ഈ മനോഹരതീരത്തു വരുമോ ഇനിയൊരു ജന്മം കൂടി?

vayalar
വയലാർ രാമവർമ
SHARE

മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രതിഭാധനരായ ഗാനരചയിതാക്കളെ രണ്ടു വിഭാഗമായി വേർതിരിക്കുകയാണെങ്കിൽ വയലാറും മറ്റുള്ളവരും എന്നു പറയേണ്ടി വരുന്നത് മറ്റുള്ളവരുടെ കഴിവിനെ കുറച്ചുകാണുകയല്ല മറിച്ചു വയലാർ രാമവർമ എന്ന കവിയുടെ പ്രതിഭ അത്രമേൽ ഉയരത്തിലായിരുന്നത് കൊണ്ടാണ്. 1928 മാർച്ച് 25 ന് ആലപ്പുഴയിലെ ചേർത്തലയിൽ വയലാർ എന്ന ഗ്രാമത്തിൽ

വെള്ളാരപ്പള്ളി കേരളവർമയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായി ജനിച്ച രാമവർമ ചെറുപ്പം മുതലേ സംഗീതത്തിൽ തൽപരനായിരുന്നു. അതുകൊണ്ടുതന്നെ കവിതയുടെയും നാടകങ്ങളുടെയും ലോകത്തേക്ക് അധികം വൈകാതെ അദ്ദേഹം ആകൃഷ്ടനായി.

1948 ൽ ആദ്യ കവിതാസമാഹാരമായ പാദമുദ്രകൾ പുറത്തിറങ്ങുമ്പോൾ രാമവർമക്ക് ഇരുപത്തൊന്നു വയസ്സാണ്. പിന്നീട് കൊന്തയും പൂണുലും, എനിക്ക് മരണമില്ല, മുളങ്കാട്, സർഗ്ഗസംഗീതം, അശ്വമേധം, ഒരു യൂദാസ് ജനിക്കുന്നു എന്നിങ്ങനെ ഒട്ടേറെ കവിതകൾ പുറത്തുവന്നു.1956 ൽ രാഘവൻ മാഷിന്റെ സംഗീതസംവിധാനത്തിൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിന് വേണ്ടി വരികളെഴുതികൊണ്ട് മലയാളസിനിമയിലേക്ക് വയലാർ രാമവർമ വലതുകാലെടുത്തുവച്ചു.

അവിടുന്നങ്ങോട്ട് ഗാനാസ്വാദകരെ ആനന്ദധാരയിലാറാടിച്ച എത്രയോ അനശ്വരഗാനങ്ങൾ ആ തൂലികയിൽനിന്നു പിറന്നുവീണു. വയലാർ എന്ന പേര് മലയാള ചലച്ചിത്രസംഗീതത്തിന്റെ മറുവാക്കായി. ഒരുപാട് സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചെങ്കിലും ദേവരാജൻ മാഷിനോടൊപ്പം അദ്ദേഹം ചേർന്നതോടെ മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടം പിറന്നു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരതത്ിന്റെ ശതാബ്ദി ആഘോഷ ചടങ്ങിന് വേണ്ടി സൃഷ്ടിച്ച ‘ബലികുടീരങ്ങളേ’ എന്ന ഗാനത്തിൽ തുടങ്ങിയ വയലാർ–ദേവരാജൻ കൂട്ടുകെട്ട് പിന്നീട് മലയാള സിനിമാസംഗീതശാഖയെ തങ്ങളുടെ അതുല്യമായ പ്രഭാവത്താൽ പ്രൗഢോജ്വലമാക്കി. ബലികുടീരങ്ങളേ എന്ന ഗാനം പിന്നീട് അധ്വാനവർഗ്ഗത്തിന്റെ ഉണർത്തുപാട്ടായി. ശ്രുതിയും ലയവും പോലെ ഇഴചേർന്ന ആത്മസൗഹൃദമായിരുന്നു വയലാറും ദേവരാജൻ മാഷും തമ്മിൽ. നൂറ്റിമുപ്പത്തിയേഴ് ചിത്രങ്ങളിൽ ഒരുമിച്ച ആ ഗാഢസൗഹൃദത്തിൽനിന്നു പിറന്നു വീണത് എഴുന്നൂറിൽപരം ഗാനങ്ങളാണ്. ഇരുന്നൂറ്റമ്പതിൽപരം ചിത്രങ്ങളിൽ ആയിരത്തിമുന്നൂറോളം ഗാനങ്ങൾ

വയലാറിന്റെ തൂലിക സൃഷ്ടിച്ചു. 1975 ൽ മാത്രം നൂറ്റിമുപ്പത്തിയഞ്ചോളം ഗാനങ്ങൾ..

കാലത്തിനതീതമായി നിൽക്കുന്ന ഗാനങ്ങളായിരുന്നു വയലാർ സൃഷ്ടിച്ചത്. മലയാളിയുടെ വിപ്ലവവീര്യവും ദുഃഖവും സന്തോഷവും സൗന്ദര്യസങ്കൽപങ്ങളും പ്രണയകല്പനകളുമെല്ലാം ആ വരികളിൽ പീലിനിവർത്തിയാടി. എണ്ണിയാൽ തീരാത്ത എത്രയോ സുന്ദരഗാനങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഓരോ ഗാനവും ഇന്നും കേൾക്കുമ്പോൾ, ആ വരികളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ കവിയുടെ ദേവസ്പർശമുള്ള ഭാവനയുടെ മുന്നിൽ അറിയാതെ നമിച്ചുപോകും..

നദി എന്ന സിനിമയിലെ കായാമ്പൂ കണ്ണിൽ വിടരും എന്ന മനോഹരമായ ഗാനത്തിലെ അനുപല്ലവിയിലെ വരികളിൽ അദ്ദേഹത്തിന്റെ ഭാവനയുടെ മാസ്മരികത കാണാം.

‘നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു..

നിത്യവിസ്മയവുമായി ഞാനിറങ്ങി.. സഖീ ഞാനിറങ്ങീ..’

എത്ര മനോഹരമായാണ് പ്രണയിനിയുടെ പുഞ്ചിരിയെക്കുറിച്ച് വയലാർ എഴുതിവച്ചത്.

അതുപോലെ ഒരുപ്രണയനഷ്ടത്തിന്റെ എല്ലാ വേദനയും കേവലം കുറച്ചു വരികളിൽ ഉൾക്കൊള്ളിച്ചുകൊണ്ട് വിവാഹിത എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതിയ വരികൾ എത്ര ഹൃദയസ്പർശിയാണ്.

‘സുമംഗലീ നീയോർമിക്കുമോ

സ്വപ്നത്തിലെങ്കിലും ഈ ഗാനം

ഒരു ഗദ്ഗദമായ് മനസ്സിലലിയും

ഒരു പ്രേമകഥയിലെ ദുഃഖഗാനം..’

ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വയലാർ എഴുതിയ ഓരോ വരിയിലും ആ ഭാവനയുടെ ഇന്ദ്രജാലം തൊട്ടറിയാം..

മതങ്ങളും ദൈവങ്ങളും കൊണ്ട് വേർപ്പെട്ടുപോയ മാനുഷികമൂല്യങ്ങളെകുറിച്ച് വയലാർ എഴുതിയ വരികൾ മനസ്സിലേക്ക് വരുമ്പോൾ ഇന്നും അതിന്റെ പ്രസക്തിയോർത്തു കാലം അദ്ഭുതപ്പെടുന്നു.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണ് പങ്കുവച്ചു മനസ്സു പങ്കുവച്ചു’

അതേ വയലാറിന്റെ തന്നെ മറ്റു ചില വരികൾ കേൾക്കുമ്പോൾ മനസ്സ് ഭക്തിസാന്ദ്രമാകുകയും ചെയ്യും.

‘ശബരിമലയിൽ തങ്ക സൂര്യോദയം

ഈ സംക്രമപ്പുലരിയിൽ അഭിഷേകം

ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ

വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി..’

മാനുഷികവിചാരങ്ങളും ഭക്തിയും പ്രണയവും സ്നേഹവുമെല്ലാം തന്റെ രചനകളിലൂടെ വയലാർ ആവോളം പകർന്നുനൽകി. നമുക്കതിൽ നിന്നേതു വേണമെങ്കിലും ഹൃദയത്തിൽ സ്വീകരിക്കാം.. ഏതായാലും വയലാറിന്റെ വരികൾ നമ്മെ എത്തിക്കുന്നത് ഭാവനയുടെ സ്വർഗ്ഗലോകത്താണ്.

ചക്രവർത്തിനീ എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞിട്ട് നാല്പത്തിയഞ്ചു വർഷം പിന്നിട്ടിട്ടും അദ്ദേഹം നൽകിയ അഭൗമസുന്ദരഗാനങ്ങൾ ഇന്നും ആസ്വാദകഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ആ അനശ്വരഗാനങ്ങൾക്ക് മരണമുണ്ടാവില്ല. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അതങ്ങനെ ഒഴുകികൊണ്ടേയിരിക്കും.

‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.. ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം.. 

ഈ മനോഹരതീരത്തു തരുമോ ഇനിയൊരുജന്മം കൂടി..എനിക്കിനിയൊരു ജന്മം കൂടി.’ എന്നുപറഞ്ഞുകൊണ്ട് മേഘങ്ങൾക്കപ്പുറത്തെ ലോകത്തേക്കു പോയ വയലാർ സൃഷ്ടിച്ച ആ ഗാനങ്ങൾ കേട്ട് വിസ്മയം പൂണ്ട് നിൽക്കുമ്പോൾ അറിയാതെയെങ്കിലും മനസ്സിൽ ചോദിച്ചുപോവുകയാണ്..

ഈ മനോഹരതീരത്തു വരുമോ ഇനിയൊരു ജന്മം കൂടി..

അനശ്വരഗാനങ്ങളുടെ രാജശില്പിക്ക് ഓർമപ്പൂക്കൾ.

English Summary: Remembering Vayalar Ramavarma

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;