ADVERTISEMENT

അകം (കഥ)

 

കായലിലെ കുഞ്ഞോളങ്ങളെ പുൽകി പ്രഭാതസൂര്യൻ ജ്വലിച്ചു. അതിന്റെ പ്രതിഫലനത്തിൽ  മുഖം തിളക്കമാർന്നതായി  എങ്കിലും ആ  കുഞ്ഞു മനസിന്റെ സങ്കടങ്ങൾ മായ്ക്കുവാൻ  അവയ്ക്ക് കഴിഞ്ഞില്ല.. . കുടുംബത്തിന്റെ സമ്പത് വ്യവസ്ഥയിൽ ഉണ്ടായ താളപ്പിഴകൾ കൊണ്ട് നഗരത്തിലെ ആംഗലേയ വിദ്യാലയത്തിൽ നിന്നും നാട്ടിൻപ്പുറത്തെ സർക്കാർ വിദ്യാലയത്തിലേക്ക് അവൾ പറിച്ചു മാറ്റപ്പെട്ടു.. കായലിനക്കരെ ചുവന്ന നിറത്തിലെ ഓടുകളാൽ മേഞ്ഞ തൂവെള്ള നിറത്തിലുള്ള തന്റെ പുതിയ വിദ്യാലയം.. ആഢ്യത്വമേറിയ നായർ തറവാടിന്റെ രൂപ സാദൃശ്യം ആയിരുന്നു ആ വിദ്യാലയത്തിന്.. കായൽത്തീരത്തെ പുൽകി നിൽക്കുന്ന ആ സരസ്വതീക്ഷേത്രത്തെ ഇക്കരെ നിന്നു കാണാൻ എന്താ അഴക്...

 

വായുടെ ഒരു കോണിലിട്ട് മുറുക്കാൻ മുറുക്കി, കഴുക്കോൽ ആഴത്തിലൂന്നി തോണിക്കാരൻ ഇക്കരയ്ക്കു വന്നുകൊണ്ടിരുന്നു.. തന്റെ കുഞ്ഞ് അനുജനെയും കൂട്ടി, മറ്റ് കുട്ടികൾക്കൊപ്പം  വഞ്ചിയിലേറുമ്പോൾ ആദ്യ ദിനങ്ങളിൽ അതിൽ കയറിപ്പറ്റാൻ ഉണ്ടായ ഭയപ്പാടുകൾ പിന്നീട് പാടെ ഇല്ലാതാവുകയായിരുന്നു... യാത്രക്കാർ ഇരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരിക്കുവാൻ കുട്ടികളെ അനുവദിക്കില്ല.. കുട്ടികളുടെ സുരക്ഷയെ കരുതി ആവണം തോണിക്കാരൻ അതിനു അനുവദിക്കാത്തത്.. 

 

കോഴിക്കുഞ്ഞുങ്ങൾ തള്ളക്കോഴിയുടെ ചിറകിനടിയിൽ പ്രാണരക്ഷാർത്ഥം പമ്മി  ഇരിക്കുന്നവണ്ണം വഞ്ചിയുടെ താഴ്ഭാഗത്ത്‌ കുട്ടികൾ പമ്മി ഇരിക്കുമായിരുന്നു... വള്ളപ്പടിമേൽ ഇരുന്ന് യാത്രചെയ്യുന്ന മുതിർന്നവരോട് അപ്പോൾ വല്ലാത്ത അസൂയ തോന്നിയിരുന്നു.. എന്നെങ്കിലും ഒരു ദിനം വള്ളപ്പടിമേൽ ഇരുന്നു, ഇളങ്കാറ്റേറ്റ് താനും യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടു.. 

 

മനോഹരമായ ഒരു കായൽ യാത്ര കഴിഞ്ഞാണ് സ്കൂളിൽ എത്തുന്നത്.. ചെറു  വള്ളങ്ങളിൽ ഉപജീവനം തേടുന്ന മുക്കുവർ, കായൽപ്പരപ്പിൽ നമ്രശിരസ്ക്കരായി ചീനവലകൾ, കായൽപ്പരപ്പിൽ ഇടയ്ക്കിടെ എന്നോട് വന്ന് പരിഭവം പറഞ്ഞു നിമിഷത്തിൽ മറയുന്ന നക്ഷത്രക്കണ്ണികൾ, ഭംഗിയിൽ പിന്നിയ വാർമുടിവണ്ണം കായലിനിരുവശത്തും തിങ്ങിനിൽക്കുന്ന കേരനിരകൾ, അതിനിടയിലൂടെ കാണുന്ന ചെറുകുടിലുകൾ... കായലിലൂടെ ഒഴുകിവരുന്ന ‘‘ചൊറി’’കളുടെ എണ്ണമെടുക്കൽ ആയിരുന്നു ആ സമയത്തെ കുട്ടികളുടെ നേരമ്പോക്ക്. തോണി അക്കരക്ക് എത്തുന്നതിനകം ഒരു പത്തുനൂറെണ്ണമെങ്കിലും അവർ എണ്ണിക്കഴിഞ്ഞിരിക്കും. വഞ്ചിയിലുള്ള വികൃതിക്കുരുന്നുകളെ തോണിക്കാരൻ ഇടയ്ക്കിടെ ശകാരത്താൽ അടക്കിയിരുത്തുമായിരുന്നു.  

 

തോണിയിറങ്ങുന്നത് വിദ്യാലയത്തിന്റെ കല്പടവുകളിലേയ്ക്കാണ്. കായലിനേയും സ്കൂൾമുറ്റത്തേയും വേർതിരിക്കുന്ന ചെറിയൊരു അരഭിത്തിയല്ലാതെ മറ്റ് ചുറ്റുമതിലുകളൊന്നും ആ വിദ്യാലയത്തിന്  ഉണ്ടായിരുന്നില്ല. കടത്ത് ഇറങ്ങുന്നത് സ്കൂൾ അങ്കണത്തിന്റെ ഒരു വശത്ത് തന്നെയായതിനാൽ സ്കൂൾ അസംബ്‌ളി, വഞ്ചിക്കായി കാത്തുനിൽക്കുന്ന യാത്രക്കാരിലും കൗതുകമുണർത്തി.. അസംബ്‌ളിയിലെ പ്രാർത്ഥനയും,  ദേശീയഗാനവും മറുകരയിൽ പ്രതിധ്വനിച്ചു. മനസ്സിനും ശരീരത്തിനും അത് പുതിയ ഉന്മേഷം നൽകി. 

 

ദിവസങ്ങൾ വേണ്ടിവന്നു പുതിയ വിദ്യാലയവുമായി പൊരുത്തപ്പെടാൻ.. അടച്ചുമൂടികെട്ടിയതും പെരുമാറ്റത്തിലും, അച്ചടക്കത്തിലും, കൃത്യനിഷ്ടയിലും അങ്ങേയറ്റം മര്യാദകൾ പാലിക്കപ്പെട്ട ഒരു കോൺവന്റ് സ്കൂളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു പറിച്ചുനടീൽ ആയിരുന്നു അത്. ഒരു ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടത്തിൽ നിന്നും വന്ന കുട്ടിയായതിനാൽ അധ്യാപകർക്കിടയിലും,കൂട്ടുകാർക്കിടയിലും അവൾക്കും സ്വല്പം പ്രാധാന്യമൊക്കെ വന്നുചേർന്നുവെന്ന്‌ തോന്നിത്തുടങ്ങി. പതുക്കെ പതുക്കെ ആ സരസ്വതീക്ഷേത്രം അവൾക്ക് പ്രിയമാർന്നതായി മാറി...

 

കായൽ കുഞ്ഞോളങ്ങളെ തഴുകി വരുന്ന കുളിർ കാറ്റിന്റെ ശീതളത, ശീതീകരണ മുറിയെക്കാൾ ഊഷ്മളത അവളുടെ ക്ലാസ്സ്‌റൂമിനേകി.. എഞ്ചിൻ വെച്ച മത്സ്യബന്ധന യാനങ്ങളും, വിദേശികളും സ്വദേശികളുമായി ദീർഘദൂര സർവീസ് നടത്തുന്ന ലൈൻ ബോട്ടുകളുടെയും ശബ്ദം ക്ലാസ്സ്‌റൂമിന്റെ പഠനാന്തരീക്ഷത്തിന് ഇടയ്ക്കിടെ അരോചകത ഉണ്ടാക്കുന്നതൊഴിച്ചാൽ അവളുടെ പഠനവും പഠന പ്രവർത്തനങ്ങളും അതിഗംഭീരമായി മുന്നോട്ടു നീങ്ങി.. കലാന്തരങ്ങൾക്കപ്പുറവും ഓർമിക്കപ്പെടാൻ പാകത്തിലുള്ള ചില സൗഹൃദങ്ങളും ആ കലാലയം അവൾക്കു സമ്മാനിച്ചു.. 

 

മാസങ്ങൾക്കുള്ളിൽ തന്നെ കലാലയത്തിന്റെ വർണോത്സവമായ കലോത്സവവും വന്നെത്തി. സബ്ജില്ലാ തലത്തിൽ മലയാളം പദ്യപാരായണത്തിനായ് മത്സരിക്കുവാൻ ഇക്കുറി നറുക്ക് വീണത് അവൾക്കായിരുന്നു.. ദിവസങ്ങളെടുത്തുള്ള പരിശീലനം. ക്ലാസ്സ്‌ടീച്ചർ തന്നെയായിരുന്നു ആ ഉദ്യമത്തിന് നേതൃത്വം നൽകിയത്. മധ്യവയസ്‌കയായ ടീച്ചറുടെ മധുരമേറിയ ശബ്ദത്തിന് പതിനേഴു വയസ്സിന്റെ നൈർമല്യമായിരുന്നു. ഗുരുശിഷ്യ  ബന്ധത്തിന്റെ ആഴത്തെ തൊട്ടറിഞ്ഞ നിമിഷങ്ങൾ. ഒഴിവ് ദിവസങ്ങളിൽ പോലും ടീച്ചറവളെ തന്റെ വീട്ടിൽ കൂട്ടികൊണ്ടുപോയി കവിതയോടൊപ്പം സ്നേഹം കൂടിയാണ് പകർന്നു നൽകിയത്.. 

 

ക്രമേണ കവിതയോടൊപ്പം ടീച്ചറും അവളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. കലോത്സവം നടക്കുന്ന സ്കൂളിലേക്കും അവളെ അനുഗമിച്ചത് ടീച്ചർ തന്നെയായിരുന്നു.. പേര് രജിസ്റ്റർ ചെയ്ത് ചെസ്റ്റ്നമ്പർ വാങ്ങി ഊഴത്തിനായ് കാത്തുനിൽക്കുമ്പോഴും, തനിക്ക് വേണ്ട ധൈര്യവും, ആത്മവിശ്വാസവും പകർന്നുതന്ന് ടീച്ചറും ഒപ്പം തന്നെയുണ്ടായിരുന്നു.. കാതിൽ ചെസ്റ്റ്നമ്പർ മുഴങ്ങിയ മാത്രയിൽ, സ്നേഹാശ്ലേഷങ്ങളോടെ ടീച്ചറവളെ വേദിയിലേക്ക് കടത്തിവിട്ടു. 

 

മൈക്കിന് മുന്നിൽ നിൽക്കുമ്പോഴും വരാന്തയിൽ തന്റെ പ്രിയ ശിഷ്യയുടെ വരികൾക്കായ് കാതോർത്ത്, കൺകൂമ്പി നിൽക്കുന്ന ടീച്ചറെ അവൾക്ക് വ്യക്തമായി കാണാമായിരുന്നു. സിസ്റ്റർ മേരി ബനിജ്‌ഞയുടെ ‘കവനമേള’യിലെ മനോഹരമായ വരികൾ :

‘‘സ്വാഗതം കുഞ്ഞിക്കാറ്റേ കുഞ്ഞിളംങ്കാറ്റേ നിന്റെ, ആഗമം പ്രതീക്ഷിച്ചു തന്നെ ഞാനിരിക്കുന്നു...’’ 

 

വരികളുടെ ഈണമോ  അർത്ഥഗാംഭീര്യമോ, ഉൾക്കൊണ്ടായിരിക്കുമോ ആ ഏഴുവയസ്സുകാരി അത്‌ ആലപിച്ചിട്ടുണ്ടാവുക എന്നതിൽ സന്ദേഹമുണ്ടെങ്കിലും ഓർമ്മയിൽ ചന്ദനമണമുള്ള കുഞ്ഞിളംങ്കാറ്റ് ഇപ്പോഴും അവളുടെ സ്മൃതിമണ്ഡലത്തെ തഴുകി തലോടുന്നുണ്ടാകും! ആലാപനത്തിന് ശേഷം തിരികെ തന്റെ ടീച്ചറുടെ അടുത്തേക്ക് മടങ്ങിയെത്തിയപ്പോൾ ലോകമവൾക്ക് കീഴടക്കപ്പെട്ടുവെന്ന് തോന്നി! പിന്നെയുണ്ടായത് ശുഭപ്രതീക്ഷയോടുള്ള ഒരു കാത്തിരിപ്പായിരുന്നു... 

 

പല വേദികളിലായി പലയിനങ്ങളുടെ മത്സരങ്ങൾ വേദികളിൽ തകൃതിയായി നടക്കുന്നെങ്കിലും, അവയൊന്ന് കാണുവാനോ, ആസ്വദിക്കുവാനോ മനസ്സനുവദിക്കാതെ, സൂര്യന്റെ ചാരവർണ്ണ  നേത്രങ്ങളിൽ ജ്വലിച്ച്‌ നിൽക്കുന്ന തീകുണ്ഡം പോലെ, ആ മൈതാനത്തു പൂത്തുലഞ്ഞു നിന്ന വാകമരച്ചോട്ടിൽ അക്ഷമയോടെ അവളും ടീച്ചറും ഫലത്തിനായ് കാത്തിരുന്നു... 

 

കാതോർക്കവേ, വഴിതെറ്റി വന്നുവെന്ന് തോന്നിക്കവണ്ണം ഒരു ഫലപ്രഖ്യാപനമാണുണ്ടായത്.. ഒന്നുകൂടി അവൾ കാതോർത്തു... അതെ, ഫലം തെറ്റി വന്നിരിക്കുന്നു. അവളെ സംബന്ധിച്ചടത്തോളം ഒന്നാമതെത്താനായിട്ടാണ് അവൾ മത്സരിച്ചത്.. പിന്നെങ്ങനെ ഫലം ശരിയാകും? തന്റെ ചുമലിൽ പതിഞ്ഞ ടീച്ചറുടെ തണുത്തുറഞ്ഞ കൈത്തലങ്ങൾ അവളെ യഥാർഥ്യങ്ങളിലേക്ക് മടക്കി കൊണ്ടുവന്നു.. മനശക്തി ക്ഷയിച്ച്‌ ദയനീയമായി ടീച്ചറുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുനീർ കവിളിൽ പ്രവാഹം തുടങ്ങി.. ആശ്വസിപ്പിക്കാൻ ടീച്ചർ പറഞ്ഞ വാക്കുകളിലെ പതർച്ചയും അവൾ തിരിച്ചറിഞ്ഞു.. 

 

വിജയപരാജയങ്ങൾ ഒരുപോലെ നേരിടാനുള്ള കരുത്താർജിക്കാൻ ടീച്ചറവളെ പഠിപ്പിച്ചു.. ടീച്ചറുടെ ആശ്വാസവാക്കുകൾക്കും സാന്ത്വനങ്ങൾക്കും തന്റെ കണ്ണുനീർധാരയ്ക്കു തത്കാലം തടയിണ തീർക്കുവാൻ കഴിഞ്ഞെങ്കിലും ആ കുഞ്ഞു മനസ്സിനകത്തളത്തിൽ ഒരു വിങ്ങുന്ന നോവായത് അവശേഷിച്ചു.. ആസ്വാദകർക്ക് നയനാനുഭൂതി പകർന്ന്, രക്തനിറമുള്ള വാകപ്പൂക്കൾ സ്വയം പൊഴിക്കുന്ന വാകമരത്തിന്റെ അകത്തളം പോലെ !!!....

 

English Summary: Akam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com