ADVERTISEMENT

കളങ്കപ്പെടാത്ത കൂവലുകൾ (കഥ)

 

പതഞ്ഞ് പൊള്ളുന്ന വെയിലും, വാഹനങ്ങളുടെ ചൂടും, പുകയും എല്ലാം കൂടി ചുട്ടുപൊളളുന്ന അവസ്ഥയിൽ നിന്ന് ഒരാശ്വാസം കിട്ടുവാനായാണ് റോഡരികിലുളള ആ ചെറിയ സോഡാക്കടയുടെ മുമ്പോട്ട് വലിച്ച് കെട്ടിയ ഷീറ്റിന്റെ തണലിന് കീഴിലേക്ക് കയറി നിന്നത്.

 

കടയുടെ ഒാരത്തെ തേപ്പുകൾ വിണ്ടിളകിയ അരത്തിണ്ണയിൽ കടക്കാരനത്രയും പ്രായമുളള രണ്ട്, മൂന്ന് പേർ കടക്കാരനുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ ഇരിപ്പും, ഭാവവും കണ്ടപ്പോൾ അവർ അവിടുത്തെ സ്ഥിരം കുറ്റികളാണെന്ന് എനിക്ക് ബോധ്യമായി. വാഹനങ്ങളുടെ കുത്തൊഴുക്കും, ചീറിപ്പായലും, പൊടിയും, ബഹളവും ആകെ ഒരു തിക്ക്മുട്ടൽ. ഗ്രാമത്തിൽ നിന്നും നഗരത്തിലെത്തിപ്പെട്ട ഞാൻ പായൽക്കുളത്തിൽ നിന്നും കേരാറിൻ ജലത്തിലേക്ക് പിടിച്ചിട്ട പരൽമീനിനെപ്പോലെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവാതെ ഒാരോ നിമിഷവും വീർപ്പ്മുട്ടിക്കൊണ്ടിരുന്നു.

 

‘‘എന്നതാ വേണ്ടെ ?’’ കടക്കാരൻ ചോദിച്ചു.

‘‘ഒരു നാരങ്ങസോഡ’’

 

കടക്കാരൻ മൂലയിൽ തൂക്കിയിട്ടിരുന്ന ചെറിയ കമ്പിക്കൊട്ടയിൽ കൈയ്യിട്ട് ഒരു ചെറുനാരങ്ങയെടുത്തു. കമിഴ്ത്തി വെച്ചിരുന്ന ഗ്ലാസുകൾക്കായ് ഇരുന്നിരുന്ന വെളളം നിറച്ച പരന്ന പാത്രത്തിൽ നാരങ്ങയൊന്ന് മുക്കിയെടുത്ത് മരപ്പലകക്ക് മേലെ വെച്ച് രണ്ടായി പകുത്തു. ഉപ്പുപാത്രവും, സോഡയുമെടുത്ത് കടക്കാരൻ തന്റെ പ്രവൃത്തിയിൽ മുഴുകി. എനിക്ക് തൊണ്ട വരളുന്നുണ്ടായിരുന്നു. ഞാൻ കടക്കാരനിൽ നിന്ന് കണ്ണെടുത്ത് കടവരാന്തയിലിട്ടിരുന്ന നരച്ച് പഴകിയ സ്റ്റൂളിൻമേലിരുന്ന് റോഡിലോട്ട് കണ്ണയച്ചു.

 

ഉയരത്തിൽ അടിപ്പിച്ച് കെട്ടിയതു പോലെ അങ്ങോട്ടുമിങ്ങോട്ടും നീണ്ട് പോകുന്ന ഇലക്ട്രിക് ലൈനുകളും, കേബിൾ വയറുകളും. അവക്ക് മേൽ അവിടവിടങ്ങളിലായി കാക്കകളും, പ്രാവുകളും ഇടംവലം തിരിഞ്ഞിരിക്കുന്നു. നിരത്തിൽ ഇടതടവില്ലാതെ പായുന്ന വാഹനങ്ങൾ. ഫുട്പാത്തിലൂടെ പരസ്പരം മുഖത്തോട്ട് നോക്കാൻ പോലും സമയമില്ലാതെ ധൃതിപ്പെട്ട് ആൾക്കൂട്ടം ചിതറിത്തെറിച്ച് നടന്ന് കൊണ്ടിരുന്നു. കുറച്ചപ്പുറത്ത് റോഡ് മുറിച്ച് കടക്കാൻ പ്രയാസപ്പെട്ട് രണ്ട് വൃദ്ധദമ്പതികൾ നിൽക്കുന്നത് കണ്ടു. അവർ അപ്പുറം കടക്കുവാനായി റോഡിലേക്ക് കാലെടുത്ത് വെക്കുമ്പോഴെല്ലാം അരികിലേക്കെത്തുന്ന വാഹനത്തിന്റെ മുരളലോ, ഹോണടിശബ്ദമോ അവരുടെ കാലുകളെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. 

 

വാഹനങ്ങൾ പുറന്തളളുന്ന ചൂടും, പുകയോടുമൊപ്പം പതിക്കുന്ന വെയിൽ കൂടി ചേർന്നപ്പോൾ അന്തരീക്ഷം ആകെ ഉഷ്ണമയമായി. റോഡരികിലെ വെൽഡിംഗ് ഷോപ്പിൽ നിന്നുമുയരുന്ന യന്ത്രങ്ങളുടെ മുരൾച്ചകൾ ഉഷ്ണതയുടെ ഭാവം കുറച്ച് കൂടി തീക്ഷ്ണമാക്കി. 

 

കൈകൾ കാൽമുട്ടിൻമേൽ വെച്ച് മുന്നോട്ടാഞ്ഞിരുന്നപ്പോൾ വിയർപ്പൊലിച്ചിറങ്ങുന്ന പിൻപുറത്ത് ഷർട്ട് നനഞ്ഞൊട്ടിച്ചേരുന്നത് ഞാനറിഞ്ഞു. അപ്പോഴാണ് അപ്രതീക്ഷിതമായി അവിടെയെവിടെയോ നിന്ന് ഒരു കുയിലിന്റെ ശബ്ദം കേട്ടത്. ഉഷ്ണം വമിക്കുന്ന ആ നഗരാന്തരീക്ഷത്തിൽ നിന്നും അത്തരമൊരു നിഷ്കളങ്കത നിറഞ്ഞ കളനാദം ആദ്യമെന്നിൽ ആശ്ചര്യമുളവാക്കി  പിന്നെ തെല്ലൊരാശ്വാസവും. 

 

‘‘ദേ, സോഡാ’’ കടക്കാരൻ കുമിള വാർന്ന് പൊങ്ങി നുര തല്ലുന്ന നാരങ്ങസോഡയുടെ വലിയ വായ്​വട്ടമുളള നീണ്ട ചില്ല് ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാൻ അത് കയ്യിൽ വാങ്ങി. നുര പൊങ്ങിയ കുമിളകളൊന്നടങ്ങാൻ വേണ്ടി  കാത്തു നിന്നു. ആ സമയം വീണ്ടും കുയിൽനാദമുയർന്നു. ആ ശബ്ദത്തിന്റെ ഉറവിടമെവിടെയാണെന്നറിയാൻ വേണ്ടി ഞാൻ പക്ഷികളുടെ സ്ഥിരം ഇരിപ്പുകേന്ദ്രങ്ങളായ ഇലക്ട്രിക് ലൈനുകളിലേക്കും, കേബിളുകളിലേക്കും, കെട്ടിടങ്ങൾക്ക് മുകളിലേക്കുമെല്ലാം കണ്ണയച്ചു. പക്ഷേ അവിടെയൊന്നും ഒരു കുയിലിനെപ്പോലും കാണാൻ കഴിഞ്ഞില്ല.

 

കുമിളകളുടെ വീർത്ത് പൊട്ടലുകൾ ശമിച്ചപ്പോൾ ഞാൻ പതുക്കെ ഗ്ലാസ് ചുണ്ടോടടുപ്പിച്ച് ചെരിച്ചു. ആദ്യകവിളിൽത്തന്നെ ഉളളിലേക്ക് കയറിയ സോഡയുടെ തരിപ്പും, ഗ്യാസും വരണ്ട തൊണ്ടയിൽ ഒരു തികട്ടലുണ്ടാക്കി. ആ തികട്ടലിനെ ഞാൻ ഉമിനീരിറക്കി അതിൽ അലിയിച്ച് കളഞ്ഞു. 

 

വീണ്ടും അന്തരീക്ഷത്തിൽ കുയിൽനാദം മുഴങ്ങി. ഇത്തവണ മുമ്പത്തേതിനേക്കാൾ കൂടുതൽ ഉച്ചത്തിലായിരുന്നു. വീണ്ടും ഞാൻ കണ്ണുകൾ കൊണ്ട് അവിടമാകെ പരതി നോക്കി, പക്ഷേ അവിടെയൊന്നും അതിനെ കാണാനുണ്ടായിരുന്നില്ല. എങ്കിലും വാഹനങ്ങളുടെയും, യാത്രക്കാരുടെയും ബഹളകോലാഹലങ്ങൾക്കിടയിലും ഞാൻ ആ ശബ്ദത്തിന് കാത് കൊടുത്തു. കുയിൽവിളി കുറച്ച് നേരം നിന്ന് പോയ നേരത്ത് ഞാൻ സോഡയിൽ നിന്ന് ഒരു കവിൾ കൂടി കുടിച്ച് തൊണ്ട നനച്ചു. അപ്പോൾ ശരീരത്തിന് തണുപ്പ് കിട്ടിയത് പോലെ ദാഹത്തിനും, ഉഷ്ണത്തിനും കുറച്ചൊരാശ്വാസം തോന്നി.

 

കുടിച്ചിറക്കിയ സോഡയുടെ അവസാന തരിപ്പും നാവിൽ കിടന്നലിഞ്ഞ് പോകുമ്പോൾ ഒരിക്കൽക്കൂടി നേരത്തേതിനേക്കാൾ ഉൗക്കോടെ നെടുനീളത്തിൽ കുയിൽനാദമുയർന്ന് കേട്ടു. ആ സ്വരവ്യത്യാസത്തിൽ മറുകൂവൽ  കാത്ത് കൊണ്ടുളള ഒരു നേർത്ത വിഷാദം കലർന്നിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കപ്പോൾ എന്ത് കൊണ്ടോ കൂവാൻ തോന്നി. നാട്ടിൽ വെറുതെയിരിക്കുമ്പോൾ മരക്കൊമ്പിൽ നിന്നും മറ്റും കൂവുന്ന കുയിലുകളെ മറുകൂവലുയർത്തി അരിശം പിടിപ്പിച്ചിരുന്ന എന്റെ ശീലത്തെ ആ നഗരപാതയിൽ വെച്ച് ഞാൻ വീണ്ടെടുത്തു.

 

‘‘കൂ…’’ ഞാൻ ഉറക്കെ കൂവി. അത് കേട്ട് കടക്കാരനും, അയാളോട്  സംസാരിച്ചിരിക്കുകയായിരുന്ന ലോഹ്യക്കാരും, അതിലെ കടന്ന് പോയ ചിലരും എന്നെ ഒരു വിചിത്രജീവിയെ എന്ന പോലെ അമ്പരപ്പോടെ കുറച്ച് നേരം നോക്കി നിന്നു. നിമിഷങ്ങൾ മാത്രം ദൈർഘ്യമുണ്ടായിരുന്ന ആ അന്താളിപ്പ് കെട്ടഴിച്ച് വിട്ട വലിയൊരു പരിഹാസച്ചിരിയിൽ എല്ലാവരും ഒടുക്കിത്തീർത്തു. എല്ലാ കണ്ണുകളും പരിഹാസത്തോടെ എനിക്ക് നേരെ നീണ്ടപ്പോൾ ഞാൻ ആകെ ചൂളിപ്പോയി. ജാള്യത മറക്കാനായി ഞാൻ കണ്ണുകൾ നിലത്തേക്ക് താഴ്ത്തിപ്പിടിച്ച് തല കുനിച്ചിരുന്നു.                

 

കടക്കാരന്റെയും, സമീപമുളളവരുടെയും പരിഹാസച്ചിരി പതുക്കെ കെട്ടടങ്ങി എന്ന് കേൾവിയിൽ നിന്ന് മനസ്സിലായപ്പോൾ വീണ്ടും തുളച്ച് കയറുന്ന സ്വരത്തിൽ കുയിൽവിളി ചെവിയിലോട്ടിരമ്പിക്കയറി. ആ ശബ്ദത്തിനപ്പോൾ പതിവിലും മൂർച്ഛയുളളത് പോലെ എനിക്കനുഭവപ്പെട്ടു.

 

‘‘എന്തേണ്ട്രാ കൂവണില്ലേ? ’’

സമീപത്ത് നിന്നാരിൽ നിന്നോ ഉയർന്ന ആ ചോദ്യം മൂന്ന്, നാല് പേരിൽ തന്നെക്കളിയാക്കിക്കൊണ്ടുളള ചിരിയുണർത്തി അതിന്റെ കടമ നിർവഹിച്ചു.

 

കൊടുത്ത മറുപടിക്കൂവൽ പോരാഞ്ഞിട്ടോ, ഇനിയും കൂവൽ  കിട്ടാൻ വേണ്ടിയോ വീണ്ടും കുയിൽനാദം മുഴങ്ങി. എന്തോ ഇത്തവണത്തെ കൂവലിന് വല്ലാത്ത വീറുണ്ടായിരുന്നു. വീണ്ടും ആ കുയിൽശബ്ദത്തിനപ്പോൾ എന്റെ കാതുകളെ പൊളളിക്കുവാനുളള കരുത്തുണ്ടായിരുന്നു, ഒപ്പം എന്റെ ഒപ്പമുള്ളവരിൽ ചിരിയുണർത്താനും.

 

പരിഹാസച്ചിരികൾക്കും, അടക്കം പറച്ചിലുകൾക്കുമിടയിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാൻ തല താഴ്ത്തിയിരുന്നു. അരിശം പൂണ്ട കുയിൽ വീണ്ടും, വീണ്ടും കൂവിക്കൊണ്ടിരുന്നു. ആ കൂവലുകളത്രയും തന്നെ റോഡരികിൽ വെച്ച് എന്റെ വസ്ത്രങ്ങളെ ഒാരോന്നായ് ഉരിച്ചെടുക്കുന്ന പോലെയും, നെഞ്ചകത്തേക്ക് ചൂഴ്ന്നിറങ്ങുന്ന പോലെയുമെല്ലാം എനിക്ക് തോന്നിച്ചു. പിന്നെ, പിന്നെ കൂവലുകൾക്കിടയിലെ സമയദൈർഘ്യങ്ങൾ കുറഞ്ഞു കൊണ്ടിരുന്നു. ഭ്രാന്ത് പിടിച്ചത് പോലെ അത് കൂവി വിളിക്കാൻ തുടങ്ങി. ഒാരോ കൂവലും എന്നെ എന്നിലേക്ക് തന്നെ ഒതുക്കിത്തീർത്തു.

 

മനസ്സിൽ നിറയെ സമ്മർദം നിറച്ചുകൂട്ടി ആ ചെറുപക്ഷി തന്റെ സ്വരത്താൽ അന്തരീക്ഷത്തെ അതിന്റെ ദിശയിലേക്ക് വഹിച്ചു കൊണ്ട് പോയി. അപ്പോൾ കൂവലൊഴിച്ച്  മറ്റൊന്നും എനിക്ക് കേൾക്കുവാനുണ്ടായിരുന്നില്ല. ചുറ്റുമുളള ശബ്ദങ്ങളെല്ലാം കൂവലിൽപ്പെട്ട് ചത്തടിഞ്ഞ് പോയിരുന്നു. കാതുകളിൽ വാശിയോടെ ഉൗക്കിൽ നീട്ടി വിളിക്കുന്ന കുയിലിന്റെ ശബ്ദം മാത്രം. മനസ്സ് മുറുകി വലിഞ്ഞു കൊണ്ടിരുന്നു. അന്തരീക്ഷത്തിന്റെ പിരിമുറുക്കം കൂട്ടിക്കൊണ്ട്  അത് നിർത്താതെ കൂവിക്കൊണ്ടിരുന്നു. ഭ്രാന്തമായി, അതിഭ്രാന്തമായി…

 

പെട്ടെന്നൊരു വേള  മുറുക്കി കെട്ടിയ ഞാൺ വലിഞ്ഞ് പൊട്ടിയ പോലെ ആ കുയിലൊച്ച പൊടുന്നനെ നിന്നു. നിമിഷങ്ങൾക്കകം മുകളിലെവിടെയോ നിന്ന്  ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അങ്ങോട്ട് നോക്കി. അത് കറുത്ത തൂവലുകളും, രോമങ്ങളും നിറഞ്ഞ ഒരു ചെറുപക്ഷിശരീരമായിരുന്നു. അനക്കമില്ലാതെയുളള അതിന്റെ വീഴ്ച കണ്ടപ്പോൾ തന്നെ ആ ശരീരത്തിൽ പ്രാണനുണ്ടോ എന്നുളളത് സംശയമായിരുന്നു.

 

താഴെ നിരത്തിൽ ചെന്ന് പതിച്ച പാടെ വിറങ്ങലിച്ച കുയിലിന്റെ ഉടലിന് മീതെക്കൂടി കുതിച്ച് വന്ന പിക്കപ്പ് വാനിന്റെ റബർടയർ ചക്രങ്ങൾ അമർന്നു കയറി. കറുത്ത ഉടലിൽ നിന്നും ചോരയും, മാംസവും പുറത്തേക്ക് തെറുപ്പിച്ച് കൊണ്ട് വാനിന്റെ പിൻചക്രങ്ങൾ കുയിലിനെ അവസാനഭേദ്യവും കഴിച്ച് കടന്ന് പോയി. പിന്നീട് പിറകെ വന്ന ഒാരോ വാഹനങ്ങളും തങ്ങളുടെ ഉരുണ്ട ചക്രങ്ങൾ കൊണ്ട് ആ ശരീരത്തെ അരച്ച് തേച്ച് നിരത്തിലമർത്തിയൊട്ടിച്ചു.

 

വാഹനങ്ങൾ വീണ്ടും അതിന് മുകളിലൂടെ പൊയ്ക്കൊണ്ടിരുന്നു. ആ കാഴ്ച അധികനേരം കണ്ടുനിൽക്കാനാകാതെ ഞാൻ പതുക്കെ തലയുയർത്തി ചുറ്റും നോക്കി. എല്ലാവരും അവരവരുടെ തിരക്കുകളിൽ ഏർപ്പെട്ടിരിക്കയാണ്. അങ്ങനെയൊരു സംഭവം നടന്നത് ആരുമറിഞ്ഞിട്ടില്ല. കൂവലിന്റെ പേരിൽ തന്നെ കളിയാക്കുകയായിരുന്ന കടക്കാരനും, സംഘവും പോലും അതറിഞ്ഞിട്ടില്ലെന്ന്  തോന്നുന്നു. ഇനി അറിഞ്ഞിട്ടും അതിനെ ലാഘവത്തോടെ പുച്ഛിച്ച് തളളുകയായിരുന്നോ എന്നുമറിയില്ല. ഒരു പക്ഷേ ചുറ്റു നിന്നുമുളള പരിഹാസച്ചിരികൾക്കടിമപ്പെടാതെ കുയിലിന്റെ കൂവലുകൾക്ക് നേരെ മറുകൂവലുയർത്താൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആ പക്ഷി ഇപ്പോൾ തൊണ്ട പൊട്ടിച്ചത്ത് ടാറിട്ട റോഡിലരച്ച് ചേർക്കപ്പെടില്ലായിരുന്നു.

 

ചിന്തകൾ മനസ്സിൽ ചൂട് പിടിച്ച് തുടങ്ങുവാൻ നേരം കടക്കാരൻ ശബ്ദമുയർത്തി അതിനെ കെടുത്തിക്കളഞ്ഞു.

 

‘‘കുടിച്ച് കഴിഞ്ഞാ, പൈസ തന്നേച്ച് പോ സാറെ’’

 

പരിഹാസവും, പുച്ഛവും കലർന്ന കടക്കാരന്റെ അക്ഷമയോടെയുളള ചോദ്യം കേട്ട് പെട്ടെന്ന് എന്തെന്നില്ലാതെ എന്റെ കൈ ഇടറിവിറച്ചു. ഇടറിയ കയ്യിൽ നിന്നും അയഞ്ഞ് പോയ ഗ്ലാസ് താഴേക്കൂർന്ന് വീണു. ഉടഞ്ഞ് പൊട്ടുന്ന ശബ്ദത്തോടു കൂടി വലിയ വായ് വട്ടമുളള ചില്ല് ഗ്ലാസ് താഴെ പതിച്ച് ചിന്നിച്ചിതറി.  പൊട്ടിയുടഞ്ഞ ഗ്ലാസിന്റെ കൂർത്ത് മൂർത്ത ചീളുകൾ ആരെയൊക്കെയോ മുറിവേൽപ്പിക്കാനെന്ന പോൽ നിലത്ത് ചിതറിക്കിടന്നു.

 

English Summary: Kalankapedatha Koovalukal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com