ജനിച്ചുവളർന്ന നാടും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത ഓർമകളും!

memoir
SHARE

ഒരു വർഷത്തേക്കുള്ള എല്ലാ അവധിയും കൂട്ടി വച്ച് ഒരു മെയ്മാസത്തിലെ അവസാനത്താഴ്ച ഞാൻ നാട്ടിലെത്തി. ഓരോ പ്രാവശ്യം തിരിച്ചു പോകുമ്പോളും തിരിച്ച് നാട്ടിലേക്കെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങും. അതിവേഗത്തിൽ പായുന്ന കൃത്രിമമായ ജീവിതത്തിൽ നിന്നുള്ള താൽക്കാലികമായ രക്ഷപ്പെടൽ. അങ്ങനെ നീണ്ട രണ്ടു വർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം നാട്ടിലെത്തിയതാണ്. 

അമ്മ കൊണ്ടു തന്ന ചൂടു കാപ്പി എടുത്തു കൊണ്ട് വീടിന്റെ മുൻവശത്തിട്ടിരുന്ന ചൂരൽ കസേരയിൽ ഞാൻ ഇരുന്നു. അവിടെ ഇരുന്നാൽ മുറ്റവും മുന്നിൽക്കൂടി പോകുന്ന ടാറിട്ട റോഡും കാണാം. ആളുകളും വാഹനങ്ങളും ഇടവിടാതെ കടന്നു പോകുന്നു. 

ഒരു കവിൾ എടുക്കാൻ ചായ  ചുണ്ടോടടുപ്പിച്ചപ്പോൾ ഒരു പ്രത്യേകമണം. ഏലക്കയും മറ്റുമൊക്കെ ചേർത്ത് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. ഞാൻ വന്നതുകൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയതാണ്. ഇതിനു മുൻപ് ഇങ്ങനെ ഒരു ചായ ഞാൻ കുടിച്ച ഒർമ്മയില്ല. ഇത്രയും കാലം കാണാതിരുന്നപ്പോൾ തരാൻ പറ്റാതിരുന്ന സ്നേഹം മുഴുവൻ ഒരു ചായയിൽ ചേർത്ത് ഉണ്ടാക്കിയിരിക്കുന്നു, അതു ഞാൻ ചുണ്ടോട് ചേർത്ത് ഒരു കവിൾ ഇറക്കി. എന്തൊരു സ്വാദ് !!

ഇടവപ്പാതി ഇനിയും ആരംഭിച്ചിട്ടില്ല. കനത്ത ചൂട്, പറമ്പിലെ പുൽനാമ്പുകളൊക്കെ ഉണങ്ങി നിൽക്കുന്നു. വരണ്ടു കിടക്കുന്ന ചുവന്ന മണ്ണിലേക്ക് സൂര്യൻ ആഴ്ന്നിറങ്ങുന്നു. കുറച്ചു ദൂരെപറമ്പിൽ അടുത്ത വീട്ടിലെ പശു വെയിലിൽ നിന്നു മാറി ഒരു മരത്തണലിൽ വിശ്രമിക്കുന്നതു കാണാം. ഉച്ചതിരിഞ്ഞതു കൊണ്ട് ചൂടിന് അല്പം ശമനം ഉണ്ട്. എങ്കിലും എനിക്ക് ആ ചൂട് അസഹനീയമായി തോന്നി. ഇത്രയും കാലം മാറി നിന്നപ്പോൾ ശരീരം നാടിന്റെ പ്രകൃതിയുമായി ഒരു അകലം സ്ഥാപിച്ച പോലെ. അതിന്നോടിണങ്ങാൻ ഒരു വൈമുഖ്യം കാണിക്കുന്നു. അടുത്തു കിടന്ന മലയാള ദിനപത്രം എടുത്തു നാലായി മടക്കി വീശി ചൂടിൽ നിന്നു രക്ഷപ്പെടാൻ വൃഥാ ശ്രമിച്ചു. വീശുനിർത്തുമ്പോൾ പൂർവ്വാധികം ശക്തിയോടെ ചൂട് വീണ്ടും ശരീരത്തെ ആക്രമിക്കുന്നു. എങ്കിലും നിർത്താതെ ഞാൻ വീശിക്കൊണ്ടിരുന്നു.

പെട്ടെന്ന്  ഇലകളെയും ചില്ലകളെയും ഇളക്കി കൊണ്ട് പടിഞ്ഞാറു നിന്നും ഒരു ചെറിയ കാറ്റു വീശി. അത് എന്നെ തഴുകി കടന്നു പോയപ്പോൾ എന്തൊരു ആശ്വാസം. ചൂട് ചെറുതായി കുറഞ്ഞതുപോലെ. കാറ്റും ചൂടും തമ്മിൽ എന്തെങ്കിലും സന്ധിയുണ്ടാകും. ഞാൻ മനസിൽ കരുതി. ഉണങ്ങി കിടന്ന ചെമ്മണ്ണിലേക്ക് വെള്ളാരംകല്ലുകൾ പോലെ എന്തോ വീഴുന്നതു ഞാൻ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിലായത്...വെള്ളത്തുള്ളികൾ ആണ്. അതിന്റെ എണ്ണം കൂടി കൂടി വന്നു. ആ മഴത്തുള്ളികൾ നേരെ എന്റെ മനസ്സിലാണ് പതിക്കുന്നതെന്ന് തോന്നി. മനസ്സിലെ വരണ്ടുണങ്ങിക്കിടന്നിരുന്ന പുൽമേടുകളിൽ പുതുനാമ്പുകൾ കിളിർക്കുന്നതു പോലെ. അല്ല. ഉണങ്ങിക്കിടന്നിരുന്ന പുൽച്ചെടികളിൽ ജീവന്റെ തുടിപ്പുണരുന്നതാണ്. അവയുടെ മങ്ങിയ പീത നിറം മാറി പതുക്കെ പതുക്കെ ഇളം പച്ച നിറം പരക്കുന്നു.  ഇനി വരാൻ പോകുന്ന പുതുമണ്ണിന്റെ ഗന്ധത്തിനായ് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.

*****************************

മൈതാനത്തിന്റെ അരികെ കൂടി പോകുന്ന ഒറ്റയടിപ്പാതയിലൂടെ പോയ അടുത്ത വീട്ടിലെ ചേച്ചി ഉച്ചയൂണിന് വേണ്ടിയുള്ള അമ്മയുടെ നിർത്താതെയുള്ള വിളിയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ കളി നിർത്തി. അരികെയുള്ള ഒറ്റയടി പാതയിലൂടെ നടന്ന് ചെമ്മൺപാതയിലേക്ക് കടന്നു. പോകുന്ന വഴിക്ക് എന്റെ കൂടെ നാലാംതരത്തിൽ പഠിക്കുന്ന കൂട്ടുകാരൻ വിളിച്ചു പറയുന്നതു കേൾക്കാമായിരുന്നു,

‘‘ഉച്ചകഴിഞ്ഞ് ഞാൻ കാണില്ല. ഇനി നാളെ  വരുള്ളൂ.’’ 

അരനാഴിക നടക്കണം വീട്ടിലേക്ക്. ഉച്ചകഴിഞ്ഞ് ഇനി എന്തു ചെയ്യും എന്ന ആലോചനയുമായി കഷ്ടിച്ചൊരു മുച്ചക്ര വാഹനത്തിനു പോകാൻ മാത്രം വീതി ഉള്ള ആ പാതയിലൂലെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. പാതയുടെ ഇരുവശങ്ങളിലും കൈതച്ചെടികൾ നിറഞ്ഞു നിൽക്കുന്നു. അതിന്റെ മുള്ളു കൊണ്ടാൽ എന്തൊരു വേദനയാണ്.. പണ്ട് ഒരു കൈതപ്പൂ പറിക്കാൻ ശ്രമിച്ചപ്പോൾ മറഞ്ഞു നിന്ന ഒരു മുള്ള് കൈയിൽ കൊണ്ടത് ഓർക്കുന്നു. അതറിഞ്ഞപ്പോൾ അമ്മയുടെ കൈയിൽ നിന്നു വഴക്കും കിട്ടി കൈതക്കാടിനകത്ത് കയറിയതിന്. പൂത്തു നില്ക്കുന്ന 

കൈതച്ചെടികൾക്കിടയിൽ വിഷപാമ്പുകൾ ഉണ്ടാകും എന്നാണ് അമ്മ പറയുന്നത്. എന്തായാലും കൂടുതൽ സാഹസത്തിനു മുതിർന്നില്ല. ചില കൈതച്ചെടിൾ പൂത്തുനിൽക്കുന്നു. അതിന്റെ ഗന്ധം മത്തുപിടിപ്പിക്കുന്നു. വേനലിന്റെ കൊടുംവെയിലിൽ ഉണങ്ങി വരണ്ടു കിടന്ന മണ്ണിനെ ഇളക്കി മറിച്ചു കൊണ്ട് ഒരു വാഹനം കടന്നു പോയി. ഉയർന്നുപൊങ്ങിയ പൊടി എന്റെ മൂക്കിലും വായിലും അടിച്ചു കയറി. അരികിലേക്ക് മാറി നിന്ന് ഞാൻ ഉടുപ്പിന്റെ അറ്റം പ്രയാസപ്പെട്ട് ഉയർത്തി മുഖം തുടക്കാൻ ശ്രമിച്ചു. പിന്നെ ദൂരേക്ക് നീട്ടി ഒന്ന് തുപ്പി. 

‘‘ആരായിരിക്കും ഈ നേരത്ത് കാറിൽ?’’

വളരെ അപൂർവ്വമായേ അതിലൂടെ വാഹനങ്ങൾ പോകാറുള്ളൂ. വടക്കു താമസിക്കുന്ന ഇല്ലത്തെ നമ്പൂതിരിയുടെ ഒരു കാർ ഉണ്ട്. അതൊഴിച്ചാൽ വർഷത്തിൽ നാലോ അഞ്ചോ കാറുകൾ ആ വഴിപോകും. ഇത് നമ്പൂതിരിയുടെ കാർ അല്ല.

‘‘പിന്നെ ആരുടെ ആണോ... ഈ നട്ടുച്ചക്ക് എവിടേക്കായിരിക്കും പോകുന്നത്?’’

ഞാൻ അവിടെ നിന്നു കൊണ്ട് പാതയുടെ രണ്ടറ്റത്തേക്കും നോക്കി. വിജനമായ വഴി അന്തമില്ലാതെ രണ്ടു വശത്തേക്കും നീണ്ടു പോകുന്നു. ഒരു മനുഷ്യജീവി പോലുമില്ല. വേനൽ ഉച്ചസ്ഥായിയിൽ ആണ്.  പൊരിവെയിലിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും വീടിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്നു. അവിടെ നിൽക്കുമ്പോൾ ഈ ലോകത്തു ഞാൻ തനിച്ചാണോ എന്നൊരു തോന്നൽ. വല്ലാത്തൊരു ഏകാന്തത അനുഭവപ്പെട്ടു. അത് മനസ്സിനുള്ളിലേക്ക് അരിച്ചിറങ്ങുന്നതു പോലെ. ഉള്ളിൽ നിസംഗത നിറഞ്ഞ ഒരു ശുന്യത രൂപപ്പെടുന്നു. ഒന്നു രണ്ടു പശുക്കൾ ഉയർന്നുന്നിൽക്കുന്ന ഒരു  തെങ്ങിന്റെ ചുവട്ടിൽ വിശ്രമിക്കുന്നതു കാണാം. തീ തുപ്പുന്ന സൂര്യനും തെളിഞ്ഞ ആകാശത്തിനും കീഴെ തനിക്ക് കൂട്ടായി രണ്ടു പശുക്കൾ മാത്രം. അവറ്റകളോട് ഇപ്പോൾ പണ്ടു തോന്നാത്ത ഒരു അടുപ്പം തോന്നുന്നു. വായിൽ ഇപ്പോളും പച്ചമണ്ണിന്റെ സ്വാദ്. ഞാൻ ഒന്നു കൂടി നീട്ടി തപ്പി.

സുര്യൻ ഉച്ചിയിൽ ശക്തിയായി പ്രഹരിക്കുന്നുണ്ട്. തലയിൽ ഞാൻ കൈവച്ചു നോക്കി, പൊള്ളുന്ന ചൂട്. അമ്മതൊട്ടു തന്ന കാച്ചിയ എണ്ണയും കൂടി ആയപ്പോൾ കൂടുതൽ ചൂട് തോന്നി. ചെവിയുടെ പറ്റം ചേർന്ന് എണ്ണയും വിയർപ്പും കലർന്ന് ഒലിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു, കൈത്തലം കൊണ്ട് അത് ഇടച്ചെടുത്ത് നിക്കറിന്റെ ഒരു വശത്തേക്ക് തേച്ച് കൈ വൃത്തിയാക്കി. വിയർത്തൊലിച്ച് കേറിച്ചെന്നാൽ പിന്നെ അതുമതി ഇന്നത്തേക്ക്. 

ഭക്ഷണം കഴിഞ്ഞ് എന്തു ചെയ്യണം എന്ന ആലോചനയിൽ വിജനമായ പാതയിലൂടെ ഞാൻ വീണ്ടും മുന്നോട്ട് നടന്നു, വഴിയരികിൽ കണ്ട ഒരു മഞ്ഞപൂവ് ഒരു കാരണവുമില്ലാതെ പറിച്ചെടുത്തു. അതിന്റെ ഇതളുകൾ ഒരോന്നായി പിഴുതെടുത്ത് പാതയുടെ വശങ്ങളിലേക്ക് അലക്ഷ്യമായി എറിഞ്ഞു . അവസാനം ബാക്കി വന്ന തണ്ട് ദൂരേക്ക് വലിച്ചെറിഞ്ഞു.

ഇന്നത്തെ കളിയിൽ തരക്കേടില്ലാതെ കളിക്കാൻ പറ്റി. ചില തെറ്റുകൾ പറ്റിയില്ലായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു ഞാൻ ഓർത്തു. കളിയുടെ ആംഗ്യ ഭാവങ്ങൾ അനുകരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ വേഗതയിൽ മുന്നോട്ടോടി. ഒട്ടും പ്രതീക്ഷിച്ചില്ല. ഉയർന്നു നിന്ന ഒരു ചെറിയ പാറയിൽ ശക്തിയായി വലതുകാലിന്റെ വിരലുകൾ ആഞ്ഞു തട്ടി. അതിന്റെ ആഘാതത്തിൽ തെറിച്ച് തെറിച്ച് അഞ്ചോ ആറോ അടികൾ നിയന്ത്രണമില്ലാതെ മുന്നോട്ടോടി. എന്നിട്ട് വലതുകാൽ മുട്ട് പാതയിൽ കിട്ടന്ന പരുക്കൻ പാറകളിൽ ഉരച്ചു കൊണ്ട് ഊക്കോടെ നിലത്തേക്ക് പതിച്ചു. പെട്ടെന്ന് ചാടി എഴുന്നേറ്റു.രണ്ടുകയ്യും കൊണ്ട് മുട്ടിൻമേൽ പറ്റിയിരുന്ന പൊടി തട്ടി മാറ്റി.ചെറിയ നീറ്റൽ. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. വലതു കാൽ മുട്ടിൽ പറ്റിയിരുന്ന മഞ്ഞ നിറത്തിലുള്ള പൊടി പതുക്കെ അവിടെയും ഇവിടെയും നനയുന്നു.ചോരകിനിക്കുന്നു. വേദന തോന്നിയ ഭാഗത്ത് കൈ അമർത്തി പിടിച്ചു. പിന്നെ നേരെ നിവർന്നു നിന്നു. അല്പ നേരം അനങ്ങാതെ നിന്ന് ശ്വാസം വലിച്ചു. എന്നിട്ട് തിരിഞ്ഞു നോക്കി. ഒരു കല്ല് ഉയർന്നു നിൽക്കുന്നു, ഇതുവരെ ഞാൻ ആ കല്ല് അവിടെ കണ്ടിട്ടില്ല. എത്രയോ തവണ ഇതുവഴി നടന്നിട്ടുണ്ട്. നീരസത്തോടെ ആ കല്ലിനെ കുറച്ചു നേരം തുറിച്ചു നോക്കി. ഇതറിഞ്ഞാൽ അമ്മയുടെ അടി ഉറപ്പാണ്. എന്തായാലും അനുകരണം തൽക്കാലം നിർത്തി ഞാൻ സാവധാനം മുന്നോട്ട് നടന്നു. 

വീടിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അമ്മയുടെ ശകാരം കേട്ടു തുടങ്ങിയിരുന്നു. 

‘‘എത്ര നേരമായി ഞാൻ വിളിക്കുന്നു.. നീ എവിടെ അലഞ്ഞു നടക്കുകയാ? നേരത്തിനും കാലത്തിനും ഒന്നും കഴിക്കേണ്ട.. ഇരിക്കുന്ന കോലം കണ്ടില്ലേ?’’

ഞാൻ അതു കേട്ട ഭാവം കാണിക്കാതെ അങ്ങോട്ട് ഒരു ചോദ്യം എറിഞ്ഞു.

‘‘എന്താ അമ്മേ കഴിക്കാൻ?’’

അതിനു മറുപടി ഒന്നും കിട്ടിയില്ല. ഞാൻ പ്രതീക്ഷിച്ചതുമില്ല. ഇനി ഒന്നു കൂടി ചോദിച്ചാൽ ആദ്യം പറഞ്ഞു നിർത്തിയതു മുതൽ അമ്മ വീണ്ടും തുടങ്ങും. അതു കൊണ്ട് ഞാൻ നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു. അടുപ്പേൽ ഇരുന്ന കറി പാത്രം തുറന്നു നോക്കി. വെള്ളരിക്കയും വാഴക്കയും ചേർത്തുവച്ച മഞ്ഞ നിറത്തിലുള്ള ഒരു കറി. അതു കണ്ടതും എന്റെ തലയിലേക്ക് ദേഷ്യം ഇരച്ചു കയറി. സർവ്വശക്തിയും എടുത്ത് ആവുന്നത്ര ഉച്ചത്തിൽ ഞാൻ അലറി.

‘‘ എനിക്ക് ചോറ് വേണ്ട. ഈ കറി ഇഷ്ടമില്ല എന്നറിയില്ലേ?.. ഞാൻ കഴിക്കണില്ല.’’

വിശപ്പില്ലാഞ്ഞിട്ടാണോ കളി ഇടക്കു വച്ച് നിർത്തേണ്ടി വന്നതിന്റെ ചൊരുക്കാണോ എന്നറിയില്ല.... അന്ന് അല്പം ദേഷ്യം കൂടുതലായിരുന്നു. അമ്മയും വിട്ടില്ല.

‘‘മര്യാദക്ക് വന്ന് കഴിച്ചോ. ഇല്ലെങ്കിൽ വൈകുന്നേരം അച്ഛന്റെ കയിൽ നിന്ന് നല്ലതുപോലെ മേടിച്ചു തരും.’’

അതു അമ്മയുടെ തുറുപ്പുചീട്ടാണ്. ആവശ്യത്തിനും അനാവശ്യത്തിനും അമ്മ അതെടുത്തു പ്രയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛന്റെ ദേഷ്യം അറിയാവുന്നതുകൊണ്ട് ഞാൻ അധികം ഒന്നും പിന്നെ മിണ്ടിയില്ല. മുറുമുറുത്തു കൊണ്ട് ചോറു പാത്രത്തിനു മുന്നിൽ ഞാൻ ചമ്രം മടിഞ്ഞിരുന്നു. പാത്രത്തിലെ ചോറിൽ അലസമായി ഞാൻ വിരലുകൾ ഓടിച്ചു. അപ്പോൾ അമ്മയുടെ ശബ്ദം പുറകിൽ നിന്നു കേട്ടു .

‘‘വേഗം കഴിച്ചിട്ടു എഴുന്നേറ്റ് പോ... ഇല്ലെങ്കിൽ വടിയും എടുത്തു കൊണ്ട് ഞാൻ അങ്ങോട്ട് വരും.. ’’

ഈ അമ്മക്കെന്താ ഞാൻ കഴിച്ചില്ലെങ്കിൽ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് എനിക്കാവുന്നത്ര കുറച്ച് കറി ചോറിലേക്ക് പകർന്ന് മനസ്സില്ലാ മനസോടെ രണ്ടു പിടി കഷായം പോലെ ചവച്ചിറക്കി. ബാക്കിയുള്ള ചോറ് പാത്രത്തിൽ പരത്തി വച്ച് ഒട്ടുമുക്കാലും കഴിച്ചു എന്ന പ്രതീതി ഉണ്ടാക്കി കൈകഴുകാൻ എഴുന്നേറ്റു. വരാന്തയിലെ കിണ്ണത്തിൽ നിന്നും വെള്ളമെടുത്ത് കൈ കഴുകുമ്പോൾ ഏറു കണ്ണിട്ട് പാത്രം ഇരുന്നിടത്തേക്ക് നോക്കി. അമ്മ എന്തോ പിറുപിറുത്തു കൊണ്ട് പാത്രം എടുക്കുന്നു. ചോറു മുഴുവനും കഴിക്കാത്തതിനെ പറ്റിയാവും. 

വെളിയിൽ സൂര്യൻ തിളച്ചുമറിയുന്നു. ആവി പറക്കുന്ന വെയിലിൽ മണ്ണ് ചുട്ടുപഴുത്തു കിടക്കുന്നു. വീടിന്റെ മുറ്റത്ത് മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന ചരൽക്കൂനയിൽ മാവിന്റെ നിഴൽ വീണ ഭാഗം നല്ല തണുപ്പായിരിക്കും. അവിടെ ഇരുന്നാൽ നല്ല സുഖമാണ്. ഞാൻ തിരിഞ്ഞ് ചായ് പിലേക്ക് നടന്നു, അവിടെ കിടന്ന കയർ കട്ടിലിൽ കയറി മലർന്നു കിടന്നു. 

ഇനി എന്തു ചെയ്യും എന്നാലോചിച്ചു. വൈകുന്നേരം വരെ ഒന്നും ചെയ്യാനില്ല. അടുത്തു കിടന്ന അമർചിത്രകഥ വെറുതെ മറിച്ചു നോക്കി. കുറച്ചു നാൾ മുമ്പു വായിച്ച പുരാണത്തിലെ ഏതോ രാജാവിന്റെ കഥയാണ്. പല തവണ വായിച്ചു കഴിഞ്ഞു. ആ പുസ്തകത്തിന്റെ പുറംചട്ട ആരോ കീറി വച്ചിരിക്കുന്നു, കുറച്ചു താളുകൾ മറിച്ചു നോക്കിയിട്ട് താല്പര്യമില്ലാതെ തലയിണയുടെ ഒരരികിൽ വച്ചു.

അമ്മ ഉച്ചഭക്ഷണത്തിന്റെ തിരക്ക് കഴിഞ്ഞ് പറമ്പിൽ നട്ടിരിക്കുന്ന ചീരയുടെയും വെണ്ടയുടെയും ചുവട്ടിലായിരിക്കും.

‘‘ഈ അമ്മക്ക് ക്ഷീണമൊന്നുമില്ലേ?’’

ഞാൻ മനസ്സിലോർത്തു. ഉച്ചവെയിലിന്റെ ചൂടും പൊരിവെയിലിലെ കളിയും കാരണം ആയിരിക്കും.... ഞാൻ പതുക്കെ മയക്കത്തിലേക്ക് ആഴ്ന്നു.

മൂക്കിലേക്ക് അരിച്ചു കയറിയ ഗന്ധം കിട്ടിയിട്ടാണെന്നു തോന്നുന്നു... ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്നു. വെളിയിൽ നേർത്ത മഴ. ഒരു മയക്കം കഴിഞ്ഞപ്പോഴേക്കും പ്രകൃതി ആകെ മാറിയിരിക്കുന്നു. അല്പം മുമ്പ് ചുട്ടുപഴുത്തു കിടന്ന മണ്ണ് പുതുമഴയിൽ നനഞ്ഞ് നിർവൃതി അടയുന്നു.ആ നിർവൃതിയിൽ നിന്ന് ഊറി വരുന്ന രസം പോലെ പുതുമണ്ണിന്റെ ഹരം പിടിപ്പിക്കുന്ന ഗന്ധം. ഞാൻ പതുക്കെ എഴുന്നേറ്റ് വരാന്തയിലേക്ക് വന്നു. 

അപ്പോഴും വെയിൽ ഉണ്ടായിരുന്നു. പക്ഷേ ആ മഴയിൽ വെയിലിന്റെ കലി ഒന്നടങ്ങിയിരിക്കുന്നു. എന്തോ ഒരു ബന്ധം വെയിലിനും മഴക്കും ഇടയിൽ ഉടലെടുത്ത പോലെ. നിലത്തേക്ക് പതിക്കുന്ന വെള്ളാരം കല്ലുപോലുള്ള വെള്ളത്തുള്ളികളെ നോക്കി പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ച് ഞാൻ അവിടെ നിന്നു.

ഒരു ചെറിയ കാറ്റു വീശി. മുവാണ്ടൻ മാവിന്റെ ചില്ലകളെ അത് ഇളക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് ഓർത്തത് വീടിന്റെ തെക്കു പടിഞ്ഞാറായി വളർന്നു പന്തലിച്ചു നിൽക്കുന്ന നാട്ടുമാവിന്റെ ഉയർന്ന ചില്ലകളിൽ കിടക്കുന്ന മാങ്ങകളെ കുറിച്ച്. തഴെയുള്ളവയൊക്കെ നേരത്തേ എറിഞ്ഞു വീഴ്ത്തി. മുകളിൽ കുറച്ചു മാങ്ങകൾ കിടക്കുന്നത് കണ്ണിൽ പെട്ടിരുന്നു. ഒന്നു രണ്ടു തവണ കല്ലെറിഞ്ഞു വീഴ്ത്താൻ നോക്കിയിരുന്നു. ഒന്നും വീഴ്ത്താൻ പറ്റിയില്ല. ഒരിക്കൽ അങ്ങുയരത്തിൽ വടക്കോട്ട് മാറി ഒറ്റപ്പെട്ട് കിടന്ന ഒരു ചില്ലയിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയത് ഓർക്കുന്നു. ഒരിക്കലും വീഴുമെന്ന് പ്രതീക്ഷിച്ചില്ല. ആ കല്ല് സൂക്ഷം മാങ്ങയുടെ ഞെട്ടിൽ കൊണ്ടതും ഉള്ളിൽ മലവെള്ളം പോലെ സന്തോഷം ഇരച്ചു കയറി. അതുള്ളിൽ ഒതുക്കിക്കൊണ്ട് മാങ്ങ വീണ ഭാഗത്തേക്ക് ഞാൻ പാഞ്ഞു. ഉള്ളിലെ സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു കാലുകൾ പറക്കുകയായിരുന്നു. ആ മാങ്ങ കയ്യിൽ കിട്ടിയപ്പോൾ ലഭിച്ച മനസ്സുനിറഞ്ഞു തുളുമ്പിയ സംതൃപ്തി അതിനു മുമ്പോ ശേഷമോ ലഭിച്ചിട്ടില്ല. തന്റെ സ്വന്തം കഴിവിൽ ആരുടെയും സഹായമില്ലാതെ നേടിയ ഫലം. ഉള്ളിൽ അഭിമാനം തോന്നിയ നിമിഷം. അതിനു ശേഷം അത്ര ഉയരത്തിൽ നിന്ന് ഒരു മാങ്ങ ഇതുവരെ വീഴ്ത്താൻ സാധിച്ചിട്ടില്ല.

ഞാൻ പതുക്കെ മാഞ്ചുവട്ടിലേക്ക് നടന്നു. പെട്ടെന്ന് ശക്തിയായ ഒരു കാറ്റ് വീശി കടന്നു പോയി. എന്തോ വീണ ശബ്ദം. മാവ് നിൽക്കുന്ന വശത്തു നിന്നാണ് കേട്ടത്. ഉള്ളിൽ പ്രത്യാശയുടെ മിന്നലാട്ടം. എന്റെ കാലുകൾക്ക് വേഗം കൂടി. 

ഉണങ്ങിയതും പച്ചയുമായ പുല്ല് ഇടതൂർന്ന് നില്ക്കുന്നു. അതിനു മുകളിൽ അടർന്നു വീണു കിടക്കുന്ന മാവിലകൾ. അവിടെ മറഞ്ഞുകിടക്കുന്ന മാങ്ങകൾ കണ്ടു പിടിക്കുക പ്രയാസമേറിയ കാര്യമാണ്. ആ പ്രയാസമാണ് ഹരം നൽകുന്നതും. തിരഞ്ഞു തിരഞ്ഞു മാവിലകളുടെയും പുല്ലുകളുടെയും മറവിൽ ഒളിഞ്ഞു കിടക്കുന്ന മാമ്പഴത്തെ കണ്ടു പിടിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ആ നിമിഷത്തിൽ ഈ ലോകത്തിലെ സകലസന്തോഷവും മനസ്സിനുള്ളിലേക്ക് കുത്തിയൊലിച്ചു വരുന്ന അനുഭൂതിയാണ്. 

എന്റെ കണ്ണുകൾ ആർത്തിയോടെ ഒരോ പുൽനാമ്പുകളുടെ ഇടയിലൂടെയും ആഴ്ന്നിറങ്ങി. സംശയം തോന്നിയ ഇടങ്ങളിൽ കാലുകൊണ്ട് തട്ടിമാറ്റി ഉറപ്പു വരുത്തി. ഒരെണ്ണം പോലും കാണുന്നില്ല. ഞാൻ തല ഉയർത്തി ഉയർന്നു നിൽക്കുന്ന ചില്ലകളിലേക്ക് നോക്കി. അങ്ങിങ്ങായി മാങ്ങകൾ കാണുന്നുണ്ട്. ചിലതിനൊക്കെ ഇളം മഞ്ഞയും പച്ചയും കലർന്ന നിറം. ആ കാഴ്ച കൂടുതൽ പ്രതീക്ഷ തന്നു. ഞാൻ തിരച്ചിൽ തുടർന്നു, 

ഏറെ നേരം നോക്കിയിട്ടും ഒന്നും കിട്ടിയില്ല. സമയം പോകുന്തോറും പ്രതീക്ഷ കുറഞ്ഞു വന്നു, ചെറിയ നിരാശ തോന്നി. പതുക്കെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. അപ്പോഴാണ് അത് കണ്ണിൽ പെട്ടത്. അതാ കിടക്കുന്നു. ഒരു മാവിലയുടെ അടിയിൽ തന്റെ ദേഹം ഒട്ടുമുക്കാലും മറച്ചുകൊണ്ട് ഇളം പച്ചയും മഞ്ഞയും കലർന്ന ഒരു മാമ്പഴം. മാഞ്ചുവട്ടിൽ നിന്നും കുറച്ചു ദൂരെ ആയതു കൊണ്ട് അവിടെ മാങ്ങ കാണുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കുനിഞ്ഞു പതുക്കെ കയ്യിലെടുത്തു. മാവിന്റെ പശ കയ്യിൽ ഒട്ടുന്നു. ഞാൻ ആ മാമ്പഴം മൂക്കിലേക്ക് അടുപ്പിച്ച് അതിന്റെ സ്വാദൂറിയ ഗന്ധം കണ്ണടച്ചുപിടിച്ചു കൊണ്ട് ആവോളം നുകർന്നു. വീണ്ടും കയിൽ പിടിച്ചു കൊതിയോടെ നോക്കി. അതിന്റെ പതുപതുത്ത പുറംതൊലിയിൽ ഞ്ഞെക്കി നോക്കി പഴുത്തതാണെന്ന് ഉറപ്പ് വരുത്തി. അതും കയ്യിൽ പിടിച്ച് വീട്ടിലേക്ക് നടന്നു.

മഴ ചെറുതായിട്ട് ചാറുന്നുണ്ട്.നിലമൊക്കെ നനഞ്ഞു കിടക്കുന്നു. വെള്ളം കെട്ടാനുളള മഴ പെയ്തിട്ടില്ല. അമ്മ വടക്കേമുറ്റത്ത് നിന്ന് എന്തോ പണിയെടുക്കുന്നു. ചാറ്റൽ മഴയും നനഞ്ഞു വരുന്ന എന്നെ കണ്ടതും എന്റെ നേരെ തിരിഞ്ഞു.

‘‘മഴയും നനഞ്ഞു നടന്നോ. അടുത്ത ആഴ്ച സ്കൂളിൽ പോകാനുള്ളതാ. വേഗം അകത്തു പോയി തല തോർത്ത്.’’

ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ എന്റെ ചെവിയിൽ പതിച്ചത്. വേനലവധി തീരാറായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. കഴിഞ്ഞ രണ്ടു മാസക്കാലം ഒരു വിലക്കുമില്ലാതെ യഥേഷ്ടം നടക്കുകയായിരുന്നു.പാടത്തും പറമ്പിലും മൈതാനത്തും റോഡിലും ഒരു ലക്ഷ്യവുമില്ലാതെ മനസ്സും ശരീരവും ഒരു പോലെ അലയുകയായിരുന്നു. ഇനി വിലക്കുകളുടെയും പരിധികളുടെയും കാലം. ജീവിതത്തെ സമയത്തിന്റെ അളവുകേൽ കൊണ്ട് അളന്നു വെട്ടിമുറിച്ച് മതിലുകൾ പണിത് വേർതിരിച്ചിരിക്കും. തന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കു നൂറു കണക്കിന് കടിഞ്ഞാണുകളാൽ ഒരേ സമയത്ത് നിയന്ത്രിക്കപ്പെടുന്ന അവസ്ഥ. തനിക്കു വേണ്ടി മാത്രമായി അല്പം പോലും സമയം കണ്ടെത്താൻ സാധിക്കില്ല. ആ ചിന്തകൾ എന്റെ മനസ്സിൽ വിഷാദത്തിന്റെ ഒരു നേരിയ നിഴൽ വീഴ്ത്തി. ഞാൻ പതുക്കെ വീടിന്റെ മുൻവശത്തെ നടപ്പടിയിൽ വന്നിരുന്നു. കൈയ്യിൽ അപ്പോഴും മാമ്പഴം ഉണ്ട്. വെയിൽ പതുക്കെ മങ്ങുന്നു. ഒരു കാറ്റ് ശക്തിയായി വീശി. പടിഞ്ഞാറൻ ആകാശത്തിൽ മഴ മേഘത്തിന്റെ ചെറിയ നിഴലാട്ടം കാണാൻ തുടങ്ങിയിരിക്കുന്നു. മനസ്സിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിഷാദ മേഘം പോലെ കാർമേഘങ്ങൾ ആകാശത്തിൽ പരക്കുകയാണ്. 

*********************************

‘‘എടാ.. വന്ന് ചായ കുടിക്ക്.. തണുത്ത് പോകും.’’

പുറകിൽ നിന്നും അമ്മയുടെ പതിഞ്ഞ ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണു തുറന്നു.അമ്മ തന്ന സ്വദേറിയ ചായ തണുത്ത് പാട ചൂടി മുന്നിലെ പീഠത്തിൽ ഇരിക്കുന്നു. മഴ ശക്തി പ്രാപിച്ചിട്ടുണ്ട്‌. പടിഞ്ഞാറ് കാർമേഘം ഉരുണ്ട് കൂടുന്നു. താരതമ്യേന തെളിച്ച മുള്ള സായാഹ്നം ഇന്ന് ഇരുണ്ട് കിടക്കുന്നു. ഇനിയും മഴ കനക്കുമെന്ന് തോന്നുന്നു.

കണ്ണിന്റെ കോണിൽ ഒരു നനവ് അനുഭവപ്പെടുന്നു. മനസ്സ് പുതുമഴയിൽ നനഞ്ഞ മണ്ണു പോലെ ആർദ്രമായിരിക്കുന്നു. വേനലവധി തീർന്നതിന്റെ വിഷമമാണോ അവധി കഴിഞ്ഞ് തിരിച്ചു പോകാനുള്ള സമയം ആയതു കൊണ്ടാണോ.... അ റി യില്ല. മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നുന്നു.

അമ്മയുടെ ശബ്ദം വളരെ മാറിയിരിക്കുന്നു. പണ്ടത്തെ ശക്തിയും ആജ്ഞയും ആ വാക്കുകളിൽ ഇല്ല. കാലത്തിന്റെ കുത്തൊഴുക്കിൽ പല മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു. എന്നിലും പ്രകൃതിയിലും ലോകത്താകമാനവും. കൂടെ അമ്മയിലും. ഇന്ന് ഞാൻ കഴിക്കാതിരിക്കുന്നതിൽ ദേഷ്യപ്പെടാറില്ല. പകരം പരിഭവം മാത്രം. എല്ലാവരിലും അസ്വസ്ഥ കരമായ ഒരു മൗനം കുടികേറിയതുപോലെ. വാക്കുകളേക്കാൾ വാക്കുകളുടെ അഭാവം സംഭാഷണങ്ങളെ നിയന്ത്രിക്കുന്നു.

ഞാൻ മുറ്റത്തേക്ക് കണ്ണോടിച്ചു. അവിടെ നിന്നിരുന്ന മൂവാണ്ടൻ മാവ് ഇന്നില്ല. വെട്ടിമാറ്റി അവിടെയൊക്കെ കോൺക്രീറ്റ് കൊണ്ട് തറ പാകിയിരിക്കുന്നു ഒരു അവശേഷിപ്പു പോലും ബാക്കി വക്കാതെ. തെക്കുപടിഞ്ഞാറു നിന്ന മുത്തശി നാട്ടുമാവും ഇന്നില്ല. പതുക്കെ വീശിയ കാറ്റു മുഖത്തു തട്ടിയപ്പോൾ എന്തോ ഒരു നഷ്ടബോധം മനസ്സിലേക്ക് തികട്ടി വന്നു. ഇടവപ്പാതിയിലെ പടിഞ്ഞാറൻ കാറ്റിൽ മാമ്പഴം പൊഴിക്കാൻ ഈ പറമ്പിൽ ഒരു മാവ് ഇനി എനിക്ക് കാണാൻ കഴിയില്ല എന്ന ചിന്ത മനസ്സിനുള്ളിൽ ഒരു നിസ്സഹായവസ്ഥ സൃഷ്ടിച്ചു. അത് ഒരു വേദനയായി മനസ്സിലാകെ പടരുന്ന പോലെ. നാളെ കഴിഞ്ഞാൽ വീണ്ടും തിരക്കിന്റെ ജീവിതത്തിലേക്ക്. മാവിനും മഴക്കും ഒന്നും സ്ഥാനമില്ലാത്ത യാന്ത്രികമായ ലോകം. ഏതാണ് യഥാർത്ഥ ജീവിതം? എവിടേക്കാണ് പോകേണ്ടത്? ആകെ ഒരു അവ്യക്തത. പതുക്കെ എഴുന്നേറ്റ് വാതിൽപടിയിൽ ചാരി നിന്ന് മഴ വീക്ഷിക്കുന്ന അമ്മയെയും കടന്ന് മുറിയിലേക്ക്. സാധനങ്ങൾ അടുക്കി വക്കണം. മഴ പുറത്ത് തകർത്ത് പെയ്യുന്ന ശബ്ദം കേൾക്കാം. ഒപ്പം മനസ്സിനുള്ളിൽ ആർത്തലച്ചു വരുന്ന ശൂന്യതയുടെ വേലിയേറ്റത്തിന്റെയും.

English Summary: Malayalam Short Story written by Sunil Maniyappan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;