ADVERTISEMENT

അമ്മവീട്ടിൽ നിന്ന് തിരിച്ചു വരുന്ന വഴി ചന്ദ്രികാബസ്സിലിരിക്കുമ്പോളാണ് ഗവണ്മെന്റ്  ഹൈസ്കൂളിന്റെ മുമ്പിലെ തണൽമരത്തിന്റെ കീഴിലൊരു ആൾകൂട്ടം ഞാൻ കണ്ടത്.  അപ്പോൾ തന്നെ പി.എൻ.എസ്.  ജംഗ്ഷനിൽ  ഇറങ്ങി ഞാൻ അങ്ങോട്ട് വെച്ചുപിടിച്ചു. അന്ന്  പുനലൂർ ഗവണ്മെന്റ് സ്കൂളിന്റെ  മുമ്പിൽ നിരനിരയായ് വെച്ചുപിടിപ്പിച്ച  തണൽമരങ്ങളുണ്ടായിരുന്നു. ഏതു  വേനൽക്കാലത്തും അവിടെ എത്തുമ്പോൾ നല്ല തണലും  കുളിർമ്മയും ആയിരുന്നു. അവിടെ റോഡിന് നല്ല വീതി ഉള്ളതിനാൽ കൈനോട്ടക്കാരുടെയും തെരുവ് മാജിക്കുകാരുടെയും സർക്കസുകാരുടെയുമൊക്കെ  താവളമായിരുന്നു അവിടം. 

 

ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന സമയത്താണ് ഈ സംഭവം. ഒരു തമിഴ് നാടോടി  ലാടവൈദ്യസംഘം അവിടെ മരുന്ന് വിൽപ്പന നടത്തുകയാണ്. നിലത്തുവിരിച്ച  ചൗക്കാളത്തിൽ കുറേലേഹ്യകുപ്പികൾ. അതിനടുത്തായി കുത്തിനിറുത്തിയ മയിൽപ്പീലികെട്ട്. ചെറിയ ചാക്കുകളിൽ എന്തൊക്കയോ കാട്ടുകിഴങ്ങുകളും വേരുകളും. ഒരു മൂലയ്ക്ക്  കെട്ടിവെച്ച പച്ചിലകളും കുറെ എണ്ണക്കുപ്പികളും. റോഡ്‌സൈഡിൽ കത്തിച്ചു വെച്ച ടയർ പന്തങ്ങൾ. ശൂ... എന്ന ശബ്ദത്തിൽ കത്തുന്ന മണ്ണണ്ണ സ്റ്റോവിനു മുകളിലെ ഇരുമ്പ് സ്റ്റാന്റിൽ തിളയ്ക്കുന്ന എണ്ണ നിറഞ്ഞ ഒന്നോരണ്ടോ ഇരുമ്പുചട്ടികൾ. പച്ചമരുന്നിന്റെയും എണ്ണയുടെയും ലേഹ്യത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു.

 

ആര്യങ്കാവ് ചുരം കയറിവന്ന നാടോടി ലാടവൈദ്യന്മാർ ആണ് വിൽപ്പനക്കാർ. കരിമന്തി  ലേഹ്യവും ഉടുമ്പ് രസായനവും അജമാംസ രസായനവും മയിലെണ്ണയുമൊക്കെ ആകും വിൽപ്പന. പാണ്ടിനാട്ടിൽ നിന്ന് കിഴക്കൻമല കയറി മലയാളത്ത് നാട്ടിലെത്തിയാൽ ഉശിര് വിൽപ്പനയാണെന്നു നാടോടികൾക്ക് അറിയാം. മൂന്നാല് വിചിത്രവേഷധാരികളായ നാടോടികളോടൊപ്പം കാണും ഒന്നോരണ്ടോ പെണ്ണുങ്ങൾ. മിക്കപ്പോഴും പാണ്ടിചേലയുടുത്ത്  വലിയ മൂക്കുത്തി അണിഞ്ഞ പെണ്ണുങ്ങളുടെ ഒക്കത്ത് കാണും മൂക്കിള ഒലിപ്പിച്ചു ഒന്നോരണ്ടോ കിടാങ്ങൾ. കൂടെ ഭാണ്ഡക്കെട്ടുകൾ നിറയെ പലതരം പച്ചമരുന്നുകൾ. പെണ്ണൊരുത്തി നല്ല താളത്തിൽ ചെറിയ തോൽച്ചെണ്ട കൊട്ടുകയും നാടോടികൾ നിറുത്താതെ ഉച്ചത്തിൽ സംസാരിച്ചു വിൽപന നടത്തുകയും ആണ്. ചെണ്ടകൊട്ടു മുറുകിയതോടെ ഞാൻ മുൻനിരയിൽ പോയി  സ്ഥാനം പിടിച്ചു.

 

കൂട്ടത്തിൽ  അവരുടെ തലവൻ  എന്ന് തോന്നുന്ന നെറ്റിയിൽ മയിൽപ്പീലി കിരീടമണിഞ്ഞ നാടോടി ഉച്ചത്തിൽ കത്തികയറുകയാണ്.

 

‘‘അയ്യാചാമി ... കാട്ടിലെ വിളയാടി നടന്ത മയിലൈ വലയില്ലാമ പിടിത്ത് തീനും തിനയും കൊടുത്ത് നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത് ഊരറിയാമ ഉലഹറിയാമ അന്‍പുക്ക് പിന്‍പെ അന്‍പ് പടാമ കണ്ടംതുണ്ടമാ വെട്ടി കലത്തിലേ പോട്ട് വാറ്റിയെടുത്ത സുത്തമാന മയിണ്ണൈയ്.. ഇതില്‍ മായമില്ലൈ മന്ത്രമില്ലൈ കള്ളമില്ലൈ.. സര്‍ക്കസു കാരനുക്കും അഭ്യാസികള്‍ക്കും മികമും തേവൈ.. ഉങ്ക ഉടമ്പിലൈ എലുമ്പുകള്‍ പ്ലാസ്റ്റിക് മാതിരി വളെവതുക്ക് മയിലെണ്ണ തേവൈ.. മയിലെണ്ണയി ഇതു മയിലെണ്ണയീ മുരുഹാ ഉന്‍ മയിലൈ കൊന്നുവിട്ടാന്‍ ആണ്ടവാ...’’

 

മയിലെണ്ണ ആണ് വിൽപന. പച്ചമരുന്നിന്റെ രൂക്ഷഗന്ധത്തിന്റെ അകമ്പടിയോടുകൂടെയുള്ള  തമിഴന്റെ  വാചകമടി  കേട്ടുനിൽക്കാൻ നല്ല രസം. വഴിയോരത്തു മയിലെണ്ണ വിൽക്കുന്ന ലാടവൈദ്യൻ കത്തികയറുകയാണ്.

 

‘‘ഉശിരിക്കും സക്തിയ്ക്കും വീരമാന മയിലെണ്ണ...’’ കുറെ ചെറുപ്പക്കാർ മുഖത്തുള്ള ജാള്യത പരമാവധി പുറത്തുകാണിക്കാതെ മയിലെണ്ണ വാങ്ങി എളിയിൽ ഒളിപ്പിച്ചു സ്ഥലം വിട്ടു. നൂറുമില്ലി കുപ്പിയ്ക്ക് മുപ്പത് രൂപയോ മറ്റോ ആണ് വില. ചുരുങ്ങിയ സമയംകൊണ്ട്  എണ്ണക്കുപ്പികൾ നിറച്ച തട്ടം കാലിയായി. എനിക്കൊന്നും മനസ്സിലായില്ല. എന്തിനാണ് മയിലെണ്ണ എന്ന് ആരോടെങ്കിലും ചോദിച്ചാലോ. ഞാൻ ചുറ്റും നോക്കി പരിചയക്കാർ ആരെയും കാണുന്നില്ല. ഒരു പക്ഷേ എന്റെ കൂട്ടുകാരൻ വെള്ളിക്കണ്ണൻ അസീസിന്‌ അറിയാമായിരിക്കും. ഇനി കാണുമ്പോൾ ചോദിക്കാം എന്ന് സമാധാനിച്ചു ഞാൻ.

 

അടുത്തത് കരിമന്തി  ലേഹ്യത്തിന്റെ വിൽപ്പനയാണ്. ഇരുമ്പുചട്ടിയിൽ കുഴഞ്ഞു വരുന്ന ലേഹ്യം  ലാട വൈദ്യരുടെ സഹായികൾ ചെറിയ പരന്നകുപ്പികളിൽ  നിറയ്ക്കുന്നുണ്ട്. കരിമന്തിലേഹ്യം എന്നാൽ കരിങ്കുരങ്ങു രസായനം. കരിമന്തിയെന്ന വിഭാഗം കുരങ്ങിന്റെ ലേഹ്യം നമ്മുടെ നാട്ടിൽ ഒരു കാലത്തു വലിയ സംഭവമായിരുന്നു. മെലിഞ്ഞിരിക്കുന്ന  ഞാഞ്ഞൂലുകളെ തടിവെപ്പിക്കുവാൻ നാട്ടുവൈദ്യന്മാർ ച്യവനപ്രാശം പോലെ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന കരിങ്കുരങ്ങു രസായനത്തിന് അന്ന് നല്ല ഡിമാൻഡ് ആയിരുന്നു. പഴുതാര മീശയും വെച്ച്  മെലിഞ്ഞുങ്ങി പെൻസിൽ പോലെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാട്ടി ആണ് ലാട മർമ്മാണി വൈദ്യന്റെ കരിങ്കുരങ്ങു രസായന വിൽപ്പന. ഞാൻ ആണ് അയാളുടെ  വിൽപ്പനയ്ക്കു മോഡൽ. കൂട്ടത്തിൽ എന്റെ ചെവിയിൽ വന്നു അങ്ങേരു മന്ത്രിച്ചു. ‘‘അമ്പത്  കുപ്പി വിറ്റാൽ ഉങ്കളുക്ക് ഒരു കുപ്പി ഫ്രീ’’

 

ലാടവൈദ്യൻ  എന്നെ  മുമ്പോട്ടു  വിളിച്ചു നിറുത്തി മലയാളം കലർന്ന തമിഴിൽ  നിറുത്താതെ പേശുകയാണ്.

 

‘‘ഇന്ത  തമ്പിയെപ്പാര്.. തടിയില്ലേ എടൈയില്ലൈ (തൂക്കമില്ല).... ഇന്ത കുരങ്ങുലേഹ്യം  സാപ്പിട്ട് ഒരു ഒരു മാതത്തിനു (മാസം) പിൻപ് പാര്.. കട്ടബൊമ്മൻ മാതിരി ആകിടും.. ഇന്ത  മരുന്ന് രൻഡ്രു നേരം വെറുംവയറ്റിലെ തണ്ണി കുടിക്കാതെ ശാപ്പിട്ടു പാര്.. കരികുരങ്ങിന്റെ ചങ്കും കരളും മാംസവും ശേർത്തു തയ്യാർ ചെയ്ത സുദ്ധമാന രസായനം. ഒരു ബോട്ടിലിക്ക് നൂറുറൂഫാ.. രണ്ടെടുത്താൽ ഒന്ന്  ഫ്രീ.. കടന്നു വരൂ ..കടന്നു വരൂ..’’

 

ആളുകൾ ഈ വാചകകസർത്തിനു മുമ്പിൽ അധികം താമസിക്കാതെ വീണുതുടങ്ങി. ഒന്നു രണ്ടുമണിക്കൂർ കൊണ്ട്  മുഴുവൻ ബോട്ടിലുകളും ലാടവൈദ്യനും കൂട്ടരും വിറ്റു തകരപ്പെട്ടി പൂട്ടി എഴുന്നേറ്റു. നല്ലൊരു തുക അയാളുടെ തകരപ്പെട്ടിലെത്തിയിട്ടുണ്ടെന്ന് തീർച്ച. ഈ സമയമൊക്കെ വിൽപ്പനയ്ക്ക് മോഡലായി ഞാൻ ആൾക്കൂട്ടത്തിന്റെ നടുവിൽ  ഉണ്ട്. തടി പാലംപോലെ വരാൻ മോഹിച്ച് അന്ന് എന്ത് ത്യാഗത്തിനും ഞാൻ തയാറായിരുന്നു. ഒടുവിൽ  പടം മടക്കി പോകാൻ  ലാടവൈദ്യനും കൂട്ടരുംതുടങ്ങിയപ്പോൾ  ഇരുമ്പുചട്ടി വടിച്ചു  കുപ്പിയിലാക്കി എനിക്ക് ഒരുകുപ്പി കുരങ്ങുരസായനം ലാടവൈദ്യൻ കനിഞ്ഞു നൽകി.

 

പുനലൂർ ടൗണിലെ വായിനോട്ടം ഒക്കെ കഴിഞ്ഞപ്പോഴാണ് അമ്മ മീനും പച്ചക്കറിയും വാങ്ങാൻ 50 രൂപ തന്നുവിട്ട കാര്യം ഞാനോർത്തത്.അപ്പോഴേക്കും വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു.

 

പാന്റിന്റെ പോക്കറ്റ് തപ്പി നോക്കിയപ്പോഴാണ് പണി കിട്ടിയെന്ന് മനസ്സിലായത്. പാന്റ്സിന്റെ പോക്കറ്റ് ശൂന്യം. 50 രൂപ അപ്രത്യക്ഷമായിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ അവരുടെ തന്നെ കൂട്ടത്തിലുള്ള പോക്കറ്റടിക്കാർ ഉണ്ടാകും എന്ന് അപ്പോളാണ് ഞാനോർത്തത്. കശ്മലന്മാർ സാധനങ്ങൾ  വാങ്ങാനുള്ള ലിസ്റ്റ് സഹിതമാണ് അടിച്ചോണ്ട് പോയത്. അമ്മയോട് ഞാനിനി എന്ത് സമാധാനം പറയും. പൈസ ഞാൻ സൂക്ഷിക്കേണ്ടതായിരുന്നു.  അല്ലേലും പോണ്ടതു പോയേ വേണ്ടത് തോന്നൂ.. കൺസഷൻ ടിക്കറ്റുള്ളതിനാൽ കൈയ്യിൽ കാശില്ലെങ്കിലും വീടണയാം എന്നൊരു ആശ്വാസം ഉള്ളതിനാൽ ആരുടെയും മുമ്പിൽ  കാശിനായി ഇരക്കേണ്ട. എന്നാൽ പണം നഷ്ട്ടമായതിന്റെ യഥാർഥ കാരണം അമ്മയോട് പറഞ്ഞാൽ പണി പാളും. ലാടവൈദ്യന്മാരുടെ കാര്യം പറഞ്ഞാൽ  എങ്ങനെയാകും അമ്മ പ്രതികരിക്കുക എന്ന് പറയാൻ അസാധ്യം. കോളജുകുമാരൻ എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇപ്പോഴും കൈയ്യിൽ കിട്ടുന്നത് വെച്ച് അമ്മ വീക്കും. എനിക്ക് കരച്ചിൽ വന്നു. അമ്മയോട് ബസ്സിലോ മറ്റോവെച്ച് പണം  കളഞ്ഞുപോയന്ന് കള്ളം പറയാം.

 

 

അതുകൂടാതെയുള്ള അടുത്ത കടമ്പ. കരിങ്കുരങ്ങുരസായനം അമ്മയോ പെങ്ങളോ അറിയാതെ വീട്ടിനകത്ത് എത്തിക്കണം. അമ്മയെ പറ്റിച്ചാലും പെങ്ങളെ പറ്റിക്കാൻ ബുദ്ധിമുട്ടാണ്. അതിനൊരു സൂത്രപ്പണി ഞാൻ കണ്ടുവെച്ചു. ഞങ്ങളുടെ അടച്ചുകെട്ടിയ  മതിലുള്ള പഴയ വീടാണ്. റോഡ് സൈഡിലാണ് എന്റെ വീട്. വീടിന്റെ മുമ്പിൽ ബസ്സിറങ്ങി ഗേറ്റുതുറന്നാൽ കാണുന്ന ആദ്യത്തെ ജനൽ എന്റെ മുറിയുടേതാണ്. പാതിതുറന്നു കിടക്കുന്ന ജനൽ വഴി ഞാൻ രസായനക്കുപ്പി അകത്തേക്ക് തള്ളിയിട്ടു. ഭാഗ്യം ആരും കണ്ടിട്ടില്ല.

 

വീട്ടിലെത്തിയ ഉടനെ ഞാനൊരു കള്ളകരച്ചിൽ അങ്ങ് കരഞ്ഞു. സാധനങ്ങൾ വാങ്ങാനുള്ള കാശ് ബസ്സിൽ എവിടയോവെച്ചു നഷ്ട്ടപ്പെട്ടു എന്നുപറഞ്ഞ കള്ളം അമ്മ വിശ്വസിച്ചു എന്നുതോന്നുന്നു. പെങ്ങൾക്ക് പരീക്ഷയോ മറ്റോ ആയതിനാൽ അവളും വല്യമൈൻഡ് ചെയ്തില്ല. ഭാഗ്യം..

 

രാത്രി അത്താഴം കഴിഞ്ഞതിനുശേഷം ഞാൻ ആരും അറിയാതെ കരിങ്കുരങ്ങു രസായനം രണ്ടു സ്‌പൂൺ അകത്താക്കി. നല്ല മധുരം കലർന്ന ചവർപ്പ്. തമിഴന്റെ ലേഹ്യം കൊള്ളാം . തടി പാലം പോലെ പോരും. ജീവൻടോണിന്റെ കുപ്പിയിലെ മസ്സിലുപിടുത്തക്കാരന്റെ  പടത്തിലെപ്പോലെ ഞാൻ മസിലുപിടിച്ചു നിൽക്കുന്ന രംഗം മനസ്സിലോർത്തു ഞാനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് ബാക്കി മരുന്ന് ഭദ്രമായി കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചു ഞാൻ ഉറങ്ങാൻ കിടന്നു. നേരം ഒരു പന്ത്രണ്ട് മണിയായിക്കാണും. ഞാൻ ഞെട്ടിയെഴുന്നേറ്റു. അടിവയറ്റിൽ ചെറുതായൊരു വേദന. എന്തോ ഒരു പന്തികേട് .. വെറുതെ  തോന്നിയതായിരിക്കും. ഞാൻ പുതപ്പ് വലിച്ചു കയറ്റി കമിഴ്ന്നു കിടന്നു. അടിവയറ്റിൽ എന്തോ കൊളുത്തിപിടിക്കുന്നത് പോലെ .വയറ്റിൽ നിന്ന് ഗുളുഗുളു എന്നൊരു ഒച്ച കേൾക്കാം ..രക്ഷയില്ല.. ഞാൻ എഴുന്നേറ്റിരുന്നു. അന്ന് എന്റെ വീട്ടിലെ കക്കുസ് വീടിന്റെ കോമ്പൗണ്ടിന്റെ ഒരറ്റത്താണ്. പുറത്ത് കുറ്റാകൂരിരുട്ടാണ്. എനിക്കാണെങ്കിൽ ഡ്രാക്കുളയെയും രക്തരക്ഷസിനെയുമൊക്കെ ഭയങ്കര പേടിയാണ്. അന്നത്തെ പുഷ്പനാഥ്‌ നോവലുകളുടെ ആഫ്റ്റർ എഫ്ഫക്റ്റ്. വയറു അമർത്തിപ്പിടിച്ചു ഒന്നുകൂടി ഞാൻ നോക്കി ഒരു സ്‌കോപ്പുമില്ല .. വീട്ടിലുള്ളവരെ വിളിച്ചുണർത്താൻ എനിക്കൊരു നാണക്കേട് .. മേശപ്പുറത്തുനിന്ന് ടോർച്ചു തപ്പിയെടുത്ത് ഞാൻ കക്കൂസ് ലക്ഷ്യമായി പാഞ്ഞു.  പിന്നെ എത്ര തവണ ഓടിയെന്ന് ഓർമ്മയില്ല. കൂട്ടത്തിൽ ഓർക്കാനവും ശർദ്ധിലും തുടങ്ങി.    

 

എന്റെ ഒച്ചയും വിളിയും കേട്ടിട്ട് അമ്മയും വീട്ടിലുള്ളവരും ഉണർന്നു. ഞാൻ വയറമർത്തി പിടിച്ചു നിലത്തുകുത്തിയിരിക്കുകയാണ്. വയറ്റിനസുഖം വന്നാൽ അമ്മയുടെ ഒറ്റമൂലി കട്ടൻചായയിൽ ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് തരികയാണ്. അമ്മ വേഗം  കട്ടൻചായയുണ്ടാക്കി. ചായ കുടിച്ചിട്ടും ഒട്ടും രക്ഷയില്ല. പിന്നെയും എത്ര തവണ വയറൊഴിഞ്ഞു എന്നറിയില്ല. വീട്ടിൽ മറ്റുള്ളവർക്കാർക്കും വയറിനു ഒരു പ്രശ്‌നവുമില്ല. എന്താണ് എനിക്കുമാത്രം വയറിനസുഖം പിടിച്ചതെന്നു അമ്മയ്ക്ക് എത്ര ആലോചിട്ടും പിടികിട്ടിയില്ല. അമ്മ എത്ര കുത്തിചോദിച്ചിട്ടും ഞാനാകട്ടെ കരിങ്കുരങ്ങ് രസായനത്തിന്റെ കാര്യം പുറത്തുപറഞ്ഞതേയില്ല. നേരം പുലർന്നതോടെ ഞാൻ അവശനായി. ശരീരത്തിലെ ജലാംശം നഷ്ട്ടപ്പെട്ട അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ? ഞാൻ നിലവിളിക്കാൻ തുടങ്ങി ‘‘ഞാനിപ്പോ ചത്തുപോകുമേ ..എന്നെ ആശൂത്രി കൊണ്ടുപോ.. ’’. അപ്പൻ വേഗം അടുത്തുള്ള  ഏതോ വാടകജീപ്പ്  വിളിച്ചു എന്നെ താങ്ങിപ്പിടിച്ചു മോനി ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചു.

 

മോനിഡോക്ടരുടെ  ആശുപത്രി ഒരു ചെറിയ ക്ലിനിക് ആണ്. അന്നുമിന്നും ഞങ്ങളുടെ ഗ്രാമത്തിലെ രോഗികളുടെ അവസാന അത്താണിയാണ് മോനിഡോക്ടരുടെ ക്ലിനിക്. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ക്ലിനിക് ആയിരുന്നു മോനി ഡോക്ടറുടേത്. കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് വലിയൊരു ഫിഷ് ടാങ്കും മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന മിനിയേച്ചർ ടോയികളും കണ്ടു നിന്നാൽ സമയം പോകുന്നത് അറിയില്ല. മോനി ഡോക്ടർ നല്ല കൈപുണ്യമുള്ള  ഭിഷഗ്വരനാണ്. ഏതസുഖത്തിനും  മോനി ഡോക്ടറുടെ  ഒരു  സൂചിവെപ്പും മരുന്നും മതിയായിരുന്നു. ക്ലിനിക്കിന്റെ  താഴത്തെ നിലയിൽ അത്യാവശ്യം കിടത്തി ചികിത്സയും അന്നുണ്ടായിരുന്നു. എന്നെ കണ്ടതും മോനി ഡോക്ടർ താഴത്തെ നിലയിൽ  സ്‌ട്രെച്ചറിൽ കിടത്താൻ പറഞ്ഞു. ഡോക്ടർ വന്നു ഗ്ലൂക്കോസ് ഡ്രിപ്പിട്ടു. പിന്നെ എന്താണ് കഴിച്ചത് എന്നു കുത്തികുത്തിയുള്ള ചോദ്യമായി. മോനി ഡോക്ടറുടെ ക്രോസ് വിസ്താരത്തിനു മുമ്പിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല ഞാൻ കരിങ്കുരങ്ങു രസായനം ശാപ്പിട്ടകാര്യം തത്ത പറയുന്നതുപോലെ പറഞ്ഞു. കാര്യം പിടികിട്ടിയതോടെ അപ്പൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ പരുങ്ങിയുള്ള കിടപ്പും ഞരങ്ങലും കണ്ടിട്ട്  ഒന്നും മിണ്ടിയില്ല.

 

വൈകുന്നേരം ആയപ്പോൾ ഞാൻ ഒരുവിധം എഴുന്നേറ്റു നടക്കാൻ പരുവമായി.. ഡോക്ടർ ഇനി ഇത്തരം ലേഹ്യങ്ങൾ ഒന്നും വാങ്ങിക്കഴിക്കരുത് എന്ന് ഉപദേശിച്ചു വീട്ടിൽ ചെന്ന് കഴിക്കാൻ ഉള്ള മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തു. കുരങ്ങ് ചത്ത കാക്കാലനെപ്പോലെ വളിച്ച മുഖവുമായി ഞാൻ അപ്പനൊപ്പം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടൻ  അപ്പൻ എന്റെ കട്ടിലിന്റെ കീഴിൽ നിന്ന് കരിങ്കുരങ്ങു  രസായനം തപ്പി എടുത്തു  ജനലിൽ കൂടി പുറത്തേക്ക് ഒറ്റ ഏറുകൊടുത്തു.

 

എന്തായാലും രസായനം രണ്ടു മൂന്നു ദിവസക്ക് പണി തന്നു. അകത്തു കിടന്ന ഉരമരുന്നുവരെ പുറത്ത് വന്നതിന് ശേഷം ആണ് കരിങ്കുരങ്ങു രസായനം പ്രവർത്തനം  നിറുത്തിയത്..

 

English Summary: Memoir written by Samson Mathew

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com