‘എനിക്കുള്ള ഉച്ചയ്ക്കത്തെ പങ്ക് നമ്മുടെ അത്താഴമാക്കാം’ ഉച്ചയൂണ് ഉപേക്ഷിച്ച് പണി എടുക്കുന്ന അച്ഛന്റെ കഥ

father-and-daughter
പ്രതീകാത്മക ചിത്രം. Photocredit : NadyaEugene / Shutterstock
SHARE

ഉച്ചയൂണ് (കഥ)

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു കട്ടൻചായയും കുടിച്ച് രവി നേരെ പറമ്പിലേക്കിറങ്ങും. പറമ്പെന്ന് പറഞ്ഞാൽ അതിനുമാത്രമൊന്നുമില്ല.. വീടുൾപ്പെടെ പത്തു സെന്റ്. അതിൽ ഒരു ഭാഗം ചെറിയൊരു കോൺക്രീറ്റ് വീട്.. മറു ഭാഗം കൊച്ചു കൊച്ചു കൃഷികൾക്കായി ഉപയോഗിക്കുന്നു. കുറച്ച് ജാതി  മരങ്ങളുണ്ട്.. പിന്നെ അത്യാവശ്യം  പച്ചക്കറികളും.. വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കിട്ടി തുടങ്ങി.. ജാതി ഈ വർഷം കായ്ച്ചിട്ടെ ഉളളൂ. എങ്കിലും രവി വലിയ പ്രതീക്ഷയിലാണ്.. അതിൽ നിന്നു കിട്ടാൻ പോകുന്ന വരുമാനത്തെ ഓർത്ത്.. നുള്ളിപ്പെറുക്കി ജീവിതച്ചിലവുകൾക്ക് പുറകെ പായുന്ന ഒരു ഗൃഹനാഥന് അധികമായിക്കിട്ടുന്ന വരുമാനം എത്ര ചെറുതായാലും അതൊരു കൈതാങ്ങ് തന്നെയാണ്..

രവിയും ഭാര്യ സുമയും ഏക മകൾ ചാരുവും ആണ് ആ വീട്ടിൽ താമസിക്കുന്നത്.. രവിയുടെ മാതാപിതാക്കൾ അയാളുടെ ചെറുപ്പത്തിലേ മരിച്ചു. പിന്നെ ഇളയതുങ്ങളായ  മൂന്ന് പെൺകുട്ടികളുടെയും ചുമതല ഏറ്റെടുത്ത് അവരെ ഒരു നല്ല നിലയിൽ എത്തിച്ചതിനു ശേഷമാണ് അയാൾ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞത്...

എങ്കിലും ഒരു  നാട്ടിൻപുറത്തെ വർക്ക്‌ഷോപ്പിലെ മെക്കാനിക്കിനു കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിച്ച് ലളിതമായ എന്നാൽ സന്തോഷകരമായ ഒരു ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

മകൾ വലുതായി വരികയാണ്. ആവശ്യങ്ങളും കൂടുന്നുണ്ട്.. പഠനാവശ്യങ്ങളാണ് ഇപ്പോൾ കൂടുതൽ. അഞ്ചാം ക്ലാസ്സിലായി. പുതിയൊരു ആവശ്യവുമായി എത്തിയിട്ട് കുറച്ചു ദിവസമായി.. ഒരു ഇൻസ്‌ട്രുമെന്റ് ബോക്സ്‌. ടീച്ചർ ക്ലാസ്സിൽ ജ്യോമെട്രി എടുത്ത് തുടങ്ങിയത്രേ ഇനി ആ ബോക്സ്‌ നിർബന്ധം ആണെന്ന്...

ചാരു ബോക്സ്‌ ആവശ്യപ്പെട്ട് പിറ്റേ ദിവസം തന്നെ കുര്യച്ചന്റെ കടയിൽ കയറി വില ചോദിച്ചറിഞ്ഞിരുന്നു. നല്ലൊരു ബോക്സിന് നൂറ് രൂപയോളം വരുന്നുണ്ട്.. കയ്യിലിരിക്കുന്നത് എടുത്താൽ  സൊസൈറ്റിയിലെ ലോൺ അടവിൽ കുറവ് വരുമായിരുന്നതുകൊണ്ട് അന്ന് അത്‌ വാങ്ങാൻ പറ്റിയില്ല.. വീട് വെക്കുന്നതിനു വേണ്ടി എടുത്ത ലോൺ ആണ്. ഇനി രണ്ട് വർഷം കൂടി അടവുണ്ട്. നാട്ടിലെ വീടും പറമ്പും വീതം വച്ചപ്പോൾ രവിയുടെ ഭാഗം ഇളയപെങ്ങൾ എടുത്തിട്ട് കൊടുത്ത പൈസയും ലോണും കൊണ്ടാണ് വീട് വെച്ചത്. പഞ്ചായത്ത്‌ മെമ്പർ പുറകെ നടന്ന് പറഞ്ഞിരുന്നു  ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്താം, അപേക്ഷ നൽകാൻ. രവിക്ക് അത്‌ സമ്മതമായിരുന്നില്ല. കാരണം, തനിക്കിപ്പോൾ ജോലി എടുത്ത് ജീവിക്കാനാകുന്നുണ്ട്.. പക്ഷേ അതിനുപോലും സാധിക്കാത്ത ഒരുപാട് പേർ ആ നാട്ടിലുണ്ടെന്ന് അയാൾക്കറിയാമായിരുന്നു.. തന്നേക്കാളും അതിനർഹതപ്പെട്ടവർ ഉള്ളപ്പോൾ താൻ മൂലം അവരുടെ അവസരം നഷ്ടപ്പെടരുത് എന്ന ചിന്ത ആയിരുന്നു രവിക്ക്.

പറമ്പിലെ പണി കഴിഞ്ഞ് കുളിമുറിയിലേക്ക് നടക്കുമ്പോൾ കണ്ടു, ചാരു അടുക്കളപ്പടിയിൽ ഫോണും കുത്തി ഇരിക്കുന്നത്.

വർക്ക്‌ഷോപ്പിൽ പോയി തുടങ്ങിയപ്പോൾ മുതൽ പോകുമ്പോഴും വരുമ്പോഴും ബാലേട്ടനും കൂടെ ഉണ്ടാകും. വർക്ക്‌ഷോപ്പിന് അടുത്തുള്ള ഒരു പലചരക്കുകടയിൽ കണക്കെഴുത്തും സാധനങ്ങൾ എടുത്ത് കൊടുപ്പുമൊക്കെയായി നിൽക്കുകയാണ് ബാലേട്ടൻ. ഒരുകാലത്ത്  അയാളുടെ ഏക വരുമാന മാർഗ്ഗം അതായിരുന്നുവെങ്കിൽ ഇന്ന് അതിന്റെ ആവശ്യമൊന്നുമില്ല. ഒരു മകളുള്ളത് ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. മരുമകൻ ഗൾഫിലും. അവർ അവരെ നന്നായി നോക്കുന്നുമുണ്ട്. എങ്കിലും ഇത്രയും നാൾ അന്നം തന്ന ജോലി വിടാൻ ഒരു മടി. പിന്നെ ആരും തടസ്സം പറഞ്ഞില്ല. ബാലേട്ടന് മരുമകൻ ലീവിന് വന്നപ്പോൾ പുതിയൊരു ഫോൺ കൊടുത്തു. ബാലേട്ടൻ കണ്ടീട്ടുണ്ട് രവി പുറകുവശം പൊളിഞ്ഞിരിക്കുന്ന ഫോൺ റബ്ബർബാൻഡ് ഇട്ട് മുറുക്കി വച്ച് കൊണ്ട് നടക്കുന്നത്. മാറ്റാൻ എപ്പോഴും പറയുമെങ്കിലും രവി കൂട്ടാക്കാറില്ല.. വിളിച്ചാൽ മതിയല്ലോ.. ആ കാര്യം നടക്കുന്നുണ്ട്.. അപ്പൊ പിന്നെ തൽക്കാലം ഇങ്ങനെ തന്നെ പോട്ടെ..

അങ്ങനെയാണ് ബാലേട്ടൻ പുതിയ ഫോൺ കിട്ടിയപ്പോൾ തന്റെ പഴയ ഫോൺ രവിക്ക് കൊടുക്കുന്നത്. ബാലേട്ടനായത് കൊണ്ട് രവി സങ്കോചമില്ലാതെ വാങ്ങി. അതുകൊണ്ടിപ്പോൾ ഗുണമുണ്ട് താനും.. രവിയുടെ പഴയ ഫോൺ വീട്ടിൽ വച്ചിട്ട് പോകാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.. അല്ലെങ്കിൽ രവി അയൽവക്കത്ത് വിളിച്ചാണ് പറഞ്ഞേൽപ്പിക്കുക... സുമക്കാണെങ്കിൽ  മടിയായിരുന്നു അവരെക്കൊണ്ട് വിളിപ്പിക്കാൻ. അതിനൊരു ആശ്വാസവുമായി.

വീട്ടിലുള്ളപ്പോഴൊക്കെ ചാരു സൂത്രത്തിൽ ഫോൺ എടുത്ത് കൊണ്ടുപോകും അതിൽ എന്തൊക്കെയോ കളികൾ ഉണ്ടത്രേ.. ആർക്കറിയാം അതൊക്കെ..

ചാരുവിന്  ഫോൺ കുത്തൽ കുറച്ച് കൂടുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല.

കുളി കഴിഞ്ഞു വരുമ്പോഴും ചാരു ഫോണിൽ തന്നെ..

ചാരൂന് ക്ലാസ്സില്ലേ ഇന്ന്..

ഇന്ന് ശനിയാഴ്ചയല്ലേ അച്ഛാ..

ഓ മറന്നു..

അപ്പൊ ഒരാഴ്ചയായി ചാരു ബോക്സ്‌ വാങ്ങാൻ പറഞ്ഞിട്ട്.. 

അന്ന് ആവശ്യം പറഞ്ഞതല്ലാതെ പിന്നീട്  ഒരു ദിവസം പോലും അതിനെ പറ്റി ചോദിച്ചിട്ടില്ല. പക്ഷേ എന്നും ജോലി കഴിഞ്ഞ് വരുമ്പോഴേക്കും പഠിക്കുന്നിടത്തുനിന്നും എഴുന്നേറ്റ് ഓടി വരും വരാന്തയിലേക്ക്. വന്ന് നിന്ന് കയ്യിലേക്ക് നോക്കും. ഇല്ലാന്ന് കാണുമ്പോൾ തിരിച്ചു പോകും. കൂട്ടുകാർക്കൊക്കെ വാങ്ങിക്കാണും.. കുഞ്ഞു മനസ്സല്ലേ.. വിഷമം ഉണ്ടാകും.. അത്‌ കാണുമ്പോൾ മനസ്സിനൊരു വിഷമമാണ്.. സുമ സാരമില്ലെന്ന് കണ്ണടച്ച് കാണിക്കും.

റെഡിയായി ചായകുടിച്ച് ഇറങ്ങാൻ നിൽക്കുമ്പോൾ സുമ പറഞ്ഞു..

രവിയേട്ടാ ഇന്ന് അരി വാങ്ങണട്ടോ..

അരി ഇത്ര പെട്ടെന്ന് തീർന്നോ..

ആഹാ.. നല്ല കഥ.. കഴിഞ്ഞയാഴ്ച്ച ആകെ മൂന്നര കിലോ അരിയാ വാങ്ങിയത്.. ഇത്രേം ദിവസം എത്തിച്ചത് എങ്ങിനെയാന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ.. 

അതുമല്ല രവിയേട്ടൻ ഈ ആഴ്ച ഉച്ചക്ക് വന്നുമില്ലല്ലോ.. അതുകൊണ്ട് ഞാനത് രാത്രി  കഞ്ഞിയാക്കി.. അങ്ങനെയൊക്കെയാ ഇതുവരെ എത്തിച്ചത്.. ഇനി രക്ഷയില്ല..

രവി സുമയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് കവിളിൽ ഒന്ന് തട്ടിയിട്ട് ഇറങ്ങുമ്പോൾ ഓർക്കുകയായിരുന്നു അതു കൊണ്ട് തന്നെയാടോ ഞാൻ ഈ ആഴ്ച ഉച്ചക്ക് വരാതിരുന്നത്...അതുമല്ല അരി വാങ്ങുന്നത് ഒന്ന് നീട്ടി വച്ചില്ലെങ്കിൽ ചാരൂന്റെ വിഷമം അത്രേം കൂടുതൽ കാണേണ്ടി വരും.. പിന്നെ അത്രയും ദിവസത്തെ ബസ് കാശും ലാഭിക്കാം. 

വർക്ക്‌ഷോപ്പിൽ രവിയെ കൂടാതെ രണ്ട് പേർ കൂടിയുണ്ട്. ആ നാട്ടിൽ കിട്ടുന്ന ചെറിയ ചെറിയ പണികളുമായങ്ങനെ മുന്നോട്ട് പോകുന്ന ചെറിയൊരു വർക്ക്‌ ഷോപ്പ് ആണ് അത്. മുതലാളിക്ക്‌ വണ്ടികളോട് കുറച്ച് ഭ്രമമുള്ളതുകൊണ്ട് ഇടക്ക് അയാളും അവരോടൊപ്പം പണിക്ക് കൂടും.. ഇപ്പൊ കുറച്ച് ദിവസമായീട്ട് വരുന്നില്ല.. എതോ വണ്ടി കച്ചോടമായീട്ട് കോട്ടയത്തേക്ക് പോകുവാണെന്ന് അവസാനം വന്നപ്പോൾ പറഞ്ഞിരുന്നു. ഉണ്ടായിരുന്നെങ്കിൽ അഡ്വാൻസ് എങ്കിലും ചോദിക്കാമായിരുന്നു. നേരോം കാലോം ഒക്കെ നോക്കി ചോദിക്കണം. എങ്കിലേ കിട്ടൂ. അതാണ് ഫോണിൽ ചോദിക്കാതിരുന്നത്.. ഓരോന്നാലോചിച്ച് പണികളൊന്നൊന്നായി ചെയ്തുകൊണ്ടിരുന്നത് കാരണം സമയം പോയതറിഞ്ഞില്ല.. കൂടെയുള്ളവർ പറഞ്ഞപ്പോഴാണ് ഊണിനു സമയമായെന്നറിഞ്ഞത്.. അവരും വീട്ടിൽ പോയാണ് കഴിക്കാറ്. അവരോട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞ് രവി ജോലി തുടർന്നു. കുറച്ച് കഴിഞ്ഞപ്പോൾ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ജോലി നിറുത്തി എഴുന്നേറ്റ് ഡ്രസ്സ് മാറി ഇട്ടിരിക്കുന്നിടത്ത് ചെന്ന് പേഴ്സ് എടുത്ത് അതിലുള്ള പണം എണ്ണി നോക്കി.. ശമ്പളം കിട്ടി കഴിഞ്ഞാൽ ആദ്യം ജോലിക്ക് പോയി വരാനുള്ള ബസ് കാശ് മാറ്റിവെക്കും.. 

എല്ലാ ചിലവും കഴിഞ്ഞ് മിക്കവാറും അത്‌ മാത്രമേ കയ്യിലുണ്ടാവുകയുള്ളു.. പിന്നെ വാഹനങ്ങൾ നന്നാക്കാൻ വരുന്നവർ ചെറിയ ടിപ്പ് എന്തെങ്കിലും  കൊടുക്കുകയാണെങ്കിൽ  അതുമുണ്ടാകും.. വളരെ അപൂർവമായേ അത്‌ കിട്ടാറുള്ളൂ. ഈ  മാസം ഇതുവരെ  ഒന്നും കിട്ടിയുമില്ല.. ഇന്നത്തെ ഉച്ചയ്ക്കലെ ബസ് കാശും കൂടി മാറ്റി വെച്ചാൽ ബോക്സ്‌ വാങ്ങാനുള്ള പൈസ ആകും. രവി ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി പണം പേഴ്സിലേക്ക് തിരികെ വച്ചു.. എന്തായാലും ഒരു ചായ എങ്കിലും കുടിക്കാതെ വൈകുന്നേരം വരെ എത്തിക്കാൻ സാധിക്കില്ല.

ഊണുകഴിക്കാൻ പോയവർ തിരിച്ചെത്തിയപ്പോൾ രവി പുറത്തേക്കിറങ്ങി. ആ ഏരിയയിൽ ആകെയുള്ള ഹോട്ടലിലേക്കാണ് രവി ചെന്നുകയറിയത്. ഹോട്ടൽ എന്ന് പറഞ്ഞുകൂടാ ഒരു ചായക്കടയുടെ രൂപഘടനയാണ് എന്നാൽ ഊണുൾപ്പെടെ എല്ലാം ലഭിക്കും. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു 

ഹലോ..

ഹലോ.. അച്ഛാ.. എവിടെയാ.. ഊണ് കഴിക്കാൻ വരുന്നില്ലേ.. 

ങാ മോളെ.. അച്ഛൻ പുറത്തൂന്ന് കഴിക്കുവാണല്ലോ.. നിങ്ങൾ കഴിച്ചോളൂ..

അച്ഛനിപ്പോ എന്നും പുറത്ത് നിന്നാണല്ലോ കഴിക്കുന്നത്.. പുറത്തെ ഭക്ഷണത്തോട് പ്രിയമേറിയോ ..

ശരി നിങ്ങൾ കഴിച്ചോളൂ.. അയാൾ ചിരിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു. എനിക്കുള്ള പങ്ക് നമ്മുടെ അത്താഴമാക്കാം മോളെ.. അയാൾ മനസിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റു 

എത്രയായി അനി?..

എന്റെ രവിയേട്ടാ.. ഈ കാലി ചായക്ക് എത്രയാന്ന് ഇനിയും ഞാൻ പറയണോ.. ഈ നേരത്ത് ചായകുടിക്കാതെ ഊണ് കഴിക്കാൻ എത്രപറഞ്ഞാലും നിങ്ങള് കേൾക്കില്ലാലോ..

രവി പൈസ കൊടുത്ത്, മുണ്ടോന്ന് മുറുക്കി ഉടുത്ത്, കത്തിക്കാളുന്ന വെയിലിലേക്ക് ചിരിച്ചും കൊണ്ട് ഇറങ്ങുമ്പോൾ ഷർട്ടിന്റെ  പോക്കറ്റിൽ ഒന്ന് അമർത്തിപിടിച്ചുകൊണ്ട് ഓർത്തു ഇന്നെന്തായാലും മോൾക്ക് ഇൻസ്‌ട്രുമെന്റ് ബോക്സ്‌ വാങ്ങാം...

English Summary: Uchayoonu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;