ADVERTISEMENT

നേർക്കാഴ്ചകൾ (കഥ)

ദേശസാൽകൃത ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിനു വേണ്ടി അപേക്ഷയോടൊപ്പം നൽകുന്നതിന് സ്വന്തമായുള്ള  ഇത്തിരി സ്ഥലത്തിന്റെ സ്കെച്ച് എടുക്കുന്നതിനുവേണ്ടിയാണ് അയാൾ ആ വില്ലജ് ഓഫീസിലേക്ക് നാലാം ദിവസമായ ഇന്നും കടന്നു ചെന്നത്...

പ്രത്യേകിച്ച്  ഒരു തിരക്കും രാവിലെ ആയതു കൊണ്ട് അവിടെ  കണ്ടില്ല...

സ്ഥലത്തിന്റെ ഒരു സ്കെച്ചിന്റെ ആവശ്യം മാത്രമേയുള്ളൂ...

ആദ്യദിവസം തിരക്കാണെന്നു തിരികെ പറഞ്ഞയച്ചിരുന്നു.....

രണ്ടാമത് ചെന്നപ്പോൾ ആ സെക്‌ഷൻ ചെയ്തിരുന്ന ആൾ ഇല്ലായിരുന്നു...

 

പിന്നീട് വില്ലജ് അസിസ്റ്റന്റ് ആയ ആൾ പരിശോധിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു മടക്കി അയച്ചു. അയാൾ അകത്തേക്ക് ചെന്നപ്പോൾ താൻ പലപ്പോഴും കണ്ടിട്ടുള്ള വില്ലജിലെ ക്ലർക്ക് അതാ അകത്തിരുന്ന് ആരോടോ സംസാരിച്ചു കൊണ്ട് തന്റെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. എന്റെ വീടിനു കുറച്ച് അടുത്തുള്ള ആളായതുകൊണ്ടു തന്നെ പലപ്പോഴും അയാളെ ഞാൻ കണ്ടിട്ടും പരിചിത ഭാവത്തിൽ ചിരിച്ചിട്ടുമൊക്കെ ഉള്ളതുമാണ്. ഹോ വളരെ ആശ്വാസം. പരിചയമുള്ള ആളാണല്ലോ.... കാണുമ്പോളൊക്കെയും അയാൾ മുഖം തരുവാൻ മടിച്ചിരുന്നു. പ്രത്യേകിച്ച് അദ്ദേഹം ആരുമായും അടുക്കുന്ന ഒരാളാണെന്നെനിക്കു തോന്നുകയും ചെയ്തിരുന്നു...

 

കടന്നു ചെല്ലുമ്പോൾ ഓഫീസിന്റെ അകത്തളങ്ങളിൽ ജോലിചെയ്യുന്ന പല പരിചിത മുഖങ്ങളും കണ്ടു. അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മുഖങ്ങളിൽ അപരിചിത്വത്തിന്റെ കാർമേഘങ്ങൾ നിറയുന്നത് ഞാൻ അറിഞ്ഞു... പുഞ്ചിരിക്കുന്ന മുഖങ്ങളിൽ പരോക്ഷമായ അരോചക വലയങ്ങൾ നിറയുന്നതും അയാൾ കണ്ടു.

 

പുറത്തു ചൂട് കനക്കുകയാണ്....

പല പരിചിത മുഖങ്ങളും ഇടയ്ക്കിടെ കടന്നു വന്നു കൊണ്ടിരുന്നു...

ആധാരം ഏഴുത്ത് ഓഫീസിലെ കണ്ണൻ, വസ്തു ബ്രോക്കറായ ചീരൻ കുഞ്ഞഹമ്മദ്, അങ്ങനെ പലരും....

 

ഏതോ എസ്റ്റേറ്റിലെ വലിയ ഉടമ കാറിൽ നിന്നിറങ്ങി ചെന്നപ്പോൾ എന്റെ അയൽപക്കക്കാരൻ എഴുന്നേറ്റു ചെന്ന് അയാളെ കൂട്ടിക്കൊണ്ടു വരുന്നതും അയാൾ കണ്ടു.... ആരോ വലിയ പുള്ളിയാണെന്നു തോന്നുന്നു....

 

എന്റെ അയൽപക്കക്കാരൻ അയാളോട് എന്തൊക്കെയോ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നു. അപ്പൊ ഇതൊക്കെ അയാൾക്ക് അറിയാം. കൊള്ളാമല്ലോ.

 

അയാളുടെ അടുത്തേക്ക് ഞാൻ ചെല്ലുന്നതു കണ്ട് അയാളുടെ മുഖത്തെ ചിരി അണഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു... അയാൾ പെട്ടെന്ന് ഏതോ രജിസ്റ്റർ മറിച്ചു ഗൗരവത്തിൽ ഇരുന്നു. ഞാൻ തിരികെ നടന്നു. എനിക്ക് സ്കെച്ച് നൽകേണ്ട ഉദ്യോഗസ്ഥൻ ഇതുവരെ എത്തിയിട്ടുമില്ല. ആ കസേര കാലിയാണ്. സമയം പത്തര കഴിഞ്ഞിരിക്കുന്നു....

 

അയൽപക്കക്കാരനായ ആളോട് കഴിഞ്ഞ ദിവസവും ചിരിച്ചതാണല്ലോ എന്നോർത്ത് അയാൾക്ക്‌ വിഷമം തോന്നി. ചിരി നഷ്ട്ടപ്പെടുന്ന ഓഫീസാണ് വില്ലേജ് ഓഫീസ്‌ എന്ന് അയാൾക്ക്‌ തോന്നി. പക്ഷേ അവിടെയിരുന്നു തനിക്കു പരിചയമില്ലാത്ത ആളുകൾ നന്നായി ഇടപെടുന്നുണ്ടല്ലോ. ഓഫീസിന്റെ ഇടതു വശത്തിരുന്ന സാർ വളരെ സൗമ്യതയോടെ ഇടപാട് കാരോട് സംസാരിക്കുന്നു... എത്ര മൃദുവായി ..

ഒരവസരത്തിൽ എന്റെ അയല്പക്കക്കാരൻ അപ്പുറത്തിരിക്കുന്ന മറ്റൊരു സാറിന്റെ അടുത്തേക്ക് കടന്നു ചെന്ന്. ഒരു പേപ്പർ എടുത്തു നീട്ടി പറഞ്ഞു ..

‘‘സാർ ഇതിലൊന്ന് ശൂ.. വരച്ചെ...’’

 

ആ ഉദ്യോഗസ്ഥൻ പേപ്പർ ഒന്ന് നോക്കാതെ പോലും അതാ പേപ്പറിൽ ശൂ വരച്ചു കൊടുക്കുന്നു... കുറച്ചു മുമ്പ് തന്റെ അപേക്ഷ പതിനഞ്ചു മിനുട്ടു നേരം വളരെ പരിശോദിച്ചശേഷമാണ് ഒന്ന് ശൂ വരച്ചു കൊടുത്തത്...

 

ഇതവരുടെ ലോകം... ചെരുപ്പിന്റെ തേയ്മാനം വർധിക്കുമ്പോഴും കണ്ണുതുറക്കാത്ത ഒരു പ്രത്യേക ലോകത്തിലെ ചിലരെ ഓർത്തപ്പോൾ അയാൾക്കു കടുത്ത വിഷമം തോന്നി.

 

ഇല്ലായ്മയുടെ വല്ലായ്മകളിലെ ആകുലതകൾ കൂടിക്കൊണ്ടിരിക്കും. അവ തിരുശേഷിപ്പുകളായി എന്നും അവശേഷിക്കുകയും ചെയ്യുമെന്നയാൾക്കു തോന്നി. മറ്റൊരു സാർ ഓഫീസിന്റെ വടക്കേ കോണിൽ ഇരിക്കുന്നു. അദ്ദേഹത്തെ എവിടെയെക്കൊയോ വെച്ച് കണ്ട പരിചയമുണ്ട്... അങ്ങോട്ടേക്ക് ചെന്നപ്പോൾ, അതുവരെ ചുമ്മാതെയിരുന്ന ആൾ മൊബൈൽ ഫോൺ എടുത്ത് ആരെയോ വിളിച്ചു. കാത്തുനില്പിന്റെ അരോചക അസ്വസ്ഥതകളുടെ വേലിയേറ്റത്തിൽ അയാൾ ശ്വാസം മുട്ടിയിരുന്നു. ഇടയ്ക്ക് അറുതിവരുത്താനായി അൽപ്പം നടന്നു.

 

പല ആളുകൾ കടന്നു വന്നു... പല ആവശ്യങ്ങൾ. ചിലർ പരിചയക്കാരായതുകൊണ്ടു ഓഫിനകത്തെ ഫയലിൽ മുഖം പൂഴ്ത്തി , ചിലർ ഒരു ആവശ്യമുമില്ലാതെ മറ്റെന്തൊക്കെയോ തിരയുന്നതും അയാൾ കണ്ടു...

അയാൾ അദ്ദേഹത്തിന്റെ സംസാരത്തിന്റെ അവസാനത്തിനായി കാത്തു നിന്നു...അഞ്ച്, പത്ത്, ഇരുപതു നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. സംസാരം നീണ്ടു പോവുകയാണ്. സംസാരത്തിൽ... ഏതോ വസ്തുക്കച്ചവടത്തിന്റെ കാര്യമാണ്. കച്ചവടമുറപ്പിച്ചാൽ തനിക്ക് എത്ര കമ്മീഷൻ കിട്ടുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. നിന്നു തളർന്ന അയാൾ ആപ്പോളാണ് രാജപ്പൻ സാറിനെ കാണുന്നത്... എപ്പോഴും ചിരിക്കുന്ന മുഖമായി മാത്രമേ അയാൾ രാജഗോപാലൻ സാറിനെ കണ്ടിട്ടുള്ളു..

അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോളെയും സ്കൂളിൽ കൊണ്ടുചെന്നു വിട്ടിട്ടാണ്‌ വില്ലജ് ഓഫീസിലേക്ക് ചെന്നത്...

ഇന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ഏതാനും ആളുകൾ കൂടി വന്നു അപ്പോൾ അവിടേക്ക്. പലവിധ ആവശ്യങ്ങളാണല്ലോ ആളുകൾക്ക്....

 

എന്റെ പരിചയക്കാരന്റെ സീറ്റിനു എതിർ വശത്തിരുന്ന കണ്ണട വെച്ച സ്ത്രീ തലേന്ന് വീട്ടിൽ വെച്ച രസക്കറിയിൽ ഉപ്പു കൂടിയതിനെ വർണ്ണനയിലായിരുന്നു. എന്റെ പരിചയക്കാരൻ അതിനു എന്തോ മറുപടി പറഞ്ഞു ചിരിക്കുന്നു.

 

ഞാൻ വില്ലജ് ഓഫീസിന്റെ വരാന്തയിൽ കിടന്ന ചാര് ബെഞ്ചിൽ ഇരുന്നു. രാവിലെ മോളെ സ്കൂളിൽ കൊണ്ട് വരേണ്ട തിരക്ക് കൂടി ഉള്ളത് കൊണ്ട് ഒന്നും കഴിക്കാനും പറ്റിയില്ല....

പുറത്തു വലിയ അക്ഷരത്തിൽഓഫിസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ നീണ്ട നിരയും പരമാവധി ലഭിക്കുന്ന കലാവാഡയി സമയയവും അയാൾ വെറുതെ വായിച്ചു...

മുകളിൽ വലിയ അക്ഷരത്തിൽ എഴുതിയിക്കുന്ന പ്രത്യേക ബോർഡിൽ അയാൾ ശ്രദ്ധിച്ചു 

 

‘‘കൈക്കൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ്’’-

കൈക്കൂലി ആവശ്യപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ-

അപ്പോഴേക്കും സ്കെച്ച് തയ്യാറേക്കേണ്ട രാജഗോപാലൻ സാർ എത്തിയിരുന്നു....

അകത്തു കരം ഒടുക്കുന്നതിനായെത്തിയിരിക്കുന്ന ഏതാനും ആളുകൾ...

 

അവരിൽ നിന്നും കണ്ണട വെച്ച ജീവനക്കാരി ഏതോ വലിയ കാര്യത്തിൽ രജിസ്റ്ററിൽ എഴുതി കര സംഖ്യ വാങ്ങുന്നു...

അയാൾ അടുത്തേക്ക് ചെന്നപ്പോൾ രാജഗോപാലൻ സാർ ചുളുങ്ങിയ നെറ്റിയോടെ പറഞ്ഞു  

‘‘ഇതെല്ലാം പ്രശ്നമാണല്ലോ...’’

നിങ്ങളുടെ കിഴക്കാരാണ് താമസിക്കുന്നത്...

‘‘സർ അത് റോഡ്‌ ആണ്...’’

ഞാൻ പറഞ്ഞില്ലേ, ഇത് മുഴുവൻ മിസ്റ്റേക്ക് ആണെന്ന്..

‘‘തെക്കു കിഴക്കാണ്‌ ശരിക്കും റോഡ്...’’-

‘‘സർ അത് ഞാനല്ലല്ലോ ഈ സ്കെച്ച് വരച്ചത്...’’- ആ ചോദ്യം അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല.

 

‘‘നിങ്ങൾ ഇടയ്ക്കു ചെക്ക് ചെയ്യേണ്ടതല്ലേ...’’

‘‘സർ, ആകെ എനിക്ക് അഞ്ചു സെന്റ് സ്ഥലമാണ് ഉള്ളത്... ഇവിടെ നിന്നും ഒരു സ്കെച്ച് കിട്ടിയാൽ അധികം വലുതല്ലാത്ത ഒരു തുക ബാങ്ക് ലോൺ തരാമെന്നു പറഞ്ഞിട്ടുണ്ട് ... വാടക വീട് ഒഴിവാക്കി സ്വന്തമായി ഒരു ചെറിയ വീട് വെക്കാനാണ് സർ..’’-

 

അയാൾ അത് കേട്ടതായി നടിച്ചില്ല...

ഇത് കണ്ടോ വടക്കു പടിഞ്ഞാറായി ഒരു പുഴയും ഒഴുകുന്നുണ്ട് ..-

‘‘സർ പുഴ നന്നായി ഒഴുകട്ടെ സർ അതിന്റെ വഴിക്ക്. അത് തന്നെയുമല്ല എന്റെ സ്ഥലം കഴിഞ്ഞു രണ്ടു പേരുടെ കൂടി വസ്തു കഴിഞ്ഞാണ് പുഴ ഒഴുകുന്നത്...’’

 

‘‘താൻ ഇതൊന്നും എന്നോട് പറഞ്ഞിട്ട് കാര്യമില്ല... ഞാൻ നിയമമാണ് പറയുന്നത്...

എന്തൊക്കെ യാണ് അയാൾ പറയുന്നതെന്ന് മനസിലായില്ല...

നാന്നായിട്ടു  വിശക്കുകയും ദാഹിക്കുകയും  ചെയ്യുന്നുണ്ട് ...

പെട്ടെന്ന് അകത്തെ മുറിയിൽ നിന്നും വില്ലജ് ഓഫീസർ പുറത്തേക്കു വന്നു ... എന്താ രാജപ്പാ....അയാൾ തല ചൊറിഞ്ഞു’’ അല്ല സാറേ ഒരു വസ്തുവിന്റെ സ്കെച്ച് ...’’_

ആ കുലീനായ വില്ലജ് ഓഫീസർ രാജഗോപലന്റെ അടുത്ത് വന്നു പേപ്പർ നോക്കി...

 

‘‘ഇത് അഞ്ചു സെൻറ് വീടിനു വേണ്ടിയുള്ളതല്ലേ. ഇത് കുഴപ്പമൊന്നുമില്ലല്ലോ. പെട്ടെന്ന് ചെയ്തു കൊടുത്തേരെ ...’’- വില്ലജ് ഓഫീസർ വീണ്ടും അകത്തേക്ക് പോയി...

 

എനിക്ക് ആ മനുഷ്യനെ തൊഴണമെന്നു തോന്നിപ്പോയി...

എത്ര നിസ്സാരമായാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തത്...

മറ്റൊരു കാര്യം ഇന്ന് വരെ ആ വില്ലജ് ഓഫീസറെ കണ്ടിട്ട് കൂടി യില്ലായിരുന്നു എന്നുള്ളതാണ്...

രാജഗോപലാൻ സാർ പെട്ടെന്നാണ് പ്ലേറ്റ് തിരിച്ചത്...

 

‘‘കുഴപ്പമൊന്നുമില്ലെന്നു ഞാൻ സാറിനോട് ഇന്നലെ പറഞ്ഞായിരുന്നു... നിയമം നിങ്ങളോടു പറഞ്ഞതേയുള്ളു കേട്ടോ .’’

‘‘പുറത്തിരുന്നൊള്ളൂ ഞാൻ വിളിക്കാം ..’’-

 

സമയം അധികരിക്കുന്നു പുറത്തു നല്ല ചൂട് ..മുറിക്കകത്തും . സമയം ഒരു മണി ആകുന്നു.

രാജഗോപലാൻ സാർ പുറത്തേക്കു വന്നു ...

‘‘കഴിച്ചിട്ട് വന്നോളൂ ...ഞാനും കഴിക്കാൻ പോകുവാണ്’’-എന്റെ മറുപടിക്കു കത്ത് നിൽക്കാതെ രാജഗോപലാൻ സാർ പുറത്തേക്കു നടന്നു....

 

വിശപ്പു കൂടി വരുന്നു. പെട്ടെന്നു വന്നാൽ മതിയാരിരുന്നു... ആകെക്കൂടി അര മണിക്കൂറിന്റെ പണിയേ ഉള്ളൂ ... ഇതിപ്പോ ...

തൊണ്ട വരളുന്നുണ്ട് വയറിനകത്തു വിശപ്പിന്റെ അലയൊലികൾ...

വെള്ളമെങ്ങാനും കുടിക്കാൻ പോകുമ്പോഴായിരിക്കും രാജപ്പൻ സർ വരുന്നതെങ്കിലോ...

 

മൂന്ന് മണിക്കെങ്കിലും ഇതും വാങ്ങി വീട്ടിലേക്കു പോകണം ...

മോൾ അല്ലെങ്കിൽ വീടിന്റെ പുറത്ത് ഒറ്റയ്ക്ക് നിൽക്കേണ്ടി വരും...

ഒന്നര .. രണ്ട്...സമയം കടന്നു പോകുന്നു.

 

അയാളെ അകെ വിയര്ക്കാനും തുടങ്ങി. അറിയാതെയിരുന്നു പുറത്തെ ബെഞ്ചിൽ ഇരുന്നു മയങ്ങിപ്പോയി ..ആരുടെയോ സംസാരം കേട്ട് അയാൾ ഞെട്ടി ഉണർന്നു...

 

രാജഗോപലാൻ സാർ മറ്റു രണ്ട് പേരുമായി ചിരിച്ചു രസിച്ചു വരുകയാണ്... ഞാൻ വാച്ചിൽ നോക്കി. സമയം രണ്ട് നാൽപ്പത് ....

സുഖമുള്ള ഊണ് കഴിച്ചതിന്റെ സന്തോഷം അയാളുടെ മുഖത്ത് ഉണ്ട്.

വയറു വിശന്നു കുടൽ മാല ഒട്ടിപ്പിടിക്കുന്നതുപോലെയും അയാൾക്ക്‌ തോന്നി...

 

രാജഗോപലാൻ സാർ ടേബിളിൽ വിശാലമായി ഇരുന്നു പല്ലിനിടയിൽ കുരുങ്ങിയ ഇറച്ചിയുടെ അവശിഷ്ടത്തെ വളരെ കരുതലോടെ തികഞ്ഞ വൈദഗ്ദ്യത്തോടെ കുത്തിയെടുക്കുന്നു...അയാൾ അകത്തേക്ക് ചെന്നു...

 

‘‘സർ ഞാൻ ഒരുഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് ഇപ്പൊ വരാം’’-അയാൾ ഭവ്യതയോടെ പറഞ്ഞു..

‘‘ശരി, ഇത് കുറച്ചു കൂടി പണിയുണ്ട് .... പതുക്കെ വന്നാൽ മതി..’’- രാജഗോപലാൻ സാർ പറഞ്ഞു ...

 

അയാൾ അകത്തെ മുറിയിലേക്ക് പാളി നോക്കി. അവിടെ വില്ലജ് ഓഫീസർ ഉണ്ട്. അയാൾ വേഗം പുറത്തേക്കു നടന്നു ... ഓഫീസിനു കുറച്ചപ്പുറത്തെ ഷീറ്റ് പാകിയചെറിയ കടയിൽ നിന്നും തണുത്ത ഒരു ഗ്ലാസ് നാരങ്ങാ വെള്ളം അയാൾ ആർത്തിയോടെ കുടിച്ചിറക്കി... ഒരു ബണ്ണും കഴിച്ചു...

 

പോക്കറ്റിൽ നിന്നും ആകെ ഉണ്ടായിരുന്ന അറുപതു രൂപയിൽ പത്തു രൂപ എടുത്തു കൊടുത്തു. ബാക്കി ഇനി അമ്പതു രൂപ മാത്രമാണുള്ളത് മാത്രമാണുള്ളത് ....

 

വണ്ടിക്കു വീട്ടിലേക്കു പോകാൻ ട്രിപ്പ് വണ്ടിയാണെങ്കിൽ ഇരുപതു രൂപ മതിയാകും .. അയാൾ വേഗം വില്ലേജ് ഓഫീസിലേക്ക് തിരിച്ചു നടന്നു.

രാജപ്പൻ സർ ചിരിച്ചു കൊണ്ടിരിക്കുന്നു...

 

“സർ , ശരിയായോ.. ഉടനെ പുറപ്പെട്ടാൽ മകൾ സ്കൂളിൽ നിന്നും വീട്ടിലെത്തുന്നതിനു മുമ്പ് എത്താൻ കഴിയുകയുള്ളൂ... അവൾ അല്ലെങ്കിൽ ഒറ്റക്കാകും അതുകൊണ്ടാണ്”-

എല്ലാം ശരിയായിട്ടുണ്ട് .. വില്ലേജ് ഓഫീസർ ഒപ്പും ഇട്ടിട്ടുണ്ട് ...ഒരു പ്രശ്‍നം...സീൽ അടിച്ചാലേ വിലയുള്ളൂ...

‘‘അതിനെന്താ സർ തടസം , സീൽ അടിക്കണം...’’-

രാജഗോപലാൻ സാർ പറഞ്ഞു...

 

അതെല്ലാം റെഡി ആക്കിയിട്ടുണ്ട് ... സാർ ഒപ്പും വെച്ചിട്ടുണ്ട് ...

അയാളുടെ മനസിലേക്ക് സന്തോഷത്തിന്റെ അലകൾ ഇരച്ചു കയറി.

ഇപ്പൊ ചെന്നാൽ ചിലപ്പോൾ ഏതെങ്കിലും ട്രിപ്പ് വണ്ടി കിട്ടിയാൽ വേഗം വീട്ടിലെത്താം.

 

അല്ലെങ്കിൽ അവൾ വന്നു വീടിന്റെ പുറത്തു ഒറ്റയ്ക്ക് കാത്തിരിക്കേണ്ടി വരും... തൊട്ടടുത്ത് മറ്റു വീടുകളുമില്ല... അതിലെയൊക്കെ ഒരു നായ അലഞ്ഞു നടക്കാറുമുണ്ട്... അവൾക്ക് അതിനെ വലിയ പേടിയുമാണ്.

‘‘സാർ, എന്ന അത് തന്നാൽ ...’’- വളരെ വിനയാന്വിതനായി അയാൾ ചോദിച്ചു....

 

രാജഗോപലാൻ സാർ തന്റെ കസേരയിൽ നിവർന്നു ചാരിക്കിടന്നു... എന്നിട്ടു പറഞ്ഞു..

‘‘അതിനൊരു പ്രശ്നമുണ്ടല്ലോ...’’- വെള്ളിടി വെട്ടിയതുപോലെ അയാൾ അറിയാതെ ചോദിച്ചുപോയി..

‘‘ഇനിയും എന്ത് പ്രശ്‍നം സർ ...?’’ രാജഗോപലാൻ സാർ ചിരിച്ചു ...

അദ്ദേഹത്തിന്റെ ആ ചാരിക്കിടന്നുള്ള ചിരിയിൽ എന്തോ ഒരു പന്തികേട് മണത്തു.

 

‘‘ഒപ്പിട്ടിട്ടുണ്ട്, പക്ഷേ സീൽ വെച്ചിട്ടില്ല...’’-

‘‘സർ, സീൽ വെക്കാനെന്താ പ്രശ്‍നം ..’’- അയാൾ അങ്കലാപ്പോടെ ചോദിച്ചു.

‘‘അത് വില്ലേജ് ആപ്പീസറുടെ ടേബിളിനകത്താണ്, അദ്ദേഹം അത് പൂട്ടി പ്പോയി ..’’- അയാളുടെ തല കറങ്ങുന്നതു പോലെ തോന്നി.

‘‘എങ്ങനെയെങ്കിലും ...’’ അയാൾ യാചിക്കുകയായിരുന്നു.

‘‘ഒരു രക്ഷയുമില്ലല്ലോ ..’’

 

രാജഗോപലാൻ സാറിന്റെ കണ്ണുകൾ അയാളുടെ പോക്കറ്റിലേക്ക് നീളുന്നത് അയാൾ അറിഞ്ഞു.. അദ്ദേഹത്തിന്റെ കണ്ണുകൾ പോക്കറ്റിനെ സ്കാൻ ചെയ്തു കഴിഞ്ഞിരുന്നു. ആ സ്കാനിങ്ങിൽ അയാളുടെ ഉള്ളം പിടക്കുന്ന ഒരച്ഛന്റെ വേദന കണ്ടില്ല. മറിച്ച് ഏതാനുംനോട്ടുകൾ മാത്രം അവിടെ തെളിഞ്ഞു വന്നു.

 

പെട്ടെന്നുണ്ടായ ഒരുൾ പ്രേരണയിൽ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മുഷിഞ്ഞ അമ്പതു രൂപ നോട്ടെടുത്തു രാജഗോപലാൻ സാറിന്റെ നേരെ നീട്ടി....

 

രാജഗോപലാൻ സാറിന്റെ മുഖം കൂടുതൽ തെളിഞ്ഞു...

ഒരു മടിയും കൂടാതെ അതയാൾ വാങ്ങി തന്റെ സ്വന്തം കീശയിലിട്ടു...

എന്നിട്ടു പതുക്കെ ഇരിപ്പിടത്തിൽ നിന്നും ഒന്നെഴുന്നേറ്റു സ്വന്തം ടേബിളിന്റെ അറ ഒരെണ്ണം വലിച്ചു തുറന്നു ..

എന്നിട്ടു യാതൊരു ചളിപ്പുമില്ലാതെ അയാളോട് പറഞ്ഞു...

 

‘‘സീൽ ഇവിടിരിപ്പുണ്ടായിരുന്നു കെട്ടോ ..’’-

ചുരുട്ടിയ കടലാസുമായി പുറത്തിറങ്ങിയപ്പോൾ വില്ലജ് ഓഫീസിന്റെ വരാന്തയിൽ എഴുതിവെച്ചിരിക്കുന്ന വലിയ മലയാള അക്ഷരങ്ങൾ അയാളെ കൊഞ്ഞനം കുത്തുത്തതുപോലെ അയാൾക്ക്‌ തോന്നി...

 

‘‘കൈക്കൂലി ചോദിക്കുന്നതും , കൊടുക്കുന്നതും കുറ്റകരമാണ് ..’’-

അയാൾ വേഗം പുറത്തേക്കു നടന്നു... പുറത്തെ ബസ്റ്റോപ്പിൽ അയാൾക്ക്‌ പോകേണ്ട ബസ് പുറപ്പെടാനൊരുങ്ങി നിൽക്കുന്നു... അയാൾ പോക്കറ്റിൽ വെറുതെ ഒന്നു തപ്പി നോക്കി...

പോക്കറ്റ് ശൂന്യമായിരുന്നല്ലോ...

സമയം വൈകിയിരിക്കുന്നു...

 

മോൾ എത്തിയിട്ടുണ്ടാവും... ഒറ്റയ്ക്ക് പാവം പേടിച്ചു ഇരിക്കുകയാകും

അയാൾ ബസിനടുത്തേക്കു പോകാതെ ...റോഡിന്റെ ഓരം ചേർന്ന് അതിവേഗതയിൽ വീട് ലക്ഷ്യമാക്കി അതിവേഗം നടന്നു, ശരീരത്തിലൂടെ നൂല്മഴ പോലെ വിയർപ്പുചാൽ ചാലിട്ടൊഴുകുന്നതറിയാതെ...

 

English Summary: Nerkazhchakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com