ADVERTISEMENT

ഒരു ഗുസ്ത കഥ

 

ഒരു കൊറോണ എന്ന വൈറസിന് നമ്മുടെ ജീവിതത്തെ ഇത്ര മാറ്റിമറക്കാൻ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ആദ്യം അങ്ങകലെ ചൈനയിൽ ഒരു പുതിയ വൈറസ് ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു, അത് ചൈനയിൽ അല്ലെ, നമ്മൾ എന്തിനു പേടിക്കണം. പക്ഷേ അത് വന്നു വന്ന് അടുത്തെത്തിയപ്പോൾ ആണ് അവൻ ചില്ലറക്കാരൻ അല്ല എന്ന് മനസ്സിലായത്.

 

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി... കൊറോണ ഇന്ന് പോകും നാളെ പോകും എന്നു വിചാരിച്ചു ക്ഷമയോടെ കാത്തിരുന്നു... എവിടെ.... പോകാനുള്ള മട്ടൊന്നുമില്ല... വീടിനുള്ളിൽ തന്നെ.... നാട്ടുകാരുമായി അധികം സമ്പർക്കം ഇല്ലാതെ കഴിയുക എന്ന സാഹസിക യാത്ര മുന്നോട്ടു പൊയ്കൊണ്ടിരുന്നു..

 

നാളുകൾ കടന്നു പോയി, ഈസ്റ്ററും ഓണവും ഒരു തരത്തിൽ കടത്തി വിട്ടു. വേനൽക്കാല അവധിക്കു ശേഷം വീണ്ടും കുട്ടികളുടെ സ്‌കൂൾ തുറന്നു. ഓൺലൈൻ വേണമോ അതെയോ സ്‌കൂളിൽ പോകണമോ എന്ന ആശയകുഴപ്പത്തിനിടയിൽ അവസാനം ഓൺലൈൻ തന്നെ എന്ന് തീരുമാനിച്ചു കുട്ടികളെ വീട്ടിൽ ഇരുത്തി.

 

സ്‌കൂളിൽ ക്ലാസുകൾ ഉള്ളതിനാൽ  ക്ലാസ്സിൽ പഠിപ്പിക്കുന്നത്  വീട്ടിലിരിക്കുന്ന കുട്ടികളെ കൂടി കാണിച്ചു പഠിപ്പിക്കുക എന്ന രീതിയാണ് അധ്യാപകർ സ്വീകരിച്ചത്. അങ്ങനെ എന്റെ രണ്ട്‌ കുട്ടികളും വീടിന്റെ ഓരോ മുറികളിൽ ഇരിപ്പുറപ്പിച്ചു. എല്ലാ ദിവസവും പല അധ്യാപകരുടെയും ശബ്‌ദങ്ങൾ വീടിനുള്ളിൽ മുഴങ്ങി കേട്ടു. അത് കൂടാതെ ഭർത്താവ്‌ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ ഭാഗമായുള്ള ആരവങ്ങളും. ഇതിനെല്ലാം ദൃക്‌സാക്ഷിയായി ഞാൻ മാത്രം. പലപ്പോഴും സ്‌കൂളും ഓഫീസും വീട്ടിൽ എത്തിയതു പോലെ തോന്നും, കൊറോണയുടെ ഒരോരോ വികൃതികൾ.

 

ഇതിൽ ഏറ്റവും രസകരമായി തോന്നിയത് സ്പാനിഷ് ക്ലാസ് ആണ്. സ്പാനിഷ് തീരെ വശമില്ലാത്തതു കൊണ്ട് എനിക്ക് അതിലെ വാക്കുകളും സംഭാഷങ്ങളുമെല്ലാം കൗതുകമായി തോന്നി. ഒരിക്കൽ രണ്ടാം ക്ലാസ്സിലെ മകന്റെ ക്ലാസിൽ സ്പാനിഷ് ടീച്ചർ വന്നിട്ട് ‘‘Me Gusta’’ എന്ന് പല പ്രാവശ്യം പറയുന്നു,ഒരു നിമിഷം ഞാൻ വിചാരിച്ചു, ടീച്ചർ ഇനി വല്ല ഗുസ്തിയും ആണോ പഠിപ്പിക്കുന്നത്. പിന്നെ ആണ് മനസിലായത് ‘Me Gusta’ എന്ന് പറഞ്ഞാൽ ‘I like’ എന്ന് ആണെന്ന്.

 

അങ്ങനെ ഒരു ‘ഗുസ്ത’ കഥ ഒക്കെ കഴിഞ്ഞ് എന്റെ ഉള്ളിലെ കൗതുകമൊക്കെ ഒന്ന് അടങ്ങി കഴിഞ്ഞപ്പോൾ അതാ വീണ്ടും അടുത്ത മുറിയിൽ നിന്ന് കേൾക്കുന്നു ‘മേ ഗുസ്താ..’ രണ്ടാം ക്ലാസിലെ ഗുസ്ത പഠിപ്പിക്കൽ കഴിഞ്ഞു ടീച്ചർ നേരെ പോയത് അഞ്ചാം ക്ലാസ്സിലേക്കായിരുന്നു. ശരിക്കും ഇതെല്ലാം സ്‌കൂളിൽ നടക്കുന്ന അഭ്യാസങ്ങൾ ആണെങ്കിലും പ്രതിഫലിക്കുന്നത് നമ്മുടെ വീടിന്റെ അകത്തളങ്ങിലാണ്. പാവം സ്പാനിഷ് ടീച്ചർ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

 

അങ്ങനെ  എല്ലാ ബുധനാഴ്ചകളിലും ഇങ്ങനെ ഉള്ള ഒരോ പുതിയ ഗുസ്ത കഥകളുമായി ഒരു വീട്ടമ്മയുടെ  ജീവിതം മുൻപോട്ടു പോകുന്നു... കോറോണയുടെ ഒരു ഗുസ്ത വികൃതികൾ.

 

English Summary: Memoir written by Jeena Sandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com