ഓൺലൈൻ ജീവിയായുള്ള മനുഷ്യന്റെ പരിണാമം

online-meeting
പ്രതീകാത്മക ചിത്രം. Photocredit : metamorworks / Shutterstock
SHARE

ന്യൂ നോർമൽ (കഥ)

പ്രഭാഷണം നന്നായിരുന്നു. പഴയ വൈബ് അവന്‍ അങ്ങനെ തന്നെ നിലനിര്‍ത്തി പോകുന്നുണ്ട്. അവന്‍ പറഞ്ഞതുപോലെ, എന്തായിരിക്കും മനുഷ്യന്റെ അടുത്ത പരിണാമം?

ചിന്തകളെ അങ്ങനെ ഇടറി തുള്ളി പെയ്തു പെരുകുവാൻ  അനുവദിച്ചു കൊണ്ട് ആൾക്കാർ പുറത്ത് ഇറങ്ങി കൊണ്ടിരിക്കവേ പാര്‍വ്വതി ഗൂഗിൾ മീറ്റിങ് അവസാനിപ്പിച്ചു. കണ്ണട ഊരി വെച്ചു. സ്റ്റാഫ് റൂമിനകത്തുള്ള ചെറിയ വാഷ് ബേസിനിൽ മുഖം കഴുകി. ചുരിദാർ ഷാളിന്റെ തുമ്പ് കൊണ്ട്  തുടച്ചു. തിരികെ വന്നു ലാപ്ടോപ് അടച്ചു. സ്റ്റാഫ് റൂമിന്റെ ജനാലകൾ വലിച്ചടച്ചു. ലൈറ്റുകളും ഫാനും അണച്ചു. അടുത്ത മുറിയില്‍ ചെന്നു HOD അലക്സ് സാറിനോട് ‘ഇറങ്ങുവാ സാറേ’ എന്നും പറഞ്ഞു നടക്കുവാൻ തുടങ്ങുമ്പോഴാണ് സ്റ്റാഫ് റൂമിൽ മറന്നു വെച്ച മാസ്ക് ഓർത്തത്. തിരിച്ചെത്തി, ഞാൻ ഇനി പുസ്തകങ്ങള്‍ക്ക് ഒരു മുഖം മൂടി ആവണോ എന്ന് ശങ്കിച്ചു ലെനിൻജറിന്റെ*  ബയോകെമിസ്ട്രി ബുക്കിനടിയിൽ കിടന്നു വീർപ്പു മുട്ടുന്ന മാസ്ക് വലിച്ചെടുത്ത് അവർ മുഖത്ത് പിടിപ്പിച്ചു. 

വീണ്ടും അലക്സ് സാറിന്റെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോൾ അദ്ദേഹം വരാന്തയിലേയ്ക്ക് വന്നു. 

‘നമ്മുടെ പരിപാടി നന്നായിരുന്നു. പ്രിൻസിപ്പലും പറഞ്ഞായിരുന്നു. പുള്ളി നല്ല ഒരു സ്കോളർ  ആണല്ലോ. He presented nicely. പാർവ്വതിയുടെ അടുത്ത സുഹൃത്ത് ആണല്ലേ?’

‘അതേ. മനോജിന്റെയും. യൂണിവേഴ്സിറ്റിയിൽ റിസർച്ച്  ചെയ്ത സമയത്ത് ലാബ് മേറ്റ്സ് ആയിരുന്നു’

‘Such a talented guy. അയാളുടെ നാട് എവിടെയാ’

‘ഇവിടെ അടുത്ത് തന്നെയാ സർ. അടുത്ത പ്രാവശ്യം ലീവിനു വരുമ്പോ.. ആ... അതിനിപ്പോ ഈ കോവിടൊക്കെ കഴിയണല്ലോ, ഞാൻ പറയാം’

‘ഓകെ  പാർവതി. എനിക്ക് കുറച്ചു ജോലി ഉണ്ട്. നാളെ പാര്‍വ്വതി ഉണ്ടാവുമോ?’

‘ഇല്ല സർ, മറ്റന്നാൾ വരും.’

ബൈ പറഞ്ഞു, ചിരി കഴിഞ്ഞു പാർവ്വതി കോളേജ് വരാന്തയിലൂടെ നടന്നു തുടങ്ങി. അലക്സ് സർ മുറിയിലേക്ക് പോയി. ശബ്ദങ്ങളുടെ ഏകാന്തത പരന്നു കിടക്കുന്ന കോളേജ് വരാന്ത തീരുന്നിടത്തു കാർ പാർക്കിങ് തുടങ്ങുന്നു. പാര്‍വ്വതി മഴ നനയാതെ, പാർക്കിംഗ് ഷെഡിൽ നിന്നു. 

അങ്ങനെ നിന്നു വീണ്ടും പരിണാമ  ചിന്തകളില്‍ പാര്‍വ്വതി അലഞ്ഞു. കൂടുതൽ ചിന്തിക്കവേ, ഹരാരി, Homo Deus**-യും ആയി ഓടി വന്നു. മനുഷ്യന്റെ അടുത്ത ചലനം. അതി സങ്കീര്‍ണ്ണമായ പരിവര്‍ത്തനം. മനോജ് എത്തിയത് അവൾ  അപ്പോൾ കണ്ടിരുന്നില്ല. അയാളുടെ കാറിന്റെ ഹോൺ മുഴങ്ങിയപ്പോൾ  പരിണാമപ്രക്രിയയിലെ പുതിയ മനുഷ്യര്‍ എവിടെയൊക്കെയോ പോയി ഒളിച്ചു. 

‘എങ്ങനെ ഉണ്ടായിരുന്നു പ്രോഗ്രാം’

പാര്‍വ്വതി കാറിൽ കയറുന്നതിനിടെ  മനോജ് ചോദിച്ചു.

‘അപ്പൊ മനോജ് കണ്ടില്ലേ?’

‘ആ ആദ്യം കണ്ടു. പിന്നെ ഗെയിം കളിക്കണൊന്നും പറഞ്ഞു ഭാതു മൊബൈലും കൊണ്ട് പോയി. എന്തൊരു ബഹളം ആരുന്നു? നമ്മുടെ മോൾക്ക്‌ അല്ലേലും എന്തേലും നമ്മൾ കാണണൊന്നു വിചാരിച്ചാ അന്നേരം തൊടങ്ങും. അച്ഛാ ...എനിക്കൊരു ഗെയിം എന്നും പറഞ്ഞു..’

അന്നേരം ഒരു കണ്ണടർന്നു  പോയ പാവക്കുട്ടിയെ  ഓര്‍മ്മ വന്നു.

കിടക്കുമ്പോള്‍ അത് ബാക്കിയുള്ള ഒറ്റക്കണ്ണടയ്ക്കും .

അതിന്റെ പിങ്ക്  ഉടുപ്പിലെ ‘ബാർബീ’ എന്ന തിളക്കം മങ്ങിയ അക്ഷരങ്ങള്‍.

‘ആ ഞാൻ ഇപ്പൊഴാ ഓർത്തത്. വിനുവിനെ അത് കഴിഞ്ഞൊന്നു വിളിച്ചില്ല. അവൻ നന്നായിട്ടു പ്രസന്റ് ചെയ്തു. ഒന്ന് വിളിക്കട്ടെ’

പാര്‍വ്വതി ഫോൺ ബാഗില്‍ നിന്ന് എടുത്തു വാട്സാപ്പ്കോളിൽ ‘വിനു യൂണിവേഴ്സിറ്റി’ എന്ന നമ്പർ  തിരഞ്ഞു വിളിച്ചു. 

കാർ അവരുടെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയായിൽ ചെല്ലുമ്പോഴേയ്ക്കും പാര്‍വ്വതി വിനുവിനെ വിളിച്ചു പഴയ ഓര്‍മ്മകളും, പുതിയ ചിന്തകളും, നന്ദി വാക്കുകളും, മനോജിന്റെ അന്വേഷണങ്ങളും അറിയിച്ചു കഴിഞ്ഞിരുന്നു.

അവരുടെ ഫ്ലാറ്റിൽ വന്നു കയറുമ്പോള്‍ ഭാതു ടിവിയിൽ കാർട്ടൂൺ  കണ്ടു കൊണ്ട് ഇരിക്കുക ആണ്. വാതില്‍ തുറന്ന് പാര്‍വ്വതി കയറിയത് അവൾ ശ്രദ്ധിച്ചില്ല. ബെഡ് റൂമിലേയ്ക്ക്  നടക്കുമ്പോൾ അമ്മ ‘നെനക്ക് ചായ എടുക്കട്ടെ’ എന്നും ചോദിച്ചു വന്നു. ഇപ്പോൾ ഭാതു, പാർവ്വതിയെ കണ്ടു. ‘ഞാൻ ഇപ്പൊ വരാവേ’ എന്ന് അവളോടും, ‘കുളിച്ചു കഴിഞ്ഞു ചായ മതി’ എന്ന് അമ്മയോടും പറഞ്ഞു ബെഡ്‌റൂമിൽ കയറി  വാതില്‍ അടച്ചു. 

കുളി കഴിഞ്ഞ് ചായയും കുടിച്ച് ഇരിക്കുമ്പോള്‍ അമ്മയുടെ സീരിയലിലെ  കഥാപാത്രങ്ങൾ അവരുടെ ചായം പിടിച്ച കഥകൾ പറഞ്ഞു തുടങ്ങി. അന്നേരം ഭാതു ഓടി വന്നു. മനോജ്  ബാൽക്കണിയിൽ ഇരുന്നു മൊബൈൽ ഫോണിന്റെ നീല വെളിച്ചത്തിൽ കണ്ണുകൾ മൂർച്ച കൂട്ടുന്നത് കണ്ടു.  

‘ഭാതു, നെനക്ക് ഇന്ന് ഓൺലൈൻ ക്ലാസ് ഒണ്ടാരുന്നോ?’

‘ആ... മൂന്ന് ക്ലാസ്’

‘ഹോം വർക്കോ?’

‘ഉഷ മിസ്സിന്റേതു ഉണ്ട്’

അവൾ അകത്തു പോയി ഭവിത, രണ്ടാം ക്ലാസ് B ഡിവിഷൻ, ഏമിയൻസ് സ്കൂൾ എന്ന് ഭംഗിയായി എഴുതി ഒട്ടിച്ചു വെച്ച നെയിം സ്ലിപ്പുള്ള വർക്ക് ബുക്ക്, പാർവ്വതിയുടെ മുന്‍പില്‍ കൊണ്ട് വെച്ചു. അവളുമായി കുറെ നേരം പിടിവലികളും, ബഹളങ്ങളും നടന്നു കഴിയാറായപ്പോഴാണ് സീന Dept. എന്ന പേര് 1 new msg എന്ന് ഫോൺ ചിലച്ചത്. 

‘ഇന്നത്തെ നമ്മുടെ പരിപാടിയുടെ ഫീഡ്ബാക്ക് നോക്കണേ. നിന്റെ ഗൂഗിൾ ഫോംസിൽ കാണും’ ഭാതുവിന്റെ വർക്‌ബുക് തീർന്നു കഴിഞ്ഞു, ലാപ്ടോപ്പ് മേശപ്പുറത്ത് എടുത്തു വെച്ചു. അത് തുറന്നു മൗസ്സ് ഓടിച്ചു തുടങ്ങിയപ്പോൾ ഉണര്‍ന്നു. അന്നേരം അതിൽ നിന്നും ആരോ വിളിക്കുന്നത് കേട്ടു. 

അതെങ്ങനെ?

സീരിയലിന്റെ ശബ്ദം ആണോ?

‘അമ്മേ, ഇതിനകത്തു എന്താ’- . ഭാതു

അപ്പോൾ തോന്നല്‍ അല്ല. ഇതിൽ നിന്നുമാണ്.

‘അമ്മമ്മേ, ടീവീടെ വോള്യം കുറച്ചേ?’ - ഭാതുവിന്റെ ശബ്ദം ചിതറിത്തെറിച്ചു. 

കാഴ്ച്ചയുടെ സ്വാഭാവികതയ്ക്ക്  ഭംഗം വരുത്തിയ ഇവളെ എന്ത് ചെയ്യണം എന്ന് ഭാവത്തില്‍ പാര്‍വ്വതിയുടെ അമ്മ അവളെ നോക്കി. പിന്നെ, അമ്മയും മോളും അത്ര സോഫ്റ്റ് അല്ല എന്ന് മനസ്സിലായപ്പോള്‍ ശബ്ദം കുറച്ചു. അപ്പോൾ ലാപ്ടോപ്പിൽ  നിന്നും നേരത്തെ കേട്ട ശബ്ദം വ്യക്തമാണ്. പുരുഷ ശബ്ദം! അയാൾ എന്തോ സംസാരിക്കുകയാണ്. 

പാര്‍വ്വതി വിൻഡോസ് സൈൻ ഇന്നിൽ കയറി . 

കൗതുകം സുക്ഷമത വരുത്തിയ നാല് കണ്ണുകൾ. 

തുറന്നപ്പോള്‍ മീറ്റിൽ നിന്നുമാണ്. ഇതിൽ നിന്നും ഞാൻ പുറത്ത് കടന്നത് ആണല്ലോ? പിന്നെയെങ്ങനെ? 

കമ്പ്യൂട്ടറിന്റെ  ക്യാമറയും, മൈക്കുകളും തനിയെ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗൂഗിൾ മീറ്റിൽ അയാളും, പാര്‍വ്വതിയും മാത്രം. ‘മിനോസ്’ എന്ന പേര് വായിക്കാം.

‘നിങ്ങൾ ആരാണ്? ഇതെങ്ങനെ ഇവിടെ?’- പാർവ്വതി 

‘ഞാൻ നിങ്ങളുടെ മീറ്റിങ്ങിൽ അകപ്പെട്ടു പോയി മാഡം. എനിക്ക് ഇവിടെ നിന്നും പുറത്തു ഇറങ്ങാന്‍ ആവുന്നില്ല’ 

‘അതെങ്ങനെ? ഞാൻ മീറ്റിംഗ് അവസാനിപ്പിച്ച് ഇറങ്ങിയത് ആണല്ലോ?’ 

‘അല്ലെങ്കിൽ തന്നെ നിങ്ങള്‍ക്കു അതിനകത്ത് നിന്നും സൈൻ ഔട്ട് ചെയ്തു പോവാൻ പാടില്ലായിരുന്നോ?’-അതിനിടയിൽ മനോജ് വന്നു. 

അയാളുടെ മുഖം, പാർവ്വതിയുടെ ലാപ്ടോപ്പിൽ 

‘അത് ശരിയാ സാറേ. പക്ഷേ ഞാൻ സൈൻ ഔട്ട് ചെയ്യുവാൻ പറ്റുന്ന സ്ഥലത്തല്ല. എന്നാൽ ഇതെവിടാണെന്ന് എനിക്കറിയില്ല. എങ്ങനെയെങ്കിലും ഇതിൽ നിന്നും ഒന്നു പുറത്തിറങ്ങാന്‍ നിങ്ങൾ സഹായിക്കണം. ‘അയാൾ കരച്ചിലിന്റെ വക്കോളം എത്തി. 

നിശബ്ദതയുടെ ഘടികാരം. അതിൽ പാർവ്വതിയും മനോജും. 

ഭാതു ആകാംക്ഷയുടെ സമയനൂൽ കെട്ടി തുടങ്ങി.

അതുവരെ സീരിയലിന്റെ പുറം കാഴ്ചകളും, അവിടുത്തെ കഥാപാത്ര പ്രവചനങ്ങളിലും മുഴുകിയിരുന്ന പാര്‍വ്വതിയുടെ അമ്മ ‘ഇതെന്തു കഥ’ എന്ന വാചകത്തിന്റെ പെരുപ്പിക്കലിൽ  നിന്നും കുതറി മാറാനായി അവർക്ക് അടുത്തേയ്ക്കു വന്നു. 

നിശബ്ദ ഘടികാരത്തിൽ നിന്നും മനോജ് പുറത്തു കടന്നു. 

‘നിങ്ങളെക്കുറിച്ചൊന്നു പറഞ്ഞേ?’ 

‘സാറേ,ഞാൻ മിനോസ്. ബാംഗ്ലൂരില്‍ ആണ് ഇപ്പൊ താമസം. വീട് കോട്ടയത്തിനു അടുത്താ, വടവാതൂര്. ഇവിടെ അളകനന്ദ  കോളജിൽ കെമിസ്ട്രി പിജിയ്ക്കു പഠിക്കുവാ’ 

‘ആ ഇനി പറ, എടോ,തനിക്ക് എന്താ ഇവിടെ നിന്നും സൈൻ ഔട്ട്  ചെയ്യാൻ പ്രയാസം?’

എന്ത് പറയും.? 

അതൊക്കെ ഇവർ വിശ്വസിക്കുമോ? 

സംശയത്തിന്റെ ആകൃതി വ്യതിയാനം സതീഷിന്റെ മുഖത്തും, കണ്ണുകളിലും അലഞ്ഞു. 

‘സാറേ, ഒന്ന് ചിന്തിച്ചേ, നമുക്കൊരു ഗൂഗിൾ മീറ്റിന്റെ കാണാവുന്ന, തൊടാവുന്ന, അനുഭവിക്കാവുന്ന മുറി ഉണ്ടെന്ന്. ഞാൻ അതിനകത്താ. ആ മുറിയില്‍’

‘നിനക്ക് തലയ്ക്കു നല്ല സുഖം ഇല്ലെടാ’ എന്ന് ചോദിക്കാൻ ആണ് ആദ്യം മനോജിന് തോന്നിയത്. തിരക്ക് കൂട്ടി പുറത്തേയ്ക്ക് ഇറങ്ങുവാൻ തുടങ്ങുന്ന വികടസരസ്വതിയും അയാൾ വേണ്ടെന്ന് വെച്ചു. അന്നേരം കൊതി പുരണ്ട പരശ്ശതം കണ്ണുകള്‍ അയാൾക്ക്‌ ഓർമ്മ വന്നു. വാക്കുകൾ അടഞ്ഞു.

സതീഷ് തുടർന്നു

‘സാറേ, ഞാൻ ഈ മീറ്റിംഗ് കൂടി കൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് വല്ലാത്തൊരു ഉറക്കം വന്നു. കസേരയില്‍ ചാരി ഇരുന്നു ഞാൻ അങ്ങ് ഉറങ്ങി പോയി. ഉറക്കത്തിൽ ഞാൻ ഒരു യാത്രയ്ക്കു പോയി. വളരെ സ്മൂത്ത് ആയ യാത്ര. ഇതൊരു നല്ല യാത്ര ആണല്ലോ എന്ന് ഓര്‍ത്തു കൊണ്ട് ഞാൻ ഇരിക്കെ, പെട്ടെന്ന് ആ മീറ്റിങ്ങിൽ നിന്നുള്ള ശബ്ദം വീണ്ടും കേട്ടു. കണ്ണ് തുറക്കുമ്പോള്‍ തീരെ പരിചയം ഇല്ലാത്ത ഒരിടം. പ്രകാശത്തിന്റെ സ്ഥലം പോലെ ഒന്ന്. ഇടയ്ക്കിടെ ചില പ്രകാശമിന്നലുകൾ.  എനിക്ക് അന്നേരം മീറ്റിംഗിൽ ഉള്ള എല്ലാരേയും കാണാം. കേൾക്കാം. അവരുടെ കാമറ വേണോങ്കി ഓണാക്കാം, ഓഫാക്കാം. എല്ലാരേയും നിർത്താം. ഞാനെവിടാ? 

എനിക്കൊന്നും മനസ്സിലാവുന്നില്ല പക്ഷേ, ഇതൊരു കെട്ടുപിണഞ്ഞ ഇടമാ. ആദ്യം സ്വപ്നത്തില്‍ എന്നാ ഓർത്തെ. പക്ഷേ.. ഇപ്പഴും എനിക്ക് കൂടുതലൊന്നും മനസ്സിലാവുന്നില്ല സാറേ.’

ഇനി എന്താണ്  പറയേണ്ടത്?

സതീഷിന്റെ കണ്ണുകൾ ഒരു കുമിളയിൽ തിളങ്ങി.

ഇതിനിടയിൽ ഒരുപാട് മനുഷ്യര്‍ കുടുങ്ങി കിടപ്പുണ്ടെന്നോ?

ഇവിടെ നിന്നാൽ എല്ലാം അറിയാമെന്നോ? എല്ലാവരെയും കാണാമെന്നോ? കുറച്ചു മുമ്പ്  അയാളുടെ വാട്സ്ആപ് അക്കൗണ്ടിൽ നിന്നും ഞെരുങ്ങിയിറങ്ങി പോയ ഒരുപാട് സ്മൈലികൾ, ചുംബനങ്ങൾ എങ്ങോട്ടേക്കാണ് പോയതെന്ന് പറഞ്ഞ് അയാളെ പേടിപ്പിച്ചാലോ? 

‘എന്നാ ഈ മീറ്റിംഗ് നിനക്ക് അങ്ങ് അവസാനിപ്പിച്ചാ പോരെ. അപ്പൊ തീരുമല്ലോ?’

‘അത് ശരിയാ. പക്ഷേ എനിക്കൊരു പേടി. അങ്ങനെ അവസാനിപ്പിച്ചാ എനിക്ക് ബാഹ്യലോകവുമായി ആകെയുള്ള സമ്പർക്കം നഷ്ട്ടപെടുമോന്നു. ഇതൊരു വേറെ ലോകമാ സാറേ, അത് പറഞ്ഞാൽ വ്യക്തമായി സാറിനു മനസ്സിലാവില്ല. സ്പർശിക്കുക, അനുഭവിക്കുക തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ശരിക്കും ഇവിടെ ഇല്ല. ഇതൊരു ഒഴുകുന്ന നദി. അല്ല... മേഘം... അതുമല്ല... ഒഴുകുന്ന സമയത്തിന്റെ ഇടം’

മനോജിന്റെ ശരീരം എമ്പാടും  ദഹിക്കാത്ത ചിന്തകൾ പ്രകമ്പനം കൊണ്ടു.

‘എന്നാൽ ഞാൻ ഇപ്പോൾ ഇത് അവസാനിപ്പിക്കാം. അപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമല്ലോ?’- മനോജ് 

മിനോസ് എന്തോ സംസാരിക്കുവാൻ ശ്രമിച്ചു. അതിനു അവസരം കൊടുക്കാതെ ചുവന്ന ബട്ടൺ പ്രസ്സ് ചെയ്ത് മനോജ് മീറ്റിംഗ്  അവസാനിപ്പിച്ചു. എന്നിട്ട് അയാൾ പാര്‍വ്വതിയെ നോക്കി. നിശബ്ദത വാർന്നൊഴുകി, വായ തുറക്കപ്പെട്ടു പാർവതി നിന്നു. അവളുടെ അമ്മ സീരിയൽ കാഴ്ചയില്‍ തിരികെ കയറി. ഭാതു  അടുത്ത കാഴ്ച എന്ത് എന്ന ചോദ്യ ചിഹ്നത്തില്‍ കണ്ണുകൾ പതിപ്പിച്ചു, കൈകൾ ചേര്‍ത്തു പിടിച്ചു നിന്നു.

മനോജിന് ചിരി വന്നു.

‘പാറു ...’- അയാൾ വിളിച്ചു

പല ഇമ വെട്ടലുകളോടെ നിശബ്ദതയില്‍  നിന്നും പാര്‍വ്വതി ഉയർന്ന് വന്നു.

‘അവനൊരു വെറും ഫ്രോഡ് ആണ്. ചുമ്മാ ആളെ പറ്റിക്കാൻ. അല്ലെങ്കില്‍ തന്നെ ഇതെന്താ ഈ പറയുന്നേ...?’

‘അവന് അങ്ങനെ ഒക്കെ പറയേണ്ട കാര്യം എന്താ?’

‘അച്ഛാ... ആ അങ്കിള്‍ എവിടെയാ അച്ഛാ?’ - ഭാതു.

മനോജ് ആദ്യം ഭാതുവിന്റെ ചോദ്യത്തിലേക്ക് കടന്നു. ആ  കൗതുക നിറം പടർന്നു വികൃത രൂപങ്ങൾ ഉണ്ടാകാതെ ഇരിക്കാന്‍ അതിൽ ആദ്യമേ തന്നെ ഭാവനയുടെ അതിരുകള്‍ വരച്ചു ചേര്‍ക്കണം.

‘മോളെ. ആ അങ്കിള്‍ ഒരു മെയ്‌സിൽ ആണ്. അതിൽ നിന്നും പുറത്തു കടക്കാന്‍ നമ്മളോട് ഒരു സഹായം ചോദിച്ചതാ. അച്ഛനും അമ്മയും, ഒരു വഴി കണ്ടു പിടിച്ചു കൊടുക്കാം. മോള് പോയി അമ്മമ്മേടെ അടുത്ത് ഇരുന്നോ’

മീട്ടു കുരങ്ങനും, കുഞ്ഞിമുയലും മെയ്‌സിലൂടെ  എങ്ങനെയൊക്കെ  ആണ് പുറത്തു കടക്കുന്നതെന്നു ആലോചിച്ച് അവൾ പാര്‍വ്വതിയുടെ അമ്മയോടൊപ്പം തുടർന്ന്  സീരിയൽ കാഴ്ചയില്‍ തങ്ങി നിന്നു. 

മെയ്‌സ് എന്ന  ഉപമ എങ്ങനെ പെട്ടെന്ന് വന്നു എന്ന് മനോജ് അത്ഭുതപ്പെട്ടു. അന്ത്യം കണ്ടെത്താനാവാത്ത  ഒരു മെയ്‌സിൽ അകപ്പെട്ടു പോയ ഒരു സ്ത്രീയുടെയും, കുട്ടിയുടെയും കഥ പറഞ്ഞ സിനിമ മനോജ് ഓർക്കുന്നുണ്ട്***. അതെങ്ങനെ ആണ് ഇവിടെ വന്നത്? അതോ, അത് തന്നെയാണോ? ഏയ്... അല്ല. അവന്‍ കബളിപ്പിക്കുന്നതാണ്… അതിനിടയില്‍ പാര്‍വ്വതി ‘മിനോസ്, അളകനന്ദ കോളേജ്’ എന്ന ഫേസ് ബുക്ക് പേജിൽ  എത്തി നിന്നിരുന്നു.

‘മനോജേ നോക്കിക്കേ, അവന്റെ ഐഡി കറക്റ്റാ. ഫോട്ടോയും’

‘പാറു, അതൊക്കെ ശരി ആയിരിക്കും. നീ അവന്റെ ബാക്കി ഡീറ്റെയിൽസ്  ഒക്കെ ഒന്ന് നോക്കിയേ’

പാര്‍വ്വതി പ്രൊഫൈൽ ഫോട്ടോകളില്‍ കയറി. അവിടെ സതീഷ് നിറഞ്ഞു നിന്നു. ഭാവങ്ങൾ, വേഷങ്ങൾ പലത്. കൂടെ മറ്റു ചിലര്‍. സന്തോഷങ്ങളും, ഉന്മാദങ്ങളും.. ‘എന്റെ ക്യാമറ പറഞ്ഞത്’ എന്ന പേരില്‍ മറ്റ് ചിത്രങ്ങൾ അഭിപ്രായങ്ങൾ. ചിന്തകൾ. എഴുത്തുകള്‍. അതിനിടയില്‍ ഒരു യൂട്യൂബ് ചാനൽ , ‘SMA ഫോട്ടോഗ്രഫി’ എന്ന പേരില്‍. അതിൽ ‘എങ്ങനെ നല്ല ഫോട്ടോ എടുക്കാം’ എന്ന വീഡിയോകള്‍. 

‘മനോജേ, പക്ഷെ, എനിക്ക് തോന്നുന്നത് അവന്‍ നമ്മളെ പറ്റിക്കുന്നില്ല എന്നാണ്’ 

‘നിന്റെ ഇഷ്ടം!' മനോജ് ഫോണും കൊണ്ട് ബാൽകണിയിലേയ്ക്ക് പോയി. പുറത്തെ രാത്രി നീണ്ടു പെരുകി നഗര വെളിച്ചത്തിൽ കുരുങ്ങി കിടന്നു. പാര്‍വ്വതിയുടെ സംശയം കറുത്തു. അവന്‍ എവിടെ ആയിരിക്കും. അങ്ങനെ ഒരു ലോകമുണ്ടോ? അവന്‍ അവിടെ ആരെയും കാണാതെ, മിണ്ടാതെ ആകെ കുരുങ്ങി ഇരിക്കുവാണോ? അവനൊരു വീട് ഉണ്ടാവില്ലേ? സുഹൃത്തുക്കൾ ഇല്ലേ? അവരൊക്കെ അവനെ അന്വേഷിക്കുന്നുണ്ടാവുമോ? അന്നേരം അനേകം രക്തക്കുഴലുകൾക്ക് ഇടയിൽ കണ്ണുകൾ തുറന്നു, ഒരു കുഞ്ഞു പാർവ്വതിയുടെ വയറ്റിൽ വീർപ്പുമുട്ടി നിന്നു.

അങ്ങനെ ചിന്തകള്‍ കുടിക്കലർന്നു ഒരു വസ്ത്രം ഉണ്ടായി. അതിൽ നിറഞ്ഞു പാര്‍വ്വതി അടുക്കളയിലേക്ക് നടന്നു. 

പിറ്റേ ദിവസത്തേക്കുള്ള ദോശ മാവ് അരച്ച് തീരാറായപ്പോൾ  മനോജ് ഒരു വിഡ്ഢി ചിരിയുമായി അടുക്കളയിലേക്കു വന്നു. ഡൈനിങ്ങ് ടേബിളില്‍ വെച്ചിരുന്ന കുപ്പിയിലെ വെള്ളം വായിലേക്ക് കമഴ്ത്തി ഇറക്കി കഴിഞ്ഞു മനോജ് പറഞ്ഞു തുടങ്ങി.

‘പാറു, ഞാൻ ബോബിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. അവന്‍ ചിരിയോടെ ചിരി. എന്നിട്ട് പറയുവാ, അളിയനും, ചേച്ചിക്ക് ഒക്കെ ഈ ഓൺലൈൻ  ക്ലാസ്സും, സെമിനാറും ഒക്കെ കൂടി വട്ടായൊന്നു’

അങ്ങനെ പാർവ്വതിക്കും ഇടയ്ക്കു തോന്നാറുണ്ട്.

‘കൊറേ ആലോചിച്ചപ്പോ എനിക്കും തോന്നുന്നുണ്ട് ... അവന്‍ നമ്മളെ പൊട്ടന്മാരാക്കുകയാണെന്നു’- ദോശമാവ് പാത്രത്തിലേക്ക് പകരുന്നതിനിടയിൽ പാര്‍വ്വതി പറഞ്ഞു. 

അതിനിടയില്‍ പാര്‍വ്വതിയുടെ അമ്മ, ‘അവൾക്കിത് എന്നാത്തിന്റ കേടായിരുന്നു. ആദ്യമേ അടങ്ങി നിന്നാ പോരാരുന്നോ?’ എന്നും ചോദിച്ചു കൊണ്ട് അടുക്കളയിലേക്കു കയറി വന്നു. 

‘അമ്മ ഇതാരെകുറിച്ചാ  ഈ പറയുന്നേ?’ - പാർവ്വതി

‘ഓ .. ഞാൻ സീരിയലിലെ കാര്യം പറഞ്ഞതാ. അത്താഴം കഴിക്കണ്ടയോടി’ 

അവർ പത്രങ്ങൾ കഴുകി എടുത്തു കഴുകുവാൻ തുടങ്ങി.

ചപ്പാത്തി നിറച്ച കാസറോൾ, ഡൈനിങ്ങ് ടേബിളില്‍ കൊണ്ട് വെയ്ക്കുമ്പോൾ കാർട്ടൂൺ ചാനലിനും വാര്‍ത്ത ചാനലിനും  ഇടയില്‍ അടിപിടി കൂടുന്ന അച്ഛനെയും മകളെയും കണ്ടു. രണ്ടു പേരെയും പാര്‍വ്വതി വഴക്ക് പറഞ്ഞു. ചപ്പാത്തിക്ക് മുന്‍പില്‍ അവരും പാർവതിയും വന്നിരുന്നു.

ഭക്ഷണം അച്ഛനും മകളും കഴിക്കുന്നത് ഒരുപോലെ ആണ്. ധാരാളം വർത്തമാനം പറഞ്ഞു, ശബ്ദം പുറത്തു കേൾപ്പിച്ചു. ‘നമ്മൾ എപ്പോഴും അനുവർത്തിക്കേണ്ട ഭക്ഷണശീലങ്ങള്’ എന്ന ക്ലാസ്സിൽ നിന്നുമുള്ള ചുവന്ന പാടുകള്‍ കൈയിൽ ഉള്ളതു കൊണ്ടാവണം പാര്‍വ്വതി അന്നേരം ‘അച്ഛന്റെ സിഗരറ്റു  മണമുള്ള പകലുകള്‍’ എന്ന ചിന്തയില്‍ കൊരുത്തു. 

ഭക്ഷണം കഴിഞ്ഞ് അമ്മയുടെ ധൃതി ഒന്ന് വേറെ തന്നെ ആണ്. അടുത്ത സീരിയൽ വരുന്നു. അതിലേക്ക് ചെല്ലുവാൻ  അധികം സമയം ഇല്ല. 

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. പാർവ്വതി പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കവേ വീണ്ടും രാത്രീ പെരുകി. അതിനിടയിൽ അന്നത്തെ സീരിയൽ തളർന്നു. ഭാതു ഗെയിമിൽ വളർന്നു. മനോജ് മൊബൈൽ വെളിച്ചത്തിൽ കണ്ണുകൾ പൂഴ്ത്തി മടുത്തു. അടുക്കളയിലെ ലൈറ്റുകളൂം അണച്ചു, പാര്‍വ്വതി തിരികെ വരുമ്പോഴേക്കും, മൂന്നുപേരും തളർച്ച പെരുകി ഉറക്കത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. ലിവിങ് റൂമിലെ ഭാതുവിന്റെ സ്റ്റഡി ടേബിളിൽ ഇരുന്നു, നോട്ട്സ് ഉണ്ടാക്കികൊണ്ടിരിക്കുമ്പോൾ ഫോൺ തിളങ്ങി. അതിന്റെ ക്യാമറയും പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.

എടുത്തു നോക്കുമ്പോൾ ഗൂഗിൾ മീറ്റ്. മിനോസ്! ഇവനിതു  വല്ലാത്ത ശല്യം ആയല്ലോ?

‘നിനക്കെന്താ വേണ്ടെ’

‘മാഡം എന്ന് എങ്ങനേലും ഇവിടുന്ന് ഒന്ന് ഇറങ്ങുവാൻ സഹായിക്കുമോ?’ 

‘നീ ചുമ്മാ ഭ്രാന്ത് പറയാതെ., ഇത് കട്ട് ചെയ്തു പോവാൻ നോക്കിയേ’

‘ഇപ്പോഴും മാഡം എന്നെ വിശ്വസിക്കുന്നില്ല അല്ലെ? എനിക്ക് ഇവിടെ ഇരുന്നു നിങ്ങളെ കുറിച്ച് എല്ലാം അറിയാം. ഒരു ഉദാഹരണത്തിന്, മാഡത്തിന്റെ ഹസ്ബൻഡും, മകളും ഇപ്പോൾ ഉറങ്ങിയിട്ടില്ല. മനോജ് സർ, ഇപ്പോൾ രമ്യ എന്നൊരാളുമായി  ആയി ചാറ്റ് ചെയ്യുകയാണ്. ഭാതു മോള്.... അതല്ലേ മാഡത്തിന്റെ മോളുടെ പേര്. സ്നോ പ്രിൻസസ് ഗെയിമിന്റെ എട്ടാമത്തെ ലെവൽ കളിക്കുവാ. മാഡം ഇന്ന് രാവിലെ ആമസോണിൽ  നോക്കിയ ബ്രൗൺ നിറമുള്ള ചെരിപ്പില്ലേ?. അത് വളരെ നല്ലതാണ്... ഇങ്ങനെ എല്ലാം. ഇതെല്ലാം ഞാൻ എങ്ങനെ അറിയുന്നു?. 

എനിക്ക് ഇവിടിരുന്നാൽ മതി. എന്തിനധികം മാഡത്തിന്റെ ഈ മൊബൈൽ ഫോണില്ലേ, ഇതിന്റെ ക്യാമറ എങ്ങനെ ആണ് തനിയെ ഓൺ ആയതു. തനിയെ അല്ല. ഞാൻ ഓണാക്കിയതാണ്. അങ്ങനെ എനിക്ക് ഇപ്പോൾ നിങ്ങളുടെ ചിന്തകളെ കുറിച്ച് വരെ പറയുവാൻ പറ്റും. പറയട്ടെ’

അന്നേരം പാര്‍വ്വതിയില്‍ ഭീതി മുളച്ചു വന്നു. അവൾ സഹായത്തിനായി ചുറ്റും നോക്കി. 

‘മനോജേ...!!!’ ഭയം നീളം പിടിപ്പിച്ച അവളുടെ നിലവിളി മനോജിനെ മുറുക്കെ പിടിച്ചു. 

അയാൾ ഓടി വന്നു. 

‘ദേ.. അവന്‍..’

വിഡിയോ മനോജ് കണ്ടു. അതയാൾ പെട്ടെന്ന് നിർത്തി.

‘നിനക്കെന്താ പാറു, ഇനിയും അവന്‍ വരികയാണെങ്കില്‍ നമുക്ക് പൊലീസില്‍ കംപ്ലൈന്റ് കൊടുക്കാം.’ അയാൾ ദേഷ്യം മുക്കിനു തുമ്പില്‍ ചുവപ്പിച്ചു നിർത്തി. 

‘നീ ഇപ്പോൾ ചെന്ന് കിടന്നേ. നാളെ നോക്കാം’

‘അതല്ല  മനോജ്. അവന് നമ്മൾ ചെയ്യുന്നതെല്ലാം അറിയാം.’

‘എന്റെ പാറു. ഐ സസ്‌പെക്ട ഹി മേ ബി എ ഹാക്കർ. നീ എന്തിനാ വിഷമിക്കുന്നെ. നമ്മുടെ കൈയിലും ഉണ്ടല്ലോ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ’

അയാൾ ഫോണിൽ ബോബി എന്ന നമ്പർ തിരഞ്ഞു. അത് ഡയൽ ചെയ്തു ബാല്കണിയിലേയ്ക്ക് പോയി.

2

‘എണീറ്റോടി പെണ്ണേ...’ എന്ന പാത്രകലമ്പലുകൾക്കു  ഇടയിലൂടെ അടര്‍ന്നു വീണ ആക്രോശത്തിൽ പാര്‍വ്വതിയുടെ അമ്മ ഉറക്കം ഞെട്ടി എഴുന്നേറ്റു. അവരുടെ കല്യാണം കഴിഞ്ഞ ദിവസം മുതൽ ഇത്തരം അമ്മ വിളികള്‍ ചിലപ്പോഴൊക്കെ അവരുടെ ഉറക്കത്തെ മുറിവേൽപ്പിക്കാറുണ്ട്. 

എഴുന്നേറ്റു, ബ്രഷ് ചെയത്, അടുക്കളയില്‍ ചെന്ന് ചായ ഉണ്ടാക്കുവാന്‍ നോക്കിയപ്പോഴാണ് ചായപ്പൊടി തീർന്നിട്ട് ഇന്നലെ പാര്‍വ്വതി അത് വാങ്ങിയത് ഓർത്തത്. നോക്കിയിട്ട് എങ്ങും കാണുന്നില്ല. എന്നാൽ പിന്നെ അവളോട് തന്നെ ചോദിച്ചു കളയാം എന്ന് കരുതി. അവരുടെ മുറിയില്‍ ചെന്നു തട്ടി നോക്കുവാൻ പോയപ്പോൾ അത് തുറന്നു കിടക്കുന്നു! 

ഇതെവിടെ പോയീ?

മനോജിന്റെ ലാപ്ടോപ്പ് മേശമേൽ തുറന്ന് ഇരിപ്പുണ്ട്. ഫോണുകളും ഉണ്ട്. ഭാതുവിനെ അവളുടെ മുറിയിലും കാണുന്നില്ല. പുറത്തേയ്ക്കുള്ള വാതിൽ അകത്തു നിന്നും കുറ്റി ഇട്ടിരിക്കുവാണ്. പരിഭ്രമം വാക്കുകൾ ഇടർത്തിയിട്ടു. ‘മോളെ, മനോജേ’ വാക്കുകൾ ഫ്‌ളാറ്റിന് ഉൾവശത്തു നിന്നും തുളുമ്പിയിറങ്ങി അവിടെ എല്ലായിടവും ഒഴുകിപ്പരന്നു. 

ക്രൈം നമ്പർ 361/2020 എന്ന പേരില്‍ അടുത്തുളള പൊലീസ് സ്റ്റേഷനിൽ ആ മിസ്സിങ് കേസ് ഫയൽ ചെയ്തിട്ടു, അവർ തിരികെ അന്ന് ഉച്ച തിരിഞ്ഞു ഫ്ലാറ്റിൽ വന്നു കയറുമ്പോള്‍ ഒരു കറുത്ത പൂച്ച അവരുടെ ടെലിവിഷൻ സ്റ്റാൻഡിൽ ഇരിപ്പുണ്ടായിരുന്നു. അടഞ്ഞു കിടന്ന വീട്ടിൽ എങ്ങനെ ആണ് ആ പൂച്ച വന്നത് എന്ന് അവർക്കു തീരെ മനസ്സിലായില്ല. നിറയെ രോമങ്ങളുള്ള ഒരു പൂച്ച. വെളിച്ചം വരുമ്പോൾ മറയുകയും, അല്ലാത്തപ്പോഴൊക്കെ അവരുടെ സംസാരങ്ങൾ  അത് കേള്‍ക്കുകയും ചെയ്തു. കുറെക്കാലം അവർ അങ്ങനെ ജീവിച്ചു. അതും കഴിഞ്ഞ് ഏകാന്തത പൊടിഞ്ഞു ആ ഫ്ലാറ്റിനുള്ളിൽ  വീണു. അതിന്റെ അകമാകെ കറുത്തു. നഗരത്തിൽ അപ്പോൾ അത്തരം ഏകാന്ത കുരുക്കുകള്‍ ധാരാളം ഉള്ളതു കൊണ്ടും, ക്രൈം നമ്പർ  361/2020 ന്റെ തുടർച്ചകൾ  ഉണ്ടായിരുന്നത് കൊണ്ടും ആര്‍ക്കും അതൊരു പുതുമ ആയിരുന്നില്ല.

കുറിപ്പുകൾ 

*ഒരു പ്രശസ്തമായ ബിയോകെമിസ്ട്രി ടെക്സ്റ്റ് ബുക്ക് 

**യുവാൽ നോവ ഹറാറി എഴുതിയ ‘ഹോമോ ദെയൂസ്’ എന്ന പുസ്തകം 

***സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ‘ദി ഷൈനിങ്’ എന്ന ചലച്ചിത്രം

English Summary: New Normal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;