മറ്റുള്ളവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? സ്നേഹം അളക്കാൻ ഒരു സൂത്രവിദ്യ!

measuring-love
പ്രതീകാത്മക ചിത്രം. Photocredit : hxdbzxy / Shutterstock
SHARE

ബാല്യത്തിലാണ് ജീവിതത്തിൽ അദ്യമായി ചെപ്പടിവിദ്യകൾ പഠിച്ചത്. വെയിലും മഴയും ഒരുമിച്ച് വന്നാൽ കുറുക്കന്റെ കല്യാണമാണെന്ന് തിരിച്ചറിയാനും, ഒറ്റ മൈനയെ കണ്ടാൽ ദുഃഖസൂചനയാണെന്ന് മനസിലാക്കാനും, ദൈവത്തിന് ഫോൺ നമ്പർ ഉണ്ടെന്നും തുടങ്ങി പല വിദ്യകളും പലരിൽ നിന്നും സ്വായത്തമാക്കിയത് ബാല്യത്തിലെ സുന്ദരദിവസങ്ങളിൽ നിന്നാണ്.

അതിൽ പ്രധാനപ്പെട്ട അറിവായിരുന്നു വളപ്പൊട്ടുകൾ കൊണ്ട് മറ്റുള്ളവരുടെ സ്നേഹമളക്കാൻ പഠിച്ചത്. സ്നേഹമളക്കുന്ന സംഗതി വളരെ വല്യ കാര്യമാണെങ്കിലും സംഭവം നിസ്സാരമായി ചെയ്യാവുന്നതാണ്. അമ്പലപ്പറമ്പിൽ നിന്നും ഫാഷൻ സ്‌റ്റോറിൽ നിന്നും കിട്ടുന്ന തിളങ്ങുന്ന കുപ്പിവളകളാണ് ഇതിന് വേണ്ടത്, വേറെയൊന്നും വേണ്ടതാനും.

പുതിയത് വാങ്ങി വിദ്യ പരീക്ഷിക്കാനുള്ള വകയൊന്നും ഇല്ലായിരുന്നത് കൊണ്ട് പൊട്ടിയ വളമുറികളാണ് മിക്കവാറും ഉപയോഗിക്കുന്നത്. ഓർമ്മയിൽ ആദ്യമായി വളമുറി കൊണ്ട് സ്നേഹമളക്കുന്ന വിദ്യ പറഞ്ഞു തന്നത് കൊച്ചേച്ചിയാരുന്നു. നിന്റെ കയ്യൊന്ന് നീട്ടിക്കെ, എന്നിട്ട് നീ ഒരാളെ മനസ്സിൽ ഓർക്ക്. അയാൾക്ക് നിന്നോട് എത്ര സ്നേഹമുണ്ടന്ന് ഞാൻ പറയാം, എന്ന പറഞ്ഞ എന്റെ കൈയ്യ് നീട്ടിപ്പിടിപ്പിച്ചു ഒരു ദിവസം.

എന്നിട്ട് എന്റെ കൈവെള്ളയിലോട്ട് ഒരു തിളങ്ങുന്ന ചുമന്ന വളമുറിയുടെ രണ്ടറ്റവും പിടിച്ച് ചേച്ചി നടക്കോട്ട് പൊട്ടിച്ചു. അത്ഭുതം, ഒരു വലിയ തരി വളപ്പൊട്ട് അടർന്ന് എന്റെയുള്ളം കൈയ്യിലോട്ട് വീണു. നീ ഓർത്ത ആളിന് നിന്നോട് നല്ല സ്നേഹമുണ്ടല്ലോ. ആരാടാ എന്ന് കൊച്ചേച്ചി ചിരിച്ചോണ്ട് ചോദിച്ചു. ഞാൻ ഓർത്തത് എന്നെത്തന്നേയാണ്, എനിക്കറിയണമെല്ലോ എനിക്ക് എന്നോട് എന്തോരും സ്നേഹമുണ്ടന്ന്, ഞാൻ പറഞ്ഞു. ആരും സ്നേഹിക്കാൻ ഇല്ലേലും നമ്മൾ നമ്മളേ തന്നെ സ്നേഹിക്കണം എന്നാണ് അന്നുമിന്നും ഞാൻ കരുതുന്നത്.

അപ്പോൾ അങ്ങനെയാണ് മറ്റുള്ളവരുടെ സ്നേഹമളക്കുന്നത്. വലിയ വളമുറികഷണമാണ് കയ്യിൽ വീഴുന്നതെങ്കിൽ കുന്നോളം സ്നേഹവും ചെറിയ വളമുറികഷ്ണമാണേൽ കുന്നിക്കുരുവോളും സ്നേഹവും. ഇനി വളകഷ്ണം വീണില്ലേല്ലോ സ്നേഹമില്ലതാനും. പരുപാടി എനിക്ക് ഇഷ്ട്ടായി.

അന്ന് ആദ്യം പോയി സ്നേഹമളന്നത് കുഞ്ഞിപ്പെങ്ങളുടെ കയ്യിലാരുന്നു എന്ന് തോന്നുന്നു. പിന്നീട് പലപ്പോഴും എന്നെയോർക്കാൻ പറഞ്ഞ് ആ ചെപ്പടിവിദ്യ കൊണ്ട് ഞാൻ പലരുടെയും സ്നേഹമളന്നു. ഞാൻ കൊടുത്ത സ്നേഹത്തെക്കാൾ വലുപ്പമുണ്ടായിരുന്നു അന്ന് കിട്ടിയ വർണ്ണപ്പൊട്ടുകൾക്ക് ഒക്കെയും.

ബാല്യവും കൗമാരവും കടന്ന് പോയെങ്കിലും ദൈവത്തിന്റെ ഫോൺ നമ്പർ കിട്ടുന്നില്ലായെന്ന് തിരിച്ചറിഞ്ഞെങ്കിലും ഈ ചെപ്പടിവിദ്യ മാത്രം കൂടെക്കൂട്ടി. ഇടക്കിടെ സ്നേഹിക്കുന്നവരുടെ സ്നേഹമളക്കാല്ലോ. ഇപ്പോഴും ഞാൻ എന്റെ പ്രിയപ്പെട്ടവരെ ഓർത്ത് അവർക്ക് എന്നോടുള്ള സ്നേഹമളക്കാറുണ്ട്. കിട്ടുന്ന വളപ്പൊട്ടുകൾ ചിലപ്പോൾ സന്തോഷവും മറ്റ് ചിലപ്പോൾ ദുഃഖവും തരാറുണ്ട്.

എങ്കിലും അവരുടെ സ്നേഹത്തേക്കാൾ വലിയ സ്നേഹം എന്റെയുള്ളിൽ പൊട്ടിച്ചിടാനാണ് ഞാൻ ഇപ്പോഴും ശ്രമിക്കുന്നത്. ഞാൻ എന്നെ തന്നെ സ്നേഹിക്കുന്ന പോലെ, വലിയ ചുമന്ന വളമുറികഷ്ണങ്ങൾ അവരോടുള്ള എന്റെ സ്നേഹമായി മനസ്സിൽ നിറയട്ടെ.

English Summary: Memoir written by Bino Kochumol Varghese

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;