ADVERTISEMENT

ഇണ്ണിയാത്ത തന്ന ഇലഞ്ഞിപ്പൂമണങ്ങൾ (കഥ)

 

ചെവിക്കുള്ളിൽ തിരുകിയ പഞ്ഞിയിൽ നിന്നു മണക്കുന്ന അത്തറായിരുന്നു ഇണ്ണിയാത്ത. നനുനനുത്ത കൈത്തണ്ടയിൽ അത്തർ പൂശിയിരുന്ന, ബീഡി മണമുള്ള അവരെ എനിക്കിഷ്ടമായിരുന്നു. ബീഡി വലിക്കുന്ന ഒരു സ്ത്രീയെ ആദ്യമായാണ് ഞാൻ കാണുന്നത്. വലിച്ച കുറ്റി കുത്തിക്കെടുത്തി അവർ നിഷ്കളങ്കമായി ചിരിക്കും. നിറഞ്ഞ ചിരി, കളങ്കമില്ലാത്ത ചിരി.

 

ഇണ്ണിയാത്തയ്ക്ക് എല്ലാവരും മോനോ, ആപ്പയോ ഒക്കെയാണ്. പ്രായം അവരെ കാണാതെ ഒളിച്ചു നടന്നു. അല്ലെങ്കിൽ അവർ പ്രായത്തെ ഒളിച്ചു നടന്നു. റോസിമ്മു(പട്ടി), അവളുടെ മക്കൾ, ചക്കിപ്പൂച്ച, അവളെ തേടി വരുന്ന കറുമ്പൻ, പല വലിപ്പത്തിലുള്ള കോഴികൾ എന്നിങ്ങനെ നീളും ഇണ്ണിയാത്തയുടെ അപൂർവ സൗഹൃദങ്ങൾ.! സ്നേഹത്തോടെ ഒന്നുറക്കെ വിളിച്ചാൽ എല്ലാവരും മുറ്റത്ത് റെഡി. മുറ്റത്ത് കാഷ്ഠിക്കാതിരിക്കാൻ കോഴികൾക്ക് സ്പെഷ്യൽ കോച്ചിങ് കിട്ടിയിട്ടുണ്ട്. അവരോടൊക്കെ അവർ സംസാരിക്കുന്നത് ഞാൻ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്.

 

ഇണ്ണിയാത്തയുടെ മടി എപ്പോഴും വീർത്തിരിക്കും ഓരോ വീട്ടിലേയും കുട്ടികൾക്ക് കരുതിവെച്ച മിഠായിയായിരുന്നു അതിലൊക്കെ. അതുമല്ലെങ്കിൽ പുളിങ്കുരു, ചുള്ളിക്ക, കണ്ണിമാങ്ങ, പച്ചപ്പുളി തുടങ്ങി കുട്ടികളെ മയക്കാനുള്ള ജാലവിദ്യകൾ ആ മടിക്കുത്തിന്റെ സൂക്ഷിപ്പിലുണ്ടാവും. നല്ല നിറമുള്ള വെള്ളിയരഞ്ഞാണത്തിനിടയിൽ അവ തൂങ്ങിയാടും.

 

കുളി കഴിഞ്ഞ് ഇണ്ണിയാത്ത വരുമ്പോൾ സോപ്പിന്റേയും അത്തറിന്റേയും മണമായിരുന്നു. ചിറ്റിട്ട, ചെവിമടക്കിനുള്ളിലെ അത്തറുമുക്കിയ പഞ്ഞിയുടെ അവകാശി ഞാനായിരുന്നു. പറങ്കി മാങ്ങ കൊണ്ട് കടിച്ചാ പറിച്ചി ഉണ്ടാക്കും, പുളിങ്കുരു വറുക്കലും, അണ്ടി ചുട്ടുതല്ലി പങ്കുവെച്ചു തരലും, ചക്കക്കുരു വറുക്കലുമെല്ലാം ഇണ്ണിയാത്തയുടെ വിനോദമാണ്. കുട്ടിപ്പുരയുടെ അടുപ്പു നിർമ്മാണം മൂപ്പത്തിയുടെ നേതൃത്വത്തിലായിരുന്നു.

 

ഇടയ്ക്കെപ്പോഴെങ്കിലും അവരുടെ വീട്ടിലേക്ക് പോകും. അപ്പോഴാണ് അമ്മയറിയാതെ കട്ടൻ ചായയും അരി വറുത്തതും കഴിയ്ക്കുക അതിന്റെ സ്വാദ് ഇന്നും മാഞ്ഞു പോയിട്ടില്ല. പശുക്കറവ ഉള്ളതുകൊണ്ട് എന്റെ വീട്ടിൽ കറുത്ത ചായ പതിവില്ല. മനോഹരമായി മുറ്റമടിച്ച് വൃത്തിയായി മുറ്റം പണി ചെയ്ത്, തിണ്ടു പിടിച്ച് ബോർഡർ ആയി കരി തേച്ചതായിരുന്നു അവരുടെ വീട്. ഓലയും വൈക്കോലുമുപയോഗിച്ചുള്ളതാണെങ്കിലും ആ വീടിന്റത്ര ഭംഗിയും ചിട്ടയും മറ്റെവിടെയും കണ്ടിട്ടില്ല. വീട്ടിലെ പെട്ടിയിൽ സൂക്ഷിച്ച ഇലഞ്ഞിമാലയുടേയും കസ്തൂരി മാലയുടേയും അവകാശം ഞാൻ സ്ഥാപിച്ചെടുക്കും.

 

ഒരിക്കൽ എന്റെ വീട്ടിലെ തൊഴുത്ത് റോസിമ്മു പ്രസവമുറിയാക്കി. ഏഴു മക്കളുമായി റോസിമ്മു അവിടെ രസിച്ചു കൂടി. അവളെത്തിരഞ്ഞ് അമ്മ റോളിൽ ഇണ്ണിയാത്തയെത്തി. സുഖ പ്രസവം കണ്ട് സന്തോഷിച്ചു. അച്ഛൻ ലേശം ഗൗരവത്തിൽ റോസിമ്മുവിനെ അവിടുന്ന് കൊണ്ട് പോവാൻ ആവശ്യപ്പെട്ടു. ഏഴു കുട്ടികളെയും ചൊല്ലിപ്പറഞ്ഞ് ലാളിച്ച് ഇണ്ണിയാത്ത കുട്ടയിലാക്കി. റോസിമ്മു അവരെ അനുഗമിച്ചു. കൃഷ്ണന്റെ കഥയിലെ വസുദേവരെ ആ യാത്ര ഓർമ്മിപ്പിച്ചു. ഒരു തവണ നായയെ തൊട്ടാൽ ഏഴു തവണ കുളിക്കണമത്രേ.. ! എനിക്ക് മുങ്ങൽ പേടിയാണ്.

 

ഏഴു തവണ ഏഴു നായകൾക്കായി മുങ്ങിക്കുളിച്ച് ഇണ്ണിയാത്ത ശ്വാസം കിട്ടാതെ പിടയുന്നത് സ്വപ്നം കണ്ട് അന്നെനിക്ക് പനി പിടിച്ചു. രാവിലെ നേരിട്ട് കാണുന്നത് വരെ ഒരു പിടയലായിരുന്നു മനസ്സിൽ.

 

നാട്ടിലുള്ളവരുടെ പ്രിയങ്കരിയായിരുന്നു ഇണ്ണിയാത്ത. ഏതു സ്റ്റേഷൻ പാട്ടും അവിടെ കിട്ടും. കായലരികത്തും, ബദറുകിസ പാട്ടും, കത്തു പാട്ടും എല്ലാം.. കഥകളുടെ ഒരു ശേഖരം തന്നെ ഉണ്ട് അവർക്ക്. അച്ഛന്റെയും അമ്മയുടെയും ദിവസങ്ങൾ നീണ്ട ആശുപത്രി യാത്രകളിൽ ഞങ്ങൾക്ക് കൂട്ട് അവരാണ്. അവരുടെ നനുത്ത, മണമുള്ള, മിനുസമുള്ള ദേഹത്ത് പറ്റിക്കിടക്കുക ഏറ്റവും സുഖമുള്ള അനുഭവമായിരുന്നു (ഒരു പക്ഷേ കുട്ടിക്കാലത്ത് സ്നേഹിക്കാൻ ആരുമില്ലാഞ്ഞതാവാം ഞങ്ങളുടെ ആരാധനയ്ക്ക് കാരണം).

 

ഒറ്റയ്ക്ക് താമസിച്ചിരുന്ന അവരുടെ മരണവും സിംപിളായിരുന്നു. മഗ് രിബ് ബാങ്കിന്റെ നിസ്കാരം കഴിഞ്ഞ് ഭക്ഷണമുണ്ടാക്കാൻ തുടങ്ങുമ്പോൾ ചെറിയൊരു നെഞ്ചുവേദന.. ഒരു പ്രാവ് കുറുകുംപോലെ ആ ശരീരം നിശ്ചലമായി. മറക്കാനാകില്ല ആ ഓർമ്മകളെ... കസ്തൂരിയുടേയും, ഇലഞ്ഞിമാലയുടേയും, അത്തറിന്റേയും, പതുപതുത്ത ആ ദേഹത്തിന്റേയും മണം..!

 

English Summary:  Malayalam short story, Iniyatha thanna ilanjipoomanangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com