‘അവൾക്കൊരായിരം പേരുകളും മുഖങ്ങളുമുണ്ട്, അവൾ എവിടെയും ഉണ്ട്’

rape-victim
പ്രതീകാത്മക ചിത്രം. Photocredit : Doidam 10 / Shutterstock
SHARE

ശുഭഗീതം (കഥ)

ദിയേ...

‘‘ഉം...’’

ഒരു കൺസെപ്റ്റ് കിട്ടി. പക്ഷേ ഡെവലപ്പ് ചെയ്യാൻ പറ്റുന്നില്ല.

‘‘കഥ?’’

‘‘ഞാൻ പറയട്ടെ?

‘‘ആം...’’

ഇത് സങ്കൽപിക്കു...

ഋതു മാറ്റം ആഘോഷിക്കാൻ ഇളം ചുവപ്പ് പൂക്കൾ മൊട്ടിട്ട മരങ്ങൾ. കാടെന്ന് വ്യക്തം. അതിരാവിലെ സൂര്യന്റെ വരവറിയിച്ചെത്തിയ കിഴക്കിന്റെ ഇളം തിളക്കത്തിനെയെതിർത്ത് മായാൻ മടിച്ചുനിൽക്കുന്ന നക്ഷത്രങ്ങൾ അങ്ങിങ്ങ് വിതറിക്കിടക്കുന്നു. ഇന്നലെ ബാക്കി വെച്ച പാട്ടുകൾ ഇന്നുപാടിത്തീർക്കാം എന്ന പ്രതീക്ഷയോടെ നേരത്തെ ഉണർന്ന കിളികളും കൂട്ടിന്.

‘‘ആ... എന്നിട്ട്?’’

ആ കാടിനിടയ്ക്ക് ഒരു വെളിവിൽ ഇളം പച്ച പുൽ പരവതാനി. അതിൽ വെട്ടിയ കുറ്റിക്കരികിൽ ചരിഞ്ഞുറങ്ങുന്ന ഒരു മാമരം. അതിൽ ചാരിക്കിടക്കുന്ന നമ്മുടെ നായിക.

‘‘ഓർക്കാൻ തന്നെ ഒരു സുഖം. എന്നിട്ട്?’’

പ്രകൃതിയുടെ ശുഭസംഗീതത്തിലലിഞ്ഞ്... മൗനമായ്...

തളർന്നുറങ്ങുന്ന വലതു കൈ മടിയിലൊതുക്കി...

‘‘ങ്ങേ?’’

കീറിപ്പറിഞ്ഞ വസ്ത്രവുമായി...

അങ്ങിങ്ങ് കറ പോലെ രക്തവുമായി...

‘‘അയ്യോ..’’

രക്തക്കറപൂണ്ട ഒരു മഴു അരികിൽ കിടക്കുന്നുണ്ട്. എല്ലാം ഉണങ്ങിത്തുടങ്ങി. മാമരം കെട്ടിയിറക്കാൻ ചുറ്റിയ കയറിന്റെ മറ്ററ്റങ്ങൾ അവളുടെ തളർന്നുറങ്ങുന്ന കൈ കാലുകളെ ബലമായി ചുറ്റി തലോടുന്നുണ്ടായിരുന്നു.

‘‘ആരാ നമ്മുടെ നായികയെ...’’

ആ മഴു അവിടിട്ട് പോയവർ തന്നെ. മൃഗീയ വിനോദത്തിന് ശേഷം, വെട്ടിയ മരവും, ഒന്നു കരയാൻ പോലും ശേഷിയില്ലാത്ത അവളുടെ ശരീരവും, ആ മഴുവും വലിച്ചെറിഞ്ഞവർ പോയി.

അവർ ചവിട്ടിയരച്ച കുഞ്ഞു പുല്ലുകൾ മെല്ലെ തലപൊക്കിത്തുടങ്ങിയിരുന്നു. അവളുടെ പുറത്ത് രക്തച്ചാൽ ഉഴുത കല്ലുകൾ ആ പുല്ലിനടിയിൽ ഒളിച്ചു.

‘‘അവളവിടെ സ്വയം വന്നതാണോ അതോ?’’

സ്വയം വന്നതാണെങ്കിൽ ഈ ഉൾക്കാട്ടിൽ ഒറ്റക്ക് വരാൻ ഒരു കാരണം വേണമല്ലൊ. ഒരു ക്യാമറയോ, ബാഗോ അവിടെ തകർന്ന് ചിതറിക്കിടക്കുന്നുണ്ടാവും. അല്ലെങ്കിൽ, അവർ പിടിച്ചിഴച്ച് കൊണ്ടുവന്നതുമാകാം.

‘‘എന്നിട്ടെന്തായി?’’

അത്രേ ഉള്ളു ചിത്രം. അവൾക്ക് കൂട്ടിന് താരാട്ട് പാടുവാൻ സുഗതകുമാരി ടീച്ചറുടെ ചെറുകിളിയെ കൂട്ടിരുത്തണോ എന്നറിയില്ല. തളർന്നുറങ്ങുന്ന അവൾ ഈ കഥ പറയാൻ എന്നെങ്കിലും ഉണർന്ന് വരുമോ എന്നും എനിക്കറിയില്ല.

‘‘ഇത് എങ്ങനെങ്കിലും ഡെവലപ്പ് ചെയ്യണം. ഇന്നു തന്നെ.

പക്ഷേ, പറ്റണില്ല.’’

‘‘പറ്റും. ട്രൈ ചെയ്ത് നോക്ക്...’’

ഇല്ല. പേടി. അവളുടെ ചിന്തകൾ പകർത്താൻ, അതേ പറ്റി ചിന്തിക്കാൻ തന്നെ - പേടി.

‘‘എത്ര ദിവസമായി ഇത് മനസ്സിൽ വന്നിട്ട്?’’

ഒരാഴ്ചയായി ഞാൻ വെട്ടിയ മരത്തിൽ ചാരിയിരുന്ന് പ്രകൃതി ഭംഗിയും, കിളിയുടെ കൊഞ്ചലും ആസ്വദിക്കുന്നു. സുഗതകുമാരിടീച്ചറിടെ ‘ഒരു പാട്ട് പിന്നെയും’ മ്യൂസിക്ക് പ്ലെയറിൽ ലൂപ്പിലും. ഇന്നലെ സിത്താരയുടെ ‘‘റിതു’’ കേട്ടപ്പോൾ ആ ശുഭസംഗീതമാസ്വദിക്കാനായി ഞാൻ നായികയ്ക്ക് സ്ഥലമൊഴിഞ്ഞുകൊടുത്തു. ഹത്രാസ് കേസും വാർത്തയിൽ നിറഞ്ഞപ്പോൾ...

‘‘അപ്പൊ നായികയെ വിളിച്ച് വരുത്തിയത് നിങ്ങളാണല്ലേ... അവളുടെ പേരെന്താ?’’

അവൾക്കൊരായിരം പേരുകളും മുഖങ്ങളുമുണ്ട്. അവളുടെ മാതൃരാജ്യം ഏതുമാകാം. മരുഭൂമിയിലെ ഒരു ചെറുപച്ചപ്പായാലും, ആമസോൺ വനാന്തരമായാലും, മഞ്ഞിൽ പൊതിഞ്ഞ യൂറോപ്പായാലും, സുന്ദരമായ പ്രകൃതിയിൽ കിരാതന്മാരായ നമ്മുടെ നിഷ്ഠൂരതയുടെ ഓർമ്മയായി അവളാ മണ്ണിൽ അലിഞ്ഞു ചേരും. അവളെ കാണാനില്ലെന്ന് പറഞ്ഞ് പുറം ലോകവും, മാധ്യമങ്ങളും കോലാഹലമുണ്ടാക്കും. ഒരു കരയുന്ന അമ്മയ്ക്ക് തോളേക്കാൻ ഒരായിരം പൊളിറ്റീഷ്യൻസ് അണിനിരക്കും. 

അവൾ പ്രകൃതിയിലലിഞ്ഞു ചേരുന്നതിലും വേഗം, ഒരമ്മയുടെ - ഏറിയാൽ ഒരച്ഛന്റെയും കണ്ണീർ മാത്രം ബാക്കി വെച്ച് നമ്മൾ അവളെ മറക്കും.

ഇല്ല. ഇതേ പറ്റി എഴുതി സമയം പാഴാക്കാൻ ഞാനില്ല. കണ്ടുമടുത്ത കാഴ്ച.

ഞാൻ ‘റിതു’വിലേക്ക് മടങ്ങിപ്പോകുന്നു.

ബൈ. 

English Summary: Subhageetham, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;