‘ചികിത്സക്കെത്തുന്ന രോഗികളിൽ പലരും അസ്വഭാവികമായും ആകസ്മികമായും മരണപ്പെടുന്നു, സംഭവിച്ചതെന്ത്?’

lab
പ്രതീകാത്മക ചിത്രം. Photocredit : FOTOGRIN / Shutterstock
SHARE

പ്രാണദ്യൂതം (കഥ)

അവർ 252 പേരുണ്ടായിരുന്നു. മരിച്ചവരുടെ ആദ്യത്തെ കണക്കെടുപ്പിൽ മെയിൻ ലിസ്റ്റിൽ പെട്ടവർ ! 

പക്ഷേ, അവർ ആരും തന്നെ മരിക്കാൻ തക്കവണ്ണം ഒരു മാരകരോഗത്തിനും അടിമകളായിരുന്നില്ല, എന്നതാണ്. അവർക്കു ചുറ്റുമുള്ള  ജാലകങ്ങൾ എന്നോ അടക്കപ്പെട്ടിരുന്നു... അവരുടെ ലോകത്തേയ്ക്ക് ഒരു ചിലന്തിക്കോ പല്ലിക്കോ പോലും പ്രവേശനമുണ്ടായിരുന്നില്ല. എന്നിട്ടും അവർ മരണപ്പെട്ടു? 

കേവലം ഒരു ചികിത്സയുടെ ഭാഗമായി മാത്രം പരീക്ഷണാംശത്തിന്റെ അപ്രതിരോധിത മേഖലകളിലെ വിനാഗിരികളെ, അവര്‍ ഇരുട്ടിന്റെ... മറയില്‍ കുടിച്ചുതീര്‍ത്തിരിയ്ക്കാം.

മനസ്സില്‍വീണ ഭീതികളുടെ സംഘര്‍ഷ തിരമാലകളെ, പ്രത്യാശയുടെ ഉറക്കമിളപ്പുകളിലൂടെ, രാത്രിയുടെ ഗതിക്രമങ്ങളില്‍ വിമ്മിട്ടപ്പെട്ടിരിയ്ക്കാം.

എന്നാല്‍, അടച്ചുപൂട്ടപ്പെട്ട അരണ്ടമുറികളുടെ ചുവരുകള്‍ക്ക് ഒരു വിള്ളല്‍പോലും ഏല്‍പ്പിക്കാതെ അവരുടെ ആത്മാക്കള്‍ ഓരോ ചോദ്യചിഹ്നങ്ങളായി, ഒരു രഹസ്യകൂടാരത്തില്‍ നിലയുറച്ചുനിന്നത് ആരുടെയുംതന്നെ ശ്രദ്ധയിൽപ്പെട്ടില്ല.

മാൻഡോർ സിറ്റിയിലെ സൈക്യാട്രിസ്റ്റ്, മലയാളിയായ ഡോ. ജോൺസ് ഗീവർഗ്ഗീസ് പുലിക്കോടൻ തന്റെ മുന്നിലുള്ള സീക്രട്ട് ഫയലിന്റെ ലോക്ക് ഒന്നു കൂടെതുറന്ന്, ഒരു സൂക്ഷ്മനിരീക്ഷണത്തിന് മുന്നോടിയായി കണ്ണുകളിൽ അല്പം കൂടെ ഐഡ്രോപ്പ്സ് ഒഴിച്ചു ശുദ്ധമാക്കി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മുൻകൂട്ടി പറഞ്ഞ ഫയലുകൾ  കൊണ്ടുവച്ച് നിശബ്ദം ഒട്ടൊരമ്പരപ്പോടെ, തന്നെ വീക്ഷിക്കുന്ന, പുതുതായി ജോയിൻ ചെയ്ത  അസിസ്റ്റൻഡ് ‍‍ഡോ. ജോ മെൽബോയോട് ഘനീഭവിച്ച മൗനം മുറിച്ച്പ റഞ്ഞു. ‘‘മരിച്ചവർ എല്ലാംതന്നെ St .Claier hospital ലെ പ്രശസ്തനായ ഡോ. ജാൻ വില്യം ഹോൾക്കന്റെ പേഷ്യന്റ്സ് തന്നെയാണ്!’’

കുറെ നാളുകളായി ഈ സംശയം, തന്നെ നിലാവിലെ നിഴൽപോലെ  പിൻതുടരാൻ തുടങ്ങിയിട്ട്. അഞ്ചെട്ടു വർഷമായി ഡോ. ജാൻ ഹോൾക്കന്റെ ചികിത്സക്കെത്തുന്ന രോഗികളിൽ പലരും അസ്വഭാവികമായും ആകസ്മികമായും മരണപ്പെടുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ പേരിനും പ്രശസ്തിക്കുമൊരു കോട്ടം തട്ടിയിട്ടില്ല.

‘‘ഹോസ്പിറ്റൽ മാനേജ്മെന്റും ഈ കാര്യം അറിഞ്ഞിട്ടും കണ്ണടക്കുന്ന പോലെ തോന്നുന്നില്ലേ ഡോ. ജോ?. പുലിക്കോടൻ പെട്ടന്ന് പുരികമുയർത്തി ചോദിച്ചു. 

‘‘ശരിയാണ് സർ . വിദേശങ്ങളിൽ നിന്ന് പോലും ഒത്തിരിപേർ ട്രീറ്റ്മെന്റിനായി ഇപ്പോഴുംഎത്തുന്നുണ്ട്. പണം വരാനുള്ള എന്തോ ഒരു സോഴ്സ് ഉണ്ട്.’’

ദിവസങ്ങളായി വിടാതെ പിടികൂടിയ ഈ സംശയത്തിന്റെ കണ്ണികൾ ബ്രെയ്നിൽ ‘ബ്ലൂ വെയിൽ’ കളിക്കാൻ തുടങ്ങി. തലങ്ങും വിലങ്ങുമുള്ള അക്ഷമയാർന്ന നടത്തം തുടർന്നപ്പോൾ, അദ്ദേഹത്തെ ഏകാന്തതയിൽ വിഹരിക്കാൻ വിട്ട് ഡോ. ജോ പുറത്തിറങ്ങി. 

ചിന്തകൾ ആകാശത്തോളം ഉയരത്തിൽ പറന്ന് കരിമേഘങ്ങളെ കൂട്ടിയിടിച്ചപ്പോഴാണ് എന്ന് തോന്നുന്നു, പുലിക്കോടന് ഈ കേസിന് പുറകെ ഭ്രാന്തമായി കൂടിയതിന് ശേഷം ഒരു സ്പാർക്ക് ലഭിച്ചത്.

മരിച്ചവരിൽ എല്ലാവരും തന്നെ 50വയസ്സിനും മേലെ പ്രായമുള്ളവർ. പലരും വിദേശത്തിരുന്ന് പണമെറിഞ്ഞ് സ്നേഹത്തിന്റെ വാരിക്കോലളക്കുന്നവരുടെ മാതാപിതാക്കൾ. വാർദ്ധക്യത്തിന്റെ വയ്ക്കോൽകൂനയിലേക്ക് ജൻമകാരണഭൂതരെ വലിച്ചെറിഞ്ഞ് കടന്നുപോകുന്ന, ജീവിക്കാൻ പോലും സമയമില്ലാത്ത മനുഷ്യനിർമ്മിതയന്ത്രങ്ങൾ!

എങ്ങനെയായിരിക്കും അവരെല്ലാം മരണപ്പെട്ടത്? അല്ലെങ്കിൽ എന്തിനായിരിക്കും അവർ കൊല്ലപ്പെട്ടത്? ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ബുദ്ധി അതിവേഗം കറങ്ങുന്ന പെൻഡുലത്തിലേയ്ക്ക് ഓസിലേറ്റ് ചെയ്യാൻ തുടങ്ങി. ഒരു അനോണിമസ് കേസും ഫയൽ ചെയ്തു. 

‘‘സർ, ഇത് ശ്രദ്ധിച്ചോ?

മരിച്ചവരുടെ ശവശരീരങ്ങൾ കൂടുതലും ബറിയൽ ചെയ്യുന്ന രീതിയാണ് യൂറോപ്യൻ രാജ്യങ്ങളിൽ തുടർന്നു കണ്ടിരുന്നത്. പക്ഷേ ഇത് ...  മരിച്ചവരിൽ പതിനഞ്ചോളം മൃതദേഹങ്ങളൊഴിച്ച് മറ്റെല്ലാം ക്രമറ്റോറിയത്തിൽ ദഹിപ്പിച്ചിരിക്കുന്നു.’’

അശ്രദ്ധമായി അടച്ചിട്ട നാല് ചുവരുകൾക്കുള്ളിൽ ഒരു ചുണ്ടെലിയെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്ന മലേഷ്യൻപൂച്ചയിൽ നിന്നും കണ്ണെടുക്കാതെ ജോയുടെ വാക്കുകൾ പുലിക്കോടൻ ശ്രദ്ധിച്ചു. 

കേസ് മുന്നോട്ടുപോയി. തുടര്‍ന്ന് പതിനഞ്ചു മൃതദേഹങ്ങളും റീ പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെട്ടു. തന്റെ ഉത്തമബോധ്യത്തിന്റെ ഉല്‍ക്കണ്ഠകളാല്‍ ഉടലെടുത്ത ആവേശപ്പെരുക്കങ്ങളെ സ്വയം ഏറ്റെടുത്ത്, ഏതു മുള്‍വിരിപ്പാതയിലൂടേയും സഞ്ചരിച്ച് താനിതിന്റെ പുകമറമാറ്റി പൊരുള്‍ തിരിച്ചറിയുമെന്ന് തീരുമാനിച്ച് ഡോ. പുലിക്കോടന്‍ തന്റെ  പരുപരുത്ത സംശയങ്ങള്‍ക്ക് ദൃഢത കൂട്ടി.

വിഭ്രാത്മകമായ കാഴ്ചകള്‍ക്കും തിരിച്ചറിയലുകള്‍ക്കും മുന്നില്‍ കണ്ണടയുകയും പതറുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലൊ? മരണപ്പെട്ടവരുടെ മുകളില്‍വീണ വെളുത്ത തുണികളെ എടുത്തു വലിച്ചെറിഞ്ഞ്, മരണങ്ങളിലെ രഹസ്യധാരണകളിലൂടെ ആത്മാക്കളുടെ ഞരക്കങ്ങളെ, തികച്ചും അസംബന്ധം എന്നു തോന്നിയ്ക്കുന്ന വെളിപാടോടെ, സത്യാംശത്തിന്റെ, ഇരുണ്ട ചിറകുകളെ തന്നിലേയ്ക്കൊതുക്കിവെച്ചു. സത്യത്തിന്റെ മുഖം എന്നെങ്കിലും വെളിപ്പെടുമല്ലോ.

റീ പോസ്റ്റ്മാർട്ടത്തിന്റെ ഫോറൻസിക് റിപ്പോർട്ട് വന്നു. ഇവരെല്ലാവരും മരിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം വിഷം അല്പാല്പമായി ഉള്ളിൽ ചെന്നാണ്. അത്ഭുതത്തോടെ ആ റിപ്പോർട്ട് വായിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയിലേക്ക് പിറ്റേന്നത്തെ പത്രവും കണ്ണുതുറന്നത്. ‘‘ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തികളെ കൊന്ന സീരിയൽകില്ലർ പിടിക്കപ്പെട്ടു!. അതും ആത്മഹത്യചെയ്ത നിലയിൽ’’

അതെ ... ഡോ. ജാൻ വില്യം ഹോൾക്കർ മരണപ്പെട്ടിരിക്കുന്നു. അതും ഏതോ ഒരു ഹോർമോൺ സ്വയം കുത്തിവെച്ച്. മാരകമായ അളവിൽ ശരീരത്തിൽ വിഷം പടർന്നിട്ടുള്ളതാണ് കാരണമെന്ന് ഫോറൻസിക് റിപ്പോർട്ടും വന്നു. 

ഇതേ ഹോർമോണാണ് ഈ മരിച്ച 15 പേരിലും കണ്ടെത്തിയത്. ഡോക്ടർ  ജോൺസിന്റെ അന്വേഷണ മേഖല ഒരു ‘ഠ’ വട്ടത്തിൽ നിന്നും ഒരു ചെറിയ രാജ്യത്തിലേക്കും വലിയ ഭൂഖണ്ഡത്തിലേക്കും വീണ്ടും ജാൻ വില്യം എന്ന ഇൻട്രോവെർട്ടായ ഒരു കുറിയ ശാസ്ത്രജ്ഞനിലേയ്ക്കും വികസിക്കാൻ തുടങ്ങി. 

മരണശേഷം ഡോക്ടറുടെ വീടിനോട് ചേർന്നുള്ള ലാബോറട്ടറി പരിശോധനാ വിധേയമാക്കി. നിരവധി റിപ്പോർട്ടുകൾ കണ്ടെത്തി .അദ്ദേഹത്തിന്റെ ലാബിന്റെ സ്വീകരണമുറിയിൽ തന്നെ സുവർണ ലിപികളാൽ ഇങ്ങനെ നെരുദയുടെ വാക്കുകൾ എഴുതിവച്ചിരുന്നു.

‘‘നിങ്ങൾ നിങ്ങൾക്കു തന്നെ അജ്ഞാതനാണ്! നിങ്ങളെത്തന്നെ നിറഞ്ഞവനായി അനുഭവിക്കുക. നിങ്ങളുടെ സത്തയെ, എല്ലുകളെ, മാംസത്തെ, രക്തത്തെ, പ്രാപഞ്ചികസത്ത കൊണ്ട് നിറഞ്ഞതായി അനുഭവിച്ചറിയുക...’’

രഹസ്യങ്ങളുടെ പേടിപ്പെടുത്തുന്ന കലവറയിലേയ്ക്കു കാലെടുത്തു വച്ചതുപോലെ തോന്നി ഡോക്ടർ പുലിക്കോടന്. ചുവന്ന ചരടിൽ കെട്ടിവെക്കാത്ത പല നിറത്തിലുള്ള ഫയലുകൾ. നിരനിരയായി വച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള ബ്യൂററ്റുകളും പിപ്പറ്റുകളും. അതിലെല്ലാം പല നിറങ്ങളിലും സാന്ദ്രതയിലുമുള്ള ദ്രാവകങ്ങൾ. ഗ്ലാസ് ടംബ്ലറുകളിൽ സ്റ്റഫ് ചെയ്തു വച്ച ചോരവറ്റിയ ആന്തരികാവയവങ്ങൾ ! ചിതറിക്കിടക്കുന്ന വെളുത്ത കടലാസുകൾ ചേർത്തുവച്ചു വികൃതമായ അക്ഷരങ്ങളെ വായിച്ചെടുക്കാൻ ശ്രമിച്ചു ചില അമ്പരിപ്പിക്കുന്ന അനുമാനങ്ങളിലെത്തിച്ചേർന്നു.

‘‘ഡോ. ജോ എന്താണിതൊക്കെ ? ഇത്രയും കാലം താനാണോ ഡോ. ഹോൾക്കറിന്റെ സഹായിയായി ഉണ്ടായിരുന്നത്? ’’

‘‘അതെ സർ. വർഷങ്ങളായി ഡോക്ടർ ജാൻ വില്യം ഒരു പരീക്ഷണത്തിലായിരുന്നു. 50 വയസ്സിന് ശേഷം മനുഷ്യരിൽ വരുന്ന ശാരീരിക വ്യതിയാനങ്ങൾക്കും തളർച്ചകൾക്കും പരിഹാരമായി, ഒരു ആന്റിഹോർമോൺ കൃത്രിമമായി നിർമ്മിച്ചെടുക്കുക. മധ്യവയസ്കരായ സ്ത്രീകളുടെ മെനോപോസ് സമയത്തെ അസ്വസ്ഥതകൾക്കും ഓർമ്മപ്പിശകിനും ഡിപ്രഷനും ഒരു പരിഹാരമുണ്ടാക്കുക തുടങ്ങി, പുരുഷൻമാരുടെയും സ്ത്രീകളുടെയും  ലൈംഗികശേഷിയും താത്പര്യവും വർദ്ധിപ്പിക്കുക. ഇതെല്ലാം പല പല ചികിത്സക്കായി ഹോസ്പിറ്റലിൽ എത്തുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ബ്ലഡ് സാമ്പിളുകളിൽ നിന്നും അവരറിയാതെ കളക്ട് ചെയ്യുമായിരുന്നു. ചികിത്സക്കെത്തുന്ന മധ്യവയസ്കരെ ഇത് വളരെ രഹസ്യമായി പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനിടയിൽ കൂടി അവരുടെ സ്വത്ത് മുഴുവൻ സൂത്രത്തിൽ കൈക്കലാക്കി, എങ്ങനെയെങ്കിലും ഇയാളുടെയും ബിനാമികളുടെയും പേരിലാക്കുക.’’

‘‘എന്തിനാണ് ഇയാൾക്കിത്രയും പണം ?’’

‘‘ലാബോറട്ടറി പരീക്ഷണങ്ങൾക്കും വർഷങ്ങളായി തുടരുന്ന ഈ തപസ്യക്കു വേണ്ടി. ഒരു നല്ല റിസൾട്ടിനുമായി എന്തും ചെയ്യും എന്ന നിലയിലെത്തി. കോടിക്കണക്കിന് രൂപയോളം ചെലവാക്കാനും മടിക്കാത്ത ഒരു ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു ഡോക്ടർ !’’

‘‘ചുരുക്കിപ്പറഞ്ഞാൽ ഒടുവിൽ ഫോനിയസൊഫോബിയ എന്ന മാനസികരോഗത്തിന്നടിമയായിത്തീർന്നു അയാൾ. കൊല്ലാനും ചാവാനും ഭയപ്പെടുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ അയാൾ പോലുമറിയാതെ വഴിവിട്ടു പോയി.’’

‘‘സാമാന്യ ബോധത്തിന്റെയും വിഭ്രാന്തിയുടെ അസാധാരണ മണ്ഡലത്തിന്റെയും ഇടയിലുള്ള ചില നിമിഷങ്ങളിൽ ഡോക്ടർ ജാൻ വില്യം ചികിത്സക്കിടയിൽ മരിച്ചുപോയ ചില ആത്മാക്കളോട് സംവദിക്കാൻ തുടങ്ങി, അല്ലേ ..? ജീവിതസമസ്യകളുടെ നീലത്തുരുത്തുകളിൽ ഒട്ടും തൃപ്തിയാകാതെ മരണമടഞ്ഞവരുടെ ആശയസംവേദനങ്ങളിൽ ഭ്രാന്തമായി സഞ്ചരിച്ച് വീണ്ടും വീണ്ടും യുവത്വജന്യമായ ഹോർമോണുകളിൽ പരീക്ഷണം തുടർന്നു കൊണ്ടേയിരുന്നു. പുനർജ്ജനിയുടെ രാസസംജ്ഞകളിൽ മതിമറന്നൂളയിട്ടു ഡോക്ടർ, എന്നാണ് എനിക്കു മനസ്സിലാക്കാൻ സാധിച്ചത്’’

‘‘അതെ, സർ. പക്ഷേ സദുദ്ദേശത്തോടെ ഇതെല്ലാംചെയ്ത ഡോക്ടർ ജാൻ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തവരെയെല്ലാം പതിയെപ്പതിയെ മൃതിയുടെ കരങ്ങളിലേക്കാണ് കൊണ്ട് ചെന്നെത്തിച്ചത്. തോറ്റു പിൻമാറാത്ത ഒരു പടക്കുതിരയായിരുന്ന അയാൾ, ഒടുവിൽ സ്വന്തം ശരീരത്തിൽ പോലും പരീക്ഷണങ്ങൾക്കു മുതിർന്നു. ശിഷ്യയായ തന്നോട് അതിനുള്ള സഹായം തേടി.’’

കാലം വെളിപ്പെടുത്താത്ത പലതും പിന്നെയും കുഴിച്ചുമൂടപ്പെട്ടു. കൂട്ടത്തിൽ മരുന്ന് ഫലം കണ്ടുതുടങ്ങിയതിന്റെ ആസക്തിയുടെ ലക്ഷണങ്ങൾ ആദ്യമനുഭവിക്കേണ്ടി വന്നതും സ്വന്തം ശിഷ്യയ്ക്കു തന്നെ എന്നതും !

ദ്വൈരഥത്തിലെ അന്ത്യപോരാട്ടത്തിൽ, ഒരു പ്രാണദ്യുതത്തിന്റെ അന്തിമ വിജയത്തിൽ ആരാലുമറിയപ്പെടാത്ത പലതും വീണ്ടും ഉയർത്തെഴുന്നേൽക്കപ്പെടുക എന്നത് നിയതിയുടെ വിളയാട്ടമായിരുന്നു .

അപ്പോൾപരീക്ഷണങ്ങളുടെ, എവിടെയും ഒന്നും എത്തിപ്പെടാത്തവരുടെ ലോകത്ത്, അസ്വഭാവികമരണമെന്ന കൊടുംശിക്ഷ ഏറ്റുവാങ്ങിയ ഡോക്ടർ ജാൻ വില്യം ഹോൾക്കറുടെ ശരീരത്തിൽ, പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു, വെളിച്ചപ്പെടാതെ പോയ ഒരു കൊലപാതകിയുടെ ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുൻകാല ശിഷ്യയായിരുന്ന ഡോ. ജോ മെൽബോ സ്റ്റീഫ് !

വിജയത്തിന്റെ വെന്നിക്കൊടി സ്വന്തം പേരിൽ പാറിക്കാനുള്ള പരീക്ഷണങ്ങൾ അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു ..  

തൊട്ടടുത്ത മാസത്തിലെ തണുത്ത ഒരു ഞായറാഴ്ച. ഡോക്ടർ പുലിക്കോടൻ അതിരാവിലെയുള്ള പത്രം വായനയിലായിരുന്നു. ഇംഗ്ലീഷ് ഡെയ്​ലിയിൽ നാലാം പേജ് അഞ്ചാം കോളത്തിലെ ഒരു വാർത്തയിൽ കണ്ണുടക്കി.

സെന്റ്.ക്ലെയർ ഹോസ്പിറ്റലിൽ ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടു ...

English Summary: Pranadyutham, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;