ADVERTISEMENT

വാച്ച് (കഥ)

 

എല്ലാ വെള്ളിയാഴ്ചകളും ഗൾഫുകാർക്ക് പെരുനാള് പോലെയാണ്. ആറു ദിവസത്തെ ജോലിത്തിരക്കുകൾ മാറ്റിവച്ചു സുഹൃത്തുക്കളുടെ ഒത്തു ചേരലും ഒരുമിച്ചുള്ള ആഹാരം കഴിക്കലും സൊറ പറയലും ഒക്കെ ഈയൊരു ദിവസത്തിലാണ്.

 

മുനീറിനു ഒരു ഗ്രോസറിഷോപ്പിലെ ഹോം ഡെലിവറിയാണ് ജോലി. എട്ട് വർഷം കഴിഞ്ഞിരിക്കുന്നു. ദുബായിൽ എത്തിയ അന്ന് മുതലുള്ള ആഗ്രഹമായിരുന്നു ഡ്രൈവിങ് ലൈസൻസ് എടുക്കണം എന്ന്. പിന്നീട് ആ ആഗ്രഹം പെങ്ങളുടെ കല്യാണം കഴിഞ്ഞു മതിയെന്ന് കരുതി. പിന്നെ ഉപ്പ കിടപ്പിലായി ഹോസ്പിറ്റൽ ചിലവും മറ്റുമായി ആഗ്രഹം നീണ്ടുപോയി. അതിനിടയിൽ വിവാഹം കുട്ടികൾ... ചില ആഗ്രഹങ്ങൾ മരീചിക പോലെയാണ്. നമ്മളെ നന്നായൊന്നു കൊതിപ്പിക്കും അടുത്ത് ചെല്ലുമ്പോൾ അകലേക്ക് മാറിയൊളിക്കും. ഓടിയോടി നമ്മൾ തളരും ഒപ്പം മനസ്സിലെ ആഗ്രഹങ്ങളും മാഞ്ഞുപോകും.

 

ഇന്ന് സുഹൃത്ത് അജയന്റെ വീട്ടിലാണ് ഉച്ചഭക്ഷണം അവന്റെ ഭാര്യയും മക്കളും നാട്ടിൽനിന്നും വന്നിട്ടുണ്ട്. അഷ്റഫ് മുനീറിനെ പിക്ക് ചെയ്യാൻ വണ്ടിയുമായി വരാമെന്നു പാഞ്ഞിട്ടുണ്ട്. എല്ലാവരും ഒരേ നാട്ടുകാരാണ്. ഉള്ളതിൽ നല്ലൊരു ഡ്രസ്സാണ് മുനീർ ഇട്ടത്. മക്കൾക്ക് കൊടുക്കാൻ കുറച്ചു ചോക്ക്ലേറ്റും കയ്യിൽ കരുതിയിട്ടുണ്ട്.

ഫുൾ കൈ ഷർട്ട് തെരുത്തു വച്ച്. മുഖം മിനുക്കി സ്പ്രേയടിച്ചു റോഡിലേക്ക് അഷ്റഫിന്റെ വരവും കാത്തിരുന്നു. 

 

എല്ലാം ഒരു വിധം ഒക്കെയാണ് പക്ഷേ ശൂന്യമായ കൈ. ഒരു വാച്ചും കൂടിയുണ്ടായിരുന്നെങ്കിൽ. വലതു കൈ തണ്ട ചെറു ചിരിയോടെ ഇടതു കയ്യാൽ ഒന്ന് തടവി. അന്ന് പത്താം തരം പഠിക്കുമ്പോളാണ് ടൈറ്റാൻ കമ്പനിയുടെ സ്വർണ നിറമുള്ള ഒരു വാച്ച ആദ്യമായ് അജയന്റെ അച്ഛൻ ഉപ്പാക്ക് ഗൾഫിൽ നിന്നും വന്നപ്പോൾ കൊടുത്ത്. ഉപ്പ അത് ഒരു നിധിപോലെ മേശവലിപ്പിൽ സൂക്ഷിക്കും. വല്ല കല്യാണമോ സൽക്കാരമോ വരുമ്പോൾ മാത്രമേ ഇടാറുള്ളൂ.

 

സ്കൂളിൽ യുവജനോത്സവം നടക്കുന്ന ദിവസം ഉപ്പ കാണാതെ വാച്ചും കെട്ടി മുനീർ സ്കൂളിലേക്ക് വച്ച് പിടിച്ചു. അൽപ്പം ലൂസാണെങ്കിലും അവന്റെ കയ്യിലെ പുത്തൻ വാച്ച് സൃഹുത്തുക്കൾ പലരും തൊട്ടും പിടിച്ചും നോക്കി. പരിപാടിക്കിടയിൽ ഓട്ടപ്പാച്ചിലിൽ കാല് തെന്നി നിലത്തു വീണു കൈ ചെന്ന് ഒരു കല്ലിൽ പതിച്ചു വാച്ചിന്റെ ചില്ല് നിറയെ ചാലുകളായി ഉടഞ്ഞു. വേദന കൊണ്ട് മുനീർ കരഞ്ഞില്ല പക്ഷേ വാച്ചിന്റെ ചില്ല് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. വീട്ടിൽ ഇനി എന്ത് പറയും. ഉപ്പ പൊതുവെ ഒരു പാവമാണ് തെറ്റ് ചെയ്താൽ പോലും വഴക്ക് പറയില്ല. ഇനി അങ്ങിനെ ചെയ്യരുത് എന്നെ പറയാറുള്ളൂ. ഉപ്പ കാണാതെ വാച്ച് മേശ വലുപ്പിലെ പേപ്പറിനടിയിൽ ഒളിപ്പിച്ചു വച്ചു. രണ്ടു ദിവസം കഴിഞ്ഞ് സ്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് ഉപ്പ മുനീറിനെ വിളിച്ചു.

 

‘‘മുനീറിനെ എനക്കറിയാം ...നിനക്ക് വാച്ച് കെട്ടി നടക്കാനുള്ള പൂതിയൊക്കെ ഇണ്ടാവുന്ന്. പത്താംതരം കഴിഞ്ഞാ ഇനിക്ക് താരാന്ന് കരുതിയതാ. പിന്നെയൊരു കാര്യം ജീവിതത്തിൽ ഒരിക്കലും കളവു ചെയ്യുകയോ പറയുകയോ ചെയ്യരുത്.’’

മുനീറിന് ഒന്നും പറയാൻ കഴിഞ്ഞില്ല.

 

അല്ല ചങ്ങായെ ഇഞ് സ്വാപ്നവും കണ്ടിരിക്കാ... എത്ര നേരായി ഹോണടിക്കുന്നു. വേഗം കയറ് അജയൻ എവിടെ എത്തിന്ന് ചോദിച്ചു പല പ്രവിശ്യായി വിളിക്കുന്നു.

അപ്പോഴാണ് മുനീർ ഓർമ്മകളിൽ നിന്നും ഉണർന്നത്

‘‘നീയെന്താ ഇത്ര വൈക്യേ ...’’

‘‘ചെറിയ ട്രാഫിക്കിൽ പെട്ടുപോയി എന്റെ ചെങ്ങായി...’’

‘‘പിന്നെ മുനീറെ നീ എപ്പോഴാ നാട്ടീപൊന്നെ ...’’

രണ്ടു കൊല്ലല്ലേ ആയിട്ടുള്ളു ഒരു കൊല്ലോം കൂടി നിന്നാ ആധാരം ബാങ്കീന്ന് എടുക്കാം. അത് കഴിഞ്ഞേ നാട്ടിലേക്കുള്ളു.

 

‘‘എടൊ... ഇതൊക്കെ കഴിഞ്ഞ് നമ്മൾ എപ്പോളാ ഒന്ന് ജീവിക്കുക ....?

‘‘അള്ളാഹു ആലം ....’’ മുനീർ ആകാശത്തേക്ക് നോക്കി.

നിങ്ങളെയും കാത്താണ് ഞങ്ങൾ ഇരിക്കുന്നെ. ഇനിയും വൈകിയിരുന്നെ ഞങ്ങൾ തുടങ്ങിയേനെ. അജയൻ രണ്ടു പേരോടുമായി പറഞ്ഞു. നാട്ടു വിശേഷങ്ങളൊക്കെ ഭക്ഷണം കഴിച്ചു പറയാം രണ്ടാളും കൈ കഴുകി ഇരുന്നോ.നല്ല നാടൻ സദ്യ.

 

എത്ര ദിവസായി അജയാ ഇങ്ങനൊരു ഊണ് കഴിച്ചിട്ട് കൈ കഴുകി മുഖവും തുടച്ചു മുനീർ സോഫയിൽ ഇരുന്നു. അടുത്തുള്ള ടീ ടേബിളിൽ രണ്ടു വാച്ചുകൾ മുനീർ ശ്രദ്ധിച്ചത്. കറുത്ത പട്ടയുള്ള ചതുരാകൃതിയിൽ പക്ഷേ സൂചിയോ അക്കങ്ങളോ കാണുന്നില്ല. മുനീർ വെറുതെ എടുത്തു നോക്കി.

 

‘‘ഇത് മോന്റെ വാച്ചാണോ അജയാ... നിനക്കിതൊക്കെ ഒരു വലിപ്പിൽ വച്ചൂടെ.’’

‘‘അല്ലടാ അതെന്റെയാ. ഞാൻ പുറത്തു പോയി വന്നപ്പോ അവിടെ അഴിച്ചു വച്ചതാ.’’

നിന്റെ വാച്ചോ ... ഇതില് ഒന്നും കാണുന്നില്ലല്ലോ

“അത് ഡിജിറ്റൽ ആപ്പിൾ വാച്ചാ.’’

മുനീർ അതിശയത്തോടെ അത് നോക്കി. ഇതിന് ഇവിടെ എന്ത് വില വരും.

‘‘ആയിരത്തി അഞ്ഞൂറ് ദിർഹം കാണും ഇപ്പോൾ ...’’

 

പടച്ച തമ്പുരാനേ... നീ ഇത് ഇവിടയൊന്നും ഇടാതെ മേശയിൽ വച്ച് പൂട്ട്.

റൂമിലേക്ക് തിരിച്ചു വരുമ്പോൾ മുനീർ അഷ്റഫിനോട് ചോദിച്ചു.

എടോ ഒരു തരക്കേടില്ലാത്ത ടൈറ്റാൻ വാച്ചിന് എത്രയാകും.

നൂറോ നൂറ്റമ്പതോ ദിർഹം... അത്രയേ വരൂ...

 

‘‘എന്താ നിനക്ക് വാങ്ങണോന്ന് ഉണ്ടോ ...’’

 

എടക്കൊക്കെ നമ്മൾ നമുക്ക് വേണ്ടിയും ജീവിക്കേണ്ടേ? ഞാൻ അടുത്താഴ്ച മാർക്കെറ്റിൽ പോകുന്നുണ്ട് അപ്പൊ നിന്നെ വിളിക്കാം. മൊബൈലിൽ രണ്ടു മൂന്ന് മിസ്സ്ഡ് കാൾ... നാട്ടിൽനിന്ന് ആമിനയാ.

 

അഷ്റഫെ നിന്റെ മൊബൈലിൽ ബാലൻസ് ഉണ്ടോ നാട്ടിലേക്ക് ഒന്ന് വിളിക്കാനാ... എന്തോ അർജന്റ് ഇണ്ടെന്ന് തോനുന്നു. അഷ്റഫ് മൊബൈൽ മുനീറിന് നമ്പർ ഡയല് ചെയ്തു കൊടുത്തു .

‘‘എന്താ ആമിനാ വിളിച്ചേ....’’

‘‘ഇക്കാ വെള്ളിയാഴ്ച ആയിട്ടും എന്തെ വിളിക്കാത്തെ ....’’

‘‘അത് ഞാൻ നമ്മടെ അജയന്റെ ഫ്ളാറ്റിൽ പോയതാ. ഓര് കഴിഞ്ഞ ദിവസല്ലേ വന്നത്. ഇന്ന് ഭക്ഷണം അവിടെനും....’’

‘‘ഇക്കാ ഞാൻ ഫോൺ മൻസൂറിന് കൊടുക്കാം അവന് ഇങ്ങളോട് എന്തോ പറയാനുണ്ട് .....’’

 

ഉപ്പാ അടുത്ത മാസം സ്കൂളിന്നു ടൂർ പോകുന്നുണ്ട് എനക്കും പോണൊന്നുണ്ട് .....

‘‘അതിനെന്താ മോൻ പോയ്ക്കോ ഇപ്പോഴല്ലേ ടൂറൊക്കെ പോവണ്ടേ .....പൈസ ഉപ്പ ശരിയാക്കിത്തരാം....’’

‘‘ഉം ..പിന്നെ ആരെങ്കിലും വരുമ്പോ എനക്കൊരുവാച് കൊടുത്തുവിടാമോ ...എല്ലാവര്ക്കും വാച്ചുണ്ട് എനക്ക് മാത്രേ വാച്ചില്ലാത്തത് ....’’

“അതിനെന്താ. ഉപ്പ വാങ്ങിതരൂല്ലേ എൻ്റെ മക്കൾക്ക്..”

‘‘ജി ഷോക്ക് വാച്ചാന്നെ വാങ്ങണ്ടേ .’’

‘‘ഓക്കേ ഞാൻ റൂമിൽ എത്തീട്ട് വിളിക്കാം ...’’

‘‘എഡോ ഈ ജീ ഷോക്ക് വാച്ചിന് എത്രയാകും...’’

ഒരു നല്ലതിന് മുന്നൂറ്….. അഞ്ഞൂറ് ദിര്ഹം കാണും ....’’

‘‘മുനീറെ എന്റെ കയ്യിൽ ഇപ്പൊ നൂറ് ദിർഹമെ ഉളളൂ ...നീ ബാക്കി കൂട്ടിയിട്ട് ഒരു ജി ഷോക്ക് വാച് മോന് പറ്റുന്ന അളവിൽ വാങ്ങണം...’’

‘‘നിനക്ക് ബാക്കി പൈസ അടുത്ത മാസം ശമ്പളം കിട്ടുമ്പോ തരാം ...’’

‘‘അപ്പൊ നിനക്ക് ടൈറ്റാൻ വാച്ച് വാങ്ങേണ്ടേ…’’

“എടൊ ചില പൂതികൾ നമ്മൾ നിറവേറ്റരുത് ...അതങ്ങനെ മനസിൽ കിടക്കുമ്പോൾ ഒരു സുഖം ഉണ്ടാവും. അല്ലെങ്കിൽ ജീവിതത്തിനു എന്താടോ ഒരു രസം ....’’

അതും പറഞ്ഞു മുനീർ വലതു കൈ തണ്ട തടവി കൊണ്ടിരുന്നു.

 

English Summary : Watch, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com