ADVERTISEMENT

ഓറഞ്ച്മീനുകളുടെ ഓർമ്മകൾ

 

ഏറെ നാളിനുശേഷമാണ് ഇന്ന് ആ തൊടിയിലേക്ക് നടന്ന് തുടങ്ങിയത്. അമ്മച്ചിയുടെ വീടിന്റെ പുറകുവശം വഴി തൊടിയിലേക്കുള്ള മൺപാത ചവിട്ടി ഞാൻ പതിയെ നടന്നു. വേലിക്കിരുവശവും നിൽക്കുന്ന മരച്ചുവട്ടിൽ കരിയിലകൾ ചിതറികിടക്കുന്നു. പോയകാല വസന്തത്തിന്റെ സ്‌മൃതികൾ.

ആ നടത്തത്തിന്റെ ഒടുവിൽ ഞാൻ ആ തോടിന്റെ അരികിലിലെത്തി. ഇരുവശവും വെളുത്ത മണ്ണാണ്, പഞ്ചാരത്തരികൾ പോലെയുള്ള വെളുത്ത പൂഴിമണ്ണ് നിറഞ്ഞ പ്രദേശമാണിത്. അവിടെ നിന്ന് കൊണ്ട് പോയകാല ഓർമ്മകളെ ഞാൻ വെറുതെ വീണ്ടെടുത്തു.

 

ഒരു വെള്ളത്തോർത്തും ചില്ല്കുപ്പിയുമായി ഞങ്ങൾ നാലോ അഞ്ചോപേർ അടങ്ങുന്ന ചെറുസംഘം ഇടക്കിടെ ആ തോട്ടിൽ വരുമായിരുന്നു. ചേച്ചിമാർതൊട്ട് കൂട്ടുകാർവരെ ആ സംഘത്തിലുണ്ടാകുറുണ്ട്. വെള്ളത്തിൽ കളിക്കുന്നതിൽ ഉപരി തോട്ടിലെ ചെറുമീനുകളെ പിടിക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉദേശം.

 

ധാരാളം ചെറുമീനുകൾ വസിച്ചിരുന്ന തോടായിരുന്നു അത്. അങ്ങ് ദൂരെ എവിടെനിന്നോ വരുന്ന പുഴയുടെ കൈവഴികൾ കൃഷിയാവശ്യത്തിനായി പണ്ടുള്ളവർ വെട്ടിയുണ്ടാക്കിയ ഒരു വലിയ തോട് ഉണ്ടായിരുന്നു കുറച്ചു മാറി. അതിന്റെ ചെറുവഴിയായിരുന്നു ഞങ്ങളുടെ കുഞ്ഞൻ തോട്. തോടിനിരുവശവും നിറയെ കൈതകാടാരുന്നു, അവയുടെ നീണ്ട പച്ചഇലകളുടെ അരിക് മുഴുവൻ നിറയെ വെളുത്ത ചെറിയ ചെറിയ മുള്ളകൾ നിറഞ്ഞതായിരുന്നു. അവ ദേഹത്തു കൊള്ളുമെന്ന പേടികാരണം, അപ്പുറത്തേ പറമ്പിലോട്ട് കയറുവാൻ കൈതകാട് വെട്ടിത്തെളിച്ച കുറച്ചസ്ഥലത്താണ് ഞങ്ങളുടെ മീൻപിടുത്തം.

 

നാലഞ്ചുപേർ പലപ്പോഴും കൂട്ടത്തിൽ കാണുമെങ്കിലും, ആരേലും രണ്ടുപേർ മാത്രമേ തോട്ടിലിങ്ങാറുള്ളു. അതിനുള്ള സ്ഥലമേ കൈതക്കാട് ഒഴിഞ്ഞൊള്ളൂ. കുട്ടിനിക്കർ നനയാതെയിരിക്കാൻ അത് തുടയിലോട്ട് മടക്കികയറ്റിവെച്ച ഞങ്ങൾ തോട്ടിലോട്ടിറങ്ങും. വളരെ പതുക്കെയാണ് ഇറങ്ങുന്നത്, പുഴിമണ്ണ് തെളിഞ്ഞ കാണുന്ന തോട്ടിൽ വെള്ളം പെട്ടെന്ന്തന്നെ കലങ്ങും. 

വെളളംകലങ്ങിയാൽ മീനുകൾ വരുന്നത് കാണാൻ കഴിയില്ല. അത് ഒഴിവാക്കാൻ തന്ത്രശാലികളെപ്പോലെ മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ഞങ്ങളിറങ്ങും.

ഒരാൾക്ക് കാലകത്തി നിൽക്കാൻ മാത്രം വീതിയുള്ള തോട്ടിൽ ഞങ്ങൾ രണ്ടുപേർ തോർത്തും പിടിച്ചോണ്ട് നേർക്ക് നേർ നിൽക്കും, എന്നിട്ട് തോർത്ത് പതിയെ വെള്ളത്തിലോട്ട് താഴ്ത്തിയിട്ട് അനങ്ങാതെ അവക്കുവേണ്ടി കാത്തുനിൽക്കും. ഇടക്കത് സംഭവിക്കും, പല കൂട്ടമായി ചെറുമീനുകൾ വരും. എന്റെ ചെറുവിരലിന്റെ നീളമേ കാണൂ പലതിനും. അതിലും തീരെ പൊടിയാണേൽ വിട്ടകളയും, അതാണ് ഞങ്ങളുടെ ഇടയിലെ അഖിലത നിയമം.

പേരറിയാത്ത കറുത്ത മീൻകുഞ്ഞുങ്ങൾ തുടങ്ങി പലവിധമുണ്ട്. ചാരനിറമുള്ള തലയിൽ മുക്കത്തി പോലെ തിളങ്ങുന്ന പൊട്ടുള്ള മുക്കുത്തിമീൻ, പേരുപോലെ തന്നെ മനുഷ്യന്റെ തുപ്പൽ തിന്നുന്ന തുപ്പലുതീനി, അങ്ങനെ പലതും. 

കൂട്ടത്തിൽ വാൽമാക്രികുഞ്ഞുകളും കാണും. പക്ഷേ ഞങ്ങളുടെ നോട്ടം മൊത്തം ഓറഞ്ച് നിറത്തിലുള്ള സുന്ദരൻ ചെറുമീനിലാണ്. കൂട്ടത്തിൽ കാണാനും പിടിക്കാനും ബുദ്ധിമുട്ട് ഉള്ളയിനം. ഇവയിൽ ഏതാണേലും ചെറുവാലുമടിച്ച് നീന്തി വരുന്നത് കാണാൻ രസമാണ്. കുട്ടിക്കാലത്തു വല്ലാതെ സന്തോഷം പകർന്ന തന്നിരുന്നു ആ കാഴ്ച്ച.

 

മിക്കപ്പോഴും ഒഴുക്കിനെതിരെ നിൽക്കുന്ന ഞാനായിരിക്കും മീൻകൂട്ടങ്ങളെ ആദ്യം കാണുന്നത്. അഞ്ചോ പത്തോ ഉള്ള പല കൂട്ടങ്ങളായിട്ടായിരിക്കും ഇവ വരുന്നത്. ഒരേനിരയിൽ വരുന്ന ഇവ ഒരു ചെറിയ അനക്കം കേട്ടാൽത്തന്നെ ഞൊടിയിടകൊണ്ട് നാല്ഭാഗത്തോട്ടും വെട്ടിമാറും, അത് കാണുന്ന നമ്മുക്ക് തോന്നും വെള്ളത്തിൽ ഒഴുകി വന്ന അവ പൂവ്‌പോലെ വിരിഞ്ഞുവെന്ന്. അത്കൊണ്ട് തന്നെ വെള്ളമനക്കാതെ ഞങ്ങൾ നിൽക്കും, തോർത്തു പിടിക്കുന്നവർ കൃത്യമായി ഒരുമിച്ച് പൊക്കിയെടുത്താൽ മാത്രമേ മീനുകളെ കിട്ടുകയുള്ളു. വീതികുറഞ്ഞ തോർത്തായത് കാരണം മീനുകൾ ഇരുവശത്തേക്കും ചാടി രക്ഷപെടാൻ സാധ്യതയേറെയാണ്. പലപ്പോഴും ഞങ്ങളെക്കാൾ മിടുക്കർ മീനുകളാരിക്കും. ആകാംഷയോടെ തോർത്തു പൊക്കിയെടുക്കുമ്പോൾ നിരാശയാരിക്കും ഫലം.

 

ഇടക്ക് ഓറഞ്ച് നിറത്തിലുള്ള മീനുകളെ കണ്ടാൽ ആവേശത്തോടെ ചിലപ്പോൾ തോർത്തു പെട്ടെന്ന് പൊക്കിയെടുക്കും. അത് നിമിത്തം വെള്ളം കലങ്ങിമറിയുകയും ചെയ്യും, മീൻ ചാടി പോകുകയും ചെയ്യും. ഇങ്ങനെയൊക്കെയാണേലും തോറ്റു കൊടുക്കാൻ ഞങ്ങളാരും തയ്യാറായിരുന്നില്ല. പിന്നെയും കാത്തിരിക്കും, ഇത്തവണ കൂടുതൽ ക്ഷമയോടെ ബുദ്ധിപൂർവം നീങ്ങും. അല്ലെങ്കിൽ കരയിൽ ഇരിക്കുന്ന ചേച്ചിമാർ ആരേലും പറയും അടങ്ങിയിരുന്നു മീൻ വരുന്നത് നോക്കി പിടിക്കാൻ. അത്കൊണ്ട് തന്നെ പിന്നീട് മീനുകൾ പൂർണമായും തോർത്തിന്റെ നടുക്ക് എത്തുന്നതും കാത്ത് നിൽക്കും. മീനുകയറിയാൽത്തന്നെ പെട്ടന്ന് തോർത്തു പൊക്കിയെടുക്കാതെ രണ്ടുപേരും സാവകാശം അടുപ്പിച്ചു ഒറ്റപ്പോക്ക്. അതിൽ മീനുകൾ കുടുങ്ങിയിരിക്കും.

 

മീനുണ്ടെന്ന് കണ്ടാൽ ആരേലും ഒരാൾ തോർത്തും കയ്യിൽ പിടിച്ചോണ്ട് ഒലിച്ചിറങ്ങുന്ന വെള്ളത്തോടെ കരയിൽ കയറി തോർത്ത് നിലത്തുവിരിക്കും. അതിൽ മീൻകുഞ്ഞുങ്ങൾ കിടന്ന് പിടയുന്നുണ്ടാവും, കുറച്ചു വലുത് ചാടിനോക്കും. ഞങ്ങൾ പെട്ടന്നു തന്നെ അവയെ പിടിച്ച് വെള്ളം നിറച്ച കുപ്പിയിലാക്കും. വളരെ സൂക്ഷിച്ചാണ് തോർത്തിൽ നിന്നെടുക്കുന്നത്, അമർത്തി പിടിച്ചാൽ അവ ചത്തു പോകും. പരിശ്രമങ്ങൾ എല്ലാം വെറുതെയാകും.

 

കളിയും തമാശയുമായും, ഇടയ്ക്ക് ആളുമാറിയും മീൻപിടിത്തും തുടരും, അന്നത്തെ ആവേശം കഴിയുമ്പോൾ വെള്ളത്തീന്ന് കയറും. പിന്നീട് ഓരോരുത്തരും കിട്ടിയ മീനേ വീതംവെച്ച് അവരവരുടെ കുപ്പിയിലാക്കി വീട്ടിലേക്ക് നടക്കും. ഒന്നോരണ്ടോ ചെറുമീനുകളുമായി ഞാൻ വീട്ടിലെത്തുമ്പോൾ തന്നെ രണ്ട്‍ കല്ലും കുറച്ച് പായലും അടിയിൽ മണ്ണുമിട്ട് ആ ചില്ലുകുപ്പി ഒരു ചെറു അക്വാറിയമാക്കി മാറ്റും.

 

എന്നിട്ട് അത് നിറഞ്ഞ കൗതകത്തോടെ ഞാൻ ജനലിന്റെ അരികിൽവെയ്ക്കും. മേശയുടെയരികിൽ കസേരയിട്ട് ആ ചില്ലുകുപ്പി നോക്കിരിയുമ്പോൾ നമ്മൾ എന്തോ നേടിയ ഭാവമാണ് മനസ്സിൽ, ചെറിയ കാര്യങ്ങൾപ്പോലും വലിയ സന്തോഷം തന്നിരുന്നു കുട്ടിക്കാലം.

 

വീതി കുറഞ്ഞ കുപ്പിയായതു കൊണ്ട് അവ ഇങ്ങനെ മുകളിലോട്ടും താഴോട്ടും നീന്തി കൊണ്ടേയിരിക്കും, നമ്മുക്ക് കാണാൻ രസമുണ്ടെലും അവക്ക് മടുക്കുമായിരിക്കും ചിലപ്പോൾ, അറിയില്ലല്ലോ! ചോദിക്കാനും പറ്റില്ല. അപ്പോൾ ഓർക്കും വൈകുന്നേരം അവക്ക് വിശക്കുമാരിക്കുമല്ലോ?! അതിന് കഴിക്കാൻ വെള്ളത്തിൽ ഒന്നുമില്ലതാനും. അവക്ക് തീറ്റകൊടുക്കാൻ അന്ന് ഒറ്റവഴിയെഒള്ളു. അമ്മ ചോറ് വെച്ചിരിക്കുന്ന കലത്തിൽ നിന്ന് മൂന്നാല് തരി ചോറെടുക്കുക, അത് വെള്ളത്തിൽ ഇട്ട്കൊടുക്കുക. ചിലപ്പോൾ അന്നേരം അവ വന്ന് ഒന്നോരണ്ടോ കൊത്ത് കൊത്തും, ചോറ് വെള്ളത്തിലോട്ട് താഴ്ന്നു പോകുകയും ചെയ്യും.

 

വിശക്കുമ്പോൾ അവ അത് കഴിക്കുമെന്ന വിശ്വാസത്തിൽ ഞാൻ ഉറങ്ങാൻ പോകും. പിറ്റേന്ന് രാവിലെ വന്ന് ആ മീൻകുഞ്ഞുങ്ങളെ വീണ്ടും നോക്കും, ഹാ എന്ത് രസം. അവയുടെ നീന്തൽ കണ്ട് ഞാൻ സ്വയം ആനന്ദത്തിലാകാറുണ്ട്. പക്ഷേ ചേലുള്ള ആ കാഴ്ച്ചയ്ക്ക് പലപ്പോഴും മൂന്നാല് ദിനമേ ആയുസുള്ളൂ. പിന്നീട് ഒരു ദിവസം രാവിലെ ആ ഓറഞ്ച് നിറത്തിലുള്ള മീനുകൾ ചത്ത് പൊങ്ങികിടപ്പുണ്ടാരിക്കും, വെള്ളവും കലങ്ങിയിട്ടുണ്ടാവും. മലന്ന് പൊങ്ങിക്കിടക്കുന്ന അവയെ തട്ടി ജീവൻവെപ്പിക്കാൻ ഒരു വിഫലശ്രമം നടത്താറുണ്ട് പലപ്പോഴും. ഇനി അവ നീന്തില്ലാന്നറിയുമ്പോൾ മനസ്സിൽ നിരാശ നിറയാറുണ്ട്. എവിടെയോ ഒരു ദുഃഖം നനയ്ക്കുമായിരുന്നു എന്റെ കുഞ്ഞുമനസ്സിനെ.

 

ചില ഓർമകളുടെ സന്തോഷങ്ങൾക്ക് അവ തന്ന വേദനകളേക്കാൾ ശക്തിയുണ്ടാകാറുണ്ട് എന്ന് ജീവിതത്തിൽ പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒഴിഞ്ഞ ചില്ല്കുപ്പിയുമായി അടുത്ത വൈകുന്നേരം ഞങ്ങൾ വീണ്ടും തോട്ടിലോട്ട് നടക്കും. ഓറഞ്ച് നിറമുള്ള മീനുകളെ തപ്പി തോർത്തുമായി തോട്ടിലോട്ടിറങ്ങും.

ചില കഥകൾക്കും ഓർമകൾക്കും അവസാനമില്ലന്ന് ഓർത്തുകൊണ്ട് ഞാൻ പതിയെ തിരിച്ചുനടന്നു. അവ തുടരട്ടെ.

 

English Summary: Memoir written by Bino Kochumol Varghese

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com