത് നമുക്ക് ഉള്ളതല്ല എന്ന് വിചാരിച്ചാ മതി. മറ്റെന്തിങ്കിലും നല്ലത് കിട്ടും. നീ സമാധാനിക്ക്.  ഇനിയും പരീക്ഷ എഴുതാമല്ലോ. സാരമില്ല.’’

എനിക്ക്  ഇത്തവണ ദേക്ഷ്യം കലശലായി വന്നു. എന്റെ ശബ്ദം ഉച്ചത്തിലായി.

 

‘‘അമ്മക്ക് അതു പറയാം കഴിഞ്ഞ അഞ്ചു മാസമായി ഞാൻ കഷ്ട്ടപെട്ടു പഠിച്ചാ പരീക്ഷ  പാസായത്. എംകോം പരീക്ഷക്ക് പോലും ഞാൻ  ഇത്രക്ക് ഉറക്കമിളച്ചിട്ടില്ല. പിജിക്കാര്  വെറും മൂന്നുപേരാ ആ ദിവസം ഇന്റർവ്യൂന് ഉണ്ടാരുന്നേ... ബാക്കിയെല്ലാം ഡിഗ്രിക്കാര്.. എന്നിട്ടാ.. ഇതിപ്പം .. ’’

 

സാരമില്ലടാ എന്ന് പറഞ്ഞു അമ്മ അകത്തേക്ക് കയറി പോയി.

ആ മനസ്സിലെ ഭാരം തേങ്ങലായി പുറത്തേക്ക് വന്ന് അടുക്കളയില്‍ മാറ്റൊലിയായി മാറുന്നത്  എനിക്കിവിടിരുന്നു കേൾക്കാമായിരുന്നു. 

 

ചൂടിന്റെ കാഠിന്യം പതുക്കെ കുറഞ്ഞു വന്നു. വീടിനു മുൻപിലെ തൊടിയിലൂടെ തള്ളക്കോഴിയും കുഞ്ഞുങ്ങളും കൊത്തി പെറുക്കാൻ തുടങ്ങിയിരിക്കുന്നു. ഉച്ചവെയിൽ  മൂത്തപ്പോൾ എവിടെയോ കയറി വിശ്രമിക്കുകയായിരുന്നു അവറ്റകൾ. ഇന്നുവരെയും തീറ്റ കാണാത്ത മാതിരി അവറ്റകൾ കലപില വച്ച് തള്ള കോഴിക്ക് ചുറ്റും ഓടിനടന്നു. തള്ളക്കോഴി ആണെങ്കിൽ ഓടിനടന്നു ചികഞ്ഞും തെറിപ്പിച്ചും പുതിയ പുതിയ സ്വപ്നലോകത്തേക്ക്  കുഞ്ഞുങ്ങളെ കൊക്കി വിളിച്ചു കൊണ്ടേയിരുന്നു.

 

അമ്മ പുഴയിൽ നിന്ന് തുണികളുമായി തിരിച്ചു വന്നപ്പോഴും ഞാൻ കസേരയിൽ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു. എപ്പോഴാണ് അമ്മ പുഴക്കടവിലേക്കു തിരിച്ചു പോയത് എന്ന്  ഞാൻ കണ്ടിരുന്നില്ല. ബക്കറ്റു  മുറ്റത്തു വച്ച് അമ്മ എന്റടുത്തേക്ക് കയറി വന്നു. 

 

‘‘നീ ഇങ്ങനെ ഒറ്റയിരിപ്പ് ഇരിക്കാതെ. സാരമില്ലടാ, പോട്ടെ. ഇനിയും നിനക്ക് അവസരമുണ്ടല്ലോ.’’

‘‘ങ്‌ഹും .. ഇനി ഞാൻ ടെസ്റ്റ് ഒന്നും എഴുതുന്നില്ല. യൂപിയെസ്സിയും സ്റ്റാഫ് സെലെക്ഷനും  ... ഒന്നും.  മതി.’’ 

 

അമ്മ  ഒന്നും  പറയാതെ  മുറ്റത്തേക്ക്  ഇറങ്ങി. തുണികൾ ഒന്നൊന്നായി അയയിൽ വിരിച്ചിടാൻ തുടങ്ങി. വിരിച്ചിടുന്ന തുണികളിൽ നിന്നും വെള്ളത്തുള്ളികൾ കണ്ണീർ കണങ്ങൾ പോലെ മുറ്റത്തു വീണുടഞ്ഞു. കരിഞ്ഞുനങ്ങിയ മണ്ണ് അത് ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്തു. 

 

ഞാൻ ആ കസേരയിൽ  ജീവനറ്റ പൂതുമ്പിയെ പോലെ  അങ്ങനെ ഇരുന്നു. തള്ളക്കോഴിയും കുഞ്ഞുങ്ങളും എവിടേക്കോ പോയി മറഞ്ഞിരുന്നു.

‘‘അമ്മേ, അമ്മയുടെ കൈയിൽ രൂപ വല്ലതും ഇരിപ്പുണ്ടോ?‘‘

‘‘എന്തിനാ? ’’

‘‘ഞാൻ  പോകുവാ. ഇനിയിവിടെ നിക്കുന്നില്ല. വല്ല ബാംഗ്ലൂരോ ചെന്നൈയിലോ പോയി നോക്കട്ടെ.’’

‘‘കുറച്ചു വല്ലതും  കാണുമായിരിക്കും. എന്നാലും നീ ഒന്ന് കൂടി ആലോചിക്ക് ...”

‘‘മടുത്തു. ഇനി സർക്കാർ ജോലിയൊന്നും കിട്ടുകേല. എത്രയെണ്ണം എഴുതിയിട്ടാ ഒരെണ്ണം പാസ്സായി വന്നെ. ഇനി വയ്യ .”

“ഒരു പരീക്ഷ പാസ്സാകമെങ്കില് ഇനിയും നിനക്ക് പരീക്ഷകള്‍  പാസ്സാകാന്‍ മേലെ?’’ ഞാന്‍ എംപ്ലായ്മെന്‍റ് ന്യൂസ് എടുത്ത് ചുരുട്ടി മുറ്റത്തെക്കു വലിച്ചെറിഞ്ഞു. അമ്മയുടെ മുഖത്തേക്ക് നിസ്സംഗതയോടെ നോക്കി. 

 

അമ്മ പിന്നൊന്നും പറഞ്ഞില്ല. തന്നെക്കാൾ വിവരവും വിദ്യാഭ്യാസവും ഉള്ള ഇവനോട് എന്ത് പറയാൻ എന്ന് മനസ്സിൽ നിനച്ച് കണ്ണീര്‍ കണികകള്‍ ഇറ്റിറ്റു വീഴുന്ന തുണികള്‍ അയയില്‍  വിരിച്ചിടാന്‍ തുടങ്ങി.

 

ഞാൻ മുറിയിലേക്ക് കയറി ഷർട്ടൂരിയിട്ടു കട്ടിലിൽ കിടന്നു. ഫാൻ ഇടാൻ പോലുമുള്ള  താല്പര്യം ഇല്ലായിരുന്നു എനിക്ക്. തീർത്തും ജീവനറ്റ തുമ്പിയെ പോലെ ആയി എന്റെ അവസ്ഥ. പൂത്തുമ്പികൾ ചത്തുകിടക്കുന്നത് കണ്ടാൽ മനസ്സിലാകില്ല. അവറ്റകൾ പുറമെ ജീർണിക്കില്ല. ഉണങ്ങി വരണ്ടിരിക്കും. പുറമെ നോക്കിയാല്‍ അപചയം ഒന്നുമേ  ഇല്ല.  

എനിക്കെന്താ സെലക്ഷൻ കിട്ടാതെ പോയത്. എന്നാലും ബോർഡ് എന്താ എന്നോട് ഇങ്ങനെ കാണിച്ചത്. മുപ്പതിനായിരം പേരെഴുതിയ ടെസ്റ്റ്. അത് പാസ്സായ നൂറുപേരില്‍ ഒരാള്‍ അല്ലെ ഞാൻ. അതും ഒരു എംകോംകാരൻ. രണ്ടു പേരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരാളെ തിരഞ്ഞെടുക്കും എന്നല്ലേ കേട്ടത്. എന്റെ മനസ്സിൽ ഒന്നൊന്നായി ചോദ്യങ്ങൾ വന്നു കൊണ്ടിരുന്നു. ഇനി ഞാൻ ഉത്തരം പറയാത്ത ഒന്ന് രണ്ടു ചോദ്യങ്ങൾ ചുമരിൽ തട്ടി പ്രകമ്പനം കൊണ്ടതു കൊണ്ടാണോ എന്നെ ഒഴിവാക്കിയത്. 

 

ഹോബിയുടെ കോളത്തിൽ അത്യാവശ്യം കളിക്കാന്‍  അറിയാവുന്ന ബാഡ്മിൻറൺ, ചെസ്സ്  എന്നൊക്കെ എഴുതിവച്ചിരുന്നു. ഈ വർഷത്തെ വേൾഡ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻ  ഏതു രാജ്യക്കാരനാ, അടുപ്പിച്ചു മൂന്ന് തവണ ഗ്രാൻഡ് മാസ്റ്റർ ആയ ആളുടെ ജന്മനാട് ഏതാ എന്നിങ്ങനെ ഒന്ന് രണ്ടു ചോദ്യങ്ങൾ എന്റെ മനസ്സിൽ നിരാശ്ശയുടെ വേലിയേറ്റം ഉണ്ടാക്കി അപ്പോള്‍. കുറച്ചു നേരം ഞാൻ അങ്ങനെ തലയ്ക്കു കൈയും വച്ച്  കിടന്നു. തുറന്നിട്ട ജനലിലൂടെ ചൂട്കാറ്റ് അടിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയായി തെങ്ങിൻ തോട്ടത്തിൽ കരിഞ്ഞുണങ്ങിയ ഓലമടമ്പ് വീഴുന്ന ഒച്ച കേട്ടു.

 

കൈയില്‍ ചുരുട്ടി പിടിച്ച കുറച്ചു രൂപാ നോട്ടുമായി പെട്ടെന്ന് അമ്മ കയറി വന്ന് കട്ടിലില്‍ ഇരുന്നു. ഞാന്‍ എഴുന്നേറ്റ്  ഇരുന്നു.  

 

“നെല്ലിക്ക വിറ്റു കിട്ടിയ പൈസായ. നൂറ്റമ്പത് രൂപയേ ഉള്ളൂ. നീയൊരു കാര്യം ചെയ്യ് കോഴിക്കോട്ട് പോയി ഷൈനിയോട് ചോദിക്ക്. അവളുടെ കൈയില്‍ കാണും. അവള്‍ക്ക് വീട്ടില്‍ ഒന്നും കൊടുക്കണ്ടല്ലോ. ജോലി കിട്ടിയിട്ട് ഇപ്പൊ മൂന്നു നാലു മാസ്സമായില്ലേ.’’ 

ചുരുട്ടിയ ആ നോട്ടുകൾ അമ്മയുടെ കൈയിൽ നിന്നും വാങ്ങുമ്പോൾ തോളിൽ കിടന്ന  തോർത്ത് മുണ്ടെടുത്തു അമ്മ കണ്ണ് തുടക്കുകയായിരുന്നു. തന്റെ സമ്പാദ്യം ഇത്രക്ക് ശോഷിച്ചതാണല്ലോ എന്നോർത്തിട്ടാകാം.

 

ഞങ്ങളുടെ പറമ്പിലെ ഏറ്റവും വലിയ മരമാണ് നെല്ലി. രണ്ടു വര്‍ഷത്തിലെ അത് കായിക്കു. ഇലകളെക്കാള്‍ കൂടുതല്‍ നെല്ലിക്ക ഉണ്ടാകും അപ്പോള്‍. വീട്ടിലെ മൂത്ത മകന്റെ ഉത്തരവാദിത്തവും അവകാശവുമായിരിന്നു ഇളയവരായ നിര്‍മലയ്ക്കും മോഹനനും  നെല്ലിക്ക പറിച്ചു കൊടുക്കുക എന്നത്. മരത്തിന് മുകളില്‍ ശിഖരങ്ങളിൽ നിന്നും  ഓടകമ്പുമായി വളരെ ശ്രദ്ധയോടെ മൂത്തത് നോക്കി തല്ലി താഴെ ഇടുമ്പോൾ രണ്ടു പേരും മത്സരിച്ചു പെറുക്കി എടുക്കുന്നത് മുകളിൽ ഇരുന്ന് കണ്ട് ഞാൻ നിർവൃതിയടയുമായിരുന്നു. എല്ലാം മൂത്തു കഴിഞ്ഞാൽ സുഖമായി. ഒരു ശിഖരം പിടിച്ചു കുലുക്കിയാൽ നെല്ലിക്കാമഴയായി പിന്നെ. അതോടെ മല്‍സരവും നില്ക്കും. പിന്നെ എല്ലാം പെറുക്കി എടുക്കുന്ന ജോലി എന്റേത് മാത്രമാകും. 

 

അമ്മ എഴുന്നേറ്റു പോയ ഉടനെ ഞാൻ എയർ ബാഗ് എടുത്തു. നീണ്ട വള്ളിയുള്ള റെക്സിൻ  കൊണ്ടുണ്ടാക്കിയ ഒരു ബ്രൗൺ നിറത്തിലുള്ള ബാഗ്. അയയിൽ നിന്നും അലമാരയിൽ നിന്നും കൈയിൽ കിട്ടിയ ഷർട്ടും പാൻറ്സും പെറുക്കിയിട്ടു. അധികമൊന്നും തിരയാൻ ഇല്ലാതിരുന്നതു കൊണ്ട് പണി വേഗം തീർന്നു. 

 

ബാഗുമെടുത്തു അടുക്കളയിലേക്ക് ചെന്നു. അമ്മ നിര്‍മലയ്ക്കും മോഹനനും അവല്  നനക്കുകയായിരുന്നു. ഒരുപാടു ദൂരം നടക്കാനുണ്ട് സ്കൂളിൽ നിന്ന്. വീട്ടിൽ എത്തുമ്പോഴേക്കും വിശന്നു വലഞ്ഞിട്ടുണ്ടാവും. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തെ ഉള്ള അമ്മയുടെ ശീലമാണ്. ചേമ്പു പുഴുങ്ങിയത്, കപ്പ വേവിച്ചത്, ചക്ക പുഴുക്ക് അങ്ങനെ എന്തെങ്കിലും കാണും ഓരോരോ സീസൺ അനുസരിച്ച്.  സീസണ്‍ അല്ലെങ്ങില്‍ ഇലയട, ഉണ്ണിയപ്പം, അവല് നനച്ചത്‌ അങ്ങനെ എന്തെങ്കിലും പലഹാരം കാണും അമ്മയുടെ മനോധര്‍മം അനുസരിച്ച്.

 

‘‘നീ ഇപ്പഴേ പോവ്വാണോ? കുട്ടിയോള് വന്നിട്ട് പോയാ പോരെ. അച്ഛനോട് പറയാതെ പോവുവാണോ? നാളെ പോയാൽ പോരെ?‘‘  

‘‘വേണ്ട ... അമ്മ പറഞ്ഞേരെ .ഞാന്‍ ആരെയും കാണാന്‍ നില്‍കുന്നില്ല.‘‘

കണ്ണുനീർ കുടുകുടെ വീണു ഒരു നീർചാലായി മാറുന്നതിന് മുൻപേ അമ്മ സാരി തലപ്പെടുത്തു തുടച്ചു.

ഞാന്‍ മുന്നോട്ട് വന്നു അമ്മയുടെ കൈകള്‍  കൂട്ടി പിടിച്ച് പറഞ്ഞു. 

“അമ്മ പേടിക്കണ്ട. എനിക്ക് ഒരു ജോലികിട്ടാതിരിക്കില്ല. ഒന്നുമില്ലെങ്കിലും എംകോം ഫസ്റ്റ് ക്‌ളാസിൽ പാസ്സായ ആളല്ലേ ഞാൻ.’’

അമ്മയുടെ മുഖത്തു ആശ്വാസത്തിന്റെ തിരിനാളം തെളിഞ്ഞു വരുന്നത് അപ്പോള്‍ ഞാന്‍ കണ്ടു.

 

ഞാൻ മുറ്റത്തേക്ക് ഇറങ്ങി. പടവുകൾ നടന്നിറങ്ങി മൺപാതയിൽ എത്തി. തിരിഞ്ഞു വീട്ടിലേക്ക് ഒരിക്കൽ കൂടി നോക്കി. അമ്മ വരാന്തയിൽ നിൽപ്പുണ്ട്. ഞാൻ കൈ പൊക്കി പോയി വരാം എന്ന് മനസ്സിൽ പറഞ്ഞു. നന്നായി വരട്ടെ എന്നർത്ഥത്തിൽ അമ്മയും കൈ പൊക്കി. ഞാൻ നല്ല നിലയിൽ കാണണം എന്ന് എപ്പോഴും ആഗ്രഹിച്ച എന്റെ അമ്മയോട്  അങ്ങനെ യാത്ര പറഞ്ഞിറങ്ങി. അസ്ഥിരതയുടെയും അശാന്തിയുടെയും ലോകത്തേക്ക് . ചെമ്മൺ പാതയിലൂടെ ഭാരമേറിയ മനസ്സുമായി ഞാൻ മെല്ലെ നീങ്ങി. പുഴയുടെ വശത്തു കൂടെയാണ് റോഡ് കുറച്ചു ദൂരം പോകുന്നത്. പുഴയിലെ കല്ലുകൾ ഉന്തിയും തള്ളിയും തെളിഞ്ഞു നില്പുണ്ട്. ഇടയിലൂടെ ഒരു ചെറിയ ചാലു പോലെ പുഴയാണെന്ന് പറയിപ്പിക്കുവാൻ വേണ്ടി വെള്ളം വളഞ്ഞു  പുളഞ്ഞു നീങ്ങുന്നു.

 

മഴക്കാലത്ത് കാലവർഷം തിമിർത്തു പെയ്യുമ്പോൾ പുഴ അതിന്റെ രൗദ്രഭാവം കാണിച്ചു ചിലപ്പോൾ റോഡിൽ കയറി വരുമായിരുന്നു. തന്നോട് മല്ലിടാൻ ശക്തിയുള്ള ആരെങ്കിലും നാട്ടിൽ ഉണ്ടോ എന്ന ചോദ്യവും ആ വരവിന്റെ പിന്നിലുണ്ടായിരുന്നു. ഞാൻ ചെറുതായിരുന്ന കാലത്ത് ഞങ്ങൾ സ്കൂളില്‍ നിന്ന് വരുന്നതും നോക്കി അമ്മ റോഡിൽ ഇറങ്ങി കാത്തിരിക്കുമായിരുന്നു. പുഴ നിറഞ്ഞൊഴുകുന്ന മഴക്കാലത്ത് ഞാനും സണ്ണിയും നാരായണൻകുട്ടിയും വേലായുധപണിക്കരുടെ വീടിനു മുൻപിൽ നിന്നും പുഴയിൽ ചാടിയാൽ അങ്ങു താഴെ മങ്കരയുടെ പറമ്പിലെ കയറാൻ പറ്റുകയുള്ളു. അത്രക്ക്  കുത്തൊഴുക്കാണ്. പുഴയുടെ താളത്തിൽ പൊങ്ങിതാണ് അങ്ങനെ ഒഴുകി പോകാൻ എന്ത് രസമായിരുന്നു. തല  മാത്രം വെള്ളത്തിന് മുകളിൽ കാണാം. ഒരു റോളർ കോസ്റ്ററിൽ  കയറിയ അനുഭൂതി. കണ്ടു നിൽക്കുന്നവർക്ക് പേടിയാകും ഞങ്ങള്‍ അങ്ങനെ ഒഴുകി പോകുന്നത് കണ്ടാല്‍. ആ പുഴയാണ് ശോഷിച്ചു വരണ്ടുണങ്ങി ഒരു നീർച്ചാല് കണക്കെ രൂപാന്തരപ്പെട്ടിരിക്കുന്നത്. പുഴക്ക് മരണമില്ല. എത്ര വരണ്ടു ഉണങ്ങിയാലും അത് പൂർവാധികം രൗദ്രമായി തിരിച്ചു വരും. എന്റെ മനസ്സിൽ ഇപ്പോൾ അതൊന്നും പ്രസക്തമല്ല. എന്റെ മനസ്സ് ആ പുഴയിലെ  ഉന്തിയും തള്ളിയും നിന്ന കല്ലുകൾ പോലെ ദൃഢമായിരിക്കുന്നു.

 

ഞാൻ ചെമ്മൺ റോഡിലൂടെ നടക്കുമ്പോൾ മനസ്സിൽ പറഞ്ഞു. അമ്മ ധൈര്യമായിക്ക് .  അമ്മയുടെ കഷ്ടപ്പാടെല്ലാം ഞാൻ മാറ്റും. അമ്മക്ക് ഇല്ലാതിരുന്ന തിളക്കമാർന്ന സാരികളും ജീവിതവഴിയിൽ നഷ്ടപ്പെട്ടുപോയ സ്വർണാഭരണങ്ങളും എല്ലാം ഞാൻ നേടിത്തരും. ചേച്ചിമാരുടെയും അനുജത്തിമാരുടെയും വീട്ടിൽ പോകുമ്പോൾ അമ്മ ഇനി നാണം കെടേണ്ടിവരില്ല. കഷ്ടപ്പാടിന്റെ വരണ്ട ഭൂമി നമ്മളിൽ നിന്നും ഒരുപാടു ദൂരെയാകും അപ്പോൾ.  

 

വേലായുധപണിക്കന്റെ വീടിനു മുൻപിൽ ആരുംകാണല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. ആരും കാണാതെ ബസ്റ്റോപ്പിൽ എത്തണം. ഒരു പതിനഞ്ചു മിനിട്ടെങ്കിലുംവേണം ബസ് പോകുന്ന റോഡിൽ എത്താൻ. ഞാൻ എന്റെ നിറം മങ്ങിയ വാച്ചിലേക്ക് നോക്കി. സമയം നാലാകുന്നതേ ഉള്ളു. വഴിയിൽ വച്ച് നിര്‍മലയെയും മോഹനനെയും കാണാനുള്ള സാധ്യത കുറവാണ്. സ്‌കൂളിൽ നിന്നും ടാർ റോഡിൽ എത്താൻ ഇരുപത് മിനുട്ടിൽ കൂടുതൽ വേണം. മാത്രവുമല്ല അവർ മിക്കവാറും കൂട്ടുകാരോടൊത്തു കളിച്ചുകൊണ്ടായിരിക്കും വരുന്നത് . ഞങ്ങളുടെ ഗ്രാമത്തിൽ പണ്ടുകാലം മുതലേയുള്ളൊരു കളിയാണത്. റോഡിന്റെ വശങ്ങളിൽ കാണുന്ന പശു ആട് കോഴി തുടങ്ങിയവ എണ്ണുക. ഒരാൾ ഇടത് വശവും മറ്റേ ആൾ വലതു വശവും തിരഞ്ഞെടുക്കും. കൂടുതൽ മൃഗങ്ങൾ എണ്ണുന്ന ആൾ വിജയി. എത്ര പ്രയോഗികമാണ് ആ കളി. നടക്കുന്നത് അറിയുകയേ ഇല്ല. എങ്കിലും ഞാൻ വേഗത്തിൽ നടന്നു.

 

ഒരു ബസ്സ് എന്റെ മുൻപിൽ വന്ന്  ഞരങ്ങി നിന്നു. ഒരുപാട്  ദുഖവും കുറേ പ്രതീക്ഷയും  കുത്തി നിറച്ച എന്റെ ബാഗുമായി ഞാൻ ബസ്സ് കയറി. വരണ്ടുണങ്ങിയ വേനൽക്കാലം ഞാൻ പിന്നിലാക്കി. കൂടെ ജനിച്ചു വളർന്ന എന്റെ നാടും ഒരിക്കലും മരിക്കാത്ത പുഴയും.

 

English Summary: Varandunangiya oru venalkalam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com