ADVERTISEMENT

പ്രകാശന്റെ വീട്ടിൽ ടിവിയുണ്ട്‌ (കഥ)  

 

അന്നൊരു ചിങ്ങപ്പുലരിയിൽ സ്കൂളിൽ ചെന്നപ്പോൾ ക്ലാസ് തുടങ്ങുന്നതിനു മുമ്പായി കൂടി നിന്നിരുന്ന സഹപാഠികൾ പറയുന്നത് ഞാൻ കേട്ടു :

‘പ്രകാശന്റെ വീട്ടിൽ ടിവിയുണ്ട്‌.’

അന്ന് എനിക്കുണ്ടായിരുന്ന ഗർവ്വ്, അത് പറഞ്ഞറിയിക്കാൻ വാക്കുകൾക്കാവില്ല. 

 

മലയൂർ ഗ്രാമത്തിലെ കുന്നിൻപുറത്തു നിൽക്കുന്ന എന്റെ വീട്. ആ വീട്ടിൽ ഇപ്പോഴും ഇരുനിലകളുടെ ഒത്ത മധ്യത്തിലായി ഉയർന്നുനിൽപ്പുണ്ട് ആ അഭിമാനസ്തംഭം– ഒരു ടിവി ആന്റിന. 

 

ഈ രണ്ടായിരത്തി ഇരുപതിലെ ചാനൽ വിപ്ലവത്തിന്റെ  വേലിയേറ്റത്തിന്നിടയിലും അതവിടെ കാലങ്ങളെ അതിജീവിച്ച്, കാറ്റിനേയും മഴയെയും വെയിലിനേയും മിന്നലിനേയും അതിക്രമിച്ച് ഒരു തലയെടുപ്പോടെ ഇപ്പോഴും തത്സ്ഥിതി തുടരുന്നു. നാലുചുറ്റും കാലങ്ങളായി ഉയർന്നുവന്ന പല സമാന ആന്റിനകളും  എടുത്തു മാറ്റപ്പെട്ടു. 

 

അതിനുശേഷം വന്ന വട്ടപ്പപ്പടം പോലെയുള്ള ഡിഷ് ആന്റിനകളും ഡിടിഎച്ച്ന്റെ വരവോടെ നിഷ്കരുണം തൂത്തെറിയപ്പെട്ടു. പക്ഷേ  ഇപ്പോഴും ഞാൻ ആ ആന്റിനയെ അവിടെ നിലനിർത്തിയിട്ടുണ്ട്. അതിനു പിന്നിൽ എനിക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമുണ്ട്. ഒരു പ്രണയ രഹസ്യം. അത്, ഒരു ദിവ്യ പ്രണയത്തിന്റെ ഓർമ്മ പുതുക്കുന്ന ദീപസ്തംഭമാണ്. ഒരു സ്മരണാർത്ഥം.

 

1983. ആ വർഷം കായികപ്രേമികൾക്കു മറക്കാനാവില്ല. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ വർഷം. കപിൽദേവ് ക്യാപ്റ്റനായ ഇന്ത്യൻ ടീം ലോകകപ്പിൽ മുത്തം നൽകുന്ന കാഴ്ച അഞ്ചിൽ പഠിക്കുന്ന ഞാൻ വാ പൊളിച്ചു ദിനപത്രങ്ങളിൽ നിന്ന് നോക്കിക്കണ്ടു. കാണാത്ത പൂരം വർണ്ണിക്കാൻ എന്റെ ചേട്ടൻ പറഞ്ഞതിങ്ങനെ: ‘എടാ, ആ ശ്രീകാന്ത് ബാറ്റ് ചെയ്യാനിറങ്ങി വരുമ്പോൾ ക്യാമറയും ഒപ്പമുണ്ട്. ശ്രീകാന്ത് സിക്സറ് പറത്തുമ്പോൾ ബോളും, ക്യാമറയും ഒപ്പം മൈതാനത്തിനു പുറത്തേക്ക്. ബൗളറുടെ പിറകേയും മുന്നേയും ക്യാമറകൾ. എല്ലാം ടിവിയിൽ നമ്മുടെ മുന്നിൽ... നമ്മുടെ കൂടെ... ആ കളി നടന്നത് എന്റെ കൺമുന്നിൽ... നേർക്കാഴ്ചയായി...

 

ചേട്ടൻ പഠിക്കാനെന്ന വ്യാജേന തിരുവനന്തപുരത്ത് പോയി കിഴക്കേക്കോട്ടയിലെ ഏതോ ഇലക്ട്രോണിക്സ് കടയുടെ മുന്നിൽ വച്ചിരുന്ന അന്നത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ കണ്ടിട്ട്  വന്നു പറഞ്ഞ ആ വാക്കുകൾ എന്റെ അന്തരംഗത്തിൽ ദൃശ്യങ്ങളായി... ലോഡ്സിലെ ക്രിക്കറ്റ് മൈതാനത്തിൽ ടിക്കറ്റെടുക്കാതെ ക്രിക്കറ്റ് കളി കണ്ട... ഇങ്ങൊരു കുഗ്രാമമായ എന്റെ വീടിന്റെ ഉമ്മറത്തുനിന്നു കണ്ട അനുഭവം. അതാണെന്റെ മനസ്സിലെ പ്രഥമ ടിവി കാഴ്ച്ചയുടെ (കാണാത്ത) അനുഭവം. 

 

പിന്നെയും കാത്തിരുന്നു വർഷങ്ങൾ രണ്ട്. അച്ഛന്റെ കാലുപിടിച്ച്, കണ്ണീരില്ലാത്തതിനാൽ അരിയാട്ടിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തെത്തി ഉഴുന്നുവെള്ളത്തിൽ നിന്ന് കണ്ണീരൊപ്പിച്ചു ഞാൻ അവസാനം വിജയിച്ചു. അന്ന് എന്റെ വീട്ടിൽ ഒരു ടെലിവിഷൻ കെൽട്രോൺ കളർ കൊണ്ടുവന്ന ദിവസം. ഞാൻ അത്രയും സന്തോഷിച്ച ഒരു ദിവസം എന്റെ ജീവിതത്തിൽ ഇത്രയും കാലത്തെ ജീവിതത്തിൽ പിന്നീട് ഉണ്ടായിട്ടില്ല. 

 

അതുകൊണ്ടു വന്നത് ഒരു ജീപ്പിൽ– ഒരു വലിയ പെട്ടിയിൽ. കൂടെ  അനുബന്ധ ഉപകരണങ്ങൾ– രണ്ടു ബൂസ്റ്റർ, സ്റ്റെബിലൈസർ കറുത്ത കേബിളുകളുടെ വട്ടത്തിലുള്ള കൂട്ടങ്ങൾ. ഇരുപതടി ഉയരത്തിലുള്ള കമ്പിക്കുഴലുകൾ പല വീതിയിലുള്ള നാലെണ്ണം, അലൂമിനിയം വയറുകൾ – ഇവയെല്ലാം ഉറപ്പിക്കാൻ ഒത്ത  ശരീരമുള്ള മൂന്നാലു ചെറുപ്പക്കാർ. എല്ലാംകൊണ്ടും ഒരു ഉത്സവമേളം.

 

ഞാൻ അഭിമാനപൂരിതനായി. എനിക്കൊരു സ്വത്വം കിട്ടിയിരിക്കുന്നു. പള്ളിക്കൂടത്തിൽ എനിക്കുണ്ടാകാൻപോകുന്ന വ്യക്തിപ്രഭാവം എന്നെ സ്വപ്നലോകത്തേക്ക് എഴുന്നള്ളിച്ചു. നാളെ ക്ലാസ്സിൽ പ്രചരിക്കാൻ പോകുന്ന ന്യൂസ് ഞാൻ മനസ്സിൽ കൊണ്ടുനടന്നു- പ്രകാശന്റെ വീട്ടിൽ ടിവിയുണ്ട്‌ .

 

എന്റെ ഉള്ളിന്റെയുള്ളിലെ ഒരു കോണിൽ അടിച്ചമർത്തി വച്ചിരുന്ന  പ്രേമം, അതവളോടായിരുന്നു. പ്രസീത. എന്റെ അയൽവാസി സുഗതൻമേശിരിയുടെ മകളോട് കുബേരനായ ഭാസ്കരൻ മുതലാളിയുടെ മകനായ പ്രകാശന് തോന്നിയ പ്രണയം.

 

എന്റെ  കളിക്കൂട്ടുകാരായിരുന്നു പ്രസീതയും, മറ്റൊരു അയൽവാസിയായ വാസുവണ്ണന്റെ ഇരട്ട മക്കളായ സുമേഷും സുമതിയും. ഞങ്ങൾ സമപ്രായക്കാർ. ഞങ്ങൾ നാൽവർസംഘം കളിക്കാത്ത കളികളില്ല. അടിച്ചോട്ടം, സെവൻടീസ്, ലണ്ടൻ കളി, ഷട്ടിൽ, തലപ്പന്ത് എന്നുവേണ്ട അമ്മാനമാട്ടം, കസേരകളി, അങ്ങനെ ആണുങ്ങൾക്കു മാത്രം പെണ്ണുങ്ങൾക്കു മാത്രം എന്ന് വേർതിരിച്ചുള്ള   കളികളൊന്നുമില്ല. എല്ലാവരും എല്ലാത്തിലും എങ്ങനെയും എപ്പോഴും. അങ്ങനെയിരിക്കെയാണ് പണക്കാരനായ എന്റെ വീട്ടിലേക്ക് അന്ന് ടിവി അവതരിച്ചത്.

 

ടിവിയെക്കാൾ ചെലവ് അത് ഉറപ്പിക്കുന്നതിനായിരുന്നു. കൊണ്ടുവന്ന കമ്പികുഴലുകൾ എന്റെ ഇരുനില വീടിന്റെ ഒത്തമധ്യത്തിലായി ഒന്നിനുമേൽ ഒന്നായി ഉയർന്നപ്പോൾ കൂടെയുയർന്നു എന്റെ അഭിമാനവും. ഓരോ കുഴലുകൾ ഉയരുമ്പോഴും ഞാൻ വീടിനു ചുറ്റും പരത്തിനോക്കാൻ തുടങ്ങി. വിമാനം പലപ്പോഴും പറക്കുമ്പോൾ ചുറ്റുമുള്ള വീടുകളിൽ നിന്നിറങ്ങി നിന്നു കൗതുകത്തോടെ കാണുന്നപോലെ ആബാലവൃദ്ധം നിൽക്കുന്നു. കൂട്ടത്തിൽ പ്രസീതയതാ ഒരു കുറ്റിച്ചൂലുമായി അങ്ങനെ നിൽക്കുന്നു. 

 

അങ്ങനെ  ഒന്നിനുമേലൊന്നായി നാലു കുഴലുകൾ, ഓരോന്നുറപ്പിക്കുമ്പോഴും  മൂന്നാലു സ്റ്റേ വയറുകൾ കൊണ്ട് ചുറ്റും നിന്ന് മരങ്ങളിൽ വരിഞ്ഞുമുറുക്കി കൊണ്ടിരിക്കുകയാണ് കരുത്തരായ ആണുങ്ങൾ .അങ്ങനെ ഉയർന്നുയർന്ന് അതാ ഫിറ്റു ചെയ്യുന്നു വലിയ വേവിച്ച മീനിന്റെ മാംസശിഷ്ടമായ മുള്ളുപോലെ നിൽക്കുന്ന ടെലിവിഷൻ ആന്റിന. കൂടെയൊരു ബൂസ്റ്റർ പെട്ടിയും. 

 

മണിക്കൂറുകളുടെ ശ്രമഫലമായി ഉയർത്തിയ ആന്റിന താങ്ങി നിർത്തിയിരിക്കുന്നത് ഖലാസികളെപ്പോലെയുള്ള ദൃഢഗാത്രർ. അവരുടെ കൈക്കരുത്തിൽ നിന്ന തൂണിന്റെ മുകളഗ്രത്തു കയറി ഒരാൾ വില്ലുപോലെ നിന്ന് ആന്റിനയുറപ്പിച്ചു, എല്ലാവരും സ്റ്റേ വയർ വരിഞ്ഞുമുറുക്കി, തെങ്ങിലും കമുകിലുമായി. എല്ലാം ശ്വാസമടക്കി നോക്കി നിന്നു കൊണ്ട് ഞങ്ങളും. 

 

ഇനിയാണ് അടുത്ത കടമ്പ. സിഗ്നൽ കിട്ടണം. അതിന് സംപ്രേക്ഷണത്തിനായി കാത്തിരിക്കണം. വൈകിട്ട് അഞ്ചരക്കേ  ദൂരദർശൻ കേന്ദ്രം കുടപ്പനക്കുന്ന് തുടങ്ങുകയുള്ളൂ. കാത്തിരുന്നു കാത്തിരുന്ന് അഞ്ചരക്ക് ടിവി ഓൺചെയ്തു.  

 

ചാനലിൽ ട്യൂൺ ചെയ്യാൻ ഞാൻ ചെവിത്തോണ്ടി പോലുള്ള സൂചികയും കൊണ്ടു നിന്നു. അതുകൊണ്ട് ചാനലിൽ തിരിച്ചുതിരിച്ചു കിട്ടിയപ്പോൾ തധൈവ. സർവം വ്യർത്ഥം. ചിത്രങ്ങളുടെ മേലൂടെ പെരുമഴ ചെയ്താൽ എങ്ങനെയിരിക്കും അതുപോലെ. ഗ്രയിംസ് എന്ന വാക്കും പഠിച്ചു. ഇംഗ്ലീഷ് ആദ്യമായി സ്പെല്ലിങ് പഠിക്കാൻ തുടങ്ങി. അവസാനം ഒരുവിധം എന്തോ കാണാം എന്ന പരുവമായപ്പോൾ മുകളിൽ കയറി ആന്റീനയങ്ങുറപ്പിച്ചു.

 

പിറ്റേ ദിവസം വീട്ടിന്റെ മേൽ കയറി എതിർവശത്തുള്ള വീട്ടിലേക്ക് നോക്കി. അതാ അവൾ തേച്ചുമഴക്കികൊണ്ടിരിക്കുന്നു. അഭിമാനപൂരിതമായന്തരംഗം, പ്രണയപൂരിതവും.

 

ആദ്യ സിനിമ. കുട്ടിയേടത്തി. ശനിയാഴ്ച വൈകിട്ട്. എങ്ങനെയോ കണ്ടൊപ്പിച്ചു വെള്ളച്ചാട്ടവുമായി. പിറ്റേ ദിവസം മുതൽ കൂട്ടുകാരും സിനിമ കാണാനായി എത്തി തുടങ്ങി. അങ്ങനെ ശനിയാഴ്ചകളിൽ മലയാള സിനിമ തുടങ്ങുന്നതിനു മുന്നോടിയായി എന്റെ  വീടിന്റെ മുന്നിൽ ചെരുപ്പുകളുടെ എണ്ണം രണ്ടു ഡസനായി. ഒരു ‘മിനി തിയേറ്ററായി’ വീടിന്റെ പൂമുഖം മാറി. ഞാൻ ‘പ്രൊജക്ടർ ഓപ്പറേറ്ററും’. അങ്ങനെയങ്ങനെ എത്രയെത്ര സിനിമകൾ.

 

കുഞ്ഞാലി മരയ്ക്കാർ, കൂടെവിടെ. അങ്ങനെ മാസങ്ങൾ പിന്നിട്ടു. ഒരു വർഷം പിന്നിട്ടു. വീട്ടിലേക്ക് വിസിആർ എത്തി. ഉത്സവ നഗരിയിൽ കാർണിവൽ വന്നാലുള്ള അവസ്ഥയുമായി വീട്ടിൽ. പഠനം സൈഡ് ബിസിനസ് ആയിമാറി. ഞാൻ സൈക്കിളുമെടുത്ത് മൈലുകൾ താണ്ടാൻതുടങ്ങി, പുതിയ കാസെറ്റുകൾക്കായി. മമ്മൂട്ടി മോഹൻലാൽ, റഹ്മാൻ ചിത്രങ്ങളുടെ വീഡിയോ കാസറ്റുകളുമായി ഞാനെത്തി. ഓരോ സിനിമയിടുമ്പോഴും, റീവൈൻഡ്, ഫോർവേഡ് ഇവ ചെയ്യുമ്പോഴും ഞാനവളെ മലരമ്പൻ സായകം ചെയ്യുന്നതുപോലെ ഒളികണ്ണിട്ടു നോക്കാൻ തുടങ്ങി.

 

അവളിലും എന്തെല്ലാമോ മാറ്റങ്ങൾ - വിചാരങ്ങൾ, വികാരങ്ങൾ. ഞാൻ പ്രണയവിവശനായി, അസ്വസ്ഥനായി. ഞാൻ എടുക്കുന്ന ഓരോ കാസറ്റുകളും എനിക്ക് അവളോട് പറയാനുള്ള പ്രേമത്തിന്റെ തിരികൾ കൊളുത്താനുള്ള സിനിമകൾ കാണിച്ചുകൊണ്ടാണ്. ഓരോ പുതിയ ചിത്രങ്ങളും എന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി. പ്രണയത്തിൽ പൊതിഞ്ഞ റഹ്മാൻ -രോഹിണി ചിത്രങ്ങൾ നിരന്തരം ഞാൻ പ്രദർശിപ്പിച്ചു പുളകിതനായി.

 

വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് പാട്ടുകൾ പ്രദർശിപ്പിച്ചു. ‘തിയേറ്റർ മുതലാളി’ ഞാനാണല്ലോ. ഞാനാണല്ലോ ‘ഓപ്പറേറ്ററും.’ അനുസരണയുള്ള ഭൃത്യരെപോലെ പ്രസീതയും, സുനിതയും സുമേഷും എന്നെ ഒരു യജമാനനായി കണ്ടു. അങ്ങനെ എനിക്കിഷ്ടമുള്ളപ്പോൾ  ഫാസ്റ്റ്, റീവൈൻഡ് ഫോർവേഡ്, എഡിറ്റ് ചെയ്ത് ഞാൻ. എന്റെ  ഹൈസ്കൂൾ ക്ലാസുകളിൽ മുന്നോട്ടുപോയി. അങ്ങനെ പത്തും കഷ്ടിച്ച് (കഷ്ടിച്ചല്ലാതെയെങ്ങനെ) ജയിച്ചു ഞാൻ കോളജിലായി. മാനേജ്മെൻറ് സീറ്റിൽ. 

 

അതൊരു മഴക്കാലമായിരുന്നു. ഞാൻ കോളജിൽ നിന്ന് മഴയും നനഞ്ഞു വീട്ടിലേക്കുള്ള ഓട്ടത്തിനിടയിലാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ഒരു കുടക്കീഴിൽ നനഞ്ഞു കുളിച്ച പ്രസീതയും സുമേഷും.

ഞാൻ തകർന്നു. എന്റെ സ്വപ്നങ്ങൾ തകർന്നു. അഹങ്കാരം തകർന്നു. അഭിമാനം കൂട്ടത്തിൽ തല്ലിത്തകർത്തു.

 

വർഷങ്ങൾ കാത്തുവച്ച, പളുങ്കുപാത്രംപോലെ മനസ്സിൽ കൊണ്ടുനടന്ന ആ പ്രേമം, എനിക്ക് മാത്രം തോന്നിയ ആ പ്രണയം. അപ്പോഴാണ് എനിക്ക് ബോധ്യമായത്... അപ്പോൾ മുളച്ചത് മറ്റൊരു പ്രണയം... അതും  എന്റെ വീട്ടിൽ വച്ച്. ഞാൻ സാക്ഷിയായി ...

 

എന്റെ വീട്ടിലെ ആന്റിനയുയർത്തിയപ്പോൾ എന്നിൽ അങ്കുരിച്ച പ്രണയം ,അതങ്കുരിപ്പിച്ചത് മറ്റൊരു ജീവിതമായിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ കഥാനായകൻ മാറിപ്പോയ അവസ്ഥ. ഇന്ന് പ്രസീതയും സുമേഷും രണ്ടു കുട്ടികളുടെ മാതാപിതാക്കൾ. അവർ വല്ലപ്പോഴും ഞാൻ ടെറസ്സിന്റെ മുകളിൽ സകുടുംബം നിൽക്കുമ്പോൾ കുട്ടികളെയുംകൊണ്ട് എന്നെ നോക്കും. എനിക്കപ്പോൾ തോന്നും  അവർ തങ്ങളുടെ ജീവിതത്തിലെ കാരണക്കാരനായ എന്നേയും, എന്റെ ആന്റീനയോടും ഇപ്പോഴും നന്ദി പ്രകാശിപ്പിക്കുന്നതായാണ്.

ഇപ്പോഴും അവർ പറയുന്നെന്നു തോന്നും :

പ്രകാശന്റെ  വീട്ടിൽ ടിവിയുണ്ടെന്ന്.

ഇന്ന് ഞായറാഴ്ച. 

പ്രകാശൻ മകളുമായി ടെറസിന് മുകളിലെത്തി ആ ആന്റിന. അതാ  അതിലിരുന്ന് രണ്ടിണക്കിളികൾ പ്രണയം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അയാൾ അവിടെ നിന്നു.

തനിക്കു തോന്നിയ പ്രണയം.

തനിക്കു നഷ്ടപ്പെട്ട പ്രണയം.

താൻ സാക്ഷിയായ ഒരു പ്രണയം.

അതിന്റെ ഓർമ്മയ്ക്കായി ഇതിനെ ഞാനിവിടെ നിർത്തും. ഈ ആന്റിനയെ എന്നെന്നും ... ഒരു സ്മാരകമായി... ഒരു പ്രണയസ്മാരകമായി ... എന്നെന്നും ...

 

English Summary: Malayalam short story written by G. Anjith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com